

ഒരു പൊലീസ് ഓഫീസര്‍ നിയമം കയ്യിലെടുത്ത് പ്രതികാരം ചെയ്യുകയോ? അതെങ്ങനെ ശരിയാവും? നിങ്ങള്‍ ക്ലൈമാക്‌സ് മാറ്റിക്കൊണ്ടു വരൂ'' എടുത്തടിച്ചപോലെയാണ് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ അതു പറഞ്ഞത്. ഷോക്കേറ്റതുപോലെയായിപ്പോയി. രണ്ടരവര്‍ഷത്തെ അധ്വാനമാണ്, ഓരോ സീനും അത്രയ്ക്ക് സൂക്ഷ്മതയോടെ ചിത്രീകരിച്ചത്. മൂന്നുലക്ഷം അടി ഫിലിമാണ് ഈ പടത്തിനായി ഉപയോഗിച്ചത്, അതിനെ ആറ്റിക്കുറുക്കി, 18000 അടിയിലേയ്ക്ക് എഡിറ്റ് ചെയ്തു. മൂന്നു മണിക്കൂര്‍ 20 മിനിറ്റ് പടം. ഒരു കഴഞ്ച്‌പോലും മാറ്റാനില്ലാത്തവിധം പെര്‍ഫക്ഷനില്‍ ചെയ്തുവെച്ചതാണ്. ഇന്ത്യന്‍ സിനിമയില്‍ അതുവരെയില്ലാത്ത ഭീമമായ ബജറ്റാണ് അതിനായി ചെലവഴിച്ചത്, മൂന്നു കോടിയോളം രൂപ. അതിനൊക്കെ പുല്ലുവില കൊടുത്താണ് പറയുന്നത്, ക്ലൈമാക്‌സ് മാറ്റിക്കൊണ്ടു വരാന്‍!
ക്ലൈമാക്‌സ് മാറ്റിക്കൊണ്ടു വരാതെ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല, ഷോലെയുടെ സംവിധായകന്‍ രമേഷ് സിപ്പിക്കും നിര്‍മാതാവ് ജി.പി. സിപ്പിക്കും. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നിന്റെ 'ജീവചരിത്രം' പറയുന്ന, 'ഷോലെ-മേക്കിങ് ഒഫ് എ ക്ലാസിക്കി'ല്‍ അനുപമ ചോപ്ര വിശദീകരിക്കുന്നുണ്ട്, ആ കഥ. 'എംപുരാന്‍' വെട്ടിയും തിരുത്തിയും മുന്നേറുമ്പോള്‍ ഒപ്പം ചേര്‍ത്തുവെച്ച് ഓര്‍ക്കാവുന്ന ഒന്ന്. ഷോലെയെ ഓര്‍ക്കാന്‍ പിന്നെയുമുണ്ട് കുറെക്കൂടി പ്രസക്തമായ കാരണം; വെള്ളിത്തിരയില്‍ അതു സംഭവിച്ചിട്ട് 50 വര്‍ഷമാവുകയാണ്, ഈ ഓഗസ്റ്റില്‍. അല്ലെങ്കില്‍ത്തന്നെ ഓരോ അടിയന്താരവസ്ഥാ വാര്‍ഷികത്തിനും വേണമെങ്കില്‍ അത് ഓര്‍ക്കാവുന്നതേയുള്ളൂ, പോയി ക്ലൈമാക്‌സ് മാറ്റിക്കൊണ്ടുവരൂ എന്ന് സെന്‍സര്‍ ബോര്‍ഡ് രമേഷ് സിപ്പിയോട് പറഞ്ഞത്, ചെറുതും വലുതുമെന്നു ഭേദമില്ലാത്തവിധം അധികാര കേന്ദ്രങ്ങള്‍ ഫണം വിടര്‍ത്തിയാടിയ അടിയന്തരാവസ്ഥാക്കാലത്താണ്.
പ്രതികാര കഥയാണ് ഷോലെ. തന്റെ കുടുംബം തകര്‍ത്ത്, ഇരുകൈകളും വെട്ടിമാറ്റി തന്നെ നിരാലംബനാക്കിയ കൊള്ളക്കാരന്‍ ഗബ്ബര്‍ സിങ്ങിനോട് (അംജത് ഖാന്‍) ഠാക്കൂര്‍ ബല്‍ദേവ് സിങ് (സഞ്ജീവ് കുമാര്‍) എന്ന മുന്‍ പൊലീസ് ഓഫീസര്‍ ചെയ്യുന്ന പ്രതികാരം. അതിനയാള്‍ രണ്ടു പെറ്റി ക്രിമിനലുകളെ വാടകയ്ക്ക് എടുക്കുന്നു, വീരുവും ജയ്യും (ധര്‍മേന്ദ്ര, അമിതാഭ് ബച്ചന്‍). ചോരയും വിയര്‍പ്പും ചിന്തിയ ഒരുപാട് രംഗങ്ങള്‍ക്കൊടുവില്‍ അവര്‍-അതില്‍ ഒരാളെ ഗബ്ബര്‍ ഇതിനകം കൊലപ്പെടുത്തിയിരുന്നു-അയാളെ വീഴ്ത്തുമ്പോള്‍ ജീവിത ലക്ഷ്യമായ പ്രതികാരം നിറവേറ്റുകയാണ് ഠാക്കൂര്‍. സലിം ഖാനും ജാവേദ് അക്തറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ ആ രംഗം ഏതാണ്ട് ഇങ്ങനെ: ഏറെനേരം നീണ്ട സംഘട്ടനത്തിനൊടുവില്‍ വീരു ഗബ്ബറിനെ അവസാനിപ്പിക്കാനൊരുങ്ങുന്നു. ഉറ്റ സുഹൃത്തായ ജയ്യെ ഇല്ലാതാക്കിയതിന്റെ രോഷം മുഴുവനുമുണ്ട് വീരുവിന്റെ ചലനങ്ങളില്‍. ഗബ്ബറിന്റെ അന്ത്യം ഉറച്ചെന്നു കരുതുന്ന നിമിഷത്തില്‍ ഠാക്കൂര്‍ എത്തുന്നു.
''അവനെ എനിക്കു തരണം, നമ്മള്‍ തമ്മിലുള്ള കരാര്‍ അതാണ്.''
''എന്തു കരാര്‍? ഇനി ഒരു കരാറുമില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ഞാനത് കാര്യമാക്കുന്നില്ല. ഇവന്‍ എന്റെ ചങ്ങാതിയെ കൊന്നവനാണ്. ഇവനെ ഞാന്‍ തന്നെ തീര്‍ക്കും.''
''അവനെ എനിക്കു തരാമെന്നത് ജയ് തന്ന വാക്കാണ്.''
അതില്‍ വീരു വീഴുന്നു, ഗബ്ബറിനെ ഇരു കൈയും ഇല്ലാത്ത ഠാക്കൂറിനു വിട്ടുകൊടുത്ത് അയാള്‍ മാറിനില്‍ക്കുന്നു.
ഗബ്ബര്‍ - ഠാക്കൂര്‍ പോരാട്ടം.
ഠാക്കൂര്‍ ഗബ്ബറിന്റെ കൈകള്‍ ചവിട്ടി ഒടിക്കുന്നു. ഇപ്പോള്‍ അവര്‍ തുല്യ ശക്തികള്‍, ഇരു കയ്യും ഇല്ലാത്ത രണ്ടു പേര്‍. സമന്‍മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവില്‍ ഗബ്ബര്‍ വീഴുന്നു. ഠാക്കൂര്‍ ഒരു വിഷപ്പാമ്പിനെയെന്നവണ്ണം ചവിട്ടിയരച്ച് അയാളെ കൊല്ലുന്നു. എന്നിട്ടയാള്‍ വിതുമ്പി വിതുമ്പി കരയുന്നു, അയാളുടെ ജീവിതദൗത്യം പൂര്‍ത്തിയായിക്കഴിഞ്ഞു. പക്ഷേ, എന്തുണ്ട് ബാക്കി? ശൂന്യതയാണ് മുന്നില്‍. എല്ലാം നഷ്ടപ്പെടുത്തിയ ഒരു വിജയം. നഷ്ടം മാത്രം ബാക്കിയാക്കിയ പ്രതികാരം.
എല്ലാം നഷ്ടപ്പെടുത്തുന്ന വിജയം ഉള്ളില്‍ ഒരു വേദന ബാക്കിയാക്കും. ആ നൊമ്പരവുമായിട്ടാവും പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങുക; അതാണ് ഷോലെ എന്ന കലാസൃഷ്ടിയുടെ സൗന്ദര്യം. ഇങ്ങനെയൊക്കെ ബോര്‍ഡിനെ ബോധ്യപ്പെടുത്താന്‍ ആവുംവിധമെല്ലാം ശ്രമിച്ചു, രമേഷ് സിപ്പി. ആദ്യം ക്ലൈമാക്‌സ് മാറ്റി വരൂ, ബാക്കിയൊക്കെ പിന്നെ എന്നായിരുന്നു പ്രതികരണം. എന്നുവെച്ചാല്‍ വേറെയും കട്ടുകള്‍ വരുന്നുണ്ടെന്നര്‍ത്ഥം. അക്രമത്തിന്റേയും പ്രതികാരത്തിന്റേയും കഥയെങ്കിലും വയലന്‍സ് രംഗങ്ങള്‍ താരതമ്യേനെ കുറവായിരുന്നു ഷോലെയില്‍. ഗബ്ബര്‍ ഠാക്കൂറിന്റെ കൈകള്‍ വെട്ടിമാറ്റുന്ന ആ സീന്‍ തന്നെ നോക്കുക; വാള്‍ ഉയര്‍ത്തി നില്‍ക്കുന്ന ഗബ്ബറില്‍നിന്നു ഷോട്ട് കട്ട് ചെയ്യുന്നത്, ഠാക്കൂറിന്റെ കാറ്റില്‍ ഇളകുന്ന കുപ്പായക്കൈകളിലേയ്ക്ക്. ഒരു തുള്ളി രക്തം ചിന്താതെയാണ് ഗബ്ബറിന്റെ ആ കൊടുംക്രൂരത സംവിധായകന്‍ നമ്മെ കാണിക്കുന്നത്. എന്നിട്ടും സെന്‍സര്‍ ബോര്‍ഡ് പറയുകയാണ്, ഇത്രയ്‌ക്കൊന്നും പറ്റില്ല.
ഇപ്പോള്‍ സര്‍വീസില്‍ ഇല്ലെങ്കിലും ഠാക്കൂര്‍ പഴയ പൊലീസുകാരനല്ലേ, അയാള്‍ നിയമം കയ്യിലെടുത്താല്‍ ശരിയാവില്ല. അതുകൊണ്ട് അവസാന രംഗത്തില്‍ പൊലീസ് വരട്ടെ, ഗബ്ബറിനെ ഠാക്കൂര്‍ കൊല്ലും മുന്‍പ് അവര്‍ അറസ്റ്റു ചെയ്തുകൊണ്ടു പോവട്ടെ. ഇതായിരുന്നു സെന്‍സര്‍മാരുടെ നിര്‍ദേശം. രമേഷ് സിപ്പിക്ക് അപമാനിതനായപോലെ തോന്നി. ഇതിനായിരുന്നോ രണ്ടര വര്‍ഷം കഷ്ടപ്പെട്ടത്? ബംഗളുരുവിനടുത്ത് രാമനഗരത്തിലെ കുന്നിന്‍പ്രദേശത്ത് കൃത്രിമമായി ഒരു ഗ്രാമം തന്നെ നിര്‍മിച്ച്, മുഴുവന്‍ ക്രൂവിനേയും അവിടെ താമസിപ്പിച്ച്, ദീര്‍ഘ ദീര്‍ഘ ഷെഡ്യൂളുകളില്‍ ചിത്രം പൂര്‍ത്തിയാക്കിയത്? ഇന്ത്യയില്‍ എവിടെയും ഇല്ലാതിരുന്ന 70 എം.എം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ലണ്ടനില്‍ കൊണ്ടുപോയി ചെയ്തത്? അങ്ങനെ അങ്ങനെ എന്തെല്ലാം? ഇന്ത്യന്‍ സിനിമ അതുവരെ ചെയ്തു വന്ന ഒരു കോംപ്രമൈസിനും വഴങ്ങാതെ പുതിയൊരു കാഴ്ചാനുഭവം സൃഷ്ടിച്ചെടുത്തത് ഇങ്ങനെ നിര്‍ദയം വെട്ടിമാറ്റപ്പെടാനായിരുന്നോ?
വലിയ സ്വാധീനമുള്ളയാളായിരുന്നു, പ്രൊഡ്യൂസര്‍ ജി.പി. സിപ്പി. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ ഒരു ഫോണ്‍കോളിന് അപ്പുറത്തുള്ളയാള്‍. കഴിയുന്നത്രയെല്ലാം ശ്രമിച്ചു സിപ്പി. സെന്‍സര്‍മാരുമായി പലവട്ടം ചര്‍ച്ചകള്‍ നടന്നു. അതില്‍ പലതിലും, പൊതുവെ ശാന്തനായ രമേഷ് ഒച്ചയിട്ടു സംസാരിക്കുന്നതുവരെയെത്തി, കാര്യങ്ങള്‍. ക്ലൈമാക്‌സ് മാറ്റണം എന്നതില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറായില്ല, ബോര്‍ഡ്.
തര്‍ക്കം പിന്നെ അച്ഛന്‍ സിപ്പിയും മകന്‍ സിപ്പിയും തമ്മിലായി, നിര്‍മാതാവും സംവിധായകനും തമ്മില്‍! ക്ലൈമാക്‌സ് ഇങ്ങനെ അടിമുടി മാറ്റുന്നത് എങ്ങനെ അംഗീകരിക്കാനാവുമെന്ന് മകന്‍. അവസാന രംഗത്തിലെ പൊലീസിന്റെ ആ വരവ്. അത് ഷോലെയെ മറ്റേതൊരു സിനിമയും പോലെയാക്കും, കാഴ്ചക്കാരില്‍ ഊറിക്കൂടി വന്ന ദുരന്തബോധത്തെ അതു ചോര്‍ത്തിക്കളയും, നൂറു കണക്കിന് അടിപ്പടങ്ങളുടെ മറ്റൊരു പാരഡിയായി ഷോലെ മാറും. അതെങ്ങനെ തന്റെ സിനിമയാകും എന്നായിരുന്നു രമേഷിന്റെ ചോദ്യം. ജി.പി. സിപ്പി പക്ഷേ, പ്രായോഗികമതിയായിരുന്നു. ഇനിയും നീട്ടിക്കൊണ്ടു പോവുന്നതില്‍ അര്‍ത്ഥമില്ല, ക്ലൈമാക്‌സ് മാറ്റേണ്ടിവരും. കോടതിയില്‍ പോയിട്ടൊന്നും കാര്യമില്ല. അടിയന്തരാവസ്ഥാക്കാലമാണ്, മൗലിക അവകാശങ്ങള്‍ തന്നെയില്ല, പിന്നെയല്ലേ കലാ സ്വാതന്ത്ര്യം! അല്ലെങ്കില്‍ത്തന്നെ നീണ്ടൊരു നിയമ യുദ്ധത്തിനു സമയവും ശേഷിയുമില്ല. വലിയ പണമാണ് ഷോലെയ്ക്കായി ഇറക്കിയിരിക്കുന്നത്, എത്രയും വേഗം പടം പുറത്തിറക്കിയേ തീരൂ, അല്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ല. പിതാവിന്റെ വാദങ്ങള്‍ക്കു വഴങ്ങുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു, രമേഷിന്.
അങ്ങനെയാണ് ഷൊലെയില്‍ നമ്മള്‍ കണ്ട ക്ലൈമാക്‌സ് ഉണ്ടായത്. പക്ഷേ, അജ്ഞാതമായ ഏതൊക്കെയോ ഇടങ്ങളില്‍, സലിം ജാവേദ് എഴുതിവെച്ച, അതിനേക്കാള്‍ തീവ്രതയോടെ രമേഷ് സിപ്പി അഭ്രപാളികളിലേയ്ക്ക് പകര്‍ത്തിയ, ജീവിതത്തിനുമേല്‍ ദുരന്തത്തിന്റെ നിഴല്‍ വീണുകിടക്കുന്ന ആ അന്ത്യരംഗം നഷ്ടമാവാതെ ശേഷിച്ചു. പിന്നീടെപ്പോഴോ വീഡിയോ ടേപ്പുകളായും ഡി.വി.ഡികളായും അതടങ്ങിയ ഷോലെ പ്രേക്ഷകനു മുന്നില്‍ വെളിപ്പെട്ടു. അതിന്റെ നിറങ്ങള്‍ മങ്ങിയിരുന്നു, ഒച്ച ചിലമ്പിച്ചിരുന്നു; പക്ഷേ, ദുരന്തത്തിന്റെ ആ നിഴല്‍ തെളിഞ്ഞുതന്നെ കിടന്നു.
സെന്‍സര്‍ ബോര്‍ഡിനെ മാത്രമല്ല, ചലച്ചിത്ര പണ്ഡിതരേയും തോല്‍പ്പിച്ചു കളഞ്ഞ ചരിത്രമുണ്ട്, ഷോലെയ്ക്ക്. അതുവരെ ഒരു സിനിമയ്ക്കും കിട്ടാത്തത്ര ഹൈപ്പോടെയായിരുന്നു ഷോലെ തിയേറ്ററുകളില്‍ എത്തിയത്. റിലീസിനു മുന്‍പുള്ള ഓരോ ദിവസവും ഓരോ പുതിയ റൂമറുകള്‍ ഷോലെയെക്കുറിച്ച് വന്നു കൊണ്ടിരുന്നു. സെന്‍സറിങ്ങില്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന്, ബോര്‍ഡ് വീണ്ടും കട്ടുകള്‍ ആവശ്യപ്പെട്ടെന്ന്, 70 എം.എം പ്രിന്റുകള്‍ ഇനിയും റെഡിയായിട്ടില്ലെന്ന്, റിലീസ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടക്കുന്നെന്ന്..., അങ്ങനെയങ്ങനെ. ചലച്ചിത്ര ലോകത്തു മുഴുവന്‍ ഷോലെ വര്‍ത്തമാനങ്ങള്‍. ട്രെയ്ഡ് ഗൈഡ് എഴുതി: ''എവിടെത്തിരിഞ്ഞാലും ഷോലെ മാത്രം. ഇതു കേട്ടുകേട്ട് മടുത്തിരിക്കുന്നു. എല്ലാവര്‍ക്കും ഷോലെ കണ്ടാല്‍ മതി, പല സിനിമാക്കാര്‍ക്കും സ്വന്തം പടത്തെക്കുറിച്ചല്ല, ഷോലെയെക്കുറിച്ച് പറയാനാണ് താല്പര്യമെന്നു തോന്നും'' വലിയ ബഹളത്തോടെ വന്ന മിക്കവാറും സിനിമകളോടും എന്നപോലെ ഒറ്റവാക്കിലായിരുന്നു, ചലച്ചിത്ര പണ്ഡിതര്‍ ഷോലെയോടും പ്രതികരിച്ചത്-ഫ്‌ലോപ്പ്! മിനര്‍വ തിയേറ്ററില്‍ നടത്തിയ ആദ്യ പ്രിവ്യു മുതല്‍ തന്നെ തുടങ്ങിയിരുന്നു, മുറുമുറുപ്പുകള്‍. ഇതൊരു വെസ്റ്റേണ്‍ സിനിമയല്ലേ, ഇവിടെ ആരാണിത് കാണുക? വീരുവും ജയ്യും-എന്തുതരം കൂട്ടുകെട്ടാണിവരുടേത്? അമിതാഭ് ബച്ചന്‍, ദിവാറിലൂടേയും സഞ്ജീറിലൂടേയും താരമായി മാറിക്കഴിഞ്ഞ അമിതാഭ് ബച്ചന്‍ മരിക്കുന്ന ഒരു സിനിമ ആളുകള്‍ ഇഷ്ടപ്പെടുമോ? ജയ ഭാദുരി വിധവയായി മാത്രം പ്രത്യക്ഷപ്പെടുന്ന പടം ആര് കാണാനാണ്? ഒരു അമ്മ വേഷം പോലുമില്ലാത്ത പടം കാണാന്‍ കുടുംബങ്ങള്‍ വരുമോ? ഇങ്ങനെ പോയി ചോദ്യങ്ങള്‍.
കൊട്ടിഘോഷിച്ചു വന്ന ഷോലെ വെറും ചോലെയാണെന്നു നിരൂപകര്‍ വിധിയെഴുതി. കെട്ട കനല്‍ എന്നായിരുന്നു ഇന്ത്യാ ടുഡേ റിവ്യുവിന്റെ തലവാചകം. ഒരു വെസ്റ്റേണ്‍ പടത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തിരുകിക്കയറ്റാനുള്ള പരാജയപ്പെട്ട ശ്രമം എന്നു വിധിച്ചു, ഫിലിം ഫെയര്‍. ക്ലാസ് പ്രേക്ഷകരും കുടുംബങ്ങളും ഇതു കാണാന്‍ ഒരു കാരണവുമില്ലെന്നായിരുന്നു ഫിലിം കംപാനിയന്റെ പക്ഷം. നിരൂപകരേക്കാള്‍ കൃത്യമായിക്കും, പലപ്പോഴും സിനിമയുടെ വിധിയെക്കുറിച്ചുള്ള ബ്ലാക്ക് ടിക്കറ്റ് വില്‍പ്പനക്കാരുടെ വിലയിരുത്തല്‍. ഷോലെയുടെ കാര്യത്തില്‍ പക്ഷേ, അവര്‍ക്കുമില്ലായിരുന്നു പ്രതീക്ഷ. സഞ്ജീവ് കുമാര്‍ കൈകളില്ലാത്ത കഥാപാത്രമായി വരുന്ന പടം, കനമില്ലാത്ത ശബ്ദമുള്ള പുതിയ വില്ലന്‍... ഇങ്ങനെ നെഗറ്റീവുകളിലായിരുന്നു അവരും.
1975 ഓഗസ്റ്റ് 15. അന്നാണ് ഷോലെ തിയേറ്ററുകളിലെത്തിയത്. ആദ്യ ഷോ മുതല്‍ തന്നെ രമേഷ് സിപ്പി തിയേറ്ററുകള്‍ കയറിയിറങ്ങി. എന്താണ് പ്രേക്ഷകരുടെ പ്രതികരണം? മൗനം, പല തിയറ്ററുകളും സിനിമ കഴിഞ്ഞിട്ടും നിശ്ശബ്ദതയില്‍ തന്നെ. വല്ലാത്തൊരു ഭീതി രമേഷിനെ പിടികൂടി. തിയറ്ററുകളില്‍ ആളുണ്ട്, പക്ഷേ പ്രതികരണം പോര. ഷോലെ പൊട്ടിയെന്ന് ആളുകള്‍ അടക്കംപറച്ചില്‍ തുടങ്ങി. ജി.പി. സിപ്പിക്ക് അപകടം മണത്തു. അമിതാഭിന്റെ വീട്ടില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ഷോലെയെ എങ്ങനെ രക്ഷിച്ചെടുക്കും? ബോംബെ ടെറിട്ടറിയില്‍ മാത്രമാണ് പടം റിലീസ് ചെയ്തിട്ടുള്ളത്, 40 പ്രിന്റുകള്‍. മറ്റിടങ്ങളിലെ റിലീസിനു മുന്‍പ് എന്തു മാറ്റം വരുത്തണം? ക്ലൈമാക്‌സ് ഒന്നുകൂടി മാറ്റിയാലോ? അമിതാഭ് മരിക്കുന്നത് ഒഴിവാക്കാം. രണ്ടു യുവ മിഥുനങ്ങള്‍-അമിതാഭും ജയയും ധര്‍മേന്ദ്രയും ഹേമ മാലിനിയും-അസ്തമയത്തിനു നേരെ നടന്നകലുന്ന രംഗത്തോടെ ശുഭ പര്യവസായിയായി മാറ്റാം! സലിം ഖാനും ജാവേദ് അക്തറും ഒരു തരത്തിലും വഴങ്ങിയില്ല, ഇനിയും പടം മാറ്റാനാവില്ല; അവര്‍ കടുപ്പിച്ചുതന്നെ പറഞ്ഞു. തിരിച്ചടിയില്‍ പകച്ച രമേഷ് ആദ്യമൊന്ന് അയഞ്ഞെങ്കിലും, തിരക്കഥാകൃത്തുക്കളുടെ നിലപാടിന് ഒപ്പം തന്നെ നിന്നു. നന്നായാലും നശിച്ചാലും ഷോലെ ഇങ്ങനെ തന്നെ മതി.
രണ്ടാം വാരമായപ്പോഴേക്കും തിയേറ്ററുകളില്‍ ആളുകള്‍ പകുതിയായി കുറഞ്ഞു. നഗരത്തിനു പുറത്ത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായി ക്യൂവില്‍. ഷോലെ പൊളിഞ്ഞു, ഏതാണ്ട് എല്ലാവരും അതുറപ്പിച്ചു. കനത്ത നഷ്ടക്കണക്കുകള്‍ ജി.പി. സിപ്പിയുടെ ഉറക്കം കെടുത്തി, സിപ്പിമാര്‍ രാജ്യം വിട്ടേക്കുമെന്നു വാര്‍ത്തകള്‍ പരന്നു. കശ്മീരില്‍ കഭി കഭിയുടെ ഷൂട്ടിലായിരുന്ന അമിതാഭ് ബച്ചന്‍ ശശി കപൂറിന്റെ തോളില്‍ വീണ് വിതുമ്പിക്കരഞ്ഞു. ഈയൊരൊറ്റ പടംകൊണ്ട് ജീവിതം മാറി മറിയുമെന്നു പ്രതീക്ഷിച്ചിരുന്ന അംജത് ഖാന്‍ ആരോടും മിണ്ടാതായി, വീടിനുള്ളിലേയ്ക്ക് ചുരുങ്ങി.
ഇതിനൊക്കെയിടയിലും രണ്ടുപേര്‍ കാറ്റുപിടിക്കാത്ത വന്‍മരങ്ങള്‍പോലെ ഉറച്ചുനിന്നു, സലിം ഖാനും ജാവേദ് അക്തറും. ഈ പടം ഓടും, അവര്‍ ഉറപ്പിച്ചു പറഞ്ഞു. ആ പ്രതീക്ഷ പരസ്യമായി പറഞ്ഞ് ഫിലിം മാഗസിനുകളില്‍ അവരൊരു പരസ്യം കൊടുത്തു; ഷോലെ ഓരോ ടെറിട്ടറിയിലും ഒരു കോടി വീതം കലക്ട് ചെയ്യും. സലിം-ജാവേദ് തന്നെയായിരുന്നു ശരിയെന്നു തെളിയാന്‍ അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. രണ്ടാമത്തെ ആഴ്ച പകുതിയായപ്പോഴേക്കും ആളുകള്‍ തിയേറ്ററിലേയ്ക്ക് വരാന്‍ തുടങ്ങി, ഒരുവട്ടം കണ്ടവരായിരുന്നു ഷോലെയുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. അവര്‍ കൂടുതല്‍ പേരുമായി വീണ്ടും തിയേറ്ററുകളിലെത്തി, പിന്നെയും പിന്നെയും സിനിമ കണ്ടു. മൂന്നാം വാരമായപ്പോഴേക്കും ആളുകള്‍ ഷോലെയിലെ ഡയലോഗുകള്‍ പറയാന്‍ തുടങ്ങി. പോളിഡോര്‍ കമ്പനി പടത്തിലെ തെരഞ്ഞെടുത്ത ഡയലോഗുകള്‍ റെക്കോര്‍ഡായി ഇറക്കി. മാര്‍ക്കറ്റില്‍ ആവശ്യത്തിന് അനുസരിച്ച് റെക്കോര്‍ഡ് എത്തിക്കാന്‍ കഴിയാനാവാത്തവിധം ചൂടപ്പംപോലെ അതു വിറ്റുപോയി. അഞ്ചു ലക്ഷത്തിലേറെ കസറ്റുകളാണ് പോളിഡോര്‍ വിറ്റത്. രണ്ടാംവാരത്തില്‍ ആളില്ലാതിരുന്ന മിനര്‍വ തിയേറ്ററിലെ ക്യൂ ടാര്‍ഡിയോ ബ്രിഡ്ജ് വരെ നീണ്ടു, ആ ബസ് സ്റ്റോപ്പിന് ഷോലെ സ്റ്റോപ്പ് എന്നു പേരു വീണു. ആദ്യ ആഴ്ചയില്‍ സിനിമയെ എഴുതിത്തള്ളിയ കരിഞ്ചന്തക്കാര്‍ ചാകര കൊയ്തു, 15 രൂപയുടെ ബാല്‍ക്കണി ടിക്കറ്റ് 200 രൂപയ്ക്ക് വിറ്റു, അവര്‍ അപ്പാര്‍ട്ട്മെന്റുകളും കാറുകളും വാങ്ങിക്കൂട്ടിയതായി കഥകള്‍ പരന്നു. ബോംബെയില്‍ പേമാരി പെയ്ത് മിനര്‍വയില്‍ വെള്ളം കയറിയ രാത്രിയില്‍, പാദരക്ഷകളൂരി കയ്യില്‍വെച്ച്, കാലുറകള്‍ തെറുത്തു കയറ്റി, നനഞ്ഞിരുന്ന് ആളുകള്‍ ഷോലെ കണ്ടു; അന്നും തിയ്യറ്ററിനു പുറത്ത് ആ ബോര്‍ഡ് തൂങ്ങിയിരുന്നു - ഹൗസ് ഫുള്‍.
മിനര്‍വയില്‍ അഞ്ചു വര്‍ഷമാണ് ഷോലെ കളിച്ചത്, അതില്‍ മൂന്നു വര്‍ഷവും മിക്കവാറും ഹൗസ് ഫുള്ളായി ഓടിയ റെഗുലര്‍ ഷോ. ആദ്യ വരവില്‍ 35 കോടിയാണ്, ഫ്‌ലോപ്പെന്ന് ചലച്ചിത്രലോകം എഴുതിത്തള്ളിയ പടം കലക്ട് ചെയ്തത്. വരവുകള്‍ പിന്നീട് പലതുണ്ടായി, പലവട്ടം ഷോലെ റീറിലീസ് ചെയ്തു. സിപ്പിക്കു കാശിനു ബുദ്ധിമുട്ട് വരുമ്പോഴൊക്കെ ഷോലെ റിറിലീസ് ചെയ്യും എന്നൊരു കഥ തന്നെയുണ്ടായി ഹിന്ദി സിനിമക്കാര്‍ക്കിടയില്‍.
''ഈ പടം ഹിറ്റ് ആവുമെന്ന് എനിക്കുറപ്പായിരുന്നു.'' തിയേറ്ററിനു പുറത്ത് ചായക്കച്ചവടം ചെയ്യുന്ന ഒരാള്‍ കുറേ നാളിനുശേഷം രമേഷ് സിപ്പിയോട് പറഞ്ഞു.
''അതെങ്ങനെ?''
''അത് സര്‍, ഇന്റര്‍വെല്ലിനെങ്കിലും ഒരു ചായ കുടിക്കാനായി ഒരാളെങ്കിലും പുറത്തിറങ്ങണ്ടേ?''
അയാളുടെ റിവ്യു കേട്ട് രമേഷ് സിപ്പി നിറഞ്ഞു ചിരിച്ചു.?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
