

പ്രിവിലേജ്ഡ് ആയവരെ സംഘടിപ്പിക്കുക എളുപ്പമാണ്, ലാഭകരമായ ബിസിനസ്സുമാണ്. തുണിയില്ലാത്ത, തുണയില്ലാത്ത, കുടിയില്ലാത്ത പാവങ്ങളെ സംഘടിപ്പിക്കാന്‍ ആദ്യം അവര്‍ നമ്മളെ വിശ്വസിക്കണം. സര്‍വ്വരാലും ചൂഷണം ചെയ്യപ്പെടുന്നവരുടെ വിശ്വാസം ആര്‍ജ്ജിക്കുക തന്നെയും ഒരു സാഹസമാണ് അവരില്‍ ഒരാളായി ജീവിക്കാതെ അത് സാധ്യമാവുകയില്ല. ഇബ്രാഹിംപട്ടണത്തേയും പരിസരപ്രദേശങ്ങളിലേയും അടിച്ചമര്‍ത്തപ്പെട്ട ദളിതരുടെ ഊരുകളില്‍ ഉള്ളത് കഴിച്ച്, കക്കൂസും കുളിമുറിയും കാണാത്തവര്‍ക്കൊപ്പം കഴിഞ്ഞ വിദ്യാസമ്പന്നയായ ഒരു ബ്രാഹ്മണ യുവതിയുടെ അസാധാരണമായ പോരാട്ടത്തിന്റെ, ഒരു സമൂഹത്തിന്റെ അതിജീവനത്തിന്റെ ചരിത്രം കൂടിയാണ് Land, Guns, Caste, Woman. ആലപ്പുഴയിലെ ഹരിപ്പാടുകാരനായ കെ.എച്ച്. രാമസ്വാമിയുടേയും ലക്ഷ്മിയുടേയും മകള്‍ ഗീത സ്വയം അടയാളപ്പെടുത്തുന്നത് കാലഹരണപ്പെട്ട ഒരു വിപ്ലവകാരിയായാണ്.
ഏതു മേഖലയിലേക്ക് കടന്നുവരുന്നതിലും പ്രയാസകരമാണ് ഒരു പെണ്‍കുട്ടിക്ക് അടിമുടി വിപ്ലവകാരിയായി ജീവിക്കുവാന്‍. അണ്ടര്‍ഗ്രൗണ്ടിലടക്കം പ്രവര്‍ത്തിച്ച നക്സലൈറ്റ് മൂവ്മെന്റിന്റെ ഭാഗമായ കൗമാരവും യൗവ്വനവും. സംഭവബഹുലമായ ഒരു കാലഘട്ടം വായനക്കാരുടെ കണ്‍മുന്നില്‍ പുന:സൃഷ്ടിക്കുകയാണ് എഴുത്താള്‍. പേരിന് ഭൂമി പെണ്ണാണെന്ന് നമ്മള്‍ പറയുമെങ്കിലും സമ്പൂര്‍ണ്ണമായും ആണധികാരത്തിന്റെ ബിംബങ്ങളാണ് Land, Guns, Caste. ഇതു മൂന്നിന്റേയും ഇരയായി ഏറ്റവും ഭീകരമായ ചൂഷണം ഒരു അണക്കെട്ട്‌പോലെ ഏറ്റുവാങ്ങുന്നത് പെണ്ണാണ്. ആധുനിക സമൂഹത്തിന്റെ നെടുന്തൂണുകളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ഏറ്റവും വലിയ ശത്രു അതെല്ലാം റദ്ദുചെയ്തുകളയുന്ന ജാതിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ പരിധിക്കുള്ളില്‍നിന്നുകൊണ്ട് ഭംഗിയായി പലതും ചെയ്യാനാവുമെന്ന് സ്വജീവിതംകൊണ്ട് തെളിയിക്കുകയാണ് ഗീത.
വെറുതേ പറഞ്ഞുപോവുകയല്ല, സംഭവങ്ങള്‍ക്കൊപ്പം നിര്‍ഭയം പേരുകള്‍ വിളിച്ചുപറഞ്ഞു തന്നെയാണ് ഗീത പോവുന്നത്. അത്, അവള്‍ നിങ്ങള്‍ക്കൊക്കെയും കിടന്നുതരുന്നതുകൊണ്ടാണോ നിങ്ങള്‍ അവളെ അനുസരിക്കുന്നത്, അവളുടെ പണി എങ്ങനെയുണ്ട്, അവള്‍ എനിക്കും എന്നു തന്റെ അനുയായികളോട് ചോദിച്ച മുന്‍ നക്സലും പിന്നീട് പൊലീസ് ഓഫീസറുമായ സര്‍വ്വേശ്വര്‍ റെഡ്ഢിയുടേതാവാം, ഇന്ദിരാജി കീ ജയ് വിളിക്കാന്‍ വിസമ്മതിച്ച തന്റെ സഖാവിന്റെ നാവ് അരയിഞ്ച് മുറിച്ചെടുത്ത വിജയ രാമറാവുവിന്റേതാവാം, തന്നോട് ഒരു കളി ചോദിച്ച മുന്‍ കമ്യൂണിസ്റ്റും വക്കീലുമായ രാംമോഹന്‍ റാവുവിന്റേതാവാം, കുര്‍മി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കവേ, പ്രദേശവാസികള്‍ ഒന്നടങ്കം അയാളുടെ കോട്ടവളഞ്ഞ് തല്ലിക്കൊന്ന് കത്തിച്ച ലക്ഷ്മി നാരായണ്‍ റെഡ്ഢിയുടേതാവാം (മനുഷ്യാവകാശപ്രവര്‍ത്തകനും സോഷ്യലിസ്റ്റും ആക്ടിവിസ്റ്റും പിന്നീട് സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ബി. സുദര്‍ശന്‍ റെഡ്ഢിയുടെ പിതാവ്). സത്യസന്ധതയാണ്, സുതാര്യതയാണ് ഗീതയുടെ ഓര്‍മ്മക്കുറിപ്പുകളെ അസാധാരണമായ ഒരു വായനാനുഭവമാക്കുന്നത്.
അറിവുകളെ റദ്ദുചെയ്യുന്ന അനുഭവങ്ങള്‍
രാഷ്ട്രീയവും സാമൂഹികവും ജാതീയവുമായ ദുരവസ്ഥയെ ലഹളയോ കലാപമോ ഇല്ലാതെ എങ്ങനെ മാറ്റിയെടുക്കാനാവും എന്നതിന്റെ ഒരു കേസ് സ്റ്റഡി തന്നെയാണ് ഗീതയുടെ ജീവിതവും ചരിത്രവും. നൂറ്റാണ്ടുകളുടെ ദുരവസ്ഥയില്‍നിന്നും സമൂഹങ്ങളെ ഉയര്‍ത്താന്‍ സമാധാനപൂര്‍ണ്ണമായ ഇടപെടലിനു സാധ്യമാവുമെന്ന് തെളിയിച്ചതാണ് ഗീതയുടെ ജീവിതം.
''എന്റെ കുടുംബത്തിന് അടിമത്തൊഴിലാളികള്‍ ഇല്ലായിരുന്നു. ഞാന്‍ പക്ഷേ, സംഘത്തിന്റെ പ്രക്ഷോഭത്തില്‍ പങ്കാളിയായി. ഗീതാമ്മയുടെ സഹായത്തോടെ ഗ്രാമത്തിലെ അടിമത്തൊഴിലാളികളെ ഞങ്ങള്‍ മോചിപ്പിച്ചു: അവരുടെ കടങ്ങള്‍ തിരിച്ചടക്കില്ലെന്ന് പ്രഖ്യാപിച്ചു: അവര്‍ക്ക് കന്നുകാലികളും ഭൂമിയും നേടി. തൊട്ടടുത്ത മടപ്പൂരിലെ വനഭൂമിയില്‍ അവകാശം നേടിയെടുക്കാന്‍ മൂന്ന് വര്‍ഷത്തോളമാണ് ഞങ്ങള്‍ പോരാടിയത്. ഞങ്ങള്‍ ഉല്പന്നങ്ങളുടെമേല്‍ അവകാശം നേടി, മണ്ണില്‍ ജോലിചെയ്തു; ഞങ്ങളുടെ കുടുംബത്തെ പോറ്റാന്‍ മാസം 400 രൂപ വരുമാനം നേടി. സ്വന്തമായി ഇഷ്ടികകള്‍ നിര്‍മ്മിച്ച് ഞങ്ങള്‍ വീടുകള്‍ പണിതു കോണ്‍ക്രീറ്റ് റോഡും നിര്‍മ്മിച്ചു. കുട്ടികളെ പഠിക്കാന്‍ ഹോസ്റ്റലുകളിലേക്ക് ഞങ്ങള്‍ അയച്ചു. ഗീതാമ്മയുടെ പിന്തുണയോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഞാനും രാഷ്ട്രീയത്തില്‍ സജീവമായി. സംഘം നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചു.'' പേത്തുല ഗ്രാമത്തിലെ തൊഴിലാളി നാഗതി ബാച്ചമ്മയുടെ വാക്കുകളാണിത്.
ഗീതയ്ക്കു മുന്നേയും ഗീതയ്ക്കു ശേഷവും എന്ന് ഒരു നാട് ചരിത്രപരമായി വിഭജിക്കപ്പെട്ടു എന്നു നിരീക്ഷിച്ചത് പുതുതലമുറയിലെ ഒരു വിദ്യാര്‍ത്ഥിയാണ്. പലരിലും പല ഗുണങ്ങളുണ്ടാവാം, എല്ലാറ്റിനേയും മാനവികതയുമായി ചേര്‍ത്ത് തന്റേതായ ഒരു ശൈലിയിലൂടെ ഒരു സമൂഹത്തെ, തലമുറകളായി അതനുഭവിച്ച അടിമത്തത്തില്‍നിന്ന് മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ പേരാണ് ഗീത രാമസ്വാമി. ''ജനങ്ങളെ സേവിക്കുന്ന ഒരു പ്രസ്ഥാനത്തിനുവേണ്ടിയാണ് ഗീത തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചത്'' എന്ന് നിരീക്ഷിച്ചിട്ടുണ്ട് ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. വളച്ചുകെട്ടില്ലാത്ത, ഏച്ചുകൂട്ടലിന്റെ മുഴച്ചുനില്‍ക്കലുകളില്ലാത്ത സത്യസന്ധമായ ആവിഷ്‌കാരം വായന ഒരു തീവ്രാനുഭവമാക്കുന്നു. ജാതി എന്ന ടൂള്‍ ഉപയോഗിച്ച് ഒരു ജനതയെ അടിമകളാക്കി, വെള്ളക്കാര്‍ കോളനികളോട് ചെയ്ത ക്രൂരതകള്‍ നമ്മള്‍ നമ്മുടെ ജനതയോട് ചെയ്യുന്നതിന് തെളിവുകള്‍ നിരത്തുകയാണ് എഴുത്തുകാരി.
ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്ന വിവരക്കേടിനെ, കേന്ദ്രീകൃത ജനാധിപത്യത്തെ, പുറമേ പറയുന്നത് തുല്യതയാണെങ്കിലും ഉള്ളിലെ പവര്‍ ഹയറാര്‍ക്കിയെ, നേതാക്കളിലെ ജന്‍ഡര്‍-ജാത്യാന്ധതയെ, ഇരട്ടത്താപ്പിനെ ഒക്കെയും വിമര്‍ശിച്ചാണ് ഗീത 1976-ല്‍ നക്സലിസം വിട്ടത്. ആദ്യം ചണ്ഡിഗഡില്‍, 1977-ല്‍ ഡല്‍ഹിയിലേക്ക്. മലം വൃത്തിയാക്കുന്ന ഗാസിയാബാദിലെ ബാല്‍മീകി സമൂഹമായി കര്‍മ്മമേഖല. കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസവും മുതിര്‍ന്നവര്‍ക്ക് ഹിന്ദിയും മറ്റ് ബോധവല്‍ക്കരണ പരിപാടികളുമായി ഏറെക്കാലം. ഏതാണ്ട് മൂന്നര പതിറ്റാണ്ടിനുശേഷം താന്‍ പണ്ട് പഠിപ്പിച്ച സമൂഹത്തെ കാണാനായി ഗീത 2021-ല്‍ ഗാസിയാബാദിലേക്ക് പോയി. ഹൃദയഹാരിയാണ് ആ കൂടിക്കാഴ്ചകള്‍. 1978-ല്‍ പത്തു-പന്ത്രണ്ടുകാരായിരുന്ന മാലിന്യക്കൂനയില്‍ ഈച്ചയാര്‍ത്ത പയ്യന്‍മാര്‍ ജോഗേന്ദര്‍ അമൃത്സര്‍ എയര്‍പോര്‍ട്ട് മാനേജരും ചരണ്‍സിംഗ് നോയിഡയിലെ വക്കീലുമായി. തങ്ങളുടെ സമുദായത്തിന്റെ ഉന്നമനം സാദ്ധ്യമാക്കി അപ്രത്യക്ഷയായ ഗീതയെ അന്ധത മൂടാത്ത അകക്കണ്ണുകളില്‍ തിരിച്ചറിഞ്ഞ ഗ്യാനി എന്ന തോട്ടി ഒരു 500 രൂപ ഗീതയുടെ കയ്യില്‍ വച്ചുകൊടുത്തു. ഞെട്ടലോടെ അവരത് നിരസിച്ചു. അദ്ദേഹം പറഞ്ഞു: ഞങ്ങളുടെ ജീവിതത്തിന് ഇന്നിത് കഴിയും, ദയവായി സ്വീകരിക്കണം. എന്റെ സഹോദരി വരുമ്പോള്‍ ഞാന്‍ നല്‍കുന്നതാണിത്. ഇത് നിരസിക്കരുതെന്ന അയാളുടെ അപേക്ഷയ്ക്കു മുന്നില്‍ നിരായുധയായ ഗീത കണ്ണീര്‍ പൊടിഞ്ഞുകൊണ്ട് അതു വാങ്ങിച്ചു. ജോഗേന്ദറും ചരണും ഒക്കെ ഫോണില്‍ ബന്ധപ്പെട്ട് കണ്ടുമാത്രമേ പോവാന്‍ സമ്മതിച്ചുള്ളൂ. ആയൊരു സ്നേഹസംഗമത്തിന്റെ വൈകാരികത നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. വിപ്ലവം കേവലം ഒരു വഴി, ഇന്ന് സമ്പൂര്‍ണ്ണമായും കാലഹരണപ്പെട്ടത്. ലക്ഷക്കണക്കിനു മാര്‍ഗ്ഗങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാധ്യമാണെന്ന തിരിച്ചറിവാണ് വാല്മീകി സമുദായം അവര്‍ക്ക് നല്‍കിയത്. ഇന്ത്യനായ ഒന്നും തന്നെയല്ല, നക്സലിസവുമല്ല, വാല്മീകി സമുദായത്തെ മാറ്റിമറിച്ചത് അവര്‍ പകര്‍ന്ന ഇംഗ്ലീഷ് വിദ്യാഭ്യാസമാണ്.
1980-ല്‍ അവര്‍ ഹൈദരാബാദ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചു; ലോകമെമ്പാടുമുള്ള കുറഞ്ഞ വിലയുള്ള പുസ്തകങ്ങള്‍ക്കും വിവര്‍ത്തനങ്ങള്‍ക്കും പേരെടുത്തതാണ് ആ സ്ഥാപനം. ഐ.ഐ.ടി, ഐ.ഐ.എം വിദ്യാഭ്യാസമോ ഐ.എ.എസോ ഒക്കെയും നേടാമായിരുന്നത്രയും പ്രതിഭാശാലിയായ ഒരാളുടെ സാമൂഹിക പുരോഗതിയും അറിവും ലക്ഷ്യമാക്കിയുള്ള നോണ്‍-പ്രോഫിറ്റ് സംരംഭമായി അത്.
ഒരു യാഥാസ്ഥിതിക ബ്രാഹ്മണ്‍ കുടുംബത്തിലെ അതിസമര്‍ത്ഥയും വിദ്യാസമ്പന്നയുമായി അത്യുന്നതങ്ങളില്‍ വിരാജിക്കേണ്ട ഒരു പെണ്‍കുട്ടി എന്തുകൊണ്ടാവാം തീവ്ര ഇടത്, നക്സലൈറ്റ് രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്?
എല്ലാ ജാതികളിലും അടിമകളാണ് സ്ത്രീകളെങ്കിലും ഏറ്റവും വൃത്തികെട്ട ആചാരങ്ങളുടെ ലോകമായാണ് തന്റെ ജാതിയെ ഗീത കാണുന്നത്. ആര്‍ത്തവം മുതല്‍ അതു തുടങ്ങുകയായി, അശുദ്ധിയുടെ പേരിലുളള വിവേചനവും ഒറ്റപ്പെടുത്തലും അകറ്റിനിര്‍ത്തലും. ആര്‍ത്തവം അശുദ്ധിയായി, പാപമായി ബ്രാഹ്മണ്യം കണ്ടപ്പോള്‍ അവര്‍ തൊട്ടുകൂടാത്തവരായി പ്രഖ്യാപിച്ചവര്‍ ആര്‍ത്തവത്തെ ആഘോഷിക്കുന്നത് അവള്‍ മനസ്സിലാക്കി. പടിഞ്ഞാറ് ബ്രാ കത്തിച്ചവരെ വേശ്യകളായി കണ്ടപ്പോള്‍ ബ്രാ ധരിച്ചവരെ വേശ്യകളായി വരവുവെച്ചതാണ് ബ്രാഹ്മണ്യം. സഹപാഠികളുടെ ബ്രാ കണ്ട് തനിക്ക് അതു വേണമെന്ന് പറഞ്ഞ മകളോട് അമ്മ പറഞ്ഞത് സ്തനങ്ങള്‍ മുഴച്ചുകാണിക്കാനായി അതു ധരിക്കുക വേശ്യകളാണെന്നായിരുന്നു. ജീവിതം പകുതി കഴിഞ്ഞതിനു ശേഷമാണ് തന്റെ അമ്മയ്ക്ക് ബ്രാ ധരിക്കാന്‍ ആയതെന്ന് എഴുതുന്നുണ്ടവര്‍. അങ്ങനെ സ്ത്രീ ജീവിതത്തിന്റെ സമസ്തമേഖലകളിലും പുരുഷന്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്ന ദുരവസ്ഥയുടെ കാലത്ത് ലോകത്ത് ഏറ്റവും പുരോഗമനമായി തോന്നുന്നതിലേക്ക് ഗീത സ്വയം സ്വതന്ത്രയാക്കിയതാവാം.
ഇന്ത്യയുടെ ഏറെ പരിതാപകരമായ അവസ്ഥയുടെ വേരുകള്‍ ബ്രാഹ്മണിസത്തിലാണ്. കുലസ്ത്രീകളാവാതെ എല്ലാ അമ്മമാരും ഫെമിനിസ്റ്റുകളായിരുന്നെങ്കില്‍ ഈ ലോകം ഏറെ മാറിയേനെ എന്നവള്‍ ചിന്തിച്ചു. ഇടയ്ക്കുള്ള അച്ഛന്റെ സ്ഥലം മാറ്റം മകളെ സ്വതന്ത്ര ചിന്തയുടെ ബാഹ്യലോകത്തേക്ക് നടത്തി. കഷ്ടപ്പാടുകളില്‍നിന്നുള്ള മോചനം കാശുകൊണ്ടല്ല, അറിവിലൂടെ മാത്രമേ സാധ്യമാവൂ എന്നവള്‍ അറിഞ്ഞു. സകലരേയും ചൂഷണം ചെയ്ത ബ്രാഹ്മണ്യം അവരുടെ പെണ്ണിനേയും വെറുതെ വിട്ടില്ല. അമ്മയുടെ സ്‌കൂള്‍വിദ്യാഭ്യാസം സഹോദരന്‍ ഇല്ലാതാക്കിയത് അവര്‍ക്കുണ്ടായിരുന്ന ഒറ്റസെറ്റ് കുപ്പായം കീറിയെറിഞ്ഞാണ്. പാരമ്പര്യത്തിന്റെ നുകമാണ് കുടുംബജീവിത സന്തോഷത്തെ ഹനിക്കുന്നത്. വേണ്ടത് യുക്തിബോധമാണെന്ന് അവള്‍ മനസ്സിലാക്കുന്നത് സ്വാനുഭവങ്ങളില്‍ നിന്നാണ്. സോ-കോള്‍ഡ് പാരമ്പര്യമൂല്യങ്ങളാണ് മനുഷ്യബന്ധങ്ങളിലെ പരസ്പര സ്നേഹത്തേയും ബഹുമാനത്തേയും റദ്ദുചെയ്തുകളയുന്നത്. സാമൂഹികമായി ചേര്‍ത്തുപിടിക്കലാണ് എങ്ങുമെങ്കില്‍ ബ്രാഹ്മണ്യത്തില്‍ അകറ്റിനിര്‍ത്തലാണ് രീതി. ഇംഗ്ലീഷ് ഭാഷയെ വിമോചനത്തിന്റെ ഭാഷയായി അവള്‍ കണ്ടു, അതുല്യമാണ് ഈ പുസ്തകത്തിന്റെ ഭാഷാസൗന്ദര്യം, മനോഹരമായ പദസമ്പത്ത്, ശൈലിയും.
പുരുഷാധിപത്യം വിവാഹമോചനത്തിന് എതിരാവുന്നത് അതുകണ്ട് മറ്റുള്ള പെണ്‍കുട്ടികള്‍ പഠിക്കാതിരിക്കാന്‍ മാത്രമാണെന്ന് ഗീത മനസ്സിലാക്കുന്നത് സഹോദരിയുടെ ദാമ്പത്യത്തില്‍ നിന്നുമാണ്. സ്‌കൂള്‍തലത്തിലേ പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കലും പിന്നീട് സാമ്പത്തിക സ്വാതന്ത്ര്യം നേടലുമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള മാര്‍ഗ്ഗം എന്നുകൂടി അതവളെ പഠിപ്പിക്കുന്നുണ്ട്. പ്രാവര്‍ത്തികമാക്കിയിട്ടുണ്ട് ഗീത അതെല്ലാം നിസാമുദ്ദീനിലെ തോട്ടികളുടെ ഇടയിലും ഇബ്രാഹിംപട്ടണത്തെ മാലയുടേയും മഡിഗയുടേയും കുടികളിലും ചായ്പുകളിലും. തലമുറകളായുള്ള അടിമത്തം നടുവൊടിച്ചവരെ നിവര്‍ന്നുനില്‍ക്കാനും ഓഫീസില്‍ കസേര വലിച്ചിട്ട് ഇരിക്കാനും പഠിപ്പിച്ച് അവരില്‍ ആത്മവിശ്വാസം നിറയ്ക്കുകയായിരുന്നു ഗീത. തഹസില്‍ദാര്‍ വരുന്നുണ്ടെന്ന് കേട്ടാല്‍ ഭയന്ന് ഓടിപ്പോവുന്നവരെ, അയാള്‍ക്കു മുന്നില്‍ ഇരിക്കാന്‍ പ്രാപ്തരാക്കുന്നതിലും വലിയ വിപ്ലവം മറ്റെന്താണ്? അതിന്റെ ചരിത്രം പറയുന്ന ഒരു സൃഷ്ടി വായിക്കുക നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്.
വിപ്ലവ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍, നിരാശകള്‍
എല്ലാ അസമത്വങ്ങളും അനീതികളും സാധാരണമെന്നു വിലയിരുത്തപ്പെടുമ്പോള്‍ സമൂഹം അതിനെ സൂര്യോദയവും അസ്തമയവും പോലെ ഒരു സാധാരണ പ്രതിഭാസമായി കാണും, അല്ലെങ്കില്‍ അതവരുടെ വിധിയായി കാണും. നമ്മുടെ ടൂള്‍ ജനാധിപത്യപരമല്ലെങ്കില്‍, നിഗൂഢമായ വഴികളാണ് എങ്കില്‍ എല്ലാ സാധ്യതയും അതൊരു ദൂഷിതവലയമായി അധ:പതിക്കുവാനാണ്; ഒരുകൂട്ടം അഴിമതിക്കാരേയും കൊള്ളക്കാരേയുമാണ് അത് സൃഷ്ടിക്കുക.
സെമി ഫ്യൂഡലിസം, സെമി കൊളോണിയലിസം, കോംപ്രഡോര്‍ ബൂര്‍ഷ്വാസി എന്നീ മൂന്നു മലകളില്‍ തട്ടിയാണ് പ്രധാന വിഷയങ്ങളിലുള്ള പല ഡിബേറ്റുകളും വഴിമുട്ടിയതെന്ന് ഗീത വിമര്‍ശിക്കുന്നു. ഇതൊന്നും സാധാരണക്കാരുടെ വിഷയങ്ങളല്ല. എളുപ്പം പരിഹരിക്കാനാവുന്ന വിഷയങ്ങളെ അതിനു തുനിയാതെ, വോട്ടുബാങ്ക് രാഷ്ട്രീയം പയറ്റിയ ഇടത് രാഷ്ട്രീയത്തെ, മാവോയിസത്തെ ഒക്കെയും അവര്‍ നോക്കിക്കാണുന്നത് സ്വാനുഭവങ്ങളുടെ കൊടുമുടിയില്‍ നിന്നാണ്. തൊട്ടുകൂടാത്തവരായ മാലരുടേയും മഡിഗരുടേയും കുര്‍മ്മികളുടേയും കുടികളില്‍ കുടിയിരുന്നാണ്, സകല ബന്ധങ്ങളും അവരുടെ ഉന്നമനത്തിനായി ഉപയോഗിച്ചാണ് അവര്‍ ചരിത്രം സൃഷ്ടിച്ചത്.
ചന്ദ്രപുല്ലറെഡ്ഢിയുടെ സി.പി.ഐ.എം.എല്ലില്‍ ഗീത അംഗത്വം നേടുന്നത് 1973-ലാണ്. ട്രൗസറില്‍നിന്നും സാരിയിലേക്ക്. എഴുത്തിലും കര്‍ണാട്ടിക് സംഗീതത്തിലുമുള്ള സ്വാധീനം ഗീതയെ പാര്‍ട്ടിയുടെ സാംസ്‌കാരിക മുഖമാക്കി. ഒസ്മാനിയയുടെ ഹൈദരാബാദ് കാമ്പസിലെ പത്തുപേരില്‍നിന്നും നൂറുകണക്കിനു പ്രവര്‍ത്തകരിലേക്ക് പ്രസ്ഥാനം സംസ്ഥാനവ്യാപകമായി വളര്‍ന്നു, പ്രക്ഷോഭങ്ങളും
ചന്ദ്രപുല്ലറെഡ്ഢിയുടെ സി.പി.ഐ.എം.എല്ലില്‍ ഗീത അംഗത്വം നേടുന്നത് 1973-ലാണ്. ട്രൗസറില്‍നിന്നും സാരിയിലേക്ക്. എഴുത്തിലും കര്‍ണാട്ടിക് സംഗീതത്തിലുമുള്ള സ്വാധീനം ഗീതയെ പാര്‍ട്ടിയുടെ സാംസ്‌കാരിക മുഖമാക്കി. ഒസ്മാനിയയുടെ ഹൈദരാബാദ് കാമ്പസിലെ പത്തുപേരില്‍നിന്നും നൂറുകണക്കിനു പ്രവര്‍ത്തകരിലേക്ക് പ്രസ്ഥാനം സംസ്ഥാനവ്യാപകമായി വളര്‍ന്നു, പ്രക്ഷോഭങ്ങളും. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നപോലെയാണ് വ്യക്തികളില്‍ മുന്‍പില്ലാത്ത ഗുണങ്ങള്‍ സംഘടനയിലൂടെ പകരേണ്ടത്. പാരമ്പര്യത്തിന്റെ പുറ്റ് പൊടിച്ചുകളയാതെ പുരോഗമനം സാധ്യമല്ലെന്ന തിരിച്ചറിവായിരുന്നു കലാലയ സമ്പാദ്യം, നക്സലിസത്തിന്റേയും. പ്രണയമാണോ സിറിളുമായുള്ള വിവാഹത്തിലേക്ക് നയിച്ചത് എന്നതില്‍ രണ്ടുപേര്‍ക്കും സംശയമായിരുന്നു. വിപ്ലവജീവിതത്തില്‍ അനുയോജ്യരായ രണ്ടു പങ്കാളികളുടെ ഒത്തുചേരലായി മാത്രം അവരത് കണ്ടു. സംഘടനയ്ക്കുള്ളിലെ വിവാഹം ആണ്‍പെണ്‍ തുല്യതയുടെ ഒരു കളമൊരുക്കി. സമ്പൂര്‍ണ്ണ ജീവിതസ്വാതന്ത്ര്യം ആണ്‍കൂട്ടങ്ങള്‍ ആഘോഷിച്ചപ്പോള്‍ അതേ വിപ്ലവകാരികളുടെ സഹോദരിമാരുടെ കാര്യത്തില്‍ ആ സ്വാതന്ത്ര്യം ബാധകമായിരുന്നില്ലെന്ന് ഗീത നിരീക്ഷിക്കുന്നുണ്ട്. സ്വയം ലവലേശം മാറാതെ ഇടതായി തുടരാമെന്നത് ഒരു വല്ലാത്ത ലക്ഷ്വറിയാണ്, പുതിയ ബ്രാഹ്മണര്‍ ബോധം മാത്രം മാറ്റാതെ ബീഫ് കഴിച്ച് വിപ്ലവകാരികളായി നിലയുറപ്പിച്ചു. അവര്‍ക്കൊരു ബ്രാഹ്മിണ്‍ പങ്കാളിയെത്തന്നെ എടുക്കുകയുമാവാം.
അംബേദ്കറുടെ ഏറ്റവും വലിയ സംഭാവന ക്ലാസ്സ് അല്ല കാസ്റ്റ് ആണ്, ഇന്ത്യയുടെ മുഖ്യ ആശങ്ക എന്നു സ്ഥാപിക്കുകയായിരുന്നു. എല്ലാറ്റിനും കാരണമായി കമ്യൂണിസ്റ്റുകാര്‍ വിലയിരുത്തിയ ക്ലാസ്സിനേയും ബാക്കി ജാര്‍ഗണുകളേയും നിര്‍വീര്യമാക്കുന്ന വാദമായി അത്. എസ്.ഡി. പി.ഐ പോലുള്ള തീവ്രവാദ സംഘടനകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറിയതായി ഇന്ന് ആരോപിക്കപ്പെടുന്നതുപോലെ പണ്ട് ബ്രാഹ്മണനിസ്റ്റുകള്‍ ഹൈദരാബാദ് ആസ്ഥാനമാക്കിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലടക്കം ആധിപത്യം സ്ഥാപിച്ചു. വനിതാവിഭാഗവും മറ്റു യൂണിയനുകളും രൂപീകരിച്ചതുപോലെ എന്തുകൊണ്ട് ഒരു പ്രത്യേക ദളിത് വിങ്ങ് പാര്‍ട്ടി രൂപീകരിക്കുന്നില്ലെന്ന ചോദ്യം 1970-കളില്‍ ഉയര്‍ന്നു. കാച്ച് ദം യങ്ങ് എന്നു കോര്‍പറേറ്റ് പോളിസി തന്നെയായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ കാമ്പസ് റിക്രൂട്ട്മെന്റ് നയവും. ആകൃഷ്ടരായി പോയവര്‍ ഏറെയും പക്ഷേ, കൊഴിഞ്ഞുപോയി. വാക്ക് തെക്കോട്ടും പ്രവൃത്തി വടക്കോട്ടും പോവുന്നതു കണ്ടുണ്ടായ നിരാശയില്‍ പലരും തകര്‍ന്നു, ചിലര്‍ വീണുപോയി. വിപ്ലവം കാളവണ്ടിക്കു മുന്നില്‍ കെട്ടിയ പുല്ലാണെന്ന്, അതൊരു മോഹിപ്പിക്കുന്ന മരീചിക മാത്രമാണെന്നു തിരിച്ചറിഞ്ഞവര്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു മാറി, പട്ടോല ഇന്ദ്രറെഡ്ഡിയെ പോലുള്ളവര്‍ ടി.ഡി.പിയിലേക്ക് ചേര്‍ന്നു.
നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവരുമായി അകലെനിന്ന് അടുക്കുക സാധ്യമല്ല, വൈകാരികമായി അടുക്കണം. മാറ്റങ്ങള്‍ അങ്ങനെയുള്ളവര്‍ ഉണ്ടാക്കിയപ്പോള്‍, ആ മാറ്റത്തിന്റെ ക്രെഡിറ്റും സ്വന്തം വകയില്‍ വരവുവെയ്ക്കാന്‍ മത്സരിച്ചവരായിരുന്നു പലരും. നക്സല്‍ബാരി സിന്ദാബാദ്, ചൈനാ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍, അധികാരം തോക്കില്‍കുഴലിലൂടെ മുദ്രാവാക്യങ്ങള്‍ പുളിവെള്ളം ആവശ്യവും മുളകുബജ്ജി ആഡംബരവുമായ ഒരു ജനതയുമായി ഏതുവിധത്തിലാണ് വൈകാരികമായി സംവദിക്കുന്നതെന്ന ചിന്ത ഗീതയെപ്പോലെയുള്ളവരെ ഉലച്ചു. സ്വയം മാറാത്ത ഒരാള്‍ക്ക് മറ്റൊരാളെ മാറ്റുക സാധ്യമല്ല. അതുകൊണ്ടാണ്, പാരമ്പര്യത്തിനു മുകളില്‍ ഒരുപിടി പച്ചമണ്ണ് വാരിയിട്ട് മാറി ജീവിക്കുന്നവരെ സുരക്ഷിത സമൂഹം എന്നും എവിടെയും ഭയക്കുന്നത്.
സെമി ഫ്യൂഡലിസം, കൊളോണിയലിസം, കോംപ്രഡോര്‍ ബൂര്‍ഷ്വാസി എന്നീ മൂന്നു പ്രശ്നമലകള്‍ കീഴടക്കിയാല്‍ എല്ലാം ശരിയാവുമെന്നു കരുതിയവര്‍ക്ക് ദളിത് പെണ്ണിനെ ബലാത്സംഗം ചെയ്ത റെഡ്ഢിയും സ്ത്രീധന കൊലകളും ദളിത് കൂട്ടക്കൊലകളുമൊന്നും വിഷയമായില്ല. പാര്‍ട്ടിനേതാക്കള്‍ക്ക് അധീനതയിലുള്ള പ്രദേശത്തെപ്പറ്റിയോ ഭൂമിശാസ്ത്രത്തെപ്പറ്റിയോ ഒരു വിവരവും ഉണ്ടായിരുന്നില്ല, ഒളിവുജീവിതത്തില്‍ പിടിക്കപ്പെടും എന്ന അവസ്ഥയുണ്ടായപ്പോള്‍ വനപ്രദേശം പൂര്‍ണ്ണമായും പാര്‍ട്ടി നിയന്ത്രണത്തിലാണെന്നും അങ്ങോട്ടേക്ക് മാറിക്കൊള്ളാനും കാഡറിന് നിര്‍ദ്ദേശം കൊടുത്തു കൊലയ്ക്കു കൊടുത്തവരാണ് നേതാക്കള്‍. പ്രദേശങ്ങള്‍ മോചിപ്പിച്ചെന്നും എല്ലാം തങ്ങളുടെ കീഴിലാണെന്നതും അവരുടെ മാത്രം അവകാശവാദമായിരുന്നു. പാര്‍ട്ടി അടിയന്തരാവസ്ഥയോട് യുദ്ധം ചെയ്യുന്നതായ തോന്നല്‍ പുറത്തുള്ളപ്പോള്‍ അകത്ത് കാഡര്‍ നേതാക്കള്‍ക്കെതിരെ തിരിയുകയായിരുന്നു. ഭരണകൂടം മികച്ച നേതാക്കളെ എന്‍കൗണ്ടറുകളില്‍ തീര്‍ത്ത് മോശക്കാരായവരെ വളരാന്‍ വിട്ടു. അവര്‍ പ്രസ്ഥാനത്തെ തീര്‍ത്തു. യാഥാര്‍ത്ഥ്യബോധവുമായി ബന്ധമില്ലാത്ത നിലപാടുകളും അടിസ്ഥാനവര്‍ഗ്ഗവുമായി ബന്ധമില്ലാത്ത നേതാക്കളും നശിപ്പിച്ചതാണ് ഇടതിന്റെ ഇന്ത്യയിലെ സ്വാധീനം. നക്സലിസത്തെ നശിപ്പിച്ചത് നേതാക്കളുടെ ആഡംബരജീവിതമായിരുന്നു എന്ന് ഗീത.
കേന്ദ്രീകൃത ജനാധിപത്യം ഇല്ലാതാക്കിയത് വാഗ്വാദങ്ങളും ചര്‍ച്ചകളുമാണ്. സര്‍വ്വസജ്ജമായ ഒരു രാജ്യത്ത് സായുധപ്പോരാട്ടം കലാശിക്കുക വ്യക്തികള്‍ക്കെതിരെയുള്ള അക്രമങ്ങളായാവും. കലാപങ്ങളുടെ ആദ്യ ഇരകളാവുക മഹാദരിദ്രരും. സി.പി.ഐ.എം.എല്‍ പ്രസ്ഥാനങ്ങളുടെ കലാപം ഭരണകൂട ഭീകരതയെ ക്ഷണിച്ചുവരുത്തി. ആവശ്യകതയെക്കാള്‍ തങ്ങളുടെ സ്വാധീനം വിളിച്ചറിയിക്കുവാനുള്ള പ്രസ്താവനകളായിരുന്നു നക്സലൈറ്റുകളുടെ കലാപങ്ങള്‍. ജനാധിപത്യത്തിന്റെ ജീവരക്തം പൊതുസമൂഹമാണ്. ഗീതയെപ്പോലുള്ളവര്‍ പൊലീസിനും ഒടുവില്‍ അവര്‍ക്കെതിരായ പാര്‍ട്ടിക്കുമിടയിലായി. ബന്ധങ്ങളുടെ പുറത്തേക്കുള്ള പാലങ്ങളൊക്കെയും തകര്‍ത്തത് വിനയായി. സഹോദരന്റെ ചോരയ്ക്ക് പകരം ചോദിക്കാനുള്ള പ്രതിജ്ഞയുമായി നില്‍ക്കുന്ന സിറിളും നിരാശനായി. പാര്‍ട്ടി വിട്ട് പോവുന്നതും കൂടുതല്‍ ബാധിക്കുക സ്ത്രീകളെയാണ്. കാരണം തിരിച്ചുപോവാനുള്ള ബന്ധങ്ങളുടെ പാലങ്ങളൊക്കെ തകര്‍ത്തായിരിക്കാം അവര്‍ കടന്നുവന്നത്. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച ഡിപ്രഷന്റെ നാളുകളെപ്പറ്റി ഗീത പറയുന്നുണ്ട്. ആണിന് പഴയ ജീവിതവ്യവഹാരങ്ങളിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പമാണ്, ചാരായം വിറ്റും ജീവിക്കാം. പെണ്ണിനു സ്വന്തം വീടുപോലും തിരിച്ചുചെല്ലാന്‍ പറ്റാത്തിടമാവും. പേരും വ്യക്തിത്വവും ബന്ധങ്ങള്‍പോലും പ്രസ്ഥാനത്തിനു വേണ്ടി മാറ്റിവച്ചവരുടെ ഒറ്റപ്പെടല്‍ ഭീകരമാണ്.
ബന്ധങ്ങള്‍ , സൗഹൃദങ്ങള്‍, കൂട്ടായ്മകള്‍
വനിതാവിമോചന പ്രസ്ഥാനങ്ങളുടെ നാളുകളായിരുന്നു 1970-കള്‍. ആജീവനാന്തം കമ്യൂണിസ്റ്റായ സി.കെ. നാരായണ്‍ റെഡ്ഡി, സിവില്‍ സര്‍വ്വന്റും പല നിയമനിര്‍മ്മാണങ്ങളുടേയും പിന്നിലെ ബ്രെയിനുമായ എസ്.ആര്‍. ശങ്കരന്‍, സോഷ്യലിസ്റ്റും പണ്ഡിതനും പുസ്തകപ്രേമിയുമായ എന്‍.വി. രാജ റെഡ്ഡി, സീനിയര്‍ ലോയര്‍ സി. പദ്മനാഭ റെഡ്ഡി, ദളിത് ആക്ടിവിസ്റ്റും സീനിയര്‍ ലോയറുമായ ബോജ്ജ തരകം, കലാലയത്തില്‍ എ.ബി.വി.പിക്കാര്‍ കൊലചെയ്ത ജോര്‍ജ് റെഡ്ഡിയുടെ അനുജനും പിന്നീട് ഗീതയുടെ ജീവിതപങ്കാളിയായ സിറില്‍ റെഡ്ഡി. അസാധാരണരായ വ്യക്തികളുമായുള്ള ഗാഢബന്ധമാണ് ഗീതയിലെ ആക്ടിവിസ്റ്റിനെ രൂപപ്പെടുത്തുന്നത്. വ്യക്തിയുടെ കരുത്ത് കാമ്പുള്ള ബന്ധങ്ങളിലാണെന്ന് ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായവും നമ്മളോട് പറയുന്നുണ്ട്. ഓരോ ദൗത്യത്തിന്റെ വിജയവും വലിയൊരു കൂട്ടായ്മയുടെ വിജയമാണ്. അവരത് തന്റേതാക്കുന്നില്ല.
ലോകത്തെ എല്ലാ മാറ്റങ്ങളും ആദ്യം പ്രതിഫലിക്കുക കാമ്പസുകളിലാവും. ഭാവി അഭ്യാസങ്ങളുടെ കളരികളാവും നല്ല കാമ്പസുകള്‍. കലാലയ ഫെമിനിസ്റ്റ് അനുഭവപാഠങ്ങള്‍ ഗീത പ്രാവര്‍ത്തികമാക്കിയത് ഇബ്രാഹിംപട്ടണത്തെ ദളിത് കോളനികളിലാണ്. നിസ്സഹായരായ സ്ത്രീകളെ അവരുടെ അവകാശങ്ങളെപ്പറ്റി ബോധവതികളാക്കി. കാംബ്രിഡ്ജ് വിദ്യാഭ്യാസം നേടി ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായ, പിന്നീട് കമ്യൂണിസ്റ്റായ മോഹിത് സെന്നിനെ വിവാഹം കഴിച്ച വനജ അയ്യങ്കാര്‍, 1970-കളില്‍ സ്ലീവ്ലെസ് ബ്ലൗസ് അണിഞ്ഞ്, തന്റെ സ്‌കൂട്ടറില്‍ സഞ്ചരിച്ച ഫെമിനിസ്റ്റ് ഡോക്ടര്‍ വനജ ശത്രുഘ്ന തുടങ്ങിയവരുമായുള്ള സൗഹൃദം. അടിയന്തരാവസ്ഥയും അണ്ടര്‍ഗ്രൗണ്ട് രാഷ്ട്രീയ പ്രവര്‍ത്തനവും യാതൊരു ബോധവുമില്ലാത്ത നേതാക്കളേയും കണ്ടുമടുത്താണ് ഗീതയും സിറിലും കര്‍മ്മമേഖലയെ മാറ്റിപ്പിടിക്കുന്നത്, ഡല്‍ഹിയിലേക്ക് വണ്ടി കയറുന്നതും. അവിടെയും സിറിലിന്റെ ഐ.എ.എസ് സഹോദരനും പങ്കാളിയും ഒക്കെ അവര്‍ക്ക് താങ്ങാവുന്നുണ്ട്.
കാത്തുസൂക്ഷിക്കുന്ന ബന്ധങ്ങള്‍, ഭാഗമാവുന്ന സ്ഥാപനങ്ങള്‍, സാക്ഷ്യം വഹിക്കുന്ന ചില അപൂര്‍വ്വ നിമിഷങ്ങളുമൊക്കെയാണ് ഭാവിയിലെ നമ്മെ രൂപപ്പെടുത്തുക. അങ്ങനെ ഒട്ടനവധി ജീനിയസ്സുകളുടെ ജീവിതത്തില്‍ ഗീതയുടേയും മറിച്ചുമുള്ള സ്വാധീനമാവാം ഇങ്ങനെയൊരു ഐതിഹാസിക ജീവിതം ജീവിക്കാന്‍ അവരെ പ്രാപ്തയാക്കിയത്. പാര്‍ട്ടി സാംസ്‌കാരികമുഖമായി അവതരിപ്പിച്ച ഗീത ആളുകളെ നാലുവരിയിലൂടെ പുതിയ ബോധത്തിലേക്ക് നടനമാടിക്കുന്ന ഗദ്ദര്‍ എന്ന പവര്‍ഹൗസിനെ കണ്ട് വിസ്മയഭരിതയാവുന്നുണ്ട്. കുലീനമായ ഭാഷ ഒരിക്കലും ഇഴയുന്നവരിലേക്കുള്ള പാലമാവുകയില്ല. സമാനജീവിതത്തിലൂടെ വൈകാരികമായി കണക്ട് ചെയ്യണം എന്ന് ഗദ്ദറില്‍നിന്നും അവരറിഞ്ഞു. ഗാന്ധി കോട്ടഴിച്ചത് ഉടുതുണിയില്ലാത്തവരെ ചേര്‍ത്തുനിര്‍ത്താനാണ്, ബാബാസാഹേബ് കോട്ടിട്ടത് സ്വന്തം വസ്ത്രത്തിനുപോലും അധികാരമില്ലാത്ത തന്റെ കൂട്ടരുടെ ആത്മാഭിമാനം ഉയര്‍ത്തുവാനാണ്. പാഞ്ച മാറ്റി ട്രൗസറണിയാന്‍ തുടങ്ങിയ അടിമത്തൊഴിലാളികളുടെ അന്തസ്സ് ഉയര്‍ന്നത് ഗീത കണ്ടു. സ്വദേശിയായ പാഞ്ച അടിമത്തത്തിന്റെ വസ്ത്രവും വിദേശിയായ ട്രൗസര്‍ വിമോചനത്തിന്റെ വസ്ത്രവുമാവുന്നുണ്ട്, പഴയ അടിമത്തത്തിന്റെ ഇംഗ്ലീഷ് പുതിയ വിമോചനത്തിന്റെ ഭാഷയാവുന്നതു പോലെ.
ഏറെ സംസാരിക്കുകയും കുറച്ചു കേള്‍ക്കുകയും സര്‍വ്വജ്ഞാനികളെന്നു നടിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ ഇരട്ടത്താപ്പില്ലാത്ത, ഉന്നത ധാര്‍മ്മികബോധം പുലര്‍ത്തിയ അസാധാരണ കമ്യൂണിസ്റ്റായ സി.കെ. നാരായണ്‍ റെഡ്ഡിയെ ഗീത അടയാളപ്പെടുത്തുന്നുണ്ട്. ഗീതയുടെ ഹൈദരാബാദ് ബുക് ട്രസ്റ്റ് രൂപീകരണവും തുടര്‍ന്നുള്ള വിവര്‍ത്തന-പ്രസിദ്ധീകരണ വിപ്ലവവും ഏറെ ആദരവോടെ മാത്രം വായിക്കാനാവുന്ന ഭാഗങ്ങളാണ്. എല്ലാവര്‍ക്കും ഒരേ ശമ്പളവുമായി ഒരു സ്ഥാപനം. കവികള്‍, വിവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, പ്രൊഫസര്‍മാര്‍, നിയമജ്ഞര്‍, സാസ്‌കാരിക നായകര്‍, സകല മേഖലകളിലേയും പ്രതിഭാശാലികളുമായി തുഴഞ്ഞ ഒരു സംരംഭം, ശൂന്യതയില്‍ നിന്നെന്നപോല്‍ ഒരു സൃഷ്ടിയായിരുന്നു എച്ച്.ബി.ടി. ഒരു ജോലിക്ക് ഒരു വൈകാരിക അടിത്തറ വേണമെന്നും എച്ച്.ബി.ടി തനിക്ക് അതാണെന്നും ഗീത എഴുതി.
സ്ത്രീത്വത്തിന്റെ അവസ്ഥയും മുന്നേറ്റങ്ങളുടെ ചരിത്രവും
അടിയന്തരാവസ്ഥയിലെ ഒളിവുജീവിതമാണ് ഇല്ലായ്മ നേരില്‍ അനുഭവിക്കാന്‍ ഗീതയ്ക്ക് അവസരമൊരുക്കിയത്. ഒരുമുറി വീട്ടില്‍ ഒരു കുടുംബത്തോടൊപ്പം അന്തിയുറങ്ങിയ നാളുകള്‍, പുളിവെള്ളം ആവശ്യവും വല്ലപ്പോഴും ഒരു മുളക് ബജ്ജി ആഡംബരവുമായ ഒരു ചാള. അവിടെവച്ച് ഒരു മൂളിപ്പാട്ടുമായി നീങ്ങുന്ന ഗീതയോട് വീട്ടുകാരി പറഞ്ഞത് അത് അപകടമാണെന്നാണ്. മൂളിപ്പാട്ട് പാടുന്ന പെണ്ണ് വേശ്യയാണ് നാട്ടില്‍. അവളെ ആര്‍ക്കും ഭോഗിക്കാം. അന്നുവരെ കണ്ട ലോകത്തിന്റെ അവസാനമായി അത് ഗീതക്ക്.
യുവാക്കള്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ തെരുവില്‍ നേരിട്ടപ്പോള്‍ യുവതികള്‍ കുടുംബത്തിലെ അടിയന്തരാവസ്ഥയ്ക്കെതിരെ നൂറ്റാണ്ടുകളായി പോരാടിയത് കാരണമാണ് പൊതുവിടങ്ങളില്‍ അല്പമെങ്കിലും പെണ്‍സാന്നിദ്ധ്യം ഇന്ന് കാണുന്നത്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിനു ചുറ്റുമായുള്ള ഓര്‍മ്മകള്‍ മാത്രമാണ് നമ്മുടേത്. വീട്ടുകാര്‍ അമ്മയ്ക്ക് സുഖമില്ലെന്നൊരു കളവിലൂടെ ഗീതയെ വിളിച്ചുവരുത്തി നക്സലിസം എന്ന മാനസിക രോഗത്തിനു ബലമായി ഷോക് ചികിത്സ നടത്തി. നക്സലിസത്തെ മാനസികരോഗമായി പ്രഖ്യാപിച്ച് എത്രയോ പേരുടെ മാനസികാരോഗ്യം ഷോക് ചികിത്സയിലൂടെ തകര്‍ത്തുകളഞ്ഞ ആളായിരുന്നു സൈക്കാട്രിസ്റ്റ് രാമറാവു. മനുവില്‍ അലിഞ്ഞുചേര്‍ന്ന ആചാരവിചാരങ്ങളുടെ ഇന്ത്യയില്‍ സൈക്കാട്രിസ്റ്റുകളും ഫണറ്റിക് ആവുക സ്വാഭാവികമാണ്.
ആണിന്റെ ജയില്‍ചാട്ടത്തെക്കാള്‍ ദുഷ്‌കരമാണ് പെണ്ണിന്റെ വീടുചാട്ടം. അങ്ങനെയൊരു വീടുചാട്ടം നടത്തിയെങ്കിലും പിടിക്കപ്പെട്ട ഗീത വീണ്ടും വീട്ടുതടങ്കലിലായി. ഒടുവില്‍ ഷോക്ക് ചികിത്സയില്‍ നക്സലേറ്റ് രോഗം ഭേദപ്പെട്ടെന്നു കരുതി വീട്ടുകാര്‍ ഒന്നയഞ്ഞപ്പോഴാണ് ഗീത വീണ്ടും വീടുചാടുന്നത്. വിവാഹം കഴിക്കാന്‍ തീരുമാനിച്ച സിറിലിനെ തിരിച്ചറിയാന്‍ കഴിയാത്തവിധം അവളുടെ മനോനില തകര്‍ത്തിരുന്നു രാമറാവുവിന്റെ ഷോക്ക്ട്രീറ്റ്മെന്റ്. എത്രയോ ടെലിഫോണ്‍ നമ്പറുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന, കണക്കിനോട് കമ്പമുള്ളവള്‍ക്ക് ഓര്‍മ്മശക്തി ഏറെയും നഷ്ടമായി. കൊല്ലപ്പെട്ടൊരു സഹവിപ്ലവകാരിയുടെ പിതാവ് പ്രഗല്‍ഭനായ ഒരു മാനസികാരോഗ്യ വിദഗ്ധനായിരുന്നു. അദ്ദേഹം ഗീതയെ പരിശോധിച്ച് ഉറപ്പിച്ചു, നഷ്ടപ്പെട്ടുപോയ ഓര്‍മ്മ ഇനി തിരിച്ചുകിട്ടില്ല. ബാക്കിയായ മസ്തിഷകവുമായി മുന്നോട്ടുപോവുക.
സിനിമാരംഗം നമ്മള്‍ ചര്‍ച്ചചെയ്യുമ്പോള്‍ വിജയവാഡയില്‍ ഒരു ദൗത്യവുമായി ചെന്ന ഗീത വക്കീലും മുന്‍ കമ്യൂണിസ്റ്റുമായ കര്‍ണാടി രാംമോഹന്‍ റാവുവിനെ കണ്ടു. സി.കെ. പറഞ്ഞിട്ടായിരുന്നു ആ കൂടിക്കാഴ്ച. കര്‍ണാടി ആദ്യം ചോദിച്ചത് ഒരു കളിയായിരുന്നു. ആ ഒറ്റ ചോദ്യം തകര്‍ത്തുകളഞ്ഞ ഗീത തിരിച്ചുവന്ന് സി.കെയെ ചീത്തപറഞ്ഞു. പത്തുവര്‍ഷം ഗീത വിജയവാഡക്ക് പോയില്ല, അതുവഴി ട്രെയിനില്‍ കടന്നുപോകുമ്പോഴും ധീരയായ ഗീത തലതാഴ്ത്തിയേ ഇരിക്കാറുള്ളൂ എന്നുപറയുമ്പോള്‍ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോവുന്നൊരാള്‍ എന്തുമാത്രം അനുഭവിക്കുന്നുണ്ടാവുമെന്ന് ഊഹിക്കാവുന്നതാണ്. സമകാലിക പൊട്ടിത്തെറികളുമായി നാമത് കൂട്ടിവായിക്കേണ്ടതുമാണ്.
മണ്ണും പെണ്ണും ഭൂമിയും റെഡ്ഢിമാരും
ഗീത മുപ്പത് വയസ്സിലാണ് ഇബ്രാഹിംപട്ടണത്തേക്ക് എത്തുന്നത്. ഫ്യൂഡല്‍ മാടമ്പിമാര്‍, ദോരമാര്‍ നാടടക്കിവാണ കാലം. ബ്രാഹ്മിണിക്കല്‍ ഹയറാര്‍ക്കിയില്‍ ശൂദ്രരായ റെഡ്ഢിമാരും വേലമ്മരും മുസ്ലിങ്ങളിലെ ജന്മി വിഭാഗവും അവിശ്വസനീയമായ ആഡംബരജീവിതം നയിച്ചപ്പോള്‍ മാലയുടേയും മഡികയുടേയും സമാനരുടേയും ജീവിതം നരകതുല്യമായിരുന്നു. (136137) നൈസാമിന്റെ പതനശേഷം മുസ്ലിങ്ങളെ അടിച്ചോടിച്ച റെഡ്ഢിമാരും കൂട്ടരും ഭൂമി കൈവശപ്പെടുത്തി. 60-70 ശതമാനം കൃഷിയോഗ്യഭൂമിയും ആകെ 550 ഭൂവുടമകളുടെ കൈകളിലായി. 30000 മുതല്‍ 100000 വരെ ഏക്കര്‍ ഒരാളുടെ കയ്യില്‍. 1948-ല്‍ കമ്യൂണിസ്റ്റുകാര്‍ നിയന്ത്രിച്ച 400 ഗ്രാമങ്ങള്‍ ഉള്ളിടത്താണ് ഇത് സംഭവിച്ചത്. ഇന്ത്യയെ ബ്രാഹ്മണ്യം എങ്ങനെ സിസ്റ്റമാറ്റിക്കായും സിസ്റ്റമിക്കായും നശിപ്പിച്ചു എന്നതിന് തെളിവ് തന്നെയാണ് പുസ്തകത്തില്‍ പ്രതിസ്ഥാനത്തുള്ള റെഡ്ഢി സമുദായം. റെഡ്ഢിമാര്‍ നൈസാമിന്റെ പതനശേഷം മുസ്ലിങ്ങളെ അടിച്ചോടിച്ചത് തൊട്ടുകൂടാത്തവരെ കൂട്ടിയായിരുന്നു. മുസ്ലിങ്ങള്‍ ഭൂമി വിട്ടോടുമ്പോള്‍ റെഡ്ഢിമാരും കൂട്ടരും പട്ടയവും സ്വര്‍ണ്ണവും കൈക്കലാക്കി പട്ടയും ചാക്കരിയും തൊട്ടുകൂടാത്തവര്‍ക്ക് കൊടുത്തു എന്നു പറഞ്ഞത് പാര്‍ട്ടിയില്‍ മഡിഗരുടെ നേതാവായ യച്ചാരം ബുദ്ധജങ്കയ്യ ആണ്.
ഒരു നല്ല ലീഡര്‍ അണികളില്‍നിന്നും നിരന്തരം പഠിക്കുന്നയാളാണ്. റെഡ്ഢി കുടുംബത്തിലെ ഒരു നവവധു കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. അവളെ ഭര്‍ത്താവ് അയാളുടെ അച്ഛന് പ്രാപിക്കാന്‍ നല്‍കുക പതിവായപ്പോള്‍ അവള്‍ കണ്ട ഒരു വഴി അതുമാത്രമായിരുന്നു. വിവരമറിഞ്ഞ് രോഷാകുലയായ ഗീതയ്ക്ക് അവിടെ ഇടപെടണമെന്നു തോന്നി. അതിശക്തമായി അതിനെ എതിര്‍ത്തത് രാമുലമ്മയടക്കം സ്ത്രീകളാണ്. അവരുടെ പെണ്ണിന്റെ പ്രശ്നം തന്നെയാണെങ്കിലും റെഡ്ഢിമാര്‍ക്കൊപ്പം അവരുടെ പെണ്ണുങ്ങളും ചേര്‍ന്ന് നമ്മളെ തല്ലുമെന്നായിരുന്നു അവരുടെ പ്രതികരണം. ഗീത ഏറ്റവും സ്നേഹിച്ച രാമുലമ്മയുടെ സമുദായത്തില്‍ പെണ്ണിനെ വിവാഹം ചെയ്യുന്നത് 13 വയസ്സിലാണ്. 26 വയസ്സുള്ള പെണ്‍കുട്ടി അമ്മൂമ്മയാണ്, 13-ല്‍ വിവാഹിതയായ ഗാട്ടു രാമുലമ്മയുടെ മുന്നില്‍ അഞ്ച് തലമുറകള്‍ നിരന്നുനില്‍ക്കുന്നുണ്ട്. അതു വെളിവാക്കുന്നുണ്ട് ഒരു രാഷ്ട്രത്തിന്റെ തന്നെ പിന്നാക്കാവസ്ഥ.
ഇബ്രാഹിംപട്ടണത്ത് ആരും പേര് ചോദിക്കില്ല, ജാതി എന്തെന്ന് ആദ്യം ചോദിക്കും. രണ്ടു മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തെ നിശ്ചയിക്കുക ജാതിയാണ്, മനുഷ്യത്വമല്ല. ഒസ്മാനിയയിലെ പൊളിറ്റിക്കല്‍ സയന്‍സ് മേധാവി മധുസൂദന്‍ റെഡ്ഢി, ഇക്കണോമിക്സിലെ തിപ്പ റെഡ്ഢി എന്നിവരടക്കം നടത്തിയ കുടിലനീക്കങ്ങളെ അടിസ്ഥാനമാക്കി ഗീത ഒരു നിഗമനത്തിലെത്തുന്നുണ്ട് - നല്ലവരെക്കാള്‍ എത്രയോ കൂടുതലാണ് കെട്ട റെഡ്ഢിമാര്‍, നല്ല മുഖത്തിനു പിന്നില്‍ കെട്ട മനസ്സുള്ളവര്‍ അതിലേറെയും. നാടിനെ നശിപ്പിച്ച റെഡ്ഢിമാര്‍ സ്ഥലനാമങ്ങളായും നിറഞ്ഞു. രംഗറെഡ്ഢി ജില്ലയും വൈ.എസ്.ആര്‍ ജില്ലയും വന്നു. 2019-ല്‍ 119 റെഡ്ഢിമാര്‍ എം.എല്‍.എമാരായി. കമ്മ ജാതിക്കാരനായ എന്‍.ടി.ആറുമായുള്ള പോരില്‍ പ്രാതിനിധ്യം കുറയുന്നതായി തോന്നിയ റെഡ്ഢിമാരുടെ തലയിലുദിച്ചതാണ് തെലുങ്കാന സംസ്ഥാനം.
റെഡ്ഢിമാര്‍ക്ക് കൃഷി നാടുവാഴാനുള്ള നമ്പറായിരുന്നു. മുഖ്യം ഹൈദരാബാദില്‍ കച്ചവടവും. 1984 കാലത്ത് കര്‍ഷകത്തൊഴിലാളിക്ക് അവര്‍ കൊടുത്തത് വര്‍ഷത്തില്‍ 600 - 700 രൂപയാണ്, മിനിമം കൂലി പ്രതിമാസം 135 ആയി നിശ്ചയിക്കപ്പെട്ട കാലം. സ്ത്രീത്തൊഴിലാളികളുടെ അവസ്ഥയായിരുന്നു അതിലേറെ കഷ്ടം. ഗീത പുറമേ കാണുന്ന പെണ്ണ് ഒന്നുകില്‍ പണിക്കുപോവുന്ന പെണ്ണായിരിക്കും, അല്ലെങ്കില്‍ പണികഴിഞ്ഞ് വരുന്നവളായിരിക്കും. കാര്‍ഷികവിളകളുടെ ശേഖരണത്തിനും മറ്റുമായി റെഡ്ഢിമാരുടെ വീടിന്റെ മുറ്റം മാത്രം ഏക്കറോളം കാണും. മുറ്റം അടിച്ചു ചാണകം തളിച്ച് നടുവൊടിഞ്ഞവരാണ് മിക്കവാറും സ്ത്രീകള്‍.
പൊതുഗതാഗത സൗകര്യമില്ലാത്തതിനാല്‍ ഗീത സൈക്കിള്‍ പഠിച്ചു, തന്റെ മുപ്പതാം വയസ്സില്‍. 1984-ല്‍ ഒരു സ്ലീപ്പിംഗ് ബാഗുമായി ഗ്രാമഗ്രാമാന്തരങ്ങള്‍ സഞ്ചരിച്ചു, മാലയുടേയും മഡിഗയുടേയും കുര്‍മ്മിയുടേയും ജീവിതമറിഞ്ഞു. ലോട്ട എന്ന പാട്ടയുമായി ആണും പെണ്ണും വെളിക്കുപോവുന്നതാണ് രീതി. ഒരാള്‍ക്ക് ടോയ്ലറ്റും ബാത്ത്റൂമും ഉപയോഗിക്കാനുള്ള ശിക്ഷണത്തെക്കാള്‍ ഏറെ വേണം ടോയ്ലറ്റ് ശീലിച്ചവര്‍ക്ക് വെളിക്കിരുന്ന് കാര്യം സാധിക്കുവാനും തുണിയുടുത്തു കുളിക്കുവാനും. മിക്കവാറും കുടികളില്‍ വെള്ളം കുടിക്കാനും വെളിക്കുപോവാനും ആയൊരു ലോട്ടമാത്രമേ കാണൂ. അത്രമേല്‍ നല്ല ഭക്ഷണങ്ങളെ ഇഷ്ടപ്പെടുന്ന ഗീത അവര്‍ക്കൊപ്പം കഴിഞ്ഞത് കിട്ടിയത് കഴിച്ചും മറപ്പുരയില്ലാതെ കുളിച്ചും ഒക്കെയാണ്. ലോകത്തെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ സാധിച്ചത് അങ്ങനെയുള്ളവര്‍ക്കാണ്, അവര്‍ ഏത് വിശ്വാസത്തിന്റെ ഭാഗമായാലും. ഗീതയ്ക്കുണ്ടായ വലിയ നഷ്ടം അവരുടേതായ സൗഹൃദങ്ങളിലെ ബൗദ്ധിക വ്യായാമങ്ങളായിരുന്നു.
1985-ല്‍ ഫെമിനിസ്റ്റുകളുമായുള്ള അവരുടെ ഒരനുഭവം ശ്രദ്ധേയമാണ്. ചെറിയൊരു ആശയത്തര്‍ക്കത്തിന്റെ പേരില്‍ വീട്ടിലെത്തിയ സുഹൃത്ത് ലളിത ഭര്‍ത്താവ് സിറിലുമായി അടിയാവുന്നു. ബാസ്റ്റാഡ് എന്ന് ലളിത അയാളേയും അയാള്‍ അവരെ വോര്‍ എന്നും വിളിക്കുന്നു. പ്രതികാരദാഹിയായി ലളിത കുറച്ച് ഫെമിനിസ്റ്റുകളേയും കൂട്ടി അവരുടെ വീട്ടിലെത്തുന്നു. സിറിലിനെ അടിച്ചു നിലംപരിശാക്കുന്നു, വാടകവീടിലെ സാധനങ്ങള്‍ തകര്‍ക്കുന്നു. ഗീതയുടെ ഭാഷയില്‍ വിലകൂടിയ കാറുകളും ധനികരായ ഭര്‍ത്താക്കന്മാരും ഉള്ളവര്‍ തകര്‍ത്തുപോയത് സാമൂഹികസേവനത്തിനായി ഞങ്ങള്‍ ഏറെ കഷ്ടപ്പെട്ട് 4000 രൂപയ്ക്ക് വാങ്ങിയ മോപ്പഡാണ്. അവര്‍ക്ക് ഗീതയും സിറിളും ഇടപെടുന്ന സ്ത്രീസമൂഹത്തിന്റെ പ്രശ്നങ്ങള്‍ അറിയുകപോലുമില്ല, അറിഞ്ഞവര്‍ക്ക് അതൊന്നും വിഷയവുമായിരുന്നില്ല. ഫെമിനിസം എന്ന പേരില്‍ അവര്‍ കാണിച്ചത് മസ്‌കുലിനിസമാണ്, ആണിനെ അനുകരിച്ചതു മാത്രം. എ.ബി.വി.പി സംഘത്തെ നേരിട്ട സിറിളിന് ഒന്നുപോലും കൊള്ളാതെ നോക്കാമായിരുന്നെങ്കിലും അയാള്‍ അവരെ തിരിച്ചടിച്ചില്ല എന്നു ഗീത പറയുന്നുണ്ട്. അന്നു രാവിലെ വരെയും ഏറ്റവും നല്ല സുഹൃത്തായ ലളിതയാണ് വൈകുന്നേരത്തേക്ക് ഗീതയ്ക്ക് അതല്ലാതാവുന്നത്. സിറിളുമായി അവര്‍ക്ക് ആശയപരമായ പ്രശ്നമല്ലാതെ മറ്റൊന്നുമില്ല. വാക്കുകൊണ്ടുപോലും തനിക്ക് ഒരു സൂചന നല്‍കാതെ, തന്റെ ഭര്‍ത്താവിനെ തല്ലിച്ചതച്ചും വീടും മോപ്പഡും അടിച്ചുതകര്‍ത്തും പോയ സുഹൃത്തുക്കളെ എഴുത്തിലൂടെയാണ് അവര്‍ കൈകാര്യം ചെയ്യുന്നത്.
മാധ്യമങ്ങളും കോടതികളും ജനാധിപത്യവും
സിറിള്‍ നിയമബിരുദം നേടി നടത്തിയ മിനിമം വേജസ് ആക്ട് വര്‍ക്ഷോപ്പ് ഒരു വഴിത്തിരിവായിരുന്നു. 1976-ലെ മിനിമം വേജസ് ആക്ട് സി.പി.എം ബോധപൂര്‍വ്വം ജനങ്ങളിലേക്ക് എത്തിച്ചില്ല, ചര്‍ച്ച ചെയ്തതുമില്ല. എസ്.ആര്‍. ശങ്കരന്‍ ഐ.ഐ.എസിന്റെ ബ്രെയിന്‍ ചൈല്‍ഡ് ആയിരുന്ന ബോണ്ടഡ് ലെയ്ബേര്‍സ് അബോളിഷന്‍ ആക്ട് 1976-നും അതേ ഗതിയായിരുന്നു. വിപ്ലവകരമായ ഒരു നിയമമായിരുന്നു അതും. ഒരു തഹസില്‍ദാര്‍ക്ക് ജീവിതം അവസാനിപ്പിച്ച് തൊഴിലാളികളെ മോചിപ്പിക്കുവാനുള്ള അധികാരമാണത് നല്‍കിയത്. മഡിഗ വിഭാഗത്തില്‍പ്പെട്ട ഇരുപതോളം തൊഴിലാളികളെ സംഘടിപ്പിച്ച് ഗീത ബോധവല്‍ക്കരണം തുടങ്ങി. അതൊരു വന്‍ പ്രസ്ഥാനമാക്കി ഭൂവുടമകളെ മുട്ടുകുത്തിച്ചാണ് അടിമത്തൊഴിലാളികളുടെ മോചനം സാധ്യമായത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശാക്തീകരണമാണ് ഏറ്റവും വലിയ വിപ്ലവം. അവിടെ അവര്‍ നേരിട്ടത് ഭൂവുടമകളേയും അവര്‍ക്കൊപ്പം നിന്ന സി.പി.എം പ്രാദേശിക നേതൃത്വത്തേയുമാണ്. നേരമിരുട്ടി വെളുക്കുമ്പോഴേക്കും റെഡ്ഢിമാരൊക്കെയും സി.പി.എമ്മുകാരായി. അടിമത്തൊഴിലാളികളുടെ പെറ്റീഷനില്‍ ഒരൊറ്റ ഒപ്പുണ്ടായിരുന്നില്ല, മുഴുവനായും വിരലടയാളം മാത്രം. ഒരു സമൂഹത്തോട് നൂറ്റാണ്ടുകളായി ചെയ്ത ക്രൂരതകളുടെ രേഖകള്‍ ആ വിരലടയാളങ്ങളില്‍ തെളിയുന്നുണ്ടാവാം. മാലയേയും മഡിഗയേയും കൂട്ടി ഗീത മീറ്റിങ്ങുകള്‍ നടത്തുന്നതിനെയാണ് അവര്‍ എതിര്‍ത്തത്.
ഹിന്ദു മുതല്‍ ഡക്കാണ്‍ക്രോണിക്ക്ള്‍ വരെ നീളുന്ന പ്രതിഭകളായ എഡിറ്റര്‍മാരുടേയും പത്രപ്രവര്‍ത്തകരുടേയും സൗഹൃദവലയം ഗീതയ്ക്ക് സൃഷ്ടിക്കാനായി. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ജി.എസ്. വാസു, 'ദ ഹിന്ദു'വിന്റെ വെങ്കിടേശ്വരുലു, സ്റ്റാന്‍ലി തിയോഡോര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ടി. ലക്ഷ്മിപതി, ആര്‍. അഖിലേശ്വരി, ആര്‍.ജെ. രാജേന്ദ്രപ്രസാദ് എന്നിവര്‍ ഒപ്പം നിന്നു. ഇബ്രാഹിംപട്ടണത്തെ സ്ത്രീകളുടെ ദുരവസ്ഥയുടെ നേരനുഭവങ്ങള്‍ ആഴ്ചകള്‍തോറും അഖിലേശ്വരി പുറംലോകത്തെ അറിയിച്ചു. ഗീതയ്ക്ക് പറയാന്‍ കഥകളേറെ ഉണ്ടായിരുന്നു. നല്ല മനസ്സോടെ, അവരതൊക്കെയും ലോകത്തിനു മുന്നിലെത്തിച്ചു. സമഗ്രമായ വികസനം എന്നാല്‍ സമഗ്രമായ പോരാട്ടം കൂടിയാണ്, ദ്രവിച്ച തോക്കുകളല്ല, പുതിയ അറിവാകണം ആയുധം. എച്ച്.ബി.ടി പ്രസിദ്ധീകരിച്ച ഒരു ചെറിയ പുസ്തകമായിരുന്നു 'പൊലീസ് അറസ്റ്റ് ചെസ്തെ'. ഒരു നാടിനെ പൊലീസ് പേടിയില്‍നിന്നും മോചിപ്പിച്ചെടുത്ത ആ പുസ്തകം ലക്ഷക്കണക്കിനു കോപ്പികളാണ് വിറ്റത്. പൊലീസ് ഭീകരതയില്‍നിന്നും ഒരു പുസ്തകം രക്ഷിച്ചത് അസംഖ്യം യുവതീയുവാക്കളുടെ ശരീരമാണ്. ജനാധിപത്യ ലോകത്ത് ഒരു ചെറിയ പുസ്തകത്തിനുപോലും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകും, സിസ്റ്റത്തെ നേര്‍വഴി നടത്താനാവും.
മാര്‍ച്ച് 1985-ലാണ് പ്രദേശത്തിന്റെ തലവര മാറ്റിമറിച്ച സംഘം എന്ന പേരില്‍ അറിയപ്പെട്ട ഇബ്രാഹിംപട്ടണം താലൂക്ക് വ്യവസായ കൂലിസംഘം അവര്‍ രൂപീകരിക്കുന്നത്. സംഘം അംഗത്വകാര്‍ഡ് തൊഴിലാളികളുടെ ആത്മാഭിമാനത്തെ കുത്തനെ ഉയര്‍ത്തി, ആത്മവിശ്വാസത്തെ വളര്‍ത്തി. തൊഴിലാളിനേതാവ് ഒരു ടൂളായി തൊഴിലാളികള്‍ക്ക് പ്രാപ്യമാവണം. അവര്‍ ഉടമകളാവുമ്പോള്‍ അണികള്‍ അടിമകളാവും. ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ സംഘടനയ്ക്ക് വക്കീലില്ലാതെ സ്വയം കേസ് നടത്താനുള്ള അനുമതിയുണ്ട്. അങ്ങനെ അടിമത്തൊഴിലിനെതിരെയുള്ള കേസും തെളിവെടുപ്പും നിത്യസംഭവമായി. റെഡ്ഢിമാര്‍ തൊഴിലാളികള്‍ക്കൊപ്പം ഇരിക്കാന്‍ മടിച്ചു. തെളിവെടുപ്പു വേളയില്‍ അവരുടെ നാവില്‍ സദാ വന്നത് പ്രാദേശികമായൊരു വാക്കായിരുന്നു ദംഗാദം, ഫക് എന്നര്‍ത്ഥം. ദംഗാദം, ഏതു പദത്തോടു ചേര്‍ത്തും ഉപയോഗിച്ച് അവര്‍ ശീലിച്ചത് ഹിയറിങ്ങുകളില്‍ മുഴങ്ങി. ഭയപ്പെടുത്തുന്ന ഓഫീസ് ഡിസിപ്ലിനുകളെ ചിരിപ്പിക്കുന്ന രീതി റെഡ്ഢിമാരെ അലോസരപ്പെടുത്തി, പ്രതീക്ഷിക്കുന്ന ബഹുമാനം കിട്ടാതായപ്പോള്‍ അവരുടെ വക്കീലന്മാര്‍ വരാതായി. തൊട്ടുകൂടാത്തവര്‍ക്ക് ഒപ്പമിരിക്കേണ്ട ഗതികേട് സഹിക്കാവുന്നതിനും അപ്പുറമായി. എല്ലാ കേസുകളിലും സംഘം വിജയിച്ചു എന്നു ചരിത്രം. രക്തച്ചൊരിച്ചില്‍ ഇല്ലാതെ സാധ്യമാക്കിയ വിപ്ലവമായിരുന്നു അത്. ഗീതയെ വായിക്കുന്നത് ലീഡര്‍ഷിപ്പിനെപ്പറ്റിയുള്ള നമ്മുടെ ക്ലീഷേ സങ്കല്പങ്ങളേയും തിരുത്തും. കാരണം തിയറി കൊണ്ടല്ല അവര്‍ കളിച്ചത്, അവരുടെ കളിയില്‍നിന്നും നമുക്ക് തിയറികള്‍ ഉണ്ടാവുകയാണ്.
എട്ട് വര്‍ഷത്തിനിടയില്‍, ഔദ്യോഗികമായി 1,500 പേരേയും അനൗദ്യോഗികമായി 2920 തൊഴിലാളികളേയും മോചിപ്പിക്കാനും പുനരധിവസിപ്പിക്കാനും ഗീതയ്ക്കും സംഘത്തിനും കഴിഞ്ഞു. 14,000 ഏക്കര്‍ ഭൂമി ഭൂവുടമകളുടെ നിയന്ത്രണത്തില്‍നിന്ന് വീണ്ടെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കാന്‍ കഴിഞ്ഞു. ഭൂവുടമകള്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് രണ്ട് ലക്ഷത്തിലധികം രൂപ തിരിച്ചടവും തൊഴിലാളികളുടെ നഷ്ടപരിഹാരമായി 66,000 രൂപയും നല്‍കി. നിരന്തരമായ പ്രക്ഷോഭങ്ങളും മാധ്യമ ഇടപെടലുകളും കോടതി വ്യവഹാരങ്ങളും വഴിയായി കര്‍ഷകത്തൊഴിലാളികളുടെ കൂലി സ്ത്രീകള്‍ക്ക് 150 ശതമാനവും പുരുഷന്മാര്‍ക്ക് 114 ശതമാനവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.
1985 മുതലാണ് ഒആഠ അംബേദ്കര്‍ രചനകള്‍ തെലുങ്കില്‍ ഇറക്കി തുടങ്ങിയതും അംബേദ്കര്‍ ജയന്തി ആഘോഷിക്കാന്‍ തുടങ്ങിയതും. ദളിത് മഹാസഭ രൂപീകരിക്കപ്പെട്ടതും 1985-ലാണ്. ലക്ഷക്കണക്കിന് ആളുകള്‍ അണിചേര്‍ന്ന ആ മഹാസംഗമത്തില്‍ ഗദ്ദര്‍ പാടി. ഒരു രണ്ടു വര്‍ഷത്തിനു ശേഷമാണ് കമ്മ വിഭാഗത്തിലെ ഭൂവുടമകള്‍ മഡിഗരെ കൂട്ടക്കൊല ചെയ്ത, അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം നടന്നത്. കരംചേദു കൂട്ടക്കൊല ആന്ധ്രരാഷ്ട്രീയത്തിന്, സബാള്‍ട്ടണ്‍ പൊളിറ്റിക്സിന് ഒരു പുതിയ മുഖം നല്‍കി. ക്ലാസ്സ് മാറി കാസ്റ്റ് വെളിപ്പെട്ടു. ഇടത് സോളിഡാരിറ്റിയും ദളിത് സോളിഡാരിറ്റിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇടതിന്റേത് സംസ്‌കരിച്ചെടുക്കപ്പെട്ടതാണ്, ഉണ്ടാക്കുന്നതാണ്. ദളിതരായി ജനിക്കുന്ന അത്യാഹിതത്തില്‍നിന്ന് മുളയെടുക്കുന്നതാണ് ദളിത് സോളിഡാരിറ്റി. അത് സൃഷ്ടിക്കാനായതാണ് അംബേദ്കറുടെ ദൗത്യവിജയം, നിലനിര്‍ത്താനാവുന്നത് ഗീതയുടേയും കൂട്ടരുടേയും വിജയം. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടേണ്ട, സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് സിലബസുകളില്‍ സര്‍വ്വകലാശാലകളില്‍ വിഷയമാകേണ്ടതാണ് ഈ പുസ്തകം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
