

ചില മനുഷ്യര്‍ അങ്ങനെയൊക്കെയാണ്. അതിന് മറ്റു വിശദീകരണങ്ങള്‍ ഒന്നുമില്ല. ഇയാളിതെന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത് എന്നു ചോദിക്കാനാവും ആദ്യം തോന്നുക. കണ്ടുകൊണ്ടിരിക്കെ പെട്ടെന്നു തന്നെ ആ ചോദ്യം മാഞ്ഞുപോവും. ഇയാളെന്തിനാണ് അങ്ങനെ ചെയ്തത് എന്ന് നമ്മളോട് തന്നെയുള്ള ചോദ്യമായി അതു മാറും. അതും പക്ഷേ, പെട്ടെന്നു തന്നെ മായും.
അയാള്‍ക്ക് അങ്ങനെയൊക്കെയേ ആവാനാവൂ എന്നു നമ്മള്‍ അപ്പോഴേക്കും അറിഞ്ഞിട്ടുണ്ടാവും. ചില മനുഷ്യര്‍ അങ്ങനെയൊക്കെയാണ്.
ആറാനിട്ട അയയില്‍നിന്ന് പറന്ന്, തീവണ്ടിക്കു മുന്നില്‍ കുടുങ്ങിയ ഉടുപ്പിന്റെ ഉടമയെത്തേടി ചുറ്റുവട്ടത്തെ വീടുകളിലെല്ലാം കയറിയിറങ്ങുന്ന എന്‍ജിന്‍ഡ്രൈവറുടെ കഥയാണ്, 'ദ ബ്രാ'*. അയാള്‍ക്കു വീണുകിട്ടിയത് ഒരു ഉള്ളുടുപ്പാണ്, ബ്രാ. അതുമായി എന്തിനാണയാള്‍ ഇങ്ങനെ വീടുകളില്‍ കയറിയിറങ്ങുന്നത്?
ബ്രാ സ്ത്രീകളുടെ രഹസ്യമാണ്. കാക്കനാടന്റെ പറങ്കിമലയില്‍ തങ്ക ബ്രാ വാങ്ങാന്‍ അപ്പുവിനെ ഏല്പിക്കുന്ന രംഗമുണ്ട്. ലജ്ജയോടെ ഒരു കുറിപ്പില്‍ എഴുതിയാണ് അവള്‍ അതിന്റെ അളവ് അവനെ അറിയിക്കുന്നത്. എന്‍.എസ്. മാധവന്റെ ഹിഗ്വിറ്റയില്‍ ലൂസിക്ക് അവളുടെ ആദ്യത്തെ കറുത്ത ബോഡീസ് സമ്മാനിക്കുന്നത് ജബ്ബാറാണ്. അവളെ വില്‍ക്കാന്‍ കണ്ണു വച്ചിരുന്ന അയാള്‍ അതിന്റെ അളവുകളെല്ലാം സ്വയം തീരുമാനിച്ചതു തന്നെയാവണം. അങ്ങനെയാണ് അയാള്‍ അവളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത്. അത്രമേല്‍ സ്വകാര്യമായ പഴയൊരു ഉള്ളുടുപ്പുമായി ആ എന്‍ജിന്‍ഡ്രൈവര്‍ വീടുകളില്‍ കയറിയിറങ്ങുന്നത് എന്തിനാണ്? യഥാര്‍ത്ഥ ഉടമയുടെ പക്കല്‍ അതു തിരിച്ചെത്തിക്കണം എന്ന കണിശതയുണ്ടയാള്‍ക്ക്, ഓരോ സ്ത്രീയേയും അത് ഉടുപ്പിച്ചുനോക്കുന്നത് അതുകൊണ്ടാവണം. സര്‍വീസ് ജീവിതത്തിലെ അവസാന യാത്രയിലാണ് അയാള്‍ക്ക് ആ ഉടുപ്പ് വീണുകിട്ടുന്നത്. ഇനിയങ്ങോട്ടുള്ളത് മടുപ്പിക്കുന്ന ഏകാന്തതയാണ്. അതിനെതിരായ അയാളുടെ പ്രതിരോധവും ജീവിതത്തോടുള്ള സ്നേഹവുമായി തീരുകയാണ് ആ അന്വേഷണം. ചില മനുഷ്യര്‍ അങ്ങനെയൊക്കെയാണല്ലോ!
ഒരാളെപ്പോലും തട്ടിവീഴ്ത്തുന്നില്ലെങ്കില്‍, മരണത്തിലേക്ക് ഇടിച്ചുതെറിപ്പിക്കുന്നില്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തൊരു എന്‍ജിന്‍ഡ്രൈവറാണ്! ഒരുപാടു പേരെ ഇടിച്ചുവീഴ്ത്തിയ എന്‍ജിന്‍ഡ്രൈവര്‍മാര്‍ക്കിടയില്‍ ഒറ്റതിരിഞ്ഞുനില്‍ക്കുന്ന ഒരാളായി നിങ്ങള്‍ക്കു സ്വയം തോന്നും. അങ്ങനെയൊരാളുടെ കഥയാണ് 'ട്രെയിന്‍ ഡ്രൈവേഴ്സ് ഡയറി'** എന്ന സെര്‍ബിയന്‍ സിനിമ. വ്യത്യസ്തനാവുക, ഒറ്റ തിരിയുക എന്നതൊന്നും അത്ര സുഖകരമാവണമെന്നില്ല; പ്രത്യേകിച്ചും നോര്‍മല്‍ ആയി ജീവിക്കാനിഷ്ടപ്പെടുന്നയാളാണ് നിങ്ങളെങ്കില്‍. ഇയാളെ, ഒരുപാടു പേരെ തട്ടിവീഴ്ത്തിയ ഒരു എന്‍ജിന്‍ഡ്രൈവര്‍ എടുത്തുവളര്‍ത്തിയതാണ്. പച്ചമനുഷ്യരുടെ ജീവനുമേല്‍ കയറിയിറങ്ങിപ്പോവുന്ന ജോലിക്ക് മകന്‍ പോകരുതെന്ന് ആഗ്രഹിച്ച ഒരാള്‍. അയാളുടെ ആഗ്രഹത്തിന് വിരുദ്ധമായി മകന്‍ എന്‍ജിന്‍ഡ്രൈവര്‍ തന്നെയാവുന്നു. സര്‍വീസില്‍ ഒരുപാട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരാളെപ്പോലും തട്ടിവീഴ്ത്താത്ത എന്‍ജിന്‍ഡ്രൈവര്‍. അത് അയാളെ വിഭ്രമത്തിന്റെ ഏതോ ലോകത്ത് എത്തിക്കുന്നു. ആരാണ് തന്റെ ആദ്യ ഇരയെന്നോര്‍ത്ത് അയാളുടെ ഉറക്കം തന്നെ നഷ്ടപ്പെടുന്നു; ജോലി ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥ. എന്‍ജിന്‍ കാബിനിലെ ഓരോ നിമിഷവും അയാള്‍ക്ക് ഉദ്വേഗത്തിന്റേതായി മാറുന്നു. അയാള്‍ ഒരുതരം മാനസികവിഭ്രാന്തിയുടെ വക്കിലാണ്.
ഇങ്ങനെയൊരു അവസ്ഥയില്‍ അച്ഛന്‍ എന്തുചെയ്യും? മകനോട് സ്നേഹമുള്ള ഏതൊരു അച്ഛനേയും പോലെ അയാള്‍ അവനെ രക്ഷിക്കാനുള്ള സകലവഴിയും നോക്കും. അതുകൊണ്ടാണ് മകന്റെ വണ്ടിക്കു മുന്നില്‍ പെടാന്‍ അയാള്‍ 'ഇര'യെ തിരയുന്നത്. പാലത്തില്‍നിന്നും നദിയിലേക്കു ചാടി മരിക്കാന്‍ ഒരുങ്ങുന്നയാളോട് അയാള്‍ പറയുന്നുണ്ട്, ''നിങ്ങള്‍ തീവണ്ടിക്കു മുന്നില്‍ ചാടൂ, ഞാന്‍ നിങ്ങള്‍ക്കു നൂറു യൂറോ തരാം!'' വെറും നൂറു യൂറോയ്ക്കുവേണ്ടി തീവണ്ടിക്കു മുന്നില്‍ ചാടാനോ? ആത്മഹത്യാമുനമ്പില്‍നിന്നുതന്നെ നിഷ്‌കരുണം ആ ഓഫര്‍ തള്ളുകയാണയാള്‍. ഇനിയും എന്താണ് ചെയ്യാനുള്ളത്? ചില മനുഷ്യര്‍ക്കു മാത്രം ചെയ്യാനാവുന്നത് പിന്നെയും ബാക്കിയുണ്ടാവും. മകന്‍ ഓടിക്കുന്ന തീവണ്ടി വരുന്ന പാളത്തില്‍, വല്ലാത്തൊരു ശാന്തതയോടെ നിവര്‍ന്നുകിടക്കുന്നു, അയാള്‍. മരണം അയാളെ അത്രമേല്‍ ശാന്തതയിലേക്ക് എത്തിക്കുമെന്ന് നമുക്ക് തോന്നും.
സംഗീത വല്ലാട്ട് എഴുതിയ റെയില്‍വേ ഓര്‍മക്കുറിപ്പുകള്‍ വായിച്ചപ്പോഴാണ് എന്‍ജിന്‍ഡ്രൈവര്‍മാരുടെ കഥ പറഞ്ഞ ഈ സിനിമകള്‍ മനസ്സിലേക്കു വന്നത്. എന്‍ജിന്‍ഡ്രൈവര്‍ അല്ല, റെയില്‍വേയില്‍ കൊമേഴ്സ്യല്‍ ക്ലര്‍ക്ക് ആയിരുന്നു സംഗീത. എങ്കിലും റെയില്‍വേ ജീവിതത്തിന്റെ സകലവശങ്ങളും കടന്നുവരുന്നുണ്ട് അവരുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ പ്ലാറ്റ്ഫോം ടിക്കറ്റില്‍***. എന്‍ജിന്‍ഡ്രൈവറുടെ അനുഭവക്കുറിപ്പ് മലയാളത്തില്‍ മനോഹരമായി എഴുതിയത് സിയാഫ് അബ്ദുല്‍ ഖാദിര്‍ ആണ്. സിയാഫിന്റെ 'തീവണ്ടി യാത്രകള്‍' എന്ന പുസ്തകം വരുന്നതിന് കാല്‍നൂറ്റാണ്ടെങ്കിലും മുന്‍പ് 'എന്‍ജിന്‍ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി' എന്നൊരു കഥയെഴുതിയിട്ടുണ്ട്, ഇ. ഹരികുമാര്‍. ഒരിക്കലും ഒരു എന്‍ജിന്‍ഡ്രൈവറെ സ്നേഹിക്കരുതെന്ന് അയാളെ സ്നേഹിച്ച പെണ്‍കുട്ടിയെക്കൊണ്ട് പറയിക്കുന്ന കഥ.
മൊബൈല്‍ ഫോണിനും മുന്‍പ്, മനുഷ്യര്‍ തമ്മില്‍ ഇത്രയ്ക്ക് 'കണക്റ്റഡ്' അല്ലാതിരുന്ന കാലത്ത്, അപരിചിതമായൊരു പട്ടണത്തില്‍ ഒരു രാത്രി അബദ്ധത്തില്‍ എത്തിപ്പെട്ട അനുഭവം വിവരിക്കുന്നുണ്ട്, പ്ലാറ്റ്ഫോം ടിക്കറ്റില്‍ സംഗീത. കര്‍ണാടകയുടെ കൊങ്കണ്‍ മേഖലയില്‍ ജോലി ചെയ്യുന്ന കാലം. റെയില്‍വേയില്‍ ചേര്‍ന്ന് അധികമായിട്ടില്ല, പ്രായം ഇരുപതുകളുടെ തുടക്കം. ടിക്കറ്റ് കൊടുക്കുന്ന കൊമേഴ്സ്യല്‍ ക്ലര്‍ക്കുമാര്‍ സമീപത്തെ സ്റ്റേഷനുകളില്‍ പകരം ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന പതിവുണ്ട്, റെയില്‍വേയില്‍. ജൂനിയര്‍ ജീവനക്കാരാണ് പലപ്പോഴും അതിന് 'ഇര'യാവുക. അങ്ങനെയൊരു ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങാന്‍ നില്‍ക്കുകയാണ് സംഗീത. തുടര്‍ച്ചയായി രണ്ട് ഷിഫ്റ്റ് ജോലി ചെയ്തതിന്റെ ക്ഷീണമുണ്ട്. ട്രെയിനില്‍ അരമണിക്കൂറോളം യാത്രയേ ഉള്ളു താമസിക്കുന്നിടത്തേക്ക്. എങ്ങനെയെങ്കിലും അവിടെയെത്തി കിടക്കയില്‍ വീഴണം. അതു മാത്രമേ ഉള്ളു മനസ്സില്‍. ട്രെയിന്‍ പക്ഷേ, അല്പം ലേറ്റാണ്. കാത്തിരിക്കെ കണ്ണുകളില്‍ മയക്കം മൂടി. അര്‍ധമയക്കത്തില്‍ പിന്നണിയില്‍ അനൗണ്‍സ്മെന്റ് കേട്ടു, പിന്നാലെ തന്നെ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ വന്നുനിന്നു. വേഗം തന്നെ കയറിപ്പറ്റി. ഭാഗ്യം, വിന്‍ഡോ സീറ്റ് തന്നെ കിട്ടി, പുറത്താണെങ്കില്‍ മഴയും. ആഹാ, സ്വര്‍ഗം തന്നെ.
അല്പം കൂടുതല്‍ ഉറങ്ങിയോ? പുറത്ത് മഴ നിലച്ചിട്ടുണ്ട്. വിന്‍ഡോ ഷട്ടര്‍ ഉയര്‍ത്തിയപ്പോള്‍ സ്ഥലങ്ങള്‍ പരിചിതമായി തോന്നിയില്ല. ഇറങ്ങേണ്ട സ്റ്റേഷന്‍ കഴിഞ്ഞോ? ഉള്ളില്‍ ഭീതി നിറയാന്‍ തുടങ്ങി. വണ്ടിയാണെങ്കില്‍ കുതിച്ചുപായുകയാണ്, വേഗം കുറയ്ക്കാനുള്ള ലക്ഷണമൊന്നുമില്ല. എതിരെയിരുന്ന ആളോട് ചോദിച്ചു. സ്റ്റേഷന്റെ പേരു കേട്ടയുടനെ അയാള്‍ പറഞ്ഞു: ''അയ്യോ, നിങ്ങള്‍ക്ക് വണ്ടി മാറിപ്പോയി; ഇത് എതിര്‍ദിശയിലേക്കുള്ള ട്രെയിനാണ്.''
നേരത്തേതന്നെ കാരു വച്ചിരുന്ന കനത്ത ഭയം പെയ്യാന്‍ തുടങ്ങി. ഈ റൂട്ടില്‍ ആദ്യമാണ്, പരിചയക്കാര്‍ ആരുമില്ല. സമയം രാത്രിയും. അടുത്ത സ്റ്റേഷനില്‍ ഇറങ്ങി എന്തു ചെയ്യും? സ്റ്റേഷന്‍ ഡോര്‍മിറ്ററിയില്‍ രാത്രി കഴിയാമെന്നു വച്ചാല്‍ ടിക്കറ്റ് വേണ്ടെ? ചെക്കറുടെ കണ്ണില്‍പെടാതെ പുറത്തിറങ്ങണം, ഏതെങ്കിലും ഒരു ഹോട്ടല്‍ കണ്ടെത്തണം. ഇങ്ങനെയൊക്കെയാണ് മനസ്സ് പ്ലാന്‍ ചെയ്തത്. കുറച്ചു പൈസ കയ്യിലുണ്ട്, എന്നാലും വിശ്വസിച്ച് ഒരു രാത്രി കഴിയാന്‍ പറ്റുന്ന ഹോട്ടല്‍ ഇവിടെ ഉണ്ടാവുമോ? ആശങ്ക ഒഴിയുന്നില്ല. വണ്ടിയില്‍നിന്നിറങ്ങി പ്ലാറ്റ്ഫോമിന്റെ തിരക്കിലൂടെ പുറത്തേക്ക് ഊളിയിടുമ്പോഴാണ് മിന്നല്‍പോലെ ആ മുഖം കണ്ടത്. കൂരിരുട്ടില്‍ പരിചയത്തിന്റെ ഒരു വെളിച്ചം.
ശരിക്കും അയാള്‍ അങ്ങനെയൊരു പരിചയക്കാരനൊന്നുമല്ല. ടിക്കറ്റ് കൗണ്ടറിന് അപ്പുറവും ഇപ്പുറവുമായി മിക്ക ദിവസവും കണ്ടുമുട്ടുന്ന രണ്ടു മനുഷ്യര്‍. അയാള്‍ ഒരു പതിവു യാത്രക്കാരനാണ്. ടിക്കറ്റ് കൊടുക്കുമ്പോള്‍ ഒന്നിനുമായല്ലാതെ ഒന്നു പുഞ്ചിരിക്കാറുണ്ട്, ചിലപ്പോഴൊക്കെ അയാള്‍ എന്തെങ്കിലും കുശലം പറയും. അത്രമാത്രം. പ്ലാറ്റ്ഫോമിലൂടെ അയാള്‍ ധൃതിയില്‍ നീങ്ങുകയാണ്. ഇടയ്ക്ക് ഒരു നിമിഷം അയാളെ കാണാതായോ എന്നു തോന്നി. അപരിചിതത്വത്തിന്റെ കടലില്‍ ആകെയുള്ള പിടിവള്ളിയാണ്. മുന്നോട്ടുനീങ്ങുമ്പോള്‍ തന്നെ കണ്ണുകള്‍ നാലുപാടും തിരഞ്ഞു. പാര്‍ക്കിങ്ങ് സ്ഥലത്തിനു മുന്‍പിലായി, സ്‌കൂട്ടറുമായി അതാ അയാള്‍. തന്നെ മനസ്സിലാവുമോ എന്നു ശങ്കിച്ചു. പതിവ് ഇടങ്ങളിലല്ലാതെ, പതിവ് പശ്ചാത്തലങ്ങളില്ലാതെ പെട്ടെന്ന് ഒരാളെ കണ്ടാല്‍ നമുക്കു മനസ്സിലാവണമെന്നില്ലല്ലോ.
''എന്തു പറ്റി? ട്രെയിനിലിരുന്ന് ഉറങ്ങിപ്പോയോ?'' കണ്ടപാടെ അയാള്‍ ചോദിച്ചു.
''അതെ. വെറുതെ ഉറങ്ങിപ്പോവുകയല്ല, വണ്ടി തെറ്റിക്കയറി അതിലിരുന്ന് ഉറങ്ങി'' - അയാള്‍ ചിരിച്ചു.
''എനിക്കൊരു ഹോട്ടല്‍ വേണം, ഇന്നു രാത്രി കഴിയാന്‍.''
''അതിനെന്താ, സ്‌കൂട്ടറിലേക്ക് കയറിക്കോളൂ.''
രാത്രി പത്തു മണി കഴിഞ്ഞിട്ടുണ്ട്. ഈ സമയത്താണോ ഇയാള്‍ എന്നും വീട്ടിലെത്തുന്നത്. എന്നിട്ടാണോ പുലര്‍ച്ചെ ആറു മണിയുടെ വണ്ടിക്കു വരുന്നത്! ചിന്തകള്‍ ഇങ്ങനെയൊക്കെ സഞ്ചരിക്കുന്നതിനിടെ കണ്ണുകള്‍ ഹോട്ടലുകള്‍ തിരഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് ഒന്നു രണ്ടെണ്ണം കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: ''ഇതിലും നല്ലതുണ്ട്, ഞാന്‍ ഏറ്റെന്നേ.''
കുറച്ചു കഴിഞ്ഞപ്പോഴേക്കും നഗരവിളക്കുകള്‍ കുറഞ്ഞുവന്നു. അയാള്‍ മുന്നോട്ടുപോവുകയാണ്. ഉള്ളില്‍ പെട്ടെന്നൊരു പേടി ഉരുണ്ടുകൂടി. ''നിങ്ങള്‍ എങ്ങോട്ടാണീ പോവുന്നത്'', പരിഭ്രമം പുറത്തുകാട്ടാതെ ചോദിച്ചു. ''എന്റെ വീട്ടിലേക്ക്, വീടാണ് നല്ലത്, ഹോട്ടല്‍ ശരിയാവില്ല''- അയാള്‍ ചിരിച്ചു.
ഇയാളിത് എന്തിനുള്ള പുറപ്പാടാണ്? ഇയാള്‍ ആരാണ്, എന്താണ് എന്നൊന്നും അറിയില്ല. ആകെയുള്ളത് ടിക്കറ്റ് കൊടുത്തുള്ള പരിചയം മാത്രം. ഉള്ളിലെ പേടി കനത്തു. വല്ല സീരിയല്‍ കില്ലറുമാണോ? വീട്ടില്‍ കുടുംബാംഗങ്ങളൊക്കെ കാണുമോ? ഉപദ്രവകാരിയാണോ ഇയാള്‍? ആധിപിടിച്ച് അധികം ഇരിക്കേണ്ടിവന്നില്ല, പെട്ടെന്നുതന്നെ വീട്ടിലെത്തി. ആശ്വാസം, തൊട്ടുതൊട്ട് വീടുകളുണ്ട്. ഒച്ച കേട്ടാല്‍ ആരെങ്കിലുമൊക്കെ ഓടിവരും.
പഴകി ദ്രവിച്ച ഗോവണി കയറി വേണമായിരുന്നു മുകളില്‍, അയാളുടെ താമസസ്ഥലത്തെത്താന്‍. ഭാര്യയാണ് വാതില്‍ തുറന്നത്. രാത്രിയില്‍ ഒരു പെണ്‍കുട്ടിയുമായി ഭര്‍ത്താവ് വീട്ടിലേക്ക് വന്നിരിക്കുന്നു! സ്വാഭാവികമായും ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു അവരുടെ മുഖത്ത്. ''ഇത് സ്റ്റേഷന്‍ മാസ്റ്റര്‍ മാഡം, ട്രെയിനിലിരുന്ന് ഉറങ്ങിപ്പോയി'' - അയാള്‍ പരിചയപ്പെടുത്തി. വരൂ, അവര്‍ ചിരിച്ചു. ചെറിയൊരു ഹാള്‍ ആണത്. അവിടെ മൂന്നു കുട്ടികള്‍ തറയില്‍ വിരിച്ച കോസടിയില്‍ ഉറങ്ങുന്നു. തൊട്ടപ്പുറം അടുക്കളയാണ്. അവര്‍ അങ്ങോട്ടു നീങ്ങി. ശബ്ദം താഴ്ത്തി കന്നഡയില്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അവര്‍ അയാളെ വഴക്കു പറയുന്നതാവണം. ഒറ്റമുറിയും അടുക്കളയും മാത്രമുള്ള വീടാണത്. അഞ്ചു പേരുള്ള വീട്ടിലേക്കാണ് അയാള്‍ തന്നെ കൂട്ടിക്കൊണ്ടുവന്നിരിക്കുന്നത്! ഇവിടെ എവിടെ കിടന്നുറങ്ങും? പെട്ടെന്ന് മുറിയോട് ചേര്‍ന്നുള്ള ശുചിമുറിയില്‍നിന്ന് പ്രായമായ ഒരു സ്ത്രീ ഇറങ്ങിവന്നു, അയാളുടെ അമ്മയാണ്. അപ്പോള്‍ അംഗസംഖ്യ അഞ്ചല്ല, ആറാണ്.
അടുക്കളയില്‍ ആ സ്ത്രീ മാവു കുഴയ്ക്കുകയാണ്. തനിക്കുള്ള റൊട്ടിയുണ്ടാക്കുകയാണെന്ന് അവര്‍ ആംഗ്യം കാട്ടി. ഭക്ഷണം കഴിച്ചതാണെന്നും ഒന്നും വേണ്ടെന്നും പിന്നെയും പിന്നെയും പറഞ്ഞു നോക്കി. അവര്‍ സമ്മതിച്ചില്ല. അതാണ് അവര്‍ ഇത്രയും നേരം പറഞ്ഞുകൊണ്ടിരുന്നതെന്ന് അയാള്‍ വിശദീകരിച്ചു. കുറ്റബോധവും നാണക്കേടും തോന്നി. എന്തൊക്കെയാണ് അവരെക്കുറിച്ച് ചിന്തിച്ചുകൂട്ടിയത്? ഭക്ഷണം കഴിഞ്ഞ് മാറാന്‍ അവരൊരു വൃത്തിയുള്ള നൈറ്റി തന്നു. പിന്നെ കുട്ടികള്‍ കിടക്കുന്നതിനോട് ചേര്‍ന്ന് കിടക്കയൊരുക്കി. വെളിച്ചം അണച്ച് അവര്‍ അടുക്കളയിലേക്ക് പിന്‍വാങ്ങി. അവിടെ പായ വിരിച്ചായിരുന്നു അവര്‍ രണ്ടുപേരുടേയും കിടപ്പ്. തലയണയായി പഴയ തുണികള്‍ ചുരുട്ടിവച്ചിരുന്നു. മുറിക്കും അടുക്കളയ്ക്കുമിടയിലെ ചെറിയ ഇടനാഴിയില്‍ അയാളുടെ അമ്മ ചുരുണ്ടുകൂടി. അവര്‍ ചെറിയ ശബ്ദത്തില്‍ എന്തോ ഉരുവിടുന്നുണ്ടായിരുന്നു, പ്രാര്‍ത്ഥന ആയിരിക്കണം. ഉറക്കം കാത്തുകിടക്കുമ്പോള്‍ വല്ലാത്തൊരു സുരക്ഷിതത്വം തോന്നി. എല്ലാ അപരിചിതത്വവും മാഞ്ഞുപോയി, സ്വന്തമായ എവിടെയോ എന്ന തോന്നല്‍. എന്തിനാണ് തന്നെ അയാള്‍ ഇങ്ങോട്ട്, ഈ ഒറ്റമുറി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്. സ്നേഹം? കരുണ? അതോ സൗഹൃദമോ? എന്താണ് അതിനെ വിളിക്കുക? ചില മനുഷ്യര്‍ക്ക് അങ്ങനെയൊക്കെയേ ആവാനാവൂ!
*The Bra/German Movie/2018
**Train Driver's Diary/Serbian Movie/2016
***Platform Ticket - The untold stories of people who make train travel possible/Penguin
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates