

കേരളത്തിൽ സർവ്വവ്യാപിയായി കാണുന്ന പക്ഷിയാണ് തത്തച്ചിന്നൻ. പേരു സൂചിപ്പിക്കുന്നതുപോലെ തത്തവർഗ്ഗത്തിൽപ്പെട്ട പക്ഷിയാണിത്. തത്തയെപ്പോലെയുള്ള ചുണ്ടും പച്ചനിറവും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. കണ്ടാൽ തത്തയുടെ ചെറിയ പതിപ്പാണിവയെന്നു തോന്നും. കുറുവാലൻ തത്തയെന്നു വേണമെങ്കിൽ വിളിക്കാം. തത്തച്ചിന്നനെ ചില പ്രദേശങ്ങളിൽ വാഴക്കിളിയെന്നും വിളിക്കാറുണ്ട്. വാഴ കുലയ്ക്കുമ്പോൾ തേനുണ്ണാൻ വരുന്നതിനാലാണ് ഈ പേരു വീഴാൻ കാരണം.
കൈനോട്ടക്കാർ തത്തകളെ കൂട്ടിലിട്ട് നടക്കുന്നത് പലരും കണ്ടിരിക്കും. പഴയ കാലത്ത് ഇങ്ങനെ തത്തകളെക്കൊണ്ട് ചീട്ടെടുപ്പിച്ച് ഭാവി പറയുന്നവർ കൂടുതലായി ഉണ്ടായിരുന്നു. ഇക്കാലത്ത് ഇത്തരക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എങ്കിലും ഉത്സവപറമ്പിലും ഉത്സവകാലത്തും ഭാവി പ്രവചനക്കാർ കൂട്ടിലടച്ച തത്തകളുമായി നാട്ടിലെത്താറുണ്ട്. പ്രത്യേകിച്ച് ഗ്രാമപ്രദേശത്തും അന്തിച്ചന്തകളിലും ഇക്കൂട്ടരെ കാണാം. ഭാവി പ്രവചനക്കാരുടെ കയ്യിൽ തത്തയെപ്പോലെ തത്തച്ചിന്നനേയും ചിലപ്പോ കണ്ടെന്നിരിക്കും. തത്തച്ചിന്നനെക്കൊണ്ട് ചീട്ടെടുപ്പിച്ച് ഭാവി പറയുന്നത് ചെട്ടിക്കുളങ്ങര ഭരണി ഉത്സവകാലത്തും ഓച്ചിറ പടനിലത്ത് 12 വിളക്ക് കാലത്തും ഞാൻ പലതവണ കണ്ടിട്ടുണ്ട്.
തത്തച്ചിന്നന് അങ്ങാടിക്കുരുവിയുടെ വലുപ്പമേയുള്ളൂ. ദേഹം ആകെപ്പാടെ മരതകപ്പച്ചയാണെങ്കിലും വാലിനു മുകളിൽ രക്തവർണ്ണമുള്ള ഒരു വലിയ പട്ട കാണാം. എന്നാൽ, ചിറകു പൂട്ടിയിരിക്കുമ്പോഴിത് കാണാനാവില്ല. പൂവന്റെ തൊണ്ട നീലയും പിടയുടേത് പച്ചയുമായിരിക്കും. മരങ്ങളിലാണിവയെ സാധാരണ കാണാനാവുക. ഇവയുടെ ചേഷ്ടകൾ കാണുമ്പോൾ സർക്കസിൽ കുറിയ മനുഷ്യർ കാണിക്കുന്ന വേലത്തരങ്ങൾ ഓർമ്മ വരും. കാണികളെ രസിപ്പിക്കാനാണിങ്ങനെ ഓരോ കുസൃതികൾ ഇവർ സർക്കസിൽ കാണിക്കുന്നത്.
‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തിൽ തത്തച്ചിന്നനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു: “തെങ്ങിന്മേലായാലും ആലിന്റെ ചില്ലകളിലായാലും തത്തച്ചിന്നന്റെ കളികൾ കാണാൻ വളരെ കൗതുകമുണ്ട്. ഈ പക്ഷി തത്തകൾക്കിടയിലെ അഗസ്ത്യൻ മാത്രമല്ല, കോമാളികൂടിയാണ്. സർക്കസുകളിൽ വികൃതിവേഷമണിഞ്ഞ് കോപ്പിരാട്ടി കാണിക്കുന്ന ചില കുള്ളന്മാരെപ്പോലെയാണ് തത്തച്ചിന്നൻ. ഇതൊരു
ചില്ലയിൽനിന്ന് മറ്റൊന്നിലേയ്ക്ക് കയറുന്നതും ശാഖാഗ്രങ്ങളിലുള്ള പഴങ്ങൾ ചൂഴ്ന്ന് തിന്നുന്നതും പൂക്കുലകൾക്കിടയിൽ കയറിപ്പിടിച്ച് തൂങ്ങി തേൻ നുകരുന്നതുമെല്ലാം ഒരു പ്രത്യേക രീതിയിലാണ്. പലപ്പോഴും ഈ പക്ഷി തലകീഴായി തൂങ്ങുന്നതു കാണാം. താനിരിക്കുന്ന കൊമ്പുകൾക്കു താഴെയുള്ള പൂക്കളേയും ഫലങ്ങളേയും എത്തിപ്പിടിക്കാനാണ് പക്ഷി ഇങ്ങനെ തൂങ്ങിക്കിടക്കുന്നത്. എന്നാൽ, രാത്രിയിൽ ഉറങ്ങുന്നത് ഏതു കാലത്തും കടവാവലുകളെപ്പോലെ തൂങ്ങിക്കിടന്നാണ്. “ഇവിടെ തത്തച്ചിന്നനെ തത്തകൾക്കിടയിലെ അഗസ്ത്യനെന്നു വിളിക്കാൻ കാരണം മുനിമാരുടെ ഇടയിലെ കുറിയ മനുഷ്യനായിരുന്നു അഗസ്ത്യമുനിയെന്നതുകൊണ്ടാണ്.
തത്തച്ചിന്നനെ കാര്യമായി ശ്രദ്ധിച്ചിട്ടില്ലാത്തവർപോലും അവയുടെ ശബ്ദം കേട്ടിരിക്കാനിടയുണ്ട്. മഴക്കാലത്താണ് ഇവയുടെ ശബ്ദം പറമ്പുകളിൽനിന്നും കുറ്റിക്കാട്ടിൽനിന്നും ഉയരുന്നത്. ച്വീ... ച്വീ... ച്വീ... എന്നിങ്ങനെയുള്ള ചൂളംവിളിയാണിവയുടെ ശബ്ദം. മഴക്കാലത്ത് വളരെ സജീവമായിരിക്കും. തെങ്ങിൻപൂങ്കുലകൾ വിരിഞ്ഞുനിൽക്കുമ്പോള്‍ അവിടെ പറന്നെത്തും. തേക്കിൻ തോട്ടത്തിലും പ്ലാശു പൂത്തുനിൽക്കുമ്പോഴും പേരാലിൽ കായ പഴുക്കുമ്പോഴും തത്തച്ചിന്നനെ അവിടെ പതിവായി കാണാനാവും.
തത്തച്ചിന്നനെ ഇണയോടൊപ്പമോ അല്ലെങ്കിൽ ചെറുകൂട്ടമായോ ആണ് കാണാനാവുക. പേരാലിൻ കായ പഴുത്തുനിൽക്കുമ്പോൾ വലിയ കൂട്ടങ്ങളെ അവിടെ കാണാനാവും. നൂറും ഇരുന്നൂറും എണ്ണത്തെ ഇങ്ങനെ കണ്ടതായി പക്ഷിനിരീക്ഷകർ രേഖപ്പെടുത്തിയിട്ടുണ്ട്.
തെങ്ങിൽനിന്നും പനയിൽനിന്നും കള്ളു ചെത്തുന്നവര്‍ക്ക് “കുടിയനായ തത്തച്ചിന്നനെക്കുറിച്ചാണ്” പറയാനുള്ളത്. കള്ളു ശേഖരിക്കാനായി വെച്ചിരിക്കുന്ന പാനകളില്‍ ഇറങ്ങി കള്ളു കട്ടുമോന്തും. കുടിച്ചു ലക്കുകെട്ട തത്തച്ചിന്നൻ എങ്ങോട്ടു പറക്കണമെന്നറിയാതേയും ബോധമില്ലാതേയും അവിടെത്തന്നെ മാണ്ടുകിടക്കും. തെങ്ങിന്റെ മണ്ടയിലും പനയുടെ മണ്ടയിലും ബോധമില്ലാതെ കിടക്കുന്ന തത്തച്ചിന്നനെ കള്ളു ചെത്തുകാർ പിടിച്ചുകൊണ്ടുവന്ന് ആർക്കെങ്കിലും കൊടുക്കും. വവ്വാലുകളും മറ്റും കള്ളു പാനകളിൽനിന്നും കുടങ്ങളിൽനിന്നും കള്ളു കുടിക്കാറുണ്ട്. തത്തച്ചിന്നനാവാം പക്ഷികളിലെ കള്ളു കുടിയനെന്നു തോന്നുന്നു. കാട്ടിലുള്ള ചില പഴങ്ങൾ കഴിച്ചാൽ തലയ്ക്ക് ലഹരി പിടിക്കും. ഈ പഴങ്ങൾ ഉണ്ടാവുന്ന കാലത്ത് കുരങ്ങന്മാരും ആനയുമൊക്കെ വന്നു പഴം കഴിച്ച് മത്തുപിടിച്ച് ആടിക്കുഴഞ്ഞ് നടക്കുന്ന രംഗം ‘ബ്യൂട്ടിഫുൾ പീപ്പിൾ’ എന്ന ഡോക്യുമെന്ററി സിനിമയിൽ കണ്ടത് ഓർത്തുപോകുന്നു.
തത്തകൾ മരപ്പോടുകളിലാണ് മുട്ടയിടുക. മരപ്പോടുകളിൽ കൂടൊരുക്കുന്ന മിക്ക പക്ഷികളുടേയും മുട്ടകൾ വെളുത്തതായിരിക്കും. തത്തച്ചിന്നന്റേയും മുട്ടകൾക്ക് വെളുപ്പുനിറമാണ്. പോട്ടിനുള്ളിൽ പ്രത്യേകിച്ച് കൂടൊന്നും തത്ത ഉണ്ടാക്കാറില്ല. തത്തച്ചിന്നനും മരപ്പോടുകളിലാണ് മുട്ടയിടുന്നതെങ്കിലും മുട്ട സൂക്ഷിക്കാനായി പച്ചിലകൊണ്ടൊരു മെത്തയുണ്ടാക്കാറുണ്ട്. മുട്ടകളും കുഞ്ഞുങ്ങളും സുരക്ഷിതമായിരിക്കാനും തള്ളപ്പക്ഷിക്ക് അടയിരിക്കാനുമെല്ലാം ഈ ഇലമെത്ത സഹായകരമാകും. കൂടൊരുക്കത്തിന് ഇല ശേഖരിക്കുന്നതും പ്രത്യേക രീതിയിലാണ്.
കൂടൊരുക്കാനാവശ്യമായ സാമഗ്രികൾ കൊക്കിൽ കൊത്തിയെടുത്താണ് പലജാതി പക്ഷികളും കൊണ്ടുപോകുന്നതെങ്കിൽ തത്തച്ചിന്നൻ ചുമന്നോണ്ടു പോകും! ഇതൊരു കൗതുകകരമായ കാഴ്ചയാണ്. ഉണങ്ങിയ മരക്കൊമ്പിലുള്ള പഴയ മാളങ്ങളിലൊന്ന് കയ്യേറുകയോ പുതുതായൊന്നു കൊത്തിയുണ്ടാക്കുകയോ തത്തച്ചിന്നൻ ചെയ്യും. എന്നിട്ട് നാടപോലെയുള്ള ഒരിലക്കഷണം മുറിച്ചെടുത്ത് അതിന്റെ ഒരറ്റം മുതുകത്തെ രക്തവർണ്ണമുള്ള തൂവലുകൾക്കിടയിൽ തിരുകും. ഇങ്ങനെ കുറെ ഇലത്തുണ്ടുകൾ തന്റെ തൂവലുകൾക്കിടയിൽ തിരുകിവയ്ക്കും. ചിലപ്പോൾ ചില ഇലത്തുണ്ടുകൾ നിലത്തു വീണെന്നുമിരിക്കും. എന്നാല്‍ അതൊന്നും പക്ഷി കാര്യമാക്കാതെ ആവശ്യത്തിന് ഇല ശേഖരണം നടത്തിയശേഷം തന്റെ മരപ്പൊത്ത് നോക്കി പറന്നുപോകും. പോടിനുള്ളില്‍ ഇറങ്ങി പിട തന്റെ തൂവലുകൾക്കിടയിൽനിന്ന് ഇലകളോരോന്നായി പെറുക്കിയെടുത്ത് മനോഹരമായൊരു മെത്തയുണ്ടാക്കും. പിടപ്പക്ഷിയാണ് കൂടുണ്ടാക്കുന്നതും അടയിരിക്കുന്നതും. അടയിരിക്കുന്ന കാലത്ത് മനുഷ്യർക്ക് ഈ പക്ഷിയെ വേഗത്തിൽ പിടിക്കാൻ കഴിയും. മുട്ടയുടെ സംരക്ഷണം ഓർത്ത് തന്റെ രക്ഷപോലും പരിഗണിക്കാതെ തത്തച്ചിന്നൻ മുട്ടകൾക്കുമേൽ അമർന്നിരിക്കും. ഈ തക്കത്തിനു പലരും തത്തച്ചിന്നനെ പിടിക്കാറുണ്ട്. INDIAN LORIKEET എന്നാണിവയുടെ ഇംഗ്ലീഷ് പേര്. Loriculus Vemalis എന്നു ശാസ്ത്രീയനാമം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates