കമ്യൂണിസ്റ്റ് പാർട്ടി കൈവിട്ട സിനിമയുടെ ‘ജനശക്തി’

സി.പി.ഐ.എമ്മും ദേശാഭിമാനി സ്റ്റഡിസർക്കിളും ചേർന്നു തുടക്കമിട്ട സംരംഭത്തെ പാർട്ടി തന്നെ കൈവിട്ടതോടെ ചലച്ചിത്രരംഗത്തെ വലിയൊരു സാധ്യതയാണ് ഇല്ലാതാക്കപ്പെട്ടത്
കമ്യൂണിസ്റ്റ് പാർട്ടി കൈവിട്ട സിനിമയുടെ ‘ജനശക്തി’
Updated on
8 min read

ഴുപതുകളിലെ ‘ജനശക്തി ഫിലിംസ്’ ഇന്നൊരു ഓർമ മാത്രമാണ്. അല്ലെങ്കിൽ അധികമാരും ഓർക്കാൻ ഇഷ്ടപ്പെടാത്ത സിനിമയുടെ ചരിത്രത്തിലെ തോൽവിയുടെ ഒരദ്ധ്യായം. മൂലധനത്തിന്റെ ജൈത്രയാത്ര തടുത്തുനിർത്താനാവാതെ പോയതിന്റെ കാരണം ചികയുമ്പോൾ ആ തോൽവി ഒരു പാഠമായി മുന്നിൽവരും. ആരും ഏറ്റെടുക്കാനില്ലാതെ കുഴിച്ചുമൂടപ്പെട്ട ജനശക്തി ഫിലിംസിന്റെ ചരിത്രത്തിൽ മലയാളത്തിന്റെ വെള്ളിത്തിരയിൽ ഒരു പ്രതിരോധം തീർക്കാനാവാതെ ഒരു ജനത തോറ്റുപോയതിന്റെ അടയാളമുണ്ട്.

‘ജനശക്തി ഫിലിംസി’ന്റെ വിസ്മൃത ചരിത്രം രേഖപ്പെടുത്തിയ ഒരൊറ്റ പുസ്തകമേ മലയാളത്തിൽ ഇറങ്ങിയിട്ടുള്ളൂ. ജനശക്തി ഫിലിംസിന്റെ മാനേജിങ് ഡയറക്ടർ പി. ജയപാല മേനോന്റെ ‘ഒളി മങ്ങാത്ത ഓർമകൾ’ എന്ന ആത്മകഥയിൽ ഒരദ്ധ്യായം ആ നീറുന്ന ഓർമകൾക്കായി നീക്കിവച്ചിട്ടുണ്ട്. ഹൃദയസ്പർശിയാണത്.

2014-ലാണ് ശിഖ മോഹൻദാസാണ് ‘ജനശക്തി ഫിലിംസ് എവിടെ?’ എന്ന ആ പുസ്തകമെഴുതിയത്. ശിഖ മോഹൻദാസ് തന്നെയായിരുന്നു അതിന്റെ പ്രസാധകൻ. അതിന് ‘ജനശക്തിയുടെ ചോർച്ചയുടെ കഥ’ എന്ന പേരിൽ ഞാനതിന് ഒരവതാരിക എഴുതിയിട്ടുണ്ട്.

ജനശക്തിയുടെ ചരിത്രം കെ. ചാത്തുണ്ണി മാസ്റ്ററുടെ പാർട്ടിയിൽനിന്നുള്ള പുറത്താക്കലിന്റെ പശ്ചാത്തലത്തിലാണ് ശിഖ മോഹൻദാസ് സമീപിക്കുന്നത്. അപ്രിയസത്യങ്ങളുടെ ചരിത്രമായതുകൊണ്ടുതന്നെ ആ പുസ്തകം കാര്യമായ ഒരു ചർച്ചയ്ക്കോ ഒരു വിമർശനത്തിന് പോലുമോ വഴിയൊരുക്കിയില്ല. ഇടതുപക്ഷ ചലച്ചിത്ര ചിന്തകരും പഠിതാക്കളും പോലും ‘കണ്ടില്ല എന്ന് നടിച്ച്’ അതിനെ കൂട്ടമറവിക്ക് വിട്ടുകൊടുത്തു. ശിഖയുടെ പ്രയത്നം തമസ്‌കരിക്കപ്പെടുകയായിരുന്നു.

എഴുപതുകളിൽ സമാന്തര സിനിമയുടെ ഉദയകാലത്ത്, മലയാള സിനിമയുടെ ചരിത്രത്തിൽ കമ്യൂണിസ്റ്റ് പാർട്ടി (സി.പി.ഐ.എം) നടത്തിയ ഏറ്റവും വലിയ ഇടപെടലായിരുന്നു ജനശക്തി ഫിലിംസ്. സി.പി.ഐ.എമ്മും ദേശാഭിമാനി സ്റ്റഡിസർക്കിളും ചേർന്നു തുടക്കമിട്ട സംരംഭത്തെ പാർട്ടി തന്നെ കൈവിട്ടതോടെ ചലച്ചിത്രരംഗത്തെ വലിയൊരു സാധ്യതയാണ് ഇല്ലാതാക്കപ്പെട്ടത്. 1977 ജനുവരി 25-നാണ് ജനശക്തി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രജിസ്റ്റർ ചെയ്യപ്പെടുന്നത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. ചാത്തുണ്ണി മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം പി. ഗോവിന്ദപ്പിള്ള എന്നിവരായിരുന്നു അതിന്റെ പ്രധാന ഉപജ്ഞാതാക്കൾ. അധികം വൈകാതെ പാലക്കാട്ടെ അഡ്വ. പി. ജയപാല മേനോനെ ജനശക്തിയുടെ മാനേജിങ് ഡയറക്ടറായി നിയോഗിച്ചു.

ദേവലോകം സിനിമയില്‍ നിന്നുള്ള ദൃശ്യം
ദേവലോകം സിനിമയില്‍ നിന്നുള്ള ദൃശ്യം
ശിഖ മോഹന്‍ദാസ്
ശിഖ മോഹന്‍ദാസ്

സിനിമയിലെ ഇടതുപക്ഷധാര

പി.എ. ബക്കറിന്റെ ‘കബനീ നദി ചുവന്നപ്പോൾ’ അടിയന്തരാവസ്ഥക്കാലത്ത് മുറിവേറ്റ് ഒന്ന് പുറത്തുവന്ന് പെട്ടിയിൽതന്നെ കിടക്കുകയായിരുന്നു. ജോൺ എബ്രഹാം ‘അഗ്രഹാരത്തിലെ കഴുത’ എടുത്ത് തിയേറ്ററിൽ എത്തിക്കാനാവാതെ അലയുന്ന കാലമാണ്. സമാന്തര സിനിമയ്ക്ക് അടിത്തറ പാകിയ അടൂർ ഗോപാലകൃഷ്ണനും ജി. അരവിന്ദനും അപ്പുറം സിനിമയിൽ കേരളത്തിൽ ഒരു ഇടതുപക്ഷ ധാരകൂടി സിനിമയിലുണ്ട് എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത അന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിലുണ്ടായിരുന്നു. ചിന്ത രവീന്ദ്രൻ ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ക്ക് ഒരുങ്ങുന്ന കാലമായിരുന്നു അത്. സി.പി.ഐ.എമ്മിന്റെ സിനിമയിലെ ഇടപെടലിന്റെ സമയം കൃത്യവുമായിരുന്നു.

അമ്മയുടെ പാപ്പൻ, കോഴിക്കോട് തിരുവണ്ണൂരിലെ ആദ്യകാല കമ്യൂണിസ്റ്റുകാരനായിരുന്ന വാസുപ്പാപ്പന്റെ മകൾ താരേച്ചിയുടെ ഭർത്താവ് ചിന്ത ചന്ദ്രേട്ടനാണ് സമാന്തര സിനിമയിലെ ഇടതുപക്ഷ ധാരയ്ക്കുവേണ്ടി ജനശക്തി എന്ന പേരിലൊരു പ്രസ്ഥാനം വരുന്ന വിവരം പറയുന്നത്. ചിന്തയുടെ തന്നെ തെളിമയുള്ള പ്രതിരൂപമായിരുന്നു ചിന്ത ചന്ദ്രേട്ടൻ; ആ പ്രസ്ഥാനത്തിന്റെ നിശ്ശബ്ദ അദൃശ്യ സഹയാത്രികനായിരുന്നു. കുട്ടിക്കാലത്ത് കണ്ടുമുട്ടിയ കുടുംബത്തിലെ ഏറ്റവും വേറിട്ട മനുഷ്യനായിരുന്നു ചന്ദ്രേട്ടൻ. തിരുവണ്ണൂർ കമ്യൂണിസം എന്നാൽ പി. കൃഷ്ണപിള്ള വിത്തുകൾ വിതച്ച് കടന്നുപോയ വഴികളാണ്. മുഴുവനും സഖാക്കൾ നിറഞ്ഞ ഒരു വീടായിരുന്നു വാസുപ്പാപ്പന്റേത്. താരേച്ചിക്കും ചിന്തയിൽ തന്നെയായിരുന്നു ജോലി. അവധിക്കാലത്ത് പാർക്കാൻ പോകുന്ന വീടുകളിൽ ഒന്നായിരുന്നു എറണാകുളത്തെ അവരുടെ വീട്. അത് ഇടതുപക്ഷ ബുദ്ധിജീവികളുടേയും രാഷ്ട്രീയ നേതാക്കളുടേയും ഒരു കേന്ദ്രം കൂടിയായിരുന്നു. ജനശക്തി ഫിലിംസിന്റെ ഷെയറുടമകളിൽ ഏറ്റവും പ്രധാ നപ്പെട്ട വ്യക്തിയായിരുന്നു ‘ചിന്ത’യുടെ മാനേജറായിരുന്ന ചന്ദ്രേട്ടൻ. മലയാള സിനിമയിൽ ഒരു പുതിയ വിപ്ലവം തന്നെയായിരിക്കും ജനശക്തി ഫിലിംസ് എന്നാണ് ചന്ദ്രേട്ടനടക്കമുള്ളവർ കരുതിയത്. ആ വിപ്ലവത്തിന്റെ ഭാഗമായ ഒരാൾ കുടുംബത്തിലുമുണ്ട് എന്നത് ഞങ്ങൾക്ക് ഒരു അഭിമാനമായിരുന്നു.

ജി.എസ്. പണിക്കരുടെ ‘ഏകാകിനി’, ബക്കറിന്റെ ‘കമ്പനീ നദി ചുവന്നപ്പോൾ’, ജോണിന്റെ ‘അഗ്രഹാരത്തില്‍ കഴുതൈ’ എന്നീ സിനിമകൾ കേരളത്തിൽ തിയേറ്ററുകളിൽ എത്തിയത് ജനശക്തി ഫിലിംസ് ഉണ്ടായിരുന്നതുകൊണ്ടാണ്. ഫിലിം സൊസൈറ്റികളുടെ ഉദയകാലമായിരുന്നു അത്. സത്യജിത് റായ്, ഋത്വിക് ഘട്ടക്, മൃണാൾ സെൻ, ബി.വി. കാരന്ത്, ഗിരീഷ് കാസറവള്ളി, ശ്യാം ബെനഗൽ തുടങ്ങി നിരവധി സംവിധായകരുടെ സിനിമകൾ ചുരുങ്ങിയ വിലയ്ക്ക് വാടകയ്ക്ക് ലഭ്യമാക്കി അക്കാലത്ത് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനു ജീവൻ വെപ്പിച്ചത് ജനശക്തി ഫിലിംസ് ആയിരുന്നു. വലിയ സംഘാടക പിടിപാടും കത്തിടപാടുകൾ നടത്താന്‍ ശേഷിയുമുള്ള രജിസ്റ്റർ ചെയ്ത ഫിലിം സൊസൈറ്റികൾക്കേ എംബസികളിൽനിന്നും പുനെ ആർക്കേവിൽ നിന്നുമൊക്കെ ഫിലിംപെട്ടികൾ എത്തിക്കാനുള്ള ശേഷി ഉണ്ടായിരുന്നത്. രാഷ്ട്രീയമായ ചേരിതിരിവുകൾ ഉണ്ടായിരുന്നെങ്കിലും പാവങ്ങളുടെ അത്താണി ജനശക്തി ഫിലിംസ് ആയിരുന്നു.

നിലമ്പൂർ ബാലേട്ടൻ സംവി ധാനം ചെയ്ത ‘അന്യരുടെ ഭൂമി’ക്കും ജനശക്തിയുടെ പിന്തുണ ഉണ്ടായിരുന്നു. ‘ചിത്രലേഖ’ വിതരണത്തിനെടുത്ത് പുറത്തിറക്കാതെ വച്ചിരുന്ന ജി.എസ്. പണിക്കരുടെ ‘ഏകാകിനി’ വിലകൊടുത്തുവാങ്ങി ജനശക്തി പുറത്തിറക്കിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ജോൺ എബ്രഹാമിന്റെ ‘അഗ്രഹാരത്തിലെ കഴുത’യ്ക്കും പെട്ടിയിൽനിന്നുള്ള മോചനമായത് ജനശക്തിയുടെ ഇടപെടലിലൂടെയാണ്. ആറുമാസം മദിരാശിയിൽ താമസിച്ച് വിതരണക്കാർക്കായി 110 പ്രദർശനങ്ങൾ ഒരുക്കിയിട്ട് ഒരാൾ പോലും മുഴുവനായും പടം കാണാൻ തയ്യാറാകാതെ തിരസ്‌കരിച്ച അനുഭവം കഴുതയുടെ നിർമാതാക്കളിൽ ഒരാളായ ചാർളി ജോൺ ശിഖ മോഹൻദാസുമായുള്ള അഭിമുഖത്തിൽ പറയുന്നുണ്ട്.

അഡ്വ. ജയപാല മേനോൻ മാനേജിങ് ഡയറക്ടറായി വരുന്നതോടെയാണ് ജനശക്തി ഫിലിംസ് ഉണർന്ന് പ്രവർത്തിച്ചു തുടങ്ങുന്നത്. 1978-ൽ ജനശക്തി ഫിലിംസിന്റേയും ദേശാഭിമാനി സ്റ്റഡി സർക്കിളിന്റേയും സംയുക്താഭിമുഖ്യത്തിൽ എറണാകുളത്താണ് കേരളത്തില്‍ ആദ്യമായി ഏഴ് ദിവസം നീണ്ട ചലച്ചിത്രോത്സവം നടക്കുന്നത്. ചലച്ചിത്രോത്സങ്ങളുടെ ചരിത്രത്തിലെത്തന്നെ ഒരു നാഴികക്കല്ലായിരുന്നു അത്. ജസ്റ്റിസ് പി. സുബ്രഹ്മണ്യം പോറ്റിയുടെ അദ്ധ്യക്ഷതയിൽ മൃണാൾ സെൻ ആയിരുന്നു

ഫെസ്റ്റിവലിന്റെ ഉദ്ഘാടനം. പി. ഗോവിന്ദപ്പിള്ള ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാനും ജയപാല മേനോൻ സെക്രട്ടറിയുമായിരുന്നു. 1980-ൽ കോഴിക്കോട് ചെലവൂർ വേണുഏട്ടന്റെ നേതൃത്വത്തിൽ 14 ദിവസം നീണ്ട ചലച്ചിത്രോത്സവം നടത്താനുള്ള പ്രചോദനം ഈ ആദ്യ ഫിലിം ഫെസ്റ്റിവൽ തന്നെ ആയിരിക്കണം.

1978-ൽ എറണാകുളത്തുവച്ച് നടത്തിയ ഈ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് പുറത്തിറക്കിയ ‘ഇന്ത്യൻ സിനിമ 1978’ എന്ന സുവനീറിൽ കെ. ചാത്തുണ്ണി മാസ്റ്റർ എഴുതിയ ‘ജനങ്ങളുടെ സിനിമ, ജനശത്രുക്കളുടെ സിനിമ’ എന്ന ലേഖനത്തിൽ ജനശക്തി ഫിലിംസിന്റെ നയം വ്യക്തമാക്കുന്നുണ്ട്. മലയാളത്തിലെ സമാന്തര സിനിമയുടെ ചരിത്രത്തിലെ നിർണായകമായ ഒരു പ്രത്യയശാസ്ത്ര ഇടപെടലാണ് ചാത്തുണ്ണി മാസ്റ്റർ അതിലൂടെ നടത്തുന്നത്. ചലച്ചിത്ര ചിന്തയെ അഗാധമാക്കുന്ന ഒരു ലേഖനമായിരുന്നു അത്. പിൽകാലത്ത് ‘സിനിമയുടെ രാഷ്ട്രീയം’ എഴുതി ചിന്ത രവീന്ദ്രൻ മുന്നോട്ടു കൊണ്ടുപോകുന്നത് ചാത്തുണ്ണി മാസ്റ്റർ ദിശാബോധം നൽകിയ പ്രത്യയശാസ്ത്രധാരയെ ആണെന്ന് ആ ലേഖനം ഓർമപ്പെടുത്തുന്നു. അതിസൂക്ഷ്മമായി പുരോഗമന പ്രസ്ഥാനങ്ങളുടെ ദൗർബല്യങ്ങളിലേക്ക് വിരല്‍ചൂണ്ടാനും പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ ഇരിക്കുന്ന വേളയിൽ തന്നെ ചാത്തുണ്ണി മാസ്റ്റർക്ക് കഴിയുന്നുമുണ്ട്.

“സിനിമയെ അതർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കാനും അതിന്റെ അനുപമമായ സിദ്ധികളെ പ്രയോജനപ്പെടുത്താനും നമ്മുടെ രാജ്യത്തെ ജനാധിപത്യശക്തികളും പുരോഗമന പ്രസ്ഥാനങ്ങളും ഇനിയും തയ്യാറായിട്ടില്ല എന്ന വസ്തുത അവയുടെ മുഖ്യമായ ദൗർബല്യങ്ങളിലൊന്നിനെയാണ് വെളിപ്പെടുത്തുന്നത്. പുരോഗമന പ്രസ്ഥാനങ്ങൾക്കു കടന്നെത്താനും അതിന്റെ

ക്രിയാത്മക പങ്ക് വിജയകരമായി നിറവേറ്റാനും കഴിയാത്ത രംഗങ്ങളിലെല്ലാം പിന്തിരിപ്പത്തം അതിന്റെ പീറക്കൊടിയുയർത്തി അഴിഞ്ഞാട്ടം നടത്തുന്ന ഒരു ദശാഘട്ടമാണിത്. നമ്മുടെ സിനിമാരംഗത്തിന്റേയും കലാസാംസ്‌കാരിക മണ്ഡലത്തിന്റേയും അധ:പതനത്തിന്റെ മൗലിക കാരണവും ഇതല്ലാതെ മറ്റൊന്നല്ല.”

ടെലിവിഷനും സാമൂഹ്യമാധ്യമങ്ങളുടേയുമൊക്കെ വരവിന് പതിറ്റാണ്ടുകൾക്കു മുന്‍പാണ് പ്രചരണമാധ്യമങ്ങളുടെ ആസുരശക്തിയെക്കുറിച്ച് പ്രവചനസ്വഭാവത്തോടെയുള്ള ഈ മുന്നറിയിപ്പുകൾ ചാത്തുണ്ണി മാസ്റ്റർ നൽകുന്നത്. അന്ന് ഭൂപടത്തിൽ സോവിയറ്റ് യൂണിയനുണ്ട്, ഈസ്റ്റ് യൂറോപ്പുണ്ട്. ചൈനയിൽ മാവോ തന്നെയാണ് അധികാരത്തിൽ. ചെങ്കൊടി മുന്നിൽവച്ചും മുതലാളിത്തം സാധ്യമാണെന്ന് ലോകത്തിനു കാട്ടിക്കൊടുത്ത ഡെങ്ങ് സിയാവോ പെങ്ങ് വരവറിയിച്ചിട്ടില്ല. അൽത്യൂസറും സിസക്കും ഒന്നും ഉദ്ധരിക്കുന്നില്ലെങ്കിലും ചാത്തുണ്ണി മാസ്റ്റർ പറയുന്ന തെളിമയുള്ള പ്രത്യയശാസ്ത്ര ഉൾക്കാഴ്ച ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് വെള്ളിത്തിരയിൽ മുതലാളിത്തത്തിന്റെ മാരകമായ പിടിമുറുക്കലിനാണ് വഴിയൊരുക്കിയത്. അതിൽ ആദ്യം കടപുഴകി വീണത് ജനശക്തി ഫിലിംസ് പ്രസ്ഥാനം തന്നെയായിരുന്നു. അത് മുന്നോട്ടു പോയില്ല.

1979-ൽ രണ്ട് സിനിമകളുടെ നിർമാണ പദ്ധതികളുമായാണ് ജനശക്തി മുന്നോട്ടു വന്നത്. ഒന്ന്, നിരഞ്ജനയുടെ ‘ചിരസ്മരണ’ എന്ന നോവലിനെ ആസ്‌പദമാക്കി മൃണാൾ സെൻ സംവിധാനം ചെയ്യുന്ന ‘കയ്യൂർ’ സിനിമ: രണ്ട്, ചെറുകാടിന്റെ നോവലിനെ ആസ്‌പദമാക്കി എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദേവലോകം. ആദ്യത്തേത് തുടങ്ങാനേ കഴിഞ്ഞില്ല. രണ്ടാമത്തേത് തുടങ്ങി, എന്നാൽ ഒരാഴ്ചകൊണ്ട് ഷൂട്ടിങ്ങ് മുടങ്ങി. രണ്ടിന്റേയും കാരണങ്ങൾ യുക്തമായി പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാൻ ജനശക്തിക്ക് കഴിഞ്ഞതുമില്ല. മുടങ്ങിപ്പോയ ദേവലോകം മുഴുമിപ്പിക്കാൻ പാർട്ടി പിന്നീട് മുൻകൈ എടുത്തതുമില്ല.

ദേവലോകത്തിലെ നായകന്‍ സാബു
ദേവലോകത്തിലെ നായകന്‍ സാബു

അദൃശ്യനായ സാബു, അതിജീവിച്ച മമ്മൂട്ടി

‘ദേവലോകം’ ചരിത്രപ്രസിദ്ധമാകുന്നത് അത് മമ്മുട്ടിയെ വെള്ളിത്തിരയിലേക്ക് കൊണ്ടുവന്ന സിനിമ എന്നതിനാൽ

കൂടിയാണ്. നിർമാതാവ് ശോഭന പരമേശ്വരൻ നായരുടെ ജ്യേഷ്ഠന്റെ മകൻ സാബുവായിരുന്നു ആ സിനിമയിലെ നായകന്മാരിൽ ഒരാൾ. കന്നഡ നടി ജയമാലയായിരുന്നു നായിക. പിൽകാലത്ത് സാബു വലിയ നായകനായി മാറിയിരുന്നെങ്കിൽ കഥ മാറുമായിരുന്നു. എന്നാൽ ആദ്യ സിനിമ മുടങ്ങിയതോടെ സാബു എന്നെന്നേക്കുമായി അദൃശ്യനായി. മമ്മൂട്ടി അതിജീവിക്കുകയും ചെയ്തു. ജനശക്തി മാനേജർ അജയകുമാറിന്റെ പാലക്കാട്ടെ വീട്ടിൽവച്ചായിരുന്നു ദേവലോകത്തിന്റെ ഷൂട്ടിങ്ങ്. രണ്ടാഴ്ച ഷൂട്ടിങ്ങ് നടന്നു.

ഷൂട്ടിങ്ങിനിടയിലെ ഒരു സംഭവം കോഴിക്കോട്ടെ സുഹൃത്തുക്കൾക്കിടയിൽ വാർത്തയായി എത്തിയത് ഓർമയുണ്ട്. അത് ജോൺ എബ്രഹാം നിലമ്പൂർ ബാലേട്ടനു വേണ്ടി ‘ദേവലോകം’ ഷൂട്ടിങ്ങ് തുടങ്ങുന്ന ദിവസം പ്രശ്‌നമുണ്ടാക്കി എന്ന വാർത്തയായിരുന്നു. ജനശക്തി മാനേജർ അജയകുമാർ അത് ഇങ്ങനെ ഓർക്കുന്നു: “ദേവലോകം കളറിലാണ് തുടങ്ങിയത്. പടത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിക്കുന്ന അന്ന് നിലമ്പൂർ ബാലൻ, പടിയൻ (ത്രാസം), ജോൺ എബ്രഹാം എന്നിവരൊക്കെ ഒരു പ്രകടനമായി വന്ന് പ്രശ്‌നമുണ്ടാക്കി. പവിത്രൻ സംഭവസ്ഥലത്തുണ്ടായിരുന്നുവെങ്കിലും പ്രകടനത്തിലോ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിലോ പങ്കെടുത്തിരുന്നില്ല. നിലമ്പൂർ ബാലന്റെ ‘അന്യരുടെ ഭൂമി’ ജനശക്തിയായിരുന്നു വിതരണത്തിനെടുത്തിരുന്നത്. അതിന്റെ പ്രൊഡ്യൂസർ മാധവൻ നിലമ്പൂർ ബാലന് സംവിധാനം ചെയ്ത വകയിലും യു.എ. ഖാദറിന് കഥയുടെ പേരിലും കുറച്ചു രൂപ കൊടുക്കാനുണ്ടായിരുന്നു. അത് ജനശക്തി കൊടുക്കാമെന്ന് ധാരണയുമുണ്ടായിരുന്നു. ‘ദേവലോക’ത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞാൽ നിലമ്പൂർ ബാലന്റെ പ്രശ്‌നം തീർക്കാമെന്ന് ഞങ്ങൾ പറഞ്ഞതാണ്. എന്നാൽ, അദ്ദേഹം അത് കൂട്ടാക്കിയില്ല. ഞാൻ നിലമ്പൂർ ബാലനേയും പടിയനേയും ജോണിനേയും പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് അവിടെനിന്നും ഒരു കാറിൽ അവരെ കയറ്റി പാലക്കാട് ടൗണിലേക്ക് വിട്ടു” (ജനശക്തി ഫിലിംസ് എവിടെ ? പേജ്, 27- 28).

ദേവലോകത്തിന് മാറ്റിവച്ചിരുന്ന കുറച്ചു പണം നിലമ്പൂർ ബാലന് കൊടുക്കേണ്ടി വന്നതോടെ പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഷൂട്ടിങ്ങ് നിന്നു. പണം വാഗ്ദാനം ചെയ്ത പലരും പിൻവാങ്ങി. ജനശക്തി ഉണ്ടായിരിക്കെത്തന്നെ തിരുവനന്തപുരത്ത് പി. ഗോവിന്ദപ്പിള്ളയുടെ നേതൃത്വത്തിൽ തുടക്കമിട്ട കൈരളി ഫിലിം സൊസൈറ്റി ഉണ്ടായി. കൈരളിയുടെ മുൻകയ്യിൽ ചെറുകാടിന്റെ ‘മണ്ണിന്റെ മാറിൽ’ പി.എ. ബക്കർ സിനിമയാക്കി. എം.ടി. അതിന് തിരക്കഥ ഒരുക്കി. രണ്ടിലും പാർട്ടിക്കാർ ഉണ്ടായിരുന്നു. എന്നാൽ, രണ്ടും മുന്നോട്ടു പോയില്ല. പ്രശ്‌നങ്ങൾ തീർത്ത് മുന്നോട്ടു പോകാൻ പാർട്ടി ഇടപെട്ടതുമില്ല.

ജയപാല മേനോൻ ആ ചരിത്രം ഇങ്ങനെ ഉപസംഹരിക്കുന്നു: “പുരോഗമന പ്രസ്ഥാനത്തിന്റെ ആവശ്യമായിരുന്നിട്ടും ഈ ചിത്രം നിർമാണം പൂർത്തിയാക്കാൻ സാധിക്കാത്തതിനു പിന്നിലെ കഥകളെപ്പറ്റിയൊന്നും ഞാൻ എഴുതുന്നില്ല. തുറന്നെഴുതിയാൽ ഒരുപാട് വിവാദങ്ങളുണ്ടാകും. എനിക്കതിൽ താല്പര്യമില്ല... എത്രയോ നന്നായി വന്നതും കേരളത്തിനകത്തും പുറത്തും പ്രശസ്തമായതുമായ ഒരു പ്രസ്ഥാനം പരാജയപ്പെട്ടു” (ഒളിമങ്ങാത്ത ഓർമകൾ, പേജ് 61).

“ഈ പ്രസ്ഥാനം പരാജയപ്പെട്ടതിന്റെ പ്രധാന ഉത്തരവാദിത്വം അന്നത്തെ പാർട്ടി നേതൃത്വത്തിനാണ് എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. ചില നേതാക്കൾക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസം (സഖാക്കൾക്കും പ്രത്യേകിച്ച് നേതാക്കൾക്കും ഉണ്ടാകാൻ പാടില്ലാത്ത ഈഗോ ക്ലാഷ്.) തക്കസമയത്ത് നേതൃത്വം ഇടപെട്ട് ഗൗരവമായി ചർച്ച ചെയ്തിരുന്നെങ്കിൽ ഫലം വേറെയായേനെ എന്ന് എനിക്ക് ഉറച്ച അഭിപ്രായമുണ്ട്. (ഉൾപാർട്ടി പ്രശ്‌നങ്ങൾ പുറത്തുപറയുന്നത് ഒരു കമ്യൂണിസ്റ്റുകാരന് യോജിച്ചതല്ലാത്തതുകൊണ്ട് ഞാൻ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല). പലപ്പോഴും തെറ്റുകൾ ചെയ്യുകയും പിന്നീട് തിരുത്തുകയും ചെയ്യുന്ന നമ്മുടെ പ്രസ്ഥാനം പക്ഷേ, ഇതുവരെ ഈ തെറ്റ് തിരുത്താൻ തയ്യാറായിട്ടില്ല” (പേജ് 62 – 63) സാധ്യതകളുടെ ഉന്മൂലനമായിരുന്നു അത്.

ജനശക്തികൊണ്ടുണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി ഏറ്റെടുത്തില്ല. അത് മാനേജിങ്ങ് ഡയറക്ടർ ജയപാല മേനോന്റെ മാത്രം ബാധ്യതയായി. ‌”ജനശക്തിയിലെ മറ്റു ഡയറക്ടർമാരോ പാർട്ടിയോ പാർട്ടി നേതാക്കന്മാരോ യാതൊരു പുറം ബാധ്യതയും ഏറ്റെടുത്തില്ല. ഞാൻ പരാതിപ്പെട്ടിട്ടുമില്ല. നിയമപ്രകാരം ലിമിറ്റഡ് കമ്പനിയുടെ നഷ്ടത്തിന് വ്യക്തിപരമായി എനിക്ക് ബാധ്യതയില്ലെങ്കിലും ധാർമിക ബാധ്യത ഉദ്ദേശിച്ചാണ് ഞാൻ കടങ്ങളെല്ലാം മടക്കിക്കൊടുത്തത്” (പേജ് 64). ലക്ഷങ്ങളുടെ കടങ്ങളാണ് ജനശക്തിയുടെ പേരിൽ ജയപാല മേനോൻ മക്കളിൽനിന്നും വാങ്ങി വീട്ടിയത്. ആ പ്രതിസന്ധിക്കാലത്ത് ഉടനീളം ആദ്യാവസാനം കൂടെയുണ്ടായിരുന്നത് സഖാവ് ചിന്ത ചന്ദ്രൻ മാത്രമായിരുന്നു എന്ന് അദ്ദേഹം ആത്മകഥയിൽ രേഖപ്പെടുത്തുന്നുണ്ട്. അദൃശ്യരുടെ എഴുതാത്ത ചരിത്രങ്ങളിൽ മാത്രമേ അത്തരം മനുഷ്യർ നിറഞ്ഞുനിൽക്കൂ. എ.കെ.ജിയുടെ നിർദേശമനുസരിച്ച് സി.പി.എമ്മിന്റെ തത്ത്വചിന്താമുഖമായ ‘ചിന്ത’യ്ക്ക് അടിത്തറ പാകിയ മനുഷ്യരാണ് ചന്ദ്രേട്ടനും ചാത്തുണ്ണി മാഷും.

താര
താര
ചാത്തുണ്ണി മാസ്റ്റര്‍
ചാത്തുണ്ണി മാസ്റ്റര്‍

ഒളിമങ്ങാത്ത ഓര്‍മ്മകള്‍

2005-ൽ പുറത്തുവന്ന ജയപാല മേനോന്റെ ആത്മകഥ 2014-ൽ ശിഖ മോഹൻദാസിന്റെ പുസ്തകം പുറത്തിറങ്ങിയതിന് ശേഷമാണ് വായിക്കാനിടവന്നത്. കാരണം, വൻകിട പ്രസാധകരൊന്നുമല്ല അദ്ദേഹത്തിന്റെ ‘ഒളിമങ്ങാത്ത ഓർമകൾ’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചത്. അദ്ദേഹം തന്നെ അച്ചടിച്ചിറക്കുകയായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് അങ്ങനെ മിക്കവാറും അദൃശ്യമാണ് എന്നുപറയാം. 1982-ൽ ജയപാല മേനോൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച അദ്ദേഹം 2005-ലാണ് ആത്മകഥ എഴുതി സ്വയം പ്രസിദ്ധീകരിക്കുന്നത്.

1983-ൽ, ജനശക്തി പതനകാലമാകുമ്പോൾ നിളയുടെ ‘കലാവിമർശം - മാർക്‌സിസ്റ്റ് മാനദണ്ഡം’ എന്ന പുസ്തകം എഡിറ്റ് ചെയ്യുകയാണ് ചിന്ത രവീന്ദ്രൻ. അതിൽ ഇ.എം.എസ്സും പി. ഗോവിന്ദപ്പിള്ളയും ഒക്കെ ആ പുസ്തകത്തിൽ എഴുതാനിടയാകുന്നതിൽ ചന്ദ്രേട്ടന്റെ പങ്കും വലുതായിരുന്നു. ‘ചിന്ത’, സി.പി.ഐ.എമ്മിന്റ തത്ത്വചിന്താമുഖപത്രമായതുകൊണ്ട് മാത്രമല്ല, ഇടതുപക്ഷത്തിനകത്തെ എല്ലാ വ്യത്യസ്ത ചിന്താധാരകളെയും സഹിഷ്ണുതയോടെ മനസ്സിലാക്കാൻ കഴിയുന്ന വലിയ മനസ്സായിരുന്നു അതിനെ നയിച്ചിരുന്ന ചന്ദ്രേട്ടൻ എന്നതാണ് അത്തരം സംവാദങ്ങൾ സാധ്യമാക്കിയത്.

1985-ൽ ചാത്തുണ്ണി മാസ്റ്ററെ സാമ്പത്തിക ഇടപാടുകളിൽ സത്യസന്ധത പാലിക്കാതിരിക്കുകയും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും പാർട്ടിയിൽനിന്നും പുറത്താക്കി. ജനശക്തി ഫിലിംസ് എന്ന അദ്ധ്യായം ഒരു തിരിച്ചുവരവിന്റെ സാധ്യതപോലും ഇല്ലാതാക്കി അടച്ചുപൂട്ടപ്പെട്ടിരുന്നു. ചാത്തുണ്ണി മാസ്റ്റർ ബലിയാടാക്കപ്പെടുകയായിരുന്നു എന്ന് ജനശക്തി ഫിലിംസിന്റെ ചരിത്രയാത്രയിൽ ഭാഗഭാക്കായിരുന്ന ചിന്നപ്പഭാരതി, ജയപാല മേനോൻ, വി. അരവിന്ദാക്ഷൻ, പി.എൻ. അജയകുമാർ, ചിന്ത ചന്ദ്രൻ, ചെലവൂർ വേണു തുടങ്ങിയ നിരവധി പേരുടെ അഭിമുഖങ്ങൾ ശിഖ മോഹൻദാസ് രേഖപ്പെടുത്തുന്നുണ്ട്. ആ സാക്ഷ്യങ്ങൾ പ്രധാനമാണ്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ എത്രയോ വിധത്തിലുള്ള ഉന്മൂലനങ്ങളും പുന:സ്ഥാപനങ്ങളുമൊക്കെ സിനിമയിലും നോവലിലും ഒക്കെ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഹൃദയം നുറുങ്ങുന്ന ജീവിതകഥകൾ. പലതരം ‘എലിമിനേഷൻ റൗണ്ടു’കളിൽ പെട്ട് ഇല്ലാതായിപ്പോയ വേദനകളുടെ പട്ടികയിൽ ചാത്തുണ്ണി മാസ്റ്ററുടേയും ജനശക്തി ഫിലിംസിന്റേയും ചരിത്രവും ഉൾപ്പെടുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2014 നവംബർ 9-15 ലക്കത്തിൽ ശിഖ മോഹൻദാസ് എഴുതിയ ‘ചാത്തുണ്ണി മാസ്റ്ററെ ചതിച്ചതാരൊക്കെ?’ എന്ന കവർസ്റ്റോറിക്ക് അച്ചടിച്ചു വന്നത് അക്കാലത്ത് അഭൂതപൂർവമായ പ്രതികരണങ്ങളുണ്ടാക്കിയിരുന്നു. ആർക്കും ഒരു കാര്യത്തിനും ചാത്തുണ്ണി മാഷെ കുറ്റപ്പെടുത്താനാകുന്നില്ലായിരുന്നു. പിന്നെ എന്തിനായിരുന്നു ആ പുറത്താക്കൽ? കാലത്തിന്റെ കുമ്പസാരം ഇനിയും പുറത്തുവന്നിട്ടില്ല .

ഏറ്റവും ഹൃദയസ്പർശിയായത് ചാത്തുണ്ണി മാഷിന്റെ മകനും ജനശക്തി ഫിലിംസിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഒരു സാധാരണ ജീവനക്കാരനുമായിരുന്ന കെ. വേണുഗോപാലിന്റെ പ്രതികരണമാണ്.

“1978 ജൂൺ മുതൽ ജനശക്തി ഫിലിംസിന്റെ അവസാന നാൾ വരെ (1983) ഞാൻ അവിടുത്തെ ജീവനക്കാരനായിരുന്നു. അച്ഛൻ തന്നെയാണ് എന്നെ അവിടെയാക്കിയത്. അന്ന് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽനിന്ന് അച്ഛൻ എന്നെ യാത്രയാക്കുന്നേരം എന്റെ കയ്യിൽ എറണാകുളത്തേക്കുള്ള ഒരു ഓര്‍ഡിനറി ടിക്കറ്റും കൂടെ പത്ത് രൂപയും തന്ന്, ഇതേ എന്റെ കയ്യിൽ നിനക്ക് പണമായി തരാനുള്ളൂ. പിന്നെ എറണാകുളത്ത് എന്നെ അറിയുന്ന പലതരത്തിലുള്ള ആളുകൾ കാണും, അവരെയൊന്നും പോയി നീ ബുദ്ധിമുട്ടിക്കരുത്. മറ്റൊന്ന് പണം കൈകാര്യം ചെയ്യുമ്പോൾ വളരെയധികം സൂക്ഷിച്ചുവേണം. അല്ലെങ്കിൽ ചീത്തപ്പേരിന് ഇടവരുത്തും.” ഈ ഉപദേശങ്ങളും തന്നാണ് എം.പിയായ അച്ഛൻ എന്നെ കൈവിട്ടത്. എന്റെ ജീവിതത്തിൽ എനിക്കായി അച്ഛൻ തന്ന പണം ആ പത്തു രൂപയായിരുന്നു. അതുകൊണ്ട് ഞാൻ ജീവിതമെന്താണെന്നു പഠിച്ചു.

അച്ഛൻ ജനശക്തിയിൽനിന്ന് സിറ്റിങ്ങ് ഫീസും യാത്രാ അലവൻസും ഒരിക്കലും കൈപ്പറ്റിയിരുന്നില്ല. “അതെല്ലാം കമ്പനിക്കുതന്നെ മുതൽകൂട്ടായിക്കൊള്ളട്ടെ” എന്നാണ് അച്ഛൻ പറയാറുള്ളത്. ഇങ്ങനെയൊക്കെ ജനശക്തിയുമായി സഹകരിച്ചു ജീവിച്ച അച്ഛന്റെ പേരിലാണ് സാമ്പത്തിക ആരോപണം ചുമത്തി പാർട്ടി കനത്ത നടപടിയെടുത്തത്... തന്റെ ഖദർ ജുബ്ബയുടെ പോക്കറ്റിലുള്ള അവസാനത്തെ പത്തു പൈസയും മറ്റുള്ളവർക്ക് കൊടുത്ത് തോളത്തെ വേഷ്ടി നേരെയാക്കി മുണ്ടിന്റെ ഒരറ്റം കക്ഷത്ത് ഇറുക്കി പാർട്ടിക്കുവേണ്ടി എല്ലാം സമർപ്പിച്ച് കാലുകൾ നീട്ടിവെച്ച് നടന്നുനീങ്ങുന്ന ദരിദ്രനിൽ ദരിദ്രനായ അച്ഛന്റെ ചിത്രമാണ് എന്റെ കണ്ണിൽ തെളിയുന്നത്” പേജ് 85-87, ‘ജനശക്തി ഫിലിംസ് എവിടെ?’ ഒടുവിൽ അർബുദബാധിതനായി, മരണത്തോട് മല്ലിടുന്ന വേളയിലും ചെലവു കുറഞ്ഞത് ഹോമിയോ ചികിത്സയാണെന്ന് കണ്ട് അത് സ്വീകരിച്ച്, 1990 ആഗസ്റ്റ് 10-ന് ചാത്തുണ്ണി മാസ്റ്റർ വിടപറഞ്ഞു.

ജനശക്തി ഫിലിംസ് ഒടുങ്ങിയതിനു തൊട്ടുപിറകെയാണ് തകർന്നടിഞ്ഞ ജനകീയ സാംസ്‌കാരികവേദിയുടെ ചാരത്തിൽനിന്നും ജോൺ എബ്രഹാമിന്റെ ‘കയ്യൂർ’ സ്വപ്നം പൊട്ടിമുളയ്ക്കുന്നത്. 1983-1985 കാലത്ത് തന്നെയായിരുന്നു ആ യാത്ര. ‘കയ്യൂർ’ പിന്നെയും നടന്നില്ല. അത് മറ്റൊരു കഥ. 1985 ആകുമ്പോഴേക്കും അങ്ങ് റഷ്യയിൽ സോവിയറ്റ് കുലം മുടിക്കാൻ ഗോർബച്ചേവ് പിറന്നിരുന്നു. അവിടെ പെരിസ്‌ട്രോയിക്കയും ഗ്ലാസ്സ്‌നോസ്തും അരങ്ങേറുമ്പോൾ ഇവിടെ ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കി, അത് ഉള്ളിൽ കത്തിപ്പടരാതിരിക്കാൻ പാർട്ടി അണികൾക്കുമേൽ പിടിമുറുക്കുകയായിരുന്നു.

1985-1990 കാലത്തെ രാഷ്ട്രീ യ പരിണാമങ്ങളിൽ സോവിയറ്റ് യൂണിയൻ വീണു. അതുണ്ടാക്കിയ ഭൂമികുലുക്കത്തിൽ എത്രയോ യുദ്ധങ്ങൾ ലോകം കണ്ടു. എന്നാൽ, 1978-ൽ ചാത്തുണ്ണി മാസ്റ്റർ വിഭാവനം ചെയ്ത സിനിമയിലെ വർഗസമരം പാർട്ടി പിന്നീടൊരിക്കലും ഏറ്റെടുത്തില്ല. അവിടെ ഒരു പ്രതിരോധ പ്രസ്ഥാനം പിന്നെ ഒരിക്കലും ഉണ്ടായില്ല. അത് സമ്പൂർണമായും മൂലധനം/പണം കീഴടക്കി. അതിന്റെ പ്രത്യയശാസ്ത്ര വിശകലനം നടത്തുന്നതിൽനിന്നും ഇടതുപക്ഷവിദഗ്ദ്ധരും പിൻവലിഞ്ഞു. കേരളം ചലച്ചിത്ര വികസന കോർപറേഷനും ചലച്ചിത്ര അക്കാദമിയും ഒക്കെ ഉണ്ടാക്കിയപ്പോൾ നേരിയ വിമർശനം മനസ്സിലുള്ള ചിന്ത രവീന്ദ്രനെയോ ചെലവൂർ വേണുവിനേയോ അദ്ധ്യക്ഷന്മാരായിരിക്കാൻ തിരഞ്ഞെടുത്തില്ല. മാറ്റാനാവാത്തത് മാറ്റം മാത്രം സിദ്ധാന്തം ഏത് മാറ്റത്തേയും ന്യായീകരിക്കാൻ ഉപയോഗിക്കപ്പെട്ടു. എന്നാൽ, പണ്ട് പുറത്താക്കപ്പെട്ടവർ പിന്നീട് തിരിച്ചുവന്നില്ല.

1991-ന് ശേഷം ചലച്ചിത്ര വിമർശനം മാധ്യമങ്ങളും ഓരോന്നോരോന്നായി നിർത്തി. മൂലധനം/പണം സർവമേഖലകളിലും അതിന്റെ സർവാധിപത്യം നടപ്പിലാക്കി. വെള്ളിത്തിരയിൽനിന്നും രാഷ്ട്രീയ സിനിമകളെ തന്നെ ഉന്മൂലനം ചെയ്തു. കേരളത്തിലെ എല്ലാ ചാനലുകളിൽനിന്നും മലയാള സിനിമകളെ രാഷ്ട്രീയമായി വായിക്കുന്ന പരിപാടികൾ ഇല്ലാതായി. അത് അസാധ്യമായി. തങ്ങൾ നൽകുന്ന പരസ്യം വേണമെങ്കിൽ വിമർശനം പാടില്ല എന്ന സിനിമാ മുതലാളിമാരുടെ സംഘടിത അന്ത്യശാസനത്തിന് എല്ലാവരും വഴങ്ങി. വിമർശനം പത്രാധിപരും മുതലാളിയും ഇല്ലാത്ത സാമൂഹ്യമാധ്യമങ്ങളിലേക്ക് കൂടുവിട്ട് കൂടുമാറി.

1978-ൽ ഫിലിം ഫെസ്റ്റിവൽ ബുക്കിൽ എഴുതിയ ലേഖനത്തിൽ ചാത്തുണ്ണി മാസ്റ്റർ പറയുന്നു: “ചരിത്രം മരണശിക്ഷയ്ക്ക് വിധിച്ച മുതലാളിത്തം അതിന്റെ ആരാച്ചാര്‍മാരാകാൻ ജനങ്ങളെ അനുവദിക്കാതിരിക്കുന്നത് പട്ടാളങ്ങളെക്കാൾ

പ്രചരണ മാധ്യമങ്ങളെ ആശ്രയിച്ചു ശക്തി നേടിക്കൊണ്ടാണ്. ആത്മാവുള്ള മനുഷ്യൻ പട്ടാളത്തെ നേരിട്ടു വിജയിക്കും.

മനുഷ്യാത്മാവിനെ നക്കി നക്കി നശിപ്പിച്ചു കളയുന്ന പ്രചരണ മാധ്യമങ്ങളാണ് മുതലാളിത്ത വ്യവസ്ഥയുടെ ഇന്നത്തെ ശക്തനായ കാവൽകാരൻ... കേവലം സംഘടനാപരമായ തീരുമാനങ്ങളെക്കൊണ്ടും പ്രവർത്തനങ്ങളെക്കൊണ്ടും തിരഞ്ഞെടുപ്പുകളെക്കൊണ്ടും മാത്രം മുതലാളിത്ത വ്യവസ്ഥയെ അവസാനിപ്പിക്കാനാവുകയില്ല എന്ന കാര്യം മനസ്സിലാക്കുന്നതിൽ ഈ പ്രസ്ഥാനങ്ങളെല്ലാം പരാജയപ്പെട്ടു എന്നു പറഞ്ഞാൽ അതു പരമാർത്ഥം മാത്രമാണ്. അത്തരമൊരു വിസ്മൃതി ഈ പ്രസ്ഥാനങ്ങൾക്കും അവരുടെ വിശ്വാസികൾക്കും ഉണ്ടാക്കിയതും പ്രചരണ മാധ്യമങ്ങളാകുന്ന മായാവലയമാണുതാനും.”

ചരിത്രപരമായ മുന്നറിയിപ്പുകൾ തന്ന ചാത്തുണ്ണി മാസ്റ്ററുടെ ഓർമകൾ അർഹമായ ബഹുമതികളോടെ പുനഃസ്ഥാപിക്കുക എന്നത് കാലം കാത്തുവയ്‌ക്കേണ്ട നീതിയാണ്.

(തുടരും)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com