ഭാഷയുടെ സൗന്ദര്യവും കഥപറച്ചിലിന്റെ ഗാഢതയുംകൊണ്ട് മലയാള നോവല്‍-കഥ-സിനിമാ മണ്ഡലങ്ങളിലെ സമ്രാട്ട് എന്നു വിശേഷിപ്പിക്കപ്പെടാവുന്ന എം.ടി. വാസുദേവന്‍ നായരുടെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു ചര്‍ച്ചാവേദിയില്‍ വെച്ചാണ്, ''എം.ടി സ്ത്രീവിരുദ്ധനാണ്, അദ്ദേഹം സ്ത്രീകളെ കാപട്യക്കാരായി ചിത്രീകരിക്കുന്നു'' എന്നൊക്കെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്കു ഞാന്‍ സാക്ഷ്യം വഹിക്കേണ്ടിവന്നത്.
മലയാളത്തിലെ ഒരു പ്രസിദ്ധ എഴുത്തുകാരിയുടെ ഈ വാദത്തിനാസ്പദം, ആയിടയ്ക്ക് റിലീസ് ചെയ്യപ്പെട്ട 'ഒരു വടക്കന്‍ വീരഗാഥ' എന്ന സിനിമയിലെ നായികയായ ഉണ്ണിയാര്‍ച്ചയായിരുന്നു. സ്ത്രീകളെ, മനുഷ്യരെ വളരെ ആഴത്തില്‍ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന എം.ടിയുടെ കഥാപാത്രങ്ങള്‍ ജീവിതഗന്ധിയാണെന്നും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള കഥാപാത്ര ആവിഷ്‌കാരമാണ്, കൃതഹസ്തനായ കഥാകൃത്ത് നിര്‍വ്വഹിക്കുന്നതെന്നും ഉദാഹരണം സമര്‍ത്ഥിക്കാന്‍ അന്നെനിക്കു കഴിഞ്ഞുവെന്നത് ഓര്‍മ്മിക്കുന്നു.
വാസ്തവത്തില്‍ ആ സംഭവത്തിനുശേഷമാണ്, എം.ടി വരച്ചിട്ട വെള്ളിത്തിരയിലെ സ്ത്രീകളെ ഞാന്‍ കൂടുതല്‍ ശ്രദ്ധയോടെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. 1988-ല്‍ പുറത്തുവന്ന, ഹരിഹരന്‍ സംവിധാനം ചെയ്ത 'ആരണ്യക'ത്തിലെ അമ്മിണിയെന്ന പതിനാറുകാരി, ഇന്നോളമുള്ള മലയാള സിനിമകളിലെ പെണ്‍ കഥാപാത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയയാണ്. ഒറ്റയ്ക്കിരിക്കാനും കാടിനോടും കിളികളോടും കൂട്ടുകൂടാനും സാങ്കല്പിക കത്തുകളെഴുതാനും ഇഷ്ടമുള്ള വായനക്കാരിയായ ഒരു കൗമാര പെണ്‍കുട്ടിയുടെ മനസ്സ് അതിമനോഹരമായി വരച്ചിടുമ്പോള്‍, മനുഷ്യപ്രകൃതത്തിന്റെ മുക്കും മൂലയും വരെ തൊട്ടറിഞ്ഞ ഒരു മഹാനായ എഴുത്തുകാരനെ നാമറിയുന്നു. അനീതിക്കെതിരെയുള്ള പ്രതിഷേധവും സാമൂഹിക പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങുമ്പോഴുള്ള നടുക്കവും നിഷ്‌കകളങ്കതയുമൊക്കെ ഉള്‍ച്ചേര്‍ന്ന അമ്മിണി, മലയാള സിനിമയുടെ നായികാസങ്കല്പങ്ങളില്‍ അത്രയെളുപ്പം കണ്ടുമുട്ടാന്‍ കഴിയാത്ത അപൂര്‍വ്വ ചാരുതയാണ്.
