''തടാകത്തില്‍നിന്നു ജലം വറ്റിപ്പോകുന്നതുപോലെ മനുഷ്യന്‍ ശയ്യയെ അവലംബിക്കുന്നു. പിന്നെ എഴുന്നേല്‍ക്കുന്നില്ല. ആകാശങ്ങള്‍ ഇല്ലാതാകുന്നതുവരെ അവന്‍ എഴുന്നേല്‍ക്കുകയില്ല. ഉറക്കത്തില്‍നിന്ന് ഉണരുകയുമില്ല.''
(ബൈബിള്‍ - പഴയ നിയമം)
തടാകങ്ങള്‍ ഭ്രമിപ്പിക്കുന്ന സ്വപ്നമായി തുടങ്ങിയത് കൗമാരകാലത്താണ്. എം.ടി. വാസുദേവന്‍ നായരുടെ 'മഞ്ഞ്' എന്ന നോവല്‍ കാത്തിരിപ്പിന്റെ മായികലോകമായി തടാകത്തെ വിന്യസിപ്പിച്ചത് വായിച്ചതിനുശേഷം. നിശ്ചലമായ തടാകങ്ങള്‍ കാത്തിരിപ്പിന്റെ മാത്രമല്ല, വിരഹത്തിന്റേയും വേദനയുടേയും പ്രതീകമായി മാറുന്നു. ഹിമസരസ്സുകളാകട്ടെ, മഞ്ഞിലുറയുന്ന മൗനംകൊണ്ട് വിവരണാതീതമായ ഒരു ധ്യാനാത്മകതയിലേയ്ക്ക് നമ്മെ ആനയിക്കുന്നു. അതായിരിക്കാം 9921 അടി ഉയരത്തിലുള്ള ഡോഡിത്താല്‍ എന്ന ഹിമസരസ്സിനെ അന്വേഷിച്ചെത്താന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഡുംഡി ഗണപതിയാണ്. ഗണപതിയുടെ ജന്മസ്ഥലമാണെന്ന വിശ്വാസത്താല്‍ ഡുംഡിത്താല്‍ എന്നും ഈ സരോവരത്തെ വിളിക്കുന്നു. ഡോഡി എന്ന മത്സ്യങ്ങള്‍ ധാരാളം കാണപ്പെടുന്നതിനാല്‍ ഡോഡിത്താല്‍ എന്നും.
ഉത്തരകാശിയിലെ സംഘംചട്ടിയില്‍നിന്നും 22 കിലോമീറ്റര്‍ നടന്നുകയറിയാണ് ഡോഡിത്താലിലെത്തേണ്ടത്. ഹരിദ്വാറിലെ തീര്‍ത്ഥാടക പ്രവാഹത്തില്‍നിന്നും രക്ഷപ്പെട്ട് ഉത്തരകാശിയിലെത്തുമ്പോള്‍ മനസ്സ് പറഞ്ഞറിയിക്കാനാവാത്തൊരു സ്വാസ്ഥ്യത്തില്‍ എത്തിച്ചേര്‍ന്നതുപോലെ. ഭാഗീരഥിനദിയുടെ തീരത്തുള്ള ഗഡ്വാള്‍ നഗരമാണ് ഉത്തരകാശി. കാശിവിശ്വനാഥ ക്ഷേത്രമുള്‍പ്പെടെയുള്ള നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളുമിവിടെയുണ്ട്. സന്ന്യാസിമാരും സന്ന്യാസിനികളും സംഘങ്ങളായി നടന്നുപോകുന്നത് കണ്ടപ്പോള്‍ ഒരു നിമിഷം ഭൂട്ടാനിലേയ്ക്ക് മനസ്സ് പറന്നുചെന്നു. ആള്‍സഞ്ചാരം തീരെ കുറഞ്ഞ ഭൂട്ടാനില്‍ കൂടുതല്‍ കാണപ്പെടുന്നത് മെറൂണും മഞ്ഞയും കലര്‍ന്ന ഉടുപ്പുകള്‍ ധരിച്ച് സംഘങ്ങളായി നീങ്ങുന്ന ലാമമാരെയാണ്. ഗംഗയെന്ന മഹാനദിയുടെ തീരത്ത് അവളുടെ കാരുണ്യവും വാത്സല്യവും ഏറ്റുവാങ്ങി ഈ കൊച്ചുനഗരം സഞ്ചാരികളേയും തീര്‍ത്ഥാടകരേയും സ്വീകരിക്കുന്നു. 'ഹിമഗിരിവിഹാരം' എഴുതിയ തപോവന സ്വാമികള്‍ താമസിച്ചിരുന്ന ചിന്മയകുടീരത്തില്‍ താമസസൗകര്യം ലഭിക്കാനിടയായത് ഏറെ സന്തോഷകരമായി. ഗംഗയുടെ തീരത്തുള്ള പ്രശാന്തസുന്ദരമായ ഇടമാണിത്. ഗംഗാതീരത്ത് അവളുടെ ചിരിയും സംഗീതവും നെഞ്ചിലേറ്റു വാങ്ങി ആ നിത്യതാരുണ്യവതിയെ മതിവരുവോളം ദര്‍ശിച്ചും ഈ ഹിമപ്രവാഹത്തിന്റെ തണുപ്പില്‍ പാദങ്ങള്‍ ചേര്‍ത്തുവെച്ചും എത്രയിരുന്നാലും മതിവരില്ല. ചിന്മയ കുടീരത്തിലെ അന്തേവാസികളുടെ സ്‌നേഹപൂര്‍ണ്ണമായ ആതിഥ്യം മനസ്സുനിറയ്ക്കുന്നു.
നാളെ അതിരാവിലെ ഡോഡിത്താലിലേയ്ക്കുള്ള യാത്ര ആരംഭിക്കേണ്ടതുണ്ട്. ഗംഗയുടെ പ്രവാഹസംഗീതത്തിനു കാതോര്‍ത്ത് ഉറങ്ങാന്‍ കിടന്നു. കുതിച്ചുപായുന്ന ഗംഗയിലൂടെ ആഞ്ഞാഞ്ഞ് നീന്തി അതിലലിഞ്ഞുപോകുന്ന സ്വപ്നം കണ്ടാണ് ഞെട്ടിയുണര്‍ന്നത്. സമയം അഞ്ചുമണിയായിരിക്കുന്നു. വേഗത്തില്‍ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ പൂര്‍ത്തിയാക്കി ഉത്തരകാശിയില്‍നിന്നും ഗംഗയെ മുറിച്ചുകടന്ന് 15 കിലോമീറ്റര്‍ ജീപ്പില്‍ സഞ്ചരിച്ചാല്‍ സംഘംചട്ടിയിലെത്തും. നടക്കാനാരംഭിക്കുന്നത് സംഘംചട്ടിയില്‍നിന്നുമാണ്. അതുവരെ വാഹനത്തിലാണ് യാത്ര. 2008-ലെ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്‍ സംഘംചട്ടിയെ തകര്‍ത്തുകളഞ്ഞത് വേദനയോടെ നോക്കിനിന്നു. മണ്ണിലേക്കാഴ്ന്നുപോയ വീടുകള്‍, പൊട്ടിപ്പൊളിഞ്ഞ പാലങ്ങള്‍, പിളര്‍ന്നുപോയ ചുവരുകള്‍. ജീവസ്സുറ്റ ഒരു നഗരത്തിന്റെ വേദനാജനകമായ മരണം.
ഡോഡിത്താല്‍ എന്ന മനോഹരമായ തടാകത്തെ മനസ്സില്‍ ധ്യാനിച്ച് നടക്കാനാരംഭിച്ചു. ഗംഗോത്രിക്കും യമുനോത്രിക്കുമിടയിലുള്ള ഈ സരസ്സിനെക്കുറിച്ച് തപോവനസ്വാമികള്‍ 'ഹിമഗിരിവിഹാരം' എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍ പരമാര്‍ശിക്കുന്നുണ്ട്. ഇനിയും അപൂര്‍വ്വമായി മാത്രമേ സഞ്ചാരികള്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ളുവെന്ന വസ്തുത ഞങ്ങളെ ആവേശഭരിതരാക്കി. സംഘംചട്ടിയില്‍നിന്നും യാത്ര ആരംഭിച്ചതുതന്നെ ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ്. പിന്നീടങ്ങോട്ട് വിസ്മയിപ്പിക്കുന്ന കാനനക്കാഴ്ചകള്‍. ലക്ഷ്യം മാത്രമല്ല, മാര്‍ഗ്ഗവും അവിസ്മരണീയമാകുമ്പോഴാണ് യാത്ര സാര്‍ത്ഥകമാകുന്നത്. നടന്നുകയറുമ്പോഴാകട്ടെ, ഓരോ മണ്‍ത്തരിയുടേയും ഹൃദയത്തുടിപ്പുകള്‍ നമുക്ക് അനുഭവിക്കാനാകുന്നു. ഓരോ നനുത്ത ശബ്ദവും ശ്രവണേന്ദ്രിയത്തിലെത്തുന്നു. കാഴ്ചയുടെ ഓരോ ചെറുകണികകളും രൂപവും ഭാവവും വര്‍ണ്ണവും നിറഞ്ഞ് മിഴികളെ നിറയ്ക്കുന്നു. ശരീരവും മനസ്സും ഹൃദയവും നിറഞ്ഞ് നമ്മിലെ നാം മറ്റൊന്നാകുന്നു. നിനച്ചിരിക്കാതെ സച്ചിദാനന്ദന്‍ കടന്നുവന്നു.
എത്രവേഗം മറയുന്നു നമ്മുടെ
ദുഃഖമൊക്കെയീ പച്ചതന്നാഴിയില്‍
എത്രവേഗം മറക്കുന്നു വേനലിന്‍
ദംഷ്ട്രയീ തണുപ്പിന്‍ മുകള്‍ചില്ലയില്‍
അഞ്ചു കിലോമീറ്റര്‍ കുത്തനെ കയറിയെത്തുന്നത് അഗോഡഗ്രാമത്തിലാണ്. അഗോഡയിലെത്തുന്നതിനു മുന്‍പുതന്നെ മഴപൊടിഞ്ഞു തുടങ്ങിയിരുന്നു. ഇഴപിഞ്ഞിയ നേര്‍ത്ത വഴികളിലൂടെയുള്ള നടത്തം മഴയുടെ സാന്നിദ്ധ്യത്തില്‍ ഏറെ അപകടകരമാണ്. വഴിത്താരകള്‍ പലപ്പോഴും മൂടല്‍മഞ്ഞിനാല്‍ മറയ്ക്കപ്പെടും. നേരിയ നടപ്പാതയുടെ ഒരു വശം ഭയപ്പെടുത്തുംവിധം അഗാധതയിലാണ്. അകലെയകലെ അഗാധതയ്ക്കപ്പുറം അസിഗംഗ കുതിച്ചൊഴുകുന്നു. കഠിനമായ മലകയറ്റത്താല്‍ എല്ലാവരും ക്ഷീണിച്ചവശരായിരുന്നു. നാട്ടില്‍വെച്ച് ഒരിക്കലും അനുഭവപ്പെടാത്ത വിധത്തില്‍ വിശപ്പ് കീഴ്പെടുത്തിയിരുന്നു. മുട്ടയും മാഗി ന്യൂഡില്‍സും തന്ന് അവര്‍ ഞങ്ങളെ സല്‍ക്കരിച്ചു. അതോടൊപ്പം ഇഞ്ചിചേര്‍ത്ത രുചികരമായ ചായയും. യാത്രയിലുടനീളം ഞങ്ങളോടൊപ്പമുണ്ടായിരുന്ന വഴികാട്ടി പ്രവീണിന്റെ വീട് അഗോഡഗ്രാമത്തിലാണ്. തന്റെ ഗ്രാമത്തെക്കുറിച്ചു പറയുമ്പോള്‍ എന്തൊരു ആവേശമാണവന്. ആ ഗ്രാമത്തിന്റെ ഓരോ ചലനവും അവനറിയാം. തട്ടുതട്ടായി കിടക്കുന്ന കൃഷിയിടങ്ങള്‍ അത്രയൊന്നും സമൃദ്ധമല്ലാത്ത ജീവിതത്തെ വിളിച്ചുപറഞ്ഞു. വഴിയരികില്‍ കണ്ട ഇരുനിലവീട്ടിലേക്ക് കൗതുകത്തോടെ നോക്കി. മുകള്‍നിലയില്‍ അമ്മയും അച്ഛനും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം. താഴെ രണ്ടു പശുക്കള്‍. മനുഷ്യനോളം തന്നെ പ്രാധാന്യമുണ്ട് ഇവിടെ മൃഗങ്ങള്‍ക്കും. 12 വയസ്സോളം വരുന്ന ഒരു പെണ്‍കുട്ടിയും അഞ്ചുവയസ്സുള്ള ഒരാണ്‍കുട്ടിയും അമ്മയോടൊപ്പം വീടിനു മുന്‍പില്‍ നില്‍ക്കുന്നു. യാതൊരു ചമയങ്ങളുമില്ലാതിരുന്നിട്ടും എന്തൊരു സൗന്ദര്യമാണിവര്‍ക്ക്. ഫോട്ടോയെടുക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ അവര്‍ നാണത്തോടെ ഒതുങ്ങിനിന്നു. കല്‍ച്ചീളുകള്‍ കൊണ്ടുള്ള മേല്‍ക്കൂരയണിഞ്ഞ വീടുകള്‍. വീണ്ടും മുന്നോട്ട് നടന്നപ്പോള്‍ മനോഹരമായ കൊത്തുപണികളോടുകൂടിയ, ഒരു ചെറിയ കിളിവാതിലുള്ള അറ. എതിരെ വന്ന വൃദ്ധന്റെ വാക്കുകളില്‍നിന്നും അതൊരു പത്തായമായിരുന്നെന്ന് മനസ്സിലായി. ഒരു പത്തായത്തിനുപോലും ഇത്ര മനോഹരമായ കൊത്തുപണികളോ എന്നതിശയിച്ച് മുന്നോട്ട് പോകുമ്പോള്‍ ക്ഷേത്രത്തിന്റേതെന്നു തോന്നിപ്പിക്കുന്ന കമനീയമായ ഒരു കവാടത്തിന്റെ അവശിഷ്ടം. അഞ്ചടി പൊക്കമുള്ള ഒരാള്‍ക്കുപോലും നിവര്‍ന്നുനില്‍ക്കാനാവാത്തത്. ശിവപാര്‍വ്വതിമാരുടേയും പേരറിയാത്ത ദേവന്മാരുടേയും റോഡോഡെന്‍ ഡ്രോണ്‍ പുഷ്പങ്ങളോട് സാമ്യം തോന്നിപ്പിക്കുന്ന ചില പൂക്കളുടേയും സുന്ദരരൂപങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു. ഏതു നൂറ്റാണ്ടിന്റെ അവശിഷ്ടങ്ങളായിരിക്കാമത്? രാജവാഴ്ചയുടേതോ അതോ... പ്രവീണിനോട് തന്നെ സംശയം ചോദിക്കാന്‍ തീരുമാനിച്ചു. മുറിഹിന്ദിയിലുള്ള എന്റെ സംശയത്തിന് അവന്‍ നല്‍കിയ ഉത്തരം രസകരമായിരുന്നു. നൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് അഴിമതിയിലും ആഡംബരത്തിലും മുങ്ങിക്കുളിച്ച നാട്ടുരാജാവിനെ ജനങ്ങള്‍ നാടുകടത്തി. ആ നാട്ടുഭരണത്തിന്റെ അവശിഷ്ടമാണത്രെ ഇത്. എത്ര ശക്തമായ ജനാധിപത്യം! ഈ ഗ്രാമത്തിന്റെ ഉള്‍വഴികളിലൂടെ നടന്നാല്‍ നൂറുനൂറു കഥകള്‍ നിറച്ചുവെച്ചിരിക്കുന്ന ചിമിഴുകള്‍ കണ്ടെത്തിയേക്കുമെന്നു തോന്നി. പ്രവീണിനോടൊപ്പം നടക്കാന്‍ തന്നെ തീരുമാനിച്ചു. മഞ്ഞു പൊഴിഞ്ഞുതുടങ്ങുന്നു. സ്വെറ്ററിനുള്ളിലൂടെ കുത്തിനോവിക്കുന്ന തണുപ്പിന്റെ സൂചികള്‍. ഓരോ വീടിനു മുന്നിലും ഓരോ വര്‍ണ്ണത്തിലുള്ള കൊടികള്‍. ഇത്രയേറെ സ്വാധീനമോ ഇവിടുത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് എന്നു ചിന്തിക്കവേ എന്റെ ഉള്ളറിഞ്ഞെന്ന വണ്ണം പ്രവീണ്‍ പറഞ്ഞു: ഓരോ വീടും ഏതു ഗോത്രത്തില്‍പ്പെടുന്നുവെന്നറിയാനുള്ള തിരിച്ചറിയല്‍ കാര്‍ഡാണീ കൊടികള്‍. ഓരോ ഗോത്രത്തിനും ഓരോ നിറമല്ലേ? അവന്‍ പൊട്ടിച്ചിരിച്ചു. കേരളത്തിലെ വീടുകള്‍ക്കു മുന്നില്‍ തുളസിച്ചെടിയെന്നപോലെ ഓരോ വീടിനു മുന്നിലുമുണ്ട് കഞ്ചാവ് ചെടികള്‍. ഭക്തിക്കും ലഹരിക്കുമിടയില്‍ നേര്‍ത്ത നൂലിഴയോളം പോന്ന അതിര്‍വരമ്പല്ലേയുള്ളൂ.
തണുത്ത കാറ്റ് വീശുന്നുണ്ട്. കാറ്റില്‍ ഒഴുകിവരുന്ന പേരറിയാത്ത പൂക്കളുടെ സുഗന്ധങ്ങള്‍... സുഖകരമായൊരു അനുഭൂതിയോടെ മുന്നോട്ട് നടന്നു. കുഞ്ഞിന്റെ കൈപിടിച്ച് ഒരു പഹാഡിസ്ത്രീ നടന്നുവരുന്നു. സുന്ദരിയെങ്കിലും കഠിനമായ കാലാവസ്ഥയും ജീവിതദുരിതങ്ങളും അവരിലേല്പിച്ച നഖക്ഷതങ്ങള്‍ മുഖത്ത് കാണാനാവുന്നുണ്ട്. ഇവിടെ ഭാരമേറിയ ജോലികളേറിയപങ്കും ചെയ്യുന്നത് സ്ത്രീകളാണ്. എടുക്കാനാവാത്തത്രയും ഭാരമുള്ള വിറകിന്‍ ചുമടുകളുമായി മലകയറുന്നവര്‍, കൃഷിയിടങ്ങളില്‍ നിശ്ശബ്ദരായി മണ്ണിന്റെയടരുകളെയറിഞ്ഞ് മണ്ണ് വെട്ടുന്നവര്‍, ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ജീവിക്കാനായി മാത്രം ജീവിക്കുന്നവര്‍.
ഇവിടെനിന്നുടനെത്തന്നെ യാത്ര തുടരേണ്ടതുണ്ട്. രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള ബേബ്റയാണ് ഞങ്ങളുടെ ഇടത്താവളം. മൂടല്‍മഞ്ഞിന്റെ അകമ്പടിയോടെ മഴ പൊഴിഞ്ഞുതുടങ്ങുന്നുണ്ട്. മിത്തുകളും ഐതിഹ്യങ്ങളും സമ്പന്നമാക്കിയ ഈ ഗ്രാമത്തില്‍ ദൂരെ ദൂരെ ഹിമപടം അണിയുന്ന മലനിരകളിലേക്ക് കണ്ണുംനട്ട് വെറുതെയിരിക്കാന്‍ മോഹം തോന്നുന്നു. പക്ഷേ, ജീവിതം പോലെതന്നെ യാത്രകളും. മുന്നോട്ട് മുന്നോട്ട് പോയേ പറ്റൂ. ബേബ്റയിലേക്കുള്ള യാത്രയില്‍ ചിലയിടങ്ങളിലെങ്കിലും ഒരടിപോലും വെക്കാനാവാത്തവിധം ഇടുങ്ങിയ നടപ്പാതകളാണ്. അത്യധികം ഏകാഗ്രതയും സൂക്ഷ്മതയും ധ്യാനാത്മകതയും ആവശ്യപ്പെടുന്നുണ്ട് ഇത്തരം വഴികളിലൂടെയുള്ള നടത്തങ്ങള്‍. അടര്‍ന്നുപോയ ഒരു ചെറുകല്ലു മതി നമ്മുടെ അടിപതറാന്‍, കാഴ്ചകള്‍ക്കെത്താനാവാത്ത അത്യഗാധതകളിലേക്ക് നമ്മെ വലിച്ചെറിയാന്‍. ചിലയിടങ്ങളാകട്ടെ, നനുനനുത്ത മണ്ണും ശീതളച്ഛായയും വനസംഗീതവും കൊണ്ട് നമ്മെ സാന്ത്വനിപ്പിക്കും. ഈ വഴികളിലെ ഇരുപതിനായിരത്തിലധികം അടി ഉയരമുളള 'വാനരപുച്ഛം', ശ്രീകണ്ഠം എന്നീ പേരുകളുള്ള ഒരിക്കലും മഞ്ഞുരുകാത്ത കൊടുമുടികളെപ്പറ്റി 'ഹിമഗിരിവിഹാര'ത്തില്‍ സ്വാമികള്‍ എഴുതുന്നുണ്ട്. മഴ അല്പാല്പമായി വര്‍ദ്ധിച്ചു വരുന്നുണ്ടെന്നു തോന്നുന്നു. ബേബ്റയിലേക്ക് എത്താനായപ്പോള്‍ കനത്ത വെണ്‍മയാര്‍ന്ന ഉരുളന്‍ കല്ലുകള്‍ കണ്ടു തുടങ്ങി. ചെറുതായൊന്നു പതറിയാല്‍ മതി ആ വെണ്‍കല്ലുകളില്‍ ചിന്നിച്ചിതറാന്‍. അതീവ സൂക്ഷ്മതയോടെ അടിവെച്ചടിവെച്ച് നടന്നു. വെണ്‍കല്ലുകള്‍ക്കിടയിലൂടെ ചിതറിയൊഴുകുന്ന മഞ്ഞുറവ കടന്നാല്‍ ബേബ്റയിലേക്കെത്തുകയായി. ഇരുപതോളം കുടുംബങ്ങള്‍ മാത്രം അധിവസിക്കുന്ന ഈ ഗ്രാമത്തിലെ ജനങ്ങള്‍ ഹിമസംഗീതത്തിന്റെ ഏതു ശ്രുതികളിലാവാം ജീവിതം മീട്ടുന്നത്?
ബേബ്റ മറക്കാനാവാത്ത ഒരു സ്വപ്നംപോലെ കണ്‍മുന്നില്‍ നിറയുന്നു. ലജ്ജാവിവശയാകുന്ന നിമിഷങ്ങളില്‍ അവള്‍ മഞ്ഞിന്റെ മൂടുപടമെടുത്തണിയും. അടുത്ത നിമിഷത്തില്‍ മഞ്ഞുടയാടകളുരിഞ്ഞ് നഗ്‌നയാകും. മാന്ത്രികന്റെ കരവിരുതോടെ ഹരിതകഞ്ചുകങ്ങളില്‍ പ്രത്യക്ഷയാകും. മഴ അല്പാല്പം കനത്തുവരുന്നു. ബേബ്റയില്‍ ഞങ്ങളുടെ യാത്രയിലെ ഉത്സവദിനമായിരുന്നു. നദിയുടെ തുളുമ്പുന്ന ഹൃദയമിടിപ്പുകളുടെ സ്വരം കേട്ട്, മഞ്ഞണിഞ്ഞ മാമലകള്‍ക്കു നടുവില്‍ അത്ഭുതകരവും ഹൃദയഹാരിയുമായ ഒരു കൊച്ചുദ്വീപിലെത്തിയതുപോലെ, മറ്റേതോ കാലത്തില്‍ ഞങ്ങള്‍ സ്വയം മറന്നു നൃത്തംവെച്ചു. മഴയും മഞ്ഞും പകര്‍ന്ന ഉയരങ്ങളുടെ ഉന്മാദത്താല്‍ എന്റെ സഹയാത്രികന്‍ കവി ഡി. വിനയചന്ദ്രന്റെ കവിതയിലേക്ക് ആവാഹിക്കപ്പെട്ടു.
നേരം ഇരുട്ടിത്തുടങ്ങിയതോടെ തണുപ്പിന്റെ തീവ്രതയുമേറിവന്നു. സ്വെറ്ററിനുള്ളിലേക്ക് അരിച്ചരിച്ചിറങ്ങുന്ന തണുപ്പിന്റെ കട്ടുറുമ്പുകള്‍. ആകാശം തെളിഞ്ഞിരിക്കുന്നു. മിന്നുന്ന നക്ഷത്രങ്ങളുടെ മദിരോത്സവം. കാര്‍മേഘങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. വിണ്ണിലും മനസ്സിലും. നാളെ അതിരാവിലെ ഡോഡിത്താലിലേക്കുള്ള യാത്ര തുടരേണ്ടതുണ്ട്. മഴയെ അത്രമേല്‍ പ്രണയിക്കിലും ഈ യാത്രയില്‍ നീ ഞങ്ങളോടൊപ്പം വരരുതേ ഓമനേ...
തണുപ്പിന്റെ മുയല്‍ക്കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് ടെന്റിനകത്ത് ചുരുണ്ടുകൂടി. പ്രപഞ്ചം മുഴുവനും ഈ ഏകാന്തബിന്ദുവിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുന്നു. എങ്ങോ ഒറ്റയ്ക്കായിപ്പോയ കിളിക്കുഞ്ഞുങ്ങളുടെ ചിലപ്പുകള്‍, ചീവീടുകളുടെ കരച്ചില്‍, ഇലയനക്കങ്ങളുടെ നേര്‍ത്ത അലകള്‍, ഇറ്റിറ്റുവീഴുന്ന മഞ്ഞുതുള്ളിയുടെ മൗനസ്വരങ്ങള്‍, പിന്നെയും പിന്നെയും പേരറിയാത്ത ചെറുസ്വനങ്ങള്‍ കേട്ടുകേട്ട് ഉറക്കത്തിലേക്കാണ്ടുപോയി.
വരണ്ടുപോയ ചുണ്ടുകളിലേക്ക് ഒരു മഞ്ഞുതുള്ളി ഇറ്റുവീഴുന്ന സ്വപ്നം കണ്ടാണുണര്‍ന്നത്. ടെന്റിനുള്ളിലേക്ക് നേര്‍ത്ത വെളിച്ചം അരിച്ചിറങ്ങുന്നു. മധുരിക്കുന്ന സ്വപ്നച്ചടവോടെ പുറത്തേക്കിറങ്ങി. ഈ മഹാസൗന്ദര്യത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്കു വാക്കുകള്‍ കടം തരൂ. മാമലകളണിഞ്ഞ മഞ്ഞുടയാടകളുടെ നിറം ഓരോ നിമിഷവും മാറ്റിക്കൊണ്ടിരിക്കുന്ന ജാലവിദ്യക്കാരനാരാണ്? മൂടല്‍മഞ്ഞിന്റെ നേര്‍ത്ത മുഖാവരണമണിയുമ്പോള്‍ നവവധുവിന്റെ ലജ്ജയാണിവള്‍ക്ക്. തെന്നിനീങ്ങുന്ന മൂടുപടത്തിനിടയിലൂടെ ദര്‍ശിക്കാനാവുന്ന അഭൗമസൗന്ദര്യം. ഗിരിനിരകളുടെ ഹരിതനീലിമ, അരുണകിരണങ്ങളുടെ ആകാശച്ചോപ്പ്, വളരെ വളരെയകലെ മഞ്ഞുമലകളുടെ ധവളിമ. എന്തൊരു മായിക സൗന്ദര്യം!
ഇവിടെനിന്നും 14 കിലോമീറ്റര്‍ നടന്നുവേണം ഡോഡിത്താലിലെത്താന്‍. തികച്ചും വ്യത്യസ്തമായ സഞ്ചാരവഴികളിലൂടെയാണ് ഇനിയുള്ള നടപ്പ്. സൗന്ദര്യത്തിനുമപ്പുറം ഡോഡിത്താലിനെ ചുറ്റിപ്പറ്റിയുള്ള അസാധാരണമായ നിഗൂഢതയാണ് ആ സ്വപ്നസഞ്ചാരത്തിലേക്ക് എന്നെ ആകര്‍ഷിക്കുന്നത്. കൊടും വനത്തിലൂടെയാണ് യാത്ര. ഡോഡിത്താലിലേക്കുള്ള വഴിയില്‍ എതിരെ വന്ന അപരിചിതയായ ഒരു പഹാഡി സ്ത്രീ സ്‌നേഹപൂര്‍വ്വം സമ്മാനിച്ച വടിയിലൂന്നിയാണ് നടപ്പ്. സാധാരണ കാണാറുളള കാട്ടുപാതകള്‍ പോലുമില്ല. മുന്നോട്ട് മുന്നോട്ട് നടക്കുമ്പോള്‍ പലപ്പോഴും ഏതോ ഒരു ഉള്‍ശക്തി പുറകോട്ട് വലിക്കുന്നതുപോലെ അനുഭവപ്പെട്ടു. ഈ സഞ്ചാരമാര്‍ഗ്ഗവുമായി ബന്ധപ്പെട്ട് ചില ഐതിഹ്യങ്ങള്‍ എവിടെയോ വായിച്ചിട്ടുള്ളതായി ഓര്‍ത്തു. മനുഷ്യര്‍ നടന്നുപോകാന്‍ പാടില്ലാത്ത പുണ്യപാതകളാണത്രേ ഇത്. കഠിനമായ കയറ്റങ്ങള്‍ ചെറുതായി ശ്വാസതടസ്സമുണ്ടാക്കുന്നു. ദേഹാസ്വാസ്ഥ്യങ്ങളെ മറികടന്ന് മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. വഴിയില്‍ കാട്ടുറോസാപ്പൂക്കളുടെ ആധിക്യം അത്ഭുതപ്പെടുത്തുന്നതായിരുന്നു. പിന്നെയും പേരറിയാത്ത അനേകമനേകം പുഷ്പങ്ങള്‍. ഇന്നേവരെ കണ്ടിട്ടില്ലാത്ത വൃക്ഷങ്ങള്‍. അസാധാരണമായ ആകൃതിയിലുള്ള ശാഖാപടലങ്ങള്‍. ഇലപ്പടര്‍പ്പുകളുടെ അപൂര്‍വ്വ വിന്യാസങ്ങള്‍. ചില മരങ്ങളുടെ വേരുകള്‍ മണ്ണിനു മുകളില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. ഇതേവരെ ശ്രവിച്ചിട്ടില്ലാത്ത ചില കിളിയൊച്ചകള്‍, വന്യജീവികളുടെ ശീല്‍ക്കാരങ്ങള്‍. ഇതേവരെ അനുഭവിച്ചിട്ടില്ലാത്ത ഗന്ധങ്ങള്‍ നാസാരന്ധ്രങ്ങളിലേക്കു കടന്നുവന്നു. അപരിചിതമായ ഈ ഗന്ധങ്ങളുടെ ഉറവിടം ഏതായിരിക്കാം? ഏതോ കാട്ടുപുഷ്പം അല്ലെങ്കില്‍ ഫലങ്ങള്‍ അതുമല്ലെങ്കില്‍... ഇല്ല ഇവിടെ മനുഷ്യജീവിതത്തിന്റെ അടയാളമേതുമില്ല. സാന്ദ്രവനമാണ്. എല്ലാവരും അതീവ നിശ്ശബ്ദരാണ്. നിനച്ചിരിക്കാതെ പി. രാമന്റെ വരികള്‍ ഓര്‍ത്തു.
''കാട്ടിലെത്തുമ്പോള്‍ നിശ്ശബ്ദനാകുന്ന
കൂട്ടുകാരോടൊപ്പമേ ഞാന്‍ വരൂ''
തീവ്രമായ ഏകാന്തതയോടെ, ധ്യാനാത്മകതയോടെ മാത്രമേ ഈ വഴികളിലൂടെ നടക്കാനാവൂ. സാവകാശം നടന്നു. ദാഹിച്ചപ്പോള്‍ കാട്ടുചോലകളില്‍നിന്നും ജലം കുടിച്ചു. തണുത്ത ജലസ്പര്‍ശത്താല്‍ ക്ഷീണാധിക്യത്തെ മറികടന്നു. ഒന്നിനാലും മലിനമാക്കപ്പെടാത്ത ശുദ്ധമായ പ്രാണവായു ശരീരത്തിന് ഊര്‍ജ്ജം പകര്‍ന്നു. പേരറിയാത്ത കാട്ടുപഴങ്ങള്‍ രുചിയോടെ ഭക്ഷിച്ചു. ഒരു നിമിഷം കണ്ണടച്ചപ്പോള്‍ കാടിന്റെ നിശ്ശബ്ദ സംഗീതം ഉള്ളുണര്‍ത്തി. കാടിന്റെ അതിലോലമായ സ്നിഗ്ദ്ധകളിലൂടെ കടന്നുപോകുമ്പോള്‍ ചെറിയ ചെറിയ ഇലയനക്കങ്ങള്‍ പോലും ശ്രവണേന്ദ്രിയങ്ങളിലെത്തും. വിചിത്ര സ്വരങ്ങളാല്‍ ഗര്‍ഭസ്ഥമായ ആരണ്യകം ഗൂഢമായൊരാനന്ദത്തിലേക്കാണെത്തിക്കുക. വനസ്വച്ഛതയ്ക്കുമാത്രം നല്‍കാനാവുന്ന ഇത്തരം ഏകാന്ത നിമിഷങ്ങള്‍ ആരുടേയും സര്‍ഗ്ഗാത്മകതയെ ഉദ്ദീപിപ്പിക്കും. വെറുതെ മനസ്സില്‍ കുറിച്ചിട്ടു.
വനഹൃദയത്തിന്റെ നേരറിവില്‍
നിശ്ശബ്ദരായ സഞ്ചാരികള്‍
ഏകാന്തതയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നു
വനാത്മകതയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു
പ്രകൃതി നമ്മിലേക്കു നിറയുന്ന പുണ്യാനുഭവം. ഈ ദൂരങ്ങളത്രയും അനേകം അടിത്താഴ്ചയില്‍ പല രൂപങ്ങളില്‍, പല ഭാവങ്ങളില്‍ ഗംഗാനദി കൂടെയുണ്ടായിരുന്നു. അവളുടെ സ്വപ്നസാന്നിധ്യം പകരുന്ന തേജസ്സില്‍ യാത്രികന്റെ ഉള്‍സത്തയുണരുന്നു.
കാടിന്റെ സ്വച്ഛസാന്ത്വനം മാത്രമാണ് കുത്തനെയുള്ള കയറ്റിറക്കങ്ങളെ ഇത്രയെങ്കിലും ആയാസരഹിതമാക്കിയത്. ഡോഡിത്താലിലേക്ക് ഇനിയും നാല് കിലോമീറ്റര്‍ കൂടിയുണ്ടെന്നു ഞങ്ങളുടെ വഴികാട്ടി. നന്നെ ചെറുപ്പമെങ്കിലും കാനനത്തിന്റെ വിന്യാസ വ്യതിയാനങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനായവന്‍. ഏറെ താല്പര്യത്തോടെയാണ് അവനീ വഴികാട്ടിയുടെ ദൗത്യം ഏറ്റെടുത്തത്. വനസാന്ദ്രത അല്പാല്പമായി കുറഞ്ഞുവരുന്നുണ്ടെന്നു തോന്നുന്നു. ഡോഡിത്താലിലേക്ക് രണ്ട് കിലോമീറ്റര്‍ മാത്രമവശേഷിക്കേ വഴിയില്‍ ഒരു കൊച്ചുക്ഷേത്രം കണ്ടു. ക്ഷേത്രമെന്നതിനെ വിശേഷിപ്പിക്കാനാവില്ല. ഒരു കല്‍വിളക്ക്.
ലക്ഷ്യസ്ഥാനത്തെത്താനായതിന്റെ ആഹ്ലാദത്തില്‍ എല്ലാവരും അല്പനേരമവിടെ വിശ്രമിച്ചു.
ഏതോ ഒരു ഉന്മാദാവസ്ഥയില്‍ സ്വയമറിയാതെ കാലുകള്‍ ചലിച്ചു. മഴ പതുക്കെ പരിഭവം പറയുന്നു. ഇത്ര നേരവും അവളെ കൂടെ കൂട്ടാത്തതിനാലാവണം. ലക്ഷ്യസ്ഥാനമടുത്തിരിക്കുന്നു. അതാ കാനനമദ്ധ്യത്തിലെ ജലസുന്ദരി. കടുത്ത ക്ഷീണാധിക്യത്തിലും ആ പുണ്യദര്‍ശനം ഞങ്ങളെ ഉന്മേഷഭരിതരാക്കി. ദേവദാരുക്കളാല്‍ അലകുതീര്‍ത്ത ഉടയാടകളണിഞ്ഞ് രാജ്ഞിയെപ്പോലെ അവള്‍. ഒരു സ്വപ്നാടകയെപ്പോലെ പുണ്യപ്രതിഷ്ഠയ്ക്കു ചുറ്റുമെന്നവണ്ണം അവളെ വലംവെച്ചു. ഉരുളന്‍ വെണ്‍കല്ലുകളെ മറികടന്ന് അവള്‍ക്കടുത്തെത്തി. ആ തണുത്ത ഉടല്‍സ്പര്‍ശത്താല്‍ ഞാനവളിലേക്കലിഞ്ഞു. ദൂരെ അസ്തമയസൂര്യന്റെ കിരണങ്ങളാല്‍ ഇരുള്‍ വെളിച്ചങ്ങള്‍ കെട്ടുപിണഞ്ഞ തടാകവദനത്തില്‍ ദേവദാരുക്കള്‍ പ്രതിബിംബിച്ചപ്പോള്‍ അതൊരു മനോഹരമായ കൊളാഷ് ചിത്രമായി മാറി.
വിറയ്ക്കുന്ന തണുപ്പിലും ആ മോഹനസൗന്ദര്യത്തില്‍ സ്വയംമറന്നു നിന്നുപോയി.
ഈ രാത്രി ഈ തടാകതീരത്ത് ടെന്റടിച്ച് താമസിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. കൊടുംതണുപ്പിന്റെ ആധിക്യം ഏറെനേരം പുറത്തുനില്‍ക്കാനനുവദിച്ചില്ല. നിദ്രാരഹിതമായ ആ രാത്രിയില്‍ ചെവിയോര്‍ത്തു കിടക്കവേ ഭയപ്പെടുത്തുന്ന വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുന്നതുപോലെ തോന്നി. ഏതോ ഒരു കാട്ടുപക്ഷി ഉറക്കെ നിലവിളിച്ച് ചിറകടിക്കുന്നു; വൈവിധ്യമാര്‍ന്ന അനേകം പക്ഷികളാല്‍ സമൃദ്ധമാണ് ഡോഡിത്താല്‍. അതുകൊണ്ടുതന്നെ പക്ഷിനിരീക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടയിടം. പുലരിവെളിച്ചത്തിനായി മോഹിച്ചു മോഹിച്ചു കിടന്നു.
പ്രഭാതകിരണങ്ങളാല്‍ മുഖം മിനുക്കുന്ന സരസ്സിനെ ഒരു നോക്കുകാണാന്‍ ഓടിയെത്തി. അത്ഭുതാവഹമാംവിധം മനോഹരമായ കാഴ്ചയായിരുന്നു അത്. അര്‍ക്കകിരണങ്ങള്‍ പതിച്ച് വൈഡൂര്യമെന്നപോലെ തിളങ്ങുന്ന ഹിമസരസ്സില്‍ പ്രതിബിംബിക്കുന്ന ആകാശം. ചുറ്റുമുള്ള പ്രകൃതി മുഴുവന്‍ അവളിലേക്ക് ആവാഹിക്കപ്പെട്ടപോലെ. ആ അത്ഭുത ദൃശ്യത്തിനു സാക്ഷിയായി ദൂരെ മഞ്ഞണിഞ്ഞ മാമലകള്‍. ആ വശ്യപ്രകൃതിയില്‍ പൂര്‍ണ്ണമായലിഞ്ഞ് സ്വയമില്ലാതാകുന്നതുപോലെ. എത്രനേരം നിന്നുവെന്നറിഞ്ഞില്ല. മടക്കയാത്രയ്ക്ക് സമയമായിരിക്കുന്നു. തീവ്രമായ ധ്യാനത്തില്‍നിന്നെന്നവണ്ണം മനസ്സുണര്‍ന്നു. ഉള്ളില്‍നിന്നാരോ ഉരുവിടുന്നതുപോലെ
എന്നിലെ എന്നെത്തേടി
കാതങ്ങള്‍ കാതങ്ങള്‍ ഞാനലഞ്ഞു
ഒടുവിലിതാ കണ്ടെത്തിയിരിക്കുന്നു
പ്രപഞ്ചം മുഴുവന്‍ പ്രതിബിംബിക്കുന്ന
നിന്റെ ഹൃത്തടത്തില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates