

സുന്ദരന്മാരും സുന്ദരികളുമായ പക്ഷികളില്ലാത്ത ഒരു ലോകം നമുക്കു സങ്കൽപ്പിക്കാനാവില്ല. പ്രകൃതിയുടെ ഗായകരാണ് പക്ഷികൾ. എന്തെന്തു വൈവിധ്യമാർന്ന നിറത്തിലുള്ള പക്ഷികളാണ് നമുക്കു ചുറ്റുമുള്ളത്.
പ്രകൃതിയുടെ നിലനിൽപ്പുതന്നെ പക്ഷികളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പക്ഷികളില്ലെങ്കിൽ ഈ പ്രകൃതിയൊരിക്കലും ഇതുപോലെയാവില്ല. പരാഗ വിതരണത്തിനും കീടനിയന്ത്രണത്തിനും പക്ഷികൾ ചെയ്യുന്ന സേവനം വലുതാണ്. പലതരത്തില്‍ ഇവ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നു.
പക്ഷികളുടെ പാട്ടുകൾ മനുഷ്യരെ അവരിലേക്കാകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. പക്ഷിപ്പാട്ട് മുഴങ്ങാത്ത ഒരു നിമിഷംപോലും ഭൂമിയിലുണ്ടാകില്ല. ഭൂമിയെ സുന്ദരമാക്കുന്ന ജീവികളാണ് പക്ഷികൾ. നമ്മുടെ സാഹിത്യത്തിലും ചിത്രകലയിലും സംസ്കാരത്തിലും സംഗീതത്തിലും മതത്തിലും ഭക്ഷണത്തിലും മരുന്നിലും എന്നുവേണ്ട മനുഷ്യരുമായി ബന്ധപ്പെട്ട സകലതിലും പക്ഷിസാന്നിധ്യം കാണാം. പക്ഷികളുടെ പറക്കാനുള്ള കഴിവായിരിക്കാം ഒരുപക്ഷേ, മനുഷ്യരെ അവയിലേയ്ക്ക് ആദ്യം ആകർഷിച്ചത്. മനുഷ്യഭാവനയെ വാനോളം ഉയർത്താൻ പക്ഷികൾക്കു കഴിവുണ്ട്.
വിവിധ ജാതി പക്ഷികളുടെ പറക്കലുകൾ വ്യത്യസ്തമായിരിക്കുന്നതുപോലെ അവയുടെ നിലത്തിറങ്ങിയുള്ള നടത്തയ്ക്കുമുണ്ട് വ്യത്യാസം. തുള്ളിത്തുള്ളി നടക്കുന്ന പക്ഷി മുതൽ മനുഷ്യരെപ്പോലെ കാലുകൾ പെറുക്കിപ്പെറുക്കി വെച്ച് നടക്കുന്നവയുമുണ്ട്. പൂത്താങ്കീരിയുടേയും കരിയിലക്കിളികളുടേയും നടത്ത കണ്ടിട്ടുള്ളവർ കൗതുകപൂർവ്വം അതു നോക്കി നിന്നിട്ടുണ്ടാകും. നടക്കാനും ഓടാനും തീരെക്കഴിയാത്ത പക്ഷികളാണിവ. എന്നാൽ, രണ്ടു കാലും ഒരുമിച്ച് വെച്ച് വേഗത്തിൽ ചാടിചാടി
പോകാനിവയ്ക്ക് കഴിയും. ഒരു ഭാഗത്തുനിന്നു മറ്റൊരു ഭാഗത്തേയ്ക്ക് തെറിച്ചു തെറിച്ചാണിവയുടെ പോക്ക്. റബ്ബർ പന്ത് നിലത്തെറിയുമ്പോൾ തെറിച്ചുപോകുന്നതിനെ ഇതോർമ്മിപ്പിക്കും.
മലബാറിൽ ഈ പക്ഷിയെ ചാവേലി പക്ഷിയെന്നാണ് വിളിക്കുക. നൃത്തം അഭ്യസിക്കുന്ന കുട്ടികൾ നേരെചോവ്വെ നൃത്തച്ചുവടുകൾ വെച്ചില്ലെങ്കിൽ ഗുരുക്കന്മാരവരെ പരിഹസിക്കുന്നത് ചാവേലാക്ഷിയുടെ നൃത്തംപോലെയുണ്ടല്ലോടി എന്നു പറഞ്ഞാണ്. നാട്ടുകാർ ഓരോ ജാതി പക്ഷിക്കും പേരിടുന്നത് സൂക്ഷ്മ നിരീക്ഷണത്തോടെയാണ്. കുട്ടികൾ പൂത്താങ്കീരിയെന്നൊരു കളി കളിക്കുക പണ്ടൊക്കെ പതിവായിരുന്നു. ഇന്നത്തെപ്പോലെ കാക്കത്തൊള്ളായിരം കളിപ്പാട്ടങ്ങളൊന്നും പണ്ടുണ്ടായിരുന്നില്ല. കുട്ടികൾതന്നെ കല്ലും മണ്ണും കമ്പും ഇലയും ഒക്കെ ഉപയോഗിച്ച് ഓരോതരം കളികൾ കളിക്കുകയായിരുന്നു പതിവ്. ഇതിലൊരു കളിയാണ് പൂത്താങ്കീരിക്കളി. ഒരു മൺകൂനയുണ്ടാക്കി അതിലൊരു ചെറിയ കഷണം ഈർക്കിൽ ഒളിപ്പിച്ചു വയ്ക്കുന്നു. എന്നിട്ട് കുട്ടികൾ മണ്ണ് പങ്കിട്ടെടുത്ത് ഈർക്കിലിനായി ചിക്കിച്ചികയുന്നു. ഇങ്ങനെ വേഗത്തിൽ ചിക്കിച്ചിനക്കി ഈർക്കിൽ ലഭിക്കുന്ന കുട്ടി വിജയിക്കുന്നു. മണ്ണിലൊളിപ്പിച്ച ഈർക്കിൽ കണ്ടെത്താൻ കുട്ടികൾ കാണിക്കുന്ന ധൃതിയും ആവേശവും ഒന്നു കാണേണ്ടതു തന്നെയാണ്.
പൂത്താങ്കീരി പക്ഷികൾ കരിയിലകൾക്കിടയിൽനിന്നു പുഴുക്കളേയും ചെറുപ്രാണികളേയും കൊത്തിപ്പെറുക്കി തിന്നാൻ കാണിക്കുന്ന വെപ്രാളം ഈ കുട്ടികളുടെ കളിപോലെയാണ്. നിലത്തുകിടക്കുന്ന കരിയിലകൾ ഒന്നൊന്നായി കൊത്തിപ്പെറുക്കി കുടഞ്ഞു തിരിച്ചും മറിച്ചും നോക്കി വല്ല ഇരയും ഇരുപ്പുണ്ടോന്ന് പരിശോധിക്കും. ഇരയെ കണ്ടാൽ ഉടൻ കൊത്തി വായിലാക്കും. പിന്നെയും കളി തുടരും. പൂത്താങ്കീരി കളിക്കുന്ന കുട്ടികളുടേതുപോലെ തന്നെയാണിവയുടെ ഇരതേടലെന്ന് ആരും തലകുലുക്കി സമ്മതിക്കും. ഈ പക്ഷിക്ക് പൂത്താങ്കീരിയെന്നു പേരു നൽകിയത് ആരായാലും അവരുടെ നിരീക്ഷണപാടവം സമ്മതിക്കേണ്ട കാര്യമാണ്.
കരിയിലക്കിളികളെ അപേക്ഷിച്ച് നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണാവുന്ന പക്ഷിയാണ് പൂത്താങ്കീരി. കീകീ... പികീ... കിൽ... കിൽ... കീ... കീ എന്നിങ്ങനെ തുടർച്ചയായി ഇവ ചിലച്ചുകൊണ്ടേയിരിക്കും. വല്ല പാമ്പിനേയോ നത്തിനേയോ ചേരയേയോ കണ്ടാൽ പിന്നെ പറയുകയും വേണ്ട. കരച്ചിലോട് കരച്ചിലായിരിക്കും. ശത്രുജീവി പ്രദേശം വിട്ടുപോകുന്നതുവരെ ഇവ കിടന്നു ബഹളം വെച്ചുകൊണ്ടിരിക്കും. പൂത്താങ്കീരികളും കരിയിലക്കിളികളും അണ്ണാൻ, ഓലഞ്ഞാലി, മറ്റു ചില പക്ഷികൾ എന്നിവയോടൊപ്പം ഇരതേടുന്നത് പതിവാണ്. ഞങ്ങളുടെ വീട്ടുവളപ്പിൽ ഇത്തരം സംഘം മിക്ക ദിവസങ്ങളിലും വരാറുണ്ട്. ഇടമുറ്റത്ത് പതിവായി വരാറുള്ള പൂത്താങ്കീരിക്കൂട്ടത്തിനായി ദിവസവും അരി വിതറി കൊടുക്കാറുണ്ട്. അവ വളരെ സന്തോഷത്തോടെ അരി കൊത്തിപ്പെറുക്കി തിന്നും. പടിഞ്ഞാറെ മുറ്റത്തെ സീതമരത്തിലും മാവിൽ പടർന്നുകിടക്കുന്ന നല്ല മുളക് വളികൾക്കിടയിലും ഇവ സന്ധ്യാനേരത്ത് ചേക്കയിരിക്കാറുണ്ട്. ഈ നേരത്തിവ കാതടപ്പിക്കുന്ന ഒച്ചയുണ്ടാക്കും.
ചെറിയ പന, തെങ്ങ്, അടയ്ക്കാമരം, വേപ്പ് തുടങ്ങിയ മരങ്ങളിലൊക്കെ ഇവ കൂടൊരുക്കും. പേക്കുയിൽ പൂത്താങ്കീരിയുടേയും കരിയിലക്കിളിയുടേയും കൂട്ടിലാണ് മുട്ടയിടുക. രാപകൽ പീപ്പിയാ... പീപ്പിയാ എന്നിങ്ങനെ ശബ്ദിച്ചുകൊണ്ടിരിക്കുന്ന കുയിലുകളാണ് പേക്കുയിൽ. പൂത്താങ്കീരിയുടേയും കരിയിലക്കിളിയുടേയും മുട്ടകൾക്ക് കടുത്ത നീലനിറമാണ്. ഇതേ നിറത്തിലുള്ള മുട്ടകളാണ് പേക്കുയിലും ഇടുക. നാലു മുട്ടകളാവും പൂന്താങ്കീരിയിടുന്നത്. പേക്കുയിലും ഇവയോടൊപ്പം രണ്ടോ മൂന്നോ മുട്ടയിട്ടു വയ്ക്കും. പൂത്താങ്കീരിക്കും കരിയിലക്കിളിക്കും മുട്ടയുടെ എണ്ണത്തെ സംബന്ധിച്ച് തിട്ടമില്ലാത്തതിനാൽ അടയിരുന്ന് എല്ലാ മുട്ടകളും വിരിയിക്കും. പേക്കുയിലിന്റെ മുട്ട വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങൾ പൂത്താങ്കീരിയുടെ മുട്ടകൾ തള്ളി നിലത്തിടുക പതിവാണ്. പ്രകൃതിയെന്തിനാകും ഇങ്ങനെ ചെയ്യിക്കുന്നത്. പേക്കുയിലുകൾക്ക് നിലനിൽക്കാൻ വേണ്ടിയാണോ? അതോ മറ്റുവല്ല കാരണവും ഇതിന്റെ പിന്നിലുണ്ടോ? കണ്ടെത്തേണ്ട കാര്യമാണ്.എന്തിനും ഏതിനും ഒരു കഥയുണ്ടാക്കുന്നവരായിരുന്നു നമ്മുടെ പൂർവ്വികർ. എന്തെങ്കിലും കഥ പറയാനില്ലാത്ത ഒരുതുണ്ടു ഭൂമിപോലും നമ്മുടെ നാട്ടിലുണ്ടാകുമെന്നു തോന്നുന്നില്ല. കാവുകളെ ചുറ്റിപ്പറ്റിയാണെങ്കിൽ കഥകളുടെ ഒരു പൂരം തന്നെയുണ്ടാകും. ഒരിക്കൽ പൂത്താങ്കീരി പക്ഷികൾ അരയന്നത്തെ കാണാനിടയായി. ദേവകന്യകമാരെ നൃത്തം പഠിപ്പിക്കുന്നത് അരയന്നങ്ങളാണ്. അന്നനടയെ പ്രശംസിക്കാത്ത കവികളില്ല. പൂത്താങ്കീരി പക്ഷികൾ അരയന്നത്തിന്റെ മനോഹരമായ നടത്ത കണ്ട് മോഹിച്ചു. അവയെപ്പോലെ തങ്ങൾക്കും നടക്കാൻ കഴിഞ്ഞെങ്കിലെന്നവ ആഗ്രഹിച്ചു. ദേവലോകത്തെ കന്യകമാരെ നൃത്തം പഠിപ്പിക്കുന്ന അരയന്നങ്ങൾ തങ്ങളെ നൃത്തം പഠിപ്പിക്കുകയെന്നത് അസാധ്യം. എന്നാൽ, അരയന്നത്തെപ്പോലെ നടക്കാനായി പൂത്താങ്കീരികൾ പരിശ്രമിച്ചു. അവയ്ക്കൊരിക്കലും അരയന്നത്തെപ്പോലെ നടക്കാനായില്ലെന്നു മാത്രമല്ല, തനതായുണ്ടായിരുന്ന നടത്തം നഷ്ടമാകുകയും ചെയ്തു. അങ്ങനെയാണ് പൂത്താങ്കീരികൾ ചാടിച്ചാടി നടക്കാനിടയായത്.
പൂത്താങ്കീരികൾ വളരെ നേർത്ത തവിട്ടുനിറമുള്ള പക്ഷികളാണ്. വാലിന്റെ അറ്റവും ചിറകുകളിലെ വലിയ തൂവലുകളും പുകപിടിച്ച തവിട്ടുനിറമാണ്. തലയുടെ മുകൾഭാഗം മങ്ങിയ വെള്ളയായിരിക്കും. കരിയിലക്കിളികളെ അപേക്ഷിച്ച് തവിട്ട്നിറം കുറവായതിനാൽ ഇവയെ നിറംനോക്കി തിരിച്ചറിയാനാവും. തലഭാഗം നോക്കി പൂത്താങ്കീരിയെ തിരിച്ചറിയാവുന്നതേയുള്ളൂ. പൂത്താങ്കീരികളേയും കരിയിലക്കിളികളേയും തുടർച്ചയായി നിരീക്ഷിക്കാനുള്ള അവസരം എനിക്കു ലഭിച്ചിട്ടുണ്ട്. ഇവയെക്കുറിച്ച് ഡോക്യുമെന്ററി എടുക്കാനും കഴിഞ്ഞു.
WHITE HEADED BABBLER എന്നാണ് പൂത്താങ്കീരിയുടെ ഇംഗ്ലീഷ് പേര്. ശാസ്ത്രനാമം Turdoides affinis എന്നുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
