

രാജ്യം ഭരണഘടനയുടെ വജ്രജൂബിലി ആഘോഷത്തിന്റെ നിറവിലാണ്. 1949 നവംബര്‍ 26ന് നാം നമ്മുടെ ഭരണഘടനയെ സ്വീകരിക്കുകയും നിയമിക്കുകയും നമുക്കു തന്നെ പ്രദാനം ചെയ്യുന്നുവെന്ന ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അവകാശ പ്രഖ്യാപന പ്രമാണമാണ് ഇന്ത്യന്‍ ഭരണഘടന. 1928-ല്‍ ലക്നൗവില്‍ ചേര്‍ന്ന രാജ്യത്തെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനത്തില്‍നിന്നാണ് ഭരണഘടന എന്ന ആശയം ആദ്യമായി രൂപപ്പെട്ടത്.
ഡോ. എം.എ. അന്‍സാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആ യോഗത്തില്‍ ഇന്ത്യയ്ക്ക് ഡൊമിനിയന്‍ പദവി ചര്‍ച്ച ചെയ്തു. 1929-ല്‍ ഡിസംബര്‍ 19-ന് ചേര്‍ന്ന ലാഹോര്‍ എ.ഐ.സി.സി സമ്മേളനത്തില്‍ പൂര്‍ണ്ണ സ്വരാജ് പ്രമേയം അംഗീകരിച്ചു. 1930 ജനുവരി 26-ന് പൂര്‍ണ്ണ സ്വരാജ് എന്ന മഹാത്മാഗാന്ധിയുടെ പ്രഖ്യാപനത്തിന്റെ സ്മരണയ്ക്കായി ജനുവരി 26ന് റിപ്പബ്ലിക് ദിനമായി എല്ലാ വര്‍ഷവും ആഘോഷിക്കുന്നു. ഭരണഘടന ഫലത്തില്‍ സ്വീകരിക്കുകയും നിയമമാക്കുകയും ചെയ്യപ്പെട്ട നവംബര്‍ 26 ഭരണഘടനാദിനമായാണ് നാം ആഘോഷിക്കുന്നത്.
ഭരണഘടനയുടെ അനുച്ഛേദം 394 അനുസരിച്ച് പൗരത്വം സംബന്ധിക്കുന്ന ഭരണഘടനയുടെ അനുച്ഛേദങ്ങള്‍ 5,6,7,8,9 രാഷ്ട്രപതിയുടെ ശപഥം സംബന്ധിച്ച അനുച്ഛേദം 66 ഉം രാജ്യത്തെ തെരഞ്ഞെടുപ്പ് മേല്‍നോട്ടം സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങള്‍ സംബന്ധിച്ച അനുച്ഛേദം 324 ഉം ഭരണഘടനയുടെ വ്യാഖ്യാനം നിര്‍വ്വചനം എന്നിവ സംബന്ധിച്ച അനുച്ഛേദം 366, 367 തുടങ്ങിയ വകുപ്പുകളും 1949 നവംബര്‍ 26-നു തന്നെ പ്രാബല്യത്തിലായി. ഇന്ത്യ-പാകിസ്താന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കു ജന്മം നല്‍കിയതും 1947 ജൂലൈ 18-ന് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയതുമായ 1947- ഇന്ത്യന്‍ ഇന്റിപെന്റന്‍സ് ആക്ട് എന്ന നിയമം ഭരണഘടന 395-ാം അനുച്ഛേദമനുസരിച്ച് റദ്ദാക്കപ്പെട്ടതോടുകൂടി നമ്മുടെ സ്വാതന്ത്ര്യം ബ്രിട്ടീഷുകാരന്റെ ഔദാര്യമല്ലായെന്നും നാം നമുക്കു വേണ്ടി സ്വയം പ്രഖ്യാപിക്കപ്പെട്ട ഒരു പരമാധികാരം സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി മാറുകയുണ്ടായി.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം സ്വതന്ത്രമായ മറ്റ് നിരവധി രാജ്യങ്ങള്‍ ശിഥിലമാവുകയും ഛിന്നഭിന്നമാവുകയും ചെയ്‌തെങ്കിലും കഴിഞ്ഞ ഏഴര പതിറ്റാണ്ടുകാലം നാം ശക്തമായ ജനാധിപത്യ - മതേതര രാജ്യമായി നിലനില്‍ക്കാന്‍ സാധിച്ചത് ശക്തമായ അടിത്തറയുള്ള നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തന്നെയാണെന്നു വ്യക്തം.
1945 ആഗസ്റ്റ് 15 സ്വാതന്ത്ര്യം നേടിയ കൊറിയ 1948-ല്‍ തന്നെ വടക്കന്‍ കൊറിയ, തെക്കന്‍ കൊറിയയെ ചൈനീസ് സഹായത്തോടെ ആക്രമിക്കുകയുണ്ടായി. അമേരിക്കന്‍ പിന്‍ബലമുണ്ടായിരുന്ന തെക്കന്‍ കൊറിയയില്‍ 1953-ല്‍ തന്നെ ഭരണസ്തംഭനം ഉണ്ടാവുകയും ചെയ്തു. ഇന്ത്യയോടൊപ്പം സ്വതന്ത്രമായ പാകിസ്താന്റെ ഭാഗമായിരുന്ന കിഴക്കന്‍ പാകിസ്താന്‍ ബ്ലംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രവുമായി വേര്‍പ്പെട്ടതും ബംഗ്ലാദേശിലും പാകിസ്താനിലും ജനാധിപത്യം അട്ടിമറിക്കപ്പെടുകയും ഭരണപരമായി പട്ടാളവും ഭരണാധികാരികളും തമ്മിലുള്ള രൂക്ഷമായ ചേരിപ്പോരുകള്‍ നിലനില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യയില്‍ ശക്തവും സുദൃഢവുമായ ജനാധിപത്യ സംവിധാനം നിലനിര്‍ത്താനും ഭരണഘടന ഉറപ്പുനല്‍കുന്ന ജനങ്ങളുടെ സര്‍വ്വ അവകാശങ്ങളും സ്ഥാപിച്ചെടുക്കാനും ആയതിനു നേരെയുണ്ടാവുന്ന എല്ലാ വെല്ലുവിളികളേയും ചെറുക്കാന്‍ സാധിക്കുംവിധം പ്രവര്‍ത്തിക്കുന്ന സക്രിയമായ ജുഡീഷ്യല്‍ സംവിധാനം സാധ്യമാക്കാനും സാധിച്ചുവെന്നതാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഏറ്റവും വലിയ വിജയം.
പരമാധികാരം സംബന്ധിച്ച തര്‍ക്കം
ഭരണഘടനയുടെ ആരംഭം മുതലുള്ള സുപ്രധാനമായ പ്രശ്നം പാര്‍ലമെന്റിന്റെ ഭരണഘടനാ ഭേദഗതിക്കുമുള്ള പരമാധികാരം സംബന്ധിച്ച തര്‍ക്കങ്ങളായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 13(2) അനുസരിച്ചു ഉറപ്പുനല്‍കിയിട്ടുള്ള മൗലികാവകാശങ്ങള്‍ എടുത്തുകളയുകയോ കുറയ്ക്കുകയോ ചെയ്യുന്ന യാതൊരു നിയമവും രാഷ്ട്രം നിര്‍മ്മിക്കാന്‍ പാടില്ലായെന്നും അപ്രകാരം ഉറപ്പുനല്‍കിയിട്ടുള്ള അവകാശങ്ങള്‍ വെട്ടിച്ചുരുക്കിക്കൊണ്ടോ ലംഘിച്ചുകൊണ്ടോ നിര്‍മ്മിക്കുന്ന ഏത് നിയമവും ആ ലംഘനത്തിന്റെ വ്യാപ്തിയോളം അസാധുവായിരിക്കുന്നതാണെന്നുള്ള വ്യവസ്ഥ മൗലികാവകാശങ്ങള്‍ക്കുള്ള പരിപൂര്‍ണ്ണ രക്ഷാകവചമാണ്. 1967-ലെ സുപ്രസിദ്ധമായ ഗോലക്നാഥ് കേസിലെ സുപ്രീംകോടതി വിധിയനുസരിച്ച് അനുച്ഛേദം 13(2)ന് ഒരു വിശദീകരണം കൂടി നല്‍കുകയുണ്ടായി; അതായത് ഭരണഘടനയില്‍ വിവരിച്ചിരിക്കുന്ന മൗലികാവകാശങ്ങള്‍ വെട്ടിച്ചുരുക്കിക്കൊണ്ടോ ലംഘിച്ചുകൊണ്ടോ നിയമം നിര്‍മ്മിക്കാന്‍ പാടില്ല. എന്നാല്‍, ഭരണഘടനാഭേദഗതിയില്‍ക്കൂടിപോലും മൗലികാവകാശങ്ങള്‍ എടുത്തുകളയാന്‍ പാടില്ലായെന്നതായിരുന്നു ഗോലക്നാഥ് കേസിലെ വിധി.
പക്ഷേ, ഗോലക്നാഥ് കേസിനു ശേഷം 1971-ലെ ഇരുപത്തിനാലാം ഭേദഗതി നിയമമനുസരിച്ച് അനുച്ഛേദം 13-ല്‍ 4-ാം ഉപവകുപ്പ് എഴുതിച്ചേര്‍ത്തു. ഇതനുസരിച്ച് അനുച്ഛേദം 13(2) വിവരിച്ച 'നിയമ'മെന്നതില്‍ അനുച്ഛേദം 368 അനുസരിച്ചുള്ള ഭരണഘടനാഭേദഗതി ഉള്‍പ്പെടില്ലായെന്ന വ്യക്തതതയും ഉണ്ടായി. ഇതോടെ ഭരണഘടനാഭേദഗതിയില്‍ക്കൂടി മൗലികാവകാശം എടുത്തുകളയാനോ വെട്ടിച്ചുരുക്കാനോ പാര്‍ലിമെന്റിന് അധികാരമുണ്ട് എന്ന സ്ഥിതി സംജാതമായി. പാര്‍ലമെന്റിനുള്ള ഭരണഘടനാഭേദഗതി ചെയ്യാനുള്ള അധികാരത്തെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് 1973-ല്‍ സുപ്രീംകോടതിയുടെ 13 അംഗബെഞ്ചിന്റെ സുപ്രസിദ്ധമായ കേശവാനന്ദഭാരതി കേസിലെ വിധിയുണ്ടായത്.
പാര്‍ലമെന്റിന് അനുച്ഛേദം 368 അനുസരിച്ച് ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്‍ ഭേദഗതി ചെയ്യാനോ വെട്ടിച്ചുരുക്കാനോ മാറ്റിയെഴുതാനോ അധികാരമില്ലെന്നതാണ് കേശവാനന്ദഭാരതി കേസിലെ ഭൂരിപക്ഷ വിധി. അതോടെ മൗലികാവകാശം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന നിയമം പ്രാബല്യത്തിലായി. കേശവാനന്ദഭാരതി കേസിലെ വിധിയെ അടിസ്ഥാനപ്പെടുത്തി പിന്നീടുണ്ടായ സുപ്രീംകോടതിയുടെ നിരവധി വിധികള്‍ ഭരണഘടനയുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തി. അത് ഇന്ത്യന്‍ ജനവിഭാഗങ്ങളുടെ നാനാവിധ അവകാശങ്ങളെ കൂടുതല്‍ ശാക്തീകരിക്കാനുതകത്തക്ക രീതിയിലുള്ളതായിരുന്നു. കാരണം, ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളായ ഭരണഘടനയുടെ പരമാധികാരം, നിയമവാഴ്ച, ജൂഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം, മതേതരത്വം എന്നിവ ഭരണഘടന ഭേദഗതിയില്‍ക്കൂടി ഭേദഗതി ചെയ്യാനോ മാറ്റിയെഴുതാനോ വെട്ടിച്ചുരുക്കാനോ സാധ്യമല്ലെന്ന അടിസ്ഥാനതത്ത്വങ്ങള്‍ രാജ്യത്ത് നിയമം മാറിയതോടുകൂടി ഭരണഘടന എല്ലാ അര്‍ത്ഥത്തിലും പരിരക്ഷിക്കപ്പെട്ടു.
നീതിവ്യവസ്ഥയുടെ സ്വതന്ത്രസ്വഭാവം
ഇന്ത്യന്‍ ജൂഡീഷ്യറി ലോകത്തിലെ ഏറ്റവും ശക്തവും സ്വതന്ത്രവുമായതായി മാറിയതാണ് ഭരണഘടനയുടെ അപ്രമാദിത്വം. നാള്‍ക്കുനാള്‍ രാജ്യത്ത് സ്ഥാപിക്കപ്പെട്ടത്. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയ്ക്ക് ഇന്നത്തെ സ്വതന്ത്രസ്വഭാവം നേടുന്നതിനു പിന്നില്‍ എക്സിക്യൂട്ടീവും ജൂഡീഷ്യറിയും തമ്മില്‍ നടന്ന നിരന്തരമായ പോരാട്ടങ്ങളുടെ ചരിത്രമുണ്ട്. കേശവാനന്ദഭാരതി കേസില്‍ പാര്‍ലമെന്റിനു ഭരണഘടനാഭേദഗതി ചെയ്യാന്‍ അനിയന്ത്രിതമായ അധികാരമില്ലെന്ന് വിധിയെഴുതിയ മൂന്നു സീനിയര്‍ ജഡ്ജിമാരെ മറികടന്നുകൊണ്ടായിരുന്നു വിധിപ്രഖ്യാപനം നടന്ന് മണിക്കൂറുകള്‍ക്കകം ജൂനിയര്‍ ജഡ്ജ് ജസ്റ്റിസ് എ.എന്‍. റെയെ ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. ജസ്റ്റിസ് എ.എന്‍. റെയെ ചീഫ് ജസ്റ്റിസായി നിയമിച്ചതില്‍ പ്രതിഷേധിച്ച് സീനിയര്‍ ജഡ്ജിമാരായിരുന്ന ജസ്റ്റിസുമാരായ എ.എന്‍. ഗ്രോവര്‍, കെ.എസ്. ഹെഗ്ഡെ, എച്ച്.ആര്‍. ഖന്ന എന്നിവര്‍ രാജിവെയ്ക്കുകയുണ്ടായി. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ജൂഡീഷ്യറിയും എക്സിക്യൂട്ടീവും നിരവധി വിഷയങ്ങളില്‍ ഏറ്റുമുട്ടുന്ന ചരിത്രമാണുണ്ടായത്.
ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും ന്യായാധിപന്മാരെ നിയമിക്കുന്നതില്‍ രാജ്യത്തെ ചീഫ് ജസ്റ്റിസിന്റെ വാക്ക് അന്തിമമല്ലായെന്ന ഒന്നാം ജഡ്ജസ് കേസ് എന്ന പേരിലറിയപ്പെടുന്ന എസ്.പി. ഗുപ്ത v/s യൂണിയന്‍ ഓഫ് ഇന്ത്യ (1981 scc 87) കേസിലെ വിധി ഇന്ത്യന്‍ ജൂഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവം നഷ്ടപ്പെടുമോ എന്ന ആശങ്ക ഉയര്‍ത്തിയ കേസായിരുന്നു. പക്ഷേ, പിന്നീട് രണ്ടാം ജഡ്ജസ് കേസും (സുപ്രീംകോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ ഓണ്‍ റിക്കാര്‍ഡ് v/s യൂണിയന്‍ ഓഫ് ഇന്ത്യ (1993) 4 scc 441 വിധിയില്‍ക്കൂടിയും പിന്നീടുണ്ടായ പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലെ സുപ്രീംകോടതി വിധിയോടെ (1998) 7 scc 739) ഉന്നത കോടതികളിലെ ന്യായാധിപന്മാരുടെ നിയമനത്തില്‍ യൂണിയന്‍ ഗവണ്‍മെന്റിന്റെ പങ്ക് നാമമാത്രമായി മാറി. ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ അഞ്ച് മുതിര്‍ന്ന ജഡ്ജിമാരടങ്ങിയ കൊളീജിയത്തിന് അപ്രമാദിത്വം ഉണ്ടാവുകയും ചെയ്തതോടെ ലോകത്തിലെ മറ്റ് പല ജനാധിപത്യ രാജ്യങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായി ഇന്ത്യന്‍ ജൂഡീഷ്യറി എക്സിക്യൂട്ടിവിന്റെ ഇടപെടലുകളില്‍നിന്നും പൂര്‍ണ്ണമായി മുക്തമായി.
രണ്ടും മൂന്നും ജഡ്ജസ് കേസുകളിലെ വിധികള്‍ക്കുശേഷം ഇന്ത്യന്‍ ജൂഡീഷ്യറിയിലെ ജഡ്ജിമാരുടെ നിയമനപ്രക്രിയയില്‍ എക്സിക്യൂട്ടീവിനു യാതൊരുവിധ കൈകടത്തലുകളും സാധിക്കുകയില്ലെന്നു മാത്രമല്ല, നിയമനിര്‍മ്മാണ സഭകളും സര്‍ക്കാരുകളും ഭരണഘടനാതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് പാസ്സാക്കുകയും ചെയ്തു. ഭരണഘടനാവിരുദ്ധമായ എല്ലാ നിയമങ്ങളും നടപടികളും ജൂഡീഷ്യറിയുടെ സൂക്ഷ്മപരിശോധനകള്‍ക്കു വിധേയമാവുകയും തെറ്റുകള്‍ തെറ്റാണെന്നു പ്രഖ്യാപിക്കാന്‍ നമ്മുടെ ഭരണഘടനാ കോടതികള്‍ കാണിക്കുന്ന ആര്‍ജ്ജവം ഭരണഘടനയുടെ അടിത്തറയെ കൂടുതല്‍ ശക്തിപ്പെടുത്തുകയുണ്ടായി.
അമേരിക്കയില്‍ സുപ്രീംകോടതിയിലേയും അപ്പീല്‍ കോടതിയിലേയും ജില്ലാ കോടതികളിലേയും ജഡ്ജിമാരെ സെനറ്റിന്റെ അംഗീകാരത്തോടുകൂടി പ്രസിഡന്റ് നിയമിക്കുന്നത് പലപ്പോഴും രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തിലാണെന്ന പരാതിയുണ്ടാകാറുണ്ട്. അത്തരം ജഡ്ജിമാരില്‍ പലരേയും സെനറ്റര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന പതിവാണ് പരാതികള്‍ക്കു കാരണം. പക്ഷേ, അമേരിക്കയിലെ ജഡ്ജിമാരെ നീക്കം ചെയ്യാന്‍ സാധിക്കാത്തതും നിയമനകാലാവധി ജീവിതകാലാവസാനംവരെയെന്ന രീതിയും ജഡ്ജിമാര്‍ക്ക് ഭീതിയോ പ്രീതിയോ കൂടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതാണ് സ്ഥിതി.
ദക്ഷിണാഫ്രിക്കയിലെ പുതിയ ഭരണഘടനയനുസരിച്ച് ജഡ്ജിമാരെ നിയമിക്കാനുള്ള നാഷണല്‍ ജൂഡീഷ്യല്‍ നിയമന കമ്മിഷന്‍ വഴിയുള്ള എക്സിക്യൂട്ടീവിന്റെ അധികാരം ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ കളങ്കപ്പെടുത്തിയെന്നു പരക്കെ പരാതിയുണ്ടായിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിനായി ബ്രിട്ടനിലും നിയമന കമ്മിഷന്‍ രീതിയുടെ ചുവടുപിടിച്ച് ഇന്ത്യയിലും നടപ്പിലാക്കാന്‍ ഉദ്ദേശിച്ച നാഷണല്‍ ജുഡീഷ്യന്‍ നിയമന കമ്മിഷനു രൂപം നല്‍കിയിട്ടുള്ള 99-ാം ഭരണഘടനാഭേദഗതി നിയമം മോദി പ്രധാനമന്ത്രിയായതിനുശേഷം പാര്‍ലമെന്റിലെ ഇരുസഭകളിലും യോജിച്ചു പാസ്സാക്കി. ജുഡീഷ്യറിയെ ബാധിക്കുന്ന ഭരണഘടനാഭേദഗതി രാജ്യത്തെ പകുതിയിലധികം നിയമസഭകള്‍ ശരിവെയ്ക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ 20 നിയമസഭകള്‍ ശരിവെച്ച് രാഷ്ട്രപതി ഒപ്പിട്ട് നിയമം നടിപ്പിലാക്കിയെങ്കിലും സുപ്രീംകോടതി പ്രസ്തുത ഭേദഗതിനിയമം ഭരണഘടനയുടെ അടിസ്ഥാനഘടനയ്‌ക്കെതിരാണെന്ന കാരണത്താല്‍ അസാധുവായി പ്രഖ്യാപിച്ച ചരിത്രവിധി ഒരിക്കല്‍ക്കൂടി ഭരണഘടനയുടെ യഥാര്‍ത്ഥ കാവല്‍ക്കാരായി ഇന്ത്യന്‍ ജൂഡീഷ്യറി മാറിയെന്നതിന്റെ തെളിവാണ്. പാര്‍ലമെന്റിന്റെ പരമാധികാരത്തെക്കാള്‍ മുകളിലാണ് ജൂഡീഷ്യറിയുടെ അപ്രമാദിത്വം എന്ന ധീരവും ശക്തവുമായ സന്ദേശമാണ് പ്രസ്തുത വിധി നല്‍കിയിരുന്നത്.
99-ാം ഭരണഘടനാഭേദഗതി നിയമം അനുസരിച്ചുള്ള നാഷണല്‍ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍ക്കും പുറമെ കേന്ദ്ര നിയമമന്ത്രിയും പ്രധാനമന്ത്രിയും ലോകസഭയിലെ പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസുമടങ്ങുന്ന ഉപസമിതി നാമനിര്‍ദ്ദേശം ചെയ്യുന്ന രണ്ട് പ്രമുഖ വ്യക്തികളും ഉള്‍പ്പെട്ടതാണ്. മാത്രമല്ല, രണ്ട് പ്രമുഖ വ്യക്തികള്‍ ആരായിരിക്കണമെന്ന് നിയമം നിര്‍വ്വചിച്ചിട്ടില്ലെന്ന് മാത്രമല്ല, ജഡ്ജിമാരെ നിയമിക്കുന്ന സമിതിയില്‍ ആ രണ്ട് പ്രമുഖ വ്യക്തികള്‍ക്ക് വീറ്റോ അധികാരവും ഉണ്ടായിരുന്നു. ഫലത്തില്‍ യൂണിയന്‍ ഗവണ്‍മെന്റിന് ഉന്നത ജഡ്ജിമാരെ നിയമിക്കുന്നതില്‍ അപ്രമാദിത്വം നല്‍കുന്നതായിരുന്നു നാഷണല്‍ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍. രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരി യൂണിയന്‍ ഗവണ്‍മെന്റായിരിക്കേ ന്യായാധിപന്മാരെ നിയമിക്കുന്നതില്‍ വ്യവഹാരിക്ക് മുഖ്യപങ്കാളിത്തം നല്‍കുന്നത് ജൂഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ നശിപ്പിക്കുമെന്നതായിരുന്നു 99-ാം ഭരണഘടനാഭേദഗതി നിയമത്തിനെതിരായി ഉയര്‍ന്നുവന്ന പ്രധാന ആക്ഷേപം ആയത് ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ആണിക്കല്ലിളക്കുമെന്ന ആശങ്കയാണ് നാഷണല്‍ ജുഡീഷ്യല്‍ നിയമന കമ്മിഷനെതിരെ രാജ്യത്തെമ്പാടും ഉയര്‍ന്നുവന്ന ശക്തമായ രോഷം. 99-ാം ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമെന്ന കാരണത്താല്‍ അസാധുവാക്കിയ സുപ്രീംകോടതി വിധി നല്‍കുന്ന ശക്തമായ സന്ദേശം നമ്മുടെ ഭരണഘടന കേന്ദ്രത്തിലെ ഭരണകക്ഷിയുടെ മൃഗീയ ഭൂരിപക്ഷംകൊണ്ടോ, ഭരണകക്ഷിയും പ്രതിപക്ഷവും യോജിച്ചാലോ ഭരണഘടനയുടെ അടിസ്ഥാനഘടനയെ ഭേദഗതി ചെയ്യാനോ പൊളിച്ചെഴുതാനോ സാധ്യമല്ലെന്നതാണ്.
ഇന്ത്യന്‍ ഭരണഘടനാചരിത്രം പരിശോധിച്ചാല്‍ ഭരണഘടന ഏറ്റവും വലിയ വെല്ലുവിളികളെ നേരിട്ടത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 1975 ജൂണ്‍ 26 തൊട്ടുള്ള 21 മാസക്കാലമായിരുന്നു. ആ കാലയളവിലാണ് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം സസ്പെന്റ് ചെയ്യപ്പെട്ടത്. മൗലികാവകാശം സ്ഥാപിച്ചു കിട്ടുന്നതിനായി സുപ്രീംകോടതിയേയും ഹൈക്കോടതികളേയും സമീപിക്കാനുള്ള വ്യക്തിയുടെ അവകാശവും സസ്പെന്റ് ചെയ്തിട്ടുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ പോലും സുപ്രീംകോടതി തങ്ങളുടെ അധികാരപരിധിക്കുള്ളില്‍ നിന്നുകൊണ്ട് സക്രിയമായി പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നവെന്നതിന്റെ തെളിവാണ് 39-ാം ഭരണഘടനാഭേദഗതി നിയമം അസാധു പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ചിരുന്നത് അടിയന്തരാവസ്ഥക്കാലത്തായിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോകസഭാ സ്പീക്കര്‍ എന്നിവരുടെ തെരഞ്ഞെടുപ്പുകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലായെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു 39-ാം ഭരണഘടനാഭേദഗതി നിയമം; ആ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനയ്‌ക്കെതിരാണെന്ന കാരണത്താലാണ് സുപ്രീംകോടതി അസാധുവായി പ്രഖ്യപിച്ചതെന്നത് തികച്ചും യാദൃച്ഛികമാണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അലഹബാദ് ഹൈക്കോടതി തന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള വിധിക്കെതിരെ ബോധിപ്പിച്ച അപ്പീലിലാണ് 39-ാം ഭരണഘടനാഭേദഗതി സുപ്രീംകോടതി അസാധുവാക്കി പ്രഖ്യാപിച്ചത് എന്നത് യാദൃച്ഛികമാണ്. ഭരണഘടനാഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അതിരറ്റ അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്യുന്ന 42-ാം ഭരണഘടനാഭേദഗതിയനുസരിച്ച് ഭരണഘടനയുടെ 368-ാം അനുച്ഛേദത്തില്‍ എഴുതിച്ചേര്‍ത്ത 5-ാം ഉപവകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിച്ച സുപ്രസിദ്ധമായ 1980-ലെ മിനര്‍വ മില്‍ കേസും ഭരണഘടനയുടെ അടിത്തറയെ കൂടുതല്‍ ശാക്തീകരിക്കപ്പെട്ട മറ്റൊരു സുപ്രധാന വിധിയായിരുന്നു.
ഭരണഘടനയുടെ ആരംഭകാലത്ത് സുപ്രീംകോടതിയുടേയും വിവിധ ഹൈക്കോടതികളുടേയും വിധികള്‍ സാങ്കേതികമായി മാത്രം ഭരണഘടനയെ വ്യാഖ്യാനിച്ചതായിരുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന്റെ കരുതല്‍ തടങ്കല്‍ സംബന്ധിച്ച കേസ്. ഭരണഘടന പ്രാബല്യത്തില്‍ വന്ന് അഞ്ച് മാസത്തിനു ശേഷം ഉണ്ടായ ആ കേസിലെ വിധി സുപ്രീംകോടതി തിരുത്തിയത് 28 വര്‍ഷത്തിനു ശേഷം 1978-ല്‍ മനേകാഗാന്ധിയുടെ കേസിലായിരുന്നു.
1947-ലെ മദ്രാസ് മെയിന്റന്‍സ് ഓഫ് പബ്ലിക് ഓര്‍ഡര്‍ ആക്ട് അനുസരിച്ച് തടവിലാക്കപ്പെട്ട എ.കെ.ജിയുടെ തടവ് കോടതി റദ്ദ് ചെയ്തതിനു ശേഷം 1950-ല്‍ പാര്‍ലമെന്റ് പാസ്സാക്കി നടപ്പിലാക്കിയ കരുതല്‍തടങ്കല്‍ നിയമമനുസരിച്ച് തുടര്‍ന്നും എ.കെ.ജിയെ തടവില്‍ പാര്‍പ്പിക്കാനുള്ള മദ്രാസ് ഗവണ്‍മെന്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ ബോധിപ്പിച്ച ഹര്‍ജിയിലെ മുഖ്യവാദം പാര്‍ലമെന്റ് നടപടിക്രമം പാലിച്ചു പാസ്സാക്കിയ നിയമമനുസരിച്ച് ഏതൊരു വ്യക്തിയുടേയും വ്യക്തിസ്വാതന്ത്ര്യമോ ജീവനോ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്നും അപ്രകാരം പാസ്സാക്കുന്ന നിയമം യുക്തിയുക്തവും ഉചിതവുമായിരിക്കണമെന്നും അല്ലാത്തവ ഭരണഘടനാ സാധുതയില്ലാത്ത നിയമമായിരിക്കും എന്നായിരുന്നു.
എ.കെ.ജിയുടെ വാദം ജസ്റ്റിസ് ഫല്‍ അലി, മഹാജന്‍ എന്നീ ജഡ്ജിമാര്‍ ശരിവെച്ചെങ്കിലും അഞ്ചംഗഭരണഘടനാബെഞ്ചിന്റെ ഭൂരിപക്ഷ വിധിയനുസരിച്ച് ഹര്‍ജി തള്ളുകയാണുണ്ടായത്. 1978-ല്‍ ലെ മനേകാഗാന്ധിക്ക് നിയമവിരുദ്ധമായ മാര്‍ഗ്ഗത്തില്‍ പാസ്പോര്‍ട്ട് നിഷേധിച്ച കേസിലെ ഏഴംഗ ഭരണഘടനാബെഞ്ച് വിധിച്ചത് അനുച്ഛേദം 21 അനുസരിച്ച് ഇന്ത്യനതിര്‍ത്തിയില്‍ അധിവസിക്കുന്ന ഏതൊരു വ്യക്തിയുടേയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഹനിച്ചുകൊണ്ടുള്ള ഏത് നിയമവും വ്യവസ്ഥാപിതമായ നടപടിക്രമം പാലിച്ചുകൊണ്ട് മാത്രം പോരായെന്നും അത്തരം നിയമങ്ങള്‍ യുക്തിസഹവും ഉചിതവും ന്യായയുക്തവുമായിരിക്കണമെന്ന് വിധിച്ചുകൊണ്ടാണ്.
രാജ്യം നിരവധി വെല്ലുവിളികളെ നേരിടേണ്ടിവന്നപ്പോഴൊക്കെ നമ്മുടെ ജനാധിപത്യ പാര്‍ലമെന്ററി വ്യവസ്ഥ ഏഴര പതിറ്റാണ്ട് കാലം ശക്തമായി നിലനിന്നുവരുന്നതിന്റെ മൂലകാരണം ഭദ്രമായ അടിത്തറയുള്ള നമ്മുടെ ഭരണഘടനയും ആ ഭരണഘടനാതത്ത്വങ്ങള്‍ പരിരക്ഷിച്ചു നിലനിര്‍ത്തുന്നതില്‍ രക്ഷാകവചമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജൂഡീഷ്യറിയും വഹിക്കുന്ന നിസ്തുലവും സക്രിയവുമായ പങ്കാണ്.?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates