

ശരീരമെന്നത് ജൈവികമായ പ്രക്രിയകളുടെ ആകത്തുകയാണെന്നും ലൈംഗികതയും പ്രണയവുമൊക്കെ പ്രകൃതിദത്തമായ ശരീരത്തിന്മേല്‍ നടക്കുന്ന വികാരങ്ങളുടെ പ്രകടനമാണെന്നുമാണ് പൊതുവില്‍ സാമൂഹിക, ശാസ്ത്രീയ വാദങ്ങള്‍ പറയുന്നത്. അങ്ങനെ ലൈംഗികതയെന്നത് ആണും പെണ്ണും തമ്മിലുള്ള ലിംഗപരമായ ഇടപാടാണെന്നു (Hetero sexuality
) ഉറപ്പിക്കപ്പെടുന്നു. തുല്യരായ പങ്കാളികളെന്ന നിലയില്‍ രണ്ടു പേരുടെ ഇടപെടല്‍ എന്ന നിലയിലല്ല ലൈംഗികതയുടെ ആശയലോകം പൊതുവെ പ്രവര്‍ത്തിക്കുന്നതെന്നു കാണാം. കരുത്തനായ പുരുഷന്‍ സ്ത്രീയെ കീഴടക്കുന്ന പ്രവര്‍ത്തനമായിട്ടാണ് ലൈംഗികതയെ വിവരിക്കുന്നത്. കലകളും സാഹിത്യവും ഇത്തരത്തിലുള്ള ധാരണകളെ നിരന്തരം ആവര്‍ത്തിക്കുകയും പെണ്‍-ആണ്‍ ലൈംഗികതയേയും പ്രണയത്തേയും വാഴ്ത്തുകയും ചെയ്യുന്നു. എന്നാല്‍, ആണും പെണ്ണും മാത്രമല്ല, ലിംഗപരമായി ആണിനും പെണ്ണിനും പുറത്തുള്ള സ്വത്വങ്ങളുണ്ടെന്നും സ്ത്രീ പുരുഷന്മാര്‍ തന്നെ സമൂഹത്തിലെ ഓരോ കാലത്തേയും പലതരം സാമൂഹികവല്‍ക്കരണത്തിലൂടെ ഉണ്ടാക്കപ്പെടുന്നവരാണെന്നും ഇന്നു വാദിക്കപ്പെടുന്നു. സ്വത്വങ്ങളെന്നത് ചരിത്രപരമായി നിര്‍മ്മിക്കപ്പെടുന്നവരാണെന്നതുപോലെ ലൈംഗികതപോലുള്ളവയും ചരിത്രപരമായ നിര്‍മ്മിതയായ തെരഞ്ഞെടുപ്പാണെന്നും ഇന്ന് വിശദീകരിക്കപ്പെടുന്നു. അങ്ങനെ ഇന്ന് ലൈംഗികിതയുടെ ചരിത്രം ജൈവികവാദത്തില്‍നിന്നു വിമതത്തില്‍ വന്നെത്തിനില്‍ക്കുന്നെങ്കിലും പുരുഷാധിപത്യത്തിന്റെ ലോകബോധത്തിനകത്ത് പെണ്ണും ആണും തമ്മിലുള്ള ഭിന്നലൈംഗികതയുടെ പ്രത്യയശാസ്ത്രം ശരിയാണെന്ന് ഇന്നും ഉറപ്പിക്കപ്പെടുന്നു. ഈ കാഴ്ചപ്പാടില്‍ കുട്ടികളുടെ ലോകത്ത് ലൈംഗികപാഠങ്ങളെങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണുകള്‍ മുന്‍നിര്‍ത്തി വായിക്കുകയാണ് ഈ പഠനം.
ലൈംഗികതയും സമൂഹവും
ഓരോ കാലത്തും ലൈംഗികത വ്യത്യസ്തമായ പ്രകടനങ്ങളിലൂടെയും ആശയസംഘട്ടനങ്ങളിലൂടെയും കടന്നുപോയിട്ടുണ്ടെന്നും കാണാം. പ്രാചീനകാലം മുതലേ ലൈംഗികചോദനകളെ ശരീരത്തിന്റെ അനിവാര്യമായ വികാരപ്രകടനമായി കാണുകയും അതിലൂടെ പ്രത്യുല്പാദനം നടക്കുന്നുവെന്നുറപ്പിക്കുകയും അതെല്ലാം ജൈവികമായിക്കണ്ട് സ്ത്രീ- പുരുഷാവസ്ഥകള്‍ പ്രകൃതിദത്തമാണെന്നു സ്ഥാപിക്കുകയും ചെയ്തു. 19-ാം നൂറ്റാണ്ടില്‍ ഏംഗല്‍സ് നടത്തിയ പഠനങ്ങള്‍ ലൈംഗികത ചരിത്രപരമായ നിര്‍മ്മിതിയാണെന്നു സ്ഥാപിച്ചെടുത്തു. ഗോത്രകാലം മുതല്‍ ഓരോ കാലത്തും കുടുംബവും ലൈംഗികബന്ധങ്ങളും വ്യത്യസ്തമായി നിലനിന്നുവെന്നു വാദിക്കുന്ന എംഗല്‍സ് സ്വകാര്യസ്വത്തിന്റെ ഉദ്ഭവത്തോടെയാണ് കുടുംബം ഒരു പുരുഷനും സ്ത്രീയും കുട്ടികളും എന്ന നിലയിലേക്ക് മാറുന്നതെന്നും അതോടെ സ്ത്രീ പുരുഷന്റെ അടിമയായതെന്നും നിരീക്ഷിക്കുന്നു.
ലൈംഗികതയെ 20-ാം നൂറ്റാണ്ടില്‍ ഏറെ പ്രശ്‌നവല്‍ക്കരിച്ച സിങ്മണ്ട് ഫ്രോയ്ഡിന്റെ (1856-1939) വാദങ്ങള്‍ ലൈംഗികതയെന്നത് ശാരീരികവും മസ്തിഷ്‌കപരവുമായ ചോദനകളുടെ ആകത്തുകയാണെന്നും ലിബിഡോയാണ് ലൈംഗികതയുടെ ലക്ഷ്യമെന്നും ആണും പെണ്ണം തമ്മിലുള്ള ബന്ധമാണ് ശരിയായിട്ടുള്ളതെന്നും അല്ലാത്തതെല്ലാം പ്രകൃതിവിരുദ്ധമാണെന്നും നിരീക്ഷിക്കുന്നു. സ്ത്രീകളുടെ ലൈംഗികതയുടെ വൈവിധ്യത്തെ നിരാകരിക്കുകയും ഭിന്നലൈംഗികതയുടെ അക്കാലത്തെ പ്രത്യയശാസ്ത്രത്തെ ഉറപ്പിക്കുകയുമായിരുന്നു അദ്ദേഹം. ഫ്രോയ്ഡിന്റെ വാദങ്ങളെ ചോദ്യം ചെയ്തതുകൊണ്ട് ആല്‍ഫ്രഡ് കിന്‍സേയുടെ ലൈംഗികതാ പഠനങ്ങള്‍ ഭിന്നലൈംഗികതയുടെ ക്രമങ്ങളെ നിരാകരിച്ച് ഏറിയ പങ്ക് ആള്‍ക്കാരും ലൈംഗികതയില്‍ രതിമൂര്‍ച്ഛ കണ്ടെത്തുന്നത് സ്വവര്‍ഗ്ഗ ലൈംഗികതയിലൂടെയാണെന്നു വാദിച്ചു.
