

സിനിമകൾക്കുള്ളതുപോലെ അഭിനേതാക്കൾക്കും പല കാലങ്ങളുണ്ട്. താരങ്ങൾക്കാകട്ടെ, അവർ താരങ്ങളായി നിർവചിക്കപ്പെടുന്ന നിർണായക ഘട്ടവുമുണ്ട്.
ആ കാലഘട്ടത്തിൽ അഭിനയിച്ച ചിത്രങ്ങളിലെ സവിശേഷതകളാകാം പിന്നീടുള്ള സിനിമകളിൽ പലപ്പോഴും ആവർത്തിച്ചു വരുന്നത്.
ആ ആവർത്തനങ്ങളെ മറികടക്കുക എന്നതും നടന്മാരെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ഏതു കാലഘട്ടത്തിലായിരിക്കും മലയാളി ആസ്വാദകർക്കിടയിൽ മോഹൻലാൽ എന്ന നടൻ നിർവചിക്കപ്പെട്ടിട്ടുണ്ടാകുക? അങ്ങനെയൊരു നിർവചനത്തിലെ ഘടകങ്ങൾ അദ്ദേഹത്തിന്റെ പിൽക്കാല കഥാപാത്രങ്ങളിൽ എത്രത്തോളം പ്രതിഫലിക്കുന്നുണ്ട്? 47 വർഷത്തോളമായി അദ്ദേഹം ചെയ്ത കഥാപാത്രങ്ങളുടെ ലാവണ്യത്തെ സമഗ്രമായി വിലയിരുത്തുക എളുപ്പമല്ല. തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ പ്രത്യേകതകളും അഭിരുചികളും മാറുന്നതിനനുസരിച്ച് അത്തരം വായനകളിലെ അർത്ഥതലങ്ങൾ വികസിക്കുകയും വിശാലമാകുകയും ചെയ്യും. ഇപ്പോഴാകട്ടെ, മോഹൻലാലിനേയും മമ്മൂട്ടിയേയും നാം ‘വിന്റേജ്’ (Vintage) എന്നും വിശേഷിപ്പിച്ചുതുടങ്ങിയിരിക്കുന്നു. പുതുതായി ഇറങ്ങുന്ന പല ലാൽ ചിത്രങ്ങളിലും ആ തിരിഞ്ഞുനോട്ട(retro)മുണ്ട്. മോഹൻലാൽ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ തന്നെ പഴയകാല സിനിമകൾ പരാമർശമായി വരുന്നു. ‘ഇരുപതാം നൂറ്റാണ്ടി’(1987)ലെ ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന ശകലം ‘ലൂസിഫറി'’(2019)ൽ ഉപയോഗിക്കുന്നതുപോലെയോ ‘തുടരും’ എന്ന ചിത്രത്തിൽ ഇടയ്ക്കിടെ കടന്നുവരുന്ന അഭിനയ പരാമർശങ്ങളോ പോലെ.
ലാലിന്റെ ചിത്രങ്ങളുടെ നിര നോക്കിയാൽ 1986-നും 1994-നും ഇടയിലുള്ള കാലമാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള അഭിനയകാലത്തെ സ്വാധീനിച്ചതും നിർണയിച്ചതും എന്നു കാണാം. മമ്മൂട്ടിയും മോഹൻലാലും സിനിമകളുടെ എണ്ണത്തിലും വൈവിധ്യത്തിലും പ്രകടനത്തിലും പരസ്പരം മത്സരിച്ച എൺപതുകളിൽ, എണ്ണം കണക്കിലെടുത്താൽ, മമ്മൂട്ടിയെ മറികടക്കുന്നത് 1986-ൽ ആണ്. പക്ഷേ, ഇന്നത്തെപ്പോലെ രണ്ടോ മൂന്നോ ചിത്രങ്ങൾകൊണ്ടല്ല, ഇരുവരും മത്സരിച്ചിരുന്നത്. ആ വർഷം നവംബർ വരെ മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം യഥാക്രമം 23-ഉം 28-ഉം ആണ്. ഒപ്പം തിയേറ്ററുകളിൽ ഇരുവർക്കും അഞ്ചുവീതം ഹിറ്റുകളും. 1986-നുശേഷമുള്ള ചെറിയൊരു കാലം, മമ്മൂട്ടിയുടെ കുറച്ചു ചിത്രങ്ങൾ തിയേറ്ററുകളിൽ വിജയം കാണാതെ, അഭിനയ ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിച്ചിരുന്നു. പക്ഷേ, വൈകാതെ അദ്ദേഹം അതു തരണം ചെയ്തു. 1986-ൽ മോഹൻലാലിനെ താരമെന്ന നിലയിൽ അടയാളപ്പെടുത്തിയ അഞ്ചു ചിത്രങ്ങൾ ഉണ്ടായിരുന്നു- ‘പഞ്ചാഗ്നി’, ‘താളവട്ടം’, ‘രാജാവിന്റെ മകൻ’, ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്.’ അഞ്ചാമത്തെ ചിത്രം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിച്ച, ഐ.വി. ശശിയുടെ ‘വാർത്ത’ ആണ്. നായക കഥാപാത്രം മമ്മൂട്ടിയുടേതായിരുന്നു.
നടനവൈഭവത്തിന്റെ പാദമുദ്ര
എങ്കിലും മോഹൻലാലിനെ ദേശീയതലത്തിലുള്ള അവാർഡ് തേടിയെത്തിയത് ഈ ചിത്രങ്ങളിലൂടെയായിരുന്നില്ല. 1988-ൽ നവാഗതനായ ആർ. സുകുമാരൻ സംവിധാനം ചെയ്ത ‘പാദമുദ്ര’യായിരുന്നു. മാതുപണ്ടാരം, കുട്ടപ്പൻ എന്നിങ്ങനെ ഇരട്ടവേഷമായിരുന്നു മോഹൻലാലിന് ഇതിൽ. ആ വർഷത്തെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലാൽ നേടി. ആ ചിത്രത്തെക്കുറിച്ച്, (പിന്നീട് കമല സുരയ്യ) എഴുത്തുകാരി മാധവിക്കുട്ടി ഇങ്ങനെ എഴുതി: “പാദമുദ്ര കണ്ടതോടെയാണ് എനിക്ക് മോഹൻലാൽ എന്ന നടനോട് ബഹുമാനം തോന്നിത്തുടങ്ങിയത്. അതിലെ അഭിനയംപോലൊന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല. അത്ര ഗംഭീരമായ അഭിനയമാണ് മോഹൻലാൽ അതിൽ കാഴ്ചവെച്ചിരിക്കുന്നത്.” ഒപ്പം, അവർ ചില കാര്യങ്ങൾകൂടി നിരീക്ഷിക്കുന്നുണ്ട്: “ഇത്ര സുന്ദരമായി അഭിനയിക്കുന്ന ഒരു നടനെക്കൊണ്ട് മോശം വേഷങ്ങൾ ചെയ്യിക്കുന്നതെന്തിനെന്ന സംശയംകൂടി എനിക്കുണ്ട്. നൂറു പെണ്ണുങ്ങൾക്കിടയിൽ ചാടാൻ ഒരു മോഹൻലാൽ വേണോ? കല്പിച്ചുകൂട്ടിയിട്ട് മോശം വേഷമാക്കുന്നതുപോലെ.”
മാധവിക്കുട്ടിയുടെ വിലയിരുത്തൽ, മോഹൻലാലിന്റെ താരജീവിതത്തിനുള്ള ഹ്രസ്വമെങ്കിലും അർത്ഥപൂർണമായ ഒരടിക്കുറിപ്പാണ്. ‘പാദമുദ്ര’യ്ക്കുശേഷം, വൈകാരികതയുടെ ആഴവും സങ്കീർണതകളും സംഘർഷങ്ങളുമൊക്കെ ആവിഷ്കരിക്കുന്ന കഥാപാത്രങ്ങളുടെ നിരതന്നെ മോഹൻലാലിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. പക്ഷേ, ‘പാദമുദ്ര’ ഇപ്പോഴും അദ്ദേഹത്തിന്റെ സിനിമകളിൽ വേറിട്ടുനിൽക്കുന്ന ഒന്നാണ്. ഓച്ചിറ ഉത്സവവും കാളവരവും ഒക്കെ ചേർന്ന, നാട്ടുസംസ്കാരത്തിന്റെ പശ്ചാത്തലവും സൗന്ദര്യവുമുള്ള ചിത്രമാണ് ആർ. സുകുമാരന്റെ ഈ ആദ്യചിത്രം. നാട്ടുസംസ്‌കൃതിയുടെ സങ്കീർണബന്ധങ്ങളിൽ വേരാഴ്ത്തിനിൽക്കുമ്പോൾത്തന്നെ, ആധുനികവും ക്രിസ്റ്റീയവും ആത്മീയവുമായ തലങ്ങളും ഇതിലുണ്ട്. അത്തരത്തിൽ സ്പർശിച്ച ഒരു ദൃശ്യത്തെക്കുറിച്ച് മാധവിക്കുട്ടിയുടെ കുറിപ്പിലും പറയുന്നുണ്ട്: “പാദമുദ്രയുടെ അവസാനഭാഗത്ത് യേശുവിനെ കുരിശിലേറ്റാൻ കൊണ്ടുപോകുന്നതുപോലെ നായകനെ വലിച്ചുകൊണ്ടുപോകുന്ന ഒരു രംഗമുണ്ട്. ഹോ, ഫന്റാസ്റ്റിക്. കഥാപാത്രത്തിന്റെ ദുരിതങ്ങൾ മുഴുവൻ പേറിക്കൊണ്ടാണ് ലാൽ ആ വേഷം ചെയ്തിരിക്കുന്നതെന്നതിൽ ഒരു സംശയവുമില്ല.”
ആർ. സുകുമാരൻ തന്നെയെഴുതിയ ‘മുള്ളുവേലികൾ’ എന്ന കഥയാണ് ചിത്രത്തിന് ആധാരം. സ്ത്രീബന്ധങ്ങളിൽ അമിത താല്പര്യമുള്ള, വീടുതോറും പപ്പടം കൊണ്ടുനടന്നു വിൽക്കുന്ന കഥാപാത്രമാണ് മാതുപണ്ടാരം. നാട്ടിൽ അയാളുടെ തന്നെ രൂപസാദൃശ്യമുള്ള ചെറുപ്പക്കാരനാണ് കുട്ടപ്പൻ. മാതുപണ്ടാരവുമായി ബന്ധപ്പെടുത്തി നാട്ടുകാർ തന്നെ, സോപ്പുകുട്ടപ്പൻ എന്നു വിളിക്കുന്നതാണ് കുട്ടപ്പന്റെ സംഘർഷങ്ങൾക്കും തകരാറിലാകുന്ന മാനസിക നിലയ്ക്കും കാരണം. സ്ത്രീകളെ സോപ്പിടുന്നയാൾ എന്ന നിലയിൽ മാതുപണ്ടാരത്തിന് നാട്ടുകാർക്കിടയിൽ ആ പേരുണ്ടുതാനും. സ്ത്രീലമ്പടത്വം ഉള്ള, നാട്ടിൻപുറത്തെ വഷളൻ എന്നു തോന്നിക്കുന്ന കഥാപാത്രം ഏറ്റെടുക്കുക എന്നത് താരത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളിതന്നെയാണ്. അതേസമയം, അത്തരം അമിതത്വമുള്ള കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ ‘മിഴിനീർപ്പൂവുകൾ’ (1986), ‘ഉയരങ്ങളിൽ’ (1984) പോലുള്ള ചിത്രങ്ങളിൽ വരുന്നുണ്ടുതാനും. എന്നാൽ, അവയെല്ലാം നഗര ഇടങ്ങളിലോ ആധുനിക പശ്ചാത്തലത്തിലോ ഉള്ള കഥകളാണ്. ഇവിടെയാകട്ടെ, പ്രാദേശികതയിലൂന്നിയുള്ള നാട്ടുപശ്ചാത്തലമാണ്. അത്തരമൊരു പ്രാദേശികതയുടെ ചൂരുള്ള കഥ പിന്നീട് കാണുന്നത് ഭരതൻ-എം.ടി.-ലാൽ കൂട്ടുകെട്ടിൽ പിറന്ന താഴ്‌വാരത്തിലാണ്.
മോഹൻലാലിനെക്കുറിച്ചു പറയുന്നവർ പലപ്പോഴും ‘പാദമുദ്ര’യിലെ കഥാപാത്രങ്ങളെ പരാമർശിച്ചു കാണാറില്ല. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ പൊതുധാരയിൽനിന്നു വേറിട്ടുനിൽക്കുന്ന ചില ഘടകങ്ങൾ ഈ കഥാപാത്രത്തിലുള്ളതുകൊണ്ടാവാം. ഈ കഥാപാത്രം അധികമാരും ശ്രദ്ധിക്കാത്ത ചില സവിശേഷതകളിലേക്കുകൂടി വെളിച്ചം വീശുന്നുണ്ട്. മലമുകളിൽനിന്നുവരുന്ന ബൈബിൾ വചനങ്ങളുടെ അശരീരി കേൾപ്പിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. വചനങ്ങൾക്കൊപ്പം ക്യാമറ മലനിരയിലൂടെ സഞ്ചരിച്ച് അതിന്റെ ചെരിവിൽ കൂട്ടുകാരോടൊപ്പം ചീട്ടുകളിക്കുന്ന കുട്ടപ്പന്റെ ദൃശ്യത്തിലേക്കെത്തുന്നു. പിന്നീടു കാണുന്നത് വചനത്തിലെ ‘പിതാവ്’ എന്ന വാക്കുകേട്ട് പ്രകോപിതനായി മലമുകളിലേക്ക് കല്ലെറിയുന്നതാണ്. തീർത്തും സംഭ്രാന്തമായ ഒരന്തരീക്ഷം. അതാണ് കുട്ടപ്പൻ എന്ന കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങളിലേക്ക് തുറക്കുന്ന വാതിൽ. ഇടയ്ക്ക് കുട്ടപ്പന് വിഭ്രാന്തിയുണ്ടാകും. അക്രമാസക്തമായേക്കും. അപ്പോൾ നാട്ടുകാർ അയാളെ ആശുപത്രിയിലാക്കും. നാട്ടുകാർ തന്റെ പിതൃത്വത്തെച്ചൊല്ലി കളിയാക്കുമ്പോഴാണ് കുട്ടപ്പന് ഭ്രാന്തിളകുന്നത്. നാട്ടുകാർക്ക് അതൊരു രസം.
ഈ കഥാപാത്ര നിർമിതിയിലെ ചേരുവകൾ മോഹൻലാൽ ചിത്രങ്ങളുടേയും കഥപാത്രങ്ങളുടേയും ഘടന മനസ്സിലാക്കുന്നതിനു ചില ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യും. ഒന്നാമത്തേത് അശരീരികൾ കേൾക്കുന്ന കഥാപാത്രം എന്നതാണ്. ചലച്ചിത്രത്തിന്റെ ആഖ്യാന ഇടങ്ങളിലേക്ക് അഭിനേതാവ് വേരുകൾ പടർത്തുകയും കഥയുടെ ജീവിതലോകവു (lifeworld)മായി സവിശേഷമായ ബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നത് ഇത്തരം ശബ്ദവിനിമയങ്ങളിലൂടെയാണ്. അതീന്ദ്രിയമെന്നോ അഭൗമമെന്നോ തോന്നിക്കുന്ന ഈ ഘടകങ്ങൾ ചിത്രത്തിന് ഒരു പുരാവൃത്താന്തരീക്ഷം നിർമിച്ചുനൽകുന്നു. ലാൽ തന്റെ കഥാപാത്രങ്ങൾക്ക് പുരാവൃത്ത സ്പർശം നൽകുന്നു. രണ്ടാമത്തേത്, കഥയുടെ ഭൂമിശാസ്ത്രപരമായ ഘടകങ്ങളോട്, ഇവിടെ മലയോടും മലഞ്ചെരിവിനോടും സ്ഥാപിച്ചെടുക്കുന്ന അതീന്ദ്രിയ സ്വഭാവമുള്ള ബന്ധം ആണ്. ഈ രണ്ടു ഘടകങ്ങളും ചേരുമ്പോൾ ചിത്രത്തിൽ പ്രതീതമാകുന്ന സങ്കീർണമായ മാനസിക ലോകവുമുണ്ട്. തിരിഞ്ഞുനോക്കിയാൽ, ‘പാദമുദ്ര’യ്ക്ക് മുന്‍പിറങ്ങിയ ‘ഉയരങ്ങളിൽ’ (1984) എന്ന ചിത്രവും ഹൈറേഞ്ചിലാണ് ഒരുക്കിയിരിക്കുന്നത്. അതിന്റെ അവസാനം ലാൽ കഥാപാത്രം കുന്നിൻമുകളിലേക്ക് കയറിപ്പോകുന്നതാണ്. വേണുനാഗവള്ളി ഒരുക്കിയ സർവകലാശാല (1987)യിലാകട്ടെ, മലഞ്ചെരുവുകൾ എന്നത് ബൊഹീമിയൻ ആത്മീയ പശ്ചാത്തലമായി വളരുന്നു. ‘സുഖമോ ദേവി’(1986)യിലാകട്ടെ, ലാൽ അവതരിപ്പിക്കുന്ന സണ്ണിയുടെ മരണത്തിനുശേഷം, ചിത്രത്തിൽ പലപ്പോഴായി കടന്നുവരുന്ന, ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന ശബ്ദവിളികളുണ്ട്. അത് ചിത്രത്തിന്റെ ആകമാനമായ ഭാവലോകത്തിന്റെ നിർമാണത്തിനെ വിഷാദാത്മകമാക്കുന്നു. ഈ ചിത്രങ്ങളുടെ ആസ്വാദനത്തിൽ, ലാൽ നിർമിച്ചെടുക്കുന്ന ഭാവലോകത്തിൽ പ്രേക്ഷകൻ അറിയാതെ തന്നെ നിമഗ്നമായിപ്പോകുന്ന രീതിയുണ്ട്.
അഭിനയത്തെ ശരീരാംഗങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയുമുള്ള വെളിപ്പെടലുകളായി മാത്രം കാണുന്ന വിശകലന രീതിക്ക് ഇവ പെട്ടെന്ന് പിടികിട്ടണമെന്നില്ല. അഭിനയാവതരണം എന്നത്, സ്ഥലങ്ങളുമായും മറ്റു കഥപാത്രങ്ങളുമായും അവതാരകൻ സ്ഥാപിച്ചെടുക്കുന്ന ബന്ധവും കൂടിയാണ്. അങ്ങനെ നോക്കിയാൽ ലാൽ എന്ന നടൻ സിനിമയുടെ സങ്കേതങ്ങളെ സ്വാംശീകരിച്ച് ആഖ്യാനസ്ഥലികളെ വിശേഷവല്‍ക്കരിക്കുകയും അതുവഴി ആധുനികമായ പുരാവൃത്തങ്ങൾ നിർമിച്ചെടുക്കുന്നുവെന്നും പറയാം. ഫ്രെഞ്ച് സാംസ്കാരിക ചിന്തകനായ റൊളാങ് ബാർത്ത് (Roland Barthes) സൂചിപ്പിക്കുന്ന സമകാലിക മിത്തുകൾ പോലെയാണിത്. അദ്ദേഹത്തിന്റെ താരലവണങ്ങളിൽ ഇങ്ങനെയൊരു അംശം കൂടിയുണ്ട്.
പുരാവൃത്തങ്ങളും നാട്ടുകഥകളും
സിനിമാ ലോകനിർമാണത്തിൽ (cinematic world making) മോഹൻലാലിലൂടെ കൈവരുന്ന പുരാവൃത്ത കല്പനാശേഷി, അത്തരം കഥാപാത്രങ്ങളും കഥകളും കൂടുതൽ തേടിവരാൻ കാരണമായെന്നാണു കാണുക. ആർ. സുകുമാരന്റെ രണ്ടാമത്തെ ചിത്രം ‘രാജശിൽപി’(1992)യും പുരാവൃത്തസ്വഭാവമുള്ള കഥയാണ്. കല്പിതാഖ്യാനങ്ങളെ യാഥാർത്ഥ്യമായി പരിവർത്തിപ്പിക്കാനുള്ള ഈ ശേഷി, പലപ്പോഴും സമകാലിക കഥകൾക്കും വിശ്വാസ്യത നേടിയെടുക്കാൻ സഹായിക്കും. ‘ദൃശ്യം’ (2013) പോലൊരു സിനിമ അതിന്റെ സാമൂഹ്യമോ നിയമപരമോ ആയ യാഥാർത്ഥ്യത്തെ മറികടന്ന് ധാർമിക യാഥാർത്ഥ്യ(moral reality)മായി പ്രേക്ഷകർ സ്വീകരിക്കുന്നതും അതുകൊണ്ടുതന്നെ. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും താരസ്വത്വത്തെ താരതമ്യപ്പെടുത്തുമ്പോഴാണ് ഇതു കൂടുതൽ വ്യക്തമാകുക. കാരോലിൻ-ഫിലിപ്പോ ഒസെല്ലമാർ നടത്തിയ ആണത്ത പഠനത്തിൽ നിരീക്ഷിക്കുന്നതുപോലെ, ആധുനിക ദേശരാഷ്ട്രത്തിന്റെ ആദർശപൗര സങ്കല്പങ്ങളുമായി ചേർന്നുനിൽക്കുന്ന മാതൃകാപുരുഷനാണ് മമ്മൂട്ടിയുടെ താരസ്വത്വം. പൊലീസ് ഓഫീസറേയും വക്കീലിനേയും പട്ടാളക്കാരനേയുമൊക്കെ യൂണിഫോമിട്ട കഥാപാത്രങ്ങളെ ആധികാരികമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് അസാമാന്യ പാടവമുണ്ട്. അതുകൊണ്ട്, മമ്മൂട്ടിയുടെ അവതരണസ്വത്വം കൂടുതൽ പ്രശോഭിതമാകുന്നത് സാമൂഹ്യ യാഥാർത്ഥ്യങ്ങളുമായി ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങൾ വരുമ്പോഴാണ്. ഈ പ്രത്യേകത ഉള്ളതുകൊണ്ടാവാം പലപ്പോഴും ‘ഡോ. ബാബാസാഹിബ് അംബേദ്കർ’ (2000) പോലെയോ തെലങ്കാന നേതാവ് കെ. ചന്ദ്രശേഖര റാവു(കെ.സി.ആർ)വിന്റെ ജീവിതം ചിത്രീകരിച്ച ‘യാത്ര’ (2019), അതുപോലെ, ‘വീരകേരളവർമ പഴശ്ശിരാജ’ (2009) പോലുള്ള ജീവചരിത്ര സിനിമകൾ (ബയോപിക്കുകൾ) ചെയ്യുമ്പോൾ മമ്മൂട്ടി ഒരു പ്രധാന തിരഞ്ഞെടുപ്പായി വരുന്നത്. ഇവിടെ സിനിമയ്ക്കുള്ളിലെ യാഥാർത്ഥ്യം പ്രേക്ഷകന്റെ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ കൂടുതൽ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ‘യാത്ര’ എന്ന ചിത്രം സ്വാധീനമായി വിലയിരുത്തപ്പെട്ടത് ഓർക്കുക. ‘അംബേദ്കർ’ സിനിമയിൽ അഭിനയിക്കുമ്പോൾ യഥാർത്ഥ അംബേദ്കറാണ് എന്നുകരുതി നിരവധി പേർ തന്നെ വണങ്ങാനെത്തിയിരുന്നുവെന്ന് ഒരിക്കൽ മമ്മൂട്ടിയും സംവിധായകനായ ജബ്ബാർ പട്ടേലും വെളിപ്പെടുത്തിയിരുന്നു.
അതേസമയം, മോഹൻലാലിൽ ഈ ചരിത്രപരതയല്ല പലപ്പോഴും മുന്തിനിൽക്കുന്നത്; നാട്ടുകഥകളുടേയും പുരാവൃത്ത കഥകളുടേയും അംശമാണ്. അവ പലപ്പോഴും സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ യുക്തിക്ക് പുറത്താണ് വിനിമയം ചെയ്യപ്പെടുന്നതും. ‘കായംകുളം കൊച്ചുണ്ണി’(2018)യിൽ അദ്ദേഹം സ്വാഭാവികമായ തിരഞ്ഞെടുപ്പാകുമ്പോൾ, ‘കുഞ്ഞാലിമരയ്ക്കാർ’ അത്രത്തോളം വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിനു കഴിയാതെ പോകുകയും ചെയ്യുന്നു. പുരാവൃത്തകഥകളുടെ ശ്രേണിയിൽ ഒടുവിലായി ചേർക്കാവുന്ന കഥയായിരുന്നു ലിജോ ജോസ് പെല്ലിശേരിയുടെ ‘മലൈക്കോട്ടൈ ബാലിബൻ’ (2024). ഈ പശ്ചാത്തലത്തിൽ ഉന്നയിക്കാവുന്ന ഒരു ചോദ്യമുണ്ട്- മോഹൻലാൽ ഒരു ചിത്രം സംവിധാനം ചെയ്യുമ്പോൾ എങ്ങനെയുള്ള കഥാപാത്രമാകാനായിരിക്കും അദ്ദേഹം ഇഷ്ടപ്പെടുക? എന്തു വേഷത്തിലായിരിക്കും അദ്ദേഹം പ്രത്യക്ഷപ്പെടുക? അതും കൗതുകമുള്ളതാണ്. ‘ബറോസി’(2024)ൽ അതിനുള്ള ഉത്തരമുണ്ട്. ഭാവനാചരിത്രവും സമകാലവും കൂടിക്കുഴഞ്ഞുകിടക്കുന്ന, വിചിത്രജീവികളും അതിമാനുഷരും അതീതമാനുഷരുമുള്ള നാടോടിക്കഥാലോകം- അതാണ് ‘ബറോസ്.’ അതിൽ ഓർമയ്ക്കും മറവിക്കുമിടയിൽ ജീവിക്കുന്ന മാന്ത്രികശക്തികളുള്ള നാട്ടുകഥയിലെ ബറോസ് പപ്പ എന്ന അടിമ-അതാണ് ലാലിന്റെ കഥാപാത്രം. പോർച്ചുഗീസ് നാടോടിഗാന പാരമ്പര്യത്തിലെ ഫാദോ കഥയാണെന്ന് തുടക്കത്തിൽ സൂചിപ്പിക്കുന്നു. ഇതിലെ മോഹൻലാലിന്റെ കഥാപാത്രത്തെ നോക്കിയാൽ, അതിലൊരു അഭിനേതാവിന്റെ സമാനഘടനയുണ്ട്. ബറോസ് പപ്പയ്ക്ക് സ്വന്തമായി പലതും ഓർക്കാനാകുന്നില്ല. മുന്‍പു നടന്ന പല സംഭവങ്ങളും പരസ്പരം ബന്ധിപ്പിക്കുന്നത് ചുറ്റുപാടുമുള്ള വസ്തുക്കൾ കാണുമ്പോഴാണ്. ആഭരണം കാണുമ്പോൾ അതിലെ രാജകുമാരിയെ ഓർമവരുന്നതുപോലെ. ബറോസ് പപ്പയെ സംഭവങ്ങളുടെ ഗതി പറഞ്ഞുപഠിപ്പിക്കുന്നത് വൂഡു എന്ന വിചിത്രജീവി കഥാപാത്രമാണ്. അത് ഒരു പുസ്തകത്തിലെ എഴുത്തിനനുസരിച്ചാണ്. വൂഡു പുസ്തകം വായിച്ച് പറഞ്ഞുകൊടുക്കുന്നതിനനുസരിച്ച് ബറോസ് പ്രവർത്തിക്കുന്നു. മറ്റൊരു തരത്തിൽ നോക്കിയാൽ ഒരു സ്‌ക്രിപ്റ്റിലെ സംഭവങ്ങൾ വായിച്ചുകൊടുക്കുമ്പോൾ മാത്രം കഥാപാത്രമായി മാറുന്ന ഒരാൾ. ഇതുപോലെതന്നെയാണോ മോഹൻലാലും എന്നാലോചിച്ചാൽ തെറ്റില്ല. ഇത്രയും കാലം സിനിമയിൽ ജീവിച്ചൊരാൾ സിനിമയെടുക്കുമ്പോൾ എങ്ങനെ സ്വയം അവതരിപ്പിക്കുന്നു എന്ന കൗതുകം തന്നെയാണ് ‘ബറോസി’ന്റെ പ്രത്യേകത. സാങ്കേതികമായും സൗന്ദര്യപരമായും വളരെയധികം പ്രത്യേകതകളുള്ള ബറോസിനെക്കുറിച്ച് അധികം എഴുത്തുകളൊന്നും ഉണ്ടായില്ല.
താരത്തിന്റെ അഭിസംബോധനകൾ
താരങ്ങൾ സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ, തിയേറ്റർ സ്റ്റേജിലെന്നപോലെ അവർ പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്നുണ്ട്. അഭിനേതാവും താരവും തമ്മിലുള്ള വ്യത്യാസങ്ങളിലൊന്നാണിത്. താരങ്ങൾക്ക് അവർ നിർമിച്ച ആസ്വാദകവൃന്ദവുമായി സംവദിക്കുന്ന തരത്തിൽ എന്തെങ്കിലും കാര്യങ്ങൾ ചിത്രത്തിലുണ്ടാകണം. അങ്ങനെ നോക്കിയാൽ, ‘ബറോസി’ന്റെ അഭിസംബോധനാരീതി (mode of address) എന്താണ്? കേരളത്തിലെ ബഹുജനസംസ്കാരം (Mass Culture) രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച രണ്ടു താരങ്ങൾ എന്ന രീതിയിൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അഭിസംബോധനകൾ എപ്പോഴും ‘സിനിമ രൂപപ്പെടുത്തിയെടുത്ത ആധുനിക മലയാളി’യോടാണ്. ഏതെങ്കിലും ഒരു ജനവിഭാഗത്തേയോ സമുദായത്തേയോ അല്ല. “സിനിമ രൂപപ്പെടുത്തിയെടുത്ത ആധുനിക മലയാളി” എന്നത് പ്രശ്നവല്‍ക്കരിക്കപ്പെടേണ്ട സംവർഗമാണെങ്കിലും അതിന്റെ സാമൂഹ്യവും സാംസ്കാരികവുമായ പ്രാധാന്യം ഏറെയാണ്. പലപ്പോഴും നമ്മുടെ സമീപകാല ചർച്ചകളിൽ മോഹൻലാലിനെ ഏതെങ്കിലും വിഭാഗത്തിൽ പ്രതിഷ്ഠിച്ച് തളച്ചിടാനുള്ള ശ്രമമോ പ്രവണതയോ കാണാറുണ്ട്. അതിനെയൊക്കെ മറികടക്കുന്ന രീതിയിൽ സങ്കീർണമാണ് മോഹൻലാൽ എന്ന താരമെന്ന് അടുത്തിടെ പുറത്തിറങ്ങിയ ‘എംപുരാൻ’ (2025) എന്ന ചിത്രം ഓർമിപ്പിക്കുകയും ചെയ്തു. ഒതുക്കിനിർത്താൻ ശ്രമിക്കുന്ന കള്ളികളിൽനിന്നു പുറത്തേക്ക് തെന്നിനീങ്ങാൻ ഈ താരങ്ങൾക്കാകുന്നുണ്ട്.
‘ബറോസി’നുള്ളിൽ മോഹൻലാൽ കഥാപാത്രം ഒരു കുട്ടിയെയാണ് അഭിസംബോധന ചെയ്യുന്നത്. അതിൽ ഒരു ബോധനത്തിന്റെ അംശവുമുണ്ട്. സൂക്ഷ്മമായി നോക്കിയാൽ അദ്ദേഹത്തിന്റെ സിനിമകളിൽ താരം നടത്തുന്ന സാംസ്കാരികാധ്യയനമെന്നു പറയാവുന്ന ബോധന (pedagogical) സ്വഭാവം കണ്ടെത്താനാകും. എൺപതുകളിലെ ഒരു മോഹൻലാൽ സിനിമയുടെ പേരുതന്നെ ‘ഉണ്ണികളെ, ഒരു കഥപറയാം’ എന്നാണ്. കുട്ടികളോട് കഥ പറയുന്ന ലാൽ തന്നെയാണ് ‘ബറോസി’ലും. പക്ഷേ, ഇവിടെ സങ്കല്പിക്കപ്പെടുന്ന ഭാവനയിലെ കുട്ടിക്ക് ചിലപ്പോൾ 10 വയസ്സുമാകാം, 60 വയസ്സുമാകാം. ലാൽ സിനിമകളുടെ ആസ്വാദകരിൽ എപ്പോഴും ഒരു കുട്ടിയുണ്ട്. കലയുടെ വരേണ്യസങ്കല്പങ്ങളെക്കുറിച്ച് അധികം വേവലാതിപ്പെടാതെ കാണുകയും കേൾക്കുകയും ചെയ്യുന്ന കഥയെ വിശ്വസിക്കാൻ തയ്യാറാകുന്ന കുട്ടി. മോഹൻലാലിന്റേയും മലയാള സിനിമയുടേയും ചരിത്രത്തിലെ വഴിത്തിരിവ് എന്നു പറയാവുന്ന ‘പവിത്രം’ (1994) ഈ പശ്ചാത്തലത്തിൽ രസകരമാണ്. ചേട്ടച്ഛൻ എന്നാണ് ചിത്രത്തിലെ കഥാപാത്രത്തെ വിളിക്കുന്നത്. വാർധക്യകാലത്ത് മാതാപിതാക്കൾക്കുണ്ടായ മീനാക്ഷി (വിന്ദുജാ മേനോൻ) എന്ന പെങ്ങൾക്ക് ചേട്ടനും അച്ഛനും ഒക്കെയാണ് ഉണ്ണിക്കൃഷ്ണൻ. ഒരേസമയം, സഹോദരനും പിതാവും ചേർന്നുവരുന്ന നായകത്വം. ഇതിലെ കൗമാര പെൺകുട്ടിയുടെ കഥാപാത്രം, ഉണ്ണിക്കൃഷ്ണന്റെ സങ്കല്പങ്ങൾക്കപ്പുറം വളരുന്നു. അത് അയാളെ മാനസികനില തെറ്റുന്നയിടം വരെയെത്തിക്കുന്നു. മീനാക്ഷി-ചേട്ടച്ഛൻ ബന്ധത്തിന്റെ ബോധനപരമായ പ്രത്യേകതകൾ സ്ത്രീപക്ഷ കാഴ്ചപ്പാടിൽനിന്ന് ഏറെ വിമർശനം ഏറ്റുവാങ്ങിയതുമാണ്. എങ്കിലും അഭിനേതാവ് എന്ന നിലയിൽ ലാൽ കഥാപാത്രങ്ങൾ ഏറ്റെടുക്കുന്ന ഈ ബോധനധർമം, താരമെന്ന നിലയിൽ അദ്ദേഹം പ്രേക്ഷക കർതൃത്വവുമായി സ്ഥാപിച്ചെടുക്കുന്ന ബന്ധത്തെ മനസ്സിലാക്കാനും സഹായിക്കും. ആദ്യകാലത്തെ ‘രംഗം’ (1985), ‘അഭയം തേടി’ (1986) പോലുള്ള ചിത്രങ്ങളിലും ലാലിന്റെ കഥാപാത്രങ്ങൾ സാംസ്കാരികാധ്യയനത്തിന്റെ ചുമതല ഏറ്റെടുക്കുന്നതു കാണാം. രണ്ടും എം.ടി. വാസുദേവൻ നായർ എഴുതിയ ചിത്രങ്ങളാണ്. ‘രംഗ’ത്തിൽ, കഥകളി അദ്ധ്യാപകനെന്ന നിലയിൽ ഒരേസമയം ബാഹ്യസംസ്കാരത്തിന്റെ കടന്നുവരവിനെ ചെറുത്തുനിൽക്കുകയും അതിലൂടെയുണ്ടാകുന്ന ബന്ധങ്ങളുടെ സ്വഭാവത്തിൽ വേവലാതിപ്പെടുകയും ചെയ്യുന്നയാളാണ് ഇതിലെ നായകൻ. ‘അഭയംതേടി’യിലാകട്ടെ, ബോംബെയിൽനിന്നു നാട്ടിലെത്തുന്ന യുവതിയായ കഥപാത്രത്തെ തറവാട്ടിന്റെ ശീലങ്ങൾക്കനുസരിച്ച് ഒരുക്കിയെടുക്കുന്ന അപ്പുവേട്ടൻ എന്ന കഥപാത്രമാണ്. രണ്ടിലും ശോഭനയാണ് നായിക. ‘കമലദള’ത്തിൽ ഈ അദ്ധ്യാപനം മറ്റൊരു രീതിയിൽ വരുന്നു. ഇന്ന് ആലോചിക്കുമ്പോൾ വളരെയധികം പ്രശ്നവല്‍ക്കരിക്കപ്പെട്ടേക്കാവുന്നതും വിമർശനവിധേയമാകേണ്ടതുമായ കാര്യങ്ങളാണ് ചിത്രങ്ങളിലേത്. പക്ഷേ, അഭിസംബോധനയിലൂടെയും ബോധന ശ്രമങ്ങളിലൂടെയും പ്രേക്ഷകത്വവുമായി ലാൽ കഥാപാത്രങ്ങൾ സ്ഥാപിക്കുന്ന ബന്ധം മലയാളി ആസ്വാദകവൃന്ദത്തെ താരവുമായി ചേർത്തുനിർത്തുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നു. പ്രായമായ കുട്ടികൾ ഇപ്പോഴും ലാൽ സിനിമകളിലെ കെട്ടുകഥകൾ കേട്ടിരിക്കുന്നതും ഇതുകൊണ്ടാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates