ഇരതേടാത്തപ്പോഴും നാവ് അടക്കിവയ്ക്കാത്തത് ചിലപ്പൻ കിളിയാണോ?കരിയിലക്കിളിയാണോ? പൂത്താങ്കീരിയും കരിയിലക്കിളിയും ഒന്നാണോ?

നാവടക്കിവയ്ക്കുന്ന ശീലം ഇവയ്ക്ക് കുറവാണ്.
ഇരതേടാത്തപ്പോഴും നാവ് അടക്കിവയ്ക്കാത്തത് ചിലപ്പൻ കിളിയാണോ?കരിയിലക്കിളിയാണോ? പൂത്താങ്കീരിയും കരിയിലക്കിളിയും ഒന്നാണോ?
Updated on
2 min read

വീട്ടുവളപ്പിലെത്തുന്ന പക്ഷികളിൽ ഏറ്റവും വെല്ലുവിളി നേരിടുന്നത് പൂത്താങ്കീരികളേയും കരിയിലക്കിളികളേയും നിരീക്ഷിക്കുമ്പോഴാണെന്ന് എനിക്കു പലപ്പോഴും തോന്നാറുണ്ട്. കാരണം ഇവ കൂട്ടമായാണ് ജീവിക്കുന്നത്. ഏഴോ എട്ടോ പക്ഷികളൊരു സംഘത്തിലുണ്ടാകും. ഇരതേടുമ്പോൾ സദാ ചിലച്ചുകൊണ്ട് നാലുപാടും നോക്കിക്കൊണ്ടിരിക്കും. ഇരതേടാത്തപ്പോഴും നാവടക്കിവയ്ക്കുന്ന ശീലം ഇവയ്ക്ക് കുറവാണ്. അതുകൊണ്ട് പൂത്താങ്കീരികളുടേയും കരിയിലക്കിളികളുടേയും കണ്ണുവെട്ടിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. സാധാരണക്കാർക്ക് പൂത്താങ്കീരിയും കരിയിലക്കിളിയും രണ്ടുജാതി പക്ഷികളാണെന്നു തിരിച്ചറിയണമെന്നില്ല. നേരിയ വ്യത്യാസമേ ഈ പക്ഷികൾ തമ്മിലുള്ളൂ.

കലപിലകലപിലയെന്ന് എപ്പോഴും ചിലച്ചുകൊണ്ട് വീട്ടുവളപ്പിലും നാട്ടിടവഴികളിലും പാടത്തും പറമ്പിലും കഴിയുന്ന ഇവയെ നാട്ടുകാർ ശ്രദ്ധിക്കാറുണ്ടെന്നുറപ്പാണ്. കേരളത്തിലെ വിവിധ പ്രദേശത്ത് ഓരോരോ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ചിതല, ചാവാലാക്ഷി, ചാണകക്കിളി, ചപ്പിലക്കുരുവി, ചിലപ്പൻകിളി എന്നിങ്ങനെ പല പേരുകളിവയ്ക്കുണ്ട്. ഓണാട്ടുകര ദേശത്ത് ഇവയെ ചിലപ്പൻ കിളിയെന്നോ കരിയിലക്കിളിയെന്നോ ആണ് വിളിക്കുക. കരിയിലകൾക്കിടയിൽ എപ്പോഴും ഇരതേടി നടക്കുന്നതിനാലാവാം കരിയിലക്കിളിയെന്നിവയ്ക്ക് പേരു വീഴാൻ കാരണം. കിലുകിലെ ചിലക്കുന്നതിനാൽ ചിലപ്പൻ കിളിയെന്നും പേരു വീണു.

കരിയിലക്കിളി
കരിയിലക്കിളിഹൈറോസ് ബീഗം

നാട്ടുകാർ വിളിക്കുന്ന പേരുകളൊക്കെ രണ്ടു ജാതിക്കും പൊതുവായുള്ളതാണ്. കാരണം രണ്ടു ജാതി പക്ഷികളുടേയും സ്വഭാവം ഏതാണ്ട് ഒരുപോലെത്തന്നെയാണ്. ഇവയെ ഹിന്ദിയിൽ ‘സാത് ഭായി’ എന്നാണ് വിളിക്കുക. ഇംഗ്ലീഷിൽ ‘സെവെൻ സിസ്റ്റേഴ്‌സ്’ എന്നും. ഹിന്ദിക്കാർ ഏഴു സഹോദരന്മാർ എന്നും ഇംഗ്ലീഷുകാർ ഏഴു സഹോദരിമാരെന്നും വിളിക്കുന്ന ഈ പക്ഷിക്കൂട്ടം ആണും പെണ്ണുമടങ്ങുന്നതാണെന്നതാണ് വാസ്തവം. മൈനയോളം വലിപ്പമുള്ള പക്ഷികളാണ് പൂത്താങ്കീരിയും കരിയിലക്കിളിയും. കരിയിലക്കിളിയുടെ ദേഹമൊട്ടാകെ കരിമ്പിച്ച തവിട്ടുനിറമാണ്. ഇവയുടെ ശബ്ദത്തിന് പൂത്താങ്കീരിയുടെ ശബ്ദത്തെക്കാൾ രൂക്ഷത കൂടുതലാണ്. ചെവി തുളക്കുന്ന ശബ്ദമെന്നു പറയാം. നാട്ടിൻപുറങ്ങളിലും വനങ്ങളിലും ഒരുപോലെയിവയെ കാണാം. പൊതുവെ വന്യതയോടു കൂടുതൽ അടുപ്പം കാണിക്കുന്ന പക്ഷികളാണിവ.

വീട്ടുവളപ്പിൽ കുറ്റിക്കാടുകളുണ്ടെങ്കിൽ അവിടെ ചുറ്റിപ്പറ്റിക്കഴിയാനാവും ഇവയ്ക്ക് കൂടുതൽ ഇഷ്ടം. കരിയിലക്കിളികളെ ഇംഗ്ലീഷിൽ JUNGLE BABBLER എന്നാണ് വിളിക്കുക. ചിലപ്പൻ കിളികളെപ്പോലെ കിടന്നു ചിലക്കാതിരിയെന്ന് എപ്പോഴും ബഹളമുണ്ടാക്കുന്നവരെ മുതിർന്നവർ ശാസിക്കാറുണ്ട്. അതുപോലെ ബ്ലാ ബ്ലാ എന്നു വെറുതെ കിടന്ന് പറയാതെന്നു ചിലരോടു പറയുന്നത് ഇവയുടെ ബാബ്ലർ എന്ന പേരിൽനിന്നു വന്നതാകാം. Turdoidests riatus എന്നാണ് കരിയിലക്കിളികളുടെ ശാസ്ത്രൂയനാമം.

പൂത്താങ്കീരികളും കരിയിലക്കിളികളും കൂട്ടമായി ഇരതേടാറുണ്ട്. എന്നാലിവ തമ്മിൽ കൂടുതൽ അടുത്തിടപഴകാറില്ല. കരിയിലക്കിളികളുടേയും പൂത്താങ്കീരികളുടേയും വിവിധ ഗ്രൂപ്പുകളുടെ കാര്യവും ഇങ്ങനെത്തന്നെയാണ്. ഒരേ ജാതിയിൽപ്പെട്ട രണ്ടും മൂന്നും കൂട്ടരൊന്നിച്ച് ഇരതേടുമെങ്കിലും ഓരോ പക്ഷിയും അവരുടെ കുടുംബത്തോടൊട്ടിച്ചേർന്നാവും നിൽക്കുക. ഇവരിൽ കുടുംബബന്ധം വളരെ ശക്തമാണ്. ഇങ്ങനെ ശക്തമായ കുടുംബബന്ധം സംരക്ഷിച്ചുള്ള പൂത്താങ്കീരികളേയും കരിയിലക്കിളികളേയും കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. ഇതിൽ തെളിഞ്ഞ ഒരു രസകരമായ കാര്യം ഒരുകൂട്ടം പക്ഷികളിൽ ഒരു ജോഡി പക്ഷി മാത്രമേ ഒരു സമയം കൂടൊരുക്കാറുള്ളൂവെന്നതാണ്. കുടുംബത്തിലെ മറ്റു പക്ഷികളെല്ലാവരും ചേർന്നാണ് സ്വന്തം കുഞ്ഞുങ്ങളെപ്പോലെ അവയെ പരിപാലിച്ച് വളർത്തി വലുതാക്കുന്നത്. കുഞ്ഞുങ്ങൾക്ക് ക്യൂ നിന്ന് മുതിർന്ന പക്ഷികൾ ഒന്നൊന്നായി വന്ന് ഊട്ടാറുള്ളതു കാണുന്നത് നിങ്ങൾക്കു രസകരമായ അനുഭവമായിരിക്കും. ഇവയുടെ ഇടയിലെ ഈ സ്വഭാവം ശക്തമായ കുടുംബബന്ധങ്ങൾ നിലനിൽക്കുന്നുവെന്നതിന്റെ തെളിവാണ്.

ശക്തി കുറഞ്ഞവരാണ് സംഘടിക്കുക. ഭീരുക്കളാണ് ആക്രമിക്കുക. ഇതൊക്കെ പ്രകൃതി നിയമങ്ങളാണ്. അധികം ഉയരത്തിൽ പറക്കാനോ വേഗത്തിൽ പറക്കാനോ

ശേഷിയില്ലാത്ത പക്ഷികളാണ് പൂത്താങ്കീരികളും കരിയിലക്കിളികളും. ശത്രുക്കളെ നേരിടാൻ പരുന്തുകൾക്കുള്ളതുപോലെയുള്ള ചുണ്ടുകളിവയ്ക്കില്ല. ശക്തിയും മൂർച്ചയുമുള്ള കാൽവിരലുകളില്ല. ദുർബ്ബലമായ ശരീരമാണെങ്കിലും നല്ല മനശ്ശക്തിയും നല്ല ഒച്ചയുമാണിവയുടെ ശത്രുക്കൾക്കെതിരെയുള്ള ആയുധം. ശത്രുക്കൾക്കെതിരെ സമൃദ്ധമായി ഇവ തങ്ങളുടെ ആയുധം പ്രയോഗിക്കും. കൂട്ടമായി കഴിയുന്നതുകൊണ്ട് ശത്രുകളെ അവയ്ക്ക് ഒന്നിച്ചെതിർക്കാൻ കഴിയുന്നു. ശത്രുജീവികളെ കണ്ണിൽ കണ്ടാലുടനെ ഇവ കൂട്ടത്തോടെ ഉച്ചത്തിൽ കരയുകയും അവയെ തുരത്താനായി പാറിപ്പറക്കുകയും ചെയ്യും. അവയെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കും. കരിയിലക്കിളികളുടെ കൂട്ടത്തോടെയുള്ള കോലാഹലം കാണുമ്പോൾ ശത്രുജീവികൾ ഓടിപ്പോകുകയാണ് പതിവ്.

കരിയിലക്കിളികൾ സദാ ചിലച്ചുകൊണ്ടിരിക്കുന്നത് പരസ്പരമുള്ള ആശയവിനിമയമാണ്. കൂട്ടം തെറ്റാതിരിക്കാനിത് സഹായിക്കുന്നു. ഒന്നിച്ചു പറന്നുയരാനും മുന്‍പേ പോകുന്ന പക്ഷിയെ പിന്തുടരാനും അവയുടെ ശബ്ദം സഹായിക്കുന്നു. നിരന്തരം ശബ്ദിച്ചുകൊണ്ടേയിരിക്കുന്ന കരിയിലക്കിളികൾ വീട്ടുമുറ്റത്തെത്തിയാൽ വീട്ടുകാർ അതറിഞ്ഞിരിക്കും. ശബ്ദംകൊണ്ടുതന്നെ ആർക്കും തിരിച്ചറിയാൻ കഴിയുന്ന പക്ഷികളാണിവ. പക്ഷിനിരീക്ഷകർ കണ്ണുകളെക്കാളധികം തങ്ങളുടെ ചെവിയെയാണ് പക്ഷികളെ കണ്ടെത്താനായി മിക്കപ്പോഴും പ്രയോജനപ്പെടുത്തുന്നത്. പച്ചിലപടർപ്പുകളിലിരുന്ന് ഏതെങ്കിലും പക്ഷി പാടുമ്പോൾ പക്ഷി നിരീക്ഷകർ പക്ഷിയേതെന്നു തിരിച്ചറിയും. അവരവിടേയ്ക്ക് എത്തും. വസന്തകാലത്തും

വേനൽക്കാലത്തുമാണ് പക്ഷികൾ തങ്ങളുടെ പാട്ടിന്റെ വൈഭവം പൂർണ്ണതോതിൽ പുറത്തെടുക്കുക. കരിയിലക്കിളികളുടെ ശബ്ദത്തെയാരും പാക്ഷിപ്പാട്ടായി കണക്കാക്കാറില്ല. ചിലയ്ക്കലായാണ് കരുതുക. എങ്കിലും അതിനുമുണ്ടൊരു സൗന്ദര്യമെന്നാണ് എന്റെ പക്ഷം. നിലത്തുനിന്ന് വലിയ ഉയരത്തിലല്ലാത്ത മരങ്ങളുടെ തലക്കലാണിവ കൂടൊരുക്കുക. ഇവയ്ക്ക് കൂടൊരുക്കാൻ പ്രത്യേക കാലമൊന്നുമില്ല. പുൽവേരുകളും ചെറുചുള്ളികളും മറ്റും ഉപയോഗിച്ചാണ് കൂടൊരുക്കം. കൂടു കണ്ടാൽ പരന്നൊരു കോപ്പമാതിരിയിരിക്കും. കൂടിനു വലിയ ഭംഗിയുണ്ടാകില്ല. നാലു മുട്ടകളെങ്കിലും കൂട്ടിലുണ്ടാകും. ഭംഗിയുള്ള നീല മുട്ടകളാണിവയുടേത്. പക്ഷിപഠനം പ്രകൃതിയിലേക്കുള്ളൊരു ജാലകമാണ് നമുക്കു തുറന്നുതരുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com