

കേളപ്പനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. കുഗ്രാമമായ അമ്മാടത്തെ, സെന്റ് ആന്റണീസ് ഹൈസ്‌കൂളിന്റെ മുമ്പിലുള്ള കൂര്‍ത്ത കരിങ്കല്ല് നിറഞ്ഞ റോഡില്‍വെച്ച്. മദ്ധ്യാഹ്നത്തില്‍ കുട്ടികള്‍ ഉച്ചഭക്ഷണം കഴിഞ്ഞ് മൈതാനത്തേക്ക് കളിക്കാന്‍ പോകുന്നു. ചിലര്‍ പള്ളിയിലേക്ക്.
റോഡില്‍ മുട്ടുകുത്തിനിന്ന് ഒരു മനുഷ്യന്‍ കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി ഉറക്കെ വിളിച്ചു പറയുന്നു. ''അനാഥരെ, നിരാലംബരെ, കുഞ്ഞുമക്കളെ നിങ്ങള്‍ കേളപ്പന്റെ അടുത്ത് വരുവിന്‍.'' ചുറ്റിനും വട്ടംകൂടി നിന്ന കുട്ടികളെ നോക്കി ഇയാള്‍ ചിരിക്കുന്നു. വീണ്ടും വിളിച്ചുപറയുന്നു.
ഇതേ കേളപ്പന്‍ ഒരു ദിവസം രാവിലെ വീടിന്റെ മുന്നില്‍ വന്ന്, അച്ഛനെ വിളിക്കുന്നു. അച്ഛന്‍ ''എന്താണ് കൊച്ചാപ്പുട്ടി'' എന്ന് പറഞ്ഞ് അയാളുടെ അടുത്തുചെന്ന് സംസാരിക്കുന്നു. ഇത്തിള്‍, കുമ്മായം, വെണ്ണീര്‍ എന്നിവയിലേതെങ്കിലും ഒന്ന് നിറച്ച ഒറ്റക്കാളവണ്ടിയുടെ ഓരം പറ്റി തലേക്കെട്ടും കഴുത്തില്‍ വെന്തിങ്ങയുമായി നടന്നുപോകുന്നതും ഇതേ മനുഷ്യന്‍ തന്നെ. കേളപ്പനെന്നു പരിചയപ്പെടുത്തിയ കൊച്ചാപ്പുട്ടിച്ചേട്ടന്‍.
മുഴുക്കുടിയനായ അദ്ദേഹത്തിന് നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്ത പേരാണ് കേളപ്പന്‍. അത് സന്തോഷത്തോടെ സ്വീകരിച്ച അദ്ദേഹം കേളപ്പനായി മനസ്സില്‍ ഇന്നുമുണ്ട്. വളരെക്കഴിഞ്ഞാണ് അറിഞ്ഞത് കേരളത്തിന്റെ മദ്യവര്‍ജ്ജന പ്രസ്ഥാനത്തിന്റെ ഉദ്ഘാടകനായ കെ. കേളപ്പന്‍, കേളപ്പജി, കേരള ഗാന്ധി എന്നൊക്കെ അറിയപ്പെടുന്ന ഒരു വലിയ മനുഷ്യനെ അപമാനിക്കുന്നതിനും ചെറുതാക്കുന്നതിനും ആ ആശയത്തേയും പ്രവര്‍ത്തനത്തേയും പൊതുസമൂഹത്തില്‍നിന്നു തിരസ്‌കരിക്കുന്നതിനും വേണ്ടി ആരോ ഉണ്ടാക്കിയെടുത്ത തന്ത്രമാണിതെന്ന്.
വക്കീല്‍ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് കപ്പലില്‍ കടല്‍യാത്ര ചെയ്യാനൊരുങ്ങുന്ന സന്ദര്‍ഭത്തില്‍, അമ്മ പുത്ലിഭയി മൂന്ന് പ്രതിജ്ഞകള്‍ ഗാന്ധിയില്‍നിന്ന് ആവശ്യപ്പെടുന്നുണ്ട്. സസ്യാഹാരം, മദ്യവര്‍ജ്ജനം, അന്യസ്ത്രീ സംസര്‍ഗ്ഗവര്‍ജ്ജനം. വാസ്തവത്തില്‍, ഗാന്ധിയുടെ പിന്നീടുള്ള ജീവിതത്തിന്റെ അറുപത്തിരണ്ടു വര്‍ഷങ്ങള്‍ അപഗ്രഥിച്ചാല്‍ നമുക്കറിയാനാവും ഈ പ്രതിജ്ഞകള്‍ നിറവേറ്റുന്നതിനായുള്ള ദര്‍ശനവും ജീവിതവും രൂപപ്പെടുത്തലാണ് ''എന്റെ ജീവിതമാണ് എന്റെ സന്ദേശം'' എന്ന അദ്ദേഹത്തിന്റെ കനല്‍വാക്കുകള്‍. സസ്യാഹാരത്തിലൂടെ ഗാന്ധി ഭൂമിയിലെ ജീവലോകവുമായി തദാത്മ്യപ്പെടുന്നു. മദ്യവര്‍ജ്ജനം-സാമ്രാജ്യത്വ ശക്തികളായ യൂറോപ്യന്മാര്‍ ആറു നൂറ്റാണ്ടുകളായി മദ്യം, കറുപ്പ് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളിലൂടെ ചൈന, ഇന്ത്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ മനുഷ്യര്‍, തദ്ദേശീയര്‍, ആദിവാസികള്‍ എന്നിവരെ കുടിപ്പിച്ചും കറുപ്പ് തീറ്റിച്ചും ചൂഷണം ചെയ്തെടുത്ത കോടാനുകോടി ലക്ഷങ്ങളുടെ ലാഭംകൊണ്ട് കെട്ടിയുയര്‍ത്തിയ കൂറ്റന്‍ സ്ഥാപനങ്ങളാണ് ആധുനിക നാഗരികതയുടേയും അതിന്റെ പുത്തന്‍ പതിപ്പുകളായ ആഗോളീകരണം, ഉദാരവല്‍ക്കരണം എന്നിവയിലൂടെ നമുക്ക് മുന്നില്‍ കാണുന്ന ഈ ലോകം. കറുപ്പിന്റേയും മദ്യത്തിന്റേയും വരുമാനം ഇല്ലായിരുന്നെങ്കില്‍ അമേരിക്കയിലേയും ബ്രിട്ടനിലേയും നാമിന്നു ഘോഷിക്കുന്ന പ്രശസ്ത സര്‍വകലാശാലകളും ശാസ്ത്രജ്ഞരും പോലും ഉണ്ടാകുമായിരുന്നില്ല. (NUTMEG'S CURSE; SMOKES AND ASHES എന്നീ രണ്ട് ഗവേഷണ പുസ്തകങ്ങള്‍ വായിച്ചാല്‍ ഈ നഗ്‌നമായ പരമാര്‍ത്ഥം തെളിഞ്ഞുകിട്ടും). അന്യസ്ത്രീ സംസര്‍ഗ്ഗം ഒഴിവാക്കണമെന്ന ഗാന്ധിയന്‍ പ്രതിജ്ഞ അത്യാര്‍ത്തിയും അമിതാസക്തിയും പെരുപ്പിക്കുന്ന യൂറോ കേന്ദ്രീകൃതമായ ജീവിതശൈലിയോടുള്ള, അതിന്റെ കൂറ്റന്‍ സ്ഥാപനങ്ങളോടും ചിന്താധാരകളോടുമുള്ള പ്രതിഷേധമാണ്.
നേരത്തെ പറഞ്ഞ മൂന്ന് പ്രതിജ്ഞകള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരു പുതിയ ജീവിതരീതി എങ്ങനെ നിര്‍മ്മിക്കാം എന്നതിന്റെ പരീക്ഷണശാലകളാണ് ഗാന്ധിയന്‍ ആശ്രമങ്ങള്‍. (ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് സെറ്റില്‍മെന്റ്, ടോള്‍സ്റ്റോയ് ഫാം, ഇന്ത്യയിലെ സബര്‍മതി, സേവാഗ്രാം) ഇവ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളേയും - രാഷ്ട്രീയം, ആത്മീയത, ധാര്‍മ്മികത, വിദ്യാഭ്യാസം, തീണ്ടായ്മ, സംസ്‌കാരം, ആരോഗ്യം, ശാസ്ത്ര-സാങ്കേതികത, കൃഷി തുടങ്ങി... പുതുക്കിപ്പണിയുന്നതാണ് ഗാന്ധിയന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ (CONSTRUCTIVE PROGRAMME). ഇവയ്ക്ക് എതിര്‍നില്‍ക്കുന്ന ശക്തികളെ അഹിംസാത്മകമായി നേരിടുന്നതാണ് ഗാന്ധിയന്‍ സത്യഗ്രഹങ്ങള്‍. രണ്ടും-സത്യഗ്രഹവും നിര്‍മ്മാണപ്രവര്‍ത്തനവും- ഏകകാലത്ത് സംഭവിക്കുമ്പോള്‍ ഭൂമിയുടെ അതിജീവനം സാധ്യമാകുന്നു.
മേല്‍പ്പറഞ്ഞ ഗാന്ധിയന്‍ വിപ്ലവത്തെ കേളപ്പന്‍ എപ്രകാരം സ്വജീവിത സമര്‍പ്പണത്തിലൂടെ ശ്രമിച്ചു എന്നതിന്റെ എളിയ അന്വേഷണമാണ് ലേഖനത്തിന്റെ തുടര്‍ഭാഗങ്ങള്‍.
നായര്‍ സമുദായോദ്ധാരണം, വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം, മലബാര്‍ കലാപം, പയ്യന്നൂര്‍ ഉപ്പ് സത്യഗ്രഹം, മയ്യഴിയുടെ വിമോചനം, ക്വിറ്റിന്ത്യാ സമരം, ഭൂദാന പ്രസ്ഥാനം, അങ്ങാടിപ്പുറം തളിക്ഷേത്ര നവീകരണം, മലബാറിലെ ക്ഷേത്ര പുനരുദ്ധാരണം, മദ്യവര്‍ജ്ജനം, ഗ്രാമോദ്ധാരണം എന്നിവയിലെല്ലാം സജീവമായി പങ്കെടുക്കുന്ന ഉപജ്ഞാതവും സമരനായകനും സത്യഗ്രഹിയും ആയി മാറുന്ന കേളപ്പനെ അക്കാലത്തെ പരിഷ്‌കര്‍ത്താക്കള്‍, വിപ്ലവകാരികള്‍, സത്യഗ്രഹികള്‍ എന്നിവരില്‍നിന്നു വ്യത്യസ്തമാക്കുന്ന അടിസ്ഥാന ഘടകങ്ങളുണ്ട്. ഏത് വിപരീത പരിതസ്ഥിതിയിലും പ്രതികൂല കാലാവസ്ഥയിലും തന്റെ സത്യത്തിലും ധാര്‍മ്മികതയിലും ഉറച്ചുനിന്ന്, നിര്‍ഭയനായി പോരാടുന്ന കേളപ്പന്‍; സഹപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നും യുവാക്കളെയും വിദ്യാര്‍ത്ഥികളേയും തന്നിലേയ്ക്കടുപ്പിച്ചും പതിതരും അവഗണിക്കപ്പെട്ടവരും കീഴ്ജാതിയില്‍പ്പെട്ടവരുമായ അനാഥരുടേയും നിസ്സഹായരുടേയും ഹൃദയത്തിലേക്ക് കൂടുമാറി അവരായി പരിണമിച്ച് അവരായിത്തീര്‍ന്ന് അവരെ പൊതുസമൂഹത്തിന്റെ ഭാഗമാക്കി അവരുടെ അവകാശങ്ങള്‍ അവരിലൂടെ സാര്‍ത്ഥകമാക്കുന്നതും വേറിട്ട അനുഭവങ്ങളാണ്. അവസാനം സൂചിപ്പിച്ച വസ്തുത കേരളത്തിലെ ദളിതരോ, ദളിത് ബുദ്ധിജീവികളോ മനസ്സിലാക്കിയിട്ടില്ല. കോണ്‍ഗ്രസ്സുകാര്‍ കേളപ്പനെ അന്വേഷിച്ചിട