

ഒരു വെള്ളച്ചാട്ടത്തിൽനിന്ന് ജലം നിർഭയം പുറത്തേയ്ക്ക് പ്രവഹിക്കുന്നതുപോലെ, നിങ്ങളുടെ തൊട്ടടുത്തിരിക്കുന്ന ഒരു സുഹൃത്ത് നിങ്ങൾക്ക് ഒട്ടും തന്നെ പരിചിതമല്ലാത്ത ഒരു ലോകത്തിന്റെ കഥപറയുന്നതുപോലെ പിടിച്ചിരുത്തുന്ന അനുഭവമാണ് സിന്ധു മാങ്ങണിയന്റെ ‘ഇടതു നെഞ്ചിലെ ഉച്ചാലുമാസങ്ങൾ’ നൽകുന്നത്.
അരിച്ചുമാറ്റലുകളൊന്നുമില്ലാതെയുള്ള, കലർപ്പില്ലാത്ത, പരുക്കനും അസംസ്‌കൃതവുമായ എഴുത്ത് പുസ്തകത്തിനു കൂടുതൽ കരുത്ത് നൽകുന്നു. മനുഷ്യവികാരങ്ങളും അടിച്ചമർത്തലുകളുടെ ചരിത്രവും സമുദായ സമൂഹങ്ങളിലുടനീളം ഒരുപോലെയാണ് എന്ന യാഥാർത്ഥ്യം പുസ്തകം തുറന്നു കാണിക്കുന്നു.
സിന്ധു മാങ്ങണിയൻ കാടിനുള്ളിലെ തന്റെ വീടിനെക്കുറിച്ചു പറയുമ്പോൾ, മിഷണറിമാരുടെ ജാഗരൂകമായ കണ്ണുകൾക്കു കീഴെയുള്ള തന്റെ ബോർഡിങ്ങ് സ്കൂൾ - കോളേജ് ജീവിതത്തെക്കുറിച്ചു പറയുമ്പോൾ, പുരോഗമനപരമെന്നു വിളിക്കപ്പെടുന്ന സമൂഹത്തിൽ താനെന്ന ഗോത്രവിഭാഗ സ്ത്രീയുടെ പ്രണയജീവിതം പല അധികാര ക്രയവിക്രയങ്ങൾക്കു വിധേയപ്പെട്ടതാണ് എന്ന ചിതറിയ ഉൾക്കാഴ്ചയെക്കുറിച്ചു പറയുമ്പോൾ എവിടെയൊക്കെയോ തമിഴ് ദളിത് എഴുത്തുകാരിയായ ബാമയുടെ ‘കരുക്കി’ൽ പ്രതിപാദിച്ചിട്ടുള്ള മൂന്നു തലങ്ങളിലുള്ള പുറത്താക്കപ്പെടൽ എന്ന ആശയത്തോട് താദാത്മ്യപ്പെടുന്നുണ്ട്. പണിയ ഗോത്ര സമുദായാംഗമായ ഒരു സ്ത്രീ പ്രസിദ്ധീകരിച്ച ആദ്യത്തെ ആത്മകഥാപരമായ ഈ പുസ്തകം തൊഴിൽപരമായും സ്വത്വപരമായും പൈതൃകപരമായും പൊതുസമൂഹത്താൽ വഞ്ചിക്കപ്പെട്ട ഒരു സമുദായത്തിന്റെ സ്വയം ഉറപ്പിക്കലും പ്രകാശനവുമാണ്.
ഈ ലേഖനം കൂടി വായിക്കാം: പ്രസക്തമായ ഒരു ഗ്രന്ഥം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates