കാല്‍ക്കല്‍ നോക്കി നടക്കുന്നു, വിഷം തീണ്ടാതെ

മനസില്‍ ബാക്കിയാവുന്ന മുറിവുകളെക്കുറിച്ച് എംടി പറയുന്നു... എസ്. ജയചന്ദ്രന്‍ നായരുമായി 2001ല്‍ നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍
കാല്‍ക്കല്‍ നോക്കി നടക്കുന്നു, വിഷം തീണ്ടാതെ
Updated on
5 min read

എം.ടി. വാസുദേവന്‍ നായര്‍ എനിക്കാരാണ്? അപൂര്‍വ്വമായി കണ്ടുമുട്ടാറുള്ള പരിചയത്തെ ഒരു പകുതിച്ചിരിയില്‍ ഒതുക്കുന്ന വ്യക്തിപരമായ ഒരു ബന്ധം മാത്രമല്ലേ എനിക്ക് ആ എഴുത്തുകാരന്‍. പത്തോ പതിനഞ്ചോ മിനിട്ടുകളില്‍ത്തീരുന്ന കൂടിക്കാഴ്ചകള്‍. ഒന്നോ രണ്ടോ വരികളില്‍ പരിമിതപ്പെടുന്ന കത്തുകള്‍. അഞ്ച് മിനിറ്റില്‍പ്പോലും നീണ്ടുപോകാത്ത ടെലിഫോണ്‍ സംഭാഷണങ്ങള്‍. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം എന്റെ വായനയെ ധന്യമാക്കിയ കുറേ മണിക്കൂറുകള്‍ നല്‍കിയ എഴുത്തുകാരനാണ്, എം.ടി. വാസുദേവന്‍ നായര്‍. 'ചോരപുരണ്ട മണല്‍ത്തരികളി'ല്‍ത്തുടങ്ങുന്നതാണ് ആ ബന്ധം. കടമ്മനിട്ടയുടെ ശാന്തയും വൈലോപ്പിള്ളിയുടെ കണ്ണീര്‍പ്പാടവും ഏകാന്തനിമിഷങ്ങളെ ദുഃഖതപ്തങ്ങളാക്കാറുള്ളതുപോലെ കുടജാദ്രിയിലെ ഒരു തണുത്ത രാത്രിയില്‍, വിനോദിനി ടീച്ചറുടെ കൈകളില്‍ മാഷ്, പതിയെ സ്പര്‍ശിക്കുമ്പോള്‍, മനസ്സ് വിങ്ങിപ്പോകുന്നത് ഞാന്‍ സൂക്ഷിക്കുന്ന സ്വകാര്യദുഃഖമാണ്. അതുപോലെ കുട്ട്യേടത്തിയും ഓപ്പോളും വേലായുധനും ഗോവിന്ദന്‍കുട്ടിയും അങ്ങനെ എത്രയെത്ര പേര്‍. നിശ്ശബ്ദരായി അവര്‍ അടുത്തുവരികയും, അവരുടെ സങ്കടങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അതിലൂടെ അവരുടെ വ്യസനങ്ങള്‍ ഞാനറിയാതെ എന്റേതായിത്തീര്‍ന്നിരിക്കുന്നു. വളരെ മുന്‍പ്, 'സൈലന്റ് സ്‌നോ സീക്രട്ട് സ്‌നോ' എന്ന കഥ വായിച്ചത് ഞാനോര്‍ത്തുപോവുകയാണ്. ഓര്‍മ്മയുടെ താളം തെറ്റുന്ന അതിലെ കുട്ടി ഒരു നിശ്ശബ്ദരോദനം പോലെ മനസ്സിലിപ്പോഴും നില്‍ക്കുന്നു. അതുപോലെ എത്രയെത്ര അനുഭവങ്ങള്‍. ആ അനുഭവങ്ങളിലൊരു പങ്ക് എനിക്ക് നല്‍കിയത് എം.ടി. വാസുദേവന്‍ നായരാണ്. വ്യക്തിപരമായ നിലയില്‍ അദ്ദേഹവുമായി ഇടപഴകിയപ്പോഴെല്ലാംതന്നെ, മനസ്സില്‍ തോന്നിയിട്ടുണ്ട് ''ഇതാ അഭിജാതമായ സാന്നിദ്ധ്യം'', ഒരിക്കല്‍പ്പോലും തന്റെ കഥകളെക്കുറിച്ചോ നോവലുകളെക്കുറിച്ചോ ചലച്ചിത്രങ്ങളെക്കുറിച്ചോ വീമ്പുപറയാനല്ല സംസാരിക്കാന്‍ പോലും അദ്ദേഹം മുതിര്‍ന്നിരുന്നില്ലെന്ന് ഞാനോര്‍ക്കുന്നു. 'രണ്ടാമൂഴത്തിന്റെ കൈയെഴുത്തുപ്രതി കോഴിക്കോട്ടുവച്ച് ഏല്പിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു: ''എനിക്കറിഞ്ഞുകൂടാ, ഇത് സീരിയല്‍ ചെയ്താല്‍ ശരിയാവുമോയെന്ന്.'' സത്യസന്ധമായ ആ ഉത്കണ്ഠയ്ക്ക് യാതൊരടിസ്ഥാനവുമില്ലായിരുന്നുവെന്ന്, കാലം തെളിയിച്ചതാണല്ലോ.

എംടി
എംടി

സ്വാധീനം

എം.ടി. വാസുദേവന്‍ നായരെപ്പോലെ ഒരു തലമുറയുടെ സംഹിത്യാഭിരുചിയേയും വായനാശീലത്തേയും സ്വാധീനിച്ച ഒരു എഴുത്തുകാരന്‍ മലയാള സാഹിത്യത്തിലില്ലെന്ന് യാഥാര്‍ത്ഥ്യമാണ്. എങ്ങനെ ഇത് സാധിച്ചു? അദ്ദേഹം കഥയെഴുത്ത് തുടങ്ങുന്നത്, സമ്പന്നമായ ഒരു സാഹചര്യത്തിലാണ്. തകഴി, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി, ഉറൂബ്, കാരൂര്‍ എന്നിവര്‍ സാഹിത്യരംഗം അടക്കിവാഴുന്ന കാലം. ഒ.വി. വിജയനും ടി. പത്മനാഭനും വി.കെ.എന്നും അവരുടെ സാന്നിധ്യം കഥാരംഗത്ത് ശ്രദ്ധാര്‍ഹമാക്കിത്തീര്‍ത്തിരുന്നു അപ്പോള്‍. അവര്‍ക്കിടയിലേക്കാണ് എ.ടി എത്തുന്നത്. പതുക്കെ, വളരെപ്പതുക്കെ, ഓരോ ഇഷ്ടികയായി എടുത്തുവച്ച് അദ്ദേഹം തന്റേതായൊരു സാഹിത്യപ്രപഞ്ചം കെട്ടിപ്പടുത്തു. ആര്‍ക്കും അവഗണിക്കാന്‍ കഴിയുന്നതായിരുന്നില്ല, നിശ്ശബ്ദമെങ്കിലും ദൃഢമായ ആ കെട്ടിപ്പടുക്കല്‍. കഥകള്‍, നോവലുകള്‍, പിന്നെ ചലച്ചിത്രങ്ങള്‍... ആദ്യമൊക്കെ വാടിപ്പോകുമെന്ന് ശങ്കിച്ചിരുന്ന ആ പച്ചപ്പ് സാവധാനം കാമ്പുള്ള ഒരു വൃക്ഷമായി വളര്‍ന്നു. ക്രമേണ, ഒരു തലമുറയുടെ രചനകള്‍ക്ക് അദ്ദേഹം മാതൃകയായി. എം.ടി. വാസുദേവന്‍ നായരുടെ ഒരു വാക്യത്തിന്റെ നിഴലെങ്കിലും വീഴാത്തവരായി ആരുമില്ലെന്ന അവസ്ഥയുണ്ടായി.

'സോളിറ്റിയൂഡ് ഔട്ട്‌സൈഡ് ജിയോഗ്രഫി' എന്ന സ്‌റ്റൈനറുടെ വാക്യമാണ് ഇവിടെ സ്മരണയില്‍ വരുന്നത്.

താന്‍ വളര്‍ന്നതോടൊപ്പം, ഒരു പത്രാധിപര്‍ എന്ന നിലയ്ക്ക് കഥാകൃത്തുക്കളുടെ ഒരു തലമുറയ്ക്ക് വളരാനും എം.ടി. വാസുദേവന്‍ നായര്‍ തുണയായിയെന്നത് ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. മാധവിക്കുട്ടിയും മുകുന്ദനും സേതുവും പുനത്തില്‍ കുഞ്ഞബ്ദുള്ളയും എം.പി. നാരായണപിള്ളയും കാക്കനാടനുമൊക്കെ അദ്ദേഹത്തോടൊപ്പം വളര്‍ന്നുവന്നവരാണ്. അവരില്‍ ചിലര്‍, വിശേഷിച്ച് മാധവിക്കുട്ടി ആ കാലഘട്ടത്തിലെ ഏറ്റവും നല്ല കഥകള്‍ എഴുതി മലയാള കഥാസാഹിത്യത്തെ അന്നേവരെ എത്തിയിട്ടില്ലാത്ത ഉയരങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്യുകയുണ്ടായി. അങ്ങനെ മലയാളത്തിലെ ആധുനിക കഥാസാഹിത്യത്തില്‍ തന്റേതായ ഇടം നിര്‍മ്മിച്ചെടുത്ത എം.ടി. വാസുദേവന്‍ നായര്‍ ആരാധകരോടൊപ്പം ശത്രുക്കളെയും ധാരാളമായി സമ്പാദിച്ചിരുന്നു. അതിന്റെ പ്രത്യക്ഷപ്രകടനമാണല്ലോ, കഴിഞ്ഞ കുറേക്കാലമായി ടി. പത്മനാഭന്‍ അദ്ദേഹത്തിനെതിരെ നടത്തിവരുന്ന ആക്ഷേപങ്ങള്‍.

എത്രയോ കാലമായി ഈ ശകാരവര്‍ഷം തുടരുന്നു. എങ്കിലും, അതിനെ ഒന്നു സ്പര്‍ശിക്കുകപോലും ചെയ്യാതെ നിശ്ശബ്ദനാകുകയായിരുന്നു എം.ടി. വാസുദേവന്‍ നായര്‍. എന്നാല്‍, ആ ആക്ഷേപങ്ങള്‍ അദ്ദേഹത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കിയിരുന്നുവെന്ന്, ആകസ്മികമായി ഉണ്ടായ ഒരു കൂടിക്കാഴ്ചയ്ക്കിടയിലാണ് മനസ്സിലാവുന്നത്. ''മനസ്സിനെ വല്ലാതെ ശല്യപ്പെടുത്തുന്നതാണത്'' ശകാരങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞു. ''വെറുതെ ഓരോന്നും പറഞ്ഞുകൊണ്ടിയിരിക്കുന്നു. അതെല്ലാം ശരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍, അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുക എന്തു ചെയ്യാന്‍'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി. പത്മനാഭന്‍
ടി. പത്മനാഭന്‍

വിഷം തീണ്ടാതെ

''കുട്ടിക്കാലത്ത് ഞങ്ങളോട് മുതിര്‍ന്നവര്‍ പറയും, ഇഴജീവികളുണ്ടാവും, കാല്‍ക്കല്‍ നോക്കിനടക്ക് എന്ന്. എപ്പോഴും കാല്‍ക്കല്‍ നോക്കി നടക്കുന്ന ഒരാളാണ് ഞാന്‍.'' അടുത്ത കാലത്ത് ടി. പത്മനാഭന്‍ നടത്തിയ ചില ആരോപണങ്ങള്‍ പരാമര്‍ശിക്കവേ എം.ടി. ഓര്‍മ്മിച്ചു. ഒരു വിവാദത്തില്‍ ഏര്‍പ്പെടാനോ ആരോപണങ്ങളെല്ലാം നിഷേധിച്ച് 'സല്‍കീര്‍ത്തി' വീണ്ടെടുക്കാനോ അദ്ദേഹത്തിന് അശേഷം താല്പര്യമില്ലായിരുന്നു. എന്നാലും, അസഭ്യവര്‍ഷം നിരന്തരമായി തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍, അതേപ്പറ്റി പ്രതികരിക്കാതിരിക്കുന്നത് ആക്ഷേപങ്ങള്‍ ശരിയാണെന്ന ധാരണ സൃഷ്ടിക്കുകയില്ലേ എന്ന ചോദ്യമാണ്, ആരോപണങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായത്.

''ടി. പത്മനാഭന്റെ പല കഥകളും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. കഥാകാരനോട് ബഹുമാനവും തോന്നിയിട്ടുണ്ട്. പത്മനാഭനോട് മാത്രമല്ല, പഴയ തലമുറയിലേയും പുതിയ തലമുറയിലേയും പല കഥകളോടും എനിക്ക് ബഹുമാനം തോന്നിയിട്ടുണ്ട്. 'എനിക്കിതേപോലെ എഴുതാന്‍ പറ്റിയില്ലല്ലോ' എന്ന ആരാധന കലര്‍ന്ന അസൂയ ഇതിനെ ഉദാത്തമായ അസൂയ എന്നുവിളിക്കാം - തോന്നിയ കഥകള്‍, ചിലത് പുതിയ കാലഘട്ടത്തില്‍ എഴുതിയത് മാധവിക്കുട്ടിയാണ്. മുന്‍പ് ഇത് ഞാന്‍ പറഞ്ഞിട്ടുള്ളതാണ് സംഭാഷണം തുടങ്ങിക്കൊണ്ട് എം.ടി. പറഞ്ഞു.

ടി. പത്മനാഭനുമായി വ്യക്തിപരമായ തലത്തില്‍ അടുപ്പത്തിലായിരുന്നില്ലേ?

പത്മനാഭന്‍ എന്ന മനുഷ്യനുമായി ഞാന്‍ അടുത്തിടപഴകിയിട്ടില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം എനിക്ക് നേരെ വിഷം ചീറ്റുന്നത് ഒരു പതിവാക്കിയിട്ടുണ്ട്. അപ്പപ്പോള്‍ മറുപടി പറയാന്‍ നിന്നാല്‍ അതിനേ സമയം കാണൂ. കാരണം, വിഷസഞ്ചി ഇടയ്ക്കിടെ നിറയും. അപ്പോഴൊക്കെ വിഷം ചീറ്റും. കുട്ടിക്കാലത്ത് ഞങ്ങളോട് മുതിര്‍ന്നവര്‍ പറയും: ''ഇഴജീവികളുണ്ടാവും, കാല്‍ക്കല്‍ നോക്കി നടക്ക്'' എപ്പോഴും കാല്‍ക്കല്‍ നോക്കി നടക്കുന്നു. വിഷം തീണ്ടാതെ നോക്കുന്നു. വിഷവാക്കുകള്‍കൊണ്ട് മരിക്കുമെങ്കില്‍ ഞാന്‍ എന്നെ മരിച്ചുപോയേനെ!

വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് കാരണം എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ?

ഹേയ്, ഞാനത്തരം അന്വേഷണങ്ങളൊന്നും നടത്തുന്നയാളല്ല. വ്യക്തിപരമായി എന്നെ അപമാനിക്കുന്നതും കടന്ന്, ഞാനുമായി ബന്ധപ്പെട്ട പലതിന്റെയും നേര്‍ക്ക് വിഷം ചീറ്റിവരാറുണ്ട്. ഞാനൊരു സംഭവം ഓര്‍ക്കുകയാണ്. തുഞ്ചന്‍ സ്മാരകത്തിന്റെ പണി തുടങ്ങുന്ന കാലം. പല വ്യക്തികളെയും സ്ഥാപനങ്ങളെയും സമീപിച്ച് സാമ്പത്തിക സഹായവാഗ്ദാനം ചെയ്യിച്ചുകഴിഞ്ഞപ്പോഴാണ്, കോഴിക്കോട് ടൗണ്‍ഹാളില്‍ അദ്ദേഹം പ്രസംഗിക്കുന്നത്. ''അവിടെ അതിഥിമുറികള്‍ ഉണ്ടാക്കുന്നത് ചിലര്‍ക്ക് മദ്യപാനം കുടിച്ച് തിരക്കഥ എഴുതാനാണ്!''

ശരിയാണ്. ഞാന്‍ തിരക്കഥകള്‍ ഇടയ്‌ക്കെഴുതാറുണ്ട്. അതിന് പ്രൊഡ്യൂസര്‍മാരാണ് സൗകര്യം ചെയ്തുതരുന്നത്. അതല്ലെങ്കില്‍ത്തന്നെ സ്വസ്ഥമായിരുന്ന് ജോലി ചെയ്യാന്‍ പറ്റിയ സ്ഥലങ്ങള്‍ എനിക്കുണ്ട്. ടി. പത്മനാഭന്റെ അധിക്ഷേപത്തിനുള്ള മറുപടി എനിക്കൊരു പ്രസംഗത്തില്‍ തിരുകിക്കയറ്റാന്‍ വയല്ലോ. സഹിക്കുകതന്നെ.

ബഷീറിനെപ്പറ്റി

വൈക്കം മുഹമ്മദ് ബഷീറിന് ജ്ഞാനപീഠം കിട്ടാതിരിക്കാന്‍ കോഴിക്കോട് ആസ്ഥാനമാക്കി താങ്കള്‍ പ്രവര്‍ത്തിച്ചു എന്നതിനെപ്പറ്റിയോ?

വൈക്കം മുഹമ്മദ് ബഷീറിനെതിരായി അച്ചടിച്ചുവന്ന ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്ത് ജ്ഞാനപീഠ കമ്മിറ്റിക്ക് അയച്ചുകൊടുത്തു എന്നൊരാരോപണം മൂന്നിടത്ത് അദ്ദേഹം പറയുകയുണ്ടായി. ബഷീറിന്റെ ആത്മാവ് അദ്ദേഹത്തിന് മാപ്പുകൊടുക്കട്ടെ. ദുരാരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതിലാണ്, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ഭാവന ശരിക്കും ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നത്. അതിന്റെ മകുടോദാഹരണമാണ് ഞാനിതിനെ കാണുന്നു.

ഒരു പത്രശൃംഖലയുടെ ശക്തി ഉപയോഗിച്ചാണ് താങ്കള്‍ പ്രതിയോഗികളെ നേരിടുന്നതെന്ന് അടുത്തിടെ ഒരു കൂടിക്കാഴ്ചയില്‍ ടി. പത്മനാഭന്‍ ആരോപിച്ചിരുന്നത് വായിച്ചില്ലേ?

എന്ത് പത്രശൃംഖല. ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഒരു പത്രശൃംഖല, - അത് ശരിയാണെങ്കില്‍ - ആകുന്നത് വളരെ വൈകിയല്ലേ. അങ്ങനെ ഇല്ലാത്ത പത്രശൃംഖലയെ ഉപയോഗിക്കാന്‍ എനിക്കെങ്ങനെയാണ് സാധിക്കുക. ടി. പത്മനാഭന്റെ രചനകള്‍ ഞാന്‍ ചവറ്റുകൊട്ടയിലിട്ടു എന്ന സൂചനയുള്ള ആരോപണങ്ങളും കണ്ടു. ഞാന്‍ പത്രമാപ്പീസില്‍ ഒരു ട്രെയിനിയായി വരുമ്പോള്‍, അദ്ദേഹം ലബ്ധപ്രതിഷ്ഠനായ കഥാകാരനാണ്. അത്തരം എഴുത്തുകാരോട് കഥകള്‍ ആവശ്യപ്പെടുമ്പോള്‍, അവര്‍ അയച്ചുകൊടുക്കാറുണ്ട്. അങ്ങനെയുള്ള ഒരാളുടെ രചന കൊട്ടയിലിടാന്‍ പത്രാധിപര്‍ക്ക് കഴിയില്ല. പിന്നെയല്ലേ ഒരു ജൂനിയര്‍ സബ് എഡിറ്റര്‍ക്ക്? അങ്ങനെ ഒന്നുണ്ടായാല്‍ തെളിയാന്‍ ദിവസങ്ങള്‍ മതിയല്ലോ. ആ സബ് എഡിറ്ററുടെ ഉദ്യോഗം പോയതുതന്നെ. ഒരു പത്രശൃംഖലയ്ക്കും അയാളെ സഹായിക്കാനുമാവില്ല.

ചോദ്യത്തിനിടയില്‍ മറ്റൊരു അനുഭവം എം.ടി പറയുകയുണ്ടായി. ''ഒന്നാംഘട്ടത്തിനുശേഷം ഞാന്‍ മാതൃഭൂമിയില്‍ ചേര്‍ന്ന കാലത്തായിരുന്നു അത് നടക്കുന്നത്. ഒരുപക്ഷേ, ടി. പത്മനാഭനെ അവസാനമായി നേരില്‍ക്കണ്ടതും അപ്പോഴായിരുന്നു.'' അദ്ദേഹം ആമുഖമായി പറഞ്ഞു.

മാതൃഭൂമിയില്‍ വീണ്ടും ഞാന്‍ ചേരുന്നു എന്ന വാര്‍ത്ത വന്ന കാലമായിരുന്നു. ട്രെയിനില്‍വച്ചാണ് ഞാനദ്ദേഹത്തെ കാണുന്നത്.

''എന്തിന് അതിന് പോണ്? ആരു വിചാരിച്ചാലും അത് നേരെയാക്കാന്‍ പറ്റില്ല'' എന്നദ്ദേഹം അപ്പോള്‍ ഉപദേശിച്ചു.

''കുറച്ചുനാള്‍ ശ്രമിച്ചുനോക്കാം'' എന്നായിരുന്നു എന്റെ വിനീതമായ മറുപടി.

അവസാനത്തെ കൂടിക്കാഴ്ച

എം.ടി. തുടര്‍ന്നു: ഞാന്‍ മാതൃഭൂമിയിലേക്ക് വീണ്ടും വരുമ്പോള്‍, പല കാരണങ്ങളായി പല എഴുത്തുകാരും ആഴ്ചപ്പതിപ്പില്‍നിന്നും അകന്നുനിന്നിരുന്നു. അവര്‍ക്കെല്ലാം കത്തുകളയച്ചു. പലരും എഴുതാന്‍ തുടങ്ങി. ഒരു വിശേഷാല്‍പ്രതി പ്ലാന്‍ ചെയ്യുന്ന സമയത്ത് പത്മനാഭനും കത്തയച്ചു. മറുപടിയില്‍ അദ്ദേഹം തന്റെ വ്യവസ്ഥകള്‍ അറിയിച്ചിരുന്നു. വ്യവസ്ഥ വളരെ ലളിതമായിരുന്നു. തന്റെ കഥ ഒന്നാമതായി പ്രസിദ്ധീകരിക്കണം. അതിനെന്ത് വിഷമം?

ചിലര്‍ക്ക് കൂടുതല്‍, ചിലര്‍ക്ക് കുറവ് എന്ന നിലയിലായിരുന്നില്ല, അന്ന് പ്രതിഫലം കൊടുത്തിരുന്നത്. എല്ലാവര്‍ക്കും ഒരേപോലെ പ്രതിഫലം കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. ദിവസങ്ങള്‍ക്കുശേഷം അദ്ദേഹം മാതൃഭൂമിയില്‍ വന്നു. പത്രത്തിന്റെ പരസ്യനിരക്ക് വര്‍ദ്ധിപ്പിച്ചതനുസരിച്ച് എഴുത്തുകാരുടെ പ്രതിഫലം കൂട്ടേണ്ടതാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അദ്ദേഹത്തിന്റെ വാദത്തോട് പൂര്‍ണ്ണമായും ഞാന്‍ യോജിച്ചു. പ്രതിഫലത്തിനായി അലോട്ട് ചെയ്യുന്ന സംഖ്യയുടെ പരിമിതിയെപ്പറ്റി ഞാന്‍ പറഞ്ഞു: ''ഞാന്‍ എഴുതിക്കൊടുത്തിട്ടുണ്ട്. വര്‍ദ്ധിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്.''

പിന്നെ മറ്റു പ്രസിദ്ധീകരണങ്ങള്‍ നല്‍കുന്ന പ്രതിഫലത്തുകകള്‍ അദ്ദേഹം വിസ്തരിച്ചു.

''എന്റെ ഒരു കഥ സിനിമയാക്കാന്‍ എനിക്ക് ഇരുപതിനായിരം ഉറുപ്പികയാണ് തന്നത്, അറിയാമോ?''

''ശരി. നല്ല കാര്യം.''

ഞാന്‍ വീണ്ടും പറഞ്ഞു: ''പ്രതിഫലം കൂട്ടാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനിയും പറയും.''

''ആരാണ് നിശ്ചയിക്കുന്നത്? ഇവിടെ ഒരു മഹാസാഹിത്യകാരനല്ലേ ഭരിക്കുന്നത്? അയാളെ വിളിക്ക്. പിന്നെ അക്ഷരമറിയാത്ത ഒരുത്തനല്ലേ മാനേജിംഗ് എഡിറ്റര്‍? അയാളെ വിളിക്ക് (മാനേജിംഗ് എഡിറ്റര്‍ക്ക് അച്ചടിക്കാന്‍ പറ്റാത്ത ഒരു തെറിയും വിശേഷണപദമായുണ്ടായിരുന്നു) തനിക്ക് ധൈര്യമില്ലെങ്കില്‍ ഞാന്‍ പറയാം.''

''വേണ്ട. ഞാനിതെല്ലാം അവരെ ബോദ്ധ്യപ്പെടുത്താം.''

''മറ്റു പ്രസിദ്ധീകരണങ്ങള്‍ നല്‍കുന്ന സംഖ്യ തരാന്‍ പറ്റുമ്പോള്‍ മതി ഇനി എന്നോട് കഥ ആവശ്യപ്പെടുന്നത്.''

എന്നിട്ടദ്ദേഹം ഇറങ്ങിപ്പോയി.

പിന്നീട് പ്രതിഫലം വര്‍ദ്ധിപ്പിച്ചിരിക്കും. ഞാന്‍ പോന്നതിനുശേഷം.

ആ കാലത്ത്, ടി. പത്മനാഭന്റെ വിശദമായ ഒരു ഇന്റര്‍വ്യൂവും ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നു. സാഹിത്യം, കഥയെഴുത്ത് തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള നീണ്ട ഇന്റര്‍വ്യൂ. വിഷലിപ്തമല്ലാത്ത ഒരു ഇന്റര്‍വ്യൂ. ആപ്പീസിലെ ആ കലാപമാണ് ടി. പത്മനാഭനുമായുള്ള അവസാനത്തെ കൂടിക്കാഴ്ച.

ഒ.വി. വിജയന്‍ കേരളം വിടാന്‍ കാരണം താങ്കളാണെന്നാണല്ലോ ടി. പത്മനാഭന്‍ കുറ്റപ്പെടുത്തുന്നത്?

ഒ.വി. വിജയനെ കോഴിക്കോട്ടുനിന്ന് നാടുകടത്തിയത് ഞാനാണെന്നാണ് ആരോപണം. ഒ.വി. വിജയന്‍ കോഴിക്കോട് ലക്ചററായിരുന്ന കാലത്ത് ഞാന്‍ എന്‍.വി. കൃഷ്ണവാരിയരുടെ കീഴില്‍ ഒരു സബ് എഡിറ്ററാണ്. നൂറുറുപ്പികയില്‍ താഴെ ശമ്പളം. ജീവിക്കാന്‍ വേണ്ടി രാവിലെ രണ്ടു മണിക്കൂര്‍ ട്യൂട്ടോറിയലില്‍ പഠിപ്പിക്കും. അങ്ങനത്തെ ഒരു പത്രപ്രവര്‍ത്തകന്‍ ഒരെഴുത്തുകാരനെ നാടുകടത്താന്‍, എന്താ മാഫിയ തലവനോ മറ്റോ ആണോ? നേരത്തെ പറഞ്ഞില്ലേ, ദുരാരോപണങ്ങള്‍ മിനഞ്ഞെടുക്കുമ്പോഴാണ് അദ്ദേഹം ഏറ്റവും ഉജ്ജ്വലമായ ഭാവന പ്രകടിപ്പിക്കുന്നത്.

ജ്ഞാനപീഠവിവാദം

ഇത്തവണത്തെ ജ്ഞാനപീഠം പുരസ്‌കാരവിവാദത്തെപ്പറ്റി?

ഒ.വി. വിജയന് കിട്ടേണ്ട ജ്ഞാപീഠസമ്മാനം ഞാന്‍ മുടക്കി എന്നാണ് ആക്ഷേപം. അത് വിജയന്‍ പറയില്ല. വിശ്വസിക്കില്ല. മഹാശ്വേതാദേവി, ക്വാറത്തുലൈന്‍, ഹൈദര്‍, സീതാകാന്ത് മഹാപാത്ര തുടങ്ങിയ ഒന്‍പതുപേരുള്ള ഒരു കമ്മറ്റി ആലോചിച്ചാണ് തീരുമാനമെടുത്തത്. ബംഗാളിയിലെ പ്രശസ്തനായ ഒരെഴുത്തുകാരന്റെ പേരുണ്ടായിരുന്നു. അദ്ദേഹത്തിന് കിട്ടാതിരുന്നത് മഹാശ്വേതാദേവി കാരണമാണെന്ന് ബംഗാളികളാരും പറഞ്ഞുകേട്ടിട്ടില്ല. ഏതെല്ലാം എഴുത്തുകാര്‍ പരിഗണനയ്ക്കു വന്നു, അവര്‍ക്കെത്ര വോട്ടുകള്‍ കിട്ടി എന്ന് പറയാതിരിക്കുന്നതാണ് സാമാന്യനിയമം. മറ്റെഴുത്തുകാരോട് ചെയ്യുന്ന അനീതിയാവും അത്. ഒരാള്‍ എതിര്‍ത്തതുകൊണ്ടോ ഒരാള്‍ വാദിച്ചതുകൊണ്ടോ സ്വന്തമായ അഭിപ്രായങ്ങളും സ്വന്തം തട്ടകങ്ങളില്‍ വലിയ സ്ഥാനവുമുള്ളവര്‍ അടങ്ങുന്ന അത്തരമൊരു കമ്മിറ്റിയുടെ അഭിപ്രായം മാറ്റിമറിക്കാന്‍ പറ്റില്ലെന്ന് ലോകമറിയുന്നതാണ്.

വ്യക്തിപരമായി ശകാരിക്കുന്നതിനു പുറമെ കുടുംബത്തേയും വലിച്ചിഴയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ?

ആക്രമണങ്ങള്‍ എന്റെ നേരെ മാത്രമല്ല, മുന്‍പ് തരംകിട്ടുമ്പോഴൊക്കെ ''അത് കൂടല്ലൂരില്‍ കാണില്ല'' എന്ന പ്രയോഗങ്ങളൊക്കെയുണ്ട്, ഞാന്‍ ജനിച്ചുവളര്‍ന്ന ഗ്രാമമായിപ്പോയി. പാവം കൂടല്ലൂര്!

മറ്റൊന്ന് എന്റെ മകള്‍ക്ക് മലയാളം പറയാനറിയില്ല. ഭാര്യക്ക് തമിഴേ അറിയൂ തുടങ്ങിയ ആരോപണങ്ങളും ഇടയ്ക്കിടെ വരുന്നുണ്ട് എന്ന് ചിലര്‍ അറിയിക്കാറുണ്ട്. എന്റെ കുടുംബാംഗങ്ങള്‍, മരിച്ചുപോയ അച്ഛനമ്മമാര്‍ ഇവരൊക്കെ എന്നാണ്, ശകാരത്തിന് വിധേയരാവുക എന്നറിയില്ല. അങ്ങനെ വന്നാലും ഞാനത്ഭുതപ്പെടില്ല.

''ഇനിയും ദുരാരോപണങ്ങളുണ്ടാവും. വിഷം, നിറയുമ്പോള്‍ കടിച്ചുതീര്‍ക്കണമല്ലോ. എന്റെ ആയുഷ്‌ക്കാലം മുഴുവന്‍ ഇതുണ്ടാവും. അദ്ദേഹം നൂറുവയസ്സുവരെ ജീവിക്കും. പക, പരപുച്ഛം, ലോകത്തോടു മുഴുവന്‍ അതൃപ്തി - അങ്ങനെ കാഠിന്യമുള്ള മനസ്സുള്ളവര്‍ക്ക് നൂറുവയസ്സുവരെയാണ് ആയുസ്സെന്ന് രജനീഷ് ഒരിക്കല്‍ പറഞ്ഞു. അദ്ദേഹം മാതൃകയായി ഉദ്ധരിച്ചത് മൊറാര്‍ജി ദേശായിയെയാണ്.''

''ദുരാരോപണങ്ങളും ശകാരങ്ങളും ഏറ്റുവാങ്ങാന്‍ ഇനിയും ജീവിതം കുറച്ചു ബാക്കിയുണ്ട്. സ്വന്തം ദീര്‍ഘായുസ്സിനുവേണ്ടി അദ്ദേഹം മറ്റൊരു ഭയങ്കര ശത്രുവെ മനസ്സില്‍ സൃഷ്ടിച്ചെടുക്കാന്‍ തുടങ്ങിയിട്ടുണ്ടാവും അതിലദ്ദേഹം വിജയിക്കട്ടെ.''

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com