ബുസാനിലും കേരളത്തിലും ചലച്ചിത്രോത്സവം തുടങ്ങിയത് 1994ല്‍. ഐ.എഫ്.എഫ്.കെ. എവിടെ വരെയെത്തി? സിനിമയ്ക്കുവേണ്ടി പിറവിയെടുത്ത ചലച്ചിത്രക്കൂട്ടായ്മകളെക്കുറിച്ച്

ബുസാനിലും കേരളത്തിലും ചലച്ചിത്രോത്സവം തുടങ്ങിയത് 1994ല്‍. ഐ.എഫ്.എഫ്.കെ. എവിടെ വരെയെത്തി?  സിനിമയ്ക്കുവേണ്ടി പിറവിയെടുത്ത ചലച്ചിത്രക്കൂട്ടായ്മകളെക്കുറിച്ച്
Updated on
8 min read

ഫിലിം ഫെസ്റ്റിവലുകൾ ഇന്നാർക്കും ഒരു പുതുമയല്ല. അതെത്തിച്ചേരാത്ത മുക്കും മൂലയും ഇന്ന് കേരളത്തിലുണ്ടാവില്ല. സിനിമയ്ക്കുവേണ്ടിയുള്ള ചലച്ചിത്രക്കൂട്ടായ്മകൾ അവിടെയൊക്കെയുണ്ട്. എന്നാൽ, അത്രയൊന്നും പ്രശസ്തമല്ലാത്ത മറ്റൊരു സിനിമാക്കൂട്ടായ്മ കോഴിക്കോടിന്റെ ചലച്ചിത്ര ചരിത്രത്തിൽ ഉണ്ട്. അതിൽ ജോൺ എബ്രഹാമിന്റെ ഒഡേസ്സ പ്രസ്ഥാനം പോലെ ആയിരങ്ങളൊന്നുമില്ല, കോഴിക്കോട്ടെ മുപ്പതോളം വരുന്ന ഒരു സൗഹൃദക്കൂട്ടായ്മയാണ് അങ്ങനെയൊരു സിനിമാസംരംഭത്തിന് ഒരുമ്പെട്ടത്. അതാണ് സഹൃദയ ഫിലിംസ്. പി.വി. ഗംഗാധരന്റെ നേതൃത്വത്തിലാണ് ആ കോഴിക്കോടൻക്കൂട്ടായ്മ ഉണ്ടായത്. ഹരിഹരൻ സംവിധാനം ചെയ്ത ‘സംഗമം’ (1977) ആണ് ആ കൂട്ടായ്മയിൽനിന്നും പുറത്തുവന്ന ഏക സിനിമ. കമൽഹാസനും ലക്ഷ്മിയുമായിരുന്നു ‘സംഗമ’ത്തിലെ പ്രധാന വേഷക്കാർ. എന്നാൽ, നായകനും നായികയും തമ്മിൽ പിണങ്ങിപ്പിരിഞ്ഞതോടെ സിനിമ വഴിയിൽ നിന്നുപോയി.

പിന്നീട് അവരെ മാറ്റി വിൻസന്റ്-ചെമ്പരത്തി ശോഭന-ജോസ് എന്നിവരെ വച്ച് സിനിമ റീ ഷൂട്ട് ചെയ്തു. ആ സംരംഭത്തിന്റെ പരാജയത്തെത്തുടർന്ന് സഹൃദയക്കൂട്ടായ്മ ഉപേക്ഷിച്ച് പി.വി.ജി. സ്വന്തമായി തുടങ്ങിയ നിർമ്മാണ കമ്പനിയാണ് പിൽക്കാലത്ത് പ്രശസ്തമായ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് (1977 - 2006).

കോഴിക്കോടൻ സിനിമയുടെ പിതാവ് എന്നു വിളിക്കാവുന്ന എ. വിൻസന്റ് മാസ്റ്ററുടെ പിൻഗാമികളായി മദിരാശിയിലേക്ക് യാത്ര പുറപ്പെട്ട നാല് സുഹൃത്തുക്കളുടെ കഥ കൂടിയാണിത്.

ടി. ദാമോദരൻ, ഹരിഹരൻ, പി.വി. ഗംഗാധരൻ, ഐ.വി. ശശി എന്നിവരാണ് ഈ സുഹൃത്തുക്കൾ. അറുപതുകളിലെ കോഴിക്കോടൻ നാടകവേദിയുടെ ഭാഗമായിരുന്നു ദാമോദരൻ മാഷും ഹരിഹരനും. ആന്റണി മാസ്റ്ററുടെ യൂണിവേഴ്‌സൽ ആര്‍ട്‌സിൽനിന്നും ചിത്രകല പഠിച്ചിറങ്ങിയ ചിത്രകാരന്മാരായിരുന്നു ഹരിഹരനും ഐ.വി. ശശിയും. കെ.ടി.സി. എന്ന മലബാറിലെ പ്രശസ്തമായ ട്രാൻസ്‌പോർട്ട് കമ്പനി ഉടമയായ പി.വി. സ്വാമിയുടെ മകൻ പി.വി. ഗംഗാധരനാണ് ആ സൗഹൃദത്തിലെ നാലാമൻ. ദാമോദരൻ മാഷിന്റെ ബന്ധുവും ഒരു ചെറിയ നാടകപ്രവർത്തകനുമായിരുന്നു പി.വി.ജി.

1964-ൽ സത്യനും അംബികയും പ്രധാന വേഷങ്ങൾ ചെയ്ത, പി. ഭാസ്‌കരൻ മാസ്റ്റർ സംവിധാനം ചെയ്ത ‘ശ്യാമളച്ചേച്ചി’ എന്ന സിനിമയിലൂടെ ഒരു നടനായാണ് ദാമോദരൻ മാസ്റ്റർ സിനിമയിലെത്തുന്നത്. തൊട്ടുപിറകെ 1965-ൽ, എം.ടി. ആദ്യമായി തിരക്കഥ എഴുതി വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത ‘മുറപ്പെണ്ണി’ന്റെ പ്രധാന സംഘാടകനായിരുന്നു മാഷ്. അതേ കാലത്ത് തന്നെയാണ് സിനിമയിൽ ഭാഗ്യപരീക്ഷണം തേടി ഹരിഹരൻ മദിരാശിയിൽ എം. കൃഷ്‌ണൻ നായരുടെ സംവിധാന സഹായിയായി എത്തുന്നത്. പ്രേംനസീറും മധുവും കെ.പി. ഉമ്മറും നായകന്മാരായ ‘മുറപ്പെണ്ണ്’ ഷൂട്ട് ചെയ്തത് കോഴിക്കോട് ഒളവണ്ണയിലുള്ള മാഷിന്റെ ബന്ധുവീടായ മാമിയിൽ തറവാട്ടിൽവച്ചാണ്. കെ.പി. ഉമ്മറും കോഴിക്കോടൻ നാടകവേദി സന്തതിയാണ്. അറുപതുകളുടെ അന്ത്യത്തിൽ കോഴിക്കോട് ദേശപോഷിണിയുടെ നാടകോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ നടൻ സത്യനാണ് അന്ന് അവതരിപ്പിച്ച നാടകം കണ്ട് ഇഷ്ടപ്പെട്ട് നാടകകൃത്തായ ദാമോദരൻ മാസ്റ്ററെ സിനിമ എഴുതിക്കാൻ മദിരാശിക്ക് ക്ഷണിക്കുന്നത്. സംഗീതസംവിധായകൻ ബാബുരാജ് വഴിയാണ് സത്യൻ ആ ക്ഷണം എത്തിച്ചത്. കോഴിക്കോട്ടെ നാടകസംഘാടകനും സ്വതന്ത്ര കമ്യൂണിസ്റ്റ് പ്രവർത്തകനും പഞ്ചായത്ത് പ്രസിഡന്റുമൊക്കെയായിരുന്ന അബ്‌ദുൾ റഹിമാൻ സാഹിബിനെ കൊന്ന മുഹമ്മദ് സ്രാങ്കിനെ, തൂക്കിക്കൊലയ്ക്ക് വിധിക്കപ്പെട്ട അവസാന നാളുകൾ മുൻനിർത്തി എഴുതിയ ‘നിഴൽ’ എന്ന നാടകമായിരുന്നു അത്. ഹരിഹരനെക്കൊണ്ട് ആ സിനിമ സംവിധാനം ചെയ്യിക്കാനായിരുന്നു സത്യന്റെ ആലോചന. മാഷ് മദിരാശിയിൽ പോയി സത്യനുമായി ചർച്ചകൾ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ രോഗവും മരണവും കാരണം ആ പദ്ധതി നടന്നില്ല. ദാമോദരൻ മാഷ് വിൻസന്റ് മാസ്റ്ററുടെ ക്യാമ്പിൽ നടനായും ഹരിഹരൻ കൃഷ്‌ണൻ നായരുടെ സഹസംവിധായകനായും തുടർന്നു. പിന്നീട് ഹരിഹരൻ സ്വതന്ത്ര സംവിധായകനായപ്പോൾ അദ്ദേഹം തന്നെയാണ് ദാമോദരൻ മാഷെക്കൊണ്ട് ആദ്യത്തെ സിനിമ എഴുതിച്ചത്. പ്രേംനസീറിനെ നായകനാക്കിയ ‘ലൗ മാരേജ്’ (1975). പ്രേംനസീർ - ജയഭാരതി ടീമായിരുന്നു പ്രധാന വേഷത്തിൽ. അതേ ടീമിൽ അവർ ഒരു സിനിമ കൂടി ചെയ്തു, ‘അമ്മിണി അമ്മാവൻ’ (1976).

സഹൃദയ ഫിലിംസ് എന്ന കോഴിക്കോടൻ കൂട്ടായ്മയുടെ പരാജയത്തിനു ശേഷം ഇനി എന്തു ചെയ്യണം എന്ന ആലോചനയുമായി പി.വി. ഗംഗാധരൻ നിന്നപ്പോൾ സിനിമയിൽ അദ്ദേഹത്തിന്റെ മുൻഗാമികളായ ഹരിഹരനും ദാമോദരൻ മാസ്റ്ററുമാണ് വഴികാട്ടികളായി നിന്നത്. അതാണ് ഗൃഹലക്ഷ്മി

പ്രൊഡക്ഷൻസ് എന്ന നിർമ്മാണസംരംഭത്തിന് തുടക്കമായത്. ഹരിഹരൻ സംവിധാനം ചെയ്ത ‘സുജാത’(1977)യായിരുന്നു ആദ്യ സിനിമ. പ്രേംനസീർ- ജയഭാരതി ടീം തന്നെ പ്രധാന വേഷത്തിലെത്തി. ബോളിവുഡ്ഡിൽനിന്നും എത്തിയ രവീന്ദ്ര ജെയിന്റെ സംഗീതമായിരുന്നു സിനിമയുടെ പ്രത്യേകത. കെ.ടി. മുഹമ്മദ് ആയിരുന്നു കഥാകൃത്ത്. ഗൃഹലക്ഷ്മിയുടെ രണ്ടാമത്തെ സിനിമ ഷെരീഫിന്റെ തിരക്കഥയിൽ ഐ.വി. ശശി തുടങ്ങിയ ‘മനസാ വാചാ കർമ്മണ’(1979)യാണ്. സംവിധായകനും തിരക്കഥാകൃത്തും തമ്മിലുള്ള അഭിപ്രായ

വ്യത്യാസത്തെത്തുടർന്ന് സിനിമ പാതിവഴിയിൽ നിലച്ചപ്പോൾ ഷെരീഫിന്റെ അനുവാദത്തോടെ ടി. ദാമോദരൻ മാഷ് അത് ഏറ്റെടുത്തു. അത് പുതിയൊരു കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു. തൊട്ടടുത്ത വർഷം, 1980-ൽ ഗൃഹലക്ഷ്മിക്കു വേണ്ടി പി.വി.ജി-ഐ.വി. ശശി-ടി. ദാമോദരൻ ടീമിന്റെ രചനയിൽ ‘അങ്ങാടി’ പിറന്നു. ജയൻ എന്ന നടന്റെ ജീവിതത്തിലേയും മലയാള സിനിമയുടെ ചരിത്രത്തിലേയും ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നായി മാറി അത്.

1980 മാർച്ച് 28-നാണ് ചിന്ത രവീന്ദ്രന്റെ ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ ഉച്ചപ്പടമായി തിയേറ്ററിലെത്തുന്നത്. തീവ്ര ഇടതുപക്ഷവും നവീന ഇടതുപക്ഷവുമൊക്കെയായി ജനകീയ സാംസ്‌കാരികവേദിയുടെ ആവേശകാലത്ത് പിറന്ന സിനിമയായതുകൊണ്ടുതന്നെ അതിന് തീരെ സ്വീകാര്യത കിട്ടിയില്ല. “ഇതാണോ നാം കാത്തിരുന്ന രാഷ്ട്രീയ സിനിമ” എന്ന ചോദ്യമാണ് ആ സിനിമ നേരിട്ട പ്രധാന വിമർശനം.

കാറ്റത്തെ കിളിക്കൂടിന്റെ ലൊക്കേഷനില്‍ പി.വി. ഗംഗാധരന്‍, ടി. ദാമോദരന്‍, ഭരതന്‍ എന്നിവര്‍
കാറ്റത്തെ കിളിക്കൂടിന്റെ ലൊക്കേഷനില്‍ പി.വി. ഗംഗാധരന്‍, ടി. ദാമോദരന്‍, ഭരതന്‍ എന്നിവര്‍

കോഴിക്കോട്ടെ ഫിലിം സൊസൈറ്റികള്‍

ഫിലിം സൊസൈറ്റികളുടെ വസന്തകാലമായിരുന്നു കോഴിക്കോട്ടപ്പോൾ. ചെലവൂർ വേണു ഏട്ടന്റെ അശ്വിനി ഫിലിം സൊസൈറ്റി മാത്രമുണ്ടായിരുന്ന അവസ്ഥയിൽനിന്നും ബേപ്പൂരിലും തിരുവണ്ണൂരിലുമൊക്കെ ഫിലിം സൊസൈറ്റി വേരുപിടിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഫിലിം സൊസൈറ്റി അക്കൂട്ടത്തിൽ ഒരു ശക്തികേന്ദ്രം തന്നെയായി. തൃശൂരിൽനിന്നും

വി. അരവിന്ദാക്ഷനും നീലനും ഒക്കെ ചേർത്തിറക്കിയ ‘ദൃശ്യകല’യായിരുന്നു അന്നത്തെ സിനിമയുടെ ‘മുഖപത്രം’.

സിനിമകളെ രാഷ്ട്രീയമായി വായിക്കാൻ പഠിപ്പിച്ച ചിന്ത രവീന്ദ്രന്റെ രണ്ടു സിനിമകൾക്കും, ‘ഹരിജ’നും (1979) ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ക്കും (1980) എന്തുകൊണ്ട് രാഷ്ട്രീയമായി കാണികളെ ആകർഷിക്കാൻ കഴിയാതെ പോകുന്നു എന്ന കാര്യം ചർച്ച ചെയ്യപ്പെട്ടു. അതേസമയം മധു മാസ്റ്ററുടെ ‘അമ്മ’ നാടകം വലിയ ജനകീയ പിന്തുണയോടെ കേരളമാകെ പടർന്നുപിടിക്കുകയും ചെയ്തു.

തൊട്ടുപിറകെയാണ് ഐ.വി. ശശിയും ടി. ദാമോദരൻ മാസ്റ്ററും ചേർന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനുവേണ്ടി ചെയ്ത ‘അങ്ങാടി’ റിലീസായത്, 1980 ഏപ്രിൽ 18-ന്. മലയാളത്തിന്റെ വെള്ളിത്തിരയിൽ അത് വലിയ പ്രകമ്പനം തന്നെ സൃഷ്ടിച്ചു. രാഷ്ട്രീയ സിനിമയെക്കുറിച്ചുള്ള പഴയ

പ്രത്യയശാസ്ത്ര വിശദീകരണങ്ങൾ മതിയാകാതെ വന്നു. ജയന്റെ താരോദയം വെള്ളിത്തിരയെ മാത്രമല്ല, തെരുവുകളേയും രാഷ്ട്രീയമായി അനക്കിയ ഒരു പ്രതിഭാസമായിരുന്നു.

“What did you say? Beggers? May be we poor, coolies, trolley pullers but we are not beggers...You enjoy this life and status because of our sweat and blood. Let it be the last time, if you dare to say that word once more I will pull out your bloody toung...”

ബക്കറിന്റെ ‘കബനീനദി ചുവന്നപ്പോൾ’ ആയിരുന്നു അതുവരെയും രാഷ്ട്രീയ സിനിമയുടെ മാതൃക. പിന്നെ ബക്കർ തന്നെ ‘ചുവന്ന വിത്തുകളും’ ‘സംഘഗാന’വുമായി വന്നു. എന്നാൽ, അതൊന്നും തെരുവുകളിലെ സാധാരണ മനുഷ്യരെ, സാധാരണ കാണികളെ ആവേശഭരിതരാക്കുകയോ അവരിലേക്ക് സിനിമ എത്തുകയോ ചെയ്തിരുന്നില്ല. എന്നാൽ, കോഴിക്കോട്ടെ ട്രാൻസ്‌പോർട്ട് മുതലാളിയായ പി.വി. സ്വാമിയുടെ മകൻ നിർമ്മിച്ച ‘അങ്ങാടി’യിലെ തൊഴിലാളി നേതാവ് തെരുവിൽ ഇംഗ്ലീഷ് ഡയലോഗ് പറഞ്ഞ് തൊഴിലാളി വർഗ്ഗത്തെ വശീകരിക്കുന്നത് കണ്ടപ്പോൾ അതൊരു കെണിയാണോ എന്ന ചോദ്യം പല നിലയ്ക്കും ചർച്ചചെയ്യപ്പെട്ടു. ഒരു മുതലാളി തൊഴിലാളിവർഗ്ഗത്തെ ആവേശപ്പെടുത്തുന്ന ഒരു സിനിമ നിർമ്മിക്കുന്നുണ്ടെങ്കിൽ അതിലെ സ്വാംശീകരണതന്ത്രം എന്തെന്ന് പുറത്തുകൊണ്ടുവരാൻ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ചിന്താപ്രവർത്തകർക്ക് ഉത്തരവാദിത്വമുണ്ട് എന്ന ധാരണ ബലപ്പെട്ടു.

അടിയന്തരാവസ്ഥയുടെ നീണ്ട ഇരുട്ടിനു ശേഷം മുഖ്യധാരാ സിനിമയും സമാന്തരസിനിമയും ഒരുപോലെ രാഷ്ട്രീയം സംസാരിക്കാൻ തുടങ്ങിയ സമയമായിരുന്നു അത്. കല്ലായിപ്പുഴയുടേയും അറബിക്കടലിന്റേയും കോഴിക്കാട്ടങ്ങാടിയുടേയും ഓരങ്ങളിലേക്കും അത് മുഖം തിരിച്ച കാലം. ‘സിനിമയുടെ രാഷ്ട്രീയം’ ചിന്ത രവീന്ദ്രൻ സിദ്ധാന്തിക്കുന്നത് ‘അങ്ങാടി’ (1980), ‘ഈനാട്’ (1982) എന്നീ രണ്ടു ജനപ്രിയ രാഷ്ട്രീയ സിനിമകൾ സമൂഹത്തിൽ ചെയ്യുന്നത് എന്താണെന്ന് വ്യാഖ്യാനിച്ചുകൊണ്ടാണ്. ജനപ്രിയ രാഷ്ട്രീയ സിനിമകളുടെ സ്വാംശീകരണ തന്ത്രങ്ങൾക്ക് എതിരായ സൈദ്ധാന്തിക കലാപമായിരുന്നു ചിന്ത രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്നിരുന്നത്. അതിന്റെ കുന്തമുന ആ സിനിമകളുടെ തിരക്കഥാകൃത്ത് ടി. ദാമോദരൻ മാസ്റ്റർക്ക് നേരെയായിരുന്നു.

“ത്യാഗിയും ക്ഷമാശീലനും സദ്ഗുണമൂർത്തിയും ആയിരുന്ന പഴയ നായകൻ ഇപ്പോൾ സാധാരണമല്ല. പുതിയ നായകൻ പരുക്കനായ സാഹസികനാണ്. പലപ്പോഴും അയാൾക്ക് മൂല്യധ്വംസകന്റെ പരിവേഷവുമുണ്ട്. എങ്കിലും പ്രത്യയശാസ്‌ത്രോപകരണമെന്ന നിലയ്ക്ക് നായകരൂപത്തിന്റെ അടിസ്ഥാന വിവക്ഷകൾ മറികടക്കപ്പെട്ടിട്ടില്ല. ആ കാഴ്ചപ്പാടിൽ പരിവർത്തനങ്ങൾ തെല്ലും ഗഹനമല്ല... അടുത്തകാലത്ത് മലയാളത്തിൽ നിർമ്മിക്കപ്പെട്ട ‘പൊളിറ്റിക്കൽ സറ്റയർ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഏതാനും ചിത്രങ്ങളും (അങ്ങാടി, ഈനാട്) ഇതുതന്നെ സ്പഷ്ടമാക്കുന്നു. ചിലപ്പോഴെങ്കിലും നായകൻ പ്രതിനിധീകരിക്കുന്ന വയലൻസ് ഭരണകൂടത്തിന്റെ നിയമാനുസൃതമായ വയലൻസിന്റെ ഭാഗമായി സിനിമ തന്നെ ഉപസംഹരിക്കുന്നത് കാണാം.” - സിനിമയുടെ രാഷ്ട്രീയം, രവീന്ദ്രൻ, ബോധി ബുക്‌സ്, കോഴിക്കോട്.

“എന്താണ് ജനകീയം, എന്താണ് ജനപ്രിയം” എന്ന വിഷയത്തെ മുൻനിർത്തി ചിന്ത രവീന്ദ്രനുമായുള്ള ദീർഘസംവാദങ്ങൾ അക്കാലത്തിന്റെ പതിവായിരുന്നു. ടി.കെ. രാമചന്ദ്രൻ ഒരു പടികൂടി കടന്ന് കച്ചവടസിനിമകളിൽ മാത്രമല്ല, ആർട്ട് സിനിമകളേയും ഒരുപോലെ ഗ്രസിച്ചു നിൽക്കുന്ന പ്രത്യയശാസ്ത്ര താല്പര്യങ്ങളെ തുറന്നുകാട്ടി. അധീശവർഗ്ഗത്തിന്റെ പ്രത്യയശാസ്ത്ര ആയുധമായ പ്രേംനസീറിൽനിന്നും ജയനിലേക്കും മമ്മൂട്ടിയിലേക്കുമുള്ള നായകബിംബങ്ങളുടെ പരിണാമകാലത്തിന്റെ പ്രത്യയശാസ്ത്ര വ്യാഖ്യാനമാണ് ‘സിനിമയുടെ രാഷ്ട്രീയ’ത്തിൽ രവീന്ദ്രൻ പറഞ്ഞുവയ്ക്കുന്നത്. “പ്രകൃത്യാ ഒരു പ്രത്യയശാസ്ത്ര മൃഗമാണ് മനുഷ്യൻ” എന്ന അൽത്യുസറിന്റെ ദർശനമാണ് ഇവിടെ രവീന്ദ്രൻ പിൻപറ്റുന്നത്. 1980-ൽ ‘അങ്ങാടി’ പുറത്തുവന്ന വർഷം തന്നെയാണ് ജയൻ സിനിമാഷൂട്ടിങ്ങിനിടയിൽ അപകടത്തിൽ കൊല്ലപ്പെടുന്നത്. ‘ഈനാട്’ എന്ന സിനിമയ്ക്ക് ഇരുപത്തഞ്ച് വർഷം തികഞ്ഞപ്പോൾ ഡോ. കെ. ഗോപിനാഥ് നിരീക്ഷിച്ചതുപോലെ ആ ശൂന്യതയിലാണ് ‘മമ്മൂട്ടി’ എന്ന നടന്റെ താരോദയത്തിന് ആവശ്യമായ പ്രത്യയശാസ്ത്ര ചേരുവകൾ നിർമ്മിക്കപ്പെടുന്നത്.

ചിന്ത രവീന്ദ്രൻ വിട്ടുകളഞ്ഞ ‘ഇടതുപക്ഷത്തിന്റെ അപചയം’ എന്ന കണ്ണിയാണ് 1980-1988 കാലത്തെ ടി. ദാമോദരൻ മാസ്റ്ററുടെ തിരക്കഥകൾ ഊന്നിയത്. അറുപതുകളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന്റെ വേളയിൽ പി. കൃഷ്‌ണപിള്ളയുടെ ഓർമ്മയെ മുൻനിർത്തി മാഷ് ചെയ്ത നാടകങ്ങളുടെ തുടർച്ചയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ സിനിമകൾ. 1964 കാലത്ത് ‘ഉടഞ്ഞ വിഗ്രഹങ്ങൾ’ എന്ന നാടകത്തിലെ ഒരു ‘ഭ്രാന്തൻ’ കഥാപാത്രം പറയുന്ന രാഷ്ട്രീയം ഒഴിവാക്കിയാൽ അത് പാർട്ടി ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഇ.എം.എസ്. തന്നെ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന് തയ്യാറല്ലെന്ന മാഷിന്റെ നിലപാട് കാരണമാണ് അത് നടക്കാതെ പോയത്. കരിവള്ളൂർ മുരളിയുടെ ‘നാടകക്കാരൻ’ എന്ന ബൃഹദ് ഗ്രന്ഥത്തിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

പി.കെ.നായര്‍, ശ്രീനിവാസന്‍, പി.വി.ജി,മുക്ത- ഹൈദരാബാദ് ഐഎഫ്എഫ്ഐ 1999
പി.കെ.നായര്‍, ശ്രീനിവാസന്‍, പി.വി.ജി,മുക്ത- ഹൈദരാബാദ് ഐഎഫ്എഫ്ഐ 1999

സിനിമയും ജനകീയ മൂലധനവും

അന്‍പതുകളിലും അറുപതുകളിലും മലബാറിൽ ശക്തമായ സാന്നിദ്ധ്യമായിരുന്ന പഴയ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായിരുന്നു ദാമോദരൻ മാഷ്. സ്വാതന്ത്ര്യസമര സേനാനിയും 1965-ൽ ആർക്കും ഭൂരിപക്ഷം കിട്ടാതിരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വരെ സാധ്യത കല്പിക്കപ്പെട്ടിരുന്ന കെ.ബി. മേനോൻ ആയിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയഗുരു. ഹാർവഡ് യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകനായിരുന്ന കെ.ബി. മേനോൻ ജയപ്രകാശ് നാരായണന്റെ സ്വാധീനത്തിലാണ് സോഷ്യലിസ്റ്റ് പാർട്ടിയില്‍ എത്തുന്നത്. വിഖ്യാതമായ കീഴരിയൂർ ബോംബ് കേസിലെ പ്രതിയും ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മലബാറിലെ ഏറവും വലിയ നേതാവുമായിരുന്നു. 1967-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എല്ലാ പാർട്ടിക്കാരാലും ഉപേക്ഷിക്കപ്പെട്ട്, ജനറൽ വാർഡിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. രാഷ്ട്രീയ പാർട്ടികളുടെ അപചയത്തെക്കുറിച്ചുള്ള ദാമോദരൻ മാഷിന്റെ നിലപാടുകൾ കെ.ബി. മേനോന്റെ പഴയ ശിഷ്യൻ എന്ന നിലയ്ക്കുകൂടി രൂപപ്പെട്ടതാണ്. എന്നാലത് മൂലധനത്തിന്റെ ഭാഗമായി നിന്നാണ് സംഭവിച്ചത്. ആ സിനിമകളിൽ അതിന്റെ രാഷ്ട്രീയ അവശിഷ്ടങ്ങൾ കണ്ടെടുക്കാനാവും എന്ന ചിന്ത രവീന്ദ്രന്റെ വിമർശനം ശരിയുമാണ്.

മൂലധനത്തിന്റെ ആധിപത്യം സിനിമയുടെ അസാദ്ധ്യതയിലേക്കാണ് രവീന്ദ്രനെ നയിച്ചത്. മൂലധനവും സർഗ്ഗാത്മകതയും തമ്മിലുള്ള നിതാന്തവൈരത്തിന്റെ ആഘാതങ്ങളിലൊന്നായി ഈ പിൻവാങ്ങലിനെ കാണാം. പണം തന്നെ മുതലാളിത്ത സൃഷ്ടിയായിരിക്കെ അതുകൊണ്ടുള്ള സൃഷ്ടികൾക്ക് അതിനെ മറികടക്കാനാവുമോ എന്ന ചോദ്യം ഒരു കെണിയായും

സ്രഷ്ടാവിന് മുന്നിൽ വിലങ്ങായി നിൽക്കാം. ജനകീയ മൂലധനത്തെ ഉപജീവിച്ച് സിനിമയെടുത്ത ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ മാത്രമാണ് ഈ പ്രതിസന്ധിയെ അതിജീവിച്ച ഏക സിനിമ എന്ന് ഒരിടത്ത് നിരീക്ഷിക്കുന്നുണ്ട്. 1987 മെയ് 30-ന് ജോൺ കോഴിക്കോട്ട് വീണു മരിക്കുമ്പോൾ രവീന്ദ്രൻ നിലമ്പൂരിൽ ‘ഒരേ തൂവൽപക്ഷി’കളുടെ ഷൂട്ടിങ്ങിലായിരുന്നു. നീലനായിരുന്നു നായകൻ. നിലമ്പൂർ ബാലേട്ടനും രാമചന്ദ്രൻ മൊകേരിയും ഒക്കെ ലൊക്കേഷനിൽ തന്നെയായിരുന്നു. ഷൂട്ടിങ് തത്സമയം നിർത്തി എല്ലാവരും കൂട്ടമദ്യപാനത്തിലേക്ക് കടക്കുകയാണ് ചെയ്തത് എന്ന് മൊകേരി ‘ജോൺ’ ഷൂട്ടിങ്ങിന്റെ വേളയിൽ ആ കാലത്തിന്റെ ഓർമ്മകൾ പങ്കുവച്ചപ്പോൾ പറഞ്ഞിരുന്നു.

1988-ലാണ് ‘ഒരേ തൂവൽപക്ഷികൾ’ പുറത്തെത്തുന്നത്. അത് ആ വർഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടി. അതേ വർഷം തന്നെയാണ് ദാമോദരൻ മാസ്റ്റർ ‘1921’ ചെയ്യുന്നത്. അത് ആ വർഷത്തെ ഏറ്റവും മികച്ച ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടി. 1921 കാലഘട്ടത്തിന്റെ രാഷ്ട്രീയം പറയുന്ന ഈ രണ്ടു സിനിമകളേ മലയാള സിനിമയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളു. സമാന്തര സിനിമയും മുഖ്യധാരയും ചരിത്രത്തേയും രാഷ്ട്രീയത്തേയും വെള്ളിത്തിരയിൽ കൈകാര്യം ചെയ്യുന്നത് എങ്ങനെ എന്ന് അറിയാനുള്ള മികച്ച ഉദാഹരണമായി ഈ രണ്ടു സിനിമകളെ കാണാം.

മൂലധനത്തിന്റെ, മുതലാളിത്തത്തിന്റെ വളർച്ച സിനിമയിൽ ചെയ്ത വിഴുങ്ങൽ എത്രമാത്രം ഭയാനകമായ സാംസ്‌കാരിക രാഷ്ട്രീയ പ്രതിഭാസമാണ് എന്ന ചിന്ത രവീന്ദ്രന്റെ ആശങ്ക കഠിനമായ ഒരു യാഥാർത്ഥ്യം തന്നെയാണ്. 1988-ന് ശേഷം രവീന്ദ്രന് പിന്നീടൊരു സിനിമ ചെയ്യാനായില്ല. ഒരായുസ്സ് ഇടതുപക്ഷ സിനിമയ്ക്കായി ചിന്തകൊണ്ടും സിനിമകൊണ്ടും പൊരുതിയ ചിന്ത രവീന്ദ്രനെയല്ല കേരളത്തിൽ ആദ്യമായി സിനിമയ്ക്ക് ഒരു അക്കാദമി ഉണ്ടാക്കിയപ്പോൾ സർക്കാർ അതിന്റെ അദ്ധ്യക്ഷനാക്കിയത്. 1980-ൽ കോഴിക്കോട് പുഷ്പ തിയേറ്ററിൽ 14 ദിവസത്തെ ചലച്ചിത്രോത്സവം നടത്തി 1994-ൽ മാത്രം കേരളത്തിന് തുടങ്ങാനായ സർക്കാർ തലത്തിലുള്ള ചലച്ചിത്രോത്സവത്തിന് തറക്കല്ലിട്ട ചെലവൂർ വേണുവിനെയുമല്ല. ഷാജി എൻ. കരുൺ ആയിരുന്നു സർക്കാരിന്റെ തിരഞ്ഞെടുപ്പ്. ഷാജിയുടെ സിനിമയിലെ സംഭാവനകൾ വളരെ വലുത് തന്നെയാണ്. അതിവിടെ കുറച്ചുകാണുന്നേയില്ല. എന്നാൽ, ചരിത്രത്തിൽ നാം ഓട്ടം തുടങ്ങുമ്പോൾ ബാറ്റൺ ആരെ ഏല്പിച്ചു വേണം തുടങ്ങേണ്ടത് എന്നത് പിൽക്കാലത്ത് ഓടിയെത്തേണ്ട പിൽക്കാല ദൂരങ്ങളെ നിർണ്ണയിക്കുന്നുണ്ട്.

1994-ൽ കേരളം ഐ.എഫ്.എഫ്.കെ. തുടങ്ങിയ വർഷം തന്നെയാണ് ദക്ഷിണ കൊറിയയിൽ ബുസാൻ അവരുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങുന്നത്. അതെത്ര വളർന്നു എന്ന് 2016-ൽ ബുസാൻ ഫെസ്റ്റിവലിൽ അന്താരാഷ്ട്ര ഫിലിം ക്രിട്ടിക്‌സ് ജൂറിയായി പങ്കെടുത്തപ്പോൾ നേരിൽ അനുഭവിക്കാന്‍ ഇടവന്നിട്ടുണ്ട്. നാം തുടങ്ങിയ ഇടത്തുതന്നെ നിൽക്കുകയാണ്. നമ്മുടെ ചലച്ചിത്രോത്സവങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് സംവിധായകൻ ഡോ. ബിജു ഉന്നയിക്കുന്ന എല്ലാ വാദമുഖങ്ങളും നൂറു ശതമാനവും ശരിയാണെന്ന് ബുസാൻ അനുഭവം പഠിപ്പിക്കുന്നു.

അങ്ങാടി
അങ്ങാടി

1980-ലെ ചലച്ചിത്രോത്സവം

1980-ൽ കോഴിക്കോട്ട് പുഷ്പ തിയേറ്ററിൽ 14 ദിവസം നീണ്ടുനിന്ന ചലച്ചിത്രോത്സവമാണ് എന്റെ ജീവിതത്തിലേയും ആദ്യത്തെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവൽ. ചെലവൂർ വേണു നയിച്ച ആ ഫെസ്റ്റിവലിൽ കാണിയായും ഒരു ചെറിയ സംഘാടകസമിതി പ്രവർത്തകനായും പണിയെടുത്തതാണ് ഇന്നും എവിടെ ഒരു ഫെസ്റ്റിവൽ നടക്കുന്ന വാർത്ത കേൾക്കുമ്പോഴും കച്ചകെട്ടാനുള്ള പ്രേരകശക്തി തരുന്നത്. മണി കൗൾ ആയിരുന്നു ഉദ്ഘാടനം. ജോൺ എബ്രഹാമിനെ മാത്രമല്ല, മൃണാൾ സെൻ മുതൽ ഇന്ത്യൻ സിനിമയിലെ പ്രമുഖരെയെല്ലാം കോഴിക്കോട്ടെത്തിച്ചത് ചെലവൂർ വേണു ആണ്. ലോകസിനിമയുടെ ഭൂപടത്തിലേക്കു കോഴിക്കോട്ടുകാരുടെ വഴിവെട്ടിയ മനുഷ്യനാണത്. ഞാനും ആ വഴിയിലൂടെ നടന്നു. മരണം വരെയും ആ സൗഹൃദം നിലനിന്നു. ഒരേ സമയം കമ്യൂണിസ്റ്റ് പാർട്ടിയുമായും കോൺഗ്രസ്സുമായുള്ള ഒരു പഴയ ഇന്തോ സോവിയറ്റ് സൗഹൃദകാലബന്ധങ്ങളാണ് ചെലവൂര്‍ വേണുവിന്റെ മുതൽക്കൂട്ട്. ഉൾപ്പെടുത്തലാണ് അതിന്റെ അടിസ്ഥാന രീതി, പുറന്തള്ളലല്ല, അതുകൊണ്ടുതന്നെ അത് ഏതെങ്കിലും ഒരു പാർട്ടിക്കു മാത്രം അവകാശപ്പെട്ട ലെഗസിയല്ല.

‘പുഷ്പ തിയേറ്റർ’ ചെലവൂർ വേണുവിന്റെ ഫെസ്റ്റിവലിന്റെ കേന്ദ്രമായത് പി.വി. ഗംഗാധരനുമായുള്ള സൗഹൃദമാണ്. 1980-ലെ ചെലവൂർ വേണു ഫിലിം ഫെസ്റ്റിവൽ നടക്കുമ്പോൾ പുഷ്പ തിയേറ്റർ എന്ന ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ഉടമ പി.വി. ഗംഗാധരന്റേതാണ്. പി.വി.ജി. ആ ഫെസ്റ്റിവലിലും ചെലവൂർ വേണുവിന്റെ സന്തതസഹചാരി ആയിരുന്നു. 1969-ലാണ് പി.വി. ജിയുടെ വിവാഹം. അച്ഛന്റെ അമ്മാവന്റെ മകൻ അഡ്വ. രത്നസിങ്ങിന്റെ മകൾ ഷെറിനായിരുന്നു വധു. പടിഞ്ഞാറെ നടക്കാവിൽ ഞങ്ങളുടെ അയൽവക്കമായിരുന്നു പി.വി.ജിയുടെ വധൂഗൃഹം. അന്നു തുടങ്ങിയ സൗഹൃദം പി.വി.ജിയുടെ മരണം വരെ നീണ്ടു. ദില്ലി സിരിഫോർട്ടിൽ ഐ.എഫ്.എഫ്.ഐയിൽ ഡെലിഗേറ്റ് കാർഡ് കിട്ടൽ ഒരു സാഹസമായിരുന്ന കാലത്ത് പി.വി.ജിയാണ്

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ പേരിൽ ഫിലിം ഇന്റസ്ട്രി ഡെലിഗേറ്റ് ആക്കി ഫെസ്റ്റിവലിന് അയച്ചത്.

പുഷ്പ തിയേറ്ററിലെ ‘പുഷ്പ’ എന്റെ ഏട്ടത്തിയമ്മയാണ്. അന്ന് ഇലക്ട്രിസിറ്റി ബോർഡിൽ എന്‍ജിനീയർ ആയിരുന്ന വല്യച്ഛന്റെ മകൻ പൊറ്റങ്ങാടി രാധാകൃഷ്ണനാണ് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്ന പുഷ്പയെ വിവാഹം കഴിക്കുന്നത്. അവരുടെ അച്ഛനാണ് 1966-ല്‍ മകളുടെ പേരിട്ട് ആ തിയേറ്റർ സ്ഥാപിച്ചത്. സ്വന്തം പേരിൽ ഒരു തിയേറ്ററും കോഴിക്കോട്ട് ഒരു ജംങ്ഷനും സ്വന്തമായി ഉണ്ടായിരുന്ന ഒരാളുമായുള്ള ജ്യേഷ്ഠന്റെ വിവാഹം വലിയ കൗതുകമായിരുന്നു. ഗുരുവായൂരപ്പൻ കോളേജിലെ പഠനകാലത്ത് കോളേജ് വിട്ടാല്‍ നഗരത്തിലെത്താവുന്ന ആദ്യത്തെ തിയേറ്ററും പുഷ്പ ജംങ്ഷനിലെ പുഷ്പ തിയേറ്ററായിരുന്നു. എത്രയോ സിനിമകളുടെ ഓർമ്മകൾ ബാക്കി കിടക്കുന്ന ആ തിയേറ്റർ ഇപ്പോഴില്ല. അത് പൊളിച്ചുനീക്കിയിട്ട് വർഷങ്ങളായി. പകരം മറ്റൊന്നും വന്നിട്ടില്ല. പഴയ മതിൽ ബാക്കിയുണ്ട്. കഷ്ടിച്ച് പുഷ്പ എന്ന് പഴയ ഓർമ്മയുള്ളവർക്ക് ആ പേരിപ്പോഴും മതിലിൽ വായിക്കാം.

വിവാഹശേഷമാണ് പി.വി.ജി. സഹൃദയ ഫിലിംസ് തുടങ്ങുന്നത്. പി.വി.ജി. ‘ഷൂട്ട്’ എന്ന പേരിൽ ഒരു സിനിമാമാസിക സ്വന്തമായി തുടങ്ങിയിരുന്നു. എന്റെ ഓർമ്മയിൽ വി. രാജഗോപാൽ, വി.ആർ. ഗോവിന്ദനുണ്ണി, കെ. ജയചന്ദ്രൻ എന്നിവരായിരുന്നു അതിന്റെ പിന്നണിയിൽ. കെ. ജയചന്ദ്രന്റെ ജേർണലിസത്തിന്റെ തുടക്കം അവിടെയാണ്, പിന്നീടാണ് മാതൃഭൂമിയിലേക്കെത്തുന്നത്.

‘സംഗമ’ത്തിന് ശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷൻ 1977-ൽ ‘സുജാത’ തുടങ്ങിയപ്പോൾ രവീന്ദ്ര ജയിന്റെ പാട്ടുകളുടെ കാസറ്റ് ആദ്യം തന്നെ രാജഗോപാൽ വീട്ടിലെത്തിച്ചിരുന്നു. ആശാ ബോസ്ലെ കഷ്ടിച്ച് മലയാളത്തിൽ പാടിയ ‘സ്വയംവര ശുഭദിന മംഗളങ്ങൾ’ എന്ന പാട്ട് ഒരത്ഭുതമായിരുന്നു അന്ന്. ഹിറ്റ് ഗാനങ്ങൾ യേശുദാസ് പാടിയ ‘താലിപ്പൂ പീലിപ്പൂ’, ‘കാളിദാസന്റെ കാവ്യഭാവനയെ’ എന്നീ പാട്ടുകളായിരുന്നു.

പ്രേംനസീറായിരുന്നു ‘സുജാത’യിലെ ഹീറോ. പ്രേംനസീറിനെ നേരിൽക്കണ്ട കഥകൾ രാജഗോപാലേട്ടന് പറഞ്ഞിട്ടും മതിവരാറില്ലായിരുന്നു. ദൈവം കഴിഞ്ഞാൽ അന്നത്തെ പ്രധാന താരം പ്രേംനസീറാണ്. നസീറിനെ കാണാൻ പുറപ്പെട്ടുപോകാനുള്ള ആവേശം അങ്ങനെയാണുണ്ടാകുന്നത്. 1977 ആഗസ്റ്റ് 19-നാണ് ‘സുജാത’ റിലീസാകുന്നത്.

അതിനുമുന്‍പേ മദിരാശിയിലെ ഇപ്പോൾ പേരോർമ്മയില്ലാത്ത ഏതോ സ്റ്റുഡിയോവിലെത്തി സുഹൃത്ത് നടൻ അഗസ്റ്റിൻ വഴി ഞാനും ജോയ് മാത്യുവും പ്രേംനസീറിനെ കണ്ടു. വെള്ളിത്തിരയുടെ ഭൂതാവേശങ്ങൾ അക്കാലത്തിന്റെ കൗമാരങ്ങളിൽ പണിയെടുത്തതിന്റെ സാക്ഷ്യങ്ങളാണ് അതെല്ലാം.

1991-ൽ ടി. ദാമോദരൻ മാസ്റ്ററുടെ മകൾ ദീദിയും ഞാനുമായുള്ള വിവാഹം കോഴിക്കോടൻ സൗഹൃദക്കൂട്ടായ്മ ഉണ്ടാക്കിയ വിവാഹമാണ്. അതൊരു പ്രണയവിവാഹമാണ് എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ടായിരുന്നെങ്കിലും കോഴിക്കോടൻ കൂട്ടായ്മയുടെ ആസൂത്രണം ആയിരുന്നു അതിനു പുറകിൽ. പുനലൂർ രാജേട്ടനാണ് രണ്ട് വീട്ടിലും പ്രപ്പോസൽ നടത്തിയത്. രണ്ടു കുടുംബങ്ങളുമായും ഒരു പോലെ ബന്ധമുണ്ടായിരുന്ന വി. രാജഗോപാൽ, ജയപ്രകാശ് കുളൂർ, അജിത എന്നിവർ രാജേട്ടന്റെ ഭാഗഭാക്കായി. എന്നാൽ, ദാമോദരൻ മാഷിന്റെ കുടുംബവുമായി നേരത്തെത്തന്നെ കുടുംബബന്ധമുണ്ടായിരുന്നു. മാഷിന്റെ ജ്യേഷ്ഠൻ വിവാഹം കഴിച്ചത് ഞങ്ങളുടെ കുടുംബത്തിൽനിന്നാണ്. മാഷിന്റെ കുടുംബത്തിൽനിന്നാണ് എന്റെ മാമൻ വിവാഹം കഴിച്ചത്. തിരക്കഥാകൃത്തായ ദാമോദരൻ മാഷ് അല്ലായിരുന്നു കോഴിക്കോടിന് അദ്ദേഹം. ആകാശവാണിയിലെ ഫുട്‌മ്പോൾ കമന്റേറ്ററായിരുന്നു. ആ കമന്ററി പറച്ചിൽ ഫുട്‌ബോൾ മാത്രമല്ല, ചരിത്രവും നാടകവും സിനിമയും എല്ലാം ഇടകലകർത്തിയുള്ള ഒരു ഓർമ്മ പറച്ചിലായിരുന്നു. ഫുട്‌ബോൾ കമന്ററി പറയാം എന്ന ആ ആകാശവാണി സ്റ്റൈൽ ആണ് ദാമോദരൻ മാഷ് സൃഷ്ടിച്ച അദ്വിതീയമായ ആഖ്യാനശൈലി. കാണലിനപ്പുറത്ത് കേൾക്കലും ഒരു കലയാക്കി മാറ്റിയ ആ ശൈലിയാണ് പിന്നീട് അദ്ദേഹം സിനിമയിലേക്ക് പറിച്ചുനട്ടത്.

മലയാളത്തിലെ ഏറ്റവും മനോഹരമായ ഗദ്യശൈലി ചിന്ത രവീന്ദ്രന്റെ യാത്രാവിവരണങ്ങളാണ്. പ്രത്യേകിച്ചും ‘അകലങ്ങളിലെ മനുഷ്യർ’. ഇറ്റലിയിൽ അന്റോണിയോ ഗ്രാംഷിയുടെ വീട് വരെ എത്തി ആ യാത്രകൾ. നേരിട്ടുപറയലാണ് അതിന്റെ ഭംഗി. രവിയേട്ടൻ ആത്മകഥ എഴുതിയില്ല. ഇനി അദ്ദേഹം ബാക്കിവച്ച എഴുത്തുകളിൽനിന്നുവേണം എന്തൊക്കെ പറഞ്ഞുവച്ചിട്ടുണ്ട് എന്ന് വായിച്ചെടുക്കാൻ. ദാമോദരൻ മാഷും ആത്മകഥ എഴുതിയില്ല. ഓർമ്മകളുടെ ഒരു ഖനി ആയിരുന്നു ആ മനുഷ്യൻ, ഓർമ്മപ്പറച്ചിലായിരുന്നു കല. പറഞ്ഞ ഫുട്ബോൾ കമന്ററികളിൽ ഒരു മിനിറ്റിന്റെ ഒരു കഷണം റിക്കോര്‍ഡിങ്ങ് ഒഴിച്ച് ഒന്നുപോലും ബാക്കിയില്ല. ചരിത്രം അങ്ങനെയാണ്, അതിന് എല്ലാം ബാക്കിവയ്ക്കുന്ന പതിവില്ല.

പുഷ്പ തിയേറ്റര്‍
പുഷ്പ തിയേറ്റര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com