സ്ത്രീവാദത്തിന്റെ സൈദ്ധാന്തിക വാദങ്ങളാണ് സ്ത്രീ-പുരുഷ ലൈംഗികതയെ പ്രശ്‌നവല്‍ക്കരിച്ചതും ലിംഗകേന്ദ്രീകൃതമായ ലൈംഗികാഹ്ലാദത്തെ ചോദ്യം ചെയ്തതും. ലിംഗമാണ് ലൈംഗികതയിലെ ആഹ്ലാദം സൃഷ്ടിക്കുന്നതെന്ന ഫ്രോയ്ഡിയിന്‍ കാഴ്ചപ്പാടിനെ സ്ത്രീവാദികള്‍ ശക്തമായി എതിര്‍ത്തു. സ്ത്രീലൈംഗികതയുടെ കേന്ദ്രം യോനിയല്ലെന്നും ശിശ്നികയാണെന്നും പുരുഷനേക്കാള്‍ ശക്തമായ ലൈംഗികാഹ്ലാദം സ്ത്രീയനുഭവിക്കുന്നുവെന്നും സ്ത്രീക്ക് രതിമൂര്‍ച്ഛയനുഭവിക്കാന്‍ പുരുഷനില്ലാതേയും സാധിക്കുമെന്ന് സ്ത്രീവാദികള്‍ വാദിച്ചു.
സ്ത്രീവാദ പഠനങ്ങളുടെ തുടര്‍ച്ചയില്‍ ലൈംഗികതയേയും സ്വത്വബോധത്തേയും ചോദ്യം ചെയ്തുകൊണ്ട് വിമത ലൈംഗിക ചിന്തകള്‍ (Queer Sexuality) ഭിന്ന ലൈംഗികതയെ ചോദ്യം ചെയ്യുന്നു. ആണ്‍-പെണ്‍ ദ്വിലിംഗ മാതൃകയെ സാമൂഹിക ജീവിതത്തിന്റെ ആകത്തുകയായി കണ്ടുകൊണ്ടുള്ള ലിംഗ, ലൈംഗിക സങ്കല്പങ്ങളേയും ഭിന്നലൈംഗികതയെ ശരിയായി ഗണിക്കുന്ന ലൈംഗികതാ സങ്കല്പത്തേയും നിരാകരിക്കുന്ന, സ്വവര്‍ഗ്ഗ ലൈംഗികതകളുടെ വിപുലമായ ലോകത്തെ അടയാളപ്പെടുത്തുന്ന ജ്ഞാനത്തിന്റെ രാഷ്ട്രീയത്തേയും പ്രയോഗത്തേയുമാണ് വിമതം എന്നു വിളിക്കുന്നത്. അങ്ങനെ ലൈംഗികതയെന്നത് ചരിത്രപരമായി രൂപപ്പെടുകയാണെന്നും സ്വത്വങ്ങള്‍ തങ്ങളുടെ ലൈംഗികത തിരഞ്ഞെടുക്കുകയാണെന്നും വ്യക്തമാക്കപ്പെടുന്നു. സാമൂഹിക ശാസ്ത്രങ്ങളില്‍ ശക്തമാകുന്ന ഇത്തരം കാഴ്ചപ്പാടുകള്‍ നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ഇന്നും ഭിന്ന ലൈംഗികതാ സങ്കല്പങ്ങളും അതിനെ അടിസ്ഥാനമാക്കിയ കുടുംബവും ശക്തമായി തുടരുന്നു.
പൊരിച്ച മീനിന്റെ ലിംഗപാഠങ്ങള്‍
തനിക്കു പൊരിച്ച മീന്‍ കുട്ടിക്കാലത്ത് കിട്ടിയിട്ടില്ലെന്ന റിമാ കല്ലിങ്ങലിന്റെ സംസാരം കേരളീയ സമൂഹം കുടുംബമെന്ന സ്ഥാപനത്തിലൂടെ കുട്ടികളെ ലിംഗപദവീപരമായി രൂപപ്പെടുത്തുന്ന ശക്തമായ വിവേചനത്തെ അടയാളപ്പെടുത്തുകയായിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങളിലൊക്കെ അതിനെ പരിഹസിക്കുന്ന പ്രതികരണങ്ങളായിരുന്നു ഏറെയും പ്രത്യക്ഷപ്പെട്ടത്. വീടുകളില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനം വളരെ ചെറിയ പ്രായത്തില്‍ത്തന്നെ കുട്ടികളെ ആണും പെണ്ണുമായി വേറിട്ട സ്വത്വമായി വളര്‍ത്തുന്ന രീതിയാണ് കാണുന്നത്. ഭക്ഷണത്തിലും കളിപ്പാട്ടത്തിലും കളികളിലും പഠനത്തിലുമൊക്കെ ഈ വിവേചനം പ്രത്യക്ഷപ്പെടുന്നതു കാണാം. ആര്‍ത്തവമാകുന്നതോടെ പെണ്‍കുട്ടി പൂര്‍ണ്ണമായി താനൊരു പ്രത്യേക സ്വത്വമാണെന്നും തനിക്കു ആണ്‍കുട്ടിയെപ്പോലെ സ്വാതന്ത്ര്യവും കരിയറും ഇല്ലെന്നും ഭാര്യാപദവിയും വിവാഹവുമാണ് തന്റെ ലക്ഷ്യങ്ങളെന്നു തിരിച്ചറിയുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ലിംഗവിവേചനത്തിന്റെ കേന്ദ്രവിഷയം തന്നെ ലൈംഗികതയാണെന്നു പറയാം. പെണ്‍കുട്ടിയെ അടക്കവുമൊതുക്കവുമുള്ളവളാക്കാനുള്ള സമൂഹത്തിന്റെ ശാസനങ്ങളെല്ലാം സ്ത്രീയുടെ ലൈംഗികതയെയാണ് നിയന്ത്രിക്കുന്നതെന്നു കാണാം. കുട്ടിക്കാലത്ത് കാലകത്തിയിരിക്കാന്‍പോലും കഴിയാതെ പെണ്‍കുട്ടി വളരുമ്പോഴും അത്തരം സ്വാതന്ത്ര്യങ്ങള്‍ അന്യമായിട്ടുള്ള സ്വത്വമാകുന്നു. അക്രമോത്സുകത ആണ്‍കുട്ടിയുടെ ജന്മാവകാശമെന്ന നിലയില്‍ സ്വാഭാവികമായി അനുവദിക്കപ്പെടുന്നു. വളരുമ്പോള്‍ ലൈംഗികസ്വാതന്ത്ര്യം ആണിന്റെ അവകാശമാകുന്നു. സ്ത്രീയെ എപ്പോഴും കയറിപ്പിടിക്കാനും ബലാല്‍ക്കാരം ചെയ്യാനും അവനവകാശമുണ്ടെന്നപോലെ പൊതുസമൂഹത്തില്‍ ആശയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടിയുടെ വളര്‍ത്തല്‍ ഭാവിയിലെ ആണിന്റെ ആണത്തപരമായ ലൈംഗികതയെ പ്രകടിപ്പിക്കുന്നതാകുമ്പോള്‍ പെണ്‍കുട്ടിയുടെ അടക്കവുമൊതുക്കവും ഭാവിയെ സ്ത്രീയെന്ന നിസ്സംഗ ലൈംഗിക സ്വത്വത്തെ രൂപപ്പെടുത്തുന്നതിനുള്ള പ്രത്യയശാസ്ത്ര പ്രയോഗമായി മാറുന്നു. ആക്ടീവത, ചലനാത്മകത ആണ്‍കുട്ടിക്കാണെന്നു പഠിപ്പിച്ചെടുക്കുന്നതിന്റെ പൊരുള്‍ പ്രധാനമായും ലൈംഗികമായി ചലനാത്മകതയും അധികാരവും പുരുഷന്മാണെന്ന് ഉറപ്പിക്കുകയാണ്. അത്തരം ബോധ്യങ്ങളെ ശൈശവം മുതല്‍ കുത്തിനിറച്ച് കുട്ടികളെ പാകപ്പെടുത്തുകയാണ് ഈ സാമൂഹിക വ്യവഹാരങ്ങള്‍. അങ്ങനെ ആണിന്റെ അധികാരത്തിലൂടെയും ലൈംഗിക പ്രയോഗത്തിലൂടെയും തൃപ്തി നേടേണ്ടവരാണ് സ്ത്രീകളെന്ന ബോധ്യം നിര്‍മ്മിക്കപ്പെടുന്നു. ഇത്തരം വ്യവഹാരങ്ങളില്‍ ഇടപെടുകയാണ് ടോം ആന്റ് ജെറി പോലുള്ള ബാലകാഴ്ചകളും സാഹിത്യരൂപങ്ങളും.
ജെറിയുടേയും ടോമിന്റേയും ലിംഗപദവി
കുട്ടികളുടെ ലോകത്തിലേറെ ശ്രദ്ധേയമായ കാഴ്ചയാണ് ടോം ആന്‍ഡ് ജെറിയെന്ന കാര്‍ട്ടൂണ്‍. 1940-1958 കാലത്ത് വില്യം ഹന്നയും ബാര്‍ബറാ ജോണ്‍സണും രൂപം നല്‍കിയ ടോം എന്ന പേരിലുള്ള പൂച്ചയുടേയും ജെറി എന്ന പേരിലുള്ള എലിയുടേയും നൂറിലേറെ ഭാഗങ്ങള്‍ വരുന്ന ആനിമേഷനാണ് ഇവ. ഒരു സമ്പന്ന വീട്ടില്‍ പാര്‍ക്കുന്ന ടോമും ജെറിയും പരസ്പര ശത്രുതയില്‍ ആക്രമിച്ചു കഴിയുന്നവരാണ്. ജെറിയെ പിടിക്കാനാണ് ആ വീട്ടില്‍ ടോമിനെ പാര്‍പ്പിച്ചിരിക്കുന്നതു തന്നെ. ജനപ്രിയ കാഴ്ചയില്‍ ആഹ്ലാദം ലഭിക്കുന്ന എതിരാളികള്‍ തമ്മിലുള്ള സംഘട്ടനം എന്ന യുക്തിയെ വിപുലപ്പെടുത്തി ഇര-വഴക്ക്-സംഘട്ടനം-അക്രമം-ഒത്തുതീര്‍പ്പ്/കീഴടങ്ങല്‍ എന്ന സമവാക്യത്തെ പൂരിപ്പിച്ചുകൊണ്ടാണ് കഥ പറയുന്നത്. തുടങ്ങിയ കാലത്ത് വളരെ ശ്രദ്ധേയമായി മാറിയ ഈ കുട്ടികളുടെ ചലച്ചിത്ര പരമ്പര അന്‍പതുകള്‍ക്കുശേഷം ലോകത്തിന്റെ പല ഭാഗത്തും പുനരാവിഷ്‌കാരങ്ങള്‍ക്കു വിധേയമാകുന്നുണ്ട്. പലതരത്തിലുള്ള ആവിഷ്‌കാരങ്ങളിലൂടെ, വ്യത്യസ്തമായ ആഖ്യാനങ്ങളിലൂടെ ജീവിച്ച ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണുകള്‍ ആദ്യം രചിച്ചവര്‍ തന്നെ പല മാറ്റങ്ങള്‍ക്കും വിധേയമാക്കുകയുണ്ടായി. അക്കാലത്തുതന്നെ ഇതിലെ വംശീയതയൊക്കെ ചര്‍ച്ചകളില്‍ വന്നതിനാല്‍ രാഷ്ട്രീയമായിത്തന്നെ ഇവയെ വായിച്ചിട്ടുണ്ട്. കറുത്തവരെ അപരരാക്കുന്ന ഇതിലെ മാമ്മി എന്ന കഥാപാത്രത്തിന്റെ ആഖ്യാനത്തെക്കുറിച്ചുള്ള സംവാദങ്ങള്‍; കുട്ടിക്കാഴ്ചകള്‍ കേവലം നിഷ്‌കളങ്കമല്ലെന്നും രാഷ്ട്രീയമാണെന്നും വ്യക്തമാക്കിയതാണ്. ടെലിവിഷന്‍ പരമ്പര എന്ന നിലയില്‍ മാത്രമല്ല, ജനപ്രിയമായി മാറുകകയും ജനപ്രിയ സംസ്‌കാരത്തിന്റെ ഭാഗമായിത്തീരുകയും ചെയ്ത
ത് സിനിമയായും നാടകമായും ലോകത്തിന്റെ പലഭാഗത്ത് ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ജനപ്രിയമായ ഷോയായിട്ടാണ് ടോം ആന്റ് ജെറി നിലകൊള്ളുന്നതെന്നു കാണാം. കുട്ടിക്കാഴ്ചകളിലെ നിരന്തര സാന്നിധ്യമായി ഇവ പ്രത്യക്ഷപ്പെടുന്നു.
ടോമും ജെറിയും പൂച്ചയും എലിയും എന്ന ദ്വന്ദ്വം വിട്ട് അവരുടെ ലിംഗപരമായ സ്വത്വത്തില്‍ പലതരം വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ടോം യൂറോപ്പിലെ വീടുകളിലെ ആണ്‍പൂച്ചയായിട്ടാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. പൂച്ചകള്‍ക്കു വ്യാപകമായി ഈ പേര് നല്‍കിയിരുന്നു. എന്നാല്‍, ടോമിന്റെ സ്വത്വത്തെ ലിംഗപരമായി അസ്ഥിരമാക്കപ്പെട്ട ഒന്നായും വായിക്കുന്നുണ്ട്. ഫ്‌ലിര്‍ട്ടി ബോര്‍ഡ് എന്ന എപ്പിസോഡില്‍ ടോം തന്റെ എതിരാളിയായ പക്ഷിയെ വശത്താക്കി അവന്റെ കൈവശമുള്ള ജെറിയെ തട്ടിയെടുക്കുന്നതിനായി പെണ്‍പക്ഷിയായി വേഷം കെട്ടുന്നുണ്ട്. വേഷം കെട്ടുക മാത്രമല്ല, പക്ഷിയുടെ ഇണയായി അവന്റെ പ്രണയചേഷ്ടകള്‍ക്കു വിധേയമാകുകയും കൂട്ടിലിരിക്കേണ്ടിവരികയും ചെയ്യുന്നുണ്ട്. പ്രകടനത്തിലൂടെ അസ്ഥിരമായി, മറ്റൊരു ലിംഗതന്മയെ കെട്ടിയാടുന്നതിനാല്‍ ടോമില്‍ വിമതത്വമുണ്ടെന്നു നിരീക്ഷിക്കപ്പെടുന്നുണ്ട്. ടോമിനെപ്പോലെ ജെറി ആണ്‍ സ്വത്വമായിട്ടാണ് പൊതുവേ വ്യാഖ്യാനിക്കപ്പെടുന്നതെങ്കിലും അവനില്‍ സ്‌ത്രൈണത പല രൂപത്തില്‍ നിലനില്‍ക്കുന്നതായി കാണാം. സ്ത്രീയുടെ ശരീരഭാഷ ജെറിയുടെ സ്വത്വത്തെ പലയിടത്തും പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്.
പ്രണയവൃത്തം- ടോം, ജെറി, ബുച്ച്, ഗലോര്‍
ലൈംഗികതയും പ്രണയവും കടന്നുവരുന്ന രണ്ട് എപ്പിസോഡുകളാണ് ഇവിടെ വിശകലനം ചെയ്യുന്നത്. കാസനോവ ക്യാറ്റ്, സ്പ്രിംഗ്ടൈം ഫോര്‍ തോമസ് എന്നിയാണിവിടെ പരിഗണിക്കുന്നത്. ടോമിന്റെ പ്രണയകഥകളായ ഇവ കൃത്യമായി ടോമിന്റേയും ജെറിയുടേയും ലിംഗപദവിയിലേക്ക് വ്യക്തമായി വെളിച്ചം വീശുന്നുണ്ടെന്നു പറയാം. ഈ കഥകളിലാണ് ബുച്ച് എന്ന കറുത്ത പൂച്ചയും ടൂഡില്‍ ഗലോര്‍ എന്ന പെണ്‍പൂച്ചയും കാര്യമായി പ്രത്യക്ഷപ്പെടുന്നത്. ടോം-ജെറി കഥയിലെ പ്രാന്തലോകത്താണ് ബുച്ച് എന്ന കറുത്ത പൂച്ചയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗലോറാകട്ടെ, സുന്ദരിയായ വെളുത്ത പൂച്ചയാണ്. ജെറി ടോം സംഘര്‍ഷത്തിലുപരി പ്രണയത്തിനുവേണ്ടി ടോമും ബുച്ചും നടത്തുന്ന പോരാട്ടങ്ങളായിട്ടാണ് ഈ കഥകള്‍ മാറുന്നത്. കാസനോ ക്യാറ്റില്‍ പത്രപരസ്യം കണ്ട് ടോം ഗലോറിന്റെ പ്രണയം ഏറ്റുവാങ്ങാനായി ജെറിയെ സമ്മാനമാക്കി ഹോട്ടലില്‍ എത്തുകയാണ്. ഗലോറിനു ചുംബനം നല്‍കി ജെറിയെ അവളുടെ മുന്നില്‍ കുരങ്ങുകളിപ്പിച്ച് അവളെ സന്തോഷതിയാക്കി അവളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. അവരിരുവരും പ്രണയത്തില്‍ മുങ്ങിനില്‍ക്കവെ ജെറി-ടോമിന്റെ പ്രണയം കുളമാക്കാനായി ഹോട്ടലിന്റെ മുകളിലത്തെ നിലയിലേക്ക് ബുച്ചിനെ ക്ഷണിക്കുന്നു. ഹോട്ടലിന്റെ താഴെയുള്ള മാലിന്യക്കൂമ്പാരത്തില്‍ കിടന്ന ബുച്ചിന് ജെറി ഗലോറിന്റെ വാര്‍ത്തയുള്ള പത്രം ഇട്ടുകൊടുക്കുന്നു. വാര്‍ത്ത വായിച്ച് ഗലോറിന്റെ ചിത്രത്തില്‍ ബുച്ച് വികാരഭരിതനായി ചുംബിക്കുമ്പോള്‍ പത്രം കത്തിപ്പോകുന്ന കാഴ്ച അവന്റെ കാമത്തെ അടയാളപ്പെടുത്തുന്നു.
ബുച്ച് ഗലോറിന്റെ മുറിയിലെത്തുമ്പോള്‍ ടോമവളെ വികാരത്തോടെ ചുംബിക്കുകയാണ്. തുടര്‍ന്ന് ബുച്ച് ഗലോറിനെ ഏറ്റെടുക്കുന്നു. അതോടെ ടോം വാശിയോടെ ബുച്ചിനെ തുരത്താന്‍ ശ്രമിക്കുന്നു. പിന്നീടവര്‍ തമ്മിലുള്ള പോരാട്ടമാണ്. ഗലോറിന്റെ പ്രണയത്തിനായി ബുച്ചും ടോമും നടത്തുന്ന പോരാട്ടം ആവര്‍ത്തിക്കുന്ന പല കഥകളുണ്ട്. ഒടുവില്‍ അവര്‍ പോരാട്ടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗലോറിനേയും കൊണ്ട് ജെറി കാറില്‍ യാത്രയാകുന്നിടത്ത് കഥ അവസാനിക്കുന്നു.
സ്പ്രിംഗ്ടൈം ഫോര്‍ തോമസ് എന്ന എപ്പിസോഡ് ടോമിന്റേയും ബുച്ചിന്റേയും ഗലോറിന്റെ പ്രണയത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. ടോമിന്റെ മാത്രമല്ല, ജെറിയുടേയും ലൈംഗിക താല്പര്യങ്ങളും വെളിവാക്കുന്ന ഈ ഭാഗം ടോം-ജെറി കഥയിലെ പ്രണയത്തിന്റെ മിക്ക ഘടകങ്ങളേയും വെളിപ്പെടുത്തുന്നതായി പറയാം. ടോം ഒരുദ്യാനത്തില്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഗലോറിനെ പ്രണയത്തോടെ നോക്കിയിരിക്കുന്നിടത്താണ് കഥയാരംഭിക്കുന്നത്. പതിവുപോലെ ജെറി വഴക്കുണ്ടാക്കിയിട്ടും അവന്‍ പ്രതികരിക്കുന്നില്ലെന്നു കണ്ട് നോക്കിയപ്പോഴാണ് ടോമിന്റെ ലക്ഷ്യം പിടികിട്ടിയത്. അതിനിടെ ഗലോര്‍ തന്റെ തൂവാല താഴെയിട്ടപ്പോള്‍ ടോം ഓടിച്ചെന്ന് അതെടുത്തു നല്‍കുന്നു. അവന്റെ കണ്ണിലാകെ പ്രണയം കത്തിയെരിയുന്നു. അപ്പോള്‍ ഇതു കണ്ടുകൊണ്ടിരുന്ന ജെറിയെ ഒരാത്മാവ് ബാധിക്കുകയും ടോമിന്റെ പ്രണയത്തിനു തടയിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. പതിവുപോലെ ജെറി ബുച്ചിനു കത്തു നല്‍കുന്നു. ബുച്ച് രംഗത്തുവരികയും ഗലോറിന്റെ പ്രണയം പിടിച്ചുപറ്റുകയും ചെയ്യുന്നു. പിന്നെ ഭയങ്കര പോരാട്ടമാണ്. അതിക്രൂരമായ അക്രമങ്ങള്‍ അരങ്ങേറുകയും ഒടുവില്‍ ഗലോര്‍ നിന്നിരുന്ന പൂന്തോട്ടത്തില്‍നിന്ന് ടോം പുറത്താവുകയും ചെയ്യുന്നു. അപ്പോള്‍ ജെറിയെ ടോം കണ്ടുമുട്ടുന്നു. അവര്‍ക്കു മനസ്സിലാകുന്നു, അവരിരുവരുമാണ് യഥാര്‍ത്ഥ ഇണകളെന്ന്. അവര്‍ വഴക്കുകൂടുന്നു. അപ്പോഴതാ ഒരു പെണ്ണെലി ജെറിയുടെ കണ്ണില്‍പ്പെടുകയും അവനു പ്രേമം തോന്നുകയും ചെയ്യുന്നു. അപ്പോള്‍ ടോം സങ്കടത്തിലാകുന്നിടത്ത് കഥ തീരുന്നു.
രണ്ടു കഥകളും പൊതുവില്‍ ടോം-ജെറി കഥകളാകെ കുട്ടിക്കഥകളുടെ പൊതുഘടനയെ പിന്തുടരുന്നതു കാണാം. സൗഹൃദം, വഴക്ക്, അതിക്രൂരമായ അക്രമങ്ങള്‍, ഒടുവില്‍ കനത്ത നാശനഷ്ടം ശേഷം ഒത്തുതീര്‍പ്പ് എന്നിങ്ങനെയൊരു സമവാക്യത്തിലാണ് ടോം-ജറി കഥകള്‍ പ്രവര്‍ത്തിക്കുന്നത്. അക്രമത്തിന്റെ ക്രമംതന്നെ തുല്യമായി ആവര്‍ത്തിക്കുന്നതു കാണാം. അതേ രീതി പ്രണയകഥയിലും കാണാന്‍ കഴിയുന്നുണ്ട്. പ്രണയം, വില്ലന്റെ രംഗപ്രവേശം, വഴക്ക്, അക്രമം ടോമിന്റെ കീഴടങ്ങല്‍ എന്നതാണ് ആ ക്രമം. പ്രണയകഥയില്‍ ടോം ജയിക്കുന്നില്ലെന്നു മാത്രമല്ല, ഗലോറിനെ നഷ്ടമാകുന്നുവെന്ന് വ്യക്തമായി കാണിക്കുന്നുമുണ്ട്. ഭിന്ന ലൈംഗികതയുടെ പ്രത്യയശാസ്ത്ര പരിസരത്തിനകത്താണ് ഈ കഥകള്‍ പ്രവര്‍ത്തിക്കുന്നതെന്നു പറയാം.
ഭിന്ന ലൈംഗികതയുടെ അക്രമങ്ങള്‍
പ്രണയം എന്നത് ആണും പെണ്ണും തമ്മിലുള്ള അതിവൈകാരികമായ ഇടപാടാണെന്നുള്ള ബോധ്യത്തിനകത്താണ് ഇക്കഥകളുടെ ഇഴകള്‍ രൂപപ്പെടുന്നത്. നിശ്ചിത പ്രായമെത്തുമ്പോള്‍ പുരുഷനു സ്ത്രീയെ ആവശ്യമുണ്ടെന്നും (തിരിച്ചും) അവര്‍ തമ്മില്‍ ലൈംഗികത നടക്കേണ്ടതുണ്ടെന്നും അതില്‍ സ്ത്രീ-പുരുഷ വ്യത്യാസങ്ങള്‍ പ്രകടമാണെന്നും ഇക്കഥകള്‍ പറയുന്നു. ഇവിടെ സമൂഹത്തിലെ ആണത്തത്തിന്റേയും പെണ്ണത്തത്തിന്റേയും ക്രമത്തിനകത്താണ് ടോമിനേയും ജെറിയേയും ഗലോറിനേയും പ്രതിഷ്ഠിക്കുന്നത്. ഗലോറിന്റെ ശരീരഭാഷയും ചലനങ്ങളും ലിംഗപരമായ പെണ്ണത്തം ഉറപ്പിച്ചിട്ടുണ്ട്. സമൂഹത്തില്‍ സ്ത്രീയുടേതെന്ന് ഉറപ്പിച്ചിട്ടുള്ള നാണവും ഭയവും അടക്കവും നിസ്സംഗതയും പ്രകടമാകുന്ന ശരീരഭാഷയാണ് ഗലോര്‍ പ്രകടിപ്പിക്കുന്നത്. ലിംഗപദവീപരമായ പെരുമാറ്റ സംഹിതകളനുസരിച്ച് സ്ത്രീയുടെ ഭാവങ്ങള്‍ പകര്‍ന്നാടിക്കൊണ്ട് കാഴ്ചയിലേക്ക് സ്‌ത്രൈണത കൊണ്ടുവരുകയാണ് ഗലോര്‍. അവരുടെ ശരീരഭാഷ ഇങ്ങനൊക്കെയാണ്: മന്ദമായ നടത്തം, മഷിയെഴുതിയ കണ്ണുകള്‍, ക്യൂട്ടെക്‌സും ലിപ്സ്റ്റിക്കും അണിഞ്ഞ വിരലുകളും ചുണ്ടുകളും, വാനിറ്റിബാഗ് ധരിക്കല്‍, ഹൈഹീല്‍ഡ് ചെരുപ്പ്, കണ്ണട. ഇവ അണിയുന്നതിലൂടെ സമ്പന്നമായ ഒരു യൂറോപ്യന്‍ സ്ത്രീയുടെ ലിംഗപദവിയിലേക്കാണ് ഗലോര്‍ പ്രതിഷ്ഠിക്കപ്പെടുന്നതെന്നു കാണാം. സൗന്ദര്യത്തിലാണ് ഗലോറിന്റെ ശരീരഭാഷ ക്രമപ്പെടുത്തിയിരിക്കുന്നത്. പുരുഷാധിപത്യ സമൂഹം സ്ത്രീയേയും പുരുഷനേയും വേര്‍തിരിക്കുന്നത് സ്ത്രീയെ സൗന്ദര്യത്തിലും പുരുഷനെ കരുത്തിലും ചിട്ടപ്പെടുത്തിക്കൊണ്ടാണ്. സ്ത്രീകള്‍ കായികമായി ദുര്‍ബ്ബലരാണെന്നും അവരുടെ ശരീരം മൃദുലമാണെന്നും പഠിപ്പിച്ചുകൊണ്ടാണ് സൗന്ദര്യത്തിന്റെ അടയാളമായി സ്ത്രീ ശരീരത്തെ വാര്‍ത്തെടുക്കുന്നത്. അതിനാല്‍ ഏറെ ചലനങ്ങളും ഓട്ടവും ചാട്ടവുമൊന്നും സ്ത്രീക്കാവശ്യമില്ലെന്നു സ്ഥാപിക്കപ്പെടുന്നു. ചലനങ്ങളെ കെട്ടിയിടുന്നതിലൂടെയാണ് പുരുഷാധിപത്യ സമൂഹം സ്ത്രീയെ ഭാവന ചെയ്യുന്നതെന്നു പറയാം. എന്നാല്‍, ടോമാകട്ടെ; കെട്ടിയിടപ്പെട്ട ചലനമല്ല. അവന്‍ നിരന്തരം ചലിക്കുകയും അക്രമോത്സുകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആണാണ്. അവനു സൗന്ദര്യത്തില്‍ ശ്രദ്ധയില്ല, മറിച്ച് കരുത്തിന്റെ പ്രകടനത്തിലാണ് അവന്റെ താല്പര്യം. അതായത് ടോമിന്റെ നേരെ വിപരീതമാണ് ഗലോര്‍. ഈ വ്യത്യാസം പ്രകടമായി കാഴ്ചയിലേക്ക് സന്നിവേശിക്കപ്പെടുകയും ലിംഗപദവിയുടേയും ലൈംഗികതയുടേയും പാഠമായി രൂപപ്പെടുകയും ചെയ്യുന്നു.
ഗലോറിനെ കാണുമ്പോള്‍ ടോം കാണിക്കുന്ന വികാരങ്ങള്‍ ഭിന്ന ലൈംഗികതയുടെ പ്രത്യയശാസ്ത്ര പരിസരത്തില്‍ രൂപംകൊണ്ടതാണ്. ലൈംഗികമായി അധികാരം പ്രകടിപ്പിക്കുന്ന പുരുഷന്‍ തന്റെ ഇണയായ സ്ത്രീയെ കാണുമ്പോള്‍ ഭോഗതാല്പര്യത്തോടെ അവളെ നോക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതുപോലെയാണ് ടോമിന്റെ പെരുമാറ്റങ്ങള്‍ രൂപപ്പെടുന്നത്. പൂച്ചയെ ഇവിടെ നിര്‍വ്വചിക്കുന്നത് മനുഷ്യരുടെ സംസ്‌കാരത്തിലെ ലൈംഗിക പാഠങ്ങളായിട്ടാണ്. അവന്റെ കണ്ണുകളും നാവും പുറത്തേക്ക് ആര്‍ത്തിയോടെ തള്ളുകയും അവളെ ബലമായി പ്രാപിക്കുന്നതിനായി സമീപത്തേക്കു ചെല്ലുകയും ചെയ്യുന്നു. അവളെ ചുംബിക്കുകയും ചെയ്യുന്നു. ഗലോറിന്റെ അനുമതിയില്ലാതെതന്നെ അവളുടെ സ്‌നേഹം കയ്യേറുകയാണ് ടോം ചെയ്യുന്നത്. അവളാകട്ടെ, പ്രത്യകിച്ചൊരു താല്പര്യവുമില്ലാതെ നിന്നുകൊടുക്കുന്നു. എന്നാല്‍, അവളെ സ്വന്തമാക്കുന്നതിനാണ് ടോം സമ്മാനങ്ങള്‍ നല്‍കുന്നതും ജെറിയെ കുരങ്ങു കളിപ്പിച്ച് അവളെ സന്തോഷിപ്പിക്കുന്നതും.
ബുച്ച് രംഗത്തുവരുന്നതോടെ പ്രണയം അക്രമമായി മാറുന്നു. ബുച്ചിന്റെ ശരീരഭാഷയും പ്രകടമായി പുരുഷന്റെ ശരീരമാണെന്നു കാഴ്ചയില്‍ ബോധ്യപ്പെടും. ബുച്ചിന്റേയും ടോമിന്റേയും ശരീരഭാഷ പൊതുബോധത്തിലെ പുരുഷഭാഷയായി നിലകൊള്ളുമ്പോള്‍ ഗലോറിന്റെ ശരീരം സ്‌ത്രൈണതയുടെ അടയാളമായി നിലകൊള്ളുന്നു. അങ്ങനെ രണ്ട് ആണ്‍പൂച്ചകള്‍ ഒരു പെണ്‍പൂച്ചയെ സ്വന്തമാക്കുന്നതിനായി പോരടിക്കുന്ന കഥയായി വെളിപ്പെടുന്നു. ആണും പെണ്ണും വിഭിന്നങ്ങളായ സ്വത്വങ്ങളാണെന്നും സ്ത്രീയെ പുരുഷന്‍ നേടിയെടുക്കുകയാണ് ചെയ്യുന്നതെന്നും ഇക്കഥ പറയുന്നു. ബുച്ച് ഗലോറിനെ പ്രണയിക്കുമ്പോഴും ടോമിനെപ്പോലെ അധികാരത്തോടെ അവളെ ചുംബിക്കുകയും കാമിക്കുകയും ചെയ്യുന്നു. ബുച്ചിന്റെ ചെയ്തികളില്‍ ടോം അസ്വസ്ഥനാകുമ്പോള്‍ അവരിരുവരും ഏറ്റുമുട്ടുന്നു. ശക്തമായി അവരിരുവരും അക്രമിക്കുമ്പോഴും ഗലോര്‍ നിസ്സംഗയായി കണ്ടിരിക്കുകയാണ് ചെയ്യുന്നതെന്നു ശ്രദ്ധിക്കണം. ആണുങ്ങളുടെ സ്വഭാവമാണ് അക്രമമെന്നും പെണ്ണിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ശക്തവും തീവ്രവുമായ ഭിന്ന ലൈംഗികതാ പ്രഖ്യാപനങ്ങളാണെന്നും ഇതു സൂചിപ്പിക്കുന്നു. കൂടുതല്‍ കരുത്തനായ പുരുഷനായിരിക്കും വിജയിയാവുക. അങ്ങനെ കരുത്തനായ ബുച്ച് വിജയിയാകുന്നതായി സൂചിപ്പിക്കപ്പെടുന്നു. ചില കഥകളില്‍ അവരിരുവരും പരാജയപ്പെടുന്നതായും പറയുന്നു. കാസനോവ ക്യാറ്റ് എന്ന കഥയില്‍ ജെറിയാണ് ഗലോറിനെ സ്വന്തമാക്കുന്നത്. ജെറിക്കും ഗലോറിനോട് താല്പര്യമുണ്ടെന്ന് അവന്റെ ചെയ്തികള്‍ സൂചിപ്പിക്കുന്നുണ്ട്. ഗലോറിനെ കാണുമ്പോള്‍ ചുംബിക്കുകയും പുണരാന്‍ ശ്രമിക്കുകയും ചെയ്യാനവന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, കരുത്തരായ പൂച്ചകള്‍ക്കു മുന്നില്‍ അവന്‍ പതറിപ്പോകുന്നു. അവിടെയാണ് അവരിരുവരേയും തമ്മിലടിപ്പിച്ച ശേഷം ഗലോറിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.
ഈ കഥകളിലെല്ലാം പുരുഷന്മാരായ പൂച്ചകളാണ് പെണ്‍പൂച്ചയെ അധികാരത്തോടെ ചുംബിക്കാനും മറ്റും ശ്രമിക്കുന്നതാണ് കാണുക. പെണ്‍പൂച്ചയാകട്ടെ, പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്നു കാണാം. ടോമിന്റേയും ബുച്ചിന്റേയും പ്രണയചേഷ്ടകള്‍ക്കു വിധേയമാകുക മാത്രമാണ് അവള്‍ ചെയ്യുന്നത്. ലിംഗപദവി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇത്. ലൈംഗിക താല്പര്യം പ്രകടിപ്പിക്കാന്‍ സ്ത്രീക്ക് അധികാരമില്ലാത്തതിന്റെ ആഖ്യാനമാണിത്. പുരുഷാധിപത്യ സമൂഹത്തില്‍ ലൈംഗികതയുടെ അധികാരം പുരുഷനില്‍ നിക്ഷിപ്തമായിരിക്കുകയും സ്ത്രീ നിസ്സംഗയായ കര്‍ത്തൃത്വമായി പുരുഷന്‍ നല്‍കുന്നത് ഏറ്റുവാങ്ങുന്നവള്‍ മാത്രമായി നിര്‍വ്വചിക്കപ്പെടുകയും ചെയ്യുന്നു. നിസ്സംഗയായ ലൈംഗിക കര്‍ത്തൃത്വമായി നിര്‍വ്വചിക്കപ്പെട്ടപ്പോഴാണ് സ്ത്രീ വീട്ടിലിരിക്കേണ്ടുന്ന സ്വത്വമായി വ്യവഹരിക്കപ്പെട്ടത്. പുറലോകത്ത് അവളുടെ ശരീരം ആക്രമിക്കപ്പെടാമെന്നതിനാല്‍ വീടിനുള്ളില്‍ ഭര്‍ത്താവിന്റെ ഉപയോഗത്തിനായി മാത്രം ലൈംഗികത സംരക്ഷിക്കപ്പെടണം. 18-ാം നൂറ്റാണ്ടോടെ രൂപംകൊണ്ട പൊതുവിടം/സ്വകാര്യലോകം വിഭജനം ഈ ലിംഗവിവേചനത്തെയാണ് അടയാളപ്പെടുത്തുന്നത്. വീട്ടിനുള്ളില്‍ നിസ്സംഗ ലൈംഗിക കര്‍ത്തൃത്വമായി ഇരിക്കുന്നതിനു പകരം ലൈംഗിക വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവള്‍ വേശ്യയായോ കുലടയായോ മുദ്രകുത്തപ്പെടുകയും സമൂഹത്തിന്റെ അധിക്ഷേപം ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവരുന്നു. പുരുഷനെപ്പോലെ ലൈംഗികത പ്രകടിപ്പിക്കുന്നവള്‍ നിന്ദാകഥാപാത്രമാകുന്ന വ്യവഹാരത്തിനകത്താണ് ഗലോറിനെപ്പോലുള്ള കഥാപാത്രങ്ങള്‍ നാണവും മാനവും പ്രകടിപ്പിക്കുന്നവരായി ചിത്രീകരിക്കപ്പെടുന്നത്. പുരുഷനോടു പ്രണയവും കാമവും പ്രകടിപ്പിക്കാന്‍ കഴിയാതെ അവര്‍ നല്‍കുന്ന കാമം ഏറ്റുവാങ്ങുന്നവരായി മാത്രം മാറ്റുന്നത്, ടോം ആന്‍ഡ് ജെറിയില്‍ മാത്രമല്ല, ഒട്ടമിക്ക കാര്‍ട്ടൂണുകളിലും ബാലസാഹിത്യത്തിലും സ്ത്രീകഥാപാത്രങ്ങളെ ഇത്തരത്തിലാണ് ചിത്രീകരിക്കുന്നത്. നല്ല സ്ത്രീ (കുല സ്ത്രീ)/ചീത്ത സ്ത്രീ (കുലട) എന്ന ദ്വന്ദ്വം രൂപപ്പെടുന്നത് ഈ ലിംഗപദവിക്കകത്താണ്. ലൈംഗികതയൊക്കെ പരസ്യമായി പ്രകടിപ്പിക്കുന്നവള്‍ ചീത്തയും അടക്കവുമൊതുക്കവുമുള്ളവള്‍ നല്ല സ്ത്രീയുമാകുന്ന വ്യവഹാര പരിസരം ചരിത്രപരമായിട്ടുള്ളതാണ്. കേരളത്തിലെ സാഹചര്യത്തില്‍ ജാതി പോലെയുള്ളവയുമായി ബന്ധപ്പെട്ടാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും കീഴാളരായ സ്ത്രീകളെ കുലടകളായി കാണുന്ന പതിവുണ്ടെന്നും കാണാം. അങ്ങനെ സ്ത്രീകളെന്നാല്‍ പുരുഷനെപ്പോലെ തുല്യയല്ലെന്നും പുരുഷന്റെ കീഴെ നില്‍ക്കുന്ന സ്വത്വങ്ങളാണെന്നും പ്രണയത്തിലും ലൈംഗികതയിലും ഈ അധികാരബന്ധം നിലനിര്‍ത്തണമെന്നും കുട്ടികളെ പഠിപ്പിക്കുന്നു. ലിംഗപദവിയുടെ പ്രത്യയശാസ്ത്രവല്‍ക്കരണം ഇങ്ങനെ നിര്‍വ്വഹിക്കപ്പെടുന്നു.
ഭിന്ന ലൈംഗികതയുടെ പാഠങ്ങളെ പ്രകടമായി പ്രക്ഷേപിക്കുമ്പോഴും അവയില്‍നിന്നു കുതറാനുള്ള വാതിലും ഇവ തുറന്നിട്ടിട്ടുണ്ടെന്നു പറയണം. പെണ്‍-ആണ്‍ സംഘട്ടനമായി ആഖ്യാനിക്കുമ്പോഴും ഇക്കഥകളില്‍ ടോമും ജെറിയും പ്രകടിപ്പിക്കുന്ന ബന്ധം ശ്രദ്ധേയമാണ്. കാസനോവ ക്യാറ്റില്‍ ജെറിയാണ് ഗലോറിനെ കൊണ്ടുപോകുന്നതെങ്കില്‍ സ്പ്രിംഗ്ടൈമില്‍ ഭിന്ന ലൈംഗികതയുടെ കാഴ്ചകളെ മറികടക്കുന്ന ചില കാഴ്ചകളുണ്ട്. ബുച്ചിനോടു തോറ്റ് പൂന്തോട്ടത്തിനും ഗലോറിന്റെ പ്രണയത്തിനും പുറത്തായ ടോം ജെറിയെ കാണുകയും അവരിരുവരും വീണ്ടും കൂട്ടുകാരായിത്തീരുകയും ചെയ്യുന്നു. അവര്‍ വീണ്ടും പഴയപോലെ വഴക്കുണ്ടാക്കി ഓടുന്നു. ജെറിയും ടോമും തമ്മിലുള്ള ബന്ധം കേവലമായ എലി-പൂച്ച ബന്ധത്തിനപ്പുറമുള്ള ഒന്നാണെന്നുള്ള സൂചകമാണിത്. ആദ്യഭാഗത്ത് ഗലോറിനെ നോക്കിനില്‍ക്കുന്ന ടോം വഴക്കുണ്ടാക്കാന്‍ എത്തിയ ജെറിയെ ഒഴിവാക്കുകയാണെങ്കില്‍ ഇപ്പോള്‍ ഗലോറിനെ മറന്ന് ടോം ജെറിയോടൊപ്പം ഒന്നിക്കുന്നു. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ഒരു വഴിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ജെറിയുടേയും ടോമിന്റേയും സ്വഭാവത്തിലെ ലിംഗപരമായ സന്ദിഗ്ദ്ധതയെക്കുറിച്ച് മുന്‍പ് സൂചിപ്പിച്ചിരുന്നു.
ആണത്തത്തിനും പെണ്ണത്തത്തിനും ഇടയില്‍ നില്‍ക്കുന്ന ജെറിയും ടോമും തമ്മിലുള്ള ബന്ധം ഭിന്ന ലൈംഗികതയുടെ ആശയലോകത്തിനു പുറത്തുള്ളതാണെന്ന സൂചനയാണ് ഇവിടെ കാണുന്നത്. സ്പ്രിംഗ്ടൈം എപ്പിസോഡില്‍ അവസാനം ജെറിയും ടോമും പഴയപോലെ വഴക്കിലേക്കു തിരിയുമ്പോള്‍ ജെറി ഒരു പെണ്ണെലിയെ കാണുകയും അതിനോടു പ്രണയം തോന്നി നില്‍ക്കുകയും ചെയ്യുന്നു. അപ്പോള്‍ ടോം അതുകണ്ട് ഞെട്ടുന്നുണ്ട്. അതായത് തങ്ങളുടെ ബന്ധത്തിനകത്തേക്കു കയറിവരുന്ന ഇതര ബന്ധങ്ങളെ അധികനേരം അംഗീകരിക്കാന്‍ ഇരുവരും തയ്യാറാകുന്നില്ല എന്നതാണ് ഇവിടെ കാണുന്നത്. ടോം ഒരു ബന്ധത്തില്‍ കുരുങ്ങിയാലും ഒടുവില്‍ ജെറിയുടെ കൂടെ എത്തിച്ചേരും. അതുപോലെ ജെറി ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടാലും അവസാനം ടോമിലേക്ക് എത്തിച്ചേരുമെന്ന സൂചനയാണ് ഇവിടെ നല്‍കുന്നത്. ടോം ഗലോറിന്റെ പുറകേ പോകുമ്പോള്‍ അതില്‍നിന്ന് ടോമിനെ പിന്തിരിപ്പിക്കാന്‍ ജെറി ശ്രമിക്കുന്നത് അവനോടുള്ള ലൈംഗിക താല്പര്യത്തിലാണെന്ന് ഇതിലൂടെ നിരീക്ഷിക്കാന്‍ കഴിയും. ഭിന്ന ലൈംഗികതയുടെ പ്രത്യയശാസ്ത്ര പരിസരത്തിലും അതിനെ മറികടക്കുന്ന ബന്ധത്തിന്റെ സൂചനയിലാണ് ടോമും ജെറിയും നില്‍ക്കുന്നതെന്ന വസ്തുത അതിന്റെ കാഴ്ചകളെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ടെന്നു പറയാം. എന്നാല്‍, കുട്ടികളുടെ കാഴ്ചയില്‍ ഈ സൂചനകള്‍ക്കുപരി പെണ്‍-ആണ്‍ ബന്ധത്തിന്റെ സംഘര്‍ഷാത്മകതയുടെ ആശയലോകമായിരിക്കും നിറഞ്ഞുനില്‍ക്കുകയെന്നു പറയാം.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates