അരളി വിഷസസ്യമാണെന്നത് പുതിയ അറിവല്ല; അരളി മാത്രമാണോ പ്രതി?

അരളി വിഷസസ്യമാണെന്നത് പുതിയ അറിവല്ല; അരളി മാത്രമാണോ പ്രതി?
Updated on
5 min read

തിരുവിതാംകൂര്‍-മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ അവയ്ക്ക് കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന്റെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്. കേരളത്തിലുടനീളമുള്ള 2500 ക്ഷേത്രങ്ങളില്‍ ഈ നിരോധനം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയിലുടനീളം ഇത്തരത്തില്‍ ഒരു നിരോധനം നിലവിലില്ല. ശകവര്‍ഷക്കലണ്ടര്‍ അനുസരിച്ച് ആറാം മാസമായ ഭാദ്രപദയില്‍ നടത്തപ്പെടുന്ന സവിശേഷമായ ചില പൂജകള്‍ക്ക് അരളിയുടെ ഇല നിര്‍ബന്ധമായതാവാം ഒരുപക്ഷേ, ഇതിന് കാരണം. വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് നടത്തുന്ന പൂജാകര്‍മ്മത്തില്‍ 21 ദേവതമാര്‍ക്ക് 21 ഇലകള്‍ അര്‍പ്പിച്ചുകൊണ്ട് പൂജാവിധിയാണുള്ളത്. ''ഓം ശ്രീ വികടായ നമഃ കരാവിപത്രം സമര്‍പ്പയാമി'' എന്ന് പറഞ്ഞുകൊണ്ടാണ് ചുവന്ന അരളിയുടെ ഇല സമര്‍പ്പിക്കുന്നത്. എന്നാല്‍, കേരളത്തിലെ നിരോധനം നിത്യപൂജയുമായി ബന്ധപ്പെട്ട് നൈവേദ്യം അര്‍പ്പിക്കുമ്പോള്‍ അരളിപ്പൂ ജപിച്ചിടുന്നതും ചന്ദനത്തോടൊപ്പം പൂജാപുഷ്പങ്ങള്‍ നല്‍കുമ്പോള്‍ അതില്‍ അരളിപ്പൂ ഉള്‍പ്പെടുന്നതുമാണ് വിഷയമായത്. പായസത്തില്‍ വീണുകിടക്കുന്ന അരളിപ്പൂ പലരും വിഷമായി കണ്ട് എടുത്തുമാറ്റാറില്ല. ചന്ദനത്തോടൊപ്പം കിട്ടുന്ന അരളിപ്പൂ അകത്തുപോവാന്‍ സാധ്യത കുറവാണെങ്കിലും കുട്ടികള്‍ ചിലപ്പോള്‍ അത് കഴിച്ചുനോക്കിയെന്ന് വരാം. അരളിയുടെ പൂവ്, ഇല, വേര് എന്നിവയെല്ലാം വിഷമാണെന്നത് ഒരു വസ്തുതയാണെങ്കിലും ആയുര്‍വേദം അതിനെ ഔഷധപ്രയോഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നുണ്ട് എന്നത് ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം ആവശ്യപ്പെടുന്നുണ്ട്. ഗണേശപൂജയ്ക്ക് ഉപയോഗിക്കുന്ന അരളി ഉള്‍പ്പെടെയുള്ള 21 ഇലകളും ആയുര്‍വേദത്തിലെ ഔഷധങ്ങളാണെന്നതും ഇവിടെ പ്രത്യേകം പ്രസ്താവ്യമാവുന്നു.

പൂജാപുഷ്പമായ വിഷപ്പൂവ്

ഗണേശപൂജയ്ക്ക് ഉപയോഗിക്കുന്നതിനാല്‍ 'ഗണേശകുസുമം' എന്നും ദുര്‍ഗാപൂജയ്ക്ക് ഉത്തമമായതിനാല്‍ 'ഗൗരീപുഷ്പം' എന്നും ശിവന് പ്രിയപ്പെട്ടതായി കരുതപ്പെടുന്നതിനാല്‍ 'ഹരപ്രിയ' എന്നും അറിയപ്പെടുന്ന ചുവന്ന അരളിയുടെ ശാസ്ത്രീയനാമം നീരിയം ഒലിയാന്‍ഡര്‍ (Nerium oleander L.) എന്നാണ്. ദുര്‍ഗാപൂജയ്ക്ക് ചുവപ്പുനിറമുള്ള പൂക്കള്‍ നിര്‍ബന്ധമായതിനാല്‍ പണ്ടുകാലത്ത് കേരളത്തിലെ ക്ഷേത്രാങ്കണങ്ങളില്‍ ചുവന്ന അരളി നട്ടുവളര്‍ത്തിയിരുന്നു. വീടുകളിലും തൊടികളില്‍ ചുവന്ന അരളി ഒരു സാന്നിധ്യമായിരുന്നു. ഇതിന്റെ ഇലകളില്‍ മിനുക്കംപതിച്ച ചെറിയ സഞ്ചികള്‍പോലെ ചിത്രശലഭങ്ങള്‍ പ്യൂപ്പകളായി ഉറങ്ങുന്നത് അടര്‍ത്തിമാറ്റി അവയ്ക്കുള്ളില്‍നിന്നും ശലഭം പുറത്തുവരുന്നത് കാണുക കുട്ടികള്‍ക്കിടയിലും ഒരു വിനോദമായിരുന്നു. എന്നാല്‍, അരളി ഒരു വിഷച്ചെടിയാണെന്നത് ഏറ്റവും സുപരിചിതമായ ഒരു നാട്ടറിവായിരുന്നു. ഇക്കാരണത്താല്‍ കിണറില്‍നിന്നും അകലെയായിട്ടായിരുന്നു ഇവ നട്ടിരുന്നത്. ആയുര്‍വേദത്തില്‍ 'കരവീര' എന്നറിയപ്പെടുന്ന ഇതിനെ 'ഉപവിഷവര്‍ഗം' എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അതോടൊപ്പം ഇതിനെ 'മൂലവിഷം' ആയാണ് കണക്കാക്കുന്നത്. അതായത് വേരാണ് വിഷം. എങ്കിലും അരളിയുടെ എല്ലാ ഭാഗങ്ങളിലും വിഷമുണ്ട്. ഇലകള്‍, പൂവുകള്‍, തണ്ട് എന്നിവ വിഷമയമാണ്. ഇവ ഭക്ഷിക്കുന്നത് അപകടമാണെന്ന് പറഞ്ഞ് ആയുര്‍വേദാചാര്യന്‍മാര്‍ അത് വിലക്കിയിട്ടുണ്ട് (ഭക്ഷിതം വിഷവത് മതം). എന്നാല്‍ അമൃതവള്ളി (Tinospora cordifolia), അമുക്കുരം (Withania somnifera) തുടങ്ങിയ സസ്യങ്ങളുടെ ഭാഗങ്ങള്‍ ഔഷധമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇവ വിഷസ്വഭാവമുള്ളവയാണ് [1]. എന്നാല്‍ ഒറ്റയ്ക്കും അതേപടിയുമല്ല ഉപയോഗിക്കുന്നത്. ആയുര്‍വേദമരുന്നുകളിലെ ചേരുവകളിലൊന്നായാണ് ഇവ ഉപയോഗിക്കുന്നത്.

ഔഷധമെന്ന നിലയ്ക്കുള്ള അരളിയുടെ ഉപയോഗം മെസപൊട്ടോമിയന്‍ സംസ്‌കൃതിയുടെ കാലത്തോളം പഴക്കമുള്ളതാണ്. പില്‍ക്കാലത്ത് നാട്ടറിവുകളായി നിലനിന്ന ഇവ ദേശാന്തരണം ചെയ്ത് റഷ്യ, ചൈന, ടര്‍ക്കി, ഇറ്റലി, കെനിയ, മെറോക്കോ, അള്‍ജീരിയ, ഫിലിപ്പീന്‍സ്, ഇന്ത്യ എന്നിവിടങ്ങളിലേക്ക് പ്രചരിച്ചു. പ്രമേഹം മുതല്‍ കാന്‍സര്‍വരെയുള്ള രോഗങ്ങളുടെ ചികിത്സയില്‍ ചുവന്ന അരളി ഉപയോഗിച്ചിരുന്നു.

ഇന്ത്യന്‍ ആയുര്‍വേദിക് ഫാര്‍മകോപിയയില്‍ ഇലയുടേയോ വേരിന്റേയോ 30-125 മില്ലീഗ്രാം ചൂര്‍ണ്ണമാണ് ഔഷധമായി ഉപയോഗിക്കുന്നത്. ചുവന്ന അരളിയില്‍ മൂന്ന് പ്രധാന വിഷസംയുക്തങ്ങളാണുള്ളത്. ഒലിയാന്‍ഡ്രിന്‍ (Oleandrin), നീരൈന്‍ (Neriin), ഒലിയോന്‍ഡ്രസൈഡ് (Oleondroside) എന്നിവയാണവ. ഇതില്‍ ഒലിയാന്‍ഡ്രിന്‍ ഇലകളിലാണുള്ളത്. എന്നാല്‍ പൂക്കുന്ന സമയത്ത് ഇതിന്റെ അളവ് അധികരിക്കുകയും പൂവുകള്‍ മുതല്‍ വേരുവരേയും ഉയര്‍ന്ന അളവില്‍ ഇത് കാണപ്പെടുകയും ചെയ്യുന്നു. തണ്ടിലെന്നല്ല വിത്തില്‍പ്പോലും ഇതിന്റെ സാന്നിധ്യം ഉണ്ടാവും. ഒരുതരം കാര്‍ഡിയാക് ഗ്ലൈക്കോസൈഡ് ആയ ഒലിയാന്‍ഡ്രിന്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നത്. ഹൃദയപേശീകോശങ്ങളെ പൊതിയുന്ന സ്തരത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സോഡിയം അയോണുകളുടേയും പൊട്ടാസ്യം അയോണുകളുടേയും കോശാന്തരസ്ഥലങ്ങളിലേക്കുള്ള പുറന്തള്ളലും സംതുലനവും നിയന്ത്രിക്കുന്ന രാസാഗ്നി(Na+ K+ ATPase)യുടെ പ്രവര്‍ത്തനത്തെ ഇത് തകരാറിലാക്കുന്നു. ഇതിലൂടെ കോശാന്തര ഇടങ്ങളില്‍ സോഡിയം അയോണുകളുടെ സാന്ദ്രത വര്‍ദ്ധിക്കുന്നു. ഇത് കാത്സ്യം അയോണുകളുടെ കടന്നുകയറ്റത്തിനിടയാക്കുകയും ഹൃദയപേശികള്‍ പെട്ടെന്ന് സങ്കോചിക്കാനിടയാക്കുകയും ചെയ്യുന്നു. ഇത് തുടരുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നതിന് ഇടയാക്കുകയും കുഴപ്പങ്ങളുടെ തോത് അധികരിക്കാനിടയാക്കുകയും ചെയ്യുന്നു. പൊട്ടാസ്യം അയോണുകളുടെ സംതുലനം സാധ്യമല്ലാതാവുമ്പോള്‍ അത് ഹൈപ്പര്‍കലേമിയ (Hyperkalemia) എന്ന അപായാവസ്ഥയും വരുത്തിവെയ്ക്കുന്നു. ഉയര്‍ന്ന അളവില്‍ ഒലിയാന്‍ഡ്രിന്‍ ഉള്ളില്‍ച്ചെന്നാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

അരളി മരണകാരണമാവുന്നത് അപൂര്‍വ്വമല്ല. ആത്മഹത്യചെയ്യാനായി ഉപയോഗിക്കുന്നതു മുതല്‍ അറിയാതെ ആഹരിക്കുന്നതുവരെ ഇതില്‍ ഉള്‍പ്പെടുന്നു. ഔഷധമെന്നു കരുതി ഉപയോഗിച്ച് അപകടം പറ്റിയ സംഭവങ്ങളുമുണ്ട്. ഇത് മനുഷ്യരില്‍നിന്നു മാത്രമല്ല, മൃഗങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിലാണ് ഇത് കൂടുതല്‍ മാരകമായി കണ്ടിട്ടുള്ളത്. പേരമരത്തിന്റെ ഇലയാണെന്ന് കരുതി അരളിയുടെ ഇല കഴിച്ച ഒരു കുട്ടി മരണപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. 5 ഇലകള്‍ വരെ കഴിച്ചാല്‍ത്തന്നെ മരണം സംഭവിക്കാം. ചിലരില്‍ ഇത് 15 ഇലകള്‍ വരെയാകാം. വേര് ആണെങ്കില്‍ വെറും 15 ഗ്രാം മതിയാവും. മുതിര്‍ന്ന സ്ത്രീകളിലാണ് വിഷത്തെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലായി കാണപ്പെടുന്നത്. അഞ്ച് ഇലകള്‍ കഴിച്ചശേഷവും പറയത്തക്ക കുഴപ്പമൊന്നും വരാത്ത കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ചുവന്ന അരളിപ്പൂക്കള്‍ പിഴിഞ്ഞെടുത്ത നീര് രക്തക്കുഴലുകള്‍ സങ്കോചിക്കാന്‍ കാരണമാവുന്നതായി കണ്ടെത്തുകയുണ്ടായി. അതുപോലെ അന്നപഥത്തില്‍ നീര്‍ക്കെട്ടുണ്ടാവുകയും ചെയ്തു. എന്നാല്‍ ഇവ രണ്ടും ഉയര്‍ന്ന അളവില്‍ അരളിപ്പൂക്കള്‍ ഉള്ളില്‍ച്ചെന്നപ്പോഴാണ് സംഭവിച്ചത്. അതായത് ഒരു കിലോഗ്രാം ശരീരഭാരത്തിന് 33 മില്ലീഗ്രാം എന്ന അളവില്‍ ഉള്ളിലെത്തിയപ്പോള്‍ മാത്രം. ഇത് സംഭവിക്കണമെങ്കില്‍ ശരാശരി ശരീരഭാരം 50 കിലോഗ്രാം ആയ ഒരാള്‍ അരളിപ്പൂവില്‍നിന്നും മാരകമായ തരത്തില്‍ വിഷമേല്‍ക്കാന്‍ ഒന്നര കിലോഗ്രാമിലധികം ഭക്ഷിക്കേണ്ടിവരും [2]. ഇത് വളരെ അസ്വാഭാവികായ ഒരു കാര്യമാണെന്ന് കാണാവുന്നതാണ്. മനപ്പൂര്‍വ്വം ഒന്നരക്കിലോയോളം കഴിച്ചാലല്ലാതെ അരളിപ്പൂവിന്റെ ഒരിതളോ മറ്റോ ഉള്ളില്‍ച്ചെന്നാല്‍പ്പോലും അത് ശരീരത്തില്‍ വിഷം എന്ന തരത്തിലുള്ള ഒരു പ്രതികരണവും ഉളവാക്കില്ല. ഇക്കാര്യത്തില്‍ അന്തിമമായ വിലയിരുത്തല്‍ നടത്താന്‍ തക്കവണ്ണമുള്ള പഠനങ്ങള്‍ ഇപ്പോഴും ഉണ്ടായിട്ടില്ല [3].

വിഷം ഔഷധമാവുമ്പോള്‍

എല്ലാ സസ്യങ്ങളും ആയുര്‍വേദത്തിന്റെ ദൃഷ്ടിയില്‍ ഔഷധസ്വഭാവമുള്ളതാണ്. അവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്നത് അവയുടെ ഔഷധമൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ആയുര്‍വേദം ഒരു വിഷയമായി കണക്കാക്കുന്നില്ല. അതേസമയം പൊതുവേ വിഷസ്വഭാവമില്ലാത്തതായി കരുതപ്പെടുന്ന ഔഷധസസ്യങ്ങള്‍ ശരിയായ മാത്രയിലല്ലാതെ ഉള്ളിലെത്തുന്നത് അപകടമാവുന്ന സാഹചര്യവുമുണ്ട്. ശരിയായ അളവിലും മാത്രയിലും ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ഇവ ഔഷധമായി പ്രവര്‍ത്തിക്കുന്നത്. ചുവന്ന അരളിക്ക് മാനസികസംഘര്‍ഷം ലഘൂകരിക്കാനുള്ള ശേഷിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിന് നീരിനെ നീക്കാനുള്ള കഴിവുമുണ്ട്. ഒരു പരിധിവരെ അത് ഒരു ഹൃദയൗഷധമാണ്. നാഡീകോശങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കാനും ചുവന്ന അരളിക്ക് കഴിയും. എന്നാല്‍, മുന്‍പറഞ്ഞതുപോലെ ഇതൊക്കെയും ഔഷധപ്രയോഗത്തിലെ മാത്രയേയും ഇതര ചേരുവകളുമായി ചേരുമ്പോഴുള്ള ക്രിയാശേഷിയേയും ആശ്രയിച്ചിരിക്കുന്നു. ചുവന്ന അരളിക്ക് കാന്‍സറിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതില്‍നിന്നും അതിന്റെ ഔഷധമൂല്യം അത്ര നിസ്സാരമല്ല എന്ന് മനസ്സിലാക്കാമല്ലോ. ചുവന്ന അരളിയില്‍നിന്നുള്ള ഒലിയാന്‍ഡ്രിന്‍ എന്ന സംയുക്തത്തിന് അര്‍ബുദകോശങ്ങളെ നശിപ്പിക്കാനാവും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട 'ആന്‍വിര്‍സെല്‍' (Anvirzel™) എന്ന മരുന്ന് ഇപ്പോള്‍ വിപണിയിലെത്തിക്കഴിഞ്ഞു[4].

നേരിട്ടുള്ള ഉപയോഗത്തില്‍നിന്നുള്ള വിഷാംശം കുറയ്ക്കാന്‍ അരളിവേര് പശുവിന്‍ പാലിലിട്ട് മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി തിളപ്പിച്ച് ആവിയില്‍ പുഴുങ്ങിയ ശേഷമാണ് ഉപയോഗിക്കുന്നത്. 'ശോധന' എന്നാണ് ഇത്തരത്തിലുള്ള വിഷാംശംകുറയ്ക്കല്‍ അറിയപ്പെടുന്നത്. തുടര്‍ന്ന് വെള്ളത്തില്‍ കഴുകി ഉണക്കിയെടുക്കുന്നു. ഇതിലൂടെ ഒലിയാന്‍ഡ്രിന്‍, കാര്‍ഡിനോലൈഡ് എന്നിവയുടെ അളവ് വളരെയധികം കുറയുന്നു. എന്നാല്‍, ഔഷധസ്വഭാവം നിലനില്‍ക്കുകയും ചെയ്യുന്നു. അതേസമയം, ചുവന്ന അരളിയുടെ വേരോ പുറന്തൊലിയോ കൊണ്ടുള്ള കഷായം ബാഹ്യചികിത്സയ്ക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന് ആയുര്‍വേദ ആചാര്യന്‍മാര്‍ പറയുന്നു.

ചുവന്ന അരളികൊണ്ടുള്ള ഔഷധങ്ങള്‍ ഉള്ളില്‍ കഴിക്കാനുള്ള നിര്‍ദ്ദേശം പക്ഷേ, സുശ്രുതന്‍ നല്‍കുന്നുണ്ട്. വിരേചനൗഷധപ്രയോഗശേഷം 'കരവീരകല്‍ക്കം' പ്രയോഗിക്കാമെന്നാണ് സുശ്രുതന്‍ പറയുന്നത്. മൂത്രാശയത്തിലെ കല്ലിന്റെ ചികിത്സയ്ക്കായി തേന്‍, പാല്‍, നെയ്യ് എന്നിവ ചേര്‍ത്തുള്ള 'കരവീരക്ഷാരപാനം' നടത്താമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ത്വക്രോഗങ്ങളുടെ ചികിത്സയില്‍ 'കരവീരസ്നാന'വും കഷായപാനവും നടത്താമെന്നും അദ്ദേഹം പറയുന്നു. ത്വക്രോഗ ചികിത്സയില്‍ ഉപയോഗിക്കുന്ന പത്ത് ഔഷധച്ചെടികളിലൊന്നായി ('കുഷ്ഠാഘ്നദശാമണി') ചരകനും ചുവന്ന അരളിയെ നിര്‍ദ്ദേശിക്കുന്നു. ഇവ ഓരോന്നും ഉള്ളില്‍ കഴിക്കാനുള്ളതോ പുറംചികിത്സയ്ക്കള്ളതോ എന്ന് വൈദ്യര്‍ക്ക് അദ്ദേഹത്തിന്റെ യുക്തിക്കനുസരിച്ച് തീരുമാനിക്കാമെന്നും ചരകന്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍, അരളി ഉള്ളില്‍ കൊടുക്കുമ്പോള്‍ 'കുഷ്ഠാഘ്കഷായ'ത്തോടൊപ്പം ഹരീതകി അഥവാ കടുക്ക (Terminalia chebula) നല്‍കേണ്ടതാണ്. ഇത് അരളിയിലെ വിഷാംശത്തിനുള്ള മറുമരുന്നായി പ്രവര്‍ത്തിക്കും. അതുപോലെ, 'കരവീരക്ഷാരപാനം' നിര്‍ദ്ദേശിക്കുമ്പോള്‍ പാല്‍ ഒപ്പം ഉപയോഗിക്കണം. അനുപാനമഞ്ജരി, ക്രിയാകൗമുദി തുടങ്ങിയവയിലെ ചികിത്സാനിര്‍ദ്ദേശങ്ങളില്‍ അരളിയുടെ വിഷാംശം കുറയ്ക്കാന്‍ ഹരീതകികഷായമോ എരുമപ്പാലോ (മഹിഷക്ഷീരം) എരുമപ്പാലില്‍ നിന്നുള്ള തൈരോ (മഹിഷധാതി) കരിമ്പിന്‍പഞ്ചസാരയോ (സിത) ചിറ്റെരിക്കിന്റെ പുറന്തൊലിയോ (Calotropis procera) ഉപയോഗിച്ചിരിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കരവീരം എന്ന അരളി ഉപയോഗിച്ചുള്ള ചികിത്സ അറ്റകൈപ്രയോഗമെന്ന തരത്തില്‍ അവസാനമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് പറഞ്ഞിരിക്കുന്നത്. അത്യാസന്നനിലയിലെ രോഗിയെ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയില്‍ മാത്രമാണ് കരവീരം ഉപയോഗിക്കുന്നത്.

അരളി മാത്രമല്ല വിഷം

അരളിപ്പൂ ക്ഷേത്രങ്ങളില്‍ നിരോധിക്കാനായി പറയുന്ന കാരണം അതൊരു വിഷസസ്യം ആണെന്നതാണ്. ചുവന്ന അരളി ആയുര്‍വേദത്തില്‍ ഔഷധമായി ഉപയോഗിക്കപ്പെടുന്നു എന്നത് ഈ നിരോധനം നീക്കാനുള്ള ഒരു ന്യായീകരണമായി പരിഗണിക്കപ്പെടുന്നില്ല. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനം അനുസരിച്ച് (Abhilash K.P. et al., 2021), ദക്ഷിണേന്ത്യയില്‍ മാത്രം വിഷച്ചെടികള്‍ ഉള്ളില്‍ച്ചെന്നുള്ള 150 മരണങ്ങള്‍ ഉണ്ടായതില്‍ 65 ശതമാനവും അരളിയില്‍ നിന്നായിരുന്നു. അമേരിക്കയിലെ ടോക്സിക് എക്സ്പോഷര്‍ സര്‍വൈലന്‍സ് സിസ്റ്റം പ്രസിദ്ധപ്പെടുത്തിയ കണക്കനുസരിച്ച് 2004-ല്‍ 785 പേര്‍ക്ക് അരളിയില്‍ നിന്നുമുള്ള വിഷബാധ ഏല്‍ക്കുകയുണ്ടായി. 1940-ലെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഔഷധസസ്യങ്ങളില്‍ വിഷസ്വഭാവമുള്ളവയെ പ്രത്യേകം പട്ടികയായി തിരിച്ച് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷെഡ്യൂള്‍ E1-ല്‍ ആണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്‍പ്രകാരം, ഒരു അംഗീകൃത മെഡിക്കല്‍ പ്രാക്റ്റീഷണറുടെ മേല്‍നോട്ടത്തിലല്ലാതെ ഇവ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഈ പട്ടികയിലെ വിഷച്ചെടികളിലൊന്നായി അരളിയും ഉള്‍പ്പെടുന്നുണ്ട്. പക്ഷേ, ശ്രദ്ധേയമായ കാര്യം അരളിയോടൊപ്പം ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ചെടികളില്‍ ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് ഉപയോഗിക്കുന്ന മറ്റു ചെടികളും ഉള്‍പ്പെടുന്നുണ്ട് എന്നതത്രേ! ഇതിന് ഒരു ഉദാഹരണമാണ് ഉമ്മം (Datura metel). 'ഓം ശ്രീ ഹര്‍സുനവേ നമഃ ഥത്തൂരപത്രം സമര്‍പ്പയാമി'' എന്ന് ജപിച്ചുകൊണ്ടാണ് ഗണേശപൂജയ്ക്ക് ഉമ്മത്തിന്റെ ഇല സമര്‍പ്പിക്കുന്നത്. അരളിപോലെ ഇതും ഗണേശപൂജയ്ക്കുള്ള 21 ഇലകളില്‍ ഒന്നാണ്.

ശിവക്ഷേത്രങ്ങളിലും അതിന്റെ പരിസരങ്ങളിലും വളര്‍ത്തപ്പെടുന്ന ചിറ്റെരിക്കും വിഷസസ്യമെന്ന നിലയില്‍ പുകള്‍പെറ്റതാണ്. ഇല, പൂവ് എന്നിവ അടര്‍ത്തിയാല്‍ ഊറിവരുന്ന പാലുപോലുള്ള കറയില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കാനുള്ള വിഷസംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാര്‍ഡിയാക് അഗ്ലൈക്കോണുകള്‍ (Cardiac aglycones) എന്നറിയപ്പെടുന്ന ഇവ സ്റ്റിറോയിഡുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കലോട്രോപ്പിന്‍, കലോടോക്സിന്‍, കലാക്റ്റിന്‍, തുടങ്ങി വിഷസംയുക്തങ്ങളുടെ ഒരു നീണ്ടനിര തന്നെ ഇതിലുണ്ട്. എന്നാല്‍, ചിറ്റെരിക്കിന്റെ ഇലയോ പൂവോ ആരും കഴിക്കാറില്ല. അതുകൊണ്ടുതന്നെ അവ അമ്പലപരിസരങ്ങളിലെ ഒരു സാന്നിധ്യമാവുന്നതിനെ കുറ്റപ്പെടുത്താനാവില്ല. ക്ഷേത്രവിശ്വാസങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു വിഷസസ്യമാണ് കുന്നി (Abrus precatorious). ഇതിന്റെ വിത്തുകള്‍ 'കുന്നിമണി' എന്ന പേരില്‍ പ്രശസ്തമാണ്. ഇവയുടെ ഭാരം വളരെ കൃത്യതയുള്ളതാകയാല്‍ സ്വര്‍ണ്ണം തൂക്കാനായി മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നു. ഗുരുവായൂരമ്പലത്തില്‍ കുന്നിക്കുരു വാരിയെടുക്കുന്ന ഒരു ചടങ്ങുണ്ട്. നാണയത്തുട്ടുകള്‍ ഇട്ടശേഷമാണ് രണ്ടു കൈകള്‍ കൊണ്ടും കുന്നിമണികള്‍ വാരുന്നത്. ഇത് രണ്ടുതവണയായി തിരിച്ചിടുകയും ചെയ്യുന്നു. എന്നാല്‍, കുന്നിക്കുരു ഉള്ളില്‍ച്ചെല്ലുന്നത് മാരകമാണ്. അബ്രിന്‍ (Abrin) എന്ന വിഷസംയുക്തത്തിന്റെ സാന്നിധ്യമാണ് കാരണം. ഇത് കോശസ്തരം വഴി കോശത്തിനുള്ളില്‍ക്കടന്ന് പ്രോട്ടീന്‍ സംശ്ലേഷണം നടത്തുന്ന റൈബോസോമുകളെ നശിപ്പിക്കും. ഒരു സെക്കന്റില്‍ 1500 റൈബോസോമുകള്‍ എന്ന കണക്കിലാണ് നശീകരണം. ഇക്കാരണത്താല്‍ കുന്നിക്കുരു ഉഗ്രവിഷമാണ്. ജൈവായുധമായി ഉപയോഗിക്കുന്ന റൈസിന്‍ (Ricin) എന്ന ജൈവസംയുക്തത്തെക്കാള്‍ 75 ഇരട്ടി ശക്തിയുള്ളതാണ് കുന്നിക്കുരുവിലെ അബ്രിന്‍. എന്നാല്‍ കുരു ചവച്ചുപൊട്ടിച്ചു കഴിച്ചാല്‍ മാത്രമേ വിഷം ഏല്‍ക്കുകയുള്ളൂ. അല്ലെങ്കില്‍ അത് അതേപടി അന്നപഥത്തിലൂടെ കടന്ന് പുറത്തുപോവും.

പരിഹാരമെന്ത്?

അരളി വിഷസസ്യമാണെന്നത് പുതിയ അറിവല്ല. നമ്മുടെ നാട്ടില്‍ ഒരുകാലത്ത് കുട്ടികള്‍ക്കുപോലും സുപരിചിതമായിരുന്ന നാട്ടറിവുകളിലൊന്നാണ് അരളിക്ക് വിഷമുണ്ട് എന്നത്. എന്നാല്‍, കാലാന്തരത്തില്‍ നമ്മുടെ ഗ്രാമാന്തരങ്ങളില്‍ നിന്നുപോലും ഇത്തരം അറിവുകള്‍ മാഞ്ഞുപോയി. പാഠപുസ്തകങ്ങളില്‍ ഇത്തരം അറിവുകള്‍ എന്തുകൊണ്ടോ സ്ഥാനം പിടിക്കാതെ പോയി. ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന്റെ ചുവടുപിടിച്ച് നീങ്ങിയതു കാരണം നമ്മുടെ പാഠ്യപദ്ധതികള്‍ സ്വന്തം സംസ്‌കാരവും പാരമ്പര്യവിജ്ഞാനവും രണ്ടാം തരമായി കരുതി. ഫലമോ, എന്തിനുമേതിനും അവസാനവാക്കായി ഇന്റര്‍നെറ്റും ഗൂഗിളും അവതരിച്ചു. അരളി മരണകാരണമായി എന്നൊരു വാര്‍ത്ത കണ്ടപ്പോള്‍ പലരും അതിന്റെ വസ്തുത തിരക്കാതെ അരളിച്ചെടികളെ മുച്ചൂടും നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങി. ക്ഷേത്രങ്ങളില്‍നിന്നും അരളി ഒരിക്കലും ഭക്ഷിക്കാനായി കൊടുക്കുന്നില്ല എന്നൊന്നും ആലോചിക്കാന്‍ ആരും മിനക്കെട്ടില്ല. പായസത്തില്‍ കിടക്കുന്ന അരളിപ്പൂവിന്റെ ഒരിതള്‍ ഒരാളിനെ കൊല്ലാന്‍ ധാരാളം മതിയാവും എന്നുപോലും ചാനല്‍വാര്‍ത്താപ്പെരുമഴയിലൂടെ ജനം വിശ്വസിച്ചു. തിരുവിതാംകൂര്‍/മലബാര്‍ ദേവസ്വംബോര്‍ഡുകള്‍ക്ക് ആ 'ഭീകരസത്യ'ത്തെ അപ്പാടി വിഴുങ്ങാനും കഴിഞ്ഞില്ല. അരളിപ്പൂ കേരളത്തിലെ ക്ഷേത്രങ്ങളില്‍ സമ്പൂര്‍ണ്ണമായി നിരോധിക്കപ്പെട്ടു. പക്ഷേ, ഒരല്പം ബോധവല്‍ക്കരണം മാത്രമല്ലേ ഇക്കാര്യത്തില്‍ വേണ്ടിയിരുന്നുള്ളൂ? ചന്ദനത്തോടൊപ്പമോ മറ്റോ അരളിപ്പൂവിന്റെ ഇതള്‍ കിട്ടിയാല്‍ ദൂരേക്കെറിഞ്ഞുകളയുക. ചന്ദനം ആരും ഉള്ളില്‍ കഴിക്കാറില്ലല്ലോ, അതുപോലെ അരളിപ്പൂവും നമുക്ക് കഴിക്കണ്ട! അങ്ങനെയാവാമെങ്കില്‍ ക്ഷേത്രങ്ങളില്‍നിന്നും അരളിയെ കുടിയിറക്കിയ നടപടി പുനഃപരിശോധിക്കേണ്ടതല്ലേ??

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com