

കണ്ണുകളിൽ കനം തൂങ്ങിയ സന്ധ്യയായിരുന്നു അത്. 2022-ലെ ആ സന്ധ്യയായിരിക്കും ഏറ്റവും വലിയ കദനഭാരം അനുഭവിച്ചിരിക്കുക. മെയ് 11-ന് മുംബൈയിലെ വിലേ പാർലിയിലെ പവൻ ഹാൻസ് ചുടലയിൽ പൂർണ്ണ സർക്കാർ ബഹുമതികളോടെ ദഹിച്ച സന്തൂർ ചക്രവർത്തി പണ്ഡിറ്റ് ശിവകുമാർ ശർമ്മയുടെ ചിതയ്ക്കരികിൽ ഒരാൾ മാത്രം ബാക്കിയായതെന്തിനാണ്? ചിതയിൽ തീനാളങ്ങളായി ഉയരുകയും താഴുകയും ചെയ്ത രാഗസ്ഥായിയോട് പറഞ്ഞിട്ടും പറഞ്ഞിട്ടും അയാൾക്ക് മതിവരാതിരുന്നതും എന്തിനായിരുന്നു? മുഖത്തണിഞ്ഞ മാസ്‌കിനുള്ളിൽ വാവിട്ടു കരയാൻ അയാൾക്ക് യഥേഷ്ടം സ്വാതന്ത്ര്യമുണ്ടായിരുന്നു. നിശ്ശബ്ദത പോലും നിശ്ശബ്ദമായ ആ വിനാഴികയിൽ അയാൾ ആവുംവിധം അകത്തേക്ക് കരഞ്ഞു. ഏകാന്തമായ ആ നില്‍പ്പുകണ്ട് പൊതുവേ ധൃതിയുള്ള സന്ധ്യപോലും വിടപറയാൻ മടിച്ചു.
തന്റെ ഉറ്റ ചങ്ങാതിയുടെ അടരലിൽ നീറിനീറി നിന്നത്, നാം നിരന്തരം ഉസ്‌താദ് എന്നു വിളിച്ച തബല മാന്ത്രികൻ സക്കീർ ഹുസൈൻ. ഏകാന്തതയുടേയും ലാളിത്യത്തിന്റേയും ആൾ രൂപം! ആ ഏകാന്തതയും അവസാനിച്ചിരിക്കുന്നു.
കാൽനൂറ്റാണ്ട് മുന്‍പത്തെ മറ്റൊരു സന്ധ്യ. കരിമ്പനകൾ നിരന്നുനിന്ന വയൽവരമ്പുകൾക്കു ചേർന്നുള്ള ആ പാതയിലൂടെ പാഞ്ഞുപോയ കാറിനുള്ളിൽ ഉസ്താദിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഞാൻ. അത്ഭുതം നിറഞ്ഞ കണ്ണുകളുമായി പാലക്കാടൻ കാഴ്ചകൾക്കു കുറുകേ ഒരു കുട്ടിയെപ്പോലെ ഓടിനടന്ന സക്കീർ ഡ്രൈവറുടെ തോളിൽ ഒന്നു തൊട്ടു. കാറു നിന്നതും കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ അദ്ദേഹം പുറത്തേക്കിറങ്ങി. കരിമ്പനപ്പട്ടകളിൽ കാറ്റുപിടിക്കുന്ന സമയമായിരുന്നു അത്. ലിപികളില്ലാത്ത പൗരാണിക ഭാഷയിൽ കരിമ്പനയുടെ മസ്തകം ഉസ്താദിനോട് ചിരപരിചിതനെപ്പോലെ സംസാരിച്ചു തുടങ്ങിയിരുന്നു. ഉസ്താദിന്റെ വിരലുകളിൽ അതുവരെയില്ലാത്തൊരു ചോരയോട്ടം കരിമ്പനപ്പട്ടകളിലെ പാലക്കാടൻ കാറ്റിനെ സ്വരപ്പെടുത്തുന്നതുപോലെ എനിക്കു തോന്നി. സവ്യസാചിയായ താളം കരിമ്പനയുടെ മസ്തകമിറങ്ങിവന്ന് ആ രാജകുമാരന്റെ ചെറുവിരലിൽ പിടിച്ചു നടക്കാൻ സമയമേറെ വേണ്ടി വന്നില്ല.
“1993-ൽ ഞാൻ അറിയാതെ ചെയ്ത ആ പെരുക്കം ഇതാണ്. മ്യൂസിക് ഓഫ് ഡെസർട്ട് എന്ന ആൽബത്തിൽ തബലയിൽ ഞാനീ താളം പ്രയോഗിച്ചിട്ടുണ്ട്. മരുഭൂമിയിലെ മണൽച്ചുഴികളിൽ പെട്ടുഴലുന്ന മണൽക്കാറ്റിനെ ഞാനിങ്ങനെയാണ് തബലയിലേക്ക് പരാവർത്തനം ചെയ്തത്.”
പൊടുന്നനെയായിരുന്നു ആ വർത്തമാനം തുടങ്ങിയത്. സത്യം. ആ ആൽബം വീണ്ടും ഞാൻ കേട്ടു. തലച്ചോറിൽ ചുഴികളുണ്ടാക്കി ചുറ്റിത്തിരിയുന്ന തബലയിൽ വീശിയ അതേ കാറ്റ്! പ്രശാന്തമെന്ന് തെറ്റിദ്ധരിക്കാമെങ്കിലും അശാന്തമായിരുന്നു സക്കീറിന്റെ ജീവിതം. അത് ക്രിയാത്മകതയിൽ ശ്വാസം മുട്ടി. ഒരിടത്തുമുറയ്ക്കാത്ത മനസ്സ്, ഇതല്ല ഇതല്ല എന്ന് അയാളോട് എപ്പോഴും കയർത്തു.
“അവസാന വാക്കു പറയരുതെന്ന് അച്ഛനാണെന്നെ പഠിപ്പിച്ചത്. നിദാന്തമായ ദാഹം എന്നും ബാക്കിവയ്ക്കണം. കടന്നുവന്നതൊന്നും വഴികളേയല്ല. ഇനിയും നടക്കാനുള്ളതാണ് വഴികൾ. മുന്നിൽവരുന്ന ഗുരുക്കൻമാരെയൊക്കെ നമസ്‌കരിക്കാൻ ഞാൻ പഠിച്ചതങ്ങനെയാണ്. കച്ചേരിക്കു മുന്‍പ് ഒപ്പമുള്ള മഹാഗുരുക്കൻമാരെ വണങ്ങിയേ ഞാൻ തബല തൊടാറുള്ളൂ. അച്ഛൻ ശിഷ്യർക്ക് പറഞ്ഞുകൊടുക്കുന്നത്, കൊച്ചുകുട്ടിയായ ഞാൻ വാതിൽപ്പിളർപ്പിലൂടെ നോക്കിക്കണ്ടാണ് സംഗീതത്തിന്റെ ബന്ധുവാകുന്നത്. അച്ഛന്റെ വിരലുകളിൽ ഞാൻ ദൈവത്തെ കാണുകയായിരുന്നു.”
അതെ. അള്ളാരഖയുടെ വിരലുകളിൽ അള്ളാഹുവിന്റെ നിരന്തര ചുംബനമുദ്രയുണ്ട്. അതിൽ പിടിച്ചും പിടഞ്ഞുമാണ് മകൻ സക്കീർ സൂര്യോന്മുഖനായത്. അച്ഛനും മകനുമുണ്ടായ ആ ധൈര്യത്തിലാണ് തന്റെ പതിമൂന്നാമത്തെ വയസ്സിൽ അള്ളാരഖയ്ക്കു പകരക്കാരനായി സക്കീർ പാറ്റ്‌നയിലേക്ക് വണ്ടി കയറുന്നത്. തിരക്കുള്ള തീവണ്ടിയുടെ ഇത്തിരി നിലത്ത് വർത്തമാനപത്രം വിരിച്ച് മടിയിൽ ചാഞ്ചാടിയ തബലയ്ക്കു മുകളിലേക്ക് ചാഞ്ഞ് ആ കുട്ടി യാത്രചെയ്തു. ആ യാത്രയിൽ പിന്നിലേക്ക് ഓടിനീങ്ങിയ ദൃശ്യങ്ങളിൽ സക്കീർ താളത്തിന്റെ ഈശ്വരനെ കണ്ടു. പിന്നീടതൊരു തുടർച്ചയാക്കി. മുംബൈയിലെ അലച്ചിലിനൊക്കെ മേൽവിലാസമുണ്ടാവുകയായിരുന്നു.
1998 നവംബർ 19-ന് ജർമനിയിൽ റിലീസ് ചെയ്ത ആ ഡോക്യുമെന്ററിയിൽ സക്കീറിന്റെ തിരയടങ്ങാത്ത യാത്രയുണ്ട്. മുംബൈയിലെ തീവണ്ടികളും ഗലികളിലെ അലക്കുകാരും പുല്ലുവെട്ടുകാരും ദാദറിലെ ശ്വാസംമുട്ടുന്ന തിരക്കും സക്കീറിലെ സംഗീതജ്ഞനെ താളപ്പെടുത്തുന്നത് ലുട്‌സ് ലിയോഹാർഡ് സംവിധാനം ചെയ്ത ‘സക്കീർ ആന്റ് ഹിസ് ഫ്രൻഡ്‌സ്’ എന്ന ചിത്രം പറഞ്ഞുതരും. ഹരിപ്രസാദ് ചൗരസ്യ, ശിവകുമാർ ശർമ്മ, അള്ളാരഖ, ആഷിഷ് ഖാൻ, സുൽത്താൻ ഖാൻ ഇവരൊക്കെ സക്കീർ ഹുസൈൻ എന്ന തബല മാന്ത്രികനെക്കുറിച്ച് ഈ ചിത്രത്തിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൂടാതെ ലോകരാജ്യങ്ങളിലെ പല സംഗീതജ്ഞരും ഈ രാജകുമാരനെ ആശ്ലേഷിക്കുന്നുണ്ട്. ഭൂമിയെയാകെ ഒരൊറ്റ തബലയാക്കാനുള്ള സക്കീറിന്റെ അടങ്ങാത്ത ദാഹം ആ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അതിനുമെത്രയോ മുന്‍പുതന്നെ സക്കീർ ‘പ്ലാനറ്റ് ഡ്രമ്മി’ൽ പങ്കെടുക്കുന്നുണ്ട്.
ഞങ്ങളുടെ കാറ് ഒരു വളവുകഴിഞ്ഞ് കയറ്റം കയറുകയായിരുന്നു. ചോദിക്കാനിരുന്ന ചോദിക്കാത്ത ആ ചോദ്യത്തിനുള്ള ഉത്തരമുണ്ടായതിന് സാക്ഷിയാണ് ആ കയറ്റം.
“മൃദംഗ ചക്രവർത്തി പാലക്കാട് മണി അയ്യരും ഏതു രാഗവും പുഷ്പിക്കുന്ന കെ.വി. നാരായണ സ്വാമിയും ഈ വഴികളിലൂടെയല്ലേ നടന്നിട്ടുണ്ടാവുക? ഈ രണ്ടു മഹാരഥൻമാർക്കുമൊപ്പം അരങ്ങിൽ പ്രവർത്തിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട് എനിക്ക്. മദ്രാസിൽ വച്ചായിരുന്നു മണി അയ്യരുമായുള്ള ആദ്യ കൂടിക്കാഴ്ച്ച. പിന്നെ മുംബൈയിൽ വച്ചും എനിക്ക് അദ്ദേഹത്തിൽനിന്നും പലതും പഠിക്കാൻപറ്റി.”
ആ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഓർമ്മയുണ്ടോ?
“പിന്നല്ലാതെ! എന്റെ അന്നത്തെ പരിഭ്രമം കണ്ട് മണി അയ്യർ സാരമില്ലെന്ന് പുറത്തു തട്ടി പറഞ്ഞു. ശാന്തമായൊരു പ്രേരണ എന്നിൽ അദ്ദേഹം ചെലുത്തുകയായിരുന്നു. അന്നു ഞാൻ അദ്ദേഹത്തോടൊപ്പം തബല വായിച്ചു. എനിക്ക് ഒട്ടും തന്നെ വായിക്കാനവസരം തരാതെ എന്നെ അദ്ദേഹത്തിന് നശിപ്പിക്കാമായിരുന്നു. എന്നാൽ, സ്‌നേഹംകൊണ്ട് എന്റെ പരിമിതികളെ അദ്ദേഹം തൊടുകയാണ് ചെയ്തത്. അന്നു ഞാൻ നന്നായി വായിച്ചു. മഹാനായ ഒരു സംഗീതജ്ഞന് തന്റെ ഒപ്പമുള്ളയാൾ ചെയ്യാൻ പോകുന്നതെന്തെന്ന് തിരിച്ചറിയാനാകും. അയാളുടെ മികച്ച പ്രകടനങ്ങൾ ചോദിച്ചുവാങ്ങാനുമാവും. മണി അയ്യരെപ്പോലുള്ള ഒരു നിസ്വാർത്ഥനേ അതിനു കഴിയൂ. ഇങ്ങനെയൊരാൾ ഉത്തരേന്ത്യയിലുണ്ടെന്നു തോന്നുന്നില്ല. വായനയുടെ ഉയരത്തിലെത്തുമ്പോൾ ഒപ്പമുള്ളവൻ ഒരു സഹപാഠിയാവുകയും ഒരുമിച്ചുചേർന്ന് ശ്രോതാവിനെ മറ്റൊരു തലത്തിലെത്തിക്കുകയും ചെയ്യുമെന്ന് ഞാനന്നറിഞ്ഞു. മൃദംഗ ചക്രവർത്തിയിൽനിന്നും ഞാൻ പഠിച്ചതാണത്. 1976-ൽ മണി അയ്യർക്കൊപ്പമല്ല ഞാൻ കച്ചേരി വായിച്ചത്. സാക്ഷാൽ ദൈവത്തോടൊപ്പമാണ്.”
നിരന്തരം പ്രകൃതിയിലേക്ക് കൂർപ്പിക്കുന്ന മനസ്സാണ് സക്കീറിനുള്ളത്. മരുഭൂമിയുടെ നാടോടി വഴക്കങ്ങൾ വേണ്ടപോലെ ഗ്രഹിച്ചതിൽനിന്നാണ് മ്യൂസിക് ഓഫ് ഡെസർട്ട് ഉണ്ടായത്. എലമൻസ് ഓഫ് സ്‌പേസിൽ ആദിയെ കുറിക്കാൻ ലളിത് രാഗത്തിലും വേദങ്ങളെ പരിചയപ്പെടുത്താൻ നി, സ, രി എന്നീ ആദി സ്വരങ്ങളിലും സക്കീർ എത്തുന്നതും അതേ കൂർത്തു മൂർത്ത മനസ്സുകൊണ്ടാണ്.
സക്കീറിന്റെ ഓർമ്മയിൽ മറക്കാനാവാത്ത ഒരു അഞ്ഞൂറു കച്ചേരികളെങ്കിലുമുണ്ടാവും. 1971-ൽ എസ്. ബാലചന്ദറിനൊപ്പം വായിച്ചത്, 1976-ൽ മണി അയ്യർക്കൊപ്പം വായിച്ചത്, ബനാറസിൽ വച്ച് അള്ളാരഖയ്ക്കും പണ്ഡിറ്റ് രവിശങ്കറിനുമൊപ്പം വായിച്ചത്, എന്തിനധികം വെറും 16 വയസ്സിൽ കെ.വി. നാരായണസ്വാമിക്കൊപ്പം വായിച്ചത്; അങ്ങനെയങ്ങനെ പട്ടിക നീളും. പക്കവാദ്യത്തെ അരങ്ങിനു മധ്യത്തിൽ പ്രതിഷ്ഠിച്ച ഒരച്ഛനും ആ അച്ഛന്റെ മകൻ സക്കീറും ലോകം മുഴുവനും തബലയുമായി നടന്നു. അങ്ങനെ തബലയ്ക്ക് ചിറകുമുളച്ചുതുടങ്ങി. ലോകത്തിലെ വലിയ കലാകാരൻമാർക്കൊപ്പം തബലയെ മുഖാമുഖം നിർത്തിയപ്പോഴാണ് സക്കീറിന്റെ കൈയിൽ അള്ളാരഖയെ ആലിംഗനം ചെയ്ത അതേ ദൈവം ചുംബിച്ചത്. അതേ കയ്യിൽ ഗ്രാമിയും പത്മവിഭൂഷനും സരസ്വതീ സമ്മാനവും വന്നുചേർന്നത്.
“ഒറ്റയ്ക്കു തബല വായിക്കുന്നതിലും എനിക്കിഷ്ടം മറ്റു സംഗീതജ്ഞർക്കൊപ്പം കച്ചേരിയിൽ പങ്കെടുക്കുന്നതാണ്. കാരണം, അവരുടെ മനോധർമ്മം, മനസ്ഥിതി, വികാരങ്ങൾ, ആശയങ്ങൾ ഇതെല്ലാം നോക്കി പഠിക്കണം. അതിനു ശേഷമേ അദ്ദേഹവുമായി ചേർന്ന് ജനങ്ങളോട് സംവദിക്കാൻ കഴിയൂ. ഇതൊരു വെല്ലുവിളിയാണ്. ഈ വെല്ലുവിളിയാണെനിക്കിഷ്ടം. എന്റെ വീട്ടിലെ അലമാര മുഴുവൻ തബലകളാണ്. ഓരോ ഗായകനും വേണ്ട തബലകൾ ഞാൻ സൂക്ഷിച്ചിട്ടുണ്ട്.”
പാലക്കാട് വച്ചു നടന്ന മാനവമൈത്രീ സംഗീതികയിൽ അള്ളാരഖയും സക്കീർ ഹുസൈനും ചേർന്നൊരുക്കിയ വാദ്യസമന്വയം ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്. ഇതിലാണ് ഒരേപ്പോലെ പ്രഗത്ഭരായ ഈ അച്ഛനേയും മകനേയും ആദ്യമായി കാണാനുള്ള ഭാഗ്യമുണ്ടാവുന്നത്. പാലക്കാട് വച്ചുതന്നെ റോട്ടറി ക്ലബ്ബ് ഒരുക്കിയ കുന്നക്കുടി വൈദ്യനാഥന്റെ അരങ്ങിലാണ് സക്കീറിനെ പിന്നീട് കാണുന്നത്. അന്ന് കുന്നക്കുടി എത്തുന്നതിനു മുമ്പേ സക്കീർ അരങ്ങിലെത്തി. പൊതുവേ പ്രകടനപരത ധാരാളമുള്ള കുന്നക്കുടി, സക്കീറിനെ അവഗണിച്ചുകൊണ്ട് വയലിൻ വായിച്ചുതുടങ്ങി. തബലയുടെ അകമ്പടിയില്ലാതെ കച്ചേരി ഏറെ ദൂരം മുന്നോട്ടുപോയി. കാണികളെ കയ്യിലെടുക്കാൻ കുന്നക്കുടി, വയലിൻ ഗിറ്റാറു പോലെ പിടിച്ച് വിരലുകൊണ്ട് വായിക്കാൻ തുടങ്ങി. ഇതെല്ലാം അത്ഭുതത്തോടെ നോക്കിയിരിക്കുന്ന സക്കീറിനോട്, ചുമ്മാ വായിച്ചുനോക്ക് എന്നു മൈക്കിൽ വിളിച്ചുപറഞ്ഞ കുന്നക്കുടി അടുത്ത നിമിഷം അത്ഭുതസ്തബ്‌ധനായി. സക്കീറിന്റെ വിരലുകൾ തബലയിൽ പിടയാൻ തുടങ്ങിയ നിമിഷമായിരുന്നു അത്. പെട്ടെന്ന് സക്കീറിന്റെ വിരലുകൾ തബലയിൽനിന്നുയർന്ന് വായുവിൽ ചലിക്കാൻ തുടങ്ങി. തബലയിൽ ഇല്ലാത്ത വിരലുകളുടെ നാദം അപ്പോഴും താളത്തിന്റെ സഹപാഠി തന്നെയെന്നത് പ്രേക്ഷകരെപ്പോലെ കുന്നക്കുടിയും ശ്രദ്ധിച്ചു. വായുവിൽ ചലിക്കുന്ന സക്കീറിന്റെ വിരലുകൾക്കുവേണ്ടി അരങ്ങിലിരുന്ന തബല പാടുന്നു! കുറച്ചുനേരത്തെ വായന കഴിഞ്ഞ് സക്കീർ തബലയുടെ ചിറകുകളൊതുക്കി. കുന്നക്കുടിയെ വണങ്ങിക്കൊണ്ട് സക്കീർ പറഞ്ഞത് ഇപ്പോഴും ഓർമ്മയിലെ പച്ച.
“അങ്ങ് വലിയ സംഗീതജ്ഞനാണ്. അങ്ങയുടെ ശുദ്ധസംഗീതം കേൾക്കാനാണ് ഈ ജനം മുഴുവനും ഇവിടെ കൂടിയിരിക്കുന്നത്. സംഗീതത്തിൽ ഗിമ്മിക്കുകൾ മുഴച്ചുനിൽക്കും. അതുകൊണ്ട് അങ്ങ് പാടിയാലും. ഞാൻ അങ്ങയെ അനുഗമിക്കാം.”
പിന്നീടുണ്ടായ സംഗീതമെന്നത് ദൈവത്തിനുപോലും അപ്രാപ്യമാവാം. കുന്നക്കുടിയും സക്കീറും ചേർന്ന് മറ്റാർക്കുമില്ലാത്തവിധം ആ സന്ധ്യ മുഴുവനും പങ്കുവച്ചു. കൊടുത്തും വാങ്ങിയും ആ കലാകേളി നീണ്ടുനീണ്ടേ പോയി. ഇവർ ചേർന്നൊരുക്കിയ ‘കളേഴ്‌സ്’ എന്ന ആൽബം ഇനി നിങ്ങൾ കേൾക്കുമ്പോൾ പാലക്കാട്ടെ ഈ അരങ്ങ് ഓർക്കുമല്ലോ. കാരണം ഈ ആൽബത്തിലെ പലതുമാണ് അന്നവിടെ അരങ്ങേറിയത്.
ഷാജി എൻ. കരുണിന്റെ വാനപ്രസ്ഥം എന്ന ചലച്ചിത്രത്തിലും സക്കീറിനെ കണ്ടു. ചെണ്ടയേയും മദ്ദളത്തേയും മൗനത്തിനിടയിലെ കൂരാകൂരിരുട്ടിൽ നിർത്തി സക്കീർ ഹുസൈൻ എന്ന സംഗീത സംവിധായകൻ കുഞ്ഞുകുട്ടനേയും സുഭദ്രയേയും കടലാഴങ്ങളിലേക്ക് ആനയിച്ചത് കണ്ട് നൊന്തവരാണ് നമ്മൾ. അതുവരെ കേൾക്കാത്ത കരച്ചിലുപോലെ നൂറു തബലകൾ പിടഞ്ഞതും നമ്മൾ കണ്ടു.
ഉസ്താദുമൊത്തുള്ള ആ കാറ് യാത്ര എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. കാറിൽ നിന്നുമിറങ്ങുമ്പോൾ എനിക്കത് മറച്ചുവയ്ക്കാനായില്ല. എത്രയോ തബലകളിൽ പിടഞ്ഞ ആ വിരലുകളൊന്ന് തൊടണമെന്ന് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ അദ്ദേഹത്തിന്റെ കൈ കോർത്തത് ഇപ്പോഴും ഓർമ്മ. എത്രയോ വട്ടം തബലയുടെ ചിറകുകളിൽ തൊട്ട ആ വിരലുകളുടെ മാർദ്ദവം എന്റെ രസനയിൽ തേനും വയമ്പും ചാലിച്ചതും ഓർമ്മ. അപ്പോൾ പാലക്കാടൻ കാറ്റിൽ ഉസ്താദിന്റെ മുടിച്ചുരുളുകൾ അനുസരണയില്ലാത്ത കുട്ടിയായതും ഓർമ്മ. വൈരമുത്തുവിന്റെ ആ പാട്ടു മൂളിയാണ് ഞാനന്ന് തിരിച്ചുനടന്നത്.
ടെലിഫോൺ മണിപോൽ ശിരിപ്പവളിവളാ... സക്കീർ ഹുസൈൻ തബല ഇവൾതാനാ...
ആ കാറു യാത്രയുടെ ഓർമ്മയിൽ എനിക്കിന്ന് നന്നായൊന്ന് കരയണം.
ഹൃദയം നിറയെ താളങ്ങളുടെ അപൂർവ്വ കണക്കുപുസ്തകം സൂക്ഷിച്ച പ്രിയപ്പെട്ടവനേ... ഇത്രയധികം ചിറകുകളുള്ള തബലയെ താങ്കൾ അനാഥമാക്കിയതെന്തിനാണ്? വിട എന്ന ഒരൊറ്റ വാക്കുച്ചരിക്കാൻ എനിക്ക് സങ്കടമുണ്ട്.
തൃത്താല കേശവൻ അകാലത്തിൽ പൊലിഞ്ഞപ്പോൾ കേശവനല്ല തായമ്പകയാണ് മരിച്ചതെന്ന് പൂമുള്ളി പറഞ്ഞതായി കേട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ഇവിടെ മരിച്ചത് സക്കീറോ തബലതന്നെയോ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates