ബെല്ലെ എപോക്ക്: ഫ്രഞ്ച് ചരിത്രത്തിലെ അവിസ്മരണീയമായ ഏട്

Image of card
ബെല്ലെ എപോക്ക്സമകാലിക മലയാളം വാരിക
Updated on
10 min read

ഫ്രാൻസ് വൈരുദ്ധ്യങ്ങളുടേയും അത്ഭുതങ്ങളുടേയും നാടാണ് - വിപ്ലവവും പ്രതിവിപ്ലവവും ബൂർഷ്വാസിയും തൊഴിലാളിയും സമത്വവും അസമത്വവുമെല്ലാം അവിടെ തോളുരുമ്മി നിൽക്കുന്നു. ഫ്രെഞ്ചുകാരാവട്ടെ, കലഹപ്രിയരും മരണത്തോടുപോലും കലഹിക്കുന്നവർ. സാർത്രിന്റെ വിലാപയാത്രയിൽ പങ്കെടുത്തവർ പറഞ്ഞത് ഓർമയില്ലേ: “ഞങ്ങൾ അദ്ദേഹത്തിന്റെ മരണത്തിൽ പ്രതിഷേധിക്കുന്നു” (Simon Kuper, Impossible City, Paris in the Twenty First Century)! രാഷ്ട്രീയബോധ്യത്തിലും അവർ മുന്നിൽത്തന്നെ. പക്ഷേ, സ്വന്തം പാർട്ടിക്കൂറിനെക്കുറിച്ച് ഒരക്ഷരം വെളിപ്പെടുത്തില്ല.

അതിനെക്കുറിച്ച് ചോദിച്ചാൽ ഉത്തരം ഇതാ: “അതിൽ രഹസ്യമായൊന്നുമില്ല, പക്ഷേ, വെളിപ്പെടുത്താനാവില്ല!” ഒരേ വീട്ടിൽ കഴിയുന്നവർക്കുപോലും അത് പരസ്പരം അറിയില്ല (Gertrude Stein, Paris France)! സാമൂഹ്യശാസ്ത്രജ്ഞരുടെ ഭാഷയിൽ പറഞ്ഞാൽ, ഫ്രാൻസ് പരസ്പരവിശ്വാസം തീരെയില്ലാത്തൊരു സമൂഹമാണ്. അതേസമയം, പ്രതിസന്ധിഘട്ടങ്ങളെ അവർ ഒന്നിച്ചുനിന്ന് നേരിടുകയും അതിജീവിക്കുകയും ചെയ്യുന്നു. “സ്വയം നവീകരിക്കാനുള്ള ഫ്രെഞ്ച് ജീനിയസിന്റെ കഴിവ്” എന്നാണ് ഇതിനെക്കുറിച്ച് ഷാൾ ഡി ഗോൾ (Charles de Gaulle) പറയുന്നത്. അത്തരമൊരു ചരിത്രാനുഭവത്തെക്കുറിച്ചാണ് ഈ ലേഖനം, ‘സുവർണകാലം’ (1875 - 1925) എന്ന് ചരിത്രം വിശേഷിപ്പിക്കുന്ന ബെല്ലെ എപോക്കിനെക്കുറിച്ച് (Belle Epoque).

Image of Eiffel tower
ഈഫല്‍ ടവര്‍ എഎഫ് പി

പശ്ചാത്തലം

ഫ്രാങ്കോ - പ്രഷ്യൻ യുദ്ധത്തിലെ ( 1870 - 1871) ഫ്രാൻസിന്റെ പരാജയവും പാരീസ് കമ്യൂണും (18 മാർച്ച് - 28 മേയ് 1871) പാരീസിന്റെ ആധുനികവല്‍ക്കരണവുമാണ് ബെല്ലെ എപോക്കിന്റെ പശ്ചാത്തലം. ഫ്രെഞ്ച് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ആദ്യത്തേത്, ചിരവൈരികളായ പ്രഷ്യാക്കാരോട് പരാജയപ്പെടുകയും നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തി അവരുടെ പിടിയിൽപ്പെടുകയും ചെയ്തു. യുദ്ധം അവസാനിച്ച് ആറാഴ്ച കഴിഞ്ഞാണ് പാരീസ് കമ്യൂണിന്റെ വരവ്. 71 ദിവസം പാരീസ് വിപ്ലവകാരികളുടെ കയ്യിൽ അകപ്പെട്ടു. ഒടുവിൽ 30,000 പേരെ വധിച്ചതിനുശേഷമാണ് സൈന്യം നഗരം തിരിച്ചുപിടിക്കുന്നത്. “നിഷ്ഠുരം. പാലങ്ങൾക്കു കീഴിൽ ശവക്കൂമ്പാരങ്ങൾ, റോഡുകളുടെ ഇരുവശത്തും രക്തം വാർന്നൊലിക്കുന്ന കബന്ധങ്ങൾ ചിതറിക്കിടക്കുന്നു” എന്ന് എമിൽ സോള വിവരിച്ച സംഭവം. ഫ്രെഞ്ച് ജനതയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയ മറ്റൊരു മഹാദുരന്തം.

യുദ്ധത്തിൽ പരാജിതനായെങ്കിലും പാരീസിന്റെ പുനഃനിർമാണത്തിൽ വലിയ പങ്കുവഹിച്ചയാളാണ് നെപ്പോളിയൻ മൂന്നാമൻ. ഇതിനായി അദ്ദേഹം ചുമതലപ്പെടുത്തിയത് ജോർജസ് ഹൗസ്‌മാൻ (Georges Haussmann) എന്ന ഉദ്യോഗസ്ഥനേയും. ലണ്ടനെ നിഷ്‌പ്രഭമാക്കി വിനോദത്തിന്റേയും വിശ്രമത്തിന്റേയും ലോക തലസ്ഥാനമാക്കി പാരീസിനെ മാറ്റുക, ഒപ്പം മുൻകാലങ്ങളിലേതുപോലുള്ള പ്രക്ഷോഭങ്ങൾക്കും അട്ടിമറികൾക്കുമുള്ള സാധ്യതകൾ ഇല്ലാതാക്കുക. ഇതായിരുന്നു പുനഃനിർമാണത്തിന്റെ ലക്ഷ്യം. ഹൗസ്‌മാൻ ഇത് അക്ഷരാർത്ഥത്തിൽ നിറവേറ്റി.

അദ്ദേഹം, വളഞ്ഞുപുളഞ്ഞ ഇടുങ്ങിയ റോഡുകളുടേയും ഇടനാഴികളുടേയും മധ്യകാല എടുപ്പുകളുടേയും സ്ഥാനത്ത് വീതികൂടിയ രാജവീഥികളും ഉരുക്കും ഗ്ലാസ്സും ഉപയോഗിച്ചുള്ള മഹാസൗധങ്ങളും നിർമിച്ചു; ശുദ്ധജല വിതരണവും ഡ്രെയ്‌നേജ് സൗകര്യവും പാർക്കുകളും ഒരുക്കി; 200 കിലോമീറ്ററോളം വരുന്ന പുതിയ റോഡുകളും 34,000 പുതിയ കെട്ടിടങ്ങളും 2,15,000 അപ്പാർട്ടുമെന്റുകളും നിർമിച്ചു. ഇതിൽ നാലു തിയേറ്ററുകളും 15 പള്ളികളും 70 സ്കൂളുകളും ആറു ബാരക്കുകളും അത്രയും തന്നെ ടൗൺഹാളുകളും രണ്ടു റെയില്‍വേ സ്റ്റേഷനുകളും ഉൾപ്പെട്ടിരുന്നു (Patrice Higonnet, Paris, Capital of the World). നഗരവീഥികൾ പലതും പട്ടാളക്ക്യാമ്പുകളെ ബന്ധിപ്പിക്കുന്നതും സുഗമമായ സൈനികനീക്കത്തിനും പീരങ്കി പ്രയോഗത്തിനും ഉതകുംവിധം വിശാലവും സ്‌ട്രെയിറ്റുമയിരുന്നു എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. വിപ്ലവത്തിന്റെ നാട്ടിൽ അത്തരത്തിൽ ഒന്ന് ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഹൗസ്‌മാൻ ഒരുക്കി എന്നർത്ഥം. വാഹനഗതാഗതവും ആൾസഞ്ചാരവും വാണിജ്യവും (തെരുവുവാണിഭം ഉൾപ്പെടെ) സുഗമമാക്കി എന്നതാണ് ഇതിന്റെ മറുവശം.

എന്നാൽ, ഈ മോടിപിടിപ്പിക്കലിൽ തൊഴിലാളികളും സാധാരണക്കാരും കുടിയിറക്കപ്പെടുകയും അവർ ചേരികളിലേയ്ക്ക് ചേക്കേറാൻ നിർബന്ധിതരാവുകയും ചെയ്തു എന്ന വസ്തുതയും അവശേഷിക്കുന്നു. ഫലമോ, വ്യത്യസ്ത ജനവിഭാഗങ്ങൾ ഒരുമിച്ചു കഴിഞ്ഞിരുന്നതിന്റെ സ്ഥാനത്ത് പാരീസ് ഒരു ബൂർഷ്വാ, മധ്യവർഗ നഗരമായി മാറി. തൊഴിലിന്റേയും സാമ്പത്തികശേഷിയുടേയും അടിസ്ഥാനത്തിലുള്ള അയൽപക്കങ്ങൾ ഇതോടെ രൂപപ്പെട്ടു. ഇത്തരം മാറ്റങ്ങളുടെ അകമ്പടിയോടെയാണ് ബെല്ലെ എപോക്കിന്റെ വരവ്.

two-young-women-with-antique-automobile-sitting
1920കളില്‍ പാരീസ് നഗരത്തില്‍ നിന്ന് afp

ബെല്ലെ എപോക്ക്

‘ഭാവിയെ’ സൂചിപ്പിക്കാൻ ഫ്രെഞ്ചു ഭാഷയിൽ രണ്ടു വാക്കുകൾ ഉപയോഗിക്കാറുണ്ട് - ഫീച്ചിയോ (Futur), അവ്‌നിയോ (Avenir). ആദ്യത്തേത് വർത്തമാനകാലത്തിന്റെ തുടർച്ചയേയും രണ്ടാമത്തേത് അതിൽനിന്ന് തുലോം വിഭിന്നമായ പുതുകാലത്തേയും സൂചിപ്പിക്കുന്നു. ബെല്ലെ എപോക്ക് രണ്ടാമത്തേതിന്റെ ഉദാഹരണമാണ്. ഫ്രാൻസിന്റെ സമസ്ത മേഖലകളേയും മാറ്റിമറിച്ച അരനൂറ്റാണ്ട്. ഗതാഗതം, വാണിജ്യം, വാസ്തുവിദ്യ, നഗരാസൂത്രണം, ശാസ്ത്ര-സാങ്കേതിക മേഖല, ഉപഭോഗ സംസ്കാരം, ഫാഷൻ, ആഡംബരം, സ്ത്രീ-പുരുഷ ബന്ധം, രാഷ്ട്രീയം, കല, സാഹിത്യം, പൊതുജനാരോഗ്യം തുടങ്ങിയവയെല്ലാം ഈ മാറ്റത്തിനു വിധേയമായി. യുദ്ധപരാജയത്തിന്റേയും കമ്യൂണിന്റെ കൊടുംക്രൂരതയിലും നിന്ന് തെന്നിമാറി സ്വയം നവീകരണത്തിന്റേയും പുതുജീവിതത്തിന്റേയും മറ്റൊരു പാതയിലേക്കുള്ള വെട്ടിത്തിരിയൽ. 1885-ഓടെ സംസ്കാരത്തിന്റേയും പരിഷ്‌കാരത്തിന്റേയും അച്ചുതണ്ടായി പാരീസ് മാറി, ലോകചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയാർന്ന തിരിച്ചുവരവ് (Peter Watson, The French Mind, 400 Years of Romance, Revolution and Renewal).

പാരമ്പര്യവും ആധുനികത്വവും മതവും ശാസ്ത്രവും തമ്മിൽ സംഘർഷത്തിന് കളമൊരുക്കിയൊരു കാലം കൂടിയാണിത്. പാരീസിലെ തിരുഹൃദയം കത്തോലിക്ക ദേവാലയവും (The Great Basilica of the Sacre - Coeur, 1919) ഈഫൽ ഗോപുരവും (1889) ഈ രണ്ടറ്റങ്ങളെ പ്രതിനിധീകരിക്കുന്നു, രണ്ട് വ്യത്യസ്ത രാഷ്ട്രീയ വീക്ഷണത്തിന്റെ പ്രതീകങ്ങൾ. പുരോഹിത വർഗത്തിനും യാഥാസ്ഥിതികർക്കും രാജവാഴ്ചയിൽ വിശ്വസിക്കുന്നവർക്കും വിപ്ലവത്തിനുമേൽ മതത്തിന്റെ വിജയത്തെ ഘോഷിക്കുന്നതാണ് ദേവാലയമെങ്കിൽ, സോഷ്യലിസ്റ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും ഫ്രെഞ്ച് വിപ്ലവത്തിന്റേയും പാരീസ് കമ്യൂണിന്റേയും തമസ്കരണമാണ് അത്. സ്വാഭാവികമായും അവർ ഉയർത്തിക്കാട്ടിയത് ഈഫൽ ഗോപുരത്തെയാണ്, വിപ്ലവത്തിന് ഊർജം നൽകിയ ശാസ്ത്രത്തിന്റേയും യുക്തിചിന്തയുടേയും ആധുനികത്വത്തിന്റേയും പ്രഖ്യാപനം.

നോത്ര ദാം ദേവാലയവും ഈഫൽ ഗോപുരവും തമ്മിലുള്ളൊരു സാങ്കല്പിക സംഭാഷണത്തിലൂടെ ഈ വ്യത്യസ്ത സമീപനങ്ങളെ ഫ്രെഞ്ച് നയതന്ത്രജ്ഞനും എഴുത്തുകാരനുമായ യുജീൻ മെൽച്ചിയർ വോഗ് രസകരമായി അവതരിപ്പിച്ചിരിക്കുന്നു : ദേവാലയം (ഗോപുരത്തോട്): നീ വിരൂപനും അർത്ഥമില്ലാത്തവനുമാണ്; ഞാൻ ലാവണ്യത്തിന്റെ ദൈവസൃഷ്ടിയാണ്... നിന്റെ ശാസ്ത്രത്തെക്കുറിച്ച് നീ അഭിമാനം കൊള്ളുന്നു; എന്നാൽ, നീ വെറും അജ്ഞനാണ്, നിനക്ക് പ്രാർത്ഥിക്കാനറിയില്ല; നിനക്ക് ആൾക്കാരെ ആശ്ചര്യപ്പെടുത്താനാവും; എന്നാൽ, ഞാൻ അവർക്ക് നൽകുന്നത് നിനക്ക് നൽകാനാവില്ല - കഷ്ടപ്പാടുകളിൽനിന്നുള്ള മോചനം... ആത്മാവില്ലാത്ത നീ വെറും ഫാന്റസി മാത്രമാണ്. ഗോപുരം: “പഴഞ്ചനും പരിത്യജിക്കപ്പെട്ടവനുമായ നിന്നെ ആരാണ് ഗൗനിക്കുന്നത്? മനുഷ്യചിന്ത എന്നിലൂടെയാണ് സഞ്ചരിക്കുന്നത്... നീ അജ്ഞതയാണ്, ഞാൻ അറിവും. നീ മനുഷ്യനെ ചങ്ങലയ്ക്കിടുന്നു, ഞാൻ അവനെ സ്വതന്ത്രനാക്കുന്നു. നിന്റെ ദൈവത്തിനെ എനിക്കാവശ്യമില്ല” (Mike Rapport, City of Light, City of Shadows, Paris in the Belle Epoque). പാരമ്പര്യവും ആധുനികത്വവും മതവും ശാസ്ത്രവും തമ്മിലുള്ള ഈ തർക്കത്തെ ഇതിലും മനോഹരമായി ആവിഷ്‌കരിക്കുക ബുദ്ധിമുട്ടു തന്നെ.

Image of paris city
പാരീസ് നഗരം JIMMY CHENG

മെട്രോയും ഡിപ്പാർട്ട്‌മെന്റ് സ്റ്റോറും

ശാസ്ത്ര-സാങ്കേതികവിദ്യയുടെ കണ്ടുപിടിത്തങ്ങൾ വലിയ തോതിൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ ജനങ്ങളുടെ ജീവിതത്തിന്റെ വേഗതയും സൗകര്യവും വർദ്ധിക്കുകയും പ്രഭുത്വവർഗത്തിന്റെ താഴ്ചയ്ക്കും ബൂർഷ്വാ-മദ്ധ്യവർഗത്തിന്റെ ഉയർച്ചയ്ക്കും വഴിവയ്ക്കുകയും ചെയ്തു. സാധാരണക്കാരുടെ ജീവിതത്തെപ്പോലും ഇതു മാറ്റിമറിച്ചു. മെട്രോ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ, വിദ്യുച്ഛക്തി, ടെലിഫോൺ, സൈക്കിൾ, മോട്ടോർ കാർ, സിനിമ, തുന്നൽ മെഷീൻ, അച്ചടിയുടെ വരവും വളർച്ചയും - എല്ലാം പ്രകൃതിയുടെമേൽ ശാസ്ത്രത്തിന്റെ, പാരമ്പര്യത്തിന്റെമേൽ ആധുനികത്വത്തിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെട്ടു.

ഇതിൽ മെട്രോയുടേയും ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിന്റേയും പങ്ക് എടുത്തുപറയേണ്ടിയിരിക്കുന്നു. 1900-ൽ ആരംഭിച്ച പാരീസ് മെട്രോ ഒരുപക്ഷേ, ഏറ്റവുമധികം ഉപകാരപ്രദമായത് സ്ത്രീകൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്കാണ്. ഇതോടെ അവർക്ക് നഗരത്തിന്റെ തലങ്ങും വിലങ്ങും വേഗത്തിലും ചുരുങ്ങിയ ചെലവിലും കൂട്ടത്തോടേയും സഞ്ചരിക്കാമെന്നായി. വീടിനു പുറത്തേയ്ക്ക്, തൊഴിലിനും ഷോപ്പിംഗിനും വിനോദത്തിനും വെറുതെ ചുറ്റിക്കറങ്ങാനുമൊക്കെ അവരെ കൊണ്ടുവന്നതിൽ സൈക്കിളിനോടൊപ്പം ഇത് വഹിച്ച പങ്ക് ചെറുതല്ല. ഇതിന്റെ ഗുണം തൊഴിലാളികൾക്കും ലഭിച്ചു. അതുവരെ പണിസ്ഥലങ്ങളിൽ തമ്പടിച്ചുകഴിഞ്ഞിരുന്ന അവർക്ക് ദിനംപ്രതി വീട്ടിൽ പോയിവരാമെന്നായി. മാത്രമല്ല, അസംസ്‌കൃത സാധനങ്ങൾ വാങ്ങി വീട്ടിലിരുന്ന് പണിയെടുത്ത് ഉല്പന്നങ്ങൾ വിതരണം ചെയ്യുന്ന രീതിയിലേക്കും കാര്യങ്ങൾ നീങ്ങി. ഉല്പാദന പ്രക്രിയയെത്തന്നെ ഇത് മാറ്റിമറിച്ചു. ഇതര യൂറോപ്യൻ രാജ്യങ്ങളിൽ വ്യവസായവല്‍ക്കരണം ശക്തിപ്പെട്ടപ്പോൾ (1900 - 1925), ഫ്രാൻസിൽ ചെറുകിട/കുടിൽ വ്യവസായങ്ങൾക്ക് പ്രചാരം ലഭിച്ചത് ‘സഞ്ചാരത്തിന്റെ ഈ ജനാധിപത്യവല്‍ക്കരണം’ മൂലമാണ്.

ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിന്റെ ആവിർഭാവമാണ് ഇക്കാലത്തെ മറ്റൊരു സവിശേഷത. ‘ആധുനിക വാണിജ്യത്തിന്റെ കത്തീഡ്രൽ' എന്ന് എമിലി സോള വിശേഷിപ്പിച്ച ഇത് പാരീസിൽ ആരംഭിക്കുന്നത് 1878-ൽ ആണ്. ഉപഭോഗസംസ്കാരം ഫ്രാൻസിൽ ശക്തിപ്രാപിക്കുന്നത് ഇതോടെയാണ്. ഫലമോ, ജനനത്തിനും പാരമ്പര്യത്തിനും പകരം ആഡംബരവും ഉപഭോഗവും വ്യക്തിയുടെ അന്തസ്സിന്റേയും സാമൂഹ്യപദവിയുടേയും ചിഹ്നമായി മാറി, ‘ആഡംബരത്തിന്റെ ജനാധിപത്യവല്‍ക്കരണം.’

രൂപകല്പനയിൽ ഗാംഭീര്യവും കാണാൻ ആകർഷകവുമായ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ തിരക്കേറിയ തെരുവുകളിലും നഗരഹൃദയത്തിലുമാണ് സ്ഥാപിതമായത്. അവയുടെ ആന്തരികഘടന തന്നെ ഉപഭോക്താക്കളെ ലോകത്തെമ്പാടുമുള്ള ആഡംബരവസ്തുക്കളെ പരിചയപ്പെടുത്താനും അവയിൽ കമ്പമുളവാക്കാനും ഉതകുംവിധമായിരുന്നു. മാളുകളിൽ നാം ഇന്നു കാണുന്നതെല്ലാം ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളിൽ അന്നേ ആരംഭിച്ചിരുന്നു എന്നർത്ഥം. ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ, ആകർഷകമായ ഡിസ്‌പ്ലേ, കാഴ്ചക്കാരിൽ ആഗ്രഹം ജനിപ്പിക്കാനുതകുന്ന ലൈറ്റിംഗ് സംവിധാനം, ഓഫ് സീസൺ സെയില്‍സ്, കാര്യക്ഷമമായ സേവനം, സാധനങ്ങൾ ചുറ്റിനടന്നു കാണാനും പരിശോധിക്കാനുമുള്ള സൗകര്യം, വിനോദങ്ങൾക്കും വിശ്രമത്തിനുമുള്ള സംവിധാനം തുടങ്ങിയവ ഇതിന്റെ പ്രത്യേകതയാണ്. കൂടാതെ വിപുലമായ പരസ്യങ്ങളും. പാരീസിലെ തെരുവോരങ്ങളും ചുവരുകളും അക്കാലത്ത് സാധനങ്ങളുടെ/കലാപരിപാടികളുടെ/സേവനങ്ങളുടെ/രാഷ്ട്രീയക്കാരുടെ പരസ്യങ്ങൾക്ക് (കു) പ്രസിദ്ധമായിരുന്നു. പരസ്യങ്ങളുടെ സ്വഭാവം വെളിപ്പെടുത്തുന്ന ഒരുദാഹരണം ഇതാ: “പൊടികൾകൊണ്ടോ കടലാസ്സുകൊണ്ടോ സിഗരറ്റുകൊണ്ടോ ഭേദപ്പെടുത്താനാവുന്നതല്ല ആസ്ത്മ. ഗിബ്ബന്റെ സർവരോഗസംഹാരിക്കു മാത്രമേ അതിനെ അതിവേഗത്തിലും സമൂലമായും മാറ്റാനാവൂ” (Rapport, City of Light). ആസ്ത്മ അക്കാലത്തു സർവസാധാരണമായിരുന്നു എന്നതും അത് ഭേദപ്പെടുത്താൻ സിഗരറ്റിനും കടലാസ്സിനും കഴിയുമെന്നു കരുതിയിരുന്നതും കൗതുകകരമായി തോന്നുന്നു.

മുകളിൽ പറഞ്ഞതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ ഒരേസമയം വാണിജ്യകേന്ദ്രങ്ങളും സാമൂഹ്യ ഇടങ്ങളുമായിരുന്നു, ഷോപ്പിംഗിനെത്തന്നെ ഒരു വിനോദമായി അതു മാറ്റി. 19-ാം നൂറ്റാണ്ടിലെ ഫ്രാൻസിൽ അസമത്വം കാര്യമായുണ്ടായിരുന്നെങ്കിലും പൊതുവെ ജീവിതനിലവാരം മെച്ചമായിരുന്നത് ഉപഭോഗസംസ്കാരത്തിന്റെ വളർച്ചയ്ക്ക് ഏറെ സഹായകമായി. ഇതിന്റെ പ്രധാന ഇരകൾ സ്ത്രീകളായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

Image of Effiel tower
ഈഫല്‍ ടവറിന്റെ വിവിധ നിര്‍മാണഘട്ടങ്ങള്‍ എഎഫ് പി

സ്ത്രീകളും പാരീസ് കാഴ്ചകളും

സ്ത്രീകൾ കൂട്ടത്തോടെ പുറംലോകത്തേയ്ക്ക് വന്നുതുടങ്ങിയ കാലമായിരുന്നു അത്. ബെല്ലെ എപോക്ക് ആധുനികത്വത്തിന്റെ കേന്ദ്രബിന്ദു അവരായിരുന്നു. അവർ ഉപഭോക്താക്കൾ മാത്രമായിരുന്നില്ല, തൊഴിലാളികളും അപൂർവമായി, എഴുത്തുകാരും പ്രൊഫഷണലുകളുമായിരുന്നു. ഉല്പാദനമേഖലയിൽ, മാധ്യമരംഗത്ത്, കലാസാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ, വിനോദരംഗത്തുമൊക്കെ അവർ ചേക്കേറാനാരംഭിച്ചു. മാഡം ക്യൂറിക്ക് നൊബേൽ സമ്മാനം ലഭിച്ചത് (1903 & 1911) ഇക്കാലത്താണെന്ന കാര്യം സ്മരണീയമാണ്. മറുവശത്ത്, രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും പ്രത്യേകിച്ച് വിദ്യാഭ്യാസത്തിലും തൊഴിലിടങ്ങളിലും തുല്യത, നിയമ പരിഷ്‌കാരങ്ങൾ, വോട്ടവകാശം, സ്വത്തവകാശം, ശിശുസംരക്ഷണം, സ്ത്രീസുരക്ഷയും ക്ഷേമവും തുടങ്ങിയവയ്ക്കായുള്ള മുന്നേറ്റങ്ങളിൽ, അവർ സജീവമായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഫ്രെഞ്ച് രാഷ്ട്രീയത്തേയും സമൂഹത്തേയും ജനാധിപത്യവല്‍ക്കരിക്കുന്നതിൽ അവർ വഹിച്ച പങ്ക് ഗണനീയമാണ് (Karen Offen, Debating the Woman Question in the French Third Republic, 1870 - 1920).

സ്ത്രീപദവിയിലുണ്ടായ ഈ മാറ്റത്തിൽ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ വഹിച്ച പങ്കും നിർണായകമാണ്. സ്ത്രീകൾ ഒരേസമയം അവയുടെ ഇടപാടുകാരും തൊഴിലാളികളുമായി - സ്ത്രീകളുടെ മെട്രോപോളിസ്. സാധനങ്ങൾ വാങ്ങാൻ മാത്രമല്ല, വെറുതെ വിൻഡോ ഡിസ്‌പ്ലേ കാണാനും അവർ എത്തി. സ്ത്രീകളും ഉപഭോഗവസ്തുക്കളും തമ്മിലുള്ള ബന്ധം മാറിവരുന്നതിനെക്കുറിച്ച് സോള ചില ശ്രദ്ധേയമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു നോവലിലെ കഥാപാത്രം ഇക്കാര്യത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: “സ്ത്രീകളെ ആകർഷിക്കാനും അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന സാധനങ്ങൾ കണ്ട് അന്ധാളിച്ചു നിൽക്കുന്ന അവരെ വിലപേശലിലൂടെ തളച്ചിടാനും ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ പരസ്പരം മത്സരിച്ചു” (Emile Zola,The Ladies’ Paradise).

സ്ത്രീകളുടെ പ്രധാന തൊഴിലിടങ്ങളുമായിരുന്നു ഇത്തരം സ്ഥാപനങ്ങൾ, ഒന്നാം ലോകയുദ്ധ കാലത്ത് വിശേഷിച്ചും. ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളിലെ ജോലി ഇതര തൊഴിലുകളെക്കാൾ, പദവിയിലും വേതനത്തിലും മെച്ചപ്പെട്ടതുമായിരുന്നു. ഉദാഹരണമായി, ഉല്പാദനമേഖലയിൽ തൊഴിലെടുത്തിരുന്ന ഒരു സ്ത്രീക്ക് പ്രതിമാസം 75 ഫ്രാങ്ക് വേതനം ലഭിച്ചപ്പോൾ, അനുഭവസമ്പത്തുള്ള ഒരു സെയില്‍സ് അസിസ്റ്റന്റിന് ഇതേ ശമ്പളം ഒരാഴ്ചകൊണ്ട് നേടാനാകുമായിരുന്നു. ഇതിനു പുറമെയാണ് വിറ്റുവരവിന്റെ അടിസ്ഥാനത്തിലുള്ള കമ്മീഷൻ (Rapport, City of Light). കറുത്ത സിൽക് വസ്ത്രവും പോളിഷ് ചെയ്ത ബൂട്ടും തൊപ്പിയും കയ്യുറകളും ധരിച്ച ഇവർ നഗരത്തിലെ വേറിട്ട കാഴ്ചാനുഭവമായിരുന്നു. ഭക്ഷണശാലകളിലും കഫേകളിലും നൃത്തസംഗീതസദസുകളിലും ഇവർ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു. സോളയുടെ അഭിപ്രായമനുസരിച്ച് ഇവരുടെ കൂവലോ കയ്യടിയോ മതി ഒരു കലാകാരനെ നശിപ്പിക്കാനും വളർത്താനും. ക്രമേണ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ ആഴത്തിലുള്ള സാമൂഹിക സാമ്പത്തിക മാറ്റങ്ങളുടെ ചാലകശക്തിയായി മാറി.

പല തട്ടുകളിലായി നടന്ന ഈ ‘ജനാധിപത്യവല്‍ക്കരണം’ (വിശേഷിച്ച് തൊഴിൽ, സഞ്ചാരം, ഉപഭോഗം, സംസ്കാരം, സ്ത്രീകളുടെ പദവി തുടങ്ങിയവയിൽ) പാരീസ് നഗരത്തിലെ സാമൂഹ്യജീവിതത്തെ പുനഃനിർണയിച്ചു. അതുവരെ നഗരജീവിതത്തിന്റെ പുറമ്പോക്കിൽ കഴിഞ്ഞിരുന്ന സ്ത്രീകളും സാധാരണക്കാരും നഗരവീഥികൾ കീഴടക്കി. പുരുഷന്മാരും സ്ത്രീകളും പ്രഭ്വികളും ധനാഢ്യരും ഗുമസ്തന്മാരും ഉയർന്ന ഉദ്യോഗസ്ഥരും സൈനികരും വ്യാപാരികളും ഷെയർ ബ്രോക്കർമാരും മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും പുസ്തകപ്രേമികളും സാധാരണക്കാരുമൊക്കെ തോളുരുമ്മി നടന്നു, പരസ്പരം കണ്ടും ഇടപഴകിയും ജീവിതത്തിന്റെ ശരവേഗതയിലുള്ള മാറ്റം തൊട്ടറിഞ്ഞു, പ്രതിസന്ധിഘട്ടങ്ങളിൽ കൂട്ടംകൂടിനിന്ന് വാർത്തകൾ ശ്രവിച്ചു, ചർച്ചചെയ്തു. “നഗരവീഥികളിലാണ് പാരീസ് സംഗമിക്കുന്നത്. ശബ്ദായമാനവും നവീന ജീവിതശൈലിയുടേയും ആശയങ്ങളുടേയും കലയുടേയും നർമസല്ലാപത്തിന്റേയും ഉറവിടമാണ് അവ. പാരീസിന്റെ ആത്മാവിന്റെ ശ്രീകോവിൽ” എന്നാണ് ഓഗാസ്റ്റ് പാവ്‌ലോവിസ്‌കി (Auguste Pawlowski) അവയെ വിശേഷിപ്പിക്കുന്നത്.

പാരീസിന്റെ ഈ പരിണാമത്തിൽ കഫേകൾ വഹിച്ച പങ്കും ശ്രദ്ധേയമാണ്. അവ ഭക്ഷണശാലകൾക്കപ്പുറം, സാമൂഹികവും ബൗദ്ധികവുമായ ഇടങ്ങളായിരുന്നു. സാംസ്കാരിക പ്രവർത്തകരും സാധാരണക്കാരും ഒരുപോലെ അവിടെ വന്നുപോയി. ചിലർ പത്രം വായിച്ചും തെരുവിലൂടെ പോകുന്നവരെ നിരീക്ഷിച്ചും (പച്ച മലയാളത്തിൽ പറഞ്ഞാൽ വായ്‌നോട്ടം) സമയം തള്ളിനീക്കി. മറുവശത്ത്, ശില്പികളും ചിത്രകാരന്മാരും എഴുത്തുകാരും സംഗീതജ്ഞരും മറ്റും തങ്ങളുടെ സൃഷ്ടികളെക്കുറിച്ചും താന്താങ്ങളുടെ മേഖലകളിലെ പുത്തൻ പ്രവണതകളെക്കുറിച്ചുമൊക്കെ ചർച്ചചെയ്തു. “ചിലർ ഉച്ചയ്ക്ക് ഒരു മണിക്ക് കഫേയിൽ എത്തുന്നു, രാത്രി ഏഴുമണിവരെ അവിടെ തങ്ങുന്നു, വീണ്ടും ഒൻപത് മണിക്കെത്തി പുലരിയിൽ മടങ്ങുന്നു. ഒരു സാഹിത്യകാരൻ അയാളുടെ വിവാഹരാത്രിയിലും അവിടെ എത്തി! കവി ഫാക്വാ കോപ്പിയുടെ ഭാര്യ ഒരു ചുവടുകൂടി മുന്നോട്ടു പോയി, അദ്ദേഹത്തിനുവേണ്ടി വീട്ടിൽ ഒരു മുറിതന്നെ കഫേയുടെ മാതൃകയിൽ ഒരുക്കി”, ഫ്രാൻസിന്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിൽ കഫേകളുടെ പങ്കിനെക്കുറിച്ച് ഗ്രീക്ക് കവി ഷാങ് മോഹെയാസിന്റെ (Jean Moreas) നിരീക്ഷണമാണ് ഇത് (Watson, French Mind). രാത്രികാലത്ത്, തെരുവോരത്തുപോലും തീൻമേശകൾ നിരത്തി അത്താഴം വിളമ്പി. ഫ്രെഞ്ച് ഡിന്നർ മൂന്നു കാര്യങ്ങൾക്ക് പുകൾപെറ്റതാണ് പ്രണയം, ആശയങ്ങൾ, സാധനങ്ങളുടെ കൈമാറ്റം. ഫ്രെഞ്ചുകാർ ഒരാളെ അത്താഴത്തിനു ക്ഷണിച്ചു എന്നാൽ, അയാളെ വിശ്വാസത്തിലെടുത്തു എന്നാണ് അർത്ഥം. ചുരുക്കത്തിൽ, തീൻമേശകൾ ഫ്രെഞ്ച് സാമൂഹികജീവിതത്തിന്റെ അവിഭാജ്യഘടകമായി തീർന്നു.

ഇതെല്ലാം ചേർന്ന് ബെല്ലെ എപോക് പാരീസിനെ ഒരു വലിയ കെട്ടുകാഴ്ചയാക്കി മാറ്റി. തെരുവു കച്ചവടക്കാർ, അവരുടെ ഉച്ചത്തിലുള്ള വിളികൾ, പത്രങ്ങളും പുസ്തകങ്ങളും വിൽക്കുന്ന കിയോസ്‌ക്കുകൾ, നീല യൂണിഫോം ധരിച്ച ശുചീകരണ തൊഴിലാളികൾ, കറുത്ത വെട്ടിമുറിച്ച കോട്ടുകളണിഞ്ഞ കുതിരവണ്ടിക്കാർ, തൂവൽ തൊപ്പിയും സ്വർണ ബെൽറ്റും മിനുമിനുങ്ങുന്ന ഷൂസും ഇട്ട പടയാളികൾ, തുകൽ ഏപ്രൺ അണിഞ്ഞ ഇറച്ചിവെട്ടുകാർ, സിനിമാ-നാടക-സംഗീത ശാലകൾ, ഭിത്തികളിൽ നിരത്തി പതിച്ചിരിക്കുന്ന പരസ്യങ്ങൾ, തെരുവ് വിളക്കുകൾ, തെരുവോരങ്ങളിൽ തമ്പടിച്ചിരിക്കുന്ന നാടൻ ദന്തവൈദ്യന്മാരും പല്ലു പിഴുതെടുക്കുമ്പോൾ അവർ കാണിക്കുന്ന കൈക്രിയയേയും വേദനകൊണ്ടു പുളയുന്ന രോഗികളേയും കണ്ട് ആസ്വദിക്കുന്ന കാണികളും നഗരകാഴചകൾ കണ്ട് കയ്യടിക്കുന്ന/കൂക്കിവിളിക്കുന്ന ആൾക്കൂട്ടങ്ങൾ - തെരുവുകളെ ഒരു വലിയ രംഗവേദിയാക്കാൻ ഇതൊക്കെ ധാരാളം മതിയല്ലോ?

ഇതിനു നിറംചാർത്തിയ മറ്റൊന്നുകൂടി അക്കാലത്ത് പാരീസ് ജീവിതത്തിന്റെ സവിശേഷതയായി നിലനിന്നിരുന്നു. ദിവാസ്വപ്നങ്ങൾ കണ്ടും തെരുവുകാഴ്ചകളിൽ രസിച്ചും അലസഗമനം നടത്തിയിരുന്നവർ, ഫ്രെഞ്ചുഭാഷയിൽ പറഞ്ഞാൽ ഫ്ലാനേഴ്‌സ് (Flaneurs), അലസസഞ്ചാരികൾ. ഇതിന്റെ തുടക്കം 19-ാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയിൽ നഗരത്തിനുചുറ്റും ഒഴിഞ്ഞുകിടന്നിരുന്ന പ്രദേശങ്ങളിൽ ജിപ്‌സികളും ആക്രിക്കാരും ഭിക്ഷാടകരുമൊക്കെ കയ്യേറി താമസിക്കാനാരംഭിച്ചതു മുതലാണ്. സോളയും ഹ്യൂഗോയും വാൻഗോഗുമൊക്കെ ഈ സ്ഥലവും അവിടുത്തെ മനുഷ്യരുടെ ജീവിതരീതിയും കണ്ട് അദ്ഭുതം കൂറിയത്രേ. ഇവിടം താമസിയാതെ എഴുത്തുകാരുടേയും കലാകാരന്മാരുടേയും ചിന്തകരുടേയും ഇടത്താവളമായി മാറി. ഇത് ക്രമേണ നഗരം ചുറ്റിയുള്ള ഇവരുടെ അലസഗമനത്തിൽ കലാശിച്ചു. അവർ ആൾക്കൂട്ടത്തിൽ ലയിച്ചില്ലാതായി. താമസിയാതെ, ഇത് പാരീസുകാരുടെ പൊതുസംസ്കാരമായി രൂപംകൊണ്ടു. അക്കാലത്തെ ചിത്രകലയിൽ ഇതിന്റെ സ്വാധീനം പ്രകടമാണ്. പല പെയിന്റിംഗുകളിലും ചിത്രവും ചിത്രത്തെ നോക്കിക്കൊണ്ടിരിക്കുന്ന കാഴ്ചക്കാരേയും (ഫ്ലാനേഴ്‌സ്) നമുക്കു കാണാം. അമേരിക്കൻ ചിത്രകാരി മേരി കസ്സാറ്റയുടെ ‘ഇൻ ദ ലോജ്’ (In The Loge) ഇതിന്റെ ഉദാഹരണമാണ് - തിയേറ്ററിൽ ഇരിക്കുന്ന പ്രേക്ഷകർ സ്റ്റേജിലേക്ക് നോക്കുന്നതിനുപകരം പരസ്പരം വീക്ഷിക്കുന്നു (Watson, French Mind). ഫ്ലാനേഴ്‌സിനു സൃഷ്ടിപരമായൊരു തലമുണ്ടെന്ന് വാൾട്ടർ ബെഞ്ചമിനും ചാൾസ് ബോദ്‌ലേറും വാദിക്കുന്നു. ഉദാഹരണമായി, ബോദ്‌ലേർ പറയുന്നത് ഇവർ പാരിസിന്റെ പൊതു ഇടങ്ങളേയും ഭൂമികയേയും തങ്ങളുടെ ലോകമായി കണ്ട കവികളാണെന്നാണ്.

ശാസ്ത്രം സംസ്കാരം രാഷ്ട്രീയം

ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം ഇത് മറ്റു പല മാറ്റങ്ങളുടേയും സുവർണകാലമായിരുന്നു. 1880-ൽ ഏർപ്പെടുത്തിയ സാർവത്രിക പ്രൈമറി വിദ്യാഭ്യാസവും 1881-ൽ സെൻസർഷിപ്പ് പൂർണമായി പിൻവലിച്ചതും അച്ചടിമാധ്യമങ്ങളുടേയും പുസ്തകപ്രസാധനത്തിന്റേയും വരവിന് വഴിതെളിച്ചു. ശാസ്ത്രത്തെ ‘മതനിരപേക്ഷ മതമായി’ കാണാനും ശാസ്ത്ര-സാങ്കേതിക കണ്ടുപിടിത്തങ്ങൾ ശരവേഗം മാറ്റിക്കൊണ്ടിരുന്ന ലോകത്തെ മനസ്സിലാക്കാനും ഫ്രെഞ്ചു സമൂഹം തുനിഞ്ഞതും ഇക്കാലത്താണ്. ഒഗൂസ്ത് കോംത് (Auguste Comte) ശാസ്ത്രത്തിനും അറിവിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകുന്നതിനും റിപ്പബ്ലിക്കൻ ലോകവീക്ഷണത്തിന് ദാർശനികാടിത്തറ പാകിയതും എമിലി സോളയെപ്പോലുള്ള എഴുത്തുകാർ നാച്ച്വറലിസത്തിന് ബീജാവാപം ചെയ്യുന്നതിനും ഈ കാലഘട്ടം സാക്ഷിയായി. സുള്ളി പ്രുധോമിന് സാഹിത്യത്തിലും മാഡം ക്യൂറിക്കും പിയറി ക്യൂറിക്കും ഹെൻട്രി ബെക്വറലിനും ശാസ്ത്രത്തിലും നൊബേൽ സമ്മാനങ്ങൾ ലഭിച്ചതും ബെല്ലെ എപോകിന്റെ മാറ്റുകൂട്ടി.

കലയിൽ ആർട് നൂവോയ്ക്ക് (Art Nouveau) അഥവാ നവകലയ്ക്ക് തുടക്കം കുറിച്ചതും ഇതേ കാലത്താണ്. ദീർഘകാലം നീണ്ടുനിന്നില്ലെങ്കിലും ഏഷ്യൻ, വിശിഷ്യാ ജാപ്പനീസ്, കലാചരിത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്ന അത് രാജ്യാന്തര കലാപ്രസ്ഥാനത്തിന്റെ ഭാഗമായി നിലകൊണ്ടു. സിനിമ ജനകീയകലയായി വളർന്നുവലുതായതാണ് മറ്റാരു പ്രധാന സംഭവം. ഇതര കലകളിൽനിന്ന് വിഭിന്നമായി അത് അഭിസംബോധന ചെയ്തത് ആൾക്കൂട്ടത്തെയാണ്. തന്മൂലം ഏറെ താമസിയാതെ അത് മാസ് കൾച്ചറിന്റേയും മാസ് കമ്യൂണിക്കേഷന്റേയും ഉപാധിയായി മാറി. ബെല്ലെ എപോക് ജീവിതത്തിലെ മറ്റൊരു കെട്ടുകാഴ്ചയായി സിനിമ എന്ന മാധ്യമം മാറി എന്നു സാരം. ഇതോടെ തിയേറ്ററുകളുടെ എണ്ണം വർദ്ധിച്ചു. 1870-ൽ 30 തിയേറ്ററുകൾ ഉണ്ടായിരുന്ന പാരീസിൽ നൂറ്റാണ്ടിന്റെ അവസാനത്തോടെ അത് 40 ആയി വർദ്ധിച്ചു. ഇതനുസരിച്ച് സിനിമ കാണുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ടായി. 1900 ആയതോടെ, ഏതാണ്ട് 5,00,000 പാരീസുകാർ ആഴ്ചയിൽ ഒരിക്കലെങ്കിലും തിയേറ്ററുകളിൽ എത്തുന്നത് പതിവാക്കി. “പാരീസുകാർ തിയേറ്ററിനുള്ളിൽ തിയേറ്ററിനുവേണ്ടി ജീവിക്കുകയും തിയേറ്ററിനാൽ നയിക്കപ്പെടുകയും ചെയ്തു” എന്നാണ് മാധ്യമ പ്രവർത്തകനായിരുന്ന യൂജിൻ വെബർ പറയുന്നത് (Rapport, City of Light).

പുരുഷന്മാർക്ക് സാർവത്രിക വോട്ടവകാശം ലഭിച്ചതും സ്ത്രീകളും സാധാരണക്കാരും വർദ്ധിച്ച തോതിൽ തൊഴിൽമേഖലകളിലും പൊതുമണ്ഡലത്തിലും സാന്നിദ്ധ്യമറിയിച്ചതും രാഷ്ട്രീയരംഗത്ത് പലതരം മാറ്റങ്ങൾക്ക് കളമൊരുക്കി. സാമൂഹ്യമാറ്റങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനകീയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഇതിന്റെ അനന്തരഫലമായാണ്. ഇത് പിൽക്കാലത്ത് ഇടതിനേയും വലതിനേയും പ്രതിനിധീകരിക്കുന്ന പലവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളായി രൂപാന്തരപ്പെട്ടു - അരാജകത്വവാദം, കമ്യൂണിസം, റിപ്പബ്ലിക്കനിസം, ആക്രമണോത്സുകമായ ദേശീയത... 1884-ൽ തൊഴിലാളി സംഘടനകളെ നിയമവിധേയമാക്കിയതിലും 1905-ൽ മതത്തേയും ഭരണകൂടത്തേയും തമ്മിൽ വേർപെടുത്തിയതിലും മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വരവിന് നാന്ദികുറിച്ചതിലും ഈ രാഷ്ട്രീയമാറ്റങ്ങളുടെ കയ്യൊപ്പ് തെളിഞ്ഞുനിൽക്കുന്നു. മാത്രമല്ല, ഫ്രാൻസിന്റെ ചരിത്രത്തിൽ ആദ്യമായി തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കിയതും ഈ കാലഘട്ടത്തിന്റെ മറ്റൊരു സവിശേഷതയായി. എട്ടു മണിക്കൂർ തൊഴിൽദിനത്തിനായി 1906 മേയ് ഒന്നിന് ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ തൊഴിലാളികളെ തെരുവിലിറക്കി.

ലോകചരിത്രത്തിൽ ആദ്യമായി സാധാരണക്കാരെ തെരുവിൽ എത്തിച്ചതും അദൃശ്യമായി കഴിഞ്ഞിരുന്ന അവരെ സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചതും ഫ്രെഞ്ചു വിപ്ലവമാണെന്നു പറയാറുണ്ട്. അതിനുമുൻപുള്ള ഫ്രെഞ്ച് സാമൂഹ്യഘടനയെ താങ്ങിനിർത്തിയിരുന്നത് പുരോഹിതനും ചക്രവർത്തിയും ആരാച്ചാരുമാണ്. ബെല്ലെ എപോക്ക്, വിപ്ലവത്തിന്റെ മറ്റൊരു ഘട്ടത്തെ കുറിക്കുന്നു. രാഷ്ട്രീയത്തിൽ ജനങ്ങളുടെ ഇടപെടലിനും ശാസ്ത്ര-സാംസ്കാരിക മേഖലകളിൽ ആധുനികത്വത്തിന്റെ വരവിനും അതു ശക്തി പകർന്നു. “ഫ്രാൻസ് നാഗരികതയുടെ പ്രതിരൂപമാണ്. ഫ്രാൻസിനെതിരെയുള്ള ഏതു ഭീഷണിയും നാഗരികതയ്ക്കെതിരായ ഭീഷണിയാണ്. ഫ്രാൻസ് വെറും ഫ്രാൻസല്ല, അത് ലോകമാണ്” എന്നാണ് ബെല്ലെ എപോക്ക് കാലത്തെ ഫ്രാൻസിനെക്കുറിച്ച് വിക്തർ ഹ്യൂഗോ വിശേഷിപ്പിച്ചത്. ഇതിനർത്ഥം ഇക്കാലത്തെ ഫ്രാൻസ് കുറ്റമറ്റതായിരുന്നു എന്നല്ല. ഏതു ചരിത്രഘട്ടത്തേയും പോലെ ബെല്ലെ എപോക്കിനും അതിന്റേതായ പ്രശ്നങ്ങളും പോരായ്മകളും ഉയർച്ചയും താഴ്ചയുമുണ്ടായിരുന്നു.

ഉല്‍ക്കണ്ഠയുടെ കെട്ടുകാഴ്ച

ബെല്ലെ എപോക്ക് ഉല്‍ക്കണ്ഠയുടേയും പാരമ്പര്യവും ആധുനികത്വവും തമ്മിലുള്ള സംഘർഷത്തിന്റേയും സാമൂഹ്യ-സാമ്പത്തിക അസമത്വത്തിന്റേയും രാഷ്ട്രീയ സാമൂഹിക ചേരിതിരിവിന്റേയും കാലം കൂടിയായിരുന്നു. അന്നത്തെ ഫ്രെഞ്ച് സമൂഹം ഇതിനെ അധഃപതനം, ജീർണത, അപചയം എന്നൊക്കെയാണ് വിശേഷിപ്പിച്ചത്. ആഗോളവല്‍ക്കരണവും വിവരസാങ്കേതികവിദ്യയും നിർമിതബുദ്ധിയും ആധുനിക മനുഷ്യജീവിതത്തിലുളവാക്കുന്ന പ്രശ്നങ്ങൾക്ക് ഏതാണ്ട് സമാനമായിരുന്നു അന്നത്തെ ഫ്രെഞ്ച് സമൂഹം നേരിട്ട പ്രതിസന്ധികൾ. പ്രശസ്ത ചരിത്രകാരൻ കോളിൻ ജോൺസ് അതിനെ വിശേഷിപ്പിക്കുന്നത് ‘ഉല്‍ക്കണ്ഠയുടെ കെട്ടുകാഴ്ച’ എന്നാണ്.

20-ാം നൂറ്റാണ്ടിന്റെ തുടക്കമായതോടെ ശാസ്ത്രസാങ്കേതിക മേഖലയിലെ കണ്ടുപിടിത്തങ്ങളും സാമൂഹ്യമാറ്റങ്ങളും പഴയ ലോകത്തേയും ജീവിതശൈലിയേയും അപ്രസക്തമാക്കി മുന്നേറാൻ തുടങ്ങി. ഈ മാറ്റത്തെ പാരീസുകാർ അതിന്റെ എല്ലാ അർത്ഥത്തിലും - ആവേശം, ആനന്ദം, ഭയം, ആകാംക്ഷ - സ്വാംശീകരിച്ചു. ഇതു സൃഷ്ടിച്ച ഉല്‍ക്കണ്ഠയും വിനോദവും പ്രതീക്ഷയും ഭയവും ആധുനികത്വത്തിന്റെ തന്നെ മൗലികസ്വഭാവമാണ്. സമൂഹം അഭിവൃദ്ധിപ്പെടുകയും ജനാധിപത്യവല്‍ക്കരിക്കപ്പെടുകയും ചെയ്തപ്പോൾ പഴയ നിയന്ത്രണങ്ങളും മാമൂലുകളും കടപുഴകി. സമൂഹത്തിന്റെ കെട്ടുറപ്പ് നഷ്ടമാവുകയും രാഷ്ട്രീയത്തിൽ അഴിമതി വ്യാപകമാവുകയും സാംസ്കാരികാഭിരുചിയും നിലവാരവും ക്ഷയിക്കാനും തുടങ്ങി. കുടുംബബന്ധങ്ങളും അയൽപ്പക്ക സൗഹൃദങ്ങളും സഹപ്രവർത്തകരുമായുള്ള ഇടപഴകലുകളും നേർത്തുവരുകയും മനുഷ്യർ സമൂഹത്തിൽനിന്ന് അകന്ന് തങ്ങളിലേക്ക് ഉൾവലിയുകയും ചെയ്തു. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന് ജർമൻ സാമൂഹികശാസ്ത്രജ്ഞൻ ജോർജ് സിമ്മെൽ വിശേഷിപ്പിച്ച അവസ്ഥ. പാരീസുകാർ ഒരുവശത്ത്, പാരീസിനെ ആധുനികത്വത്തിന്റെ തലസ്ഥാനമാക്കാൻ ആഗ്രഹിക്കുകയും അതിന്റെ ആവേശം അനുഭവിക്കുകയും ചെയ്തെങ്കിൽ, മറുവശത്ത് അതുകൊണ്ടുവന്ന മാറ്റത്തിന്റെ വേഗതയെയും ദിശയേയും മൂല്യച്യുതിയേയും കുറിച്ച് വ്യാകുലപ്പെടുകയും ചെയ്തു.

പലർക്കും പ്രശ്നം പലതായിരുന്നു: കത്തോലിക്കർക്ക് ധാർമികാധഃപതനവും ആത്മീയശൂന്യതയും യാഥാസ്ഥിതികർക്ക്, സ്ത്രീവിമോചനം കുടുംബത്തേയും സമൂഹ്യഭദ്രതയേയും ദുർബലപ്പെടുത്തിയതും ജനനനിരക്ക് കുറച്ചതും; റിപ്പബ്ലിക്കൻസിന് ഉപഭോഗസംസ്കാരവും ആഡംബരജീവിതവും പൗരധർമത്തേയും രാഷ്ട്രത്തേയും ദോഷകരമായി ബാധിച്ചത്; വലതുപക്ഷത്തിന് ഭരണാസ്ഥിരതയിലൂടെ രാഷ്ട്രശക്തിയെ ക്ഷയിപ്പിക്കുന്ന ജനാധിപത്യം; സോഷ്യലിസ്റ്റുകൾക്ക് ബെല്ലെ എപോക്ക് സൃഷ്ടിച്ച സാമ്പത്തികാസമത്വം. ഇതിൽ ചിലത് പ്രഭുക്കന്മാരേയും അലട്ടിയിരുന്നെങ്കിലും ബൂർഷ്വാ - മധ്യവർഗത്തിന്റെ ആവിർഭാവവും അത് ഫ്രെഞ്ച് സമൂഹത്തിന്റെ അഭിരുചിയിൽ ഉളവാക്കിയ അപഭ്രംശവുമാണ് അവരെ ഏറ്റവുമധികം വിഷമിപ്പിച്ചത്. ഈ ഉല്‍ക്കണ്ഠ കലാസാഹിത്യ ആസ്വാദനത്തിൽ തുടങ്ങി ഫാഷന്റേയും ഭക്ഷണത്തിന്റേയും കാര്യത്തിൽ വരെ നീണ്ടുപോയി. സിനിമയും കലയും സംഗീതവും സാഹിത്യവുമുൾപ്പെടെ സാംസ്കാരികമണ്ഡലത്തിന്റെ ജനാധിപത്യവല്‍ക്കരണം ഫ്രെഞ്ച് സൗന്ദര്യശാസ്ത്രത്തെ സാരമായി ബാധിച്ചു എന്ന് അവർ വിലയിരുത്തി. വിലയും നിലവാരവും കുറഞ്ഞ ഉല്പന്നങ്ങൾ ഏവർക്കും ലഭ്യമാക്കുകയും ഉപഭോഗസംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളെയാണ് ഇവർ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ‘സൗന്ദര്യത്തിന്റെ ശത്രു’ എന്നാണ് അവയ്ക്ക് ഇവർ നൽകിയ വിശേഷണം (Watson, French Mind).

ബെല്ലെ എപോക്ക് ആധുനികത്വം എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെയല്ല അനുഭവവേദ്യമായത് എന്നതും ശ്രദ്ധേയമാണ്. യൂറോപ്പിലെ മറ്റു നഗരങ്ങളെപ്പോലെ രൂക്ഷമായ സാമൂഹിക സാമ്പത്തിക വൈരുദ്ധ്യം പാരീസിന്റേയും സവിശേഷതയായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ എത്തിയപ്പോൾ, രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 90 ശതമാനം കേവലം 10 ശതമാനം വരുന്ന അതിസമ്പന്നരുടെ കയ്യിൽ കേന്ദ്രീകരിക്കപ്പെട്ടു (Charles Sowerwine, France Since 1870: Culture, Politics and Society). പാരീസും പ്രവിശ്യകളും പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള സാമ്പത്തികാന്തരവും പ്രകടമായിരുന്നു. പല തൊഴിൽമേഖലകളിലും പുരുഷന്മാരുടെ വേതനത്തിന്റെ നേർപകുതിയായിരുന്നു സ്ത്രീകൾക്ക് ലഭിച്ചിരുന്നത്. അവർ അനുഭവിച്ച ദുരിതപർവത്തിന്റെ ഏറ്റവും നല്ല അളവുകോലാണ് വേശ്യാവൃത്തിയിൽ ഏർപ്പെട്ടവരുടെ എണ്ണത്തിലെ വർദ്ധനവ് - 1870-കളിൽ മുപ്പതിനായിരമായിരുന്നത് നൂറ്റാണ്ടിന്റെ അവസാനത്തോടെ ഒരു ലക്ഷത്തി ഇരുപതിനായിരമായി ഉയർന്നു (Rapport, City of Light). “ഹ്രസ്വമായ ഉച്ച ഇടവേളയിൽ നടന്നുകൊണ്ട് ആഹാരം കഴിക്കുന്ന തൊഴിലാളികൾ ബെല്ലെ എപോക്ക് പാരീസിലെ സ്ഥിരം കാഴ്ചയായിരുന്നു” എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നതിൽ സാധാരണക്കാരുടെ ദുരിതജീവിതം തെളിഞ്ഞുനിൽക്കുന്നു. ‘ഫാസ്റ്റ് ഫുഡ്’ എന്നാണ് ഇതിനവർ നൽകിയ വിശേഷണം! ഇത്തരം കഷ്ടപ്പാടുകളോട് പാരീസ് നിവാസികൾ പല രീതിയിലാണ് പ്രതികരിച്ചത്- സമരസപ്പെടൽ, പ്രതിഷേധ സമരങ്ങൾ, മദ്യപാനം. മുൻനാളുകളെ അപേക്ഷിച്ച് നാലിരട്ടി മദ്യമാണത്രേ ബെല്ലെ എപോക്കിൽ ഒരു ശരാശരി പാരീസുകാരൻ കഴിച്ചിരുന്നത്!

എന്തുതരം സമൂഹമാകണം ഫ്രാൻസ്? ഫ്രെഞ്ചുകാരനാവുക എന്നാൽ എന്താണ്? ഏതുതരം രാഷ്ട്രീയമാണ് രാജ്യത്തെ യഥാവിധി പ്രതിനിധീകരിക്കുന്നത്? ഇത്തരം ചോദ്യങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങൾ തമ്മിലുള്ള സംഘർഷവും ബെല്ലെ എപോക്കിൽ ഉയർന്നുകേട്ടു. ഫ്രെഞ്ചു വിപ്ലവം തുടങ്ങിവച്ച ആശയസംഘർഷത്തിന്റെ തുടർച്ച. ഒരുഭാഗത്ത്, അത് വാഗ്ദാനം ചെയ്ത സമത്വത്തേയും സാഹോദര്യത്തേയും സ്വാതന്ത്ര്യത്തേയും അംഗീകരിച്ചവരും മറുഭാഗത്ത്, വിപ്ലവത്തെ ദുരന്തമായും രാജവാഴ്ചയിലും ഈശ്വരവിശ്വാസത്തിലും അധിഷ്ഠിതമായ ഫ്രാൻസിന്റെ പഴമയിൽനിന്നുള്ള രക്തരൂക്ഷിതമായ വേർപെടലായും കണ്ടവർ തമ്മിലുള്ള സംഘർഷം. ഇതിനു രണ്ടിനുമിടയിൽ ഒരു മദ്ധ്യപാത വെട്ടിത്തെളിക്കാൻ ബെല്ലെ എപോക്കിനു കഴിഞ്ഞതുമില്ല.

സാമൂഹികനിയന്ത്രണം ഒന്നുമേയില്ലാത്ത മാധ്യമപ്രവർത്തനം എങ്ങനെ ഉത്തരവാദിത്വരഹിതമായി മാറുമെന്നതിന്റെ നേർസാക്ഷ്യം കൂടിയാണ് ബെല്ലെ എപോക്ക്. വിരോധാഭാസമാകാം, 1881-ൽ മാധ്യമ സെൻസർഷിപ്പ് പിൻവലിച്ചത് ഗുണത്തെക്കാളേറെ ദോഷത്തിലാണ് കലാശിച്ചത്. മാധ്യമപ്രവർത്തനം ഏറിയകൂറും വ്യക്തിഹത്യയും കളവും അർദ്ധസത്യങ്ങളുമായി തരംതാണു. സങ്കീർണമായ സാമൂഹ്യപ്രശ്നങ്ങളെ ലളിതവല്‍ക്കരിക്കുകയും ജനങ്ങളെ മുൻവിധികളുടെ ഇരകളാക്കുകയും ചെയ്തു. അന്വേഷണാത്മക ജേണലിസത്തിന്റെ സ്ഥാനത്ത് സാങ്കല്പിക ശത്രുക്കളെ സൃഷ്ടിക്കുന്ന, സമൂഹത്തിൽ നിലനിൽക്കുന്ന ചേരിതിരിവുകളെ (പ്രത്യേകിച്ച് ജൂതരോടുള്ള ശത്രുത) ബലപ്പെടുത്തുന്ന വിവാദ പ്രവർത്തനമായി അത് മാറി. ഇതാണ് ‘ഡ്രെയ്ഫസ് അഫയർ’ എന്ന് ഫ്രെഞ്ച് ചരിത്രത്തിൽ വിശേഷിപ്പിക്കപ്പെട്ട സംഭവത്തിൽ കലാശിച്ചത് - മിലിറ്ററി ഓഫീസറായിരുന്ന ആൽഫ്രെഡ് ഡ്രെയ്ഫസിനെ (ജൂതൻ) ജർമൻ ചാരനായി ചിത്രീകരിച്ച് നാടുകടത്തിയ സംഭവം. അദ്ദേഹം നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞു എന്നത് മറ്റൊരു കാര്യം. എമിലി സോള ഡ്രെയ്ഫസിനെ പിന്തുണച്ചെഴുതിയ ‘വിവാദ’കത്താണ് (1898 ജനുവരി 13-ന്) ഇതിനു വഴിവെച്ചത്. മാധ്യമങ്ങളുടെ ഇത്തരം വീഴ്ചകളാണ് പത്രമാരണനിയമത്തെ തിരികെ കൊണ്ടുവരാൻ (1893) ഭരണകൂടത്തിന് സഹായകരമായത്.

ബെല്ലെ എപോക്കിൽ പാരീസ് സമൂഹം നേരിട്ട ഒട്ടുമിക്ക പ്രശ്നങ്ങളും ഒരു നൂറ്റാണ്ടിന് ഇപ്പുറം നിൽക്കുന്ന ആധുനിക സമൂഹവും അഭിമുഖീകരിക്കുന്നു എന്നത് ചരിത്രത്തിന്റെ ആവർത്തനസ്വഭാവത്തെ വ്യക്തമാക്കുന്നു. ശാസ്ത്ര-സാങ്കേതിക മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ - പ്രത്യേകിച്ച് ഇന്റർനെറ്റും നിർമിതബുദ്ധിയും - നമ്മുടെ ജീവിതത്തിൽ തീർക്കുന്ന അരക്ഷിതാവസ്ഥ, പാരമ്പര്യവും ആധുനികത്വവും തമ്മിലുള്ള സംഘർഷം, രൂക്ഷമായ സാമൂഹിക സാമ്പത്തിക അസമത്വം സമൂഹത്തെ അസ്ഥിരവും അരക്ഷിതവുമാക്കുന്നത്, വംശീയവും വർഗീയവുമായ ചേരിതിരിവുകൾ, സത്യാനന്തരകാലത്തെ മാദ്ധ്യമപ്രവർത്തനം... ഇങ്ങനെ പോകുന്നു അവ. ഇത്തരം ആശങ്കകൾക്കപ്പുറം ഒരു വലിയ പാഠവും ബെല്ലെ എപോക്ക് നമുക്കായി കരുതിവെച്ചിട്ടുണ്ട് -വൈജാത്യത്തെ അംഗീകരിക്കുകയും ജനാധിപത്യത്തിനുള്ളിൽനിന്നുകൊണ്ട് ഭിന്നതകളെ സംഗമങ്ങളാക്കുകയും വികസനത്തിന്റെ നേട്ടം വികേന്ദ്രീകൃതമാക്കുകയും വേണമെന്ന പാഠം.

എല്ലാം പറഞ്ഞുകഴിയുമ്പോൾ, ഒരു ചോദ്യം അവശേഷിക്കുന്നു. ബെല്ലെ എപോക്ക് പാരീസിന്റെ (ഫ്രാൻസിന്റേയും) ‘സുവർണകാലത്തെ’ പ്രതിനിധീകരിക്കുന്നതാണോ? ഇതിന് ഒരു മറുചോദ്യവുമുണ്ട്. ലോകചരിത്രത്തിൽ ഏതു നഗരത്തിനാണ് അത്തരമൊരു ചരിത്രം അവകാശപ്പെടാനാവുക? ഓരോ നഗരവും കാലത്തിനൊപ്പം സഞ്ചരിക്കുന്ന രംഗവേദിയല്ലേ? പല ജീവിതങ്ങളും പരീക്ഷണങ്ങളും അരങ്ങേറുന്ന ഒന്ന്. പക്ഷേ, സ്ഥലകാലങ്ങൾ ഈ വിധം പരിണാമപ്പെടുമ്പോഴും മനുഷ്യന്റെ ഓർമ ചില കാലഘട്ടത്തിൽ, ചില സ്ഥലങ്ങളിൽ, തറഞ്ഞുനിൽക്കുന്നു എന്നതാണ് സത്യം. അത്തരമൊന്നാണ് ഫ്രെഞ്ചുകാർക്ക് ബെല്ലെ എപോക്ക് പാരീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com