മലയാളത്തിന്റെ സ്വന്തം മധു, മഹത്വത്തിന്റെ ആള്‍രൂപം
അഭിനയകലപോലെ ജനമനസ്സുകളെ ഇത്രയേറെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു കലാരൂപം ലോകത്ത് വേറെ ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല.
സത്യനെപ്പോലെ കഥാപാത്രത്തിന്റെ സൂക്ഷ്മതലങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് ഭാവോജ്ജ്വലമായ കരുത്തുറ്റ പ്രകടനം നടത്തുന്ന മറ്റൊരു നടന്‍ മലയാളത്തില്‍ വേറെ ആരാണുള്ളത്?
നീണ്ട അന്‍പതാണ്ടുകള്‍ക്കുമുന്‍പ് കെ.എസ്. സേതുമാധവന്‍ സംവിധാനംചെയ്ത ‘കരകാണാകടല്‍’ എന്ന ചിത്രത്തെക്കുറിച്ച് പ്രശസ്ത ചലച്ചിത്ര നിരൂപകനായിരുന്ന സിനിക്ക് നടത്തിയ ഒരവലോകനത്തില്‍ കുറിച്ചിട്ട വരികളാണിത്. സിനിക്കിന്റെ ആ അക്ഷരമൊഴികള്‍ ഇന്നും എന്റെ ഓര്‍മത്താവളത്തില്‍ നിറംമങ്ങാതെ ചാരംമൂടിക്കിടക്കുന്നുണ്ട്.
‘കരകാണാകടലി’ല്‍ വളരെ പ്രായംചെന്ന തെക്കന്‍തിരുവിതാംകൂറുകാരനായ ഒരു ഇടത്തരക്കാരന്‍ അച്ചായന്‍ കഥാപാത്രമായാണ് സത്യന്‍ വേഷമിടുന്നത്. അതില്‍ അദ്ദേഹം നടന്‍ വിന്‍സന്റുമായിരുന്ന് ഇരുന്ന് വെള്ളമടിക്കുമ്പോള്‍ പറയുന്നൊരു ഡയലോഗുണ്ട്:
“കൊച്ചു മുതലാളി എന്റെ ദൈവമാണ്... എന്റെ ദൈവം...”
നിമിഷാര്‍ദ്ധത്തില്‍ മിന്നിമറയുന്ന സത്യന്റെ മുഖത്തെ ഭാവപ്രകടനങ്ങളും സംഭാഷണ പ്രയോഗങ്ങളും വാക്കുകള്‍കൊണ്ട് വിവരിക്കാനാവുന്നതല്ല. സ്നേഹത്തിനും പല പരിഭാഷകളുണ്ടെന്ന് ഈ ഒരൊറ്റ രംഗംകൊണ്ട് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.
അന്‍പതുകളില്‍ ഏറ്റവും വിപണനമൂല്യമുള്ള രണ്ടു നായകനടന്മാരായിരുന്നു പ്രേംനസീറും സത്യനും. എനിക്ക് സത്യന്റെ തനതായ അഭിനയശൈലിയോടും നസീറിന്റെ മനംമയക്കുന്ന പ്രണയരംഗങ്ങളോടും, പാട്ടുകളോടുമായിരുന്നു കൂടുതല്‍ പ്രിയം.
മലയാള സിനിമയുടെ ക്രീസില്‍ ഓള്‍റൗണ്ടര്‍മാരായി ഇരുവരും വിലസിക്കൊണ്ടിരിക്കുന്ന സമയത്താണ് 1962-ല്‍ തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയായ മധു എന്ന മാധവന്‍ നായരുടെ കടന്നുവരവ്. രാമുകാര്യാട്ടിന്റെ ‘മൂടുപട’ത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചതെങ്കിലും എന്‍.എന്‍. പിഷാരടിയുടെ ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍’ ആണ് ആദ്യം പുറത്തിറങ്ങിയത്. അതില്‍ പ്രേംനസീറിന്റെ അടുത്ത സുഹൃത്തിന്റെ വേഷമായിരുന്നു. രണ്ടാമതിറങ്ങിയ ‘മൂടുപട’ത്തില്‍ സത്യനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ് മധുവെന്ന പുതുമുഖനടന്റെ തലവര മാറ്റിയത്. വളരെ ഉയരം കൂടിയ തീരെ മെലിഞ്ഞ ശരീരമായിരുന്നതുകൊണ്ട് ആദ്യമൊക്കെ ഉപനായകന്റെ റോളായിരുന്നു കൂടുതലും മധുവിനു ലഭിച്ചിരുന്നത്.
എന്റെ കൗമാരക്കാലത്താണ് മധു അഭിനയിച്ച ‘ഭാര്‍ഗവിനിലയം’ എന്ന സിനിമ ഞാന്‍ ആദ്യമായി കാണുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിവരെ ഒറ്റയാള്‍ പട്ടാളംപോലെ തിരശ്ശീല നിറഞ്ഞുനിന്നുള്ള ഒരു ഏകാഭിനയമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. ഒരു എഴുത്തുകാരന്റെ വേഷമായിരുന്നതുകൊണ്ട് സംഭാഷണങ്ങളെല്ലാം സാഹിത്യസമ്പന്നമായിരുന്നു. സാധാരണ മനുഷ്യര്‍ ഇങ്ങനെയൊക്കെ സംസാരിക്കുമോ എന്നു നമുക്കു തോന്നുമെങ്കിലും മധുവിന്റെ അനായാസമായ സ്വാഭാവിക അഭിനയംകൊണ്ട് ആ ന്യൂനത നമുക്ക് അനുഭവപ്പെട്ടില്ല. ‘ഭാര്‍ഗവി നിലയ’ത്തിന്റെ തിരക്കഥാരചയിതാവായ പ്രശസ്ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍, മധുവിന്റെ രൂപത്തിനും ഭാവത്തിനും ഇണങ്ങിയ വേഷം തന്നെയാണ് നല്‍കിയത്. ചിത്രം വന്‍വിജയമായി മാറുകയും ചെയ്തു.
1966-ല്‍ പുറത്തുവന്ന ‘ചെമ്മീന്‍’ ആണ് മധുവിനെ പ്രേക്ഷകലക്ഷങ്ങളുടെ പ്രിയപ്പെട്ടവനാക്കി മാറ്റിയത്. ദേശീയതലത്തില്‍വരെ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ ചെമ്മീനിലെ നിരാശ കാമുകനായ പരീക്കുട്ടിയും “മാനസമൈനേ...” എന്ന ഗാനവും “കറുത്തമ്മ എന്നെ വിട്ടിട്ട് പോയാല്‍ ഈ കടാപ്പുറത്ത് പാടിപ്പാടി ഞാന്‍ ചങ്ക് പൊട്ടി ചാവും” എന്ന ഡയലോഗും നീണ്ട 60 വര്‍ഷങ്ങളായിട്ടും ഇന്നും ജനമനസ്സുകളില്‍ മായാതെ നില്‍ക്കുന്നുണ്ട്. എത്രാണ്ടുകള്‍ കഴിഞ്ഞാലും ചെമ്മീനിലെ പരീക്കുട്ടിയും പഴനിയും കറുത്തമ്മയും മലയാള സിനിമയുടെ ചരിത്രരേഖകളില്‍ നിറസാന്നിധ്യമായി എന്നും തിളങ്ങിനില്‍ക്കുന്നുണ്ടാവും.
മധുവിന്റെ ‘കള്ളിച്ചെല്ലമ്മ’യും ‘ഉമ്മാച്ചു’വും ‘ഓളവും തീരവും,’ ‘സ്വയംവര’വും കണ്ടതോടെ എന്റെ ആസ്വാദന നിലവാരത്തിനുതന്നെ മാറ്റംവന്നു. അന്നേവരെ സത്യന്റെ ഫാനായിരുന്ന ഞാന്‍ പെട്ടെന്നു കളംമാറ്റി ചവിട്ടുകയായിരുന്നു. അതോടെ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി ഞാന്‍ മാറി. മധു അഭിനയിച്ച എല്ലാ സിനിമകളും മുടങ്ങാതെ കാണുക എന്നത് എന്റെ ഒരു പതിവ് ശീലമായി.
1971-ല്‍ സത്യന്‍യുഗം അവസാനിച്ചതോടെയാണ്, സത്യന് പകരക്കാരനെന്നപോലെ ശക്തമായ കഥാപാത്രങ്ങള്‍ മധുവിനെ തേടിയെത്തിയത്. നായകവേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ സോമന്റേയും സുകുമാരന്റേയും മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊക്കെ അച്ഛനായും മുത്തച്ഛനായുംവരെ മധു അഭിനയിച്ചിട്ടുണ്ട്.
അന്ന് എറണാകുളത്ത് ഞങ്ങള്‍ക്ക് ഒരു സൗഹൃദ കൂട്ടായ്മയുണ്ടായിരുന്നു. എന്റെ നാട്ടുകാരനും ഏറ്റവും അടുത്ത സുഹൃത്തുമായ ആര്‍ട്ടിസ്റ്റ് കിത്തോ, ജോണ്‍പോള്‍, സെബാസ്റ്റ്യന്‍പോള്‍, ആന്റണി ഈസ്റ്റ്മാന്‍, ആന്റണി ചടയംമുറി, പീറ്റര്‍ലാല്‍, ആര്‍.കെ. ദാമോദരന്‍, എ.ആര്‍. മുകേഷ് എന്നിവരടങ്ങിയ യുവാക്കളുടെ ചങ്ങാതിക്കൂട്ടം. അന്ന് അവരുടേയും ഇഷ്ടനായകന്‍ മധുവായിരുന്നു. മലയാള സിനിമയിലെ ആദ്യത്തെ ‘ബിഹേവിംഗ് ആക്ടര്‍’ ആയിട്ടാണ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
അക്കാലത്ത് അദ്ദേഹത്തെ ഒന്നു കാണാനും പരിചയപ്പെടാനും ഒത്തിരി മോഹിച്ച് ഞാന്‍ നടന്നിട്ടുണ്ട്. അന്ന് മലയാള സിനിമ മദ്രാസ് കേന്ദ്രീകരിച്ചായതുകൊണ്ട് നാട്ടില്‍ ആര്‍ട്ടിസ്റ്റുകളെ കാണുകയെന്നത് വളരെ അപൂര്‍വമാണ്.
അങ്ങനെയിരിക്കെയാണ് ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ഇഷ്ടനായകനെ കാണാനുള്ള ഒരവസരം കൊല്ലത്തെ ന്യൂഇന്ത്യാ ഫിലിംസിന്റെ ‘ചെമ്പരത്തി’യുടെ രൂപത്തില്‍ എന്നെ തേടി എത്തുന്നത്.
1972 ഒക്ടോബറിലാണ് ഞാനും കിത്തോയുംകൂടി ചിത്രപൗര്‍ണമി സിനിമാ വാരിക ആരംഭിക്കുന്നത്. പ്രേംനസീറിന്റെ സഹായത്തോടെ പന്തളത്തുകാരന്‍ ഒരു എ.എന്‍. രാമചന്ദ്രനാണ് അന്ന് വാരിക നടത്തിയിരുന്നത്. എറണാകുളത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന ചിത്രപൗര്‍ണമിക്ക് മറ്റു വാരികകളില്‍ കാണാത്ത ചില പ്രത്യേകതകള്‍ കൂടി ഉണ്ടായിരുന്നു. അന്ന് മലയാള സിനിമയുടെ ഷൂട്ടിംഗും മറ്റെല്ലാ വര്‍ക്കുകളും നടന്നിരുന്നത് കോടമ്പാക്കത്തെ സ്റ്റുഡിയോ സെറ്റിലായിരുന്നതുകൊണ്ട് കേരളത്തിലെ മറ്റു പ്രസിദ്ധീകരണങ്ങള്‍ക്കൊന്നും ലഭിക്കാത്ത പുതിയ വാര്‍ത്തകളും അഭിമുഖങ്ങളുമൊക്കെ പെട്ടെന്ന് കിട്ടിയിരുന്നത് ചിത്രപൗര്‍ണമിക്കാണ് (പ്രത്യേകിച്ച് പ്രേംനസീറിന്റെ ലേബലുമുണ്ടല്ലോ). അന്ന് ഞാന്‍ ചിത്രപൗര്‍ണമിയുടെ സ്ഥിരം എഴുത്തുകാരനായിരുന്നു.
രാമചന്ദ്രന്‍ നാലഞ്ചു വര്‍ഷക്കാലം ചിത്രപൗര്‍ണമി നടത്തിയെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വാരിക നിസ്സാര വിലയ്ക്ക് ഞങ്ങള്‍ക്കു നല്‍കുകയായിരുന്നു. അങ്ങനെയാണ് എം.ജി. റോഡിലുള്ള ശീമാട്ടിക്കടുത്ത് ചിത്രപൗര്‍ണമിയുടെ ഓഫീസ് ആരംഭിക്കുന്നത്.
ഒരു ദിവസം വൈകുന്നേരം ഞാനും കിത്തോയുംകൂടി ഓഫീസിലിരിക്കുമ്പോള്‍ പെട്ടെന്നാണ് കൊല്ലത്തുനിന്നൊരു ട്രങ്ക് കോള്‍ വരുന്നത്. ഞാനാണ് ഫോണെടുത്തത്.
“കലൂര്‍ ഡെന്നീസല്ലേ? കൊല്ലത്തെ ന്യൂ ഇന്ത്യാ ഫിലിംസിന്റെ ഓഫീസില്‍നിന്ന് വി.എസ്. നായരാണ് വിളിക്കുന്നത്...”
വി.എസ്. നായര്‍ എന്ന പേര് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. വളരെ പരിചയസ്വരത്തില്‍ വിനയാന്വിതനായാണ് കക്ഷി സംസാരിച്ചു തുടങ്ങിയത്. ഫോണ്‍ സന്ദേശത്തിന്റെ സാരാംശം ഇതായിരുന്നു.
കൊല്ലത്തെ വ്യവസായ പ്രമുഖനും ‘മലയാളനാട്’ വാരികയുടെ ഉടമയുമായ എസ്.കെ. നായര്‍, പി.എന്‍. മേനോന്റെ സംവിധാനത്തില്‍ ‘ചെമ്പരത്തി’ എന്ന സിനിമ നിര്‍മിക്കുന്നു. കൊല്ലത്താണ് ഷൂട്ടിംഗ് നടക്കുന്നത്. മധു, രാഘവന്‍, സുധീര്‍, പുതുമുഖം ശോഭ, സുകുമാരി, ശങ്കരാടി തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.
ഫോണ്‍ വെച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് അദ്ഭുതമാണ് തോന്നിയത്. ഇതുവരെ ഒരു നിര്‍മാതാവും നല്‍കാത്ത ഒരു ഓഫറാണ് നല്‍കിയിരിക്കുന്നത്. ഞങ്ങളുടെ സകല ചെലവും റൂം റെന്റും അവര്‍ വഹിക്കുമത്രേ. അതുമാത്രമല്ല, എന്റെ ആരാധനാപാത്രമായ നായകസ്വരൂപത്തെ നേരിട്ടു കാണാനുള്ള അവസരവും താനെ വന്നുചേര്‍ന്നിരിക്കുകയാണ്. കേട്ടപ്പോള്‍ കിത്തോയ്ക്ക് സന്തോഷം തോന്നി. ആരൊക്കെയാണ് കൊല്ലത്തേയ്ക്ക് പോകേണ്ടതെന്ന ആലോചനയുമായി ഞങ്ങള്‍ ഇരിക്കുമ്പോഴാണ് ജോണ്‍പോളും സെബാസ്റ്റ്യന്‍ പോളും കൂടി കയറിവന്നത്.
വിവരങ്ങളെല്ലാം ഞാന്‍ അവരോട് വിശദമായി സംസാരിച്ചു. എത്രപേര്‍ വേണമെങ്കിലും ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്. മറ്റു ചില ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇലസ്ട്രേഷന്‍ വരയ്ക്കാനുള്ളതുകൊണ്ട് കിത്തോയ്ക്കു വരാനാവില്ല. പിന്നെ ഓഫീസ് അടച്ചിട്ടു പോവാനും പറ്റില്ലല്ലോ? അങ്ങനെ ഞാനും സെബാസ്റ്റ്യന്‍ പോളും ജോണും കൂടി കൊല്ലത്തേയ്ക്കു പോകാന്‍ തീരുമാനിക്കുന്നു. ജോണ്‍പോള്‍ അന്ന് ബാനര്‍ജി റോഡിലുള്ള കാനറാ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട് അയാളുടെ സൗകര്യാര്‍ത്ഥം വെള്ളിയാഴ്ച വൈകിട്ടുള്ള കെ.എസ്.ആര്‍.ടി.സി ബസിനു പോകാമെന്നുള്ള തീരുമാനത്തില്‍ ഞങ്ങള്‍ എത്തുന്നു.
പിറ്റേന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് പോസ്റ്റുമാന്‍ ചിത്രപൗര്‍ണമിയിലേയ്ക്കുള്ള കത്തുകളുമായി ഓഫീസിലെത്തിയപ്പോള്‍ കിത്തോ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. കിത്തോ ഓരോ കത്തും പൊട്ടിച്ചു വായിക്കുന്നതിനിടയില്‍ പെട്ടെന്നാണ് ആ കത്ത് കണ്ടത്. എനിക്കുള്ളൊരു പ്രണയലേഖനമായിരുന്നു അത്. കത്തു വായിച്ചുകഴിഞ്ഞപ്പോള്‍ കിത്തോ ആകെ വല്ലാതായി. അയാള്‍ക്ക് എന്റെ പ്രണയം അറിയാമെങ്കിലും സെബാസ്റ്റ്യന്‍ പോളിനോടും ജോണ്‍പോളിനോടും ഈ കഥ ഗോപ്യമായി വെച്ചിരിക്കുകയായിരുന്നു ഞാന്‍.
ഉച്ചകഴിഞ്ഞ് കൊല്ലത്തേയ്ക്കു പോകാനുള്ള ലഗേജുമായി ഞാന്‍ ഓഫീസിലെത്തിയപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ കത്തെടുത്ത് എന്റെ നേരെ നീട്ടിയിട്ട് കിത്തോ പറഞ്ഞു:
“അവളുടെ കത്താണ്.”
എന്റെ പ്രണയിനിയുടെ കുറിമാനമാണെന്ന് കേട്ടപ്പോള്‍ ഞാന്‍ ആകാംക്ഷയോടെ കത്തു വാങ്ങി വായിച്ചു.
കത്തിന്റെ ഉള്ളടക്കം വായിച്ചപ്പോള്‍ ഞാന്‍ ആകെ ടെന്‍ഷനിലായി. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കൊരു രൂപവുമുണ്ടായില്ല. ഈ ഒരവസ്ഥയില്‍ എങ്ങനെയാണ് ഞാന്‍ കൊല്ലത്തേയ്ക്കു പോവുക? ഞാനില്ലാതെ ജോണും സെബാസ്റ്റ്യനും പോകുമെന്നു തോന്നുന്നില്ല. കിത്തോ ഓരോന്നു പറഞ്ഞ് എന്നെ സമാധാനിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജോണ്‍പോള്‍ കൊല്ലത്തേയ്ക്കു പോകാനുള്ള തയ്യാറെടുപ്പോടെ ഓഫീസിലേയ്ക്ക് കയറിവന്നത്.
ജോണിനെ കണ്ടപ്പോള്‍ ഞങ്ങളുടെ സംസാരം പെട്ടെന്ന് വഴിതിരിച്ചുവിട്ടെങ്കിലും എന്റേയും കിത്തോയുടേയും മുഖഭാവം ശ്രദ്ധിച്ച് ജോണ്‍ ഞങ്ങളോട് കാര്യം തിരക്കി. ആദ്യമൊക്കെ ഞാന്‍ പറയാന്‍ മടിച്ചെങ്കിലും അവന്റെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ ഞാനെല്ലാം തുറന്നു പറഞ്ഞു. കാമുകിയുടെ കത്തും കാണിച്ചുകൊടുത്തു. കത്തു വായിച്ചുകഴിഞ്ഞപ്പോള്‍ ജോണിന് എന്റെ മുന്‍പില്‍ വലിയൊരു ഉപദേശകന്റെ വേഷമെടുത്ത് അണിയേണ്ടിവന്നു.
വൈകിട്ട് ആറരയ്ക്കുള്ള ബസിലാണ് ഞങ്ങള്‍ കൊല്ലത്തേയ്ക്ക് യാത്ര പുറപ്പെട്ടത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ക്ക് അടുത്തടുത്തുള്ള സീറ്റുകള്‍ തന്നെ കിട്ടി. യാത്രയില്‍ സിനിമയും സാഹിത്യവും രാഷ്ട്രീയവുമൊക്കെ കടന്നുവന്നെങ്കിലും സുഹൃത്തുക്കളുടെ മുന്‍പില്‍ സ്വതവേ വാചാലനാകുന്ന എന്റെ നിര്‍വികാരത കണ്ട് സെബാസ്റ്റ്യന്‍ പോള്‍ വിവരം ആരാഞ്ഞപ്പോള്‍ ജോണ്‍ യാതൊരു മറയുമില്ലാതെ തുറന്നടിച്ചു: “സെബാസ്റ്റ്യന് അറിയോ? ഇവന് നമ്മളോട് പറയാത്ത ഒരു പ്രേമയമുണ്ട്. അതിപ്പോള്‍ ബ്രേക്ക് അപ്പ് ആകുന്ന ലക്ഷണമാണ്. എവിടെടാ അവളുടെ കത്ത്?”
ഞാന്‍ മനസ്സില്ലാമനസ്സോടെ കത്തെടുത്ത് ജോണിനു കൊടുത്തു. ജോണ്‍ ഒന്നുകൂടി വായിച്ച് ഒരു പരിഹാസച്ചിരിയോടെ സെബാസ്റ്റ്യനു നേരെ നീട്ടി.
സെബാസ്റ്റ്യന്‍ കത്ത് വായിച്ചിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഡെന്നീസ് പ്രണയിക്കട്ടെ ജോണെ. ഈ പ്രായത്തിലല്ലേ പ്രണയവും പ്രണയ പരാജയവുമൊക്കെ അനുഭവിക്കാന്‍ പറ്റുകയുള്ളൂ.”
ജോണ്‍ വേഗം കത്ത് തിരിച്ചു വാങ്ങിച്ചിട്ട് അല്പം ദേഷ്യത്തില്‍ പറഞ്ഞു:
“സെബാസ്റ്റ്യന്‍ എന്തറിഞ്ഞിട്ടാ ഈ പറയുന്നത്. കാമുകിയുടെ കുടുംബപ്രാരാബ്ധംപോലെത്തന്നെ ഇവന്റെ വീട്ടിലും കല്ല്യാണപ്രായമെത്തിയ മൂന്ന് പെങ്ങാന്മാരുള്ളതാ. അവരെയൊക്കെ കെട്ടിച്ചിട്ടുപോരെ ഇവന്റെ പ്രണയവും കല്ല്യാണവുമൊക്കെ. ദേ ഒരു കാര്യം പറഞ്ഞേക്കാം. ഇന്നത്തോടുകൂടി നിര്‍ത്തിക്കോളണം. ഈ പ്രേമം.”
ജോണ്‍ ആ കത്തു പിച്ചിച്ചീന്തി ഓടുന്ന ബസിനു പുറത്തേയ്ക്കെറിഞ്ഞു. കത്തിന്റെ ചില കഷണങ്ങള്‍ പാറിപ്പറന്ന് എന്റെ മുഖത്തു വന്ന് പതിച്ചത് ഇന്നും എന്റെ മനസ്സില്‍ നിറംമങ്ങാതെ കിടപ്പുണ്ട്.
രാത്രി ഒന്‍പതരയോടെ ഞങ്ങള്‍ കൊല്ലം ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിലെത്തി. അവിടെ ഞങ്ങളെ കാത്ത് വി.എസ്. നായര്‍ നില്‍ക്കുന്നുണ്ടായിരുന്നു. നിര്‍മാതാവായ എസ്.കെ. നായരുടെ നീലാ ഹോട്ടലിലാണ് ഞങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. അന്ന് കൊല്ലത്തുണ്ടായിരുന്ന ഏറ്റവും ലക്ഷ്വറിയസ്സ് ഹോട്ടലായിരുന്നു അത്. സംവിധായകന്‍ പി.എന്‍. മേനോനടക്കം പ്രധാന ആര്‍ട്ടിസ്റ്റുകളെല്ലാം താമസിച്ചിരുന്നത് അവിടെയായിരുന്നു.
ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ വി.എസ്. നായരോട് ചോദിച്ചു: “മധുസാറിനോട് ഞങ്ങളുടെ ഇന്റര്‍വ്യൂന്റെ കാര്യം പറഞ്ഞിട്ടില്ലേ? സമയം ഇത്രയായതുകൊണ്ട് ഇന്ന് നടക്ക്വോ?”
“ഏയ് അതു കുഴപ്പമില്ല. നിങ്ങള്‍ റെഡിയാണെങ്കില്‍ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്.”
ഞാനും ജോണ്‍പോളും കൂടിയാണ് മധുസാറിനെ കാണാന്‍ പോയത്. മുറിയിലേയ്ക്ക് നടക്കുന്നതിനിടയില്‍ അദ്ദേഹം അഭിനയിച്ച ‘ഓളവും തീരത്തി’ലെ ബാപ്പൂട്ടിയും ഉമ്മാച്ചുവിലെ മായനും എന്റെ മനസ്സില്‍ തെളിഞ്ഞുവരികയായിരുന്നു.
ഞങ്ങള്‍ മധുസാറിന്റെ മുറിയിലെത്തിയപ്പോള്‍ സമയം പത്തര കഴിഞ്ഞിരുന്നു. എന്നും അദ്ദേഹം കിടന്നുറങ്ങുമ്പോള്‍ രാത്രി രണ്ടു മണിയെങ്കിലും കഴിഞ്ഞിരിക്കുമെന്ന് ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഇത്രയും വലിയ നടനാണെങ്കിലും ഞങ്ങളോടുള്ള അദ്ദേഹത്തിന്റെ ഹൃദ്യമായ സംസാരവും പെരുമാറ്റവും എന്നെയും ജോണിനേയും വല്ലാതെ അത്ഭുതപ്പെടുത്തി.
വളരെ ഡീറ്റെയിലായിട്ടുള്ള ഇന്റര്‍വ്യൂ ആയതുകൊണ്ട് ഒട്ടും സമയം കളയാതെ തന്നെ ചോദ്യങ്ങള്‍ ആരംഭിച്ചു. മറ്റൊരു പത്രമാസികകളിലും വരാത്ത ഒരു എക്സ്ക്ലൂസീവ് ഇന്റര്‍വ്യൂ ആണ് ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. ഞങ്ങളുടെ ചോദ്യങ്ങള്‍ക്കിടയില്‍ കയറിവരുന്ന ചില കുനിഷ്ട് ചോദ്യങ്ങള്‍ക്ക് അതേ ലാഘവത്തോടെ അതിലും വലിയ കുനിഷ്ട് മറുപടിയാണ് അദ്ദേഹം തന്നത്.
ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ഇന്റര്‍വ്യൂ കഴിഞ്ഞ് ഞങ്ങള്‍ പുറത്ത് ഇറങ്ങിയപ്പോള്‍ സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു.
പിറ്റേന്ന് രാവിലെ ‘ചെമ്പരത്തി’യുടെ ലൊക്കേഷനില്‍ ചെന്ന് ഷൂട്ടിംഗ് കവര്‍ ചെയ്യുകയും സംവിധായകന്‍ പി.എന്‍. മേനോന്റേയും നായകന്മാരായ രാഘവന്‍ സുധീര്‍, പുതുമുഖ നായിക ശോഭയുടേയും ഇന്റര്‍വ്യൂ എടുത്തുകൊണ്ട് അന്ന് വൈകുന്നേരം തന്നെ ഞങ്ങള്‍ എറണാകുളത്തേയ്ക്ക് പോരുകയും ചെയ്തു.
വര്‍ഷങ്ങള്‍ നാലഞ്ചു കടന്നുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ ഒരു കഥ സിനിമയാക്കണമെന്ന ആഗ്രഹത്തോടെ തൃപ്പൂണിത്തുറയുള്ള പൂര്‍ണശ്രീ ആര്‍ട്ട്സിന്റെ മാനേജരും എന്റെ സുഹൃത്തുമായ സി.സി. ആന്റണി വരുന്നത്. ഏയ്ഞ്ചല്‍ ഫിലിംസിന്റെ ഉടമയായ എന്‍.ഡി. ജോര്‍ജിന്റെ ‘ചിത്രകൗമുദി’ വാരികയില്‍ ഞാനെഴുതിയ ‘അനുഭവങ്ങളെ നന്ദി’ എന്ന നോവല്‍ സിനിമയാക്കണം എന്നാണ് ആന്റണിയുടെ തീരുമാനം. സംവിധായകനായി ആന്റണിയുടെ മനസ്സിലുള്ളത് ഐ.വി. ശശിയാണ്. ടെറ്റിലില്‍ ശശിയുടെ പേരു കണ്ടാല്‍ ജനം കയ്യടിക്കുന്ന കാലമാണ്. ഞാനും ശശിയുമായി ആദ്യകാലം മുതലുള്ള സൗഹൃദം ആന്റണിക്കറിയാം. കേട്ടപ്പോള്‍ എനിക്കും വളരെ സന്തോഷം തോന്നി. പിന്നെ കാര്യങ്ങളെല്ലാം വളരെ ധ്രുതഗതിയിലാണ് നടന്നത്.
കാടിന്റെ പശ്ചാത്തലത്തിലുള്ള കഥയായതുകൊണ്ട് നിലമ്പൂര്‍ വനത്തിലായിരുന്നു ഷൂട്ടിംഗ്. നായകന്‍ മധുസാര്‍ ആയിരുന്നു. ജയഭാരതിയും സീമയുമായിരുന്നു നായികമാര്‍. ആ ലൊക്കേഷനില്‍ വെച്ചായിരുന്നു ഞാനും മധുസാറുമായി കൂടുതല്‍ അടുക്കുന്നത്. അദ്ദേഹം അവിടെ ഒഴിഞ്ഞുകിടന്ന ഒരു ഇല്ലത്താണ് താമസിച്ചിരുന്നത്. രാത്രികാലങ്ങളില്‍ സൊറ പറഞ്ഞിരിക്കാന്‍ വേണ്ടി അദ്ദേഹം എന്നെ വിളിക്കാറുണ്ട്. ഞാന്‍ ആരാധിച്ചിരുന്ന എന്റെ ഇഷ്ടനായകന്‍ ഇപ്പോള്‍ എന്നെ അങ്ങോട്ട് ക്ഷണിക്കുന്നു. ഒരാരാധകന് ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. ഞാന്‍ മിക്ക ദിവസങ്ങളിലും ഷൂട്ടിംഗ് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തും. ഞാന്‍ സിനിമയില്‍ പുതുമുഖമായിരുന്നതുകൊണ്ട് ഒത്തിരി അനുഭവങ്ങളുള്ള മധുസാറില്‍നിന്നു പലതും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടായിരിക്കാം എന്റെ സിനിമായാത്ര വളരെ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞതെന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.
രണ്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതിയതിനുശേഷം ആന്റണി ഈസ്റ്റ്മാന്റെ ‘വയലി’ലൂടെയാണ് ഞാനൊരു തിരക്കഥാകാരനാവുന്നത്. ആ സമയത്താണ് ഭരതന്റെ ‘ചാമര’മെടുത്ത ജഗന്‍ പിക്ചേഴ്സ് അപ്പച്ചന്റെ ഒരു വിളി വരുന്നത്. അപ്പച്ചന് ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യണമത്രേ! നസീറും മധുവും സോമനുമാണ് അപ്പച്ചന്റെ മനസ്സിലുള്ളത്. അവര്‍ക്കു പറ്റിയ കഥ വല്ലതും എന്റെ കയ്യിലുണ്ടോയെന്ന് അറിയാനാണ് എന്നെ വിളിച്ചത്. ഭാഗ്യത്തിന് എന്റെ കയ്യില്‍ അവര്‍ക്കു പറ്റിയ നല്ലൊരു കൊമേഴ്സ്യല്‍ സ്റ്റോറി ഉണ്ടായിരുന്നു.
ഞാന്‍ അന്നുതന്നെ അപ്പച്ചന്റെ അടുത്തുപോയി. കഥ പറഞ്ഞു. അദ്ദേഹത്തിന് കഥ വളരെ ഇഷ്ടപ്പെട്ടു. ഈ സബ്ജക്ട് ആര് സംവിധാനം ചെയ്യണമെന്ന ആലോചന വന്നപ്പോള്‍ ജോഷിയുടെ പേര് സജസ്റ്റ് ചെയ്തത് ഞാനാണ്. അങ്ങനെയാണ് ‘രക്ത’മെന്ന സിനിമ ജനിക്കുന്നത്. ഷണ്‍മുഖന്‍ അണ്ണനായിരുന്നു പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്. നസീര്‍സാറിന് അന്ന് വലിയ തിരക്കുള്ള സമയമായിരുന്നതുകൊണ്ട് ആദ്യം അദ്ദേഹത്തെയാണ് ബുക്ക് ചെയ്തത്.
രണ്ടു ദിവസം കഴിഞ്ഞ് ഞാനും അപ്പച്ചനും കൂടിയാണ് മധുസാറിനെ ബുക്ക് ചെയ്യാന്‍ തിരുവനന്തപുരത്തേയ്ക്കു പോയത്. അദ്ദേഹത്തിന് എന്നെ നേരത്തെ അറിയാവുന്നതുകൊണ്ട് ഞാന്‍ അഞ്ച് മിനിറ്റിനുള്ളില്‍ കഥ പറഞ്ഞു കേള്‍പ്പിച്ചു. നസീര്‍സാറിന്റെ കഥാപാത്രത്തെക്കാള്‍ പവര്‍ഫുള്‍ വേഷമായിരുന്നു മധുസാറിന്റേത്. നസീര്‍സാറിന്റെ ഡേറ്റിനനുസരിച്ച് മധുസാര്‍ കോള്‍ഷീറ്റ് അഡ്ജസ്റ്റ് ചെയ്തു തരികയും അപ്പോള്‍ത്തന്നെ അഡ്വാന്‍സ് കൊടുത്ത് ഞങ്ങള്‍ തിരിച്ചുപോരുകയും ചെയ്തു.
അതിനിടയിലാണ് ഒരു ദിവസം അപ്രതീക്ഷിതമായി മദ്രാസില്‍നിന്ന് നസീര്‍ സാറിന്റെ എസ്.റ്റി.ഡി കോള്‍ വരുന്നത്. ഷൂട്ടിംഗ് ഒന്നരമാസം നീട്ടിവെയിക്കണമെന്നുള്ള അദ്ദേഹത്തിന്റെ റിക്വസ്റ്റ് ആയിരുന്നത്. കേട്ടപ്പോള്‍ ഞങ്ങളെല്ലാവരും വല്ലാത്ത ടെന്‍ഷനിലായി. മധുസാറിന്റേയും സോമന്റേയുമൊക്കെ ഡേറ്റ് ക്ലാഷാവില്ലേ? നസീര്‍സാര്‍ അഭിനയിച്ച ഒരു പരാജയ ചിത്രത്തിന്റെ നിര്‍മാതാവിനെ സഹായിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഡേറ്റ് നീട്ടാന്‍ വേണ്ടി ആവശ്യപ്പെട്ടത്. ഈ വിവരം ഞങ്ങള്‍ ഉടനെ തന്നെ മധുസാറിനെ വിളിച്ച് അറിയിച്ചു. നസീര്‍ സാറിന്റെ ഈ തീരുമാനത്തോട് മധുസാര്‍ പോസിറ്റീവായാണ് പ്രതികരിച്ചത്.
അടുത്ത ദിവസം തന്നെ മധുസാറിന്റെ കോള്‍ഷീറ്റ് മാറ്റി വാങ്ങാന്‍ വേണ്ടി ഞാനും അപ്പച്ചനും കൂടി വീണ്ടും തിരുവനന്തപുരത്തേയ്ക്ക് പോയി. മധുസാര്‍ വളരെ സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ചെങ്കിലും നസീര്‍സാറിന്റെ ഡേറ്റിനനുസരിച്ച് തരാമെന്നു പറഞ്ഞ ഡേറ്റ് ഉണ്ടാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഒട്ടും പ്രതീക്ഷിക്കാതെയുള്ള മധുസാറിന്റെ പ്രതികരണം കേട്ട് അപ്പച്ചനെക്കാള്‍ കൂടുതല്‍ ഞെട്ടിയത് ഞാനാണ്. കാരണമെന്താണെന്ന് വ്യക്തമായിട്ട് അദ്ദേഹം പറയുന്നുമില്ല. എനിക്ക് ആദ്യമായി കിട്ടുന്ന വലിയൊരു പ്രൊജക്ടാണ്. ഇനി എന്താണ് ചെയ്യുക? ഇതിലെന്തോ ഒരു പ്രശ്നമുണ്ടെന്ന് എനിക്കു തോന്നി. ഞാന്‍ അപ്പച്ചനെ മാറ്റിനിര്‍ത്തി മധുസാറിനോട് സംസാരിച്ചു. അപ്പോഴും വിഷയം പറയാതെ എന്നില്‍നിന്നും ഒഴിഞ്ഞുമാറാനാണ് അദ്ദേഹം ശ്രമിച്ചത്.
ഞാന്‍ വളരെ ഫീലിംഗോടെ വീണ്ടും വിവരം തിരക്കിയപ്പോഴാണ് മധുസാര്‍ പറയുന്നത്, അപ്പച്ചന്‍ കൊടുത്ത ചെക്ക് മടങ്ങിയത്രേ. കേട്ടപ്പോള്‍ ഞാനും വല്ലാതായി. അപ്പച്ചനങ്ങനെ ചെയ്യുന്ന ആളല്ലല്ലോ? എന്താ പറ്റിയതെന്ന് എനിക്കൊരു രൂപവും കിട്ടിയില്ല.
“സാര്‍ ക്ഷമിക്കണം... സാര്‍ ഈ സിനിമ ചെയ്തില്ലെങ്കില്‍ ഈ പ്രൊജക്ട് ഒരിക്കലും നടക്കില്ല. തുടക്കക്കാരനായ എനിക്ക് കിട്ടിയ വലിയൊരു അവസരമാണിത്. സാര്‍ എന്നെ സഹായിക്കണം. പ്ലീസ്...”
ഒരു നിമിഷം അദ്ദേഹം എന്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് ഒരു തീരുമാനംപോലെ പറഞ്ഞു:
“ഡെന്നീസ് വിഷമിക്കണ്ട... ഞാന്‍ വന്ന് അഭിനയിച്ചോളാം...”
അന്ന് മധുസാര്‍ ഡേറ്റ് തന്നില്ലായിരുന്നെങ്കില്‍ കലൂര്‍ ഡെന്നീസ് എന്ന തിരക്കഥാകാരന്‍ മലയാള സിനിമയുടെ മെയിന്‍ സ്ട്രീമില്‍ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹത്തിന്റെ വലിയ മനസ്സിന്റെ മഹത്വമായാണ് ഞാനതിനെ കാണുന്നത്.
‘രക്ത’ത്തിനുശേഷം ഞാന്‍ തിരക്കഥയെഴുതിയ താറാവ്, സംഭവം, ചക്കരയുമ്മ, കര്‍ത്തവ്യം, യുദ്ധം, ഇടവേളയ്ക്കുശേഷം, അലകടലിനക്കരെ, കഥ ഇതുവരെ, വിറ്റ്നസ്, കുടുംബസമേതം, എഴുപുന്നതരകന്‍ തുടങ്ങിയ പതിനഞ്ചോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയുണ്ടായി. എനിക്ക് ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിത്തന്ന ‘കുടുംബസമേത’ത്തിലെ ആനവൈദ്യര്‍ അദ്ദേഹത്തിന്റെ അവിസ്മരണീയമായ കഥാപാത്രമായിരുന്നു. ആ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിനു പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചു.
ഞാന്‍ തിരക്കഥയെഴുതിയ സിനിമകളിലെ നായകസ്വരൂപങ്ങളില്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള അപൂര്‍വം ചില നടന്മാരേ ഉള്ളൂ. അതില്‍ ആദ്യം എന്റെ മനസ്സില്‍ എത്തുന്നത് മധുസാര്‍ ആണ്. അദ്ദേഹത്തില്‍ ഞാന്‍ കാണുന്ന ചില പ്രത്യേകതകള്‍ ഉണ്ട്. ഒരു വാക്കു പറഞ്ഞാല്‍ അതില്‍നിന്നും ഒരിക്കലും വ്യതിചലിക്കില്ല. പിന്നെ തൊഴിലിനോടുള്ള പ്രതിബദ്ധത.
കാഴ്ചയില്‍ ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പു് ആരേയും കൂസാത്ത ഭാവഹാവാഗികളുള്ള വളരെ ഗൗരവക്കാരനായ ഒരു ആള്‍രൂപമായി തോന്നുമെങ്കിലും ഒത്തിരി ഹ്യൂമര്‍ സെന്‍സുള്ള ആളാണ് അദ്ദേഹം. നല്ല രസികന്‍ തമാശകള്‍ പറയുമെങ്കിലും അദ്ദേഹം ചിരിച്ച് ഞാന്‍ കണ്ടിട്ടില്ല. ഒരു കാര്യമേറ്റെടുത്താല്‍ അതിന്റെ പൂര്‍ണതയ്ക്കുവേണ്ടി എന്തു സാഹസം ചെയ്യാനും യാതൊരു മടിയുമില്ലാത്ത ആളാണ് അദ്ദേഹം.
ഒന്ന് രണ്ട് രസകരമായ അനുഭവ കഥകള്‍ പറയാം. നിലമ്പൂരില്‍ ‘അനുഭവങ്ങളെ നന്ദി’യുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ പെട്ടെന്നാണ് സംവിധായകന്‍ ഐ.വി. ശശിക്ക് മദ്രാസിലേയ്ക്ക് പോകേണ്ട ആവശ്യം വന്നത്. ശശി ചെയ്ത, രജനീകാന്തും കമല്‍ഹാസനും അഭിനയിച്ച ‘അലാവുദ്ദീനും അദ്ഭുത വിളക്കി’ന്റെ സെന്‍സര്‍ സംബന്ധമായ ചില ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് കക്ഷിയെ മദ്രാസിലേയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്. ഒത്തിരി ആര്‍ട്ടിസ്റ്റുകളുള്ള ‘അനുഭവങ്ങളെ നന്ദി’യുടെ ഷൂട്ടിംഗ് മുടങ്ങാതിരിക്കാന്‍ ഒരു ദിവസത്തെ സംവിധായകനായി മധുസാറിനെ പറഞ്ഞേല്പിച്ചിട്ടാണ് ശശി പോയത്.
പിറ്റേന്ന് രാവിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ മധുസാര്‍ സ്ക്രിപ്റ്റ് വായിച്ചതിനുശേഷം ആ സീന്‍ എങ്ങനെയാണ് എടുക്കേണ്ടതെന്ന് ക്യാമറമാന്‍ വിപിന്‍ദാസിനോട് വിവരിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു:
“വിപിന്‍, താനാമരത്തിന്റെ മുകളില്‍ കയറിനിന്ന് ഷോട്ടെടുത്താല്‍ നല്ല ഫ്രെയിം ബ്യൂട്ടി ഉണ്ടാവും...”
അതുകേട്ട് വിപിന്‍ദാസ് വല്ലാതെ ഞെട്ടി. മരത്തിന്റെ മുകളില്‍ കയറി ക്യാമറ വെക്കാനോ? അതെങ്ങനെ എടുക്കാനാണ്?
മരത്തിന്റെ മുകളില്‍ കയറാതിരിക്കാനായി വിപിന്‍ദാസ് പല ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും മധുസാറുണ്ടോ വിടുന്നു. അവസാനം നിവൃത്തിയില്ലാതെ വിപിന്‍ ദാസിന് മരത്തിന്റെ മുകളില്‍ കയറി ഷൂട്ട് ചെയ്യേണ്ടിവന്നു.
ഷൂട്ട് കഴിഞ്ഞപ്പോഴാണ് ആകെ പ്രശ്നമായത്. വിപിന്‍ദാസിന് മരത്തില്‍നിന്ന് താഴെയിറങ്ങാന്‍ പറ്റുന്നില്ല. പിന്നെ യൂണിറ്റിലുള്ള രണ്ടു പ്രൊഡക്ഷന്‍ ബോയ്സ് മരത്തിന്റെ മുകളില്‍ കയറിയിട്ടാണ് കക്ഷിയെ താഴെയിറക്കിക്കൊണ്ടു വന്നത്.
വല്ലാതെ വെയിലുകൊണ്ട് തളര്‍ന്നവശനായി താഴേയ്ക്കിറങ്ങി വന്ന വിപിന്‍ദാസിനെ കണ്ട് മധുസാര്‍ യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു.
“വിപിന്‍ വളരെ നന്നായിരിക്കുന്നു... ബ്യൂട്ടിഫുള്‍ ഷോട്ടായിരുന്നു അത്...”
മധുസാറിന്റെ അഭിനന്ദനം കേട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയായിരുന്നു വിപിന്‍ ദാസിന്.
ഇനി ‘താറാവെ’ന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചുണ്ടായ മറ്റൊരു സംഭവം പറയാം.
1981-ല്‍ ജേസി സംവിധാനംചെയ്ത ‘താറാവി’ന്റെ ഷൂട്ടിംഗ് എറണാകുളത്ത് ചിറ്റൂരില്‍ നടക്കുകയാണ്. മധു, സോമന്‍, ശ്രീവിദ്യ, മാള അരവിന്ദന്‍, ശങ്കരാടി, ശുഭ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ വരുന്നത്. ഒ.എന്‍.വിയുടെ വരികള്‍ക്ക് യേശുദാസാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അതില്‍ മാളഅരവിന്ദനുവേണ്ടി ദാസേട്ടന്‍ പാടിയിരിക്കുന്ന “തക്കിടുമുണ്ടന്‍ താറാവേ... തവിട്ടുമുണ്ടന്‍ താറാവേ...” എന്നു തുടങ്ങുന്ന കോമഡി ട്രാക്കിലുള്ളൊരു ഗാനം ഉണ്ട്. ആ ചിത്രത്തിലെ ഏറ്റവും ഹിറ്റായ പാട്ടായിരുന്നു അത്.
ഒരു താറാവുകാരന്റെ ജീവിതകഥയായതുകൊണ്ട് പുഴയും പാടവും താറാക്കൂട്ടങ്ങളുമൊക്കെ നിറഞ്ഞൊരു ലൊക്കേഷനായിരുന്നു ഷൂട്ടിംഗ്.
ഒരു ദിവസം രാവിലെ താറാവുകാരനായ മധുസാര്‍ ഷാപ്പില്‍ കയറി കള്ളുകുടിക്കുന്നൊരു സീനാണ് ജേസി എടുക്കാന്‍ പോകുന്നത്. ചിറ്റൂരുള്ള ഒരു കള്ളുഷാപ്പില്‍ തന്നെയാണ് ഷൂട്ടിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. മധുസാറിന്റെ അഭിനയം കാണാനായി ഷാപ്പിനു ചുറ്റും ജനം തിങ്ങി നിറഞ്ഞു നില്‍ക്കുന്നുണ്ട്. സാധാരണ മദ്യപാന സീനുകളില്‍ ഒറിജിനല്‍ മദ്യമായിരിക്കില്ല വിളമ്പുന്നത്. ഇവിടെ കള്ളുകുടി സീനായതുകൊണ്ട് മോരുംവെള്ളമാണ് കുപ്പികളില്‍ നിറച്ചുവെച്ചിരിക്കുന്നത്.
ജേസി ആക്ഷന്‍ പറഞ്ഞ് ക്യാമറ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ മധുസാര്‍ കള്ളുകുപ്പി വായിലേയ്ക്ക് കമഴ്ത്തിയെങ്കിലും പെട്ടെന്ന് ഈര്‍ഷ്യയോടെ പുറത്തേയ്ക്ക് ഒരൊറ്റതൂപ്പായിരുന്നു. എന്താണെന്നറിയാതെ അമ്പരപ്പോടെ ജേസി മധുസാറിനോട് ചോദിച്ചു:
“എന്തു പറ്റി സാര്‍?”
“ഓ, വല്ലാത്ത നാറ്റം... രണ്ടു മൂന്നു ദിവസം പഴക്കമുള്ള മോരുംവെള്ളമാണെന്നു തോന്നുന്നു.”
ഇനി എന്ത് ചെയ്യും? ജേസിക്ക് ടെന്‍ഷനായി. ഈ സീന്‍ കഴിഞ്ഞ് വേറെ മൂന്നാലു സീനും കൂടി എടുത്തിട്ടു വേണം വൈകിട്ടു മധുസാറിനെ വിടാന്‍. ഇനി വേറെ മോരുംവെള്ളമോ കഞ്ഞിവെള്ളമോ ഒക്കെ തപ്പി എടുത്തുകൊണ്ടുവന്ന് മിക്സ് ചെയ്ത് കുപ്പികളിലാക്കി ഷൂട്ട് ചെയ്യാന്‍ തുടങ്ങുമ്പോള്‍ സമയമൊത്തിരി വൈകും.
ജേസി അതിനു പെട്ടെന്നൊരു ഉപായം കണ്ടുപിടിക്കുകയും ചെയ്തു. ഷാപ്പിലുള്ള ഒറിജിനല്‍ കള്ളുതന്നെ മധുസാറിനെക്കൊണ്ട് കുടിപ്പിക്കാം. പക്ഷേ, മധുസാറിന് ആദ്യം അതിനോട് താല്പര്യക്കുറവ് തോന്നിയെങ്കിലും ജേസിയുടെ നിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നു.
ഒരു കുപ്പി കള്ള് കുടിച്ച് ഡയലോഗും പറഞ്ഞ് സീന്‍ അവസാനിപ്പിക്കേണ്ടതിനു പകരം അന്തിക്കള്ളായിരുന്നതുകൊണ്ട് അതിന്റെ ‘രസ’ത്തില്‍ മധുസാര്‍ രണ്ടു കുപ്പി കള്ളും അകത്താക്കിയാണ് എഴുന്നേറ്റ് പോയത്. സിനിമയ്ക്ക് ലെംഗ്ത് കൂടിയതുകൊണ്ട് പല സീനും വെട്ടിച്ചുരുക്കിയ കൂട്ടത്തില്‍ ഈ സീനും അവസാനം ഒഴിവാക്കപ്പെടുകയായിരുന്നു.
അടുത്തതായി പാടത്തിറങ്ങി താറാവു കൂട്ടങ്ങളുമായി മധുസാര്‍ പോകുന്ന സീന്‍ എടുക്കാന്‍ പോയപ്പോഴാണ് അതിലും വലിയ രസമുണ്ടായത്. ചില താറാവുകള്‍ കൂട്ടം തെറ്റി പോകുന്നതുകണ്ട് അവരെ കൂട്ടത്തിലേയ്ക്ക് കൊണ്ടുവരാനായി മധുസാര്‍ കള്ളിന്റെ ലഹരിയില്‍ അച്ചാരം പിച്ചാരം അടിച്ചപ്പോള്‍ അഞ്ചെട്ട് താറാവുകള്‍ ചത്തുവീഴുകയായിരുന്നു.
ഷൂട്ട് കഴിഞ്ഞ് പാടത്തുനിന്ന് കയറി വന്ന മധുസാര്‍ ജേസിയോട് വളരെ കൂളായിട്ട് പറഞ്ഞു:
“ഇതാ, ഞാന്‍ പറഞ്ഞത്... ഒറിജിനല്‍ കള്ളൊന്നും വേണ്ടാന്ന്. താറാവ് കുറെയെണ്ണം ചത്തില്ലേ? ആ എമൗണ്ട് എന്റെ അക്കൗണ്ടില്‍നിന്ന് കുറച്ചോളൂ...”
അതാണ് മധുസാര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

