'രാജാവിനെക്കാള്‍ വലിയ രാജഭക്തി' അവസാനം 'രാജാവി'നു തന്നെ തലവേദനയാകും

അധികാരം അടിയറവ് വെച്ചാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെറും അലങ്കാരവസ്തു മാത്രമാകും. അലങ്കാരം അധികരിക്കുമ്പോള്‍ അത് അശ്ലീലവുമാകാം
കെ കരുണാകരൻ
കെ കരുണാകരൻ
Updated on
6 min read

പൊലീസ് ജീവിതത്തില്‍ അനിശ്ചിതത്വം നിഴല്‍പോലെ കൂടെയുണ്ട്, എല്ലായ്‌പ്പോഴും. ഈ ബോധം തുടക്കത്തില്‍ തന്നെ എങ്ങനെയോ എന്റെ ഉള്ളില്‍ വേരോടി. അനുഭവങ്ങളില്‍ നിന്നാകാം അതു സംഭവിച്ചിരിക്കുക. കടന്നുപോയത് സന്തോഷകരമായ ഒരു ദിവസമാണല്ലോ എന്ന് കരുതി ഇരിക്കുമ്പോഴായിരിക്കും എല്ലാം കീഴ്മേല്‍ മറിക്കുന്ന ഒരു വയര്‍ലെസ്സ് സന്ദേശം, അല്ലെങ്കില്‍ ഫോണ്‍ വിളി; പുതിയൊരു തലവേദനയുടെ തുടക്കം. ഈ അവസ്ഥയ്ക്ക് വിജിലന്‍സില്‍ അല്പം മാറ്റമുണ്ടായി. പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി സ്ഥിരത കൈവന്നു എന്ന തോന്നലുണ്ടായി. അങ്ങനെ ഒരു വര്‍ഷം തികയും മുന്‍പേ തല്‍ക്കാലം അല്പം മറഞ്ഞുനിന്നിരുന്ന അനിശ്ചിതത്വത്തിന്റെ നിഴല്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സ്ഥലം മാറ്റം അല്ലെങ്കില്‍ സ്ഥാനമാറ്റം എന്ന സാദ്ധ്യതയുടെ രൂപത്തിലാണത് വന്നത്. ആദ്യ സൂചന നല്‍കിയത് വിജിലന്‍സ് ഡയറക്ടറായിരുന്ന കൃഷ്ണന്‍ നായര്‍ സാര്‍ തന്നെയായിരുന്നു. ഞാനവിടെതന്നെ തുടരണമെന്നായിരുന്നു അദ്ദേഹത്തിന്റെ താല്പര്യം. ഞാനതിനെ അനുകൂലിച്ചുമില്ല, പ്രതികൂലിച്ചുമില്ല. അതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമുള്ളതായി തോന്നിയിരുന്നില്ല എന്നതാണ് സത്യം. എന്റെ താല്പര്യം എന്താണെന്നു ആരും ചോദിച്ചതുമില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

പക്ഷേ, ഇപ്പോഴത്തെ മാറ്റത്തിന് ഒരു പശ്ചാത്തലമുണ്ടായിരുന്നു. കേരളഭരണത്തില്‍ രാഷ്ട്രീയമാറ്റം സംഭവിച്ചു. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ രാജിവെയ്ക്കുകയും ആ സ്ഥാനത്ത് എ.കെ. ആന്റണി വരികയും ചെയ്തു. അന്ന് അധികാരത്തിലിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയില്‍ ദീര്‍ഘകാലം അരങ്ങേറിയ അനൈക്യത്തിന്റേയും രഹസ്യവും പരസ്യവുമായ കരുനീക്കങ്ങളുടേയും ഒരു ഘട്ടത്തിന്റെ പരിസമാപ്തിയായിരുന്നു ആ അധികാരക്കൈമാറ്റം. അതെന്റെ വിഷയമല്ലെങ്കിലും ആ മാറ്റം ഞാനുള്‍പ്പെടെയുള്ള പൊലീസുദ്യോഗസ്ഥരേയും ബാധിക്കുന്നതായിരുന്നു. കാരണം, പൊലീസ് സ്ഥലം മാറ്റത്തിന്റെ മുഖ്യ ചാലകശക്തി രാഷ്ട്രീയ മാറ്റമായിരുന്നുവല്ലോ, അന്നും ഇന്നും. മാത്രവുമല്ല, രാഷ്ട്രീയ മാറ്റത്തിലേയ്ക്ക് നയിച്ച വിവാദങ്ങളില്‍ പലതിലും പൊലീസ് ഒരു പ്രധാന കഥാപാത്രമായിരുന്നു; മിക്കപ്പോഴും വില്ലന്‍ സ്ഥാനത്ത് ആയിരുന്നുവെന്നു മാത്രം. അക്കാലത്ത് പൊലീസിന്റെ ചില നടപടികള്‍ വലിയ വിവാദമാകുകയും പ്രതിപക്ഷത്തിന്റെ മാത്രമല്ല, ഭരണകക്ഷിയുടേയും രൂക്ഷവിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ തിരുവനന്തപുരത്ത് ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍, ആലപ്പുഴ എസ്.പി. എന്ന നിലയില്‍ ഞാന്‍ കൂടി പങ്കെടുത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു സംസ്ഥാനതല യോഗത്തില്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഇങ്ങനെ പറഞ്ഞു: ''ഞാന്‍ കോണ്‍ഗ്രസ്സുകാരനാണ്. മരണം വരെയും കോണ്‍ഗ്രസ്സുകാരനായിരിക്കുകയും ചെയ്യും, കോണ്‍ഗ്രസ്സുകാര്‍ക്ക് എന്തെങ്കിലും സഹായം കിട്ടിയാല്‍ എനിക്ക് സന്തോഷവുമാണ്. പക്ഷേ, നിങ്ങള്‍ പൊലീസുദ്യോഗസ്ഥരാണ്; എന്തു ചെയ്യുമ്പോഴും ആ ഓര്‍മ്മ ഉണ്ടായിരിക്കണം.'' ഒരേസമയം എന്നെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്ത വാക്കുകളായിരുന്നു അത്. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗങ്ങളില്‍ തികഞ്ഞ ലക്ഷ്യബോധത്തോടെയും സൂക്ഷ്മതയോടെയും മാത്രമേ അദ്ദേഹം സംസാരിക്കാറുള്ളൂ എന്നായിരുന്നു എന്റെ അനുഭവം.  ഇവിടെ ആഭ്യന്തരവകുപ്പ് മന്ത്രി തന്നെ സ്വന്തം രാഷ്ട്രീയം അടിവരയിട്ട് പറഞ്ഞ ശേഷം പൊലീസ് ഉദ്യോഗസ്ഥരോട് അവരുടെ ധര്‍മ്മം ഓര്‍മ്മിപ്പിക്കുകയാണ്. ഇങ്ങനെ പറയാന്‍ എന്തായിരിക്കാം കാരണം? അനുമാനിക്കാനേ എനിക്ക് കഴിയൂ. പൊലീസിലെ 'രാഷ്ട്രീയ മിത്ര'ങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അത്രയ്ക്ക് വലിയ തലവേദനയായി മാറിയിരുന്നിരിക്കണം. പൊലീസിലെ 'ശത്രു'ക്കളെക്കാള്‍ കൂടുതല്‍ സൂക്ഷിക്കേണ്ടത് 'മിത്ര'ങ്ങളെയാണെന്ന് തോന്നുന്നു. 'രാജാവിനെക്കാള്‍ വലിയ രാജഭക്തി' അവസാനം 'രാജാവി'നു തന്നെ തലവേദനയാകും, ജനാധിപത്യത്തില്‍. 

ആദ്യം എനിക്ക് സ്ഥലംമാറ്റത്തിന്റെ സൂചന തന്ന വിജിലന്‍സ് ഡയറക്ടര്‍ തന്നെ പിന്നീടൊരു ദിവസം ''ഹേമചന്ദ്രനെ തിരുവനന്തപുരം സിറ്റിയില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആയാണ് പോസ്റ്റ് ചെയ്യാന്‍ പോകുന്നത്'' എന്നറിയിച്ചു. എന്നിട്ട് അദ്ദേഹം, തിരുവനന്തപുരം നഗരം ഒഴിവാക്കി വിജിലന്‍സില്‍ നില്‍ക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു. നേരത്തെ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അദ്ദേഹം സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ തലസ്ഥാന നഗരം എത്ര വലിയ തലവേദനയാണെന്നതില്‍ വാചാലനായി. കൂട്ടത്തില്‍ ഒരു വാചകം രസകരമായി തോന്നി. തിരുവനന്തപുരത്തെ 'ഏത് പട്ടി'ക്കും എപ്പോള്‍ വേണമെങ്കിലും ചാടിവീണ് കുരയ്ക്കാവുന്ന ഉദ്യോഗസ്ഥനാണത്രെ പൊലീസ് കമ്മിഷണര്‍. ഈ അഭിപ്രായം അദ്ദേഹം തന്റെ ആത്മകഥയിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ. 

അതെന്തായാലും എന്നെ വിജിലന്‍സില്‍നിന്നും തിരുവനന്തപുരം സിറ്റിയില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായി നിയമിച്ചുകൊണ്ട് ഉത്തരവായി. പതുക്കെ ചാര്‍ജെടുക്കാം എന്ന് കരുതിയിരിക്കുമ്പോള്‍ അതാ വരുന്നു ഋഷിരാജ് സിംഗിന്റെ ഫോണ്‍. അദ്ദേഹത്തില്‍ നിന്നാണ് ചാര്‍ജെടുക്കേണ്ടത്. ഉടന്‍ ചാര്‍ജെടുക്കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ലല്ലോ എന്നു പറഞ്ഞ് ഞാനൊന്ന് വൈകിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉത്തരവ് കയ്യിലുണ്ടെന്നും ഉടന്‍ കൊടുത്തുവിടാമെന്നും പറഞ്ഞു. തൊട്ടടുത്ത ദിവസം ചാര്‍ജ് കൈമാറാം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ യോജിച്ചു. അങ്ങനെ വിജിലന്‍സിന്റെ സ്വച്ഛതയില്‍നിന്നും അതിവേഗം തലസ്ഥാന നഗരത്തിന്റെ ക്രമസമാധാനപാലനം എന്ന കാലുഷ്യം നിറഞ്ഞ ലോകത്ത് ഞാനെത്തി. 

ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആകുമ്പോള്‍ മുന്‍പൊരിക്കലും ഉണ്ടാകാതിരുന്ന ഒരു ആശയക്കുഴപ്പം മനസ്സില്‍ തോന്നി. സിറ്റിയില്‍ ഡി.ഐ.ജി റാങ്കില്‍ പൊലീസ് കമ്മിഷണറുമുണ്ടല്ലോ? എന്താണ് ഇരുവരുടേയും ഉത്തരവാദിത്വം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം. എന്തായിരിക്കണം കമ്മിഷണറും ഡെപ്യൂട്ടി കമ്മിഷണറും തമ്മിലുള്ള ബന്ധം എന്നതും പ്രധാനമാണ്. ആ ബന്ധം എന്താകാന്‍ പാടില്ല എന്ന് എനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അതിന് സഹായകമായത് മുന്‍പ് ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരുന്ന എന്റെ സുഹൃത്തിന്റെ അനുഭവമാണ്. ആലപ്പുഴനിന്നും ഒരു മീറ്റിങ്ങിനായി തിരുവനന്തപുരത്ത് വന്നപ്പോള്‍ ഞാന്‍ കമ്മിഷണര്‍ ഓഫീസില്‍ പോയി ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരുന്ന സുഹൃത്തിനെ കണ്ടു. ശാന്തസ്വഭാവിയും മര്യാദാരാമനുമായിരുന്ന എന്റെ സുഹൃത്ത് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. കാര്യം തിരക്കിയപ്പോള്‍ മനസ്സില്ലാമനസ്സോടെ, എന്തോ ഒരന്താരാഷ്ട്ര രഹസ്യം വെളിപ്പെടുത്തുന്ന ഭാവത്തില്‍ പ്രശ്നം പറഞ്ഞു. ചുരുക്കത്തില്‍ കമ്മിഷണറാണ് പ്രശ്നം. നഗരത്തില്‍ ദൈനംദിനം ധാരാളം വിഷയങ്ങള്‍ വരും - മുഖ്യമന്ത്രിയുടെ സുരക്ഷ, പൂന്തുറയിലെ വര്‍ഗ്ഗീയ സംഘര്‍ഷം, വിദ്യാര്‍ത്ഥി സമരം, സെക്രട്ടേറിയേറ്റ് മാര്‍ച്ച് എന്നിങ്ങനെ. ഓരോ ദിവസവും ഓരോ വിഷയത്തിലും  പൊലീസ് കമ്മിഷണര്‍ അതു സംബന്ധിച്ച സന്ദേശത്തില്‍ 'ഉടന്‍ വേണ്ടതു ചെയ്ത് സമാധാന ലംഘനം ഒഴിവാക്കുക' എന്നൊരു നിര്‍ദ്ദേശം എഴുതി അത് തന്റെ സ്റ്റെനോ വശം ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് കൊടുത്തയച്ച് അതിന്മേല്‍ ഒപ്പുവാങ്ങി സൂക്ഷിച്ചുവെയ്ക്കും; തപാല്‍ കിട്ടിയതിന് രസീത് വാങ്ങും പോലെ. നാളെ അതില്‍ ഏതെങ്കിലും വിഷയം ക്രമസമാധാന പ്രശ്നമായാല്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ 'രക്തസാക്ഷി'യാകും; യഥാസമയം നിര്‍ദ്ദേശം നല്‍കിയ കമ്മിഷണര്‍ സുരക്ഷിതന്‍. അത്ര നല്ല പരസ്പര വിശ്വാസമായിരുന്നു അവര്‍ തമ്മില്‍. ആ വീര്‍പ്പുമുട്ടല്‍ സഹനശക്തിയുടേയും ക്ഷമയുടേയും എല്ലാ പരിധിയും കടന്നതുകൊണ്ടായിരിക്കണം എന്നോട് പങ്കിട്ടത്. ഇത് അത്യന്തം അപകടകരമായ അവസ്ഥയാണെന്ന് രോഗനിര്‍ണ്ണയം നടത്തുന്നതിനപ്പുറം പരിഹാരമായി ഒറ്റമൂലിയൊന്നും എനിക്കപ്പോള്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിക്കാനായില്ല. കാരണം, എന്റെ സുഹൃത്ത് ആളൊരു പാവമായിരുന്നു. വളരെ പാവമാണ് എന്ന് മേലുദ്യോഗസ്ഥര്‍ക്കു് തോന്നിയാലും പൊലീസിലെ ജോലി ചിലപ്പോള്‍ പ്രശ്നമാണ്. അധികം വൈകാതെ ഇരുവരും സ്ഥലം മാറിയതോടെ ആ പ്രശ്‌നം അവസാനിച്ചു. 

പുതിയ ചുമതല ഏല്‍ക്കുമ്പോള്‍ ഇങ്ങനെ പഴയ പല കഥകളും ഓര്‍ത്തു. പക്ഷേ, അതൊന്നും എന്നെ ബുദ്ധിമുട്ടിച്ചില്ല. ഒരു സര്‍ക്കാര്‍ ഉത്തരവ് എന്റെ രക്ഷയ്‌ക്കെത്തി. ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടേയും പൊലീസ് കമ്മിഷണറുടേയും അധികാരങ്ങള്‍ അത് കൃത്യമായി നിര്‍വ്വചിച്ചു. ജില്ലകളില്‍ പൊലീസ് സൂപ്രണ്ടിന് എന്തെല്ലാം അധികാരങ്ങളും ചുമതലകളുമാണോ ഉള്ളത് അതെല്ലാം തന്നെ സിറ്റിയില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ക്കായിരിക്കും. പൊലീസ് കമ്മിഷണര്‍ക്കാകട്ടെ, ഒരു റേഞ്ചിന്റെ കാര്യത്തില്‍ ഡി.ഐ.ജിക്കുള്ള അധികാരങ്ങളും ചുമതലകളുമുണ്ടായിരിക്കും. പൊലീസ് ഉദ്യോഗസ്ഥന് ഇത്തരമൊരു വ്യക്തത വളരെ പ്രധാനമാണ്, പ്രത്യേകിച്ചും പ്രശ്നകലുഷിതമായ തിരുവനന്തപുരം പോലുള്ള തലസ്ഥാന നഗരത്തില്‍. ഭരണനിര്‍വ്വഹണത്തിന് ബാധകമായ നിയമം, ചട്ടം, സര്‍ക്കാര്‍ ഉത്തരവ് ഇവയുടെ കാര്യത്തില്‍ തലസ്ഥാന ജില്ലയും മറ്റു ജില്ലകളും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ആ അര്‍ത്ഥത്തില്‍ കളക്ടര്‍, എസ്.പി മുതലായ ഉദ്യോഗസ്ഥരുടെ ജോലി, തലസ്ഥാന ജില്ലയായാലും അതിനപ്പുറത്തായാലും വ്യത്യാസമൊന്നുമില്ല. അതാണ് തത്ത്വം. പക്ഷേ, ഫലത്തില്‍ അങ്ങനെയല്ല. 

മറ്റു ജില്ലകളിലില്ലാത്ത ധാരാളം അധികാരകേന്ദ്രങ്ങളുടെ അതിതീവ്ര സാന്നിദ്ധ്യം തലസ്ഥാനത്തുണ്ട്, ഉദ്യോഗസ്ഥ തലത്തിലും അതിനു പുറത്തും. നെയ്യാറ്റിന്‍കരയില്‍ ജോയിന്റ് എസ്.പിയായി ജോലി നോക്കുന്ന കാലത്ത് ഇക്കാര്യം അന്നത്തെ തിരുവനന്തപുരം റൂറല്‍ എസ്.പി എന്നോട് സരസമായി സൂചിപ്പിച്ചിരുന്നതോര്‍ത്തു. അന്ന്, തിരുവനന്തപുരത്ത് വലിയൊരു കായികമേള നടന്നു. അതിന്റെ ഉദ്ഘാടന മാമാങ്കത്തിന് പോകുന്നുണ്ടോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പ്രത്യേകതരം ചിരിയോടെ അദ്ദേഹം പറഞ്ഞു: ''തിരുവനന്തപുരത്ത് ഇത്തരം ഒരു പരിപാടിക്കും ഞാന്‍ പോകില്ല.'' ''അതെന്താ സാര്‍?'' എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ചിരി അല്പം കൂടി ശബ്ദായമാനമായി. എന്നിട്ടു പറഞ്ഞു: ''എന്റെ ഭാര്യ കരുതുന്നത് ഞാന്‍ തിരുവനന്തപുരത്തെ ഒരു വലിയ ഉദ്യോഗസ്ഥനാണെന്നാണ്. ഈ ചടങ്ങിനെങ്ങാനും പോയാല്‍ അവിടെ ഒരു നൂറ് വി.ഐ.പികളെങ്കിലുമുണ്ടാകും. അപ്പോള്‍ എന്റെ സ്ഥാനം പിറകില്‍ ഒരു മൂലയിലായിരിക്കും. അതോടെ വീട്ടില്‍ എനിക്കുള്ള സ്ഥാനവും നഷ്ടമാകും.'' തമാശരൂപേണയാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും ജില്ലാതല ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അതില്‍ അവഗണിക്കാനാകാത്ത ഒരു വസ്തുതയുണ്ട്. 

അധികാരവും ഉത്തരവാദിത്വവും

നഗരത്തിലെ പൊലീസിന്റെ ഏറ്റവും പ്രധാന പരിഗണന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും അനുബന്ധ പ്രശ്‌നങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യുക എന്നായിരുന്നു എന്റെ ബോദ്ധ്യം. വെറും മൂന്ന് വര്‍ഷം മുന്‍പ് മാത്രമാണ്, 1992-ല്‍ സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയ പൂന്തുറ കലാപം അരങ്ങേറിയത്. അത് നഗരത്തിലെ മറ്റുപല പ്രദേശങ്ങളിലേയ്ക്കും വ്യാപിച്ചിരുന്നു. തുമ്പ, വലിയതുറ, പൂന്തുറ, വിഴിഞ്ഞം തുടങ്ങിയ തീരദേശ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ പരമ്പരാഗതമായി ഉടലെടുത്തിരുന്നത്. ഞാന്‍ ചുമതലയേല്‍ക്കുമ്പോള്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലയിലായിരുന്നു. അധികം വൈകാതെ അത് നഗരപരിധിയില്‍ വന്നത് മറ്റൊരു കഥയാണ്. നിരന്തരം സംഘര്‍ഷങ്ങള്‍ക്ക് സാദ്ധ്യതയുള്ള ഒരു പ്രദേശത്ത് വലിയ സംഘട്ടനങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ഏറ്റവും അടിസ്ഥാനപരമായ ഒരു കാര്യം പൊലീസിന്റെ ഭാഗത്തുനിന്നും ചെയ്യേണ്ടത് പ്രാപ്തരും ചുമതലാബോധമുള്ളവരുമായ ഉദ്യോഗസ്ഥരെ പൊലീസ് സ്റ്റേഷന്റെ ചുമതല ഏല്‍പ്പിക്കുക എന്നതാണ്. മറ്റൊരു 'മാന്ത്രികവിദ്യ'യും അതിനു പകരമാവില്ല. തികച്ചും പ്രൊഫഷണല്‍ ആയ പരിഗണന മാത്രമേ അവിടെ ഉണ്ടാകാന്‍ പാടുള്ളൂ. പൂന്തുറ കലാപത്തിനു ശേഷം തിരുവനന്തപുരത്ത് അക്കാര്യത്തില്‍ അല്പം ശ്രദ്ധ പതിപ്പിച്ചിരുന്നതായി കണ്ടു. ഏറ്റവും പ്രധാനപ്പെട്ട പൂന്തുറ, വലിയതുറ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ പ്രാപ്തരായ എസ്.ഐമാരാണ് ഉണ്ടായിരുന്നത്. അവരവിടെ തുടരുന്നത് നല്ലതാണ് എന്നതായിരുന്നു എന്റെ വിലയിരുത്തല്‍. പക്ഷേ, തുടക്കത്തില്‍ത്തന്നെ അസുഖകരമായ ഒരു പ്രശ്‌നം ഉയര്‍ന്നുവന്നു. ഒരു ദിവസം രാവിലെ ഞാന്‍ ഓഫീസിലെത്തുമ്പോള്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ചില്‍നിന്നും ഒരു വിവരം കിട്ടി. വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടുകള്‍ വലിയതുറ ഭാഗത്ത് തീരത്തിനോടടുത്ത് കാണപ്പെട്ടതായും അത് അവിടുത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രകോപിതരാക്കി എന്നുമായിരുന്നു വിവരം. പല വലിയ വര്‍ഗ്ഗീയ ലഹളകളുടേയും തുടക്കം ഇങ്ങനെ ആയിരിക്കും. മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ ഉപജീവനവുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലയിലെ തര്‍ക്കങ്ങള്‍ക്കു് അതിവേഗം വര്‍ഗ്ഗീയമാനം കൈവരിക്കാം. കരയോടടുത്ത് മത്സ്യബന്ധനത്തിന് വരുന്നുവെന്ന് പറയുന്ന തൊഴിലാളികള്‍ മുസ്ലിങ്ങളും കരയിലുള്ള പരമ്പരാഗത തൊഴിലാളികള്‍ ക്രിസ്ത്യാനികളും ആകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും കെട്ടുകഥകളും കിംവദന്തികള്‍ തന്നെയും സംഘര്‍ഷത്തിനുള്ള പ്രകോപനമാകാം. തീരപ്രദേശത്തെ മത്സ്യബന്ധന മേഖലയിലെ തൊഴിലാളികള്‍ ജാതിമതഭേദമന്യേ, പൊതുവേ പാവപ്പെട്ട നല്ല മനുഷ്യരാണ്. ആ ശുദ്ധ മനസ്‌കര്‍ അതിവേഗം വൈകാരികമായി പ്രതികരിക്കും എന്നുമാത്രം. അനിശ്ചിതത്വവും സാഹസികതയും നിറഞ്ഞ നിത്യജീവിതം അവരെ അങ്ങനെ ആക്കിയില്ലെങ്കിലേ അത്ഭുതമുള്ളു.   അതുകൊണ്ട് തീരപ്രദേശത്ത് പ്രശ്നമുണ്ടായാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ പൊലീസ് ഇടപെടേണ്ടതുണ്ട്. വലിയതുറയിലെ പ്രശ്‌നം കേട്ടയുടന്‍ ഞാന്‍ വയര്‍ലെസ്സില്‍ വലിയതുറ എസ്.ഐയെ വിളിച്ചു. അടുത്ത ക്ഷണം എന്റെ ഓഫീസിനു വെളിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഓടിവന്ന് ''ഹരീഷ്‌സാര്‍ ഇവിടെയുണ്ട് സാര്‍'' എന്നു പറഞ്ഞു. ഹരീഷ് ആയിരുന്നു വലിയതുറ എസ്.ഐ. ഞാനുടനെ അയാളെ വിളിപ്പിച്ച് അല്പം ദേഷ്യത്തില്‍ ''അവിടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം ഉള്ളപ്പോള്‍ നിങ്ങളെങ്ങനെ ഇവിടെ നില്‍ക്കുന്നു'' എന്നു ചോദിച്ചു. അയാളെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റുകയാണെന്നും അതയാള്‍ക്ക് താല്പര്യമില്ലെന്നും പറഞ്ഞു. ആരാണ് മാറ്റുന്നതെന്ന് ചോദിച്ചപ്പോള്‍ ഐ.ജി എന്നു പറഞ്ഞു. ഐ.ജി ഉത്തരവിട്ടുകഴിഞ്ഞതായി അയാള്‍ സംശയം പറഞ്ഞു. വലിയതുറയിലെ പ്രശ്‌നം  മാത്രം മനസ്സിലുണ്ടായിരുന്ന ഞാനുടനെ ''നിങ്ങളെ മാറ്റുന്നില്ല; നിങ്ങളുടനെ വലിയതുറയിലെത്തി അവിടുത്തെ സാഹചര്യം നിയന്ത്രിക്കുക'' എന്നു പറഞ്ഞ് അയച്ചു. തീരദേശത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാപ്തനായിരുന്നു ഹരീഷ്, തന്റേടത്തോടെ പൊലീസിനെ മുന്നില്‍നിന്ന് നയിക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥന്‍. 

സ്വാഭാവികമായും അങ്ങനെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ അനാവശ്യമായി സ്ഥലം മാറ്റുന്നത് തീരപ്രദേശത്തെ ക്രമസമാധാനത്തെ ദോഷകരമായി ബാധിക്കുമെന്ന് എനിക്ക് തോന്നി. അതെന്നെ വല്ലാതെ ഉല്‍ക്കണ്ഠപ്പെടുത്തി.  ഉടനെ തന്നെ ഞാന്‍ ഡി.ജി.പിക്ക് കത്തെഴുതി. ധാരാളം വര്‍ഗ്ഗീയപ്രശ്‌നങ്ങളുള്ള വലിയതുറ, പൂന്തുറ എന്നീ സ്റ്റേഷനുകളിലെ എസ്.ഐമാരെയും പൂന്തുറ സി.ഐയേയും ഇപ്പോള്‍ അവിടെനിന്നു മാറ്റുന്നത് അവിടെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനെ ദോഷകരമായി ബാധിക്കുമെന്നും അതിനാല്‍ അത്തരം സ്ഥലംമാറ്റം ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. 

തല്‍ക്കാലം അത് ഫലം കണ്ടു. ഐ.ജിയുടെ ഉത്തരവ് വെളിച്ചം കണ്ടില്ല. ഫയലില്‍ അത് അകാല ചരമമടഞ്ഞു. ഇതില്‍ വ്യക്തിനിഷ്ഠമായി യാതൊന്നുമുണ്ടായിരുന്നില്ല. ജില്ലയില്‍ വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ കാലാകാലങ്ങളിലുള്ള നിര്‍ദ്ദേശപ്രകാരം കളക്ടറുടേയും എസ്.പിയുടേയുമാണ്. ആ ഉത്തരവാദിത്വത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഒരിക്കലും എനിക്ക് കഴിഞ്ഞില്ല എന്നുമാത്രം. അതിനപ്പുറം ഹരീഷ് എന്ന എസ്.ഐയോടുള്ള ഒരു പരിഗണനയും അതിലില്ലായിരുന്നു. അവിടെ സമാധാനം നിലനിര്‍ത്തുന്നതിലും നഗരത്തിലെ സാമൂഹ്യവിരുദ്ധരെ അമര്‍ച്ചചെയ്യുന്നതിലും നിസ്തുലമായ സംഭാവന നല്‍കിയ ഹരീഷ് പില്‍ക്കാലത്ത് സര്‍വ്വീസിലിരിക്കെ മരണമടഞ്ഞു. 

നഗരത്തിലെ പൊലീസിന്റെ മുഖ്യശക്തി മിടുക്കന്‍മാരായ, ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കുറേയേറെ ചെറുപ്പക്കാരായ സബ്ബ് ഇന്‍സ്പെക്ടര്‍മാരായിരുന്നു. അവരുടെ കഴിവുകള്‍ ശരിയാംവണ്ണം പ്രയോജനപ്പെടുത്തുക എന്നതിലാണ് ഞാന്‍ ഊന്നല്‍ നല്‍കിയത്. പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന് നല്ലരീതിയില്‍ പ്രവര്‍ത്തിച്ച ഒരാളേയും മാറ്റുന്നതിനോട് എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം കോവളം പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍, ഓഫീസില്‍ വന്ന് എന്നെ കണ്ടു. അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമായിരുന്ന അവിടുത്തെ എസ്.ഐ ആയിരിക്കുക മികച്ച ഉത്തരവാദിത്വമായിരുന്നു. എന്നെ കണ്ട എസ്.ഐ വ്യക്തിപരമായ ചില അസൗകര്യങ്ങള്‍ ഉന്നയിച്ച് ഒരു സ്ഥലംമാറ്റം കിട്ടിയാല്‍ കൊള്ളാമെന്ന് പറഞ്ഞു. സത്യത്തില്‍ ആ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനങ്ങളില്‍ എനിക്കും ചില സന്ദേഹങ്ങളുണ്ടായിരുന്നു. ധാരാളം ഹോട്ടലുകളും മദ്യശാലകളും എല്ലാമുള്ള കോവളത്ത് സത്യസന്ധനായ, സ്ഥാപിത താല്പര്യക്കാരുടെ പ്രലോഭനങ്ങളില്‍ വീഴാത്ത ഒരു ഉദ്യോഗസ്ഥനാണ് അഭികാമ്യം. മാറ്റം ആവശ്യപ്പെട്ട ഉദ്യോഗസ്ഥനും ഒരുപക്ഷേ, സ്ഥാനചലനം ഉണ്ടായേക്കുമോ എന്ന് സംശയിച്ച് സ്വന്തം കസേര ഉറപ്പിക്കാന്‍ വേണ്ടി വന്നതാകാം. അതൊരവസരമായെടുത്ത് അയാളുടെ മുന്നില്‍ വച്ചുതന്നെ അയാളെ ക്രൈംറിക്കാര്‍ഡ്‌സ് ബ്യൂറോയിലേയ്ക്ക് മാറ്റി. പകരം സത്യസന്ധനായ, വലിയ ഷോയും ബഹളവും ഒന്നുമില്ലാത്ത ഒരു സബ്ബ് ഇന്‍സ്പെക്ടറെ അവിടെ നിയമിച്ചു. അയാള്‍ 'ആക്ഷന്‍ ഹീറോ' ഒന്നും ആയില്ലെങ്കിലും അവിടുത്തെ ഒരു സ്ഥാപിത താല്പര്യക്കാരുടേയും പിടിയില്‍ വീണില്ല. അത് പലരേയും അസ്വസ്ഥരാക്കുന്നുണ്ടായിരുന്നു. അനധികൃത മദ്യ വ്യാപാരം മുതല്‍ ആസൂത്രിത വ്യഭിചാരം വരെ പരുങ്ങലിലായി. ടൂറിസത്തിന്റെ മറപിടിച്ച് തല്പരകക്ഷികള്‍ പ്രത്യാക്രമണം തുടങ്ങാതിരുന്നില്ല. 

ഇങ്ങനെ മുന്നോട്ട് പോയപ്പോള്‍ പെട്ടെന്നൊരു ദിവസം ഐ.ജി, സിറ്റിയിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ക്രമസമാധാന വിഷയങ്ങളുടെ അവലോകനമാണെന്ന് പറഞ്ഞാണ് വിളിച്ചത്. കമ്മിഷണറേയും എന്നെയും കൂടാതെ സിറ്റിയിലെ അസിസ്റ്റന്റ് കമ്മിഷണര്‍മാരേയും വിളിച്ചിരുന്നു. എന്തോ അസാധാരണത്വം മനസ്സില്‍ തോന്നി. കാരണം, അത്ര വലിയ പ്രശ്നങ്ങളൊന്നും അപ്പോള്‍ സജീവമായി ഉണ്ടായിരുന്നില്ല. പിന്നെന്തിനീ അവലോകനം? നിശ്ചിതസമയത്തുതന്നെ മീറ്റിംഗ് തുടങ്ങി. ക്രമസമാധാന അവലോകനം വേഗം അവസാനിച്ചു; കഷ്ടിച്ച് 10 മിനിറ്റ് മാത്രം. പെട്ടെന്നാണ് മീറ്റിംഗിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം പുറത്തുവന്നത്. മുഖവുരയൊന്നുമില്ലാതെ ഐ.ജി പ്രഖ്യാപിച്ചു. സിറ്റിയില്‍ എസ്.ഐമാരുടെ ട്രാന്‍സ്ഫര്‍ ഇനി കമ്മിഷണര്‍ നടത്തിയാല്‍ മതി. ഞാനൊന്നും പറഞ്ഞില്ല. വെറുതെ കേട്ടിരുന്നു. അപ്പോഴാണ് അദ്ദേഹം അടുത്ത വെടിപൊട്ടിച്ചത്. മേലില്‍ ഡി.സി.പി, അതായത് ഞാന്‍ തന്നെ, എസ്.ഐമാരുടെ സ്ഥലംമാറ്റം ഉത്തരവിടേണ്ട. ഇക്കാര്യം പറയാന്‍വേണ്ടി മാത്രമുള്ള 'അവലോകന യോഗം' ആയിരുന്നു എന്നു തോന്നി. എന്തിന് ഇങ്ങനെ ഒരു നിര്‍ദ്ദേശം എന്റെ കീഴുദ്യോഗസ്ഥരെക്കൂടി വിളിച്ചുവരുത്തി പ്രഖ്യാപിക്കണം? അത് മനപ്പൂര്‍വ്വം ആണെന്നാണ് എനിക്കു തോന്നിയത്. എന്റെ 'ചിറകരിഞ്ഞു' എന്ന് അവരും അറിയട്ടെ എന്ന ചിന്തയായിരിക്കാം. ആ നിലയില്‍ത്തന്നെ ഞാന്‍ മറുപടി പറഞ്ഞു: ''ഡി.സി.പിയുടെ അധികാരവും ചുമതലയും എന്താണെന്ന് കൃത്യമായും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. അതനുസരിച്ചാണ് ഞാന്‍ അധികാരം വിനിയോഗിക്കുന്നത്. അത് പിന്‍വലിക്കാന്‍ സാറിന് അധികാരമില്ല.'' ഐ.ജിയും വിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് എന്തായാലും അദ്ദേഹത്തിന്റെ വാക്കുകള്‍ പാലിക്കണമെന്നായി. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ഇക്കാര്യത്തില്‍ Written Order (രേഖാമൂലമുള്ള ഉത്തരവ്) പുറപ്പെടുവിക്കൂ എന്നായി ഞാന്‍. എഴുതിത്തരാമെന്ന് അദ്ദേഹം. ഈ രീതിയില്‍ ഞങ്ങളുടെ 'അന്യോന്യം' ചൂട് പിടിച്ചു. കൂട്ടത്തില്‍ അല്പം പൊതുതത്ത്വം കൂടി ഞാനവതരിപ്പിച്ചു: ''അധികാരവും ചുമതലയും ഒരുമിച്ച് പോകേണ്ടതാണ്; അല്ലാതെ ഒരു വയര്‍ലെസ്സും പിടിച്ച് സെക്രട്ടേറിയേറ്റിനു മുന്നില്‍ നില്‍ക്കാന്‍ മാത്രമാണ് എന്റെ ജോലിയെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല.'' വാക്കുകളേക്കാള്‍ തീക്ഷ്ണമായിരുന്നു എന്റെ മുഖഭാവമെന്ന് ദൃക്സാക്ഷികള്‍ പിന്നീട് പറഞ്ഞു. ഇത്രയുമായപ്പോള്‍ അതുവരെ നിശ്ശബ്ദത പാലിച്ച ശാന്തപ്രകൃതിയായ പൊലീസ് കമ്മിഷണര്‍ അതിലിടപെട്ടു. 'അവലോകനം' പൂര്‍ത്തിയായതുകൊണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ സാന്നിദ്ധ്യം ഇനി ആവശ്യമില്ലല്ലോ എന്നായി കമ്മിഷണര്‍. ഐ.ജിയും അതിനോട് യോജിച്ച് അവരെ പറഞ്ഞുവിട്ടു. പിന്നെ അല്പം ശാന്തത കൈവന്നു. എസ്.ഐമാരുടെ സ്ഥലം മാറ്റത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അത് ഡി.സി.പിയുമായി ആലോചിച്ച് വേണ്ടത് ചെയ്യാമെന്നും കൂടി കമ്മിഷണര്‍ പറഞ്ഞു. ''ഇക്കാര്യത്തില്‍ ഡി.സി.പിക്ക് ഇത്രയും ഫീലിങ്ങ് ഉണ്ടെങ്കില്‍ ഞാന്‍ ഇടപെടുന്നില്ല'' എന്നു പറഞ്ഞു ഐ.ജി ഒടുവില്‍ പിന്മാറി. ആ വിശാലമനസ്‌കതയ്ക്ക് നന്ദി പറയുമ്പോഴും ഇക്കാര്യത്തില്‍ എന്റേത് ശക്തമായ നിലപാട് തന്നെയാണ് എന്ന് അടിവരയിട്ടു. 

ഇവിടെ യഥാര്‍ത്ഥ പ്രശ്നം അധികാരം തന്നെയാണ്. പൊലീസിലെ അധികാരകേന്ദ്രം പൊലീസ് സ്റ്റേഷന്‍ ആണ്. അതിന്റെ ചുമതലക്കാരനായ എസ്.ഐയെ നിയമിക്കാനുള്ള അധികാരം എസ്.പിയുടേതാണ്. ആ പദവിയില്‍ നിക്ഷിപ്തമായ അധികാരം നേരാംവണ്ണം വിനിയോഗിക്കുമ്പോഴാണ് തന്റെ ഭാരിച്ച ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ എസ്.പി പ്രാപ്തനാകുന്നത്.  അധികാരം അടിയറവ് വെച്ചാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെറും അലങ്കാരവസ്തു മാത്രമാകും. അലങ്കാരം അധികരിക്കുമ്പോള്‍ അത് അശ്ലീലവുമാകാം.

(തുടരും)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com