

ശാന്തസമുദ്രത്തിന്റെ ഭയാനകമായ വിദൂരതയില്‍ ചിതറിക്കിടക്കുന്ന ദ്വീപസമൂഹത്തെ വന്‍ പാരിസ്ഥിതിക ദുരന്തം വേട്ടയാടി. ആഗോളതലത്തില്‍ ശാസ്ത്രജ്ഞര്‍ കൈകോര്‍ത്തുനിന്ന് പരിഹാരം കണ്ടെത്തിയപ്പോള്‍ കാലാവസ്ഥ വ്യതിയാനം പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തി. ദ്വീപുകളിലെ പരീക്ഷണശാലകളില്‍ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ വ്യാപൃതരാണ്. ഉപഗ്രഹങ്ങളും ഡ്രോണുകളും വഴിയാണ് നിരീക്ഷണം.
പരിണാമസിദ്ധാന്തത്തിന്റെ പിതാവായ ചാള്‍സ് ഡാര്‍വിന്റെ സന്ദര്‍ശനവും പിന്നീട് അദ്ദേഹത്തിന്റെ 'ജീവജാതികളുടെ ഉത്ഭവം' (Origin of Species) എന്ന വിഖ്യാത ശാസ്ത്രഗ്രന്ഥത്തേയും തുടര്‍ന്ന് ലോകചരിത്രത്തില്‍ സ്ഥാനം നേടിയ ഗാലപ്പ ഗോസ് ദ്വീപസമൂഹം പലപ്പോഴായി നേരിട്ട പാരിസ്ഥിതിക ദുരന്തം ശാസ്ത്രജ്ഞരെ അലട്ടി.
തെക്കേ അമേരിക്കയുടെ പടിഞ്ഞാറുഭാഗത്തുള്ള ഇക്വഡോര്‍ എന്ന ചെറുരാജ്യത്തിന്റെ ഭാഗമാണ് ദ്വീപസമൂഹം. സ്പാനിഷ് കോളനിയായിരുന്ന ഇക്വഡോര്‍ 1832-ലാണ് സ്വാതന്ത്ര്യം നേടിയത്. വന്‍കരയില്‍നിന്ന് 700 മൈല്‍ ദൂരെ ശാന്തസമുദ്രത്തിന്റെ നിഗൂഢമേഖലയിലുള്ള ദ്വീപസമൂഹത്തില്‍ 127-ഓളം ദീപുകള്‍. അതില്‍ വലിയ പത്തെണ്ണത്തില്‍ മാത്രം മനുഷ്യവാസം. ഭൂരിഭാഗവും മീന്‍പിടുത്തക്കാര്‍. 35000-ഓളം വരും. ദ്വീപുകള്‍ തമ്മിലുള്ള അകലം ശരാശരി 70 മൈല്‍. നിഗൂഢ ദ്വീപുകള്‍ എന്ന് വിശേഷിപ്പിക്കാം.
തിമിംഗല വേട്ടക്കാര്‍ക്കും കടല്‍കൊള്ളക്കാര്‍ക്കും സമുദ്രയാത്രികര്‍ക്കും ദ്വീപസമൂഹത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നു. അവരെല്ലാം ഈ ദ്വീപുകളില്‍ പലപ്പോഴായി താവളമടിച്ചു. യൂറോപ്പിന്റെ പലഭാഗങ്ങളില്‍നിന്നു വന്ന തിമിംഗല വേട്ടക്കാര്‍ വളര്‍ത്തുമൃഗങ്ങളായ ആടുകളെ കപ്പലില്‍ കൊണ്ടുവന്ന് ദ്വീപിലെ പുല്‍മേടുകളിലേക്ക് തുറന്നുവിട്ടു. ആടുകളെ വേട്ടയാടി പിടിച്ചുതിന്നുന്ന വന്യമൃഗങ്ങള്‍ ഒന്നുംതന്നെ ദ്വീപുകളില്‍ ഇല്ലായിരുന്നതിനാല്‍ സുരക്ഷിതമായിരുന്നു ആടുകള്‍. നോക്കെത്താത്ത പുല്‍മേടുകളില്‍ മേഞ്ഞുനടന്ന ആളുകള്‍ പെറ്റുപെരുകി ആയിരത്തില്‍നിന്നും പതിനായിരത്തിലേക്കും പിന്നീട് ലക്ഷത്തിലേക്കുമായി ഉയര്‍ന്നു. 'ആടുജീവിതം' ക്രമേണ ദ്വീപുകളെ കീഴ്പെടുത്തി.
രണ്ടോ മൂന്നോ മാസം കഴിഞ്ഞ് തിമിംഗല വേട്ടക്കാര്‍ വീണ്ടും വരുമ്പോള്‍, ആടുകളെ കൊന്ന് കറിവെച്ചും പൊരിച്ചും തിന്ന് ജീവിതം ആസ്വദിച്ചു. പാറക്കൂട്ടങ്ങളില്‍ അടുപ്പുകള്‍ കൂട്ടി കാട്ടില്‍നിന്ന് ചുള്ളിക്കമ്പുകള്‍ ശേഖരിച്ച് വിറകായി കത്തിച്ചു. ഒരു പോര്‍ച്ചുഗീസ് തിമിംഗല വേട്ടക്കാരന്റെ ചെറിയ കുറിപ്പുകള്‍ അമേരിക്കയിലെ സ്മിത് സോണിയന്‍ ചരിത്രമ്യൂസിയത്തിലുണ്ട്. തിമിംഗല വേട്ടക്കാരുടെ 'ആടുജീവിതം' അറിഞ്ഞപ്പോള്‍ സ്പെയിനിലെ കടല്‍കൊള്ളക്കാരും ആടുകളെ തേടിപ്പോയി. പാറക്കൂട്ടങ്ങള്‍ കശാപ്പുശാലകളായി മാറി. പിന്നീട് അവരുടെ ആടുകളെ കപ്പലില്‍ കൊണ്ടുവന്നു. പല സംഘങ്ങളും പല ദ്വീപുകളിലുമായിരുന്നു.
ലണ്ടന്‍ മ്യൂസിയത്തിലുള്ള ആദ്യകാല രേഖകള്‍ പരിശോധിച്ചുകൊണ്ട് ഗാലപ്പഗോസ് കണ്‍സര്‍വേഷന്‍ ട്രസ്റ്റിന്റെ വക്താവും ശാസ്ത്രജ്ഞനുമായ ടോം ഒഹാര ഈ ലേഖകനോട് പറഞ്ഞു: '1685 മുതല്‍ ആടുകള്‍ ദ്വീപുകളില്‍ എത്തിയിരുന്നു'' വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കടല്‍ കൊള്ളക്കാരുടെ എണ്ണം കുറഞ്ഞു. എന്നാല്‍ തിമിംഗല വേട്ടക്കാര്‍ കൂടി വന്നു. പത്തോളം ദ്വീപുകളില്‍ ആടുകള്‍ പെറ്റുപെരുകി. ദ്വീപുകളില്‍ ജനവാസം കുറവായതിനാല്‍ 'ആടുജീവിതം' ആരെയും പ്രതികൂലമായി ബാധിച്ചില്ല. എന്നാല്‍, 1980-ഓടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്ന് ടോം ഒഹാര പറഞ്ഞു.
ആടുകള്‍ ലക്ഷങ്ങളായപ്പോള്‍ പുല്‍മേടുകളില്‍ സ്വതന്ത്രമായി മേഞ്ഞുനടന്നു. പുല്ലുകള്‍ ആടുകള്‍ തിന്നു തീര്‍ത്തു. പുല്‍മേടുകള്‍ അപ്രത്യക്ഷമായത് നാട്ടുകാരെ വേദനിപ്പിച്ചു. ക്രമേണ ദ്വീപുകള്‍ മരുഭൂമി പോലെയായി. പുല്‍മേടും മറ്റ് പച്ചപ്പുകളും ഉന്മൂലനം ചെയ്യപ്പെട്ട അവസ്ഥ നാട്ടുകാരാണ് ആദ്യമായി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത്. വേനല്‍കാലത്ത് വരണ്ട ഭൂമി ജ്വലിച്ചു. ആടുകളുടെ 'വിസ്ഫോടന'മായിരുന്നു നടന്നതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. മുക്കുവരായ ജനങ്ങള്‍ പ്രക്ഷോഭത്തിന് ഒരുങ്ങി. ഹൃദയഹാരിയായ പച്ചപ്പിന്റെ തിരോധാനം ജനങ്ങളെ വേദനിപ്പിച്ചു. ദ്വീപുകളില്‍ മറ്റ് ജീവികളുടെ ആവാസവ്യവസ്ഥയാണ് 'ആടുജീവിതം' കീഴ്മേല്‍ മറിച്ചത്. ലോകത്തില്‍ ഗാലപ്പഗോസില്‍ മാത്രമായി കാണുന്ന മറ്റ് ജീവികള്‍ക്കു പുല്‍മേടുകളും പച്ചപ്പും അത്യന്താപേക്ഷിതമായിരുന്നു. ഭീമാകൃതിയിലുള്ള ആമകള്‍ നോക്കെത്താത്ത പുല്‍മേടുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. വിവിധ ഇനം പക്ഷികള്‍ക്കും പല്ലിവര്‍ഗ്ഗത്തില്‍പെട്ട ജീവികള്‍ക്കും ഉരഗങ്ങള്‍ക്കും പുല്‍മേടുകള്‍ കൂടിയേ കഴിയൂ. പുല്‍മേടുകള്‍ മരുഭൂമിപോലെയായത് ഈ ജീവികള്‍ക്കു ഭീഷണിയായി. വന്‍വൃക്ഷങ്ങള്‍ ദ്വീപില്‍ ഇല്ല. ചെറിയ ഇനത്തില്‍പെട്ട ചെടികളും വൃക്ഷങ്ങളും മാത്രമാണുള്ളത്. പുല്ല് ഇല്ലാതെ വന്നപ്പോള്‍ ഇവയേയും ആടുകള്‍ ഭക്ഷിക്കാന്‍ തുടങ്ങി. എത്താത്ത കൊമ്പുകളില്‍ ആടുകള്‍ ചാടിപ്പിടിച്ച് തിന്നുതീര്‍ത്തു. പുല്‍മേടുകള്‍ നശിച്ചതോടെ അവയില്‍ കണ്ടിരുന്ന ചിത്രശലഭങ്ങളും ചെറുപ്രാണികളും ഷഡ്പദങ്ങളും ഇല്ലാതായി. പക്ഷികളുടെ ഇരതേടലും അതോടെ മുടങ്ങി. ദ്വീപുകളിലുള്ള പക്ഷികള്‍ കൂടുതലും നിലത്ത് കൂടുകൂട്ടി മുട്ട വിരിയിക്കുന്നവയാണ്. ക്രമേണ പക്ഷികള്‍ കൂടു കൂട്ടാതെയായി. കുറ്റിക്കാടുകളും ആടുകള്‍ ആക്രമിച്ച് ആഹാരമാക്കി മാറ്റി. നാട്ടുകാര്‍ നോക്കുമ്പോള്‍ കണ്ട രംഗം ഇങ്ങനെയാണ്: ''വെട്ടിവെളുപ്പിച്ച, നോക്കെത്താത്ത ഭൂമി. മലമടക്കുകളിലെ തളിരുകളും ആട് തിന്നുതീര്‍ത്തു. പക്ഷികളുടെ ശബ്ദവും കേള്‍ക്കാതായി. ആട് ജീവിതം സൃഷ്ടിച്ച പാരിസ്ഥിതിക ദുരന്തം നേരിടാന്‍ അതോടെ പ്രകൃതിശാസ്ത്രജ്ഞര്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. ആഗോളതലത്തില്‍തന്നെ ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മ 1990 മുതല്‍ പിറന്നു. കാഴ്ചയില്‍ ഭീമാകാരമായ ഓന്തിനെപ്പോലുള്ള ജീവികളാണ് ഇഗ്വാനകള്‍ (Iquana). കടലിലും കരയിലുമായി ജീവിക്കുന്നു. തിരുമാലകളുമായി മല്ലിട്ട് വേഗത്തില്‍ നീന്തും. കരയിലെത്തിയാല്‍ പാറക്കൂട്ടങ്ങളിലും പുല്‍മേടുകളിലെ ചില ഇഴജന്തുക്കളേയും ഇവ ഭക്ഷിക്കും. പുല്‍മേടുകള്‍ അപ്രത്യക്ഷമായതോടെ ഇഗ്വാനകളേയും കാണാതായി. അവ കരയിലേക്ക് വരാതായി. ഇഗ്വാനകള്‍ ആയിരക്കണക്കിനു കൂട്ടമായി നീന്തും.
ചാള്‍സ് ഡാര്‍വിന്റെ വരവ്
1835 സെപ്റ്റംബര്‍ 15-ന് ചാള്‍സ് ഡാര്‍വിന്‍ ദ്വീപിലെത്തി. അന്ന് അദ്ദേഹത്തിന് വയസ്സ് 26. 1831-ല്‍ 22-ാം വയസ്സിലാണ് ലണ്ടനില്‍നിന്ന് എച്ച്.എം.എസ് ബീഗിള്‍ എന്ന സര്‍വേ കപ്പലില്‍ ഡാര്‍വിന്‍ കപ്പലില്‍ കയറിയത്. ദക്ഷിണ അമേരിക്കയില്‍ സര്‍വേ നടത്താനാണ് കപ്പലിനെ ബ്രിട്ടീഷ് രാജാവ് ചുമതലപ്പെടുത്തിയത്. ശാസ്ത്രത്തില്‍ ബിരുദമെടുത്ത യുവാവായ ഡാര്‍വിനെ തെക്കേ അമേരിക്കന്‍ പ്രകൃതിയെ നിരീക്ഷിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്യാനാണ് ചുമതലയേല്പിച്ചത്. ഡാര്‍വിന്റെ ആത്മസുഹൃത്തും സമര്‍ത്ഥനായ സമുദ്രസഞ്ചാരിയുമായ പ്രിറ്റ്‌സ്‌റോയ് ആയിരുന്നു കപ്പലിന്റെ ക്യാപ്റ്റന്‍. ദ്വീപില്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്റെ പ്രായം 30. പ്രകൃതി സൗന്ദര്യത്തില്‍ ലയിച്ച ഇരുവരും ഭൂഗര്‍ഭശാസ്ത്രത്തിലും അതീവ താല്പര്യമെടുത്തു. ഗാലപ്പഗോസിലെ ചാത്തം ദ്വീപിലാണ് കപ്പല്‍ ആദ്യം എത്തിയത്. അതിനു മുന്‍പ് നാല് വര്‍ഷത്തിനുള്ളില്‍ വെനിസ്വേല, ബ്രസീല്‍, ഗയാന, അര്‍ജന്റീന, പെറു, ചിലി തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിച്ച് അവിടങ്ങളിലെ വിദൂരസ്ഥലങ്ങളിലും മറ്റും കാല്‍നടയായി യാത്ര ചെയ്ത് പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു. വഴികാട്ടികളായി നാട്ടുകാരായ ഗോത്രവര്‍ഗ്ഗക്കാര്‍ ഉണ്ടായിരുന്നു. തെക്കേ അമേരിക്കയില്‍ ബ്രസീല്‍ ഒഴിച്ചുള്ള മിക്ക രാജ്യങ്ങളും സ്പാനിഷ് കോളനികള്‍ ആയിരുന്നു. ആയതിനാല്‍ അല്പം സ്പാനിഷ് ഡാര്‍വിന്‍ പഠിച്ചു. ഭാഷ അറിയാവുന്ന കപ്പല്‍ ജോലിക്കാരും കൂടെ ഉണ്ടായിരുന്നു. ലണ്ടനില്‍നിന്ന് യാത്ര തിരിക്കുന്നതിനു മുന്‍പ് മൂന്ന് മാസത്തോളം ഡാര്‍വിന്‍ ഗൃഹപാഠങ്ങള്‍ നടത്തിയിരുന്നു. ലണ്ടന്‍ മ്യൂസിയം സന്ദര്‍ശിച്ച് തെക്കേ അമേരിക്കന്‍ സംസ്‌കാരത്തെക്കുറിച്ചും സ്പാനിഷ് അധിനിവേശത്തെക്കുറിച്ചും വായിച്ചു പഠിച്ചു. 1799-നും 1804-നും മദ്ധ്യേ തെക്കേ അമേരിക്കയിലെങ്ങും തലങ്ങും വിലങ്ങും കാല്‍നടയാത്ര നടത്തിയ പ്രശസ്തനായ ജര്‍മന്‍ ശാസ്ത്രജ്ഞനായിരുന്നു അലക്സാണ്ടര്‍ ഫൊണ്‍ ഹംബോള്‍ട്ട്. അദ്ദേഹം ജര്‍മനിയിലെ സമ്പന്നമായ കുടുംബത്തില്‍ ജനിച്ച വ്യക്തിയായിരുന്നതിനാല്‍ യാത്രയ്ക്കുള്ള സഹായങ്ങള്‍ സ്പാനിഷ് രാജാവ് ഏര്‍പ്പെടുത്തിയിരുന്നു. ഹംബോള്‍ട്ട് എഴുതിയ നിരവധി കുറിപ്പുകളും പുസ്തകങ്ങളും വായിച്ച ശേഷമാണ് ഡാര്‍വിന്‍ കപ്പലില്‍ കയറിയത്. കപ്പലില്‍ താന്‍ കിടന്ന മുറിയിലെ കട്ടിലിനു സമീപമായി ഹംബോള്‍ട്ടിന്റെ പുസ്തകങ്ങള്‍ ഭദ്രമായി വെച്ചിരുന്നു. യാത്രയ്ക്കിടയില്‍ അവ വീണ്ടും വീണ്ടും വായിച്ച് ഡാര്‍വിന്‍ ഹംബോള്‍ട്ടിന്റെ വ്യക്തിത്വത്തിന്റെ മാസ്മരവലയത്തിലായി. തെക്കേ അമേരിക്കന്‍ പ്രകൃതിചരിത്രം അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചു.
ഡാര്‍വിന്‍ രചിച്ച 'ബീഗിളിന്റെ യാത്ര' എന്ന പുസ്തകത്തില്‍ തെക്കേ അമേരിക്കന്‍ യാത്രയെക്കുറിച്ച് പറയുന്നുണ്ട്:
ദ്വീപില്‍ കാലുകള്‍ കുത്തിയപ്പോള്‍ തന്നെ സാക്ഷ്യം വഹിച്ച അവിശ്വസനീയമായ ജൈവവൈവിധ്യം ഡാര്‍വിനെ വിസ്മയിപ്പിച്ചു. ''പരിണാമസിദ്ധാന്തത്തെക്കുറിച്ച് എനിക്ക് ഉള്‍ക്കാഴ്ച ലഭിച്ചത് ഈ ദ്വീപില്‍നിന്നാണ്'' - ഡാര്‍വിന്‍ അങ്ങനെയാണ് സാക്ഷ്യപ്പെടുത്തുന്നത്. മാത്രമല്ല, ആ ഉള്‍ക്കാഴ്ചയിലേക്ക് അദ്ദേഹത്തെ നയിച്ചതും ഹംബോള്‍ട്ടിന്റെ വിസ്മയകരമായ കുറിപ്പുകള്‍ കൂടിയായിരുന്നു.
ദ്വീപില്‍ എത്തിയപ്പോള്‍ ഗന്ധകത്തിന്റെ മണം അദ്ദേഹത്തിനു കിട്ടി. അഗ്‌നിപര്‍വ്വതങ്ങളുടെ ദ്വീപസമൂഹമാണിത്. ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്‌നിപര്‍വ്വതങ്ങള്‍ ഉണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, 30 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ അഗ്‌നിപര്‍വ്വത സ്ഫോടനത്തിലൂടെയാണ് ദ്വീപസമൂഹം സൃഷ്ടിക്കപ്പെട്ടത്. അതിനുള്ള സൂചനകള്‍ ലണ്ടന്‍ മ്യൂസിയത്തിന്റെ ശേഖരത്തില്‍നിന്ന് ഡാര്‍വിനു ലഭിച്ചിരുന്നു. 20-ാം നൂറ്റാണ്ടിലെ ഭൂഗര്‍ഭശാസ്ത്രജ്ഞന്മാരും ഈ വഴിക്കു ചിന്തിച്ചു. എന്നാല്‍, അഗ്‌നിപര്‍വ്വതങ്ങളോടൊപ്പം നൂറ് കണക്കിനു ഗര്‍ത്തങ്ങളും ദ്വീപിലുണ്ട്. ഏതാണ്ട് 2000-ത്തോളം അഗാധഗര്‍ത്തങ്ങള്‍ ഉള്ളതായി അദ്ദേഹം ആശ്ചര്യത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് പൊട്ടിത്തെറിച്ച അഗ്‌നിപര്‍വ്വതങ്ങളില്‍നിന്ന് ഒഴുകിയ ലാവ ഘനീഭവിച്ച് കടല്‍ത്തീരത്തും പാറക്കൂട്ടങ്ങളിലുമായി കാണാം. വിചിത്രമായ ശില്പങ്ങള്‍പോലെയാണ് അവ. ഭീമന്‍ ആമകളെ ഡാര്‍വിന്‍ ശ്രദ്ധിച്ചു. അവയോടൊപ്പം മണിക്കൂറുകള്‍ ചെലവിട്ടു. കൂടാതെ പല്ലിവര്‍ഗ്ഗത്തില്‍പെട്ട നിരവധി ഇനം ജീവികള്‍ പാറക്കൂട്ടങ്ങളില്‍ വിശ്രമിക്കുന്ന കാഴ്ച കൗതുകത്തോടെ നോക്കിനിന്നു. കടലിലും തീരത്തും ഇഗ്വാനകളുടെ വലിയ കൂട്ടങ്ങള്‍.
''എന്റെ തൊട്ടടുത്തുകൂടി എത്രയോ പക്ഷികള്‍ നടന്നുപോയി. മനുഷ്യനെ കണ്ടിട്ട് അവയ്ക്ക് ഭയമില്ല. ചില കുട്ടികള്‍ പക്ഷികളെ പിടിച്ച് ചാക്കില്‍ കെട്ടി കൊണ്ടുപോകുന്നു. രാത്രി ഭക്ഷണത്തിന് പക്ഷി ഇറച്ചി രുചിക്കൂട്ടുകളാകുമെന്ന് കുട്ടികള്‍ പറഞ്ഞു. മാത്രമല്ല, ഭീമന്‍ ആമകളേയും നാട്ടുകാര്‍ തല്ലിക്കൊന്ന് ഭക്ഷിക്കുന്നു. ആമ ഇറച്ചി ഡാര്‍വിനും രുചിച്ചു.
എന്നാല്‍, ദ്വീപില്‍ ആടുകളെ ഡാര്‍വിന്‍ കണ്ടിരുന്നോ? ആടുകളെക്കുറിച്ച് ചെറിയൊരു പരാമര്‍ശം മാത്രമേ 'ബീഗിളിന്റെ യാത്ര' എന്ന പുസ്തകത്തില്‍ ഡാര്‍വിന്‍ നല്‍കുന്നുള്ളു. കാട്ടുപന്നികളോടൊപ്പം ആടിനെ കണ്ടു എന്നുമാത്രം. അതിനാല്‍ ഡാര്‍വിന്റെ സന്ദര്‍ശന സമയത്ത് വളരെ കുറച്ച് ആടുകള്‍ മാത്രമേ ദ്വീപില്‍ ഉണ്ടായിരുന്നുള്ളു എന്നുവേണം കരുതാന്‍. ഒന്നര നൂറ്റാണ്ടിനു ശേഷം 1980 മുതല്‍ക്കാണ് പെരുകിയ ആടുകള്‍ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കാന്‍ തുടങ്ങിയതെന്ന് ഗാലപ്പഗോസ് കണ്‍സര്‍വേഷന്‍ ട്രസ്റ്റ് വ്യക്തമാക്കുന്നു.
ദ്വീപില്‍ അഞ്ചാഴ്ച ഡാര്‍വിന്‍ ചെലവഴിച്ചു. അദ്ദേഹവും ക്യാപ്റ്റന്‍ റോയിയും ചേര്‍ന്ന് തീരത്തെ വെള്ളാരങ്കല്ലുകള്‍ മത്സരിച്ച് പെറുക്കി. കരയിലേക്ക് കൂടുതല്‍ നടന്നപ്പോള്‍ പല്ലിവര്‍ഗ്ഗത്തില്‍പെട്ട ജീവികള്‍ക്കു നിറം മാറ്റം. കറുത്തവയും ഇഗ്വാനകള്‍ക്ക് കുങ്കുമനിറവും ഉണ്ടായിരുന്നു. കാലിനു നീലയും കുങ്കുമനിറവുമുള്ള ബൂബിപക്ഷികളും കഴുത്തില്‍ ചുവന്ന സഞ്ചിയുള്ള ഫ്രിഗേറ്റ് പക്ഷികളേയും കാണാന്‍ കഴിഞ്ഞു. ദ്വീപില്‍ മാത്രമുള്ള ചെറിയ ഇനം പെന്‍ഗ്വിനുകളുമുണ്ട്. ഇന്ന് അവയുടെ എണ്ണം കുറഞ്ഞിരിക്കുന്നു. പുല്‍മേടുകള്‍ നശിച്ചപ്പോള്‍ വംശനാശം നേരിട്ട ഭീമന്‍ ആമകളേയും രക്ഷിക്കാനുള്ള പദ്ധതി ഗവണ്‍മെന്റ് തയ്യാറാക്കി. പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് തുടക്കമിട്ട് ഫലപ്രദമായി നടപ്പിലാക്കിയപ്പോള്‍ പുല്‍മേടുകളും പുനര്‍ജനിച്ചു. ദ്വീപസമൂഹം ഏറ്റവും സംരക്ഷിത സങ്കേതമായി ഗവണ്‍മെന്റ് മുന്‍പുതന്നെ പ്രഖ്യാപിച്ചതാണ് പാരിസ്ഥിതിക സംരക്ഷണത്തിനു വിജയം കുറിച്ചത്. ഈയിടെ ദ്വീപസമൂഹം സന്ദര്‍ശിച്ച 'വൈല്‍ഡര്‍' എന്ന ഗ്രന്ഥമെഴുതിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ മില്ലികേര്‍ സംരക്ഷണ രീതികളെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ചാത്തം ദ്വീപില്‍ 300 ഓളം പേരെ ഡാര്‍വിന്‍ കണ്ടു. ശിക്ഷിക്കപ്പെട്ട കുറ്റവാളികളായിരുന്നു. അവരെ ഗവണ്‍മെന്റ് നാടുകടത്തിയതാണ്.
ആടുകളുടെ കൂട്ടക്കൊല
1990-കളുടെ തുടക്കത്തില്‍ ജനവാസമുള്ള പത്തോളം ദ്വീപുകളില്‍ ആടുകളുടെ വിസ്ഫോടനം നടന്നപ്പോള്‍ ജനങ്ങള്‍ സഹികെട്ടു. അതോടെ അന്തരീക്ഷ മലിനീകരണത്തിനും തുടക്കമായി. ഗവണ്‍മെന്റ് ചാള്‍സ് ഡാര്‍വിന്‍ ഫൗണ്ടേഷനും ഗാലപ്പഗോസ് കണ്‍സര്‍വേഷന്‍ ട്രസ്റ്റും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടും കൈകോര്‍ത്തുനിന്നുകൊണ്ട് പാരിസ്ഥിതിക ദുരന്തത്തിനു പരിഹാരം കണ്ടെത്താന്‍ തുടങ്ങി. 1995-ല്‍ ആദ്യമായി ബ്രിട്ടണില്‍ ഇതിനായി ഒരു ഉച്ചകോടി ചേര്‍ന്നു. ഇസബെല്ലാ ദ്വീപില്‍ ആദ്യമായി ആടുകളെ കൊന്നൊടുക്കാന്‍ പദ്ധതി തയ്യാറാക്കി. അതിന് പ്രോജക്ട് ഇസബെല്ലാ എന്ന പേരിട്ടു.
ആടുകളെ എങ്ങനെ കൊല്ലും? അതിനായി പ്രത്യേക കര്‍മ്മസേനയെ രൂപീകരിച്ചു. പൊലീസില്‍നിന്നും പട്ടാളത്തില്‍നിന്നും കോണ്‍സ്റ്റബിള്‍മാരേയും മറ്റും തെരഞ്ഞെടുത്തു. അവര്‍ക്ക് തോക്കുകള്‍ നല്‍കി. പല ഗ്രൂപ്പുകളിലായി അവര്‍ ദ്വീപിലേക്കിറങ്ങി. മലനിരകള്‍ക്ക് ചിലയിടങ്ങളില്‍ 4000 അടിയാണ് ഉയരം. കര്‍മ്മസേന മലകയറി ആടുകളെ വളഞ്ഞ് വെടിവെച്ച് വീഴ്ത്തണം.
ഹെലികോപ്റ്ററുകളും സജ്ജമാക്കി. അതിലും തോക്കുധാരികളായ കര്‍മ്മസേനാംഗങ്ങള്‍ ഉണ്ടായിരുന്നു. ആടുകള്‍ പുല്‍മേടുകളില്‍ എത്തിയത് യൂറോപ്പില്‍ പലയിടങ്ങളിലുമായി പാഞ്ഞെത്തിയ വെട്ടുകിളി കൂട്ടങ്ങളെപ്പോലെയായിരുന്നു. ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് ആടുകള്‍ നീങ്ങിയപ്പോള്‍ ഹെലികോപ്റ്ററില്‍ അവയെ പിന്തുടര്‍ന്നു. 1997 മുതല്‍ ഇസബെല്ലാ ദ്വീപില്‍ ആടുകളെ കൂട്ടത്തോടെ കൊല്ലാന്‍ തുടങ്ങി. ഇതിനിടയില്‍ ആടുകളെ പിടിച്ചുകൊന്ന് ഭക്ഷിക്കാന്‍ നാട്ടുകാരും തയ്യാറെടുത്തു.
കര്‍മ്മസേന ആടുകളെ കൊന്നപ്പോള്‍ മലനിരകളിലും താഴ്വാരങ്ങളിലുമായി ആയിരക്കണക്കിന് ആടുകളുടെ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടി. അവ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കളയാന്‍ തീരുമാനമായി. ജനവാസമുള്ള മറ്റ് ദ്വീപുകളിലെ പാറക്കൂട്ടങ്ങളിലേക്ക് അവയെ ബോട്ടുകളിലും ചെറിയ കപ്പലുകളിലുമായി കൊണ്ടുപോയി. അപ്പോള്‍ പുതിയൊരു പ്രശ്‌നം ഉയര്‍ന്നു. സമുദ്രമലിനീകരണം എങ്ങനെ തടയും? അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളും കണ്ടെത്തി. കൊലയും മൃതദേഹം കത്തിക്കലും അങ്ങനെ ഘട്ടംഘട്ടമായിട്ടാണ് ഇസബെല്ലാ ദ്വീപില്‍ പൂര്‍ത്തിയാക്കിയത്. ഒരു ലക്ഷത്തോളം ആടുകളെ അങ്ങനെ ഇസബെല്ലാ ദ്വീപില്‍നിന്ന് ഉന്മൂലനം ചെയ്തുകൊണ്ട് 2006-ല്‍ മാത്രമാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
ആടുകള്‍ ഉണ്ടായിരുന്ന പിന്റ, സാന്റിയാഗോ തുടങ്ങിയ പത്തോളം ദ്വീപുകളിലും ഇടവിട്ട് പദ്ധതി നടപ്പിലാക്കി. കാല്‍നടയായി കര്‍മ്മസേന മലകയറിയും മറ്റൊരു ഗ്രൂപ്പ് ഹെലികോപ്റ്ററിലുമായിട്ടാണ് കൂട്ടക്കൊല പൂര്‍ത്തിയാക്കിയത്. 2003-ല്‍ പിന്റ ദ്വീപ് ആട് മുക്തമാക്കി. 2008 ഓടെ ദ്വീപുകളില്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടൊപ്പം തന്നെ ദ്വീപുകളില്‍ വിദേശത്തുനിന്ന് എത്തി എലികളേയും പന്നികളേയും അല്‍സഡ ദ്വീപില്‍നിന്ന് കഴുതകളേയും ഉന്മൂലനം ചെയ്തു. നാമമാത്രമായ ആടുകള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളു. ഇതിനിടയില്‍ വന്ധ്യംകരിക്കപ്പെട്ട പെണ്‍ആടുകളെ 'യൂദാസ് ആടുകള്‍' എന്ന് പേരിട്ട് ദ്വീപുകളിലെ പലയിടങ്ങളിലും എത്തിച്ചിരുന്നു. പെണ്‍ആടുകള്‍, ആണുങ്ങളെ വശീകരിച്ച് തങ്ങളോടൊപ്പം ചേര്‍ത്തപ്പോള്‍ തോക്കുധാരികളായ സേനാംഗങ്ങള്‍ ആണുങ്ങളെ വെടിവെച്ചുകൊന്നു. പെണ്ണിനെ തിരിച്ചറിയാന്‍ കഴുത്തില്‍ കോളര്‍ അടയാളമുണ്ടായിരുന്നു. ആടുകള്‍ പൂര്‍ണമായും ഉന്മൂലനം ചെയ്യപ്പെട്ടപ്പോള്‍ പെണ്‍ആടുകളെ മാത്രം ഒഴിവാക്കി. അവ ഇപ്പോഴും ദ്വീപിലുണ്ട്.
നാട്ടുകാരുടേയും സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ആടുകള്‍ അപ്രത്യക്ഷമായപ്പോള്‍ പ്രകൃതിയും ഹരിതാഭമായി. പുല്‍മേടുകള്‍ പുനര്‍ജനിച്ചു. കുറ്റിച്ചെടികളും മരത്തോപ്പുകളും മെല്ലെ തലപൊക്കി. നാട്ടുകാര്‍ അവയെ ലാളിച്ചുവളര്‍ത്തി. അവര്‍ക്ക് പ്രകൃതി സംരക്ഷണത്തിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാപ്രവര്‍ത്തകരും മുന്നോട്ടുവന്നു. ഇക്വഡോറിന്റെ തലസ്ഥാനം ക്വിറ്റോ ആണ്. അവിടെ നിന്ന് വിദൂരതയില്‍ കിടക്കുന്ന ഗാലപ്പാഗോസ് ദ്വീപുകളില്‍ ഇക്വഡോര്‍ നിവാസികള്‍ തന്നെ അപൂര്‍വമായിട്ടു മാത്രമേ എത്താറുള്ളൂ. ദ്വീപുകള്‍ അവര്‍ക്ക് അജ്ഞാതമേഖലയാണ്. എന്നാല്‍, പരിസ്ഥിതിസംരക്ഷണ ബോധവല്‍കരണത്തിനായി ക്രമേണ നാട്ടുകാരെ ഗവണ്‍മെന്റ് ദ്വീപിലെത്തിച്ചു. ഇന്ന് ഗാലപ്പഗോസ് ലോക ടൂറിസം ഭൂപടത്തില്‍ പ്രമുഖസ്ഥാനം പിടിച്ചുകഴിഞ്ഞു. തിരക്കേറിയ ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമായി അമേരിക്കയും യൂറോപ്പും കരുതുന്നു. വര്‍ഷംതോറും ടൂറിസ്റ്റുകളുടെ എണ്ണവും കൂടിയെങ്കിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ടൂറിസത്തിന് കര്‍ശന നിയന്ത്രണം ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് പ്രവേശന ഫീസ് 6000 രൂപയാണ്. ദ്വീപില്‍ താമസിക്കണമെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. അമേരിക്കന്‍ ടൂറിസ്റ്റുകളാണ് മുന്‍പന്തിയില്‍. ലണ്ടന്‍ കേന്ദ്രമാക്കി ഗാലപ്പഗോസ് കണ്‍സര്‍വേഷന്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നു. ഭീമന്‍ ആമകളെ സംരക്ഷിക്കുന്നതിനായി പ്രത്യേക പദ്ധതിയും നടപ്പിലാക്കിക്കഴിഞ്ഞു. 1995 മുതല്‍ നിരവധി അന്തര്‍ദ്ദേശീയ വര്‍ക്ക്‌ഷോപ്പുകള്‍ ഇക്വഡോറിലും ലണ്ടനിലും നടന്നു. പലപ്പോഴും യോഗത്തില്‍ സംബന്ധിക്കുന്ന പ്രതിനിധികള്‍ ചോദിക്കാറുണ്ട്. ''എത്ര ആടുകളെ ദ്വീപുകളില്‍നിന്ന് ഉന്മൂലനം ചെയ്തു?'' ''ഘട്ടംഘട്ടമായി മൂന്ന് ലക്ഷം ആടുകളെ ദ്വീപുകളില്‍ നിന്നായി ഉന്മൂലനം ചെയ്തു.'' ഇന്ന് പ്രധാന ദ്വീപുകളില്‍ പുല്‍മേടുകള്‍ തിരിച്ചുവന്നപ്പോള്‍ മരതകപ്പട്ടിന്റെ സൗന്ദര്യം വീണ്ടെടുത്തുവെന്ന് ടൂറിസം വകുപ്പ് പ്രാമുഖ്യത്തോടെ പറയുന്നു. ഗാലപ്പഗോസ് സംരക്ഷണത്തിനായി 10 കോടി ഡോളറാണ് ലോകബാങ്കില്‍നിന്നും ഗവണ്‍മെന്റിന് വായ്പ ലഭിച്ചിട്ടുള്ളത്.
ഭീമന്‍ ആമകള്‍ക്ക് ഗുരുതരമായ പ്രത്യാ ഘാതം നേരിട്ടത് പെരി ഇസ്മസ് ദ്വീപിലായിരുന്നു. ഇവിടെയുള്ള കുറ്റിക്കാടുകളും ചെറുവനങ്ങളും ആടുകള്‍ പൂര്‍ണമായും നശിപ്പിച്ചിരുന്നു. പക്ഷികളും അപൂര്‍വ്വ പ്രാണികളും വിവിധ ഇനം ചെടികളും അതോടെ പ്രത്യാഘാതങ്ങള്‍ നേരിട്ടു. ഈ മേഖലയെ വിദേശ ശാസ്ത്രജ്ഞര്‍ പ്രത്യേകം നേരിട്ടു. കാരണം ആമകളുടെ പ്രത്യേക ഇനമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഈ ദ്വീപിലേതുപോലുള്ള ആവാസവ്യവസ്ഥയാണ് ഹവായ്, ന്യൂസിലാന്റ്, കാലിഫോര്‍ണിയയിലെ സാന്‍ക്ലമന്റ ദ്വീപിലും ഉണ്ടായിരുന്നത്. ഇവിടങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തില്‍ വൈദഗ്ദ്ധ്യം നേടി. ശാസ്ത്രജ്ഞര്‍ പെരി ഇസ്മസ് ദ്വീപിലെത്തി പഠന-നിരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് ആമസംരക്ഷണപദ്ധതി നടപ്പിലാക്കിയത്. അത് ഇപ്പോള്‍ വിജയിച്ചതില്‍ വനംവകുപ്പ് ആശ്വസിക്കുന്നു. ഈ ദ്വീപില്‍ ശാസ്ത്രജ്ഞരായ സന്ദര്‍ശകര്‍ കൂടുതലായി എത്തുന്നു. പക്ഷേ, നിയന്ത്രണങ്ങള്‍ക്കു വിധേയമാണ് സന്ദര്‍ശനം. വിദഗ്ദ്ധസമിതി ഈ ദ്വീപ് പലപ്പോഴായി നിരീക്ഷിക്കുന്നു. ശുപാര്‍ശകള്‍ അതേപടി ഗവണ്‍മെന്റ് നടപ്പിലാക്കി വരുന്നു. ഭീമന്‍ ആമകള്‍ എത്ര കാലമായി ഈ ദ്വീപുകളില്‍ ഉണ്ട്? നിഗൂഢതകളുടെ നിഗൂഢതയാണ് ദ്വീപുകള്‍ എന്ന് ചാള്‍സ് ഡാര്‍വിന്‍ വിശേഷിപ്പിക്കുന്നു. ശാസ്ത്രജ്ഞര്‍ മറുപടി പറയുന്നത് ഇങ്ങനെയാണ്: '30 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഭീമന്‍ ആമകള്‍ ദ്വീപിലുണ്ട്'' ഇപ്പോള്‍ 14 ജാതികളിലെ ആമകള്‍ ദ്വീപിലുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ കടല്‍കൊള്ളക്കാരും തിമിംഗലവേട്ടക്കാരും കരയിലിറങ്ങി ആമകളെ കൂട്ടക്കൊല നടത്തി ഇറച്ചി ഭക്ഷിച്ചിരുന്നു. അന്താരാഷ്ട്ര കണ്‍സര്‍വേഷന്റെ അഭിപ്രായത്തില്‍ ആമകള്‍ വംശനാശം നേരിടുന്നു.
കാലാവസ്ഥ വ്യതിയാനം, പുതിയ വെല്ലുവിളികള്‍
കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവുമാണ് ദ്വീപസമൂഹം നേരിടുന്ന പുതിയ വെല്ലുവിളികള്‍. അതോടൊപ്പം തന്നെ അനിയന്ത്രിതവും നിയമവിരുദ്ധമായ മത്സ്യബന്ധനവും ദ്വീപുകളെ പ്രതികൂലമായി ബാധിക്കുന്നു. നിരവധി വിദേശ ട്രോളറുകളും കപ്പലുകളും ദ്വീപില്‍ മത്സ്യബന്ധനത്തിന് എത്തുന്നു. അതുപോലെ ചൈനക്കാര്‍ എത്തി നിയമവിരുദ്ധമായ മത്സ്യബന്ധനവും നടത്തുന്നതായി ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പെട്ടു. ഇക്വഡോറിന്റെ കോസ്റ്റ്ഗാര്‍ഡ് സംവിധാനം ശക്തമല്ലാത്തതിനാല്‍ പരിശോധന ശക്തിപ്പെടുത്താന്‍ നടപടികള്‍ ഉണ്ട്.
ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തിരമാലകള്‍ തീരത്തേക്ക് അതിക്രമിച്ചു കയറുന്നു. തിരമാലകള്‍ക്ക് ശക്തികൂടിയതായും മുന്‍പിടുത്തക്കാര്‍ പരാതിപ്പെടുന്നു. അതുമൂലം കടല്‍ പലപ്പോഴും ക്ഷോഭിച്ച അവസ്ഥയിലാണ്. ചെറുബോട്ടുകളെ അത് കേടുവരുത്തുകയും ചെയ്തു. കടല്‍ പതിവിലധികം ക്ഷോഭിച്ചതിനാല്‍ ബോട്ടുകള്‍ക്ക് കടലില്‍ പോകാന്‍ കഴിയാതെ വന്നിട്ടുമുണ്ട്. അനിയന്ത്രിതമായ മത്സ്യബന്ധം കടല്‍പായലുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കടലില്‍ നീന്തുന്ന ഇഗ്വാനകളുടെ പ്രധാന ആഹാരം പായലുകളാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിനു നിയന്ത്രണം വേണമെന്നാണ് വിദഗ്ദ്ധ ശാസ്ത്രജ്ഞരുടെ അഭിപ്രായം.
ആടുകള്‍ സൃഷ്ടിച്ച പാരിസ്ഥിതിക ദുരന്തം ഏതാണ്ട് പൂര്‍ണമായും പരിഹരിച്ചുവെങ്കിലും ഇടയ്ക്കിടെ എലികളുടേയും കാട്ടുപൂച്ചകളുടേയും ശല്യം വര്‍ദ്ധിച്ചുവരുന്നതായി ടോം ഒഹാര പറഞ്ഞു. അതിനു പരിഹാരം തേടിവരുന്നു. എന്നാല്‍, മറ്റൊരു പ്രതിഭാസം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. രാക്ഷസ ഈച്ചകള്‍ (Vampire fly) ദ്വീപുകളില്‍ കാണാറുണ്ട്. ഇവ പരാന്നഭോജികളാണ്. നിലത്ത് കൂടുകൂട്ടുന്ന പക്ഷികള്‍ക്ക് ഈ ഈച്ച തികച്ചും അപകടകാരിയാണ്. കുഞ്ഞുങ്ങളെ ഇവ കൂട്ടത്തോടെ ആക്രമിക്കുന്നു. ഈച്ചകളുടെ ലാര്‍വോയും കൂടുകളെ പ്രതികൂലമായി ബാധിക്കുന്നു. ചില ചെടികളില്‍ കാണാറുള്ള പ്രാണികളെ പക്ഷികള്‍ ഭക്ഷിക്കുന്നു. എന്നാല്‍, ഈ ഈച്ചകള്‍ കൂട്ടമായി എത്തി പ്രാണികളെ തിന്നുതീര്‍ക്കുന്നു. മാത്രമല്ല, ഈച്ചകള്‍ ഇലകളില്‍ അല്പം വിഷാംശം വമിക്കുന്നതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അത് പക്ഷികളെ അപകടപ്പെടുത്തുന്നു. വലിയ കൂട്ടമായി ഈച്ചകള്‍ ദ്വീപുകളില്‍ പറന്നുനടക്കുന്നു. മറ്റൊരു ഭീഷണി മുഴക്കുന്നത് റാസ്പ്ബറി ചെടിയാണ്. അത് ദ്വീപുകളിലെങ്ങും പടര്‍ന്നുപിടിക്കുന്നു. പക്ഷികള്‍ നിലത്ത് കൂടുകൂട്ടുമ്പോള്‍, ഈ ചെടി പടര്‍ന്നുപിടിച്ച് പുല്ലുകളെ അമര്‍ച്ച ചെയ്യുന്നതിനാല്‍ കൂട് നിര്‍മ്മാണത്തിനു പക്ഷികള്‍ക്കു കഴിയാതെപോകുന്നു. നാലിനം പക്ഷികളെയാണ് ഇത് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ ജാഗ്രതയോടെ പഠന-നിരീക്ഷണത്തിലാണ്. മറ്റൊരു പ്രതികൂല സാഹചര്യം നാട്ടുകാര്‍ വിശദീകരിക്കുന്നു. കാലാവസ്ഥ വ്യതിയാനം അനുഭവപ്പെട്ടതോടെ കടല്‍കാറ്റിനു ശക്തി കൂടി. മുന്‍പ് സുഖകരമായ അനുഭവമായിരുന്നു കടല്‍കാറ്റ്. ഇന്ന് ഗതിമാറി ചിലപ്പോള്‍ ശീതകൊടുങ്കാറ്റുപോലെ അത് ഗര്‍ജ്ജിച്ച് ആഞ്ഞടിക്കുന്നു. അതിനാല്‍ ശൈത്യം കഠിനമായ മുന്‍പ് നല്ലൊരു രോമക്കുപ്പായംകൊണ്ട് ശൈത്യം തടുക്കുമായിരുന്നു. ഇന്ന് ശീതക്കൊടുങ്കാറ്റ് വീശുന്നതോടെ രോമക്കുപ്പായങ്ങള്‍ക്ക് കട്ടികൂട്ടേണ്ടിവരും. എന്നാല്‍, മീന്‍പിടുത്തക്കാരായ നാട്ടുകാരെ ഗവണ്‍മെന്റ് അടിയന്തരമായി സഹായിച്ചു. വേണ്ടത്ര രോമക്കുപ്പായങ്ങള്‍ നാട്ടുകാര്‍ക്ക് നല്‍കിക്കഴിഞ്ഞു. സമുദ്രമലിനീകരണമാണ് ദ്വീപുകളെ നേരിടുന്ന മറ്റൊരു ഭീഷണി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates