

നീതി പറയാന്‍ ദൈവങ്ങള്‍ ന്യായാധിപന്മാരുടെ നീതിവിചാരത്തെ സ്വാധീനിക്കുന്ന കാലത്ത് അയോധ്യയില്‍നിന്ന് സംഭാലിലേക്കുള്ള കാലവും ദൂരവും സമയവും കുറയുകയാണ്. ഭരണഘടനാപരമായ വാഗ്ദാനങ്ങളും ഉറപ്പുകളുമൊക്കെ അട്ടിമറിക്കുന്ന ഭൂരിപക്ഷ മതവര്‍ഗ്ഗീയതയുടെ ഫാസിസ്റ്റ് രാഷ്ട്രീയം പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുന്നത് തുടരുന്നു. വെറുപ്പിന്റേയും ഹിംസയുടേയും രാഷ്ട്രീയാധികാരം പയറ്റുമ്പോള്‍ കാശിയും സംഭാലും അജ്മീറുമൊക്കെ ബാബ്റി മസ്ജിദിനു ശേഷമുള്ള പട്ടികയില്‍ സ്ഥാനം പിടിക്കുന്നു. .
സ്വതന്ത്ര ഇന്ത്യയില്‍ കോടതിയില്‍നിന്നുണ്ടായ ഏറ്റവും പ്രധാനപ്പെട്ട വിധിയായിരുന്നു അയോധ്യാവിധി. ബാബറി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം നിര്‍മ്മിക്കാനിടയാക്കിയ വിധി. വിധി വന്നത് 2019-ല്‍ ആയിരുന്നുവെങ്കിലും ബാബ്റി മസ്ജിദുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവന്ന തര്‍ക്കം ജനാധിപത്യ മതേതര ഇന്ത്യയെ സമ്പൂര്‍ണ്ണമായി പരിവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള രാഷ്ട്രീയമായി നേരത്തെത്തന്നെ ശക്തിപ്രാപിച്ചിരുന്നു. അതിന്റെ ഫലമാണ് അയോധ്യയില്‍ ഇപ്പോള്‍ ഉയര്‍ന്നുകാണുന്ന രാമക്ഷേത്രം. പക്ഷേ, ഇതിനിടയില്‍ ഇന്ത്യ തിരിച്ചറിയാന്‍ കഴിയാത്തവിധം മാറ്റപ്പെട്ടുവെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
ബാബറി മസ്ജിദ് രാമക്ഷേത്രമായി മാറ്റിയതിന്റെ കഥ, മതേതരമായിരിക്കാന്‍ ശ്രമിച്ച ഒരു രാജ്യം ഹിന്ദുത്വ അതിദേശീയതയ്ക്കു മുന്നില്‍ കീഴടങ്ങിയതിന്റെ കൂടിയാണ്. മസ്ജിദില്‍ കയറി വിഗ്രഹം സ്ഥാപിച്ചതും പള്ളി പൊളിച്ചതും തെറ്റാണെന്നു പറഞ്ഞുകൊണ്ടുതന്നെയാണ് പൊളിച്ചവരുടെ ആവശ്യം കോടതി അംഗീകരിച്ചത്. പ്രധാനമന്ത്രിതന്നെ ക്ഷേത്രത്തിനു തറക്കല്ലുമിട്ടു. അങ്ങനെ 1528 മുതല്‍ അയോധ്യയില്‍ നിലനിന്ന പള്ളിയുടെ സ്ഥാനത്ത് ഭരണകൂട പിന്തുണയോടെ ക്ഷേത്രം സ്ഥാപിതവുമായി. അതിനു സമാനമായ തുടക്കമാണ് സംഭാലില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍.
ഉത്തര്‍പ്രദേശിലെ സംഭാല്‍ നഗരത്തില്‍നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഷാഹി ജുമാ മസ്ജിദ്. 1526-ല്‍ മുഗള്‍രാജാവായ ബാബര്‍ പണികഴിപ്പിച്ചത്. പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ ബാബര്‍ പരാജയപ്പെടുത്തിയതോടെ സംഭാലില്‍ മുഗളരുടെ അധീനതയിലായി.പള്ളിയെക്കുറിച്ച് ഈ വിവരം മാത്രമാണ് വ്യക്തതയുള്ള ഏക കാര്യവും. മസ്ജിദിന്റെ പൗരാണിക സങ്കല്പത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും നിയമപരമായ രേഖകളെക്കുറിച്ചുമെല്ലാം അവ്യക്തത നിലനില്‍ക്കുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ജഹാംഗീറിന്റേയും ഷാജഹാന്റേയും കാലത്ത് രണ്ട് തവണ പള്ളിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതായി പറയപ്പെടുന്നു. മസ്ജിദ് തുഗ്ലക്ക് കാലഘട്ടത്തിലെ സ്മാരകമായിരുന്നുവെന്നും ബാബര്‍ അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതാണെന്നും ചില ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നുണ്ട്. ഏതായാലും സംഭാല്‍ മസ്ജിദ് ഇന്ന് ഒരു സംരക്ഷിത ദേശീയ സ്മാരകമാണ്. മസ്ജിദിന്റെ സ്ഥാനത്ത് പുരാതന ശ്രീഹരിഹര്‍ ക്ഷേത്രമുണ്ടായിരുന്നുവെന്നും അതു തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചത് എന്നുമാണ് ഹിന്ദുവിഭാഗത്തിന്റെ അവകാശവാദം. വിഷ്ണുദേവന്റെ പത്താമത്തെ അവതാരം കല്‍ക്കി കലിയുഗത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഇവിടെയാണെന്നും ഇവര്‍ വാദിക്കുന്നു. കാലങ്ങളായി ഇത്തരം വാദഗതികളുണ്ടായിരുന്നെങ്കിലും അതൊരു സമാധാനപ്രശ്നമായി മാറിയത് ഈ നവംബര്‍ 19-നാണ്.
കോടതിയില്‍ നടന്നത്
അഭിഭാഷകനായ ഹരിശങ്കര്‍ ജെയിന്‍ അന്ന് 12 മണിക്ക് സംഭാല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഒരു ഹര്‍ജി നല്‍കി. സംഭലിലെ ശ്രീ ഹരിഹര്‍ മന്ദിര്‍ തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്നും മസ്ജിദില്‍ പുരാവസ്തു സര്‍വ്വേ നടത്തണമെന്നുമായിരുന്നു ആവശ്യം. അന്നു ഉച്ചയ്ക്ക് 2.38-ന് കോടതി സര്‍വ്വേയ്ക്ക് ഉത്തരവിട്ടു. അഭിഭാഷക കമ്മിഷണറേയും നിയോഗിച്ചു. നവംബര്‍ 29-നകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തതേയില്ല. സര്‍ക്കാര്‍ വക്കീലിന്റെ അഭിഭാഷകനായ പിതാവ് വി.എച്ച്.പിയുമായി അടുത്ത ബന്ധമുള്ളയാളാണ്. മണിക്കൂറുകള്‍ക്കകം സര്‍വ്വേസംഘം മസ്ജിദിലെത്തി പരിശോധന നടത്തി. ഒന്നാംഘട്ട സര്‍വ്വേ നടപടികളെല്ലാം പൂര്‍ത്തിയായ ശേഷമാണ് മസ്ജിദ് കമ്മിറ്റി പോലും വിവരം അറിയുന്നത്. കോടതി നടപടികളെല്ലാം ഏകപക്ഷീയമായിരുന്നു. സര്‍വ്വേ തുടങ്ങുന്നതിനു മിനിട്ടുകള്‍ക്ക് മുന്‍പാണ് നോട്ടീസു പോലും നല്‍കിയത്. നവംബര്‍ 24-ന് രണ്ടാംഘട്ട സര്‍വ്വേയ്ക്കായി സംഘം എത്തിയപ്പോഴാണ് പ്രതിഷേധവും സംഘര്‍ഷവുമുണ്ടായതും അഞ്ചുപേര്‍ കൊല്ലപ്പെട്ടതും.
കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിയും ക്ഷേത്രമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് ഈ ഹരിശങ്കറാണ്. ഒരുകാലത്ത് ക്ഷേത്രങ്ങള്‍ പൊളിച്ച് പള്ളിയാക്കിയതെല്ലാം തിരിച്ചുപിടിക്കണമെന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ മകന്‍ വിഷ്ണു ശങ്കര്‍ ജെയിനാണ് സംഭാല്‍ അടക്കമുള്ള കേസുകളില്‍ ഹിന്ദുവിഭാഗത്തിനുവേണ്ടി ഹാജരായത്. ആഗ്രയിലെ താജ്മഹല്‍, ഡല്‍ഹിയില്‍ കുത്തബ്മീനാര്‍ ഹര്‍ജികളും നല്‍കിയത് ഹൈപ്രൊഫൈല്‍ അഭിഭാഷകരായ ഇവരാണ്. രാജ്യത്തുടനീളം നൂറോളം കേസുകള്‍ ഇത്തരത്തില്‍ ഇവര്‍ കോടതികളിലെത്തിച്ചിട്ടുണ്ട്.
തനിക്കു സംഭാല്‍ പള്ളിയെക്കുറിച്ചുള്ള വിവരം നല്‍കിയത് മഹന്തായ ഋഷിരാജ് ഗിരിയാണെന്ന് ജെയിന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഗിരി തന്നെ സമീപിച്ചത്. ഇന്റര്‍നാഷണല്‍ ഹരി ഹര്‍ സേന എന്ന സംഘടനയുടെ നടത്തിപ്പുകാരനാണ് 47-കാരനായ ഗിരി. ഹിന്ദുപ്രതാപകാലം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി താന്‍ നടത്തുന്നതെന്നാണ് ഗിരിയുടെ അവകാശവാദം.
ബാബറിന്റെ കാലത്ത് പണികഴിപ്പിച്ച മൂന്ന് മുസ്ലിംപള്ളികള്‍ മാത്രമാണ് ഇന്നു നിലനില്‍ക്കുന്നത്. സംഭാലിലേതിനു പുറമേ പാനിപ്പത്തിലെ കബൂലി ബാഗും അയോധ്യയിലെ മീര്‍ ബാഖിയുമാണത്. 1992-ല്‍ കര്‍സേവകര്‍ പൊളിച്ചുകളഞ്ഞ ബാബ്റി മസ്ജിദാണ് മീര്‍ ബാഖി. അയോധ്യയിലെപ്പോലെ പള്ളിയില്‍ ക്ഷേത്രനിര്‍മ്മിതിയുടെ തെളിവുകളുണ്ടെന്നാണ് ഹിന്ദുവിഭാഗത്തിന്റെ വാദം. ഇതാദ്യമല്ല ഇതു സംബന്ധിച്ച തര്‍ക്കം ഉടലെടുക്കുന്നത്. 1878-ല്‍ മൊറാദാബാദ് ഹൈക്കോടതിയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഹിന്ദുവിഭാഗം ഒരു ഹര്‍ജി നല്‍കി. എന്നാല്‍ ചീഫ് ജസ്റ്റിസായിരുന്ന റോബര്‍ട്ട് സ്റ്റുവര്‍ട്ട് ആ ഹര്‍ജി തള്ളിക്കളയുകയായിരുന്നു. പള്ളിയിലൊരിടത്തും ഹിന്ദുവിഭാഗം പറയുന്നതുപോലെ ക്ഷേത്രനിര്‍മ്മിതിയുടെ തെളിവുകള്‍ കണ്ടെത്താതെ വന്നതോടെ ഈ ഹര്‍ജി തള്ളി.
1976 വരെ കാര്യങ്ങള്‍ സമാധാനപരമായി നീങ്ങി. ആ വര്‍ഷം പള്ളിയിലെ മൗലാനയെ ഹിന്ദുവിഭാഗം കൊലപ്പെടുത്തിയതോടെ കലാപമുണ്ടായി. ഒരു മാസം നീളുന്ന കര്‍ഫ്യൂവാണ് അന്ന് പ്രഖ്യാപിച്ചത്. അതിനുശേഷം പള്ളിയുടെ മുന്നില്‍ ഒരു പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചു. ഹിന്ദുവിഭാഗത്തിന്റെ പ്രവേശനം തടയാന്‍ വേണ്ടിയായിരുന്നു അതെങ്കിലും പക്ഷേ, അത് പ്രായോഗികമായില്ല. ഹിന്ദുവിശ്വാസികള്‍ പള്ളിയിലേക്കൊഴുകി. പള്ളിയിലേക്കുള്ള പ്രവേശനം ഒരിക്കലും തടഞ്ഞില്ലെങ്കിലും തങ്ങളെ പ്രവേശിപ്പിക്കുന്നില്ലെന്ന് ഹിന്ദുവിശ്വാസികള്‍ ആരോപിച്ചു. എല്ലാ വര്‍ഷവും ശ്രാവണമാസത്തില്‍ മൊറാദബാദില്‍ നിന്നുള്ള ഹിന്ദുസംഘം ശിവവിഗ്രഹത്തില്‍ അഭിഷേകം നടത്തുമായിരുന്നു. പിന്നീടത് ജില്ലാഭരണകൂടം വിലക്കുകയായിരുന്നു.
ചര്‍ച്ചയാകുന്ന ആരാധനാനിയമം
സംഭാലിലെ സംഘര്‍ഷത്തോടെ ഇന്ത്യന്‍ വേര്‍ഷിപ്പ് ആക്ട് അഥവാ ആരാധനാനിയമം വീണ്ടും ചര്‍ച്ചയാവും. 1991-ല്‍ നരസിംഹറാവു സര്‍ക്കാര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് വര്‍ഗ്ഗീയ സംഘര്‍ഷം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം പാസ്സാക്കിയത്. അയോധ്യയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കെയാണ് ഈ നിയമത്തിനു രൂപം നല്‍കുന്നത്. തര്‍ക്കമുള്ള എല്ലാ മത ആരാധനാലയങ്ങളുടേയും പദവി 1947 ഓഗസ്റ്റ് 15-ലെ കൈവശാവകാശം പോലെ നിലനിര്‍ത്തുമെന്നും ഇന്ത്യയിലെ ഒരു കോടതിയിലും അവയുടെ പദവി മാറ്റുന്നത് സംബന്ധിച്ച് വ്യവഹാരം നടത്തില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കം അന്നത്തെ സാഹചര്യം കണക്കിലെടുത്ത് ഇതില്‍നിന്ന് ഒഴിവാക്കുകയും കോടതിയുടെ പരിധിയിലേക്ക് വിട്ട് കൊടുക്കുകയും ചെയ്തു.
അയോധ്യാവിധിക്കു പിന്നാലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പട്ടിരുന്നു. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയും ഹര്‍ജി സമര്‍പ്പിച്ചവരില്‍പ്പെടുന്നു. ഇന്ത്യയിലെ അധിനിവേശക്കാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ നിയമം നിയമവിധേയമാക്കുന്നുവെന്നും ഹിന്ദുക്കള്‍, ജൈനര്‍, ബുദ്ധമതക്കാര്‍, സിഖുകാര്‍ എന്നിവരുടെ ആരാധനാലയങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം ഹര്‍ജിയില്‍ വാദിച്ചിരുന്നു. 1991-ലെ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസ് ഏറ്റവും ഒടുവില്‍ പരിഗണിച്ചത് 2023 നവംബര്‍ 30-ന്. അതിനുശേഷം രാജ്യത്തെമ്പാടുമായി 10 മുസ്ലിം പള്ളികളില്‍ അവ നിര്‍മ്മിച്ചത് അമ്പലം പൊളിച്ചിട്ടാണോ എന്ന് പരിശോധന നടത്താന്‍ സിവില്‍ കോടതികള്‍ ഉത്തരവിട്ടു. 2022 മേയില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഗ്യാന്‍വാപി പള്ളിയിലെ സര്‍വ്വേയുമായി മുന്നോട്ടുപോകാന്‍ നല്‍കിയ അനുമതി ഇതില്‍ നിര്‍ണ്ണായകമായി.
ഡി.വൈ. ചന്ദ്രചൂഡ് 2022-ല്‍ നടത്തിയ വാക്കാലുള്ള നിരീക്ഷണമാണ് ഹര്‍ജിക്കാര്‍ ആയുധമാക്കുന്നത്. ഒരു സ്ഥലത്തിന്റെ മതപരമായ സ്വഭാവം നിര്‍ണ്ണയിക്കാനുള്ള നടപടികളെടുക്കുന്നത് ആരാധനാനിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാകണമെന്നില്ല എന്നായിരുന്നു ആ നിരീക്ഷണം. ആരാധനാലയനിയമം തന്നെ ചോദ്യംചെയ്തുള്ള ഹര്‍ജികളും സുപ്രീംകോടതിക്കു മുന്നിലുണ്ട്.
വാരണാസി, മഥുര, ധാര്‍ എന്നീ ആരാധനാസ്ഥലങ്ങളിലും സമാന ആവശ്യംതന്നെ. ഈ വ്യവസ്ഥയ്ക്ക് വിരുദ്ധമായി ആരാധനാലയത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സംഭാലിലെ ഹര്‍ജി. ഏതായാലും മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ സര്‍വ്വേയിലെ തുടര്‍നടപടികള്‍ സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates