ഏതു മന്ത്രിസഭയ്ക്കും ആവശ്യമായ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് സത്യസന്ധത, രണ്ട് ചെയ്യുന്ന കാര്യത്തോടുള്ള ആത്മാര്‍ത്ഥത. ഇത് രണ്ടും അന്നുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാര്‍ ഇന്നും മാതൃകയാക്കുന്ന 1957-ല്‍ കേരളത്തിലെ ആദ്യ മന്ത്രിസഭയെക്കുറിച്ച് ഗൗരിയമ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ. പിന്നീടുള്ള കാലങ്ങളില്‍ ഈ രണ്ട് കാര്യങ്ങളിലൂന്നിയാണ് കെ.ആര്‍. ഗൗരിയുടെ പോരാട്ടവും ജീവിതവും. അടിസ്ഥാനസമൂഹത്തിന്റെ സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട് പോരാട്ടങ്ങളായിരുന്നു ആ രാഷ്ട്രീയത്തിന്റെ കാതല്‍. അതില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ഒരു പാര്‍ലമെന്ററി രാഷ്ട്രീയത്തിനും കഴിഞ്ഞില്ല. സ്വന്തം ബോധ്യങ്ങളിലൂന്നിയ ഇച്ഛാശക്തി അവരെ നയിച്ചു. ആ ഇച്ഛാശക്തിക്ക് തന്റെ കമ്യൂണിസ്റ്റ് ബോധ്യം കരുത്തുനല്‍കി. ജീവിതത്തിന്റെ തുടക്കം മുതല്‍ വെല്ലുവിളികള്‍. സ്ഥാപിത താല്‍പ്പര്യങ്ങളോട് സമൂഹത്തിലും പാര്‍ട്ടിയിലും അവര്‍ പൊരുതി. പാര്‍ട്ടിയുമായി കലഹിച്ച് പടിയിറങ്ങിയപ്പോള്‍ ആ പോരാട്ടവീര്യം കൂടി. ഇറക്കി വിടുമ്പോള്‍ പോകാനും തിരിച്ചുവിളിക്കുമ്പോള്‍ ചെല്ലാനും താന്‍ പട്ടിയല്ലെന്നാണ് പുറത്താക്കലിനു കൂട്ടുനിന്നവരുടെ പിന്നീടുള്ള അനുനയ നീക്കങ്ങളോട് ഗൗരിയമ്മ ഒരിക്കല്‍ പറഞ്ഞത്. തന്റേടവും ധാര്‍ഷ്ട്യവും ആണിനു മാത്രം അവകാശപ്പെട്ടതല്ലെന്നു തെളിയിച്ചു. തെറ്റുകള്‍ തെറ്റെന്നു പറഞ്ഞു. അവരുടെ ശരികള്‍ക്കൊപ്പം എന്നും നിലനിന്നു.
ഭൂപരിഷ്‌കരണമായിരുന്നു ആ സത്യസന്ധത ബോധ്യപ്പെട്ട ഒന്നാമത്തെ സന്ദര്‍ഭം. സംസ്ഥാനരൂപീകരണത്തിനുശേഷം ഗൗരിയമ്മയുടെ ആദ്യത്തെ ബില്ലായിരുന്നു അത്. കുടികിടപ്പുകാരേയും പാട്ടക്കരാറുകാരേയും ഭൂമിയില്‍നിന്ന് ഒഴിപ്പിക്കുന്നതിനെതിരേയുള്ള ബില്‍. അവര്‍ നടത്തിയ പരിഷ്‌കരണ നടപടികളുടെ ചരിത്രം അവിടെ തുടങ്ങുന്നു. അന്ന് റവന്യൂമന്ത്രിയായിരുന്ന ഗൗരിയമ്മയും നിയമമന്ത്രിയായിരുന്ന വി.ആര്‍. കൃഷ്ണയ്യരുമാണ് നിയമനിര്‍മ്മാണത്തിന് മുന്‍കയ്യെടുത്തത്. ആ ബില്‍ അവതരിപ്പിക്കുമ്പോള്‍ ഗൗരിയമ്മയ്ക്ക് പ്രായം 38.
ഭൂപരിഷ്‌കരണ നിയമത്തില്‍ അപാകതകളും പാളിച്ചകളുമുണ്ടായെന്ന് പിന്നീട് കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങള്‍ക്ക് അവരുടെ ജീവിതം ബോധ്യപ്പെടുത്തി. കുടുംബത്തിനും വ്യക്തികള്‍ക്കും കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായി നിജപ്പെടുത്തുകയും കുടിയാന്മാര്‍ക്ക് കൈവശഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കുകയും ചെയ്യുന്നതായിരുന്നു ബില്‍. എന്നാല്‍, കാര്‍ഷിക ബന്ധബില്‍ കര്‍ഷക തൊഴിലാളികളെ അഭിസംബോധന ചെയ്തില്ലെന്നതിന്റെ ദുരന്തം ഇപ്പോഴും ആവര്‍ത്തിക്കുന്ന ഭൂ സമരത്തിലൂടെ കേരളം അനുഭവിക്കുന്നു.
ഭൂപരിഷ്‌കരണത്തിന്റെ അപാകതകള്‍ പരിഹരിക്കാന്‍ അരഡസനോളം സ്വകാര്യബില്ലുകള്‍ ഗൗരിയമ്മ പിന്നീട് സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എണ്ണമില്ലാത്തത്ര അടിയന്തര പ്രമേയങ്ങളും. 1999-ല്‍ നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും ആദിവാസി ഭൂമിയിലെ കയ്യേറ്റത്തിന് സാധുത നല്‍കുന്ന ബില്ലിനെ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് ഗൗരിയമ്മ മാത്രമായിരുന്നു. ഗൗരിയമ്മയുടെ രാഷ്ട്രീയവും അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള സമര്‍പ്പണവും ബോധ്യപ്പെട്ട മറ്റൊരു വിഷയം ആദിവാസികളുടെ ഭൂമി പ്രശ്‌നം സംബന്ധിച്ചായിരുന്നു. ആദിവാസികളുടെ ഭൂമിക്ക് കൈവശരേഖയോ മറ്റോ ഇല്ലാത്തതിനാല്‍ കേരളപ്പിറവിക്കുശേഷം വ്യാപകമായി കയ്യേറ്റം ചെയ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തെ തുടര്‍ന്ന് ആദിവാസി ഭൂമി നിയമം നിലവില്‍ വന്നെങ്കിലും അതുകൊണ്ടും ഫലമുണ്ടായില്ല. നിയമത്തിനു ചട്ടങ്ങള്‍ നിര്‍മ്മിക്കാത്തതിലായിരുന്നു അത്. നല്ല തമ്പി തേര നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കാന്‍ ഹൈക്കോടതിയും സുപ്രീംകോടതിയും വിധിച്ചു.
എന്നാല്‍, സര്‍ക്കാരും രാഷ്ട്രീയകക്ഷികളും അതിനെ മറികടക്കാനും കയ്യേറ്റങ്ങളെ ഭാഗികമായി സാധൂകരിക്കാനും നിയമനിര്‍മ്മാണം നടത്തുകയാണ് ചെയ്തത്. 1999-ലെ ഇടതുപക്ഷ സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നു. കയ്യേറ്റക്കാര്‍ കൈവശം വെക്കുന്ന ആദിവാസി ഭൂമിക്ക് അഞ്ച് ഏക്കര്‍ വരെ സാധുത നല്‍കി പകരം ഭൂമി സര്‍ക്കാര്‍ നല്‍കാനും, അഞ്ച് ഏക്കറില്‍ കൂടുതല്‍ ഉള്ളവ തിരിച്ചുപിടിച്ച് നല്‍കാനുമായിരുന്നു ആ ഭേദഗതി. ഗൗരിയമ്മ ഒഴികെയുള്ള 139 എം.എല്‍.എമാരും പാര്‍ട്ടി വ്യത്യാസമില്ലാതെ ആദിവാസി ഭൂമി കയ്യേറ്റത്തെ ലെജിറ്റമൈസ് ചെയ്യുന്ന ആ ഭേദഗതിക്കൊപ്പം നിന്നു. ഭരണ - പ്രതിപക്ഷ പാര്‍ട്ടികളിലെ 14 പട്ടികജാതി - പട്ടിക വര്‍ഗ്ഗ എം.എല്‍.എമാര്‍ ഉള്‍പ്പെടെ 139 നിയമസഭ അംഗങ്ങളും ബില്ലിനെ അനുകൂലിക്കുകയായിരുന്നു. എന്നാല്‍, ഗൗരിയമ്മ മാത്രം എണീറ്റു നിന്ന് എതിര്‍ത്തു. അന്ന് ഗൗരിയമ്മ നടത്തിയ പ്രസംഗം യഥാര്‍ത്ഥത്തില്‍ സാമൂഹ്യ നീതിയെക്കുറിച്ചു പറയുന്ന ഇടതുപക്ഷത്തെ ചിന്തിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍, അതുണ്ടായില്ല ഭൂമി എവിടെയുണ്ട്. മലയിലുണ്ടോ? നിങ്ങളുടെ ഈ സിറ്റിയിലുണ്ടോ ഭൂമി അവര്‍ക്കു കൊടുക്കാന്‍. കാഞ്ഞിരപ്പള്ളിയില്‍ ഒരൊറ്റ ആദിവാസിയുണ്ടോ? അവരുടെ ഭൂമി ഇന്നു മുഴുവന്‍ അന്യരുടെ കയ്യില്‍, കൂട്ടത്തോടെ അവരെ നശിപ്പിച്ചു. ഭൂമി അവര്‍ക്കുണ്ടോ? ധനാഢ്യന്മാരും രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളവരും ഭൂമി അവരില്‍നിന്നും തട്ടിപ്പറിച്ചു. അവരെ അവരുടെ ഭൂമിയില്‍നിന്നും ആട്ടിപ്പായിച്ചു. അട്ടപ്പാടിയിലും വയനാട്ടിലും ഒരൊറ്റ ആദിവാസിക്കെങ്കിലും താമസിക്കുന്ന സ്ഥലമല്ലാതെ കൃഷി ചെയ്യാന്‍ വേറെ ഭൂമിയുണ്ടോ? വയനാട്ടില്‍ രണ്ടുലക്ഷം ആദിവാസികളുള്ളപ്പോള്‍ നാലുലക്ഷം കയ്യേറ്റക്കാരുണ്ട്. നിങ്ങള്‍ക്കു വോട്ടാണ് പ്രധാനം. അല്ലാതെ സാമൂഹ്യ നീതിയല്ല. ആദിവാസികളെ എങ്ങനെ രക്ഷിക്കാം, അവരെ ഏതുവിധത്തില്‍ പുനരധിവസിപ്പിക്കാം എന്നു നോക്കുന്നതിനുപകരം എന്താണ് നിങ്ങള്‍ നോക്കുന്നത്? അതുകൊണ്ട് ഇത് എതിര്‍ക്കേണ്ട നിയമമാണ്. ആ വിധത്തില്‍ ഞാന്‍ ഇതിനെ എതിര്‍ക്കുകയാണ് എന്നായിരുന്നു അവര്‍ അന്നു പറഞ്ഞത്. അടിസ്ഥാന മാറ്റത്തെക്കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും ചെയ്യുന്നതുപോലെ കമ്യൂണിസ്റ്റുകാരെന്നു പറയുന്നവര്‍ പ്രായോഗികതയുടെ താര്‍ക്കിക യുക്തി നിരത്തി ഗൗരിയമ്മ പറഞ്ഞ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാതെ മാറിനിന്നു.
ബില്ല് നിയമസഭ പാസ്സാക്കിയെങ്കിലും രാഷ്ട്രപതി ബില്ല് തള്ളി. ഇതേ നിയമം മറ്റൊരു രൂപത്തില്‍ 1999-ല്‍ വീണ്ടും സഭയിലെത്തി. അന്നും ഗൗരിയമ്മ എതിര്‍ത്തു. അവരെന്നും സാമൂഹ്യനീതിയുടെ പക്ഷത്തായിരുന്നു. പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍ക്കാര്‍ ഭൂമി പതിവു നിയമം തുടങ്ങി പിന്നെയും ഒട്ടനവധി നിയമനിര്‍മ്മാണ നടപടികളുണ്ട് ഗൗരിയമ്മയുടെ പോരാട്ടത്തില്‍ ചേര്‍ക്കാന്‍. 1958-ല്‍ സാമ്പത്തിക സംവരണ ശുപാര്‍ശ മുന്നോട്ടുവെച്ച ഭരണപരിഷ്‌കാര കമ്മിഷനെ പരാജയപ്പെടുത്തിയത് പി. ഗംഗാധരനും ഗൗരിയമ്മയും അടങ്ങുന്ന പാര്‍ട്ടിയിലെ പിന്നോക്ക നേതാക്കളായിരുന്നു. 2001-ല്‍ സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന ആദിവാസി ഭൂ സമരത്തോടും ഗൗരിയമ്മ അനുഭാവം കാണിച്ചു. ഞാന്‍ പറഞ്ഞാല്‍ ജാനു കേള്‍ക്കുമോടോ എന്നു ചോദിച്ചാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ ഗൗരിയമ്മ മുന്‍കയ്യെടുക്കുന്നത്.
പുരുഷാധിപത്യത്തിന്റെ ഇര
കേരളത്തിന്റെ പുരുഷ കേന്ദ്രീകൃതമായ രാഷ്ട്രീയ മനസ്സില്‍ കെ.ആര്‍. ഗൗരിയമ്മ നേടിയ അധികാരവും സ്ഥാനവും ആ പോരാട്ട ജീവിതത്തിന്റെ ഇച്ഛാശക്തി കൊണ്ടുമാത്രമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ നവോത്ഥാനവും സാമൂഹ്യമാറ്റങ്ങളും ഇഴുകിച്ചേര്‍ന്ന കേരളത്തിന്റെ രാഷ്ട്രീയ പരിസരങ്ങളില്‍ അധികാരമെന്നത് സ്ത്രീക്ക് അപ്രാപ്യമായിരുന്നു. നിലനില്‍പ്പിനായിപ്പോലും ഓരോ ദശാസന്ധിയിലും അവര്‍ക്ക് പോരാടേണ്ടി വന്നു. 1919-ല്‍ ജനനം. ചേര്‍ത്തലയിലെ എസ്.എന്‍.ഡി.പിയുടെ സംഘാടകനായിരുന്ന അച്ഛന്‍ കെ.എ. രാമന്‍ വിപ്ലവപോരാളിയായ ഗൗരിയുടെ പേര് മകള്‍ക്ക് നല്‍കി. അന്നത്തെ എസ്.എന്‍.ഡി.പിയുടെ മുദ്രാവാക്യം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നായിരുന്നു. അതില്‍ സമത്വമെന്നതാണ് തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് നയിച്ചതെന്നാണ് ഗൗരിയമ്മ പിന്നീട് പറഞ്ഞത്. രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് കരുതിക്കൂട്ടിയായിരുന്നില്ല. വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും ആശയഗതികളോടും ഗൗരിയമ്മ അടുക്കുന്നത്. സഹോദരനായ കെ.ആര്‍. കുമാരന്‍ വയലാര്‍ സമരത്തിന്റെ നേതാവുമായിരുന്നു. വയലാര്‍ - പുന്നപ്ര സമരങ്ങള്‍ക്കുശേഷം അധികാരികള്‍ അഴിച്ചുവിട്ട ക്രൂരമര്‍ദ്ദനങ്ങള്‍, പാവപ്പെട്ടവരോടുള്ള അവഗണന, അന്നത്തെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ ഇതെല്ലാം അനുഭവിച്ചുകൊണ്ടാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചതെന്ന് ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്.
അത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലും പുറത്തും അത് പലതരത്തില്‍ തുടര്‍ന്നു. അവര്‍ അനുഭവിച്ച പീഡനങ്ങളും യാതനകളും ഒരുപാട് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1987-ല്‍ 'കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി ഭരിക്കട്ടെ' എന്ന കമ്യൂണിസ്റ്റുകാരുടേതടക്കമുള്ള ജനാഭിലാഷത്തെ പരാജയപ്പെടുത്തിയത് പ്രതിപക്ഷമായിരുന്നില്ല. അന്നു പാര്‍ട്ടിയില്‍ ശക്തമായിരുന്ന സവര്‍ണ്ണ പുരുഷാധിപത്യമായിരുന്നുവെന്ന് കരുതുന്നവര്‍ ഏറെയാണ്. നായനാര്‍ രണ്ടാമതും മുഖ്യമന്ത്രിയായതാണ് പിന്നെ കണ്ടത്. ഗൗരിയമ്മയോട് പാര്‍ട്ടി നേതൃത്വം ചെയ്തത് ചതിയാണെന്നു പാര്‍ട്ടിക്കുള്ളിലും അഭിപ്രായമുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍നിന്നു ക്ഷുഭിതയായി ഇറങ്ങിപ്പോയ ഗൗരിയമ്മയുടെ പോരാട്ടം പാര്‍ട്ടിക്കുള്ളിലെ സവര്‍ണ്ണ പുരുഷാധിപത്യത്തിനെതിരേയായിരുന്നു. ഇ.എം.എസ്സാണ് തന്നെ ഒഴിവാക്കാന്‍ ഗൂഢ നീക്കത്തിനു നേതൃത്വം നല്‍കിയതെന്ന് ഗൗരിയമ്മ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. അത്തരമൊരു ഗൂഢാലോചന നടന്നിരുന്നില്ലെങ്കില്‍ പിന്നോക്ക സമുദായത്തില്‍നിന്നുള്ള ആദ്യത്തെ വനിത മുഖ്യമന്ത്രിയുമാകുമായിരുന്നു ഗൗരിയമ്മ.
പിന്നീടങ്ങോട്ട് ഗൗരിയമ്മ സ്വന്തം വഴിക്കും പാര്‍ട്ടിയും ഭരണവും മറ്റൊരു വഴിക്കുമായിരുന്നു. കള്ളുഷാപ്പിന്റെ പേരില്‍ സി.ഐ.ടി.യു പിണങ്ങി. അതോടെ എക്സൈസ് വകുപ്പ് ടി.പി. രാമകൃഷ്ണനു നല്‍കി. താന്‍പ്രമാണിത്തവും അച്ചടക്കലംഘനവുമായിരുന്നു അവരില്‍ പാര്‍ട്ടി കണ്ടെത്തിയ കുറ്റം. യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം രൂപം നല്‍കിയ സ്വാശ്രയ സമിതിയില്‍ ഗൗരിയമ്മ അധ്യക്ഷയായി. സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി പറഞ്ഞു. ഗൗരിയമ്മ ചെവിക്കൊണ്ടില്ല. ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. തുടര്‍ന്ന് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. പാര്‍ട്ടിയില്‍നിന്ന് അങ്ങനെ പുറത്തേക്ക്. ജെ.എസ്.എസ് പോലുള്ള രാഷ്ട്രീയ പരീക്ഷണങ്ങള്‍ യു.ഡി.എഫില്‍ ഒടുങ്ങി പരാജയപ്പെട്ടെങ്കിലും കേരളത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ആദ്യ സ്ത്രീ നേതൃത്വമായിരുന്നു ഗൗരിയമ്മ. അവരില്‍ തുടങ്ങിയ കേരള രാഷ്ട്രീയ സാന്നിധ്യം ഇന്നും അരികുവല്‍ക്കരിക്കപ്പെട്ട നിലയിലാണ്. പ്രാതിനിധ്യത്തിനും അവസരങ്ങള്‍ക്കും അധികാരത്തിനും വേണ്ടി പുരുഷാധിപത്യത്തിന്റെ ദയാവായ്പിന് കാത്തുനില്‍ക്കുന്നതാണ് എല്ലാ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളിലും കാണാനാകുക.
17 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണ് പരാജയമറിഞ്ഞത്. ആറു തവണ മന്ത്രിയായി. എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു എന്നതല്ല പാര്‍ലമെന്ററി ജനാധിപത്യത്തിലെ അവരുടെ പ്രാധാന്യം. കേരളത്തിലെ പ്രധാനപ്പെട്ട നിയമനിര്‍മ്മാണങ്ങളില്ലെല്ലാം നടത്തിയ ഇടപെടലാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത്. തിരുക്കൊച്ചി നിയമസഭയുടെ ചട്ടങ്ങള്‍ രൂപീകരിച്ച സമ്മേളനത്തില്‍ ഒറ്റദിവസം 12 ഭേദഗതികളാണ് ആദ്യാംഗമായ ഗൗരിയമ്മ അവതരിപ്പിച്ചത്. അവയൊക്കെ വോട്ടിനിട്ട് തള്ളിയെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി നിയമത്തിന്റെ ഭാഗമായി. തുടര്‍ച്ചയായി സഭയില്‍ ഹാജരാകാതിരുന്നാല്‍ അംഗത്വം നഷ്ടപ്പെടുന്ന ചട്ടം, അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള രീതി, അടിയന്തരപ്രമേയം തള്ളുന്നതിനു മുന്‍പ് ചര്‍ച്ച നടത്താനുള്ള അവകാശം എന്നിവയ്ക്കു വേണ്ടിയായിരുന്നു ആ ഭേദഗതികള്‍.
ഗൗരിയമ്മ വേര്‍പിരിയുമ്പോള്‍ അനുസ്മരിക്കാനും അംഗീകരിക്കാനും ഒത്തുകൂടുന്നവരുടെ തിരക്കാണ്. ആധുനിക കേരളത്തിന്റെ ചരിത്രം രൂപപ്പെടുത്തുന്നതില്‍ മറ്റാരെക്കാളും പങ്ക് വഹിച്ച ഗൗരിയമ്മ പോരടിച്ചത് രണ്ട് ശക്തികളോടായിരുന്നു. സാമൂഹ്യനീതി നിഷേധിക്കാന്‍ നൂതന സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ച കുശാഗ്ര ബുദ്ധികളോടും അതുപോലെ ലിംഗനീതിയുടെ രാഷ്ട്രീയം സംഘടനയ്ക്ക് പുറത്തുനിര്‍ത്തിയവരോടും. ഗൗരിയമ്മയുടെ ജീവിതത്തില്‍നിന്ന് അവരുടെ ആ പോരാട്ടത്തെക്കുറിച്ചെങ്കിലും മനസ്സിലാക്കാനുള്ള രാഷ്ട്രീയ വിനയം അവരെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നവരെങ്കിലും കാണിക്കുമോ എന്നതാണ് പ്രധാനം. അതാണ് ആ മഹാവിപ്ലവകാരിക്ക് നല്‍കാവുന്ന ആദരാഞ്ജലി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates