

സ്വാതന്ത്ര്യത്തിന്റേയും നീതിയുടേയും പ്രകാശമാനമായ ശബ്ദം'' എന്നു വിശേഷിപ്പിക്കപ്പെടുന്ന അരുന്ധതി റോയിക്ക് ഇക്കൊല്ലത്തെ പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കുന്നതിലൂടെ ''ധിഷണാപരമായി അസാധാരണ നിശ്ചയദാര്‍ഢ്യതയെയാണ്'' ആദരിക്കുന്നതെന്നു രേഖപ്പെടുത്തപ്പെടുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ അറുപത്തിരണ്ടുകാരിയായ ആ എഴുത്തുകാരി കടന്നുവന്ന വഴികള്‍, വൈതരണികള്‍, വിഘ്നങ്ങള്‍ ഏതൊക്കെയാണെന്ന് എണ്ണിപ്പറയാനാവാത്തവിധം അനവധിയാണ്. റോയല്‍ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിലെ ഓണററി ഫെല്ലോയായ റൂത്ത് ബോര്‍ത്തിവ്ക്ക് പ്രശസ്ത അഭിനേതാവായ ഖാലിദ് അബ്ദുള്ള, കവിയായ റോജര്‍ റോബിന്‍സണ്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പിന്റര്‍ പുരസ്‌കാരത്തിനായി അരുന്ധതി റോയിയെ തിരഞ്ഞെടുത്തത്. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ബ്രിട്ടനിലെ പ്രമുഖ നാടകരചയിതാവായ ഹാരോള്‍ഡ് പിന്ററുടെ സ്മരണാര്‍ത്ഥമാണ്, ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
ദ ഗോഡ് ഓഫ് ദ സ്മോള്‍ തിങ്‌സ്' എന്ന നോവലിലൂടെ സാഹിത്യപ്രപഞ്ചത്തില്‍ മുദ്ര പതിപ്പിച്ച അരുന്ധതി റോയി നോവല്‍ എഴുത്തില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. തന്റെ ജീവിതപരിസരത്തില്‍ നടക്കുന്ന കരാളമായ ഹിംസാത്മകതയെ കണ്ടെത്തി അതിനെ ചാട്ടുളിപോലെ മൂര്‍ച്ചയുള്ള വാക്കുകള്‍കൊണ്ട് അവര്‍ അരിഞ്ഞുനുറുക്കി.
'ദ ഗോഡ് ഓഫ് ദ സ്മോള്‍ തിങ്‌സ്' എന്ന നോവലിലൂടെ സാഹിത്യപ്രപഞ്ചത്തില്‍ മുദ്ര പതിപ്പിച്ച അരുന്ധതി റോയി നോവല്‍ എഴുത്തില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. തന്റെ ജീവിതപരിസരത്തില്‍ നടക്കുന്ന കരാളമായ ഹിംസാത്മകതയെ കണ്ടെത്തി അതിനെ ചാട്ടുളിപോലെ മൂര്‍ച്ചയുള്ള വാക്കുകള്‍കൊണ്ട് അവര്‍ അരിഞ്ഞുനുറുക്കി. പിന്റര്‍ കമ്മിറ്റി വിശേഷിപ്പിച്ചതുപോലെ യാതൊരുവിധ ദാക്ഷിണ്യവുമില്ലാതെ അവയെ അവര്‍ കൈകാര്യം ചെയ്തു. വര്‍ത്തമാനകാലത്തെ ആവരണം ചെയ്തുനില്‍ക്കുന്ന കാപട്യങ്ങളില്‍നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞുനില്‍ക്കാന്‍ ധീരയായതുകൊണ്ടുമാത്രമാണ്, ഇന്ത്യയുടെ അണ്വായുധ പരീക്ഷണത്തേയും കശ്മീരില്‍ നടക്കുന്ന മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങളേയും തുറന്നുകാണിക്കാന്‍, രാജാവ് നഗ്‌നനാണെന്നു പറയാന്‍ അവര്‍ക്കു സാധിച്ചത്. സിദ്ധാര്‍ത്ഥ ദേബു(Siddartha Deb)മായി സംസാരിക്കവെ അവര്‍ പറഞ്ഞു: ''ഏവരും ശ്രദ്ധിക്കപ്പെട്ട ഒരു പുസ്തകം രചിക്കുകയും തുടര്‍ന്ന് വീണ്ടും ഒരെണ്ണം എഴുതുകയും ചെയ്ത് ഒരു 'പ്രഫഷണല്‍ റൈറ്ററായി' ജീവിക്കാന്‍ ഞാന്‍ അഭിലഷിക്കുന്നില്ല. പ്രശസ്തയാണെന്നും അതിനു കാരണമായത് ആവര്‍ത്തിച്ച് സാഹിത്യരചനയില്‍ മുഴുകി ജീവിക്കണമെന്നാണ് ഏവരും എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ആ വഴിയിലൂടെ സഞ്ചരിക്കേണ്ടിവരുമോയെന്ന് എനിക്ക് ഭീതിയുമുണ്ട്. അങ്ങനെ കാലത്തിലൂടെ നടന്ന് സ്വയം മരവിക്കുക. വലിയ ഭാരമുള്ള ബാഗേജ് വേണ്ട എനിക്ക്. ലളിതമായി യാത്ര ചെയ്യാനാണ് എനിക്കിഷ്ടം.'' ആ യാത്ര പക്ഷേ, ദുര്‍ഘടപൂര്‍ണമായി. തന്റെ ഇച്ഛകള്‍, അഭിപ്രായങ്ങള്‍, നിരീക്ഷണങ്ങള്‍ മുഖത്തടിക്കുംവിധം രേഖപ്പെടുത്തിയതിലൂടെ. അങ്ങനെയല്ലായിരുന്നുവെങ്കില്‍, പതിന്നാല് കൊല്ലങ്ങള്‍ക്കു മുന്‍പ് സി.എ.എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സിറ്റിസണ്‍ഷിപ്പ് അമന്റ്‌മെന്റ് ആക്ടിനെക്കുറിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ പങ്കെടുത്തു നടത്തിയ നിരീക്ഷണം അവരെ നശിപ്പിക്കാനുള്ള ആയുധമാക്കാന്‍ ഭരണകൂടം തയ്യാറാകുമായിരുന്നില്ല. സുപ്രീംകോടതി വിലക്കിയ സാഹചര്യത്തില്‍ എതിര്‍പ്പിനെ നേരിടാന്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള (Unlawful Activities Prevention Act) എന്ന നിയമമാണ്. അതുപയോഗിച്ച് അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ജാമ്യം പോലും നിഷേധിക്കപ്പെടുന്നു. 'ഭീമ കൊറെഗാവ് ഗൂഢാലോചന' എന്ന പേരില്‍ അറിയപ്പെടുന്ന ആഭാസനാടകത്തില്‍പെട്ടവരെല്ലാം, മരണത്തിലൂടെ രക്ഷപ്പെട്ട സ്റ്റാന്‍സാമിയെന്ന ജൂതപുരോഹിതനൊഴികെ എല്ലാവരും തടവിലാണ്. അരുന്ധതി റോയിയുടേയും പ്രൊഫസറായിരുന്ന ഹുസൈന്റേയും കുറ്റപത്രം തയ്യാറാക്കാന്‍ ഡല്‍ഹി ഗവര്‍ണര്‍ സക്സേന നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അതനുസരിച്ച് ഭരണകൂടം മുന്നോട്ടുപോകുമോ? വ്യക്തിസ്വാതന്ത്ര്യത്തേയും സ്വതന്ത്രാഭിപ്രായത്തേയും ഞെക്കിക്കൊല്ലുന്നതായിരിക്കും ആ നടപടി. അതിനെതിരെ, ഇതിനകം വ്യാപകമായി പ്രതിഷേധശബ്ദം ഉയര്‍ന്നിരിക്കുകയാണ്. റൊമിള ഥാപര്‍ (ചരിത്രം). നന്ദിനി സുന്ദര്‍ (വിദ്യാഭ്യാസം), അമിത് ബാദുരി (ധനതത്ത്വശാസ്ത്രം), യോഗേന്ദ്ര യാദവ് (പൊതുപ്രവര്‍ത്തനം), കുമാര്‍ കേത്കര്‍ (മുന്‍ എം.പി.), സി.ഡി. പരേവ് (റിട്ടയേര്‍ഡ് ജഡ്ജി), തുഷാര്‍ ഗാന്ധി (പൊതുരംഗം), എം.പി.എസ്. ഈശ്വര്‍ (മുന്‍ വി.സി.), ടി. ഗോപാല്‍ സിംഗ് (മുന്‍ ജഡ്ജി) തുടങ്ങി ഇരുന്നൂറില്‍പ്പരം പ്രമുഖ വ്യക്തികള്‍ പുറപ്പെടുവിച്ച പ്രതിഷേധ പ്രസ്താവനയില്‍ അരുന്ധതിയേയും ഹുസൈനേയും തടവിലാക്കുന്നത് സാധാരണ നീതിക്കും നിയമത്തിനും വിരുദ്ധ നടപടിയാണെന്നും സ്വതന്ത്രമായ അഭിപ്രായപ്രകടനം തടയുന്നത് അവസാനിപ്പിച്ച് ഗവര്‍ണറുടെ ഉപദേശം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
അക്രമം കുത്തിപ്പൊക്കാന്‍ പ്രേരണ നല്‍കുന്നതല്ല റോയിയുടെ നിരീക്ഷണമെന്ന ആ പ്രസ്താവനയില്‍ അടിവരയിട്ട് വ്യക്തമാക്കുന്നു. (നിരങ്കുശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉപാസകരെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിലെ ബുദ്ധിജീവികള്‍ ഇതൊന്നും കണ്ടിട്ടില്ലെന്നാണ് തോന്നുന്നത്).
അരുന്ധതി റോയിയും ഗദ്യത്തിന്റെ രാഷ്ട്രീയവും എന്ന തലക്കെട്ടില്‍ സിദ്ധാര്‍ത്ഥ ദേബ് എഴുതിയ 'രാഷ്ട്രത്തിന്റെ കവാടത്തില്‍ ഒരു വിശ്വാസഘാതക'യെന്ന് വിശേഷിപ്പിക്കുന്ന ലേഖനം അവരുടെ വ്യക്തിത്വത്തിലേക്കുള്ള ജാലകമാണ്. 'ദ ഗോഡ് ഓഫ് സ്മാള്‍ തിംഗ്‌സി'നു ശേഷം വേറൊന്നും എഴുതിയില്ലല്ലോയെന്ന് പലരും ചോദിക്കുമ്പോള്‍, സാഹിത്യേതര വിഷയങ്ങളെക്കുറിച്ച് എഴുതിയതൊന്നും സാഹിത്യമല്ലെന്നാണോ അവര്‍ കരുതുന്നതെന്ന് എനിക്കു മനസ്സിലായിട്ടില്ല. അതുകൊണ്ട് അത്തരക്കാരെ ഒഴിവാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത് എന്ന് ദേബുമായി സംസാരിക്കവെ അരുന്ധതി റോയി പറഞ്ഞു.
പേനയുടെ സമരമുഖങ്ങള്‍
ലോദി ഗാര്‍ഡന് (ഡല്‍ഹി) എതിരെയുള്ള ജോര്‍ബാഗിലെ വസതിയില്‍വച്ചാണ് അവരെ ദേബ് സന്ദര്‍ശിക്കുന്നത്. അംബേദ്കര്‍ എഴുതിയ 'അനിഹിലേഷന്‍ ഒഫ് കാസ്റ്റ്' എന്ന കൃതിക്ക് ആമുഖം രചിക്കാനുള്ള തയ്യാറെടുപ്പ് അരുന്ധതി റോയിയെ അംബേദ്കറിലേക്കും മഹാത്മാഗാന്ധിയിലേക്കും എത്തിച്ചു. 'ദ ഡോക്ടര്‍ ആന്റ് ദ സെയിന്റ്' എന്ന ഒരു ചെറുകൃതിയായിരുന്നു അതിന്റെ പരിണാമമായത്. ജാതിയെ നശിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം അതിലൂടെ അവര്‍ ഉയര്‍ത്തുന്നു. വര്‍ണാശ്രമത്തെ അനുകൂലിച്ചതുവഴി ജാതിയുടെ വക്താവാകുകയാണ് ഗാന്ധിജിയെന്ന് സൂചിപ്പിക്കവെ അവര്‍ എഴുതുന്നു: നമ്മുടെ ചക്രവാളത്തിലെ നക്ഷത്രങ്ങളെ മാറ്റിപ്പാര്‍പ്പിക്കാതെ ജാതിയെ നശിപ്പിക്കുക അസാദ്ധ്യമാണ്. തീക്ഷ്ണവും നിശിതവുമായി ബ്രാഹ്മണ്യത്തെ എതിര്‍ക്കാന്‍, അതിന്റെ ശത്രുക്കളെന്ന് അവകാശപ്പെടുന്ന വിപ്ലവകാരികള്‍ തയ്യാറാവണം. മുതലാളിത്തത്തെ എതിര്‍ക്കുന്നതിനെക്കാള്‍ തീക്ഷ്ണമാവണം ആ എതിര്‍പ്പ്. ഒപ്പം ദാദാസാഹിബ് അംബേദ്കറുടെ രചനകള്‍ പഠിക്കേണ്ടിയിരിക്കുന്നു. അല്ലെന്നിരിക്കില്‍ ഹിന്ദുസ്ഥാനിലെ രോഗികളെന്ന വിശേഷണവുമായി നമുക്ക് ജീവിക്കേണ്ടിവരും. ''അംബേദ്കറുടെ പൊതുജീവിതത്തിലെ ജയങ്ങളും തോല്‍വികളും ആഴത്തില്‍ പരിശോധിക്കുന്ന ആ കൃതിയില്‍, ഇന്ത്യയുടെ ഭരണഘടനാ ശില്പിയെന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ജാതി ഇല്ലാതാക്കാന്‍ താന്‍ ആവിഷ്‌കരിച്ച വ്യവസ്ഥകള്‍ അതില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ലെന്ന ഖേദം അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അതിനൊരു പ്രതിവിധിയെന്ന നിലയ്ക്കായിരുന്നു, രണ്ടാം ഭാര്യയായ ബ്രാഹ്മണ സ്ത്രീയും അനുയായികളുമായി ബുദ്ധമതം സ്വീകരിച്ചതെന്ന് ആ കൃതിയില്‍ പറയുന്നു.
''ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ എഴുത്തുകാരിയാണ് അരുന്ധതി റോയി. അവരുടെ ആദ്യ നോവലായ 'ദ ഗോഡ് ഓഫ് സ്മാള്‍ തിംഗ്‌സ്' 1977-ല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് അന്‍പതു വയസ്സായിരുന്നു. ഉപഭോക്തൃ സമൂഹത്തിന്റെ ഉദ്ഘാടനം കൂടിയായി അത്. ബ്രാന്റ് ഇന്ത്യയുടെ പ്രതിനിധിയായി ചിത്രീകരിക്കപ്പെട്ട അവരുടെ നോവല്‍ ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു. തുടര്‍ന്ന് ബുക്കര്‍ സമ്മാനം കരസ്ഥമാക്കിയ ആ നോവലിന്റെ അറുപതു ലക്ഷം കോപ്പികളാണ് വിറ്റത്.'' ലേഖനം ഇങ്ങനെ തുടരുന്നു: ''പെട്ടെന്നായിരുന്നു സാഹിത്യേതര വിഷയങ്ങളിലേയ്ക്ക് അവര്‍ തിരിഞ്ഞത്. നിരവധി അണുവായുധ പരീക്ഷണങ്ങള്‍ ബി.ജെ.പി ഗവണ്‍മെന്റ് നടത്തിയതിനെ, ഹൈന്ദവത്വത്തിന്റെ പ്രതിനിധികളായി കരുതുന്നവര്‍ പുകഴ്ത്തുകയുണ്ടായി. സമൂഹത്തിലെ മദ്ധ്യവര്‍ഗ്ഗ വിഭാഗക്കാരായിരുന്നു അവരില്‍ ഭൂരിപക്ഷവും. 'ദി എന്‍ഡ് ഓഫ് ഇമാജിനേഷന്‍' എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനം എഴുതിയാണ് അതിനോട് അവര്‍ പ്രതികരിച്ചത്. പ്രമുഖ ഇംഗ്ലീഷ് ആനുകാലികമായ 'ഔട്ട്ലുക്കി'ല്‍ പ്രസിദ്ധീകരിച്ച ആ ലേഖനം പരിഭാഷപ്പെടുത്തി 'മലയാളം വാരിക'യില്‍ പ്രസിദ്ധീകരിച്ചു. അതിനുള്ള അവകാശം കിട്ടുന്നതിനായി എറണാകുളത്ത് താമസിക്കുന്ന സഹോദരന്റെ വസതിയില്‍ വന്ന അരുന്ധതി റോയിയെ സന്ദര്‍ശിക്കുകയുണ്ടായി. പ്രതിഫലമൊന്നുമില്ലാതെ ആ ലേഖനം പ്രസിദ്ധീകരിക്കാന്‍ അവര്‍ സന്തോഷത്തോടെ അനുമതി നല്‍കി. രാഷ്ട്രീയ കാര്യങ്ങളോട് സ്വന്തം നിലയില്‍ അവര്‍ പ്രതികരിച്ചു തുടങ്ങിയത് ആ ലേഖനത്തോടുകൂടിയായിരുന്നു.
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തിരുന്ന സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ ഈ ലേഖനത്തോടെ അവരില്‍നിന്ന് അകന്നുമാറി. അതേസമയം പുതിയ വായനക്കാര്‍, ഇടത്തരക്കാരും കീഴ്ത്തട്ടിലുള്ളവരും അവരുടെ വായനക്കാരുമായി. അരുന്ധതി റോയി പങ്കെടുക്കുന്ന സിംപോസിയങ്ങളില്‍ സ്ഥിരം ശ്രോതാക്കളായി ആ വിഭാഗത്തില്‍പ്പെട്ടവര്‍. ഏതാണ്ട് പതിനഞ്ച് കൊല്ലം പിന്നിടുന്നു, സാഹിത്യേതര വിഷയങ്ങളിലുള്ള അവരുടെ ഇടപെടലുകള്‍ തുടങ്ങിയിട്ട്. നര്‍മദാ അണക്കെട്ട് പ്രശ്‌നത്തില്‍ അവര്‍ ഇടപെട്ടത് വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു. അണക്കെട്ട് നിര്‍മ്മാണത്തിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ സജീവയായ അരുന്ധതി റോയി, അണക്കെട്ട് നിര്‍മ്മാണത്തിന് അനുമതി നല്‍കിയ കോടതിയെ വിമര്‍ശിച്ചു. തുടര്‍ന്ന് അവരുള്‍പ്പെട്ട പ്രതിഷേധക്കാര്‍ക്കെതിരെ നടപടികളെടുത്തു. ആ നടപടികള്‍ പിന്‍വലിക്കണമെന്ന അവരുടെ അഭ്യര്‍ത്ഥന സ്വീകരിച്ചെങ്കിലും അഭ്യര്‍ത്ഥനയില്‍ ഉപയോഗിച്ച വാക്കുകള്‍ മൂര്‍ച്ചയുള്ളതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് രണ്ടായിരം രൂപ പിഴ ഉള്‍പ്പെടെ ഒരു ദിവസത്തെ തടവിന് അവര്‍ ശിക്ഷിക്കപ്പെട്ടു. തിഹാര്‍ ജയിലിലായിരുന്നു അവരെ പാര്‍പ്പിച്ചത്, ബി.ബി.സി ഡോക്യുമെന്ററിയാക്കി പ്രദര്‍ശിപ്പിച്ചിരുന്നു.
'ദ സൈലന്‍സ് ഈസ് ദ ലൗഡസ്റ്റ് സൗണ്ട്' (The Silence is the loudest Sound) എന്ന ലേഖനത്തില്‍ കശ്മീരികള്‍ അഭിമുഖീകരിക്കുന്ന അസ്തിത്വപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവര്‍ എഴുതുന്നു: ''കഴിഞ്ഞ മുപ്പതു കൊല്ലമായി അവരോട് ഇന്ത്യ പുലര്‍ത്തുന്ന നിലപാട് ഗര്‍ഹനീയമാണ്. എഴുപതിനായിരത്തില്‍പ്പരം ആളുകളാണ് ഈ കാലഘട്ടത്തിനിടയില്‍ കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിനാളുകള്‍ അപ്രത്യക്ഷരായി. താഴ്വരയില്‍ നിര്‍മ്മിച്ചിട്ടുള്ള ടോര്‍ച്ചര്‍ ചേംബറുകളില്‍ കയറി ഇറങ്ങിയവര്‍ പതിനായിരങ്ങള്‍.''
നരേന്ദ്ര മോദിയുടെ അധികാര ആരോഹണം ഹിന്ദു സ്വേച്ഛാധിപത്യത്തിനു പ്രത്യക്ഷ ദൃഷ്ടാന്തമാണെന്ന് അരുന്ധതി റോയി തുറന്നെഴുതുന്നു. അത് ഒരുതരം ഫാസിസമാണ് - അവര്‍ എഴുതി. ഇന്ത്യയില്‍ ചിരകാലമായി പുലരുന്ന അസമത്വത്തിന്റെ നേര്‍ക്കു വിരല്‍ചൂണ്ടവെ, മുതലാളിത്തവിരുദ്ധവും കോര്‍പറേറ്റ് രാഷ്ട്രീയ ഇടപെടലും സാമൂഹ്യജീവിതത്തെ കീറിമുറിക്കുന്നു. നൂറുകോടി ജനങ്ങളില്‍ നൂറുപേരുടെ കൈകളില്‍ രാഷ്ട്രത്തിന്റെ സമ്പത്ത് ചെന്നുചേര്‍ന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി മുകേഷ് അംബാനിയുടെ വ്യവസായലോകത്തെ അവര്‍ എടുത്തുകാണിക്കുന്നു. ഇരുന്നൂറുകോടി ഡോളറിന്റെ ആസ്തികള്‍ വ്യക്തിപരമായി അദ്ദേഹത്തിനുള്ളതിനു പുറമെയാണ് സഹസ്രകോടികളുടെ മൂലധനശേഷിയുള്ള റിലയന്‍സ് കമ്പനി നിലനില്‍ക്കുന്നത്.
കശ്മീരിന്റെ സ്വാതന്ത്ര്യത്തെ പരോക്ഷമായി അവര്‍ പിന്താങ്ങുകയാണെന്ന ആരോപണം ഉയര്‍ന്നുവന്നെങ്കിലും താന്‍ പിന്തുടരുന്ന മാനുഷികമായ നിലപാടുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നു മാത്രമല്ല, അതിനുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഒരുക്കമാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുസ്ലിം സമുദായത്തിനെതിരെ 2002-ല്‍ ഗുജറാത്തില്‍ നടന്ന ആക്രമണവും ലണ്ടന്‍ ആസ്ഥാനമായ വേദാന്ത കോര്‍പറേഷന് ഒറീസ്സയില്‍ ബോക്സൈറ്റ് ഖനനത്തിന് അനുമതി നല്‍കിയതും നക്സലൈറ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതും അവരുടെ നിശിതമായ വിമര്‍ശനത്തിനു വിധേയമായി. അതിനു പിന്നാലെയാണ് കശ്മീര്‍ സന്ദര്‍ശിച്ച അവര്‍, അവിടെ നടക്കുന്ന മനുഷ്യത്വദ്രോഹ പ്രവര്‍ത്തനങ്ങളെപ്പറ്റി എഴുതിയത്. കശ്മീരിന്റെ സ്വാതന്ത്ര്യത്തെ പരോക്ഷമായി അവര്‍ പിന്താങ്ങുകയാണെന്ന ആരോപണം ഉയര്‍ന്നുവന്നെങ്കിലും താന്‍ പിന്തുടരുന്ന മാനുഷികമായ നിലപാടുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നു മാത്രമല്ല, അതിനുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഒരുക്കമാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പണവും പ്രശസ്തിയുമല്ല, മനസ്സാക്ഷി അനുസരിച്ച് ജീവിക്കുകയാണ് ആവശ്യമെന്ന് അവര്‍ വിശ്വസിക്കുന്നു. ആ നിലപാടില്‍നിന്ന് ഉദ്ഭൂതമാകുന്ന ആത്മധൈര്യം കെടാത്ത ദീപമായി അവരില്‍ ജ്വലിച്ചുനില്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
