ഭ്രൂണഹത്യയും ഫെമിനിസവും ധാര്‍മ്മികതയും

'സാറാസ്' എന്ന ശീര്‍ഷകം തന്നെ സ്ത്രീയുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശം ദ്യോതിപ്പിക്കുന്നു. അത് സാറയുടെ മാത്രം ശരീരമാണ്. അതിന്റെ പൂര്‍ണ്ണ അവകാശവും ഉത്തരവാദിത്വവും അവള്‍ക്കു മാത്രമുള്ളതാണ്
സാറാസിൽ അന്ന ബെന്നും സണ്ണി വെയ്നും
സാറാസിൽ അന്ന ബെന്നും സണ്ണി വെയ്നും
Updated on
4 min read

ബോര്‍ട്ട് ചെയ്യുക എന്ന ഇംഗ്ലീഷ് പദംകൊണ്ട് വിവക്ഷിക്കുന്നത് 'അലസിപ്പിക്കുക', 'നിഷ്ഫലമാക്കുക' എന്നാണ്. എന്നാല്‍ അബോര്‍ഷനു എന്നാകുമ്പോള്‍ അത് ഗര്‍ഭഛിദ്രം അഥവാ ഭ്രൂണഹത്യ എന്ന ഗൗരവ പദപ്രയോഗമായി മാറുന്നു. അതില്‍ ഹത്യ അഥവാ വധം എന്ന പാതകം തെളിഞ്ഞുവരുന്നത് തള്ളിക്കളയാവുന്നതല്ല. പദത്തില്‍ മാത്രമല്ല, അര്‍ത്ഥത്തിലും വ്യതിയാനം വരുന്നതിനാല്‍ ഫെമിനിസവും ധാര്‍മ്മികതയും നീതിവ്യവസ്ഥയും കുടുംബവും സമൂഹവും മതവിശ്വാസവും കൂടിക്കലര്‍ന്ന് അത് സങ്കീര്‍ണ്ണമാകുകയും പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. അത്തരം പൊള്ളുന്ന അഗ്‌നിയിലാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജൂഡ് ആന്തണി ജോസഫ് എന്ന മലയാള സിനിമാസംവിധായകന്‍ 'സാറാസ്' എന്ന സിനിമയിലൂടെ കൈവെച്ചിരിക്കുന്നത്. 

''എനിക്ക് പ്രസവിക്കാന്‍ മനസ്സില്ല'' എന്ന ശാഠ്യവാക്യം ഞാന്‍ ആദ്യമായി കേട്ടത് ഫാദര്‍ ബെന്നി ബെനഡിക്റ്റ് 'ഗാര്‍ഗി' എന്ന വനിതാഫിലിം കൂട്ടായ്മയുടെ ബാനറില്‍ സംഘടിപ്പിച്ച ഒരു സംവാദത്തില്‍ മോഡറേറ്റര്‍ ആയി വിളിക്കപ്പെട്ടപ്പോഴാണ്. അനേകം ദമ്പതികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ സുധീഷിന്റെ ഭാര്യയായ ഷീലയാണ് മേലുദ്ധരിച്ച ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയത്. അവളുടെ നേരെ തൊടുത്തുവിട്ട ചോദ്യശരങ്ങള്‍ തടുക്കാന്‍ അവള്‍ നിരത്തിയ ന്യായങ്ങള്‍ അവിടെയുള്ളവരെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. 

''നിങ്ങളുടെ അമ്മമാര്‍ക്ക് പത്തോ അന്‍പതോ പ്രസവിക്കാന്‍ കഴിയാമായിരുന്നിട്ടും എന്തുകൊണ്ട് മൂന്നോ നാലോ ആയി ചുരുക്കി. അതുപോലെ ഞാന്‍ എന്റെ നമ്പര്‍ സീറോ ആക്കി.'' വിവാഹാഭ്യര്‍ത്ഥനയുമായി വന്ന സകലരോടും അന്നേ അവള്‍ വ്യക്തമാക്കിയതാണ് 'പ്രസവിക്കില്ല' എന്ന തീരുമാനം. ആ വ്യവസ്ഥ സ്വമനസ്സാ അംഗീകരിച്ച വ്യക്തിയാണ് അവളുടെ ഭര്‍ത്താവായി തീര്‍ന്നത്. അവരുടെ ദാമ്പത്യത്തില്‍ ഗര്‍ഭഛിദ്രം ഒരു സാദ്ധ്യതയാകാന്‍ ഇടയുണ്ട് എന്നത് ചിന്തനീയമാണ്. 

പോപ്പ് സിക്സ്റ്റസ് അഞ്ചാമൻ
പോപ്പ് സിക്സ്റ്റസ് അഞ്ചാമൻ

മതങ്ങള്‍ ഒരു വലിയ പരിധിവരെ ഭ്രൂണഹത്യയെ നഖശിഖാന്തം എതിര്‍ക്കാനാണ് മുന്നിട്ടിറങ്ങുന്നത്. മുസ്ലിം, ക്രിസ്ത്യന്‍, യഹൂദ മതങ്ങള്‍ ആധാരമാക്കുന്ന പഴയനിയമഗ്രന്ഥത്തില്‍ 'പെരുകി വര്‍ദ്ധിക്കുവിന്‍' എന്ന യഹോവയുടെ കല്പനയ്ക്കാണ് അവര്‍ മുന്‍തൂക്കം കൊടുക്കുക. അതിനാല്‍ ഭ്രൂണഹത്യയ്‌ക്കോ ലെസ്ബിയന്‍/ഗേ ബന്ധങ്ങള്‍ക്കോ ചെവികൊടുക്കാന്‍ ഒരു ശതമാനവും അവര്‍ തയ്യാറാകില്ല എന്നത് സുനിശ്ചിതം. ഭൂമി കീഴടക്കാന്‍ ജനസംഖ്യാ വര്‍ദ്ധന ലക്ഷ്യമിടുന്ന മുസ്ലിങ്ങളും ക്രിസ്ത്യാനികളും സ്ത്രീ-പുരുഷ ബന്ധത്തിന് പ്രസവം അനിവാര്യമായി കാണുന്നു. അല്ലാത്ത ലൈംഗികതയെ പാപമാണെന്നു മുദ്രകുത്തി വിലങ്ങിടാനും മതമേലധികാരികള്‍ ദത്തശ്രദ്ധരാണ്. ജനസംഖ്യാവര്‍ദ്ധന രാഷ്ട്രീയ വോട്ടുബാങ്കുകൂടി ആയതോടെ പ്രസവം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കാന്‍ തുടങ്ങി. നാലാമത്തെ കുട്ടിക്ക് സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത ക്രിസ്തീയ മതപുരോഹിതരും രംഗപ്രവേശം ചെയ്തതോടെ പ്രസവത്തിന്റെ പ്രാധാന്യം ഏറിവരുന്നത് അവഗണിക്കാന്‍ ആകില്ല.

മതത്തിനു പുറകെ സദാചാരവാദികളും ആത്മീയവാദികളും ഭ്രൂണഹത്യയ്‌ക്കെതിരെ വാളോങ്ങാന്‍ ഒരുങ്ങി. അതൊരു കൊലപാതകം ആണെന്നും ജീവന്‍ സംരക്ഷിക്കേണ്ട ചുമതലയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സ്ത്രീക്കോ കുടുംബത്തിനോ സമൂഹത്തിനോ സര്‍ക്കാരിനോ കഴിയില്ലെന്നും അവര്‍ ഘോരഘോരം വാദിച്ചു. പല കാരണങ്ങളാല്‍ ഭ്രൂണഹത്യ ചെയ്ത സ്ത്രീകളുടെ ഗര്‍ഭപാത്രം ശവക്കല്ലറയാണെന്നും സ്വശരീരം കശാപ്പുശാലയാക്കിയ അവര്‍ സമൂഹത്തിലും ദൈവസന്നിധിയിലും ശപിക്കപ്പെട്ടവരാണെന്നും നിത്യശിക്ഷ അവര്‍ക്കായി കാത്തിരിക്കുന്നു എന്നും പ്രചരിപ്പിച്ച് മാനസികമായും ആത്മീയമായും അവരെ തളര്‍ത്തിയ അനുഭവങ്ങള്‍ നിരവധിയാണ്. ഭ്രൂണഹത്യയ്ക്ക് ഇന്ത്യയില്‍ നിയമസാധുത നല്‍കിയ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചപ്പോള്‍, ഗര്‍ഭപാത്രത്തിലെ ശിശുവിന് അംഗരക്ഷകരാകേണ്ട മാതാപിതാക്കള്‍ക്ക് ഭ്രൂണഹത്യയ്ക്ക് അനുവാദം കൊടുത്തതിനാലാണ് ഈ ദാരുണമായ അന്ത്യം കൈവന്നതെന്ന് പ്രസംഗിച്ച ആത്മീയപുരോഹിതര്‍ ഉണ്ടായിരുന്നു. ഗര്‍ഭിണിയുടെ രൂപത്തില്‍ വന്ന മനുഷ്യബോംബ്, രാജീവ്ഗാന്ധിയുടെ ജീവന്‍ അപായപ്പെടുത്തിയതും അമ്മയായ ഇന്ദിരാഗാന്ധിയുടെ ചെയ്തിയുടെ ശിക്ഷയായി വ്യാഖ്യാനിക്കപ്പെട്ടു. 

പുരാതന കത്തോലിക്കാസഭ ആണ്‍ശിശുവിന്റെ ഗര്‍ഭധാരണം 40 ദിവസത്തിനുള്ളിലും പെണ്‍ശിശുവിന്റേത് 80-90 ദിവസങ്ങള്‍ക്കുള്ളിലും അലസിപ്പിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍, 1588-ല്‍ പോപ്പ് സിക്സ്റ്റസ് അഞ്ചാമന്‍ ഗര്‍ഭം അലസിപ്പിക്കല്‍ കൊലപാതകമായി പ്രഖ്യാപിക്കുകയും സഭയില്‍നിന്ന് പുറത്താക്കല്‍ (excommunication) ശിക്ഷയായി തീരുമാനിക്കുകയും ചെയ്തു. കൃത്രിമ ജനനനിയന്ത്രണ ഉപാധികളും കത്തോലിക്കാദമ്പതികള്‍ക്ക് നിരോധിക്കപ്പെട്ടു. 'സേഫ് പിരീഡ്' അനുസരിച്ച് ലൈംഗികവേഴ്ച്ചയില്‍ ഏര്‍പ്പെടാന്‍ പോലും പിന്നീടാണ് അനുവദിക്കപ്പെട്ടത്. 

പോപ്പ് ബെനഡിക്ട് പതിനാറാമൻ
പോപ്പ് ബെനഡിക്ട് പതിനാറാമൻ

ഭ്രൂണഹത്യ: ദ്വന്ദചേരികള്‍

ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭനിരോധ ഉറകള്‍ ഉപയോഗിക്കാനുള്ള അനുവാദം പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍ ഈയടുത്തകാലത്താണ് നല്‍കിയതെങ്കിലും ധാരാളം കത്തോലിക്കാദമ്പതികള്‍ പള്ളിക്കാര്‍ അറിയാതെ അവ ഉപയോഗിച്ചിരുന്നു. എയിഡ്സ് രോഗികള്‍ക്കിടയിലും പരസ്ത്രീ ബന്ധമുള്ള ഭര്‍ത്താക്കന്മാരുടെ ഇടയിലും കോണ്ടം വിതരണം ചെയ്ത വൈദികരേയും കന്യാസ്ത്രീകളേയും സഭ പുറത്താക്കിയത് പല ഗ്രന്ഥങ്ങളും (ഉദാ: 'NO TURNING BACK' by Barbara Ferraro, Ptaricia Hussey with Jane O'Reilly, New York; Toronto: Poseidon Press, 1990.) തെളിവ് സഹിതം ഉദ്ധരിക്കുന്നു. കുടുംബജീവിതം നയിക്കാത്ത വൈദികര്‍ക്ക് ഭാര്യാഭര്‍ത്താക്കന്മാരുടെ ലൈംഗികജീവിതചര്യയെക്കുറിച്ച് ഉപദേശങ്ങള്‍ നല്‍കാനോ തീര്‍പ്പ് കല്പിക്കാനോ എന്താണ് അവകാശം എന്ന വിശ്വാസികളുടെ ന്യായമായ സംശയം ഉത്തരമില്ലാതെ അവശേഷിക്കുന്നു. പല മഠങ്ങളുടേയും സെമിനാരികളുടേയും വിസര്‍ജ്ജ്യക്കുഴി ബ്ലോക്ക് ആകുമ്പോള്‍ അവിടെ വരുന്ന ജോലിക്കാര്‍ കണ്ടെത്തി നശിപ്പിക്കുന്ന കോണ്ടം കൂമ്പാരങ്ങളുടെ പിന്നാമ്പുറ കഥകളും അപസര്‍പ്പക നോവലുകളെപ്പോലും വെല്ലുവിളിക്കുന്നു. 

ഫെമിനിസ്റ്റുകള്‍ ഭ്രൂണഹത്യയുടെ കാര്യത്തില്‍ ദ്വന്ദചേരികളിലാണ്. ആദ്യകൂട്ടര്‍ പ്രോ-ചോയ്സര്‍ ആയും രണ്ടാം വിഭാഗക്കാര്‍ പ്രോ-ലൈഫ്കാരും ആയും നിലകൊള്ളുന്നു. സ്ത്രീക്ക് സ്വന്തം ശരീരത്തിന്റെ അവകാശവും ഉത്തരവാദിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ആദ്യവിഭാഗക്കാര്‍. ഗര്‍ഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശമാണ് രണ്ടാം വിഭാഗക്കാര്‍ ഊന്നിപ്പറയുന്നത്. ഇത്രയും സംഘര്‍ഷാവസ്ഥ ഫെമിനിസ്റ്റുകള്‍ക്കിടയില്‍ത്തന്നെ നിലനില്‍ക്കുമ്പോള്‍ പരമ്പരാഗത ചിന്താഗതിക്കാരുടേയും മതമൗലികവാദികളുടേയും സദാചാരപ്രവര്‍ത്തകരുടേയും ഫാമിലിയുടേയും സൊസൈറ്റിയുടേയും പിന്തിരിപ്പന്‍ ചിന്താഗതി പറയേണ്ടതില്ലല്ലോ. ഇതിന്റെയെല്ലാം നടുത്തളത്തിലേക്കാണ് ക്രിസ്ത്യാനിയായ ഒരു സംവിധായകന്‍ 'സാറാസ്' എന്ന മലയാളം സിനിമയുമായി കടന്നുവരുന്നത്. ആ ചങ്കൂറ്റം കാണാതിരിക്കാന്‍ വയ്യ.   
            
'സാറാസ്' എന്ന ശീര്‍ഷകം തന്നെ സ്ത്രീയുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശം ദ്യോതിപ്പിക്കുന്നു. അത് സാറയുടെ മാത്രം ശരീരമാണ്. അതിന്റെ പൂര്‍ണ്ണ അവകാശവും ഉത്തരവാദിത്വവും അവള്‍ക്കു മാത്രമുള്ളതാണ്. എന്നാല്‍ സാറാ എന്ന പേരിന്റെ ആദിമരൂപം പഴയ നിയമത്തിലെ ആദിപിതാവായ അബ്രാഹത്തിന്റെ ഭാര്യ സാറാ ആണ്. 

വയോവൃദ്ധയായ അവളില്‍നിന്നു സന്തതിപരമ്പരകള്‍ ഉണ്ടാകുമെന്ന യഹോവയുടെ വാഗ്ദാനപ്രകാരം അവള്‍ക്ക് ഇനി ഒരേ ഒരു അവകാശവും ചുമതലയുമാണ് ദൈവം നല്‍കിയിരിക്കുന്നത് - 'പെറ്റു പെരുകുക.' അതേ പേരവകാശിയായ സാറാ എന്ന യുവതിയാണ് ''എനിക്ക് പ്രസവിക്കാന്‍ മനസ്സില്ല'' എന്ന് ചെറുപ്പം മുതലേ സ്ഥാനത്തും അസ്ഥാനത്തും പ്രഖ്യാപിക്കുന്നത്. ''നീ ഒരു ഫെമിനിസ്റ്റ് ആണോ'' എന്ന് അവളോട് ചോദിക്കുന്നവര്‍ അറിയുന്നില്ല, സ്ത്രീശാക്തീകരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്നവര്‍പോലും ഇക്കാര്യത്തില്‍ രണ്ടു ചേരികളില്‍ ആണെന്ന്. 

അവളുടെ ആ തീരുമാനത്തിന് അവള്‍ക്ക് ഉപോല്‍ബലകമായി ന്യായങ്ങളുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ജീവിതാഭിലാഷത്തിന് അവള്‍ പ്രഥമ പരിഗണന കൊടുക്കുന്നു. ബാക്കിയെല്ലാം അവളുടെ കരിയറിനു മുന്നില്‍ രണ്ടാം തരമാണ്. അവളുടെ ഇംഗിതം മനസ്സിലാക്കി അംഗീകരിച്ച വ്യക്തിയെയാണ് അവള്‍ ജീവിതപങ്കാളിയായി സ്വീകരിച്ചത്. ജീവിതം ഹോമം ചെയ്ത് മക്കളെ പോറ്റിവളര്‍ത്തിയിട്ട് വയസ്സാംകാലത്ത് തുണയായി ആരുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ കണ്ണീരൊഴുക്കാനെ അമ്മായിയമ്മക്ക് കഴിയുന്നുള്ളൂ. ''നീ എഴുതിയ സ്‌ക്രിപ്റ്റ്. നിന്റെ മനസ്സിലെ ക്ലൈമാക്സ് നീ എഴുതൂ. എന്തായാലും പപ്പാ ഓക്കേ.'' എന്ന് മകള്‍ക്ക് ധൈര്യം പകരുന്ന പപ്പയാണ് സാറായുടെ കരുത്ത്.

'ജീവന്‍' എന്ന പങ്കാളിയുടെ പേരും ഒരു ചിന്താവിഷയമാണ്. ഗര്‍ഭസ്ഥശിശുവിന്റെ ജീവന്‍ നഷ്ടപ്പെടുത്തുന്നത് തടയാനുള്ള തത്രപ്പാടില്‍ അദ്ദേഹം പങ്കാളിക്കു കൊടുത്ത വാക്ക് മറന്നു. ''ചിറകു വിരിച്ചു പറക്കാന്‍ പറഞ്ഞ നീ തന്നെ ഒരു ഭാരമുള്ള കല്ല് എന്റെ വയറിന്മേല്‍ കെട്ടിവെച്ചിരിക്കുന്നു'' എന്ന സാറായുടെ കുറ്റപ്പെടുത്തല്‍ വളരെ ചിന്തനീയമാണ്. കരിയര്‍ സ്ഥാപിക്കപ്പെട്ടതുകൊണ്ടാണോ അതോ ഭ്രൂണഹത്യയ്ക്ക് കൂട്ടുനിന്നാല്‍ എല്ലാവരുടേയും അനിഷ്ടം ഉണ്ടാകുമെന്ന ഭയം കൊണ്ടാണോ ജീവന്‍ വാക്കുമാറിയത് എന്നറിയില്ല. എന്നാലും കുഞ്ഞിന്റെ ജീവനോടുള്ള സ്നേഹം കൊണ്ടാണെന്ന് ഒരു ചെറിയ സൂചനപോലും ആര്‍ക്കും ലഭ്യമാകുന്നില്ല. 

ഇന്ദിരാ​ഗാന്ധി
ഇന്ദിരാ​ഗാന്ധി

സാറായുടെ നിര്‍ണ്ണായകമായ തീരുമാനത്തിന് ശക്തി പകരുന്നത് മുസ്ലിമായ ഡോക്ടര്‍ ഹഫീസ് ആണെന്നത് ഒരു വിരോധാഭാസമായതിനാലാകാം അത് അപ്രതീക്ഷിത ട്വിസ്റ്റ് ആയി പരിണമിച്ചത്. സ്ത്രീ ജനിക്കുന്നതുതന്നെ അമ്മയാകാനാണ് എന്ന ചിന്താഗതിയില്‍ വളരുന്ന മുസ്ലിം പെണ്‍കുട്ടികള്‍, ചെറുപ്രായം മുതല്‍ 'പുയ്യാപ്പ്ള'യെ സ്വപ്നം കണ്ടുനടന്ന് പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഇളംപ്രായത്തില്‍ നിക്കാഹ് കഴിച്ച് സ്‌കൂള്‍/കോളേജ് വിട്ടുപോകുന്ന ദയനീയ കാഴ്ച്ചയ്ക്ക് ഒരുപാട് തവണ ഈയുള്ളവള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ സമുദായത്തില്‍പ്പെട്ട ഡോക്ടറാണ് 1971-ലെ Medical Termination of Pregnancy Act വിശദീകരിക്കുന്നത് എന്നതാണ് അത്ഭുതകരം... ''ഒരു സ്ത്രീക്ക് ഗര്‍ഭധാരണം മൂലം മാനസികമോ ശാരീരികമോ ആയ അസ്വാസ്ഥ്യം തോന്നുകയാണെങ്കില്‍, ഗര്‍ഭം വേണ്ടെന്നു വെയ്ക്കാം; സ്വന്തം ഭര്‍ത്താവിന്റെ അനുവാദം പോലും ഇല്ലാതെ...'' ഒരു accidental pregnancy ആയതുകൊണ്ട് വേണ്ടത്ര തയ്യാറെടുപ്പ് ഇല്ലാതെ എങ്ങനെ ഒരു നല്ല parenting സാധ്യമാകും എന്ന ആശയം പ്രസക്തമാകുന്നു. Divine Parenting-നു തയ്യാറല്ലാത്തവര്‍ ആ പണിക്കു പോകരുത് എന്നും ക്രിമിനല്‍സ് സമൂഹത്തില്‍ വളര്‍ന്നുവരുന്നതിനു കാരണം good parenting-ന്റെ അഭാവം മൂലമാണെന്നും എത്ര blunt ആയാണ് ഡോക്ടര്‍ ഊന്നിപ്പറയുന്നത്. 

''റെഡി ആണെന്ന് തോന്നുമ്പോള്‍ മതി; തന്റെ ശരീരമാണ്; തീരുമാനവും തന്റേതായിരിക്കണം'' ഈ വാക്കുകളുടെ അനുരണനം സിനിമയുടെ വിജയം ആഘോഷിക്കുന്ന രംഗത്ത് കാണാവുന്നതാണ്. ഇന്റര്‍വ്യൂ ചെയ്യുന്ന വ്യക്തി ''ഫ്യൂച്ചര്‍ പ്രോജെക്റ്റ്' എന്താണ് എന്ന അന്വേഷണത്തിന് സാറായുടെ മൗനവും തുടര്‍ന്ന് ശ്രവ്യമാകുന്ന കുഞ്ഞിന്റെ കരച്ചിലും പ്രോ-ലൈഫുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടാകാം. 

പ്രോ-ചോയ്സ്‌കാര്‍ക്ക് സിന്ദ്രയുടെ അവസാനരംഗവും ആശ്വാസം നല്‍കുന്നു. 'NO' പറയാന്‍ അറിയാത്ത, സ്വാതന്ത്ര്യമോ അവകാശമോ ഇല്ലാത്ത, നാല് പിഞ്ചുകുഞ്ഞുങ്ങളെ തുടരെത്തുടരെ പ്രസവിക്കേണ്ടിവന്ന ഭാര്യ ഒരു ചവിട്ടിലൂടെ ഭര്‍ത്താവിന് NO എന്ന gesture നല്‍കുന്നത് ആശാസ്യമാണ്. അവശ്യ സന്ദര്‍ഭങ്ങളില്‍ പ്രോ-ചോയ്സും പ്രോ-ലൈഫും ഉചിതം പോലെ തെരഞ്ഞെടുക്കാമെന്ന് 'സാറാസ്' എന്ന തന്റെ സൃഷ്ടിയിലൂടെ ജൂഡ് ആന്തണി ജോസഫ് പറയാതെ പറയുകയാണോ!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com