അവളുടെ രാവുകൾ

നായക നായികാ പ്രതിച്ഛായകളെ വേരോടെ പിഴുതെറിഞ്ഞ ഒരു വിപ്ലവം തന്നെയായിരുന്നു അത്. കാലത്തിനു മുന്‍പേ പിറന്നതുകൊണ്ട് അതിനെ നാം ‘ന്യൂ ജനറേഷൻ സിനിമ’ എന്ന് വിളിച്ചില്ല. പകരം ഒരു തേവിടിശ്ശിക്കഥ എന്ന് ചാപ്പകുത്തി.
അവളുടെ രാവുകൾ
Updated on
5 min read

ഴുപതുകളിൽനിന്നും ഒരു മലയാള സിനിമ തിരഞ്ഞെടുക്കാൻ നിയോഗിക്കപ്പെട്ടാൽ പല ഉത്തരങ്ങൾ മുന്നിൽ തെളിഞ്ഞുവരും. എന്നാൽ, ഓർമയുടെ സൂചി വന്നുനിൽക്കുന്നത് ‘അവളുടെ രാവുകൾ’ എന്ന സിനിമയ്ക്ക് മുന്നിലാണ്. തമിഴ് സംസാരിക്കുന്ന കോടമ്പാക്കത്തുനിന്നും മലയാളം മനസ്സിലാകുന്ന മണ്ണിലേക്ക് നമ്മുടെ സിനിമ പിച്ചവച്ച എഴുപതുകളിൽ, പ്രേംനസീറും മധുവും ഉമ്മറുമൊക്കെ ഒറ്റനായകന്മാരായി തിളങ്ങിനിൽക്കുന്ന കാലത്താണ് ഐ.വി. ശശി ഷെരീഫിന്റെ രചനയിൽ ‘അവളുടെ രാവുകൾ’ എന്ന സിനിമ എടുക്കുന്നത്. അത് സൃഷ്ടിച്ച ഭൂകമ്പം പോലൊ ന്ന് മറ്റൊരു സിനിമയ്ക്കും സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. നായക നായികാ പ്രതിച്ഛായകളെ വേരോടെ പിഴുതെറിഞ്ഞ ഒരു വിപ്ലവം തന്നെയായിരുന്നു അത്. കാലത്തിനു മുന്‍പേ പിറന്നതുകൊണ്ട് അതിനെ നാം ‘ന്യൂ ജനറേഷൻ സിനിമ’ എന്ന് വിളിച്ചില്ല. പകരം ഒരു തേവിടിശ്ശിക്കഥ എന്ന് ചാപ്പകുത്തി.

ചലച്ചിത്ര നിരൂപണം/വായനകൾ താരതമേന്യ ഒരു പ്രാകൃതദശയിലായിരുന്ന കാലമായിരുന്നു അത്. എം.ടി തിരക്കഥ എഴുതിയാൽ ഏത് ‘കുറ്റിച്ചൂലിനും’ സംവിധായകനാകാൻ കഴിയും എന്ന അന്ധവിശ്വാസം ചലച്ചിത്ര വായനകളുടെ പൊതുബോധത്തെ നിർണയിച്ചിരുന്ന കാലം. മാതൃഭൂമി ആഴ്ചപ്പതിലെ ‘ചിത്രശാല’ എന്ന ചലച്ചിത്ര നിരൂപണ പംക്തി കൈകാര്യം ചെയ്തിരുന്ന സിനിക്, കോഴിക്കോടൻ, നാദിർഷ, അശ്വതി എന്നിവരായിരുന്നു അഭിപ്രായ നിർമിതികളുടെ ഒരു പ്രധാന പ്രഭവകേന്ദ്രം. അക്കാലത്ത് മുഖ്യധാരാ സിനിമയെ അടയാളപ്പെടുത്തിയിരുന്നത് സിനിമാ മാസിക, സിനിരമ, ചിത്രരമ, നാന എന്നീ മാഗസിനുകൾ ആയിരുന്നു എങ്കിലും ബുദ്ധിജീവികൾക്കിടയിൽ ഏറ്റവും വലിയ സ്വാധീനമുണ്ടായിരുന്നത് ‘ഫിലിം മാഗസിന്‍’ ആയിരുന്നു. ആർട്ട് സിനിമയ്ക്കും കമേഴ്‌സ്യൽ സിനിമയ്ക്കും അത് ഒരുപോലെ പ്രാധാന്യം നൽകി. ‘അവളുടെ രാവുകൾ’ പുറത്തുവന്നപ്പോൾ ഫിലിം മാഗസിൻ ആ സിനിമയ്ക്കെതിരെ ഒരു പ്രത്യയശാസ്ത്ര യുദ്ധം തന്നെ അഴിച്ചുവിട്ടു. ചലച്ചിത്ര പത്രപ്രവർത്തനത്തിലെ മുൻഗാമികളിൽ പ്രമുഖനായ ഇ.വി. ശ്രീധരൻ ആയിരുന്നു ഈ യുദ്ധത്തിന്റെ മുന്നണിപ്പടയാളി.

“ഈ സിനിമയുടെമേൽ ഒരുപാട് കരിവാരിത്തേച്ചുകൊണ്ട് റിപ്പോർട്ടുകളും ലേഖനങ്ങളും മാസങ്ങളോളം മദ്രാസിൽനിന്ന് ഫിലിം മാഗസിനിലേക്ക് ഞാൻ എഴുതുകയുണ്ടായി- സിനിമയിലെ അശ്ലീലത്തിനെതിരെ ഒരു ധാർമികയുദ്ധം നടത്തുന്നുവെന്ന ഭാവത്തിൽ. രോഷത്തിന്റെ മുന്തിരിക്കനികളായിരുന്നില്ല, ജീവിതത്തിൽനിന്നും സിനിമയിൽനിന്നും പുറത്തേക്കുപോയ കത്തിമുനകൾ തന്നെയായിരുന്നു ഈ സിനിമയ്ക്ക് നേരെ അന്ന് ഞാൻ പ്രയോഗിച്ച ഭാഷ. ആ ഭാഷ തീരെ കാരുണ്യമില്ലാത്തതായിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഖേദമുണ്ട്.‌” (ഇ.വി. ശ്രീധരൻ, ഖേദപൂർവം, സന്തോഷപൂർവം; അവളുടെ രാവുകൾ തിരക്കഥ ഒന്നാം പതിപ്പിന് എഴുതിയ അവതാരിക) എന്ന് അദ്ദേഹം തന്നെ ആ കാലത്തെ രേഖപ്പെടുത്തുന്നുണ്ട്.

1978 മാർച്ച് മൂന്നിനായിരുന്നു ‘അവളുടെ രാവുകളു’ടെ റിലീസ്. കോഴിക്കോട്ടെ അന്നത്തെ പ്രമുഖ നിർമാതാക്കളിൽ ഒരാളായ മുരളി മൂവീസിന്റെ സാരഥി എം.പി. രാമചന്ദ്രൻ ആയിരുന്നു അതിന്റെ നിർമാതാവ്. എം.പി എന്നാൽ മരയ്ക്കാത്ത് പുറത്ത്. കോഴിക്കോട് പന്തീരങ്കാവിലുള്ള പഴയ തറവാട്ടുകാരാണ്. അമ്മ വഴിക്ക് അവരുമായി കുടുംബബന്ധവുമുണ്ട്. “വസന്തേച്ചിയുടെ പാപ്പാൻ ഒരു ‘അശ്ലീല സിനിമ’ നിർമിച്ചിരിക്കുന്നു” എന്ന് അത് ഇറങ്ങിയ കാലത്ത് കുടുംബത്തിൽ അടക്കിപ്പിടിച്ച ചർച്ചകളുണ്ടായിരുന്നു.

മലയാളത്തിലെ സോഫ്‌റ്റ് പോൺ തരംഗത്തിന്റെ തുടക്കം ആദ്യത്തെ എ സർട്ടിഫിക്കറ്റ് സിനിമയായ ‘അവളുടെ രാവുകൾ’ ഉണ്ടാക്കിയതാണ് എന്ന തെറ്റിവായനയ്ക്ക് അടിത്തറപാകിയത് ഇ.വി. ശ്രീധരന്റെ മദിരാശി റിപ്പോർട്ടുകളായിരുന്നു എന്നുപറയാം. അത് പൊതുബോധമായി മാറുകയും ബുദ്ധിജീവികളും അല്ലാത്തവരുമായ പൊതുസമൂഹം കാലങ്ങളോളം പങ്കുവച്ചുപോരുകയും ചെയ്തു.

സീമ കുട്ടിക്കാലത്ത് അച്ഛനൊപ്പം
സീമ കുട്ടിക്കാലത്ത് അച്ഛനൊപ്പം

‘അവളുടെ രാവുകൾ’ ഇറങ്ങിയ കാലത്ത് മൂന്ന് കൗതുകങ്ങളുണ്ടായിരുന്നു അതിൽ എന്നോർക്കുന്നു. നടൻ കമൽഹാസനും സംവിധായകൻ ഐ.വി. ശശിയും അതിൽ ഒരു പൊടി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പുറമെ കോഴിക്കോടിന്റെ അഭിമാനമായിരുന്ന പ്രൊഫ. എം.പി. ശ്രീധരൻ മാസ്റ്ററും അതിൽ അഭിനയിച്ചിരുന്നു. കമ്യൂണിസ്റ്റുകാരനും ചരിത്രകാരനുമായ ശ്രീധരൻ മാഷ് ഞങ്ങളുടെ തലമുറയെ ക്ലാസ്സ് മുറികൾക്ക് പുറത്ത് സാമൂഹ്യപാഠം പഠിപ്പിച്ച പച്ച മനുഷ്യനാണ്. മാഷ് അവളുടെ രാവുകളിൽ ഒരു കോളേജ് പ്രിൻസിപ്പലായി അഭിനയിച്ച കാര്യം അതു കണ്ട കാലത്തെ അത്ഭുതങ്ങളിൽ ഒന്നായിരുന്നു.

1978-ലല്ല ‘അവളുടെ രാവുകൾ’ മലയാള സിനിമയിൽ ചെയ്ത വിപ്ലവം എന്തായിരുന്നു എന്ന് മനസ്സിലാക്കിയത്. ഇറങ്ങിയ കാലത്ത് അതിന്റെ പ്രാധാന്യം തിരിച്ചറിയപ്പെട്ടിരുന്നില്ല. അത് വിവാദങ്ങളിൽ കുരു ങ്ങിപ്പോയിരുന്നു. ലൈംഗിക തൊഴിലാളി എന്ന വാക്കുപോലും അന്നു രൂപമെടുത്തിട്ടില്ല എന്നാണോർമ. തെരുവിൽ ലൈംഗികത വിൽക്കേണ്ടിവരുന്ന സ്ത്രീകളെ ‘പിഴ’ എന്ന അർത്ഥത്തിൽ ‘വേശ്യ’ എന്നോ ‘തേവിടിശ്ശി’ എന്നോ മുദ്രകുത്തി പൊലീസ് വേട്ടയാടുന്ന കാലമായിരുന്നു അത്. അവർക്ക് ഒരു ജീവിതമുണ്ടെന്നോ അവർക്കും ആത്മാവുണ്ടെന്നോ പൊതുസമൂഹം കരുയിരുന്നില്ല. എന്നാൽ, 1978-ൽ തന്നെ ജനം ആ സിനിമ നെഞ്ചിലേറ്റിയിരുന്നു. ഐ.വി. ശശി എന്ന സംവി ധായകന്റേയും സീമ എന്ന താരനായികയുടേയും ഉദയം അതിൽ കണ്ടു. സിനിമയുടെ മറുഭാഷാ യാത്രകൾ അവിടെ തുടങ്ങി. മാറ്റത്തിന്റെ കാലമായിരുന്നു അത്. എന്നാൽ, ‘അവളുടെ രാവുകൾ’ക്ക് അത് മോചനം നൽകിയില്ല.

ഏതാണ്ട് ഒരു പതിറ്റാണ്ട് പിന്നിട്ട്, 1987-ലാണ് കോഴിക്കോട് ‘പൊലീസ് ലോക്കപ്പിൽ’ വേശ്യാവൃത്തി ചെയ്ത് ജീവിച്ചിരുന്ന കുഞ്ഞീബി എന്ന സ്ത്രീ കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തുന്നത്. കോഴിക്കോട് അജിതയുടെ നേതൃത്വത്തിലുള്ള ആദ്യ ഫെമിനിസ്റ്റ് സംഘടനയായ ബോധനയാണ് ആ വിഷയം മുൻനിർത്തി ഒരു പ്രക്ഷോഭം തുടങ്ങിയത്. മാധ്യമത്തിനുവേണ്ടി പ്രശസ്ത ഫോട്ടോഗ്രാഫർ ചോയിക്കുട്ടിയുടെ കുഞ്ഞീബി ലോക്കപ്പിൽ കെട്ടിത്തുങ്ങി മരിച്ചുനിൽക്കുന്ന ഫോട്ടോകൾ ലോകത്തെ ഞെട്ടിച്ചു. കുഞ്ഞീബിക്ക് നീതി കിട്ടിയില്ലെങ്കിലും ലൈംഗിക തൊഴിലാളികളുടെ ജീവിതത്തിലേക്ക് കേരളത്തിന്റെ കണ്ണുതുറപ്പിച്ച ഒരു സംഭവമായിരുന്നു അത്.

ഫെമിനിസ്റ്റ് സൗന്ദര്യശാസ്ത്രവും തത്ത്വചിന്തയും ചലച്ചിത്ര ചിന്തയെ മാത്രമല്ല, രാഷ്ട്രീയ ബോധ്യങ്ങളേയും കീഴ്‌മേൽ മറിച്ച കാലമായിരുന്നു അത്. നേരത്തെ കണ്ട സിനിമകളിൽ കാണാതെപോയ അർത്ഥങ്ങൾ മുന്നിൽ തെളിഞ്ഞുവരികയായിരുന്നു. അക്കൂട്ടത്തിൽ പ്രസക്തി തിരിച്ചറിഞ്ഞ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘അവളുടെ രാവുകൾ’. എന്നാൽ, അതിറങ്ങിയ കാലത്ത് തന്നെ ആ സിനിമയുടെ സാമൂഹ്യപ്രസക്തി തിരിച്ചറിഞ്ഞ്, പുരുഷാന്ധതകൾക്കെതിരെ ഒരു തിരുത്തൽ ശക്തിയായി നിന്ന് പ്രതികരിച്ച ഒരു ചിന്തകനുണ്ടായിരുന്നു, എം. ഗോവിന്ദൻ. മലയാളത്തിലെ ചലച്ചിത്ര ചിന്തയുടെ, എം. ഗോവിന്ദന്റെ ചരിത്രപ്രധാനമായ ഇടപെടലാണ് ‘അവളുടെ രാവുകളു’ടെ ഗതി മാറ്റിക്കുറിച്ചത്.

“നിങ്ങൾ ആ സിനിമയ്ക്കെതിരെ എഴുതുന്നത് കുറെ ശുംഭന്മാർ ചേർന്നുണ്ടാക്കിയ സദാചാര കമ്മിറ്റിയുടെ പ്രസിഡന്റിനെപ്പോലെയാണ്. രാജി എന്ന ആ പെൺകുട്ടി നമ്മുടെ ജീവിതത്തിൽനിന്നു കയറിവന്നതാണ്” എന്ന എം. ഗോവിന്ദന്റെ നിലപാടാണ് ഇ.വി. ശ്രീധരനെ മറിച്ചു ചിന്തിപ്പിച്ചത്. എം. ഗോവിന്ദൻ അടങ്ങുന്ന സെൻസർ ബോർഡ് അംഗങ്ങളാണ് സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകിയിരുന്നത്.

സിനിമയിലെ നഗ്നതയുടെ പ്രദർശനം എന്നതിനെക്കാൾ സീമ എന്ന നടിയുടെ കാലുകൾ കാട്ടുന്ന പോസ്റ്ററാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ‘ചുമരുകൾ നാണിക്കുന്നു’ എന്ന തലക്കെട്ടിൽ ഇ.വി. ശ്രീധരൻ എഴുതിയ അതിന്റെ വ്യാഖ്യാനം അന്നത്തെ യാഥാസ്ഥിതിക സമൂഹം എറ്റെടുത്തുവെങ്കിലും സാധാരണ ജനങ്ങൾ സിനിമ കണ്ട് അതിനെ സൂപ്പർഹിറ്റാക്കി മാറ്റി. ‘ഉത്സവം’ എന്ന സിനിമയിലൂടെ രംഗത്തെത്തിയ ഐ.വി. ശശി എന്ന സംവിധായകനെ അത് മലയാളത്തിലെ ജനപ്രിയസിനിമയുടെ മുൻനിരയിലെത്തിച്ചു. പേരു മുഴുവനും ഐ.വി. ശശിക്കും നായിക സീമയ്ക്കുമായിരുന്നു. അതിന്റെ രചയിതാവായി ആലപ്പുഴയിൽ നിന്നുള്ള എഴുത്തുകാരനായ ഷെരീഫ് ഉണ്ടെന്നത് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

സിനിമ ഇറങ്ങി ഇരുപത് വർഷത്തിനുശേഷം, 1998-ലാണ് ‘അവളുടെ രാവുകൾ’ എന്ന തിരക്കഥയ്ക്ക് ആമുഖപഠനം എഴുതിക്കൊണ്ട് ഇ.വി. ശ്രീധരൻ തന്റെ പഴയ നിലപാട് തിരുത്തി പ്രായച്ഛിത്തം നിർവഹിക്കുന്നത്. എന്നാൽ, അപ്പോഴും മലയാള സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ഒരു സിനിമയുടെ രചയിതാവ് എന്ന നിലയ്ക്ക് ഷെരീഫ് ആദരിക്കപ്പെട്ടില്ല. അപ്പോഴേയ്ക്കും ഷെരീഫ് ഐ.വി. ശശിയുടെ ക്യാമ്പിൽനിന്നു മാത്രമല്ല, മലയാള സിനിമയുടെ മുഖ്യധാരയിൽനിന്നുതന്നെ ഏറെക്കുറെ അകന്നിരുന്നു. ഷെരീഫ് എന്ന എഴുത്തുകാരനെ ഒരുകാലത്തും നമ്മുടെ ആസ്ഥാന നിരൂപണ അധികാരികൾ ചർച്ച ചെയ്യുകയോ പരിഗണിക്കുകയോ ചെയ്തതായി കണ്ടിട്ടുമില്ല.

2003-ൽ ഞാൻ ചിത്രഭൂമിയുടെ ചുമതലയിലേക്ക് വന്ന കാലത്താണ് ചലച്ചിത്ര ചിന്തകനും സംവിധായകനുമായ ഒ.കെ. ജോണി മാതൃഭൂമി ബുക്‌സിന്റെ മാനേജരായി എത്തുന്നത്. സബ്ബ് എഡിറ്റർ ജി. ജ്യോതിലാൽ ഷെരീഫുമായി നടത്തിയ മുഖാമുഖം വിസ്‌മൃതമായ ആ ജീവിതത്തെ ഓർമയിലേക്ക് കൊണ്ടുവന്നിരുന്നു. അഭിമുഖത്തിന് ആലപ്പുഴയ്ക്കു പോയ ജ്യോതിലാലിന്റെ കയ്യിൽ ‘അവളുടെ രാവുകളു’ടെ തിരക്കഥയുടെ ആദ്യത്തെ എഡിഷൻ ഷെരീഫ് കൊടുത്തുവിട്ടിരുന്നു. അതിന്റെ വായനയാണ് ഒരു മാതൃഭൂമി എഡിഷൻ ആയാലോ എന്ന ചിന്ത ഒ.കെ. ജോണിയുമായി പങ്കുവയ്ക്കാനിടയാക്കിത്. മാതൃഭൂമി അത് എങ്ങനെ കാണും എന്ന ആശങ്ക ജോണിക്ക് ഉണ്ടായിരുന്നെങ്കിലും എന്തുകൊണ്ട് ഇപ്പോഴും ‘അവളുടെ രാവുകൾ’ പ്രസക്തമാണ് എന്ന് വിശദീകരിക്കുന്ന പുതിയൊരു ആമുഖപഠനത്തോടെ പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ആ ചുമതല ഞാനേറ്റെടുത്തു. ‘സിനിമയിലെ തൊട്ടുകൂടായ്മ'’ എന്ന പഠനം അങ്ങനെയാണ് എഴുതപ്പെട്ടത്.

സീമയും ഐവി ശശിയും
സീമയും ഐവി ശശിയും

എഴുപതുകളുടെ അന്ത്യത്തിലെ പുരോഗമനപക്ഷത്തിന്റെ അന്ധതകളാണ് ‘അവളുടെ രാവുകൾ’ കാണപ്പെടാതാക്കിയത്. ദളിത്, സ്ത്രീപക്ഷ മഴവിൽലിംഗ നീക്കങ്ങൾ കാണാനുള്ള കണ്ണ് അതിനില്ലായിരുന്നു. എൺപതുകളുടെ പാതി മുതൽ ലോകവ്യാപകമായി സംഭവിച്ച സാംസ്‌കാരിക രാഷ്ട്രീയ മാറ്റങ്ങളെത്തുടർന്നാണ് ഏകസ്വരങ്ങളെക്കാൾ ബഹുസ്വരങ്ങൾക്ക് ഊന്നലുകൾ വന്നുചേർന്നത്. മാർക്‌സിസങ്ങൾ, ഫെമിനിസങ്ങൾ, പരിസ്ഥിതി വാദങ്ങൾ, ദളിത് പക്ഷങ്ങൾ, ക്വിയർ സിദ്ധാന്തങ്ങൾ എന്നിവ ലോകത്തിന് സ്വന്തം അന്ധതകൾ പഴയതുപോലെ കാത്തുസൂക്ഷിക്കാനാവില്ലെന്ന നിലയാണ് ഉണ്ടാക്കിയത്. കണ്ടില്ലെന്നു നടിച്ച സിനിമകളുടെ പുനർവായനകൾക്കുള്ള ഒരിടം അത് സാധ്യമാക്കി. ‘അവളുടെ രാവുകളെ’ ഒരുകാലത്ത് ഉന്മൂലനം ചെയ്യാൻ

സൈദ്ധാന്തികമായി ചുക്കാൻപിടിച്ച ഇ.വി. ശ്രീധരനെക്കൊണ്ട് തന്നെ പുനർവായന നടത്താൻ നിർബന്ധിതമാക്കിയ മാറ്റം ഇതാണ്. ഇക്കാലത്തിനിടയിൽ പുരസ്‌കാരങ്ങളുടേയും വ്യാഖ്യാനങ്ങളുടേയും പിൻബലത്തിൽ നിന്ന സിനിമകൾ വിസ്‌മൃതിയിലേക്ക് മറഞ്ഞിട്ടും ഉള്ളടക്കത്തിന്റെ കരുത്തുകൊണ്ട് ‘അവളുടെ രാവുകൾ’ അതിജീവിക്കുകയും ചെയ്തു.

പുസ്തകമിറങ്ങിയ ശേഷം ആമുഖമെഴുതിയ ആളെ ഒന്ന് കാണണം എന്ന് പറഞ്ഞ് ആലപ്പുഴ നിന്നും കോഴിക്കോട് വരെ യാത്ര ചെയ്ത് അനുഗ്രഹിച്ചു ഷെരീഫ് സർ. പിന്നീട് മരണം വരെയും ആ സൗഹൃദം തുടർന്നു. 2013-ൽ മാക്‌ട തലമുതിർന്ന ചലച്ചിത്ര പ്രവർത്തകർക്ക് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ വച്ച് ഗുരുപ്രണാമം സംഘടിപ്പിച്ചപ്പോൾ ഷെരീഫ് സാറിനെ ആദരിക്കാൻ നിയോഗിക്കപ്പെട്ടത് ദീദിയായിരുന്നു.

‘തരം താണത്’ എന്ന മുദ്രകുത്തൽ വരേണ്യബോധ്യങ്ങളിൽ ഉണ്ടായാൽ അതിന്റെ പാടുകൾ മാറിക്കിട്ടാൻ എഴുത്തിന്റെ ലോകത്തും കാലങ്ങൾ പലത് വേണ്ടതുണ്ട് എന്നത് പിന്നിട്ട കാലം ഓർമപ്പെടുത്തുന്നു. ജാതിപോലെയാണത്. മായ്‌ചാൽ എളുപ്പം മായാത്തത്. വലുപ്പച്ചെറുപ്പങ്ങളെ ജാതിയും മതവും പണവും അധികാരവും നിർണയിക്കുന്ന ലോകത്ത് ഒരു ‘തേവിടിശ്ശിക്കഥ’യ്ക്ക് സഞ്ചരിക്കാവുന്ന ദൂരത്തിന് വലിയ പരിമിതിയുണ്ട്. ആ ലോകത്തിനു പുറത്തു മാത്രമേ അത് തിരിച്ചറിയപ്പെടൂ.

‘അവളുടെ രാവുകൾ’ നടി സീമ ഒരിക്കലും മറന്നില്ല. തന്റെ ജീവിതത്തിന്റെ ഗതി മാറ്റി മറിച്ച അദ്ധ്യായമായി അവരതിനെ എന്നും ഹൃദയത്തോട് ചേർത്തുനിർത്തി. 2009-ൽ സീമയുടെ ജീവിതത്തെ ആസ്പദമാക്കി ദീദി മാതൃഭൂമി ഓണപ്പതിപ്പിനുവേണ്ടി ചെന്നൈയിലെ അവരുടെ വീട്ടിൽ വച്ച് നടത്തിയ നീണ്ട അഭിമുഖത്തിന്റെ വേളയിൽ ഞാനും ഒപ്പം പോയിരുന്നു. ‘വിശുദ്ധ സീമ’ എന്ന പേരിൽ അത് പുസ്തകമാക്കിയിട്ടുണ്ട്. “പടം റിലീസായപ്പോഴാണ് രാജിയെ ഞാൻ ശരിക്കും അറിയുന്നത്. ജീവിക്കാൻ വേണ്ടി പൊരുതുന്ന ആത്മാഭിമാനിയായ അവൾ ഇന്നും എന്റെ ആവേശമാണ്.” ജീവിക്കാൻ വേണ്ടി ബുദ്ധിയും ഭാവനയും വിൽക്കാമെങ്കിൽ ലൈംഗികതയും വിൽക്കാം എന്ന വാദത്തെ അനിവാര്യമായ ഒരു തിന്മയായും ദുരവസ്ഥയായും സീമച്ചേച്ചി മനസ്സിലാക്കിയിരുന്നു. വെള്ളി ത്തിരയിലെ അവരുടെ വേഷങ്ങളെക്കാൾ എത്രയോ കരുത്തയായ ഒരു സ്ത്രീയെയാണ് അവിടെ കണ്ടത്.

‘അവളുടെ രാവുകൾ പകലുകൾ’ എന്ന ഷെരീഫിന്റെ തന്നെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ‘അവളുടെ രാവുകൾ’ എന്ന് സാഹിത്യപഠനങ്ങൾ ഓർത്തുകണ്ടിട്ടില്ല. 1978-ൽ അതൊരു ‘തേവിടിശ്ശിക്കഥ’, പിന്നീട് അത് ഒരു ലൈംഗിക തൊഴിലാളിയുടെ കഥ.

മുരളീ മൂവീസിന്റെ ബാനറിൽ എം.പി. രാമചന്ദ്രൻ നിർമിച്ച് ഷെരീഫ് എഴുതിയ ‘ഉത്സവ’മാണ് ഐ.വി. ശശിയെ സംവിധായകനാക്കി മാറ്റിയത്. ചലച്ചിത്ര നിർമാതാവും വിതരണക്കാരനുമായ ഷീബാ ഫിലിംസിന്റെ പാവമണിക്ക് കൊടുക്കാൻ ഒരു കഥ വേണം എന്ന അന്വേഷണമാണ് അവരെ ഒടുവിൽ ‘അവളുടെ രാവുകളി’ല്‍ എത്തിച്ചത്. ആ അനുഭവം ഷെരീഫ് പുസ്തകത്തിൽ പറയുന്നുണ്ട്.

സിനിമയിൽ സ്‌നേഹബന്ധങ്ങൾക്ക് ഒരു വിലയുമില്ല എന്നാണ് എന്റെ അനുഭവം. എന്നാൽ, ഞാനും രാമചന്ദ്രനും അങ്ങനെയല്ല. ഞങ്ങളന്നുമി ന്നും പരസ്പരം ഹൃദയം കൈമാറിയവരും ‘ആശാനും ആശാനുമാണ്.’

1978-ലെ അവളുടെ രാവുകൾക്ക് ഒരു രണ്ടാം ഭാഗം ഷെരീഫ് ആഗ്രഹിച്ചിരുന്നു. ആ സ്വപ്നം വർഷങ്ങളോളം കൊണ്ടുനടന്നു. എഴുതുകയും ചെയ്തിരുന്നു. നീണ്ട പിണക്കം മറന്ന് ഐ.വി. ശശി അത് സംവിധാനം ചെയ്യാനും ഒരുങ്ങിയിരുന്നു. എന്നാൽ, നടന്നില്ല. നടക്കാത്ത ആ ആഗ്രഹവുമായി 2005 സെപ്റ്റംബർ 20-ന് മുരളി മൂവീസ് രാമചന്ദ്രനും 2015 ഡിസംബർ രണ്ടിന് ഷെരീഫും 2017 ഒക്ടോബർ 24-ന് ഐ.വി. ശശിയും വിടപറഞ്ഞു. സ്വപ്നങ്ങളുടെ ശ്‌മശാനഭൂമി കൂടിയാണ് സിനിമ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com