

2022 സുപ്രീംകോടതിയെ സംബന്ധിച്ച് ഒരല്പം കൗതുകകരമായിരുന്നു ആ വർഷം. ചീഫ് ജസ്റ്റിസിന്റെ കസേരയിൽ ആ വർഷം ഇരുന്നത് മൂന്നു പേർ. ഓഗസ്റ്റ് 26-ന് എൻ.വി. രമണ വിരമിച്ചു. അദ്ദേഹത്തിന്റെ പിൻഗാമിയായെത്തിയ യു.യു. ലളിത് വിരമിച്ചത് നവംബർ എട്ടിന്. 74 ദിവസം മാത്രമായിരുന്നു ജസ്റ്റിസ് ലളിത് ആ കസേരയിലിരുന്നത്. നവംബർ 9-ന് അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് അധികാരമേറ്റു. പ്രതീക്ഷാഭാരത്തോടെയായിരുന്നു ആ സ്ഥാനാരോഹണം. തീവ്രഹിന്ദുത്വയുടെ അമിതാധികാര പ്രയോഗവും രാഷ്ട്രീയ സാഹചര്യവും സൃഷ്ടിച്ചതായിരുന്നു ആ ഭാരം. തോൽവിയും നിരാശയുമാണ് മുന്നിൽ കാണുന്നതെങ്കിലും പ്രതീക്ഷയുടെ ഒരു തിരിവെട്ടമാണല്ലോ നമ്മെ നയിക്കുക.
ആ പ്രതീക്ഷകൾക്ക് ചില കാരണങ്ങളുണ്ടായിരുന്നു. ''നിയമത്തെ താഴെവീഴാതെ, ഉടയാതെ, കളങ്കപ്പെടുത്താതെ മുറുകെപിടിക്കുന്ന സംവിധാനം'' എന്ന ജ്യുഡീഷ്യറിയുടെ നിർവചനം തന്നെ പരിഹാസ്യമായ കാലമായിരുന്നു അത്. നിയമനിർമ്മാണ സഭകളേയും നിയമം നടപ്പാക്കുന്ന എക്സിക്യൂട്ടീവിനേയും നേർവഴിക്കു നടത്താനും ആവശ്യമെങ്കിൽ നിയന്ത്രിക്കാനുമൊക്കെ അധികാരമുള്ള ജുഡീഷ്യറി തന്നെ കുത്തഴിഞ്ഞ സംവിധാനമാണെന്ന് വെളിപ്പെടുത്തിയത് സുപ്രീംകോടതിയിലെത്തന്നെ മുതിർന്ന നാലു ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ചാണ്. ചന്ദ്രചൂഡിന്റെ മുൻഗാമികളായ എൻ.വി. രമണ, എസ്.എ. ബോബ്‌ഡെ, ദീപക് മിശ്ര, രഞ്ജൻ ഗോഗോയ് എന്നിവരാരും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ ചെറുവിരലനക്കാൻ പോലും തയ്യാറായില്ല. ഇതിൽ ഗോഗോയ്‌ക്കെതിരേ ലൈംഗികാരോപണവും ഉയർന്നു. അങ്ങനെ, ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂന്നാം തൂണായ നീതിന്യായവ്യവസ്ഥയുടെ ഈ 'കെട്ടകാലം' കഴിഞ്ഞുള്ള പ്രതീക്ഷയുടെ തിരിവെട്ടമായി പലരും ചന്ദ്രചൂഡിനെ കണ്ടു.
വിചാരത്തിലും വാക്കിലും എഴുത്തിലും ന്യൂജെൻ ആയ അദ്ദേഹം സുപ്രീംകോടതിയെ ഡ്രീംകോർട്ട് ആക്കുമെന്ന് പലരും സ്വപ്നം കണ്ടു. ലിബറൽ നീതിവാദികളുടെ ആരാധകവൃന്ദവും അദ്ദേഹത്തിനുണ്ടായി. കുത്തഴിഞ്ഞ വ്യവസ്ഥയിൽനിന്ന് മാറിനടക്കുന്നൊരാൾ എന്ന പ്രതിച്ഛായ അദ്ദേഹത്തിനു കൈവന്നു. പുരോഗമനപരമായ നിലപാടുകളുള്ള ഒരു ചീഫ് ജസ്റ്റിസ് എന്ന നിലയിൽ യാഥാസ്ഥിതികത്വവും പാരമ്പര്യവാദവും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തണലിൽ തഴയ്ക്കുന്ന പുതിയ ഇന്ത്യയിൽ എങ്ങനെയാവും പ്രവർത്തിക്കുകയെന്ന കൗതുകകരമായ സംശയം പലരും ചോദിച്ചു.
ഹര്‍വാര്‍ഡിലെ ബിരുദം
1959 നവംബര്‍ 11-ന് ബോംബെയിലാണ് ചന്ദ്രചൂഡിന്റെ ജനനം. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം(1978-1985) ചീഫ് ജസ്റ്റിസായിരുന്നയാളാണ് ചന്ദ്രചൂഡിന്റെ അച്ഛന്‍ വൈ.വി. ചന്ദ്രചൂഡ്. അമ്മ പ്രഭയാകട്ടെ, ക്ലാസിക്കല്‍ സംഗീതജ്ഞയും. സ്‌കൂള്‍ വിദ്യാഭ്യാസം ബോംബെയിലും ഡല്‍ഹിയിലുമായി പൂര്‍ത്തിയാക്കി. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം. അതിനുശേഷം നിയമബിരുദവും നേടി. 1983-ല്‍ ഹര്‍വാര്‍ഡില്‍നിന്നും നിയമപഠനത്തില്‍ ബിരുദാനന്തര ബിരുദം നേടി. അക്കാലത്ത് ഇന്‍ലാക്സ് സ്‌കോളര്‍ഷിപ്പും കിട്ടിയിട്ടുണ്ട്. അവിടെനിന്നുതന്നെ ഗവേഷണബിരുദവും നേടിയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.
1983 ജൂണിലാണ് ചന്ദ്രചൂഡ് അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. 1998-ല്‍ വാജ്‌പേയ് സര്‍ക്കാര്‍ ഭരണകാലത്ത് കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി. 2000 മുതല്‍ 13 വര്‍ഷക്കാലയളവില്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്നു. അതുകഴിഞ്ഞ് മൂന്നു വര്‍ഷം അലഹബാദ് ഹൈക്കോടതി ജസ്റ്റിസായി. 2016-ല്‍ സുപ്രീംകോടതി ജഡ്ജിയുമായി.
കഴിഞ്ഞ 22 വര്‍ഷക്കാലയളവില്‍ അദ്ദേഹം പുറപ്പെടുവിച്ച വിധിന്യായങ്ങളില്‍ ലിംഗനീതി, മനുഷ്യാവകാശം, സ്വകാര്യത തുടങ്ങിയ വാക്കുകളൊക്കെ ആവര്‍ത്തിച്ചുപോരുന്നു. വിഷയങ്ങളുടെ സമഗ്ര കാഴ്ചപ്പാടുകള്‍ പരിഗണിക്കാനും ആത്മവിമര്‍ശനത്തോടെ വിലയിരുത്തുവാനുമുള്ള വ്യക്തിസവിശേഷത അദ്ദേഹമെഴുതിയ വിധികളെ വ്യത്യസ്തമാക്കി. വിധിന്യായങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ വിയോജനവിധികള്‍ ശ്രദ്ധേയമാകുന്നത് അങ്ങനെയാണ്.
സുപ്രീംകോടതി ജഡ്ജിമാരിലെ ബുദ്ധിജീവിയായാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയപ്പെട്ടതും. പൗര-മൗലികാവകാശങ്ങളുടെ അതിര്‍ത്തിയെ വ്യാഖ്യാനിച്ചു വലുതാക്കുന്നതിനുള്ള കഴിവാണ് ഈ വിശേഷണത്തിനു പ്രധാന കാരണം. വ്യക്തിയുടെ സ്വകാര്യത, പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം, സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശം സ്ഥാപിച്ചുറപ്പിച്ച് അദ്ദേഹം നിരവധി വിധികളെഴുതി.
പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധി ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു. ഹാദിയ കേസില്‍ ഷെഫിന്‍ ജഹാനുമായുള്ള വിവാഹം സാധൂകരിക്കുക മാത്രമല്ല, ലൗ ജിഹാദ് ആരോപണം തള്ളി ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള വ്യക്തികളുടെ തെരഞ്ഞെടുപ്പിനെ ചന്ദ്രചൂഡ് പിന്തുണയ്ക്കുകയും ചെയ്തു. എന്തുവേണമെന്ന് സ്വയം തിരഞ്ഞെടുക്കാന്‍ കഴിവുള്ള പ്രായപൂര്‍ത്തിയായ സ്ത്രീയാണ് ഹാദിയ എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും വിവാഹം ഓരോ വ്യക്തിയുടെ തിരഞ്ഞെടുപ്പാണെന്നുമായിരുന്നു ഒമ്പതംഗ ബെഞ്ച് നിരീക്ഷിച്ചത്.
ആധാര്‍ ധനബില്ലായി അവതരിപ്പിച്ചതില്‍ നാലു ജഡ്ജിമാരും അപാകത കണ്ടില്ലെങ്കിലും ഭരണഘടനയോട് കാണിക്കുന്ന വഞ്ചനയാണ് അതെന്നാണ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടത്. അഞ്ചംഗ ബെഞ്ചിലെ ചന്ദ്രചൂഡിന്റെ വിയോജനക്കുറിപ്പ് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭരണഘടനാവിരുദ്ധമാണ് ബില്‍ എന്ന് പറയാനുള്ള ധൈര്യവും അദ്ദേഹം പ്രകടിപ്പിച്ചു. സ്വകാര്യത മൗലികാവകാശമാണെന്നും ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി. അന്തസ്സോടെയുള്ള ജീവിതം നയിക്കണമെങ്കില്‍ ഒരു വ്യക്തിക്ക് അര്‍ഹിച്ച സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ജീവിക്കാനുള്ള അവകാശം പോലെ അന്തസ്സോടെയുള്ള മരണവും മൗലികാവകാശമാണെന്ന നിലപാടാണ് ചന്ദ്രചൂഡ് സ്വീകരിച്ചത്. തല്‍ഫലമായി ദയാവധം അനുവദിക്കുകയും ചെയ്തു.
ഭീമാ കൊറേഗാവ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചരിത്രകാരി റോമില ഥാപ്പര്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്നായിക്ക് എന്നിവര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും നാലാഴ്ച കൂടി വീട്ടുതടങ്കലില്‍ തുടരുമെന്ന് സുപ്രീംകോടതി വിധിക്കുകയും ചെയ്തിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എന്നാല്‍, ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് ഇതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സേഫ്റ്റിവാല്‍വാണെന്ന ചന്ദ്രചൂഡിന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായി.
ആരാധിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കാന്‍ മതങ്ങള്‍ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശബരിമലയിലെ സ്ത്രീപ്രവേശന വിലക്കിനെ ഏതിര്‍ത്തുകൊണ്ട് ചന്ദ്രചൂഡ് നടത്തിയ വിധിയെഴുത്ത്. ശുദ്ധിയുടേയും മറ്റും പേരില്‍ വിലക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം മാത്രമല്ല, തൊട്ടുകൂടായ്മ കൂടിയാണെന്ന് ആ വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ഭരണഘടനയുടെ 25-ാം വകുപ്പ് പറയുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്കും ഉള്ളതാണ്. സ്ത്രീകളെ കുറഞ്ഞവരായി കാണുന്നത് ഭരണഘടനാപരമായി തെറ്റാണെന്നും വ്യക്തമാക്കി. ഭരണഘടനയുടെ പതിനേഴാം വകുപ്പ് അയിത്തം ഇല്ലാതാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും വിധിയില്‍ പറഞ്ഞ അദ്ദേഹം പ്രസ്തുത വകുപ്പിന്റെ വ്യാഖ്യാനത്തിന് പുതിയ മാനം നല്‍കുകയും ചെയ്തു. ആര്‍ത്തവമുള്ള സ്ത്രീകള്‍ അമ്പലത്തില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ആചാരത്തെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു ആ വിധി.
മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായി നടന്ന അതിക്രമത്തിനു ബംഗാള്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ സമീപകാലത്തു നടന്നവയുമായി താരതമ്യമില്ലെന്നു വ്യക്തമാക്കിയ ചന്ദ്രചൂഡ് സ്ത്രീകളുടെ അവകാശത്തേയും സ്വാതന്ത്ര്യത്തേയും സ്വകാര്യതയേയും അഭിമാനത്തേയും ഹനിക്കുന്നതാണ് ഇത്തരം കടന്നുകയറ്റമെന്ന് വ്യക്തമാക്കി. 77 പേജുള്ള ആ വിധിപ്രസ്താവം പുരോഗമന ആധുനിക ജനാധിപത്യസ്വരങ്ങളുടെ ആഘോഷമായിരുന്നു.
ഭാര്യ, ഭര്‍ത്താവിന്റ സ്വത്തല്ല. ഭര്‍ത്താവ് ഭാര്യയുടെ ലൈംഗിക തിരഞ്ഞെടുപ്പിന്റെ ഉടമയുമല്ല തുടങ്ങി വ്യക്തികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം നടത്തി.
സുരക്ഷിതവും നിയമപരവുമായ ഗര്‍ഭച്ഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അര്‍ഹതയുണ്ടെന്നും ഇതില്‍ വിവാഹിത, അവിവാഹിത എന്ന വേര്‍തിരിവുണ്ടാക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്നും ഉത്തരവിട്ട ബെഞ്ചില്‍ ചന്ദ്രചൂഡ് ഉണ്ടായിരുന്നു.
വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള അവകാശമുണ്ടെന്ന നിരീക്ഷണവും ജസ്റ്റിസ് ചന്ദ്രചൂഡിന്റേതായിരുന്നു.
കാര്‍മേഘങ്ങള്‍ക്കിടയിലെ രജതരശ്മി
ഇതൊക്കെക്കൊണ്ടുതന്നെയാണ് ചീഫ് ജസ്റ്റിസായി അദ്ദേഹം വന്നപ്പോള്‍ ജനാധിപത്യപ്രതീക്ഷകള്‍ എഡിറ്റ് പേജുകളിലെ ലേഖനങ്ങളുടെ തലക്കെട്ടുകളില്‍ തിളങ്ങിയത്. കാര്‍മേഘങ്ങള്‍ക്കിടയിലെ രജതരശ്മിയെന്ന് ചന്ദ്രചൂഡിനെ വിശേഷിപ്പിച്ച ലേഖനങ്ങള്‍ മതേതരമൂല്യങ്ങളുടെ സംരക്ഷകനെന്ന പട്ടം അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു. ചന്ദ്രചൂഡിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. പുതിയ ചീഫ് ജസ്റ്റിസുമാര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുന്നതാണ് പതിവ്. ചടങ്ങിനുശേഷം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കൊപ്പം പുതിയ ചീഫ് ജസ്റ്റിസും സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസും ചേര്‍ന്ന് ഫോട്ടോയെടുക്കുന്നതും പതിവാണ്. ഇത്തവണ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിലാണ് ഈ ഫോട്ടോ സെഷന്‍ നടന്നത്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരില്‍ വിധേയത്വമുള്ളയാളല്ല ചീഫ് ജസ്റ്റിസ് എന്ന വാദം അദ്ദേഹത്തിന്റെ ലിബറല്‍ ഫാന്‍സ് ഉയര്‍ത്തുകയും ചെയ്തു.
നിസ്സാര കേസുകള്‍ പരിഗണിച്ച് സുപ്രീംകോടതി സമയം കളയരുതെന്ന കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ ഉപദേശത്തിനു മറുപടിയുമായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രംഗത്തുവന്നു. സുപ്രീംകോടതിക്ക് ഒരു കേസും നിസ്സാരമല്ലെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ്, വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെട്ട് ആശ്വാസം അനുവദിക്കാതെ കോടതി എന്തുചെയ്യണമെന്നും ചോദിച്ചു. ചന്ദ്രചൂഡിനെ പരോക്ഷമായി വിമര്‍ശിച്ച റിജിജുവിന് മന്ത്രിസ്ഥാനം നഷ്ടമാകുകയും ചെയ്തു. സേനകളില്‍നിന്നു വിരമിച്ചവര്‍ക്കുള്ള 'ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍' പദ്ധതി സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതിയില്‍ മുദ്രവച്ച കവറില്‍ വിവരങ്ങള്‍ കൈമാറുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ച് ചന്ദ്രചൂഡ് ഇതു വായിച്ചു കേള്‍പ്പിക്കണമെന്നും അല്ലെങ്കില്‍ തിരിച്ചെടുക്കണമെന്നും അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു. സുപ്രീംകോടതിയും സര്‍ക്കാരും നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങുകയാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഈ വാക്പോരാട്ടം സഹായിക്കുകയും ചെയ്തു.
ഹിന്ദുദൈവങ്ങളെ കുമ്പിടുന്ന നീതിന്യായം
ഒരു ജനാധിപത്യ രാജ്യത്ത്, സര്‍ക്കാരുകളെ ഉത്തരവാദിത്വമുള്ളവരാക്കുകയും, അവര്‍ അസത്യങ്ങളും തെറ്റായ കഥകളും പ്രചരിപ്പിക്കുമ്പോള്‍ പ്രതികരിക്കുകയും ചെയ്യേണ്ടത് പ്രധാനം. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കെതിരായ ഭൂരിപക്ഷ പ്രവണത ചോദ്യം ചെയ്യപ്പെടണം. മതസ്വാതന്ത്ര്യം, ലിംഗസമത്വം, ജാതിസമത്വം, അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം ഭൂരിപക്ഷ താല്പര്യത്തിനു വിധേയമാകുന്നു. ജീവിക്കാനുള്ള സാഹചര്യവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. (ജസ്റ്റിസ് എം.സി. ചഗ്ല മെമ്മോറിയല്‍ പ്രഭാഷണത്തില്‍).
ഇങ്ങനെ, നാള്‍ക്കുനാള്‍ പുരോഗമനചിന്തകള്‍ നിറഞ്ഞ വാക്കുകളും ധാര്‍മ്മിക പ്രബോധനങ്ങളുംകൊണ്ട് അടയാളപ്പെടുത്തിയ ചന്ദ്രചൂഡ് പക്ഷേ, വിധിയെഴുതിയത് അതുള്‍ക്കൊണ്ടാണോ? ജനാധിപത്യത്തിന്റേയും മാധ്യമസ്വാതന്ത്ര്യത്തിന്റേയും വിയോജിപ്പിന്റേയും പ്രാധാന്യത്തെക്കുറിച്ചും നാള്‍ക്കുനാള്‍ പ്രഭാഷണം നടത്തിയ അദ്ദേഹം അതൊക്കെ ഉള്‍ക്കൊണ്ടാണോ പിന്നീട് പ്രവര്‍ത്തിച്ചത്. സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ചന്ദ്രചൂഡും മുന്‍ഗാമികളും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് ബോധ്യപ്പെടും.
ഒരുപക്ഷേ, നിയമവൃത്തങ്ങളിലില്ലാത്തവര്‍ക്കുപോലും ചന്ദ്രചൂഡ് മതേതര ലിബറല്‍ വാദികള്‍ക്ക് ആശ്വസിക്കാവുന്ന തരത്തില്‍ എന്തെങ്കിലും ചെയ്തതായി ബോധ്യപ്പെട്ടിട്ടില്ല. മാത്രമല്ല, ജനാധിപത്യ-മതേതര വിശ്വാസങ്ങള്‍ക്ക് നിരക്കാത്തതാണ് അദ്ദേഹത്തിന്റെ ചില വിധികളെന്ന് ഇന്ന് ബോധ്യപ്പെടും. മൂന്ന് മാസത്തോളം പരിഗണനയിലുണ്ടായിരുന്ന അയോധ്യ കേസില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ലെന്നും ഈയൊരു സന്ദിഗ്ധഘട്ടത്തില്‍ വിഗ്രഹത്തിനു മുന്‍പിലിരുന്ന് കേസ് തീര്‍പ്പാക്കിത്തരണമേ എന്ന് അപേക്ഷിച്ച് പ്രാര്‍ത്ഥിച്ചുവെന്നുമാണ് ആ വിധി പ്രസ്താവിച്ച ചന്ദ്രചൂഡ് ഈയടുത്ത് വെളിപ്പെടുത്തിയത്. ഇത്തരം പ്രസ്താവനകള്‍ നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയേയും വിധി കല്പിക്കാനുള്ള ഉത്തരവാദിത്വത്തേയും സംബന്ധിച്ച ഗുരുതര ആശങ്കകളുയര്‍ത്തുന്നതാണെന്നതില്‍ സംശയമില്ല.
2019-ല്‍ അയോധ്യ-ബാബ്റി മസ്ജിദ് കേസില്‍ ചീഫ് ജസ്റ്റിസ് ഗോഗോയ് അധ്യക്ഷനായ ബഞ്ച് ഐക്യകണ്ഠേനയാണ് വിധി പറഞ്ഞത്. തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഹിന്ദുകക്ഷികള്‍ക്ക് വിട്ടുനല്‍കിയ വിധിയില്‍ ജഡ്ജിമാരുടെ പേരുണ്ടായിരുന്നില്ല. കീഴ്വഴക്കം തെറ്റിക്കുന്നത് അതാദ്യമായിരുന്നു. അന്ന് ആ വിധിയെഴുതിയത് ചന്ദ്രചൂഡാണെന്നായിരുന്നു ഏവരും കരുതിയിരുന്നത്. വാക്‌ശൈലിയും ഫോണ്ടുകളും വരെ ഉപയോഗിച്ച് ഇതെഴുതിയത് അദ്ദേഹമാണെന്ന് പലരും കണ്ടെത്തിയിരുന്നു. രഞ്ജന്‍ ഗോഗോയ്യുടെ ആത്മകഥയില്‍ ജഡ്ജിമാരായ അഞ്ചുപേരും കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രവുമുണ്ട്.
ഇനി നീതിരഹിത അയോധ്യാവിധിയെ ദൈവത്തെ മുന്‍നിര്‍ത്തി ന്യായീകരിക്കാനുള്ളതാണ് ഈ നീക്കമെങ്കില്‍ അതിനു ചില ലക്ഷ്യങ്ങളുണ്ടാകണം. അന്നത്തെ ആ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിരമിച്ച ശേഷം മോദി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. ബെഞ്ചിലെ മറ്റൊരംഗമായിരുന്ന ജസ്റ്റിസ് അബ്ദുള്‍ നസീറിനെ മോദി സര്‍ക്കാര്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറാക്കി. മറ്റൊരംഗമായ ജസ്റ്റിസ് അശോക്ഭൂഷണെ ദേശീയ കമ്പനി നിയമ അപ്പലൈറ്റ് ട്രൈബ്യൂണല്‍ ചെയര്‍മാനുമാക്കി. ഇതൊക്കെ ആ വിധിക്കുള്ള പ്രത്യുപകാരമായിത്തന്നെ കാണേണ്ടതാണ്. അങ്ങനെയൊന്ന് ചന്ദ്രചൂഡും ആഗ്രഹിക്കുന്നുണ്ടോ? ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കഴിഞ്ഞ ജൂലൈയില്‍ അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചതും അദ്ദേഹത്തിന്റെ വസതിയിലെ ഗണപതിപൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്തതും ഇതിനകം വിവാദമായിട്ടുമുണ്ട്. ഭൂരിപക്ഷ സമുദായത്തോട്, അവര്‍ കാണിക്കുന്ന തീവ്രവര്‍ഗ്ഗീയതയോട് സമരസപ്പെടാനുള്ള വ്യഗ്രത അദ്ദേഹത്തിനുണ്ടോ?
ഇനിയുമുണ്ട് തെളിവുകള്‍
2018-ല്‍ ജഡ്ജ് ലോയയുടെ മരണം അന്വേഷിക്കണമെന്ന പൊതുതാല്പര്യഹര്‍ജി തള്ളിക്കളഞ്ഞ ബെഞ്ചിലും ചന്ദ്രചൂഡ് ഉണ്ടായിരുന്നു. ജ്യൂഡീഷ്യറിയെ അധിക്ഷേപിക്കുന്ന ഹര്‍ജികള്‍ എന്നായിരുന്നു അദ്ദേഹം വിധിയില്‍ എഴുതിയത്. ജഡ്ജിമാരെ വിവാദത്തില്‍പ്പെടുത്താനാണ് ഈ നീക്കമെന്നാണ് അദ്ദേഹമെഴുതിയത്. ആ വര്‍ഷം ജനുവരിയില്‍ സുപ്രീംകോടതിയിലെ നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിക്കാന്‍ കാരണം ജഡ്ജ് ലോയ കേസായിരുന്നുവെന്ന് ഓര്‍ക്കണം. വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്താന്‍ അലഹാബാദ് ഹൈക്കോടതി നല്‍കിയ അനുമതി സ്റ്റേ ചെയ്യാന്‍ ചന്ദ്രചൂഡ് വിസമ്മതിച്ചിരുന്നു. പള്ളിയിലെ സര്‍വേ ''ഭൂതകാലത്തുണ്ടായ മുറിവുകളെ വീണ്ടും തുറക്കുമെന്ന്'' പള്ളിക്കമ്മിറ്റി വാദിച്ചെങ്കിലും അദ്ദേഹം അതംഗീകരിച്ചില്ല. ഗ്യാന്‍വാപി മറ്റൊരു അയോധ്യയായി മാറിയേക്കാവുന്ന സാധ്യതകളെ അദ്ദേഹം ബോധപൂര്‍വം കാണാതെ പോയതാണോ?
ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതിപൂജയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് ജനങ്ങളുടെ മനസ്സില്‍ നീതിന്യായ വ്യവസ്ഥിതിയിലെ പക്ഷപാതരാഹിത്യത്തെക്കുറിച്ച് സംശയം ഉയരാന്‍ കാരണമായെന്നു പ്രതിപക്ഷം ആരോപിച്ചിട്ടുണ്ടെന്നോര്‍ക്കണം. ചില ഗുണകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നത് ശരിയാണ്. ഈ വര്‍ഷം സുപ്രീംകോടതി തീര്‍പ്പാക്കിയത് 52,000 കേസുകളാണ്. കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. സര്‍ക്കാരിന്റെ സീല്‍ഡ് കവറുകളോടുള്ള മനഃസ്ഥിതി മാറിയതാണ് കാരണം. കോടതിയില്‍ കടലാസ് കൈകൊണ്ടു തൊടില്ലെന്ന കൊവിഡ് കാലത്ത് തുടങ്ങിയ രീതിയും ഗുണം കണ്ടിട്ടുണ്ടാകാം.
അധികാരത്തെച്ചൊല്ലി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനിന്ന ഡല്‍ഹി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് എ.എ.പി സര്‍ക്കാരിന് അനുകൂലമായി സുപ്രീംകോടതി വിധിച്ചു. ഈ വിധിയെ മറികടക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. രണ്ടുവര്‍ഷത്തോളം ബില്ലുകള്‍ വൈകിപ്പിച്ച കേരള ഗവര്‍ണര്‍ ആരിഫ്ഖാനെതിരേയും സുപ്രീംകോടതിയുടെ രൂക്ഷ പ്രതികരണമുണ്ടായി. ഇങ്ങനെ ചില മാറ്റങ്ങളല്ലാതെ അടിസ്ഥാനതലത്തില്‍ നീതിനിര്‍വ്വഹണത്തിലെ കാഴ്ചപ്പാടുകള്‍ മാറിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ജനാധിപത്യവ്യവസ്ഥയുടെ നിരുപാധികമായ കീഴടങ്ങലിന് ഇനിയും ഉദാഹരണങ്ങളുണ്ട്. വിചാരണയും ജാമ്യവുമില്ലാതെ ഉമര്‍ ഖാലിദ് തടവറയിലാക്കപ്പെട്ടിട്ട് അഞ്ച് വര്‍ഷം പിന്നിടുന്നു. 2020 സെപ്റ്റംബറില്‍ ജയിലിലായ ഉമര്‍ ഖാലിദിന്റെ ആദ്യ ഹര്‍ജി സുപ്രീംകോടതി കേട്ടത് മേയ് 18-ന്. ഡല്‍ഹി പൊലീസിന്റെ പ്രതികരണമറിയിക്കാന്‍ ആറാഴ്ച നീട്ടിവച്ചു. ജൂലൈ 12-ന് പിന്നെയും പരിഗണിച്ച കോടതി പൊലീസിന് 12 ദിവസം കൂടി നല്‍കി. ഇതെല്ലാം ഒന്നോ രണ്ടോ മിനിട്ടുകള്‍ക്കുള്ളില്‍ കഴിഞ്ഞു. പിന്നീടങ്ങോട്ട് 14 തവണ പരിഗണിച്ചെങ്കിലും ജാമ്യം നല്‍കാന്‍ സുപ്രീംകോടതി തയ്യാറായില്ല. 1995-നു ശേഷം വിചാരണത്തടവുകാരുടെ എണ്ണത്തില്‍ മറ്റേതു രാജ്യത്തെക്കാളും മുന്നിലാണ് ഇന്ത്യ. ജാമ്യം നീതിയാണെന്ന് പലപ്പോഴും നിലപാടെടുത്ത സുപ്രീംകോടതിയില്‍ നിന്നാണ് ഈ നീതിനിഷേധമെന്ന് ഓര്‍ക്കുക.
ഏതു കേസ് ഏതു ബെഞ്ച് കൈകാര്യം ചെയ്യണമെന്ന് നിശ്ചയിക്കുന്നതും അതിനു സൗകര്യമൊരുക്കുന്നതും മാസ്റ്റര്‍ ഓഫ് റോസ്റ്ററായ ചീഫ് ജസ്റ്റിസാണ്. കഴിഞ്ഞമാസം എട്ടോളം കേസുകള്‍ ബേല എം. ത്രിവേദിയുടെ ബെഞ്ചിലേക്ക് ചന്ദ്രചൂഡ് മാറ്റിയിരുന്നു. ഇത് സുപ്രീംകോടതിയുടെ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ആദ്യമായി ഏത് സീനിയര്‍ ജഡ്ജിന്റെ മുന്നിലാണോ ആ കേസ് വരുന്നത് അവര്‍ തന്നെ പരിഗണിക്കുന്നതാണ് സുപ്രീംകോടതിയിലെ രീതി. ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ, മഹേഷ് റൗത്തിനെ പ്രതിയാക്കിയ ഭീമ കൊറേഗാവ് കേസും എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമിക്കെതിരേയുള്ള അഴിമതിക്കേസും ഇങ്ങനെ മാറ്റിയവയില്‍ ഉള്‍പ്പെടുന്നു.
ഗുജറാത്തില്‍ നരേന്ദ്ര മോദി ഭരിച്ചിരുന്ന കാലത്ത് നിയമസെക്രട്ടറിയായിരുന്നു ജസ്റ്റിസ് ത്രിവേദി. ദുഷ്യന്ത് ദുവെ, കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍ എന്നിങ്ങനെ ചുരുങ്ങിയത് മൂന്നു മുതിര്‍ന്ന അഭിഭാഷകരെങ്കിലും കേസ് നല്‍കുന്നതിലെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്റെ ജാമ്യാപേക്ഷ ത്രിവേദിയുടെ ബെഞ്ചിലേക്ക് ലിസ്റ്റ് ചെയ്തതില്‍ എ.എ.പി നേതാവ് സത്യേന്ദര്‍ ജെയ്ന്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ആരോപണങ്ങളുന്നയിക്കാനും കത്തെഴുതാനും എളുപ്പമാണെന്നായിരുന്നു ഇതിനോടു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കേസ് ലിസ്റ്റ് ചെയ്ത ബെഞ്ച് തന്നെ ഇക്കാര്യം പരിഗണിക്കുമെന്നാണ് ചന്ദ്രചൂഡ് പറഞ്ഞത്.
കേസുകളുടെ അവസാനമെന്ത്
അഞ്ച് മാസക്കാലയളവ് വൈകിപ്പിച്ച ശേഷം ഒക്ടോബര്‍ 17-നാണ് സ്വവര്‍ഗ്ഗവിവാഹം സംബന്ധിച്ച് സുപ്രീംകോടതി അന്തിമവിധി പറഞ്ഞത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവര്‍ സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവര്‍ എതിര്‍ത്തതോടെ 3-2 എന്ന നിലയില്‍ ഹര്‍ജികള്‍ തള്ളി. ഇതോടെ പന്ത് വീണ്ടും സര്‍ക്കാരിന്റെ കോര്‍ട്ടിലായി. സ്വവര്‍ഗ്ഗവിവാഹം നിയമപരമാകണോ വേണ്ടയോ എന്ന് പാര്‍ലമെന്റിന് തീരുമാനിക്കാം എന്ന ഒഴുക്കന്‍ വിധിയാണുണ്ടായത്. അതേസമയം ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് നിരാശ നല്‍കിയ ഈ വിധിയില്‍ ചന്ദ്രചൂഡിന്റെ പുരോഗമനപരമായ വാചകക്കസര്‍ത്തുണ്ടായിരുന്നുതാനും. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശത്തെ സര്‍ക്കാര്‍ അംഗീകരിക്കാത്തിടത്തോളം കാലം സുപ്രീംകോടതിയില്‍നിന്ന് ഭിന്നവിധിയും സംരക്ഷണവും അവര്‍ അര്‍ഹിച്ചിരുന്നു. എന്നാല്‍, ആ നീതിപൂര്‍വ്വമായ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ സുപ്രീംകോടതി പരാജയപ്പെട്ടു.
രണ്ടുമാസത്തിനു ശേഷം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ശരിവച്ചു. രാജ്യത്തിന്റെ ഐക്യത്തിന് ഹാനികരമാണ് കശ്മീരിനുള്ള ഭരണഘടനാപദവിയെന്ന ബി.ജെ.പിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും വാദത്തെ ശരിവയ്ക്കുന്നതിനു തുല്യമായിരുന്നു സുപ്രീംകോടതിയുടെ ഈ നടപടി. സംസ്ഥാന പദവി പുനസ്ഥാപിക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. മൂന്ന് വിധിന്യായങ്ങളാണ് ഇക്കാര്യത്തില്‍ ഉണ്ടായതെങ്കിലും പ്രത്യേക പദവി റദ്ദാക്കിയതില്‍ അപാകതയില്ലെന്ന് സുപ്രീംകോടതി ഏകകണ്‌ഠേനയാണ് ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ ഭാഗമായതോടെ ജമ്മുകശ്മീരിനു പ്രത്യേക പരമാധികാരമില്ലെന്ന് ചന്ദ്രചൂഡ് വ്യക്തമായി എഴുതി. ജമ്മുകശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയം. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായതോടെ പരമാധികാരം നിലനിര്‍ത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നുതന്നെയാണ് ഉത്തരമെന്നായിരുന്നു ചന്ദ്രചൂഡിന്റെ വാദം. 2016-ല്‍ മോദി നടപ്പിലാക്കിയ നോട്ടുനിരോധനത്തിലും തെറ്റൊന്നുമില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വിധിയെഴുത്ത്.
സുപ്രധാന വിധികളിലൂടെ നിര്‍ഭയനായ ജഡ്ജിയെന്ന് വിശേഷിപ്പിക്കപ്പെട്ടയാളാണ് ജസ്റ്റിസ് എസ്. മുരളീധര്‍. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ 2020 മാര്‍ച്ച് 20-ന് അദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് രാത്രിയില്‍ സ്ഥലംമാറ്റി ഉത്തരവിട്ടത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സുപ്രീംകോടതി കൊളീജിയത്തിന്റെ അന്നത്തെ തീരുമാനത്തിനെതിരെ ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ പൗരത്വസമരവുമായി ബന്ധപ്പെട്ട് വംശീയ കലാപത്തിന് തുടക്കമിടാന്‍ ഇടയാക്കിയെന്ന് ആരോപിക്കപ്പെടുന്ന മൂന്നു ബി.ജെ.പി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കാതിരുന്ന പൊലീസിനെ ജസ്റ്റിസ് മുരളീധര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു സ്ഥലം മാറ്റം. പിന്നീട് ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റി. 2022 സെപ്റ്റംബറില്‍ കൊളീജിയം അദ്ദേഹത്തെ മദ്രാസ് ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനങ്ങിയില്ല. ഒടുവില്‍ 62-ാം വയസ്സില്‍ അദ്ദേഹം 2023 ഓഗസ്റ്റ് ഏഴിന് വിരമിച്ചു. സുപ്രീംകോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസും തുടങ്ങി. എന്തുകൊണ്ട് സുപ്രീംകോടതിയിലേക്ക് കൊളീജിയം അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തില്ല എന്ന ചോദ്യം ദുരൂഹമായി തുടരുന്നു. ഇനി സഹോദരന്‍ മുരളീധര്‍ എന്ന് എനിക്ക് വിളിക്കാനാവില്ല, പക്ഷേ, മിസ്റ്റര്‍ മുരളീധര്‍ എന്നു പറയാം എന്നായിരുന്നു മുരളീധര്‍ അഭിഭാഷകനായി ഹാജരായപ്പോള്‍ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. പക്ഷേ, ലിംഗസമത്വത്തെക്കുറിച്ചും തൊഴില്‍നീതിയെക്കുറിച്ചും തൊഴില്‍നിഷേധത്തിനുമെതിരേയൊക്കെ ഘോരഘോരം പ്രസംഗിക്കുന്ന വീഡിയോകള്‍ കാണാം.
കോടതിക്കു പുറത്ത് എത്രമാത്രം പുരോഗമനപരമാണോ അതിലധികം യാഥാസ്ഥിതികനാണ് കോടതിമുറിയില്‍ ചന്ദ്രചൂഡ്. മുന്‍ഗാമികളെപ്പോലെ പരമ്പരാഗതമല്ലാത്ത ഒന്നും അദ്ദേഹം ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തന്റെ മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തനല്ലെന്ന് ചന്ദ്രചൂഡ് തെളിയിച്ചതോടെ സത്യത്തില്‍ നിരാശരായത് ഫാന്‍സുകാരായ ലിബറലുകളാണ്. ഫെമിനിസ്റ്റെന്നും ഹിന്ദുവിരുദ്ധനെന്നും വിളിച്ച് അദ്ദേഹത്തെ അധിക്ഷേപിക്കുന്ന വലതുപക്ഷ ട്രോളന്മാരും ചന്ദ്രചൂഡിനെ ഉള്‍ക്കൊള്ളുന്നില്ലെന്നതാണ് മറ്റൊരു വൈരുദ്ധ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
