ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ ഭാഷകളുടെ താരതമ്യ പഠനത്തില്‍ വലിയ താല്പര്യം കാണിക്കുന്നില്ല

വായനശാലയിലെ എന്റെ പ്രിയപ്പെട്ട ഇടമായ 'ഏഷ്യാന'യില്‍ ഏഷ്യയെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു
ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ ഭാഷകളുടെ താരതമ്യ പഠനത്തില്‍ വലിയ താല്പര്യം കാണിക്കുന്നില്ല
Updated on
3 min read

1950- -കളില്‍ ഞാന്‍ എക്‌സ്ചേഞ്ച് സ്‌കോളറായി ഒന്നര വര്‍ഷം ചെലവഴിച്ച ഫിലിപ്പീന്‍സ് യൂണിവേഴ്സിറ്റിയുടെ ഡിലിമാനിലെ പ്രധാന കാമ്പസില്‍ സുസജ്ജമായ ഒരു ലൈബ്രറി ഉണ്ടായിരുന്നു. വായനശാലയിലെ എന്റെ പ്രിയപ്പെട്ട ഇടമായ 'ഏഷ്യാന'യില്‍ ഏഷ്യയെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. ഒരു ദിവസം അവിടത്തെ അലമാര പരതിയപ്പോള്‍ 'കൊറിയയുടെ സംസ്‌കാരം' എന്ന തലക്കെട്ടിലുള്ള ഒരു കനംകുറഞ്ഞ പുസ്തകം ഞാന്‍ കണ്ടു. 1901-ല്‍ കൊറിയന്‍ അസോസിയേഷന്‍ ഓഫ് ഹവായ് ആണ് ഇത് പ്രസിദ്ധീകരിച്ചത്. അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സിങ്മാന്‍ റീയുടെ ആമുഖം സഹിതം. പ്രസിദ്ധീകരിച്ച് 57 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ പുസ്തകം വായിക്കാന്‍ കയ്യിലെടുക്കുന്നത്. അപ്പോള്‍ ഇതേ റീ തന്നെയായിരുന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൊറിയന്‍ ഉപദ്വീപ് ജാപ്പനീസ് അധിനിവേശത്തിനു കീഴിലായിരുന്നു. കൊറിയക്കാരേയും ജപ്പാന്‍കാരേയും വ്യത്യസ്ത ജനതകളായി ലോകത്തൊരിടത്തും വീക്ഷിച്ചിരുന്നില്ല. അതിനാല്‍ കൊറിയക്കാരുടെ സ്വാതന്ത്ര്യത്തിനായുള്ള അഭിവാഞ്ഛ എവിടെയും ഒട്ടും അനുഭാവം ഉളവാക്കിയതുമില്ല. ഈ പശ്ചാത്തലത്തില്‍ യു.എസിന്റെ ഹവായ് ദ്വീപില്‍ പ്രവാസജീവിതം നയിക്കുന്ന കൊറിയക്കാരും ജപ്പാനില്‍നിന്നു തങ്ങളുടെ ഭൂമി മോചിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നവരുമടങ്ങുന്ന റീയുടെ സംഘം കൊറിയ ജപ്പാനില്‍നിന്നു തികച്ചും വ്യത്യസ്തമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനായിരുന്നു ഈ പുസ്തകം പുറത്തിറക്കിയത്. 

പുസ്തകത്തിന്റെ താളുകള്‍ മറിച്ചപ്പോള്‍ ഒരു വാചകം കണ്ടു: ''കൊറിയന്‍ ഭാഷ ദക്ഷിണേന്ത്യയില്‍ ദ്രാവിഡ ഭാഷാവിഭാഗത്തില്‍പെട്ടതാണ്'' എന്നായിരുന്നു ആ വാചകം. എനിക്ക് അദ്ഭുതം തോന്നി. മനുഷ്യരുടെ കുടിയേറ്റം എന്നെ ആകര്‍ഷിച്ച ഒരു വിഷയമായിരുന്നു. എന്നാല്‍, ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ വായനയില്‍ കൊറിയക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു സൂചനയും ഞാന്‍ കണ്ടില്ല. ജാപ്പനീസ് പോലെ കൊറിയന്‍ ഭാഷയ്ക്കും ഒരു ചിത്ര അക്ഷരമാലയാണ് ഉള്ളത് എന്നതിനാല്‍ കൊറിയക്കാരെ ജാപ്പനീസ് ഭാഷയുമായി ഞാനും ബന്ധിപ്പിച്ചു കണ്ടിരുന്നു.

ദൗര്‍ഭാഗ്യവശാല്‍, റീയുടെ പുസ്തകം ദക്ഷിണേന്ത്യന്‍ ഭാഷകളുമായി കൊറിയന്‍ ബന്ധം സ്ഥാപിക്കുന്നതിനുള്ള അധികാരമോ തെളിവുകളോ ഉദ്ധരിച്ചിട്ടുണ്ടായിരുന്നില്ല. 

ദ്രാവിഡ ഭാഷകളില്‍ ഏറ്റവും പഴക്കമുള്ളത് തമിഴായതിനാല്‍ ദ്രാവിഡ ഭാഷാകുടുംബത്തിന് ഏതെങ്കിലും പുരാതന ബാഹ്യബന്ധം തീര്‍ച്ചയായും ഉണ്ടായിരിക്കണം. ബ്രിട്ടീഷുകാരും മറ്റ് യൂറോപ്യന്‍ പണ്ഡിതന്മാരും കൊളോണിയല്‍ കാലഘട്ടത്തില്‍ ആര്യന്‍ കുടിയേറ്റക്കാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കു കൊണ്ടുവന്ന സംസ്‌കൃതത്തിനു മറ്റു പ്രധാന യൂറോപ്യന്‍ ഭാഷകളുമായുള്ള ബന്ധം കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 

ഇന്ത്യയിലെ ജനങ്ങള്‍ വ്യത്യസ്ത ഭാഷാകുടുംബങ്ങളില്‍പെട്ട നിരവധി ഭാഷകള്‍ സംസാരിക്കുന്നവരാണ്. ഇവരില്‍ 78 ശതമാനവും സംസാരിക്കുന്നത് സംസ്‌കൃതം മുഖാന്തരം ഇന്തോ-യൂറോപ്യന്‍ ഭാഷകളുമായി ബന്ധമുള്ള ഭാഷകളാണ്. 20 ശതമാനത്തില്‍ താഴെയാണ് ദ്രാവിഡ വിഭാഗത്തില്‍പെട്ട ഭാഷകള്‍ സംസാരിക്കുന്നത്. ബാക്കിയുള്ളവര്‍ ഓസ്ട്രോ ഏഷ്യാറ്റിക്, സിനോ-ടിബറ്റന്‍, മറ്റു ഭാഷാകുടുംബങ്ങളില്‍നിന്നുള്ള ഭാഷകള്‍ എന്നിവ സംസാരിക്കുന്നു. ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മദ്ധ്യേഷ്യയില്‍നിന്നു പിരിഞ്ഞുപോയ അവരുടെ ആര്യന്‍ ബന്ധുക്കളാണെന്നു സ്ഥിരീകരിക്കപ്പെട്ടതോടെ യൂറോപ്യന്മാര്‍ക്ക് പൊതുവേ ഇന്ത്യക്കാരോടും അവരുടെ ഭാഷകളോടുമുള്ള താല്പര്യം നഷ്ടപ്പെട്ടതായിട്ടാണ് തോന്നുന്നത് തമിഴിന്റെ ബാഹ്യബന്ധങ്ങള്‍ അന്വേഷിക്കാന്‍ അവര്‍ മെനക്കെട്ടതുമില്ല. 

ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബ്രഹൂയികള്‍ എന്നറിയപ്പെടുന്ന ഒരു ചെറിയ ഗോത്രജനവിഭാഗം ദ്രാവിഡബന്ധമുള്ള ഒരു ഭാഷ സംസാരിക്കുന്നതായി ബ്രിട്ടീഷുകാര്‍ കണ്ടെത്തി, അത് ബ്രഹൂയി എന്നും അറിയപ്പെടുന്നു. ഇതിന് പേര്‍ഷ്യന്‍-അറബിക് ലിപിയാണുള്ളത്. ബ്രഹൂയികള്‍ ദ്രാവിഡന്മാരല്ല. എന്നാല്‍, അവരുടെ ഭാഷ ദ്രാവിഡ വിഭാഗത്തില്‍പെട്ടതാണ്. ബ്രഹൂയികള്‍ എങ്ങനെയാണ് ദ്രാവിഡ ഭാഷ സംസാരിക്കാന്‍ ആരംഭിച്ചതെന്നു വിശദീകരിക്കാന്‍ പണ്ഡിതന്മാര്‍ ഒരു സിദ്ധാന്തം കൊണ്ടുവന്നു. ആര്യന്മാരുടെ വരവിനു മുന്‍പ് ദ്രാവിഡര്‍ ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങളിലും താമസിച്ചിരുന്നു. അക്കാലത്താണ് ബ്രഹൂയികള്‍ ഈ പ്രദേശത്തേക്കു നീങ്ങുന്നത്. അവര്‍ തങ്ങളുടെ ദ്രാവിഡ അയല്‍ക്കാരുമായി ഇടപഴകുകയും അവരുടെ ഭാഷ സംസാരിക്കാനാരംഭിക്കുകയും ചെയ്തു. ആര്യന്‍ കുടിയേറ്റക്കാരുടെ സമ്മര്‍ദ്ദത്താല്‍ ദ്രാവിഡര്‍ തെക്കോട്ട് നീങ്ങിയപ്പോള്‍ ബ്രഹൂയികള്‍ അവിടെത്തന്നെ തുടരുകയും അവരില്‍നിന്നും ആര്‍ജ്ജിച്ച ഭാഷ അവര്‍ തുടര്‍ന്നും ഉപയോഗിക്കുകയും ചെയ്തു. 

മദ്ധ്യേഷ്യയില്‍നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള ആര്യന്‍ കുടിയേറ്റം ക്രി.മു. 2000-നു ശേഷം നടന്നതായിട്ടാണ് നിഗമനം. ദ്രാവിഡരെക്കുറിച്ച് ഇപ്പോള്‍ ലഭ്യമായ ഏറ്റവും വിശ്വസനീയമായ വിവരം അനുസരിച്ച് ആര്യന്മാരുടെ വരവിനും ഏകദേശം 1,500 വര്‍ഷങ്ങള്‍ക്കു മുന്‍പ് മെഡിറ്ററേനിയന്‍ മേഖലയില്‍നിന്നു ഉപഭൂഖണ്ഡത്തില്‍ എത്തിയവരാണ് അവര്‍. അതിനാല്‍ ചില പണ്ഡിതന്മാര്‍ ദ്രാവിഡരെ മെഡിറ്ററേനിയന്‍ വംശം എന്നു വിളിക്കുന്നുണ്ട്.

ദ്രാവിഡരുടെ മെഡിറ്ററേനിയന്‍ ഉത്ഭവം തമിഴും മദ്ധ്യധരണ്യാഴി പ്രദേശത്തെ ഭാഷകളും തമ്മിലുള്ള അടുപ്പത്തിന്റെ സാധ്യതയിലേക്കു വിരല്‍ചൂണ്ടുന്നു. 1948-ല്‍, ഇന്ത്യയും പുതുതായി സൃഷ്ടിച്ച ഇസ്രയേല്‍ രാഷ്ട്രവും തമ്മില്‍ നയതന്ത്രബന്ധം നിലവിലില്ലാതിരുന്ന ഒരുകാലത്ത്, ഈ രാജ്യത്ത് താമസിക്കുന്ന ജൂതന്മാരുടെ നയതന്ത്ര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മുംബൈയില്‍ ഒരു ഓണററി കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ ഇന്ത്യന്‍ യൂണിയന്‍ ഗവണ്‍മെന്റ് ഇസ്രയേലിനു അനുമതി നല്‍കിയിരുന്നു. കോണ്‍സുലേറ്റ് 'ഇസ്രയേലില്‍നിന്നുള്ള വാര്‍ത്തകള്‍' എന്ന പേരില്‍ ഒരു പ്രതിമാസ വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. എന്റെ അച്ഛന്‍ എ.കെ. ഭാസ്‌കര്‍ കോണ്‍സുലേറ്റിന്റെ മെയിലിംഗ് ലിസ്റ്റിലുണ്ടായിരുന്നു, കൊല്ലത്ത് താമസിക്കുന്ന അദ്ദേഹത്തിനു തപാല്‍ വഴി പതിവായി പ്രസിദ്ധീകരണം ലഭിച്ചുപോന്നു. ഈ പ്രസിദ്ധീകരണത്തിന്റെ ഒരു ലക്കത്തില്‍ ഹീബ്രുവും തമിഴും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് ജറുസലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ ഒരു പ്രൊഫസര്‍ എഴുതിയ ഒരു ലേഖനം ഞാന്‍ വായിച്ചു. 

ഇന്തോ-യൂറോപ്യന്‍ ഗ്രൂപ്പിലെ വിവിധ ഭാഷകള്‍ തമ്മിലുള്ള ബന്ധം സ്ഥാപിക്കാന്‍ ഉപയോഗിച്ച രീതി പിന്തുടര്‍ന്ന് അദ്ദേഹം ഹീബ്രുവിലും തമിഴിലുമായി 50 അടിസ്ഥാന പദങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി. ആ പ്രസിദ്ധീകരണം ഇപ്പോള്‍ എന്റെ പക്കലില്ല. പ്രൊഫസറുടെ പേര് ഞാന്‍ ഓര്‍ക്കുന്നുമില്ല. പക്ഷേ, അദ്ദേഹം പട്ടികപ്പെടുത്തിയ 50 വാക്കുകളില്‍ ആദ്യത്തെ മൂന്നെണ്ണം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അവ (ഇംഗ്ലീഷിലും ഹീബ്രുവിലും തമിഴിലും എന്ന ക്രമത്തില്‍):

1. Father എബ്ബാ അപ്പ
2. Mother എമ്മ അമ്മ
3. Rice റിസ് അരിസ്

കഴിഞ്ഞ 75 വര്‍ഷമായി ഏതെങ്കിലും ഹീബ്രു പണ്ഡിതനോ തമിഴ് പണ്ഡിതനോ ഈ വിഷയം കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് എനിക്കറിയില്ല. എന്നാല്‍, പല സെമിനാറുകളിലും മറ്റും വിവിധ രാജ്യങ്ങളില്‍നിന്നുള്ള പണ്ഡിതന്മാര്‍ അവതരിപ്പിച്ച തമിഴും മദ്ധ്യപൗരസ്ത്യദേശത്തെ വിവിധ ഭാഷകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന പ്രബന്ധങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. തമിഴിനോട് ഏറ്റവും അടുത്തുകിടക്കുന്ന ആ പ്രദേശത്തെ ഭാഷ യേശുക്രിസ്തു സംസാരിച്ചതായി വിശ്വസിക്കപ്പെടുന്ന അരമായ ഭാഷയാണെന്ന് ഇവരില്‍ ഒരു പണ്ഡിതന്‍ ഊഹിക്കുന്നു.

ഭാഷാപരമായ ബന്ധത്തെക്കുറിച്ച് അക്കാദമിക് വിദഗ്ദ്ധര്‍ മുന്നോട്ടുവയ്ക്കുന്ന പല ആശയങ്ങളും ഏകദേശ ധാരണകളാണ് എന്നാണ് എനിക്കു തോന്നുന്നത്. ശരിയായ പഠനങ്ങളിലൂടെ അവ ഉറപ്പിക്കേണ്ടതുണ്ട്.

ജര്‍മ്മന്‍ മിഷനറി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാള ഭാഷയ്ക്ക് പല വിലപ്പെട്ട സംഭാവനകളും നല്‍കിയതായി നമുക്കറിയാം. വിദേശികള്‍, വിശേഷിച്ച് മിഷണറി പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച താല്പര്യം കൊണ്ടു മറ്റു ചില ഇന്ത്യന്‍ ഭാഷകള്‍ക്കും പ്രയോജനമുണ്ടായിട്ടുണ്ട്. എന്നിരുന്നാലും അവരുടെ താല്പര്യം ദ്രാവിഡ ഭാഷകളുടെ ബാഹ്യബന്ധങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിലേക്ക് എത്തിച്ചേര്‍ന്നതായി തോന്നുന്നില്ല. വ്യത്യസ്ത പശ്ചാത്തലങ്ങളുള്ള നിരവധി വിദേശ പണ്ഡിതര്‍ തമിഴും അവരുടെ സ്വന്തം ഭാഷകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയാറുണ്ട്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ ഭാഷകളുടെ താരതമ്യപഠനത്തില്‍ വലിയ താല്പര്യം കാണിക്കുന്നില്ല. മൊത്തത്തില്‍, അവര്‍ അതാത് പ്രദേശത്തെ പ്രബലമായ ഭാഷയില്‍ അവരുടെ പഠനം പരിമിതപ്പെടുത്തുകയാണ് ചെയ്തത്. അതിന്റെ വിദേശബന്ധങ്ങള്‍ അവര്‍ നോക്കിയില്ല. ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍നിന്ന് ഉപഭൂഖണ്ഡത്തിന്റെ ഭരണം ഏറ്റെടുത്ത ഉടന്‍ തന്നെ ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥാപിച്ച മൂന്നു സര്‍വ്വകലാശാലകളില്‍ ഒന്നാണ് മദ്രാസ് സര്‍വ്വകലാശാല. ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ അത് അതിവേഗം പ്രശസ്തമാകുകയും ചെയ്തു. എന്നാല്‍, വിദേശ ഭാഷകളുമായുള്ള തമിഴിന്റെ ബന്ധം പര്യവേക്ഷണം ചെയ്യുന്നതില്‍ അതു വിലപ്പെട്ട സംഭാവനകളൊന്നും നല്‍കിയില്ല.

ദ്രാവിഡ ഭൂതകാലവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഏറ്റെടുക്കാന്‍ രാഷ്ട്രീയവും സാംസ്‌കാരികവും അക്കാദമികവുമായ അന്തരീക്ഷം സര്‍വ്വകലാശാലയ്ക്ക് അനുകൂലമായിരുന്നില്ല എന്നതാണ് വസ്തുത. കൊളോണിയല്‍ കാലഘട്ടത്തില്‍ വൈദികധാര (Vedic stream)യായിരുന്നു ഔദ്യോഗിക മേഖലയിലും അക്കാദമിക മേഖലയിലും ആധിപത്യം പുലര്‍ത്തിയത്. ഉപഭൂഖണ്ഡത്തിന്റെ ഭൂതകാലത്തില്‍ മൂല്യവത്തായ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അവരുടെ ആര്യന്‍ പൂര്‍വ്വികരുടെ സൃഷ്ടിയാണെന്ന് അക്കാദമിക മണ്ഡലത്തിലെ മാര്‍ഗ്ഗദര്‍ശികള്‍ വിശ്വസിച്ചു. കൊളോണിയല്‍ അധികാരികള്‍ ഈ വീക്ഷണം പെട്ടെന്നുതന്നെ വെച്ചുപുലര്‍ത്താനാരംഭിക്കുകയും ശരിയായ പഠനങ്ങള്‍ കൂടാതെ ആര്യന്മാരാണ് ഇന്ത്യയുടെ മഹത്വത്തിന്റെ സ്രഷ്ടാക്കളെന്ന് അനുമാനിക്കുകയും ചെയ്തു. മഹത്തായ ഒരു നാഗരികതയുടെ അവശിഷ്ടങ്ങള്‍ സിന്ധിലെ മൊഹഞ്‌ജോദാരോയില്‍ കണ്ടെത്തിയപ്പോള്‍ അത് ആര്യന്‍ വംശജരുടെ സൃഷ്ടിയാണെന്ന് ബ്രിട്ടീഷ് ഇന്ത്യന്‍ അധികാരികള്‍ സ്വാഭാവികമായും അനുമാനിച്ചു. ഉല്‍ഖനനത്തില്‍നിന്ന് അമൂല്യമായ വസ്തുക്കള്‍ ലഭിച്ചെങ്കിലും ആര്യബന്ധത്തെ സൂചിപ്പിക്കുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഖനനം ഉപേക്ഷിക്കപ്പെട്ടു. ഇതിനകം നടത്തിയ ഉല്‍ഖനനത്തിന്റെ ഫലമായി ലഭിച്ചവ സംരക്ഷിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ അവയുടെ സംരക്ഷണത്തിനായിരിക്കണം ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടത് എന്നതത്രേ പ്രഖ്യാപിത കാരണം!

ബൗദ്ധികമായ സത്യസന്ധതയുടെ ഒരു അന്തരീക്ഷത്തില്‍ മാത്രമേ സത്യസന്ധവും അര്‍ത്ഥവത്തായതുമായ പഠനങ്ങള്‍ നടക്കൂ.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com