1986-ല്‍ റിലീസ് ചെയ്യപ്പെട്ട മറ്റൊരു എം.ടി.-ഹരിഹരന്‍ ചിത്രമായ 'പഞ്ചാഗ്‌നി'യിലെ ഇന്ദിര നക്‌സലൈറ്റ് പ്രസ്ഥാനത്തെ അടയാളപ്പെടുത്തിയ നായികയാണ് അനീതിയോട് അസഹിഷ്ണുത പുലര്‍ത്തുന്ന ഏകാകിനി. കപ്പിനും ചുണ്ടിനുമിടയില്‍ പ്രിയപ്പെട്ടതൊക്കെ നഷ്ടപ്പെടുന്നവള്‍. തീനാളമാകാനും കുളിര്‍കാറ്റാകാനും കഴിയുന്ന സ്ത്രീത്വത്തിന്റെ ശക്തമായ മുഖമാണ് ഇന്ദിര. 'മഞ്ഞ്' എന്ന നോവലിലെ (സിനിമയിലേയും) വിമലാദേവിയെന്ന നൈനിറ്റാളിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിലെ അദ്ധ്യാപികയാണ് എം.ടിയുടെ കഥാപ്രപഞ്ചത്തിലെ ഒരേയൊരു മുഖ്യകഥാപാത്രമായ സ്ത്രീ. നായികാപ്രധാനമായ മഞ്ഞിലെ വിമല കാത്തിരിക്കുകയാണ്-ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ടൂറിസ്റ്റ് സീസണില്‍ തന്റെ ജീവിതത്തിലേയ്ക്കു കടന്നുവന്ന നായകനെ. കനത്ത മഞ്ഞുപാളികളും നരച്ച പ്രകൃതിയുമായി അവളുടെ ഭൗതിക-ആന്തരിക പരിസരങ്ങളില്‍ നിറയുന്ന ശൈത്യം മായുന്നതും കാത്തിരിക്കുന്ന വിമല, പ്രകൃതിയുടെ പ്രതീകവുമാണ്. 'നഖക്ഷതങ്ങളി'ലെ 15 വയസ്സുകാരിയായ ഗൗരി, കൗമാര പ്രണയത്തിന്റെ വിഹ്വലതകളും അഭിനിവേശവും മാത്രമല്ല, കരുത്തും പ്രണയനഷ്ടത്തോടു പൊരുത്തപ്പെടാനുള്ള പക്വതയും താന്‍ സ്‌നേഹിക്കുന്നവര്‍ക്ക് പിന്‍ബലമേകാനുള്ള വിവേകവുമുള്ള കഥാപാത്രമാണ്. പ്രണയനിഷേധത്തിന്റെ തീവ്രവേദനയും ഒറ്റപ്പെടലും അനുഭവിക്കുമ്പോഴും ആത്മവഞ്ചനയ്ക്കു തയ്യാറാവാതെ തന്റെ ജോലിയിലേയ്ക്ക് സ്വയം സമര്‍പ്പിച്ചുകൊണ്ട് ഒറ്റയ്ക്ക് ജീവിക്കുന്ന, എം.ടി-ഐ.വി. ശശി ടീമിന്റെ 'ആള്‍ക്കൂട്ടത്തില്‍ തനിയേ'യിലെ അമ്മുക്കുട്ടിയും ഉള്‍ക്കരുത്തിന്റേയും ഉയിര്‍ത്തെഴുന്നേല്‍ക്കലിന്റേയും പ്രതീകമാണ്. ഉണ്ണിയാര്‍ച്ച, രഹസ്യമായി ചന്തുവിനെ മോഹിക്കുകയും എന്നാല്‍, തനിക്കു ബുദ്ധിമുട്ടുണ്ടാക്കാവുന്ന നിലപാടുകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്ന പ്രായോഗിക ചിന്തയുടെ പ്രതിനിധിയാണ്; സ്വാഭാവികമായ സ്വാര്‍ത്ഥത കൈമുതലായുള്ള ഒരു വ്യക്തി. 'ദയ'യിലെ ദയയാകട്ടെ, അതിരറ്റ അനുകമ്പയും സ്ഥായിയായ നിസ്വാര്‍ത്ഥതയും നിറഞ്ഞ ഒരു പെണ്‍കുട്ടിയാണ്. ബുദ്ധിശക്തിയും ധൈര്യവും ദൃഢനിശ്ചയവുമൊക്കെ അവള്‍ നേരിടുന്ന പ്രതിബന്ധങ്ങളെ മറികടക്കാന്‍ ദയയെ സഹായിക്കുന്നുണ്ട്.
നല്ല സ്ത്രീ-ചീത്ത സ്ത്രീ എന്ന വെളുപ്പ്, കറുപ്പ് കളങ്ങളില്‍നിന്ന് തന്റെ സ്ത്രീകഥാപാത്രങ്ങളെ മോചിപ്പിക്കുകയും സ്ഥിരം ആദിരൂപങ്ങള്‍ക്കപ്പുറം യാഥാര്‍ത്ഥ്യ ബോധത്തോടെ അവരെ അവതരിപ്പിക്കുകയുമാണ് എം.ടിയിലെ ഭാവനാധനനായ കഥാകാരന്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ജീവിതഗന്ധിയായ കഥാപരിസരങ്ങളിലെ നായികമാര്‍, പെണ്‍മനസ്സിന്റെ സൂക്ഷ്മചലനങ്ങള്‍പോലും തിരിച്ചറിയുന്ന കഥാകൃത്തിന്റെ നിരീക്ഷണപാടവത്തിന്റേയും അഗാധമായ മനസ്സിലാക്കലിന്റേയും ഉല്പന്നങ്ങളാണ്; ഏതെങ്കിലുമൊരു തലക്കെട്ടിനു കീഴിലൊതുങ്ങേണ്ടവരല്ല അവര്‍, സ്‌നേഹിക്കുകയും വഞ്ചിക്കുകയും ക്ഷമിക്കുകയും ശിക്ഷിക്കുകയും കാത്തിരിക്കുകയും ഉപേക്ഷിക്കുകയും കരുത്തോടെ പോരാടുകയും നിസ്സഹായമായി പിന്‍വാങ്ങുകയുമെല്ലാം ചെയ്യുന്ന ശക്തരും ദുര്‍ബ്ബലരുമായ, സ്‌നേഹമൂര്‍ത്തികളും കാപട്യക്കാരുമായ, നിത്യപ്രണയിനികളും വിരക്തരുമായ കോടാനുകോടി സ്ത്രീകളില്‍ ചിലരാണവര്‍. പരുപരുത്ത മണ്ണില്‍ ചവിട്ടിനടക്കുന്നവര്‍. അപാര വൈവിധ്യത്തിന്റേയും അസാമാന്യമായ സൗന്ദര്യാവിഷ്‌കാരത്തിന്റേയും പ്രപഞ്ചമാണ് എം.ടിയുടെ സ്ത്രീകഥാപാത്രങ്ങള്‍ നമുക്കു മുന്‍പില്‍ ആവിഷ്‌കരിക്കുന്നതെന്നു നിസ്സംശയം പറയാം.
ജീവിതമാണവരുടെ സൃഷ്ടിക്കുവേണ്ടി കഥാകാരന്‍ ഉപയോഗിച്ചിരിക്കുന്ന കളിമണ്ണ്. സത്യസന്ധതയുടെ അച്ചിലാണവരെ വാര്‍ത്തെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ അനശ്വരരുമാണവര്‍. സ്ത്രീജീവിതത്തിന്റെ വൈവിധ്യങ്ങളും വൈപരീത്യങ്ങളുമാണ് ഈ കഥാനായികമാരില്‍ ഓരോരുത്തരിലും കാണുന്നത്; നായികാസ്ഥാനത്തു നില്‍ക്കുന്നവരുടെ കാര്യത്തില്‍ മാത്രമല്ല, എം.ടിയുടെ മാനസപുത്രിമാരെല്ലാം തന്നെ യഥാര്‍ത്ഥ ജീവിതത്തിന്റെ കണ്ണാടി പ്രതിബിംബങ്ങളാണ്.
ശാഠ്യങ്ങളും സങ്കുചിത നിലപാടുകളുമില്ലാതെ, കാഴ്ചയുടെ തുറസ്സിലും മനസ്സിലാക്കലിന്റെ ആഴത്തിലും പദമുറപ്പിച്ച ഒരു കഥാകാരനു മാത്രം കഴിയുന്നവിധത്തിലാണ് പെണ്‍ ആന്തരിക ലോകത്തിന്റെ അനിര്‍വ്വചനീയവും പ്രവചനാതീതവുമായ നിമ്‌നോന്നതങ്ങളെ എം.ടിയുടെ തൂലിക പ്രകാശിപ്പിക്കുന്നത്. സര്‍ഗ്ഗാത്മകതയുടെ ഗിരിശൃംഗങ്ങളിലെത്തിച്ചേര്‍ന്ന ഒരാള്‍ക്കു മാത്രം സാധ്യമായ നിര്‍മ്മിതികളാണവ.
കാലാതീതമെന്ന പ്രയോഗത്തെ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കിയ എം.ടിയെന്ന മഹാപ്രതിഭയ്ക്ക് പ്രണാമം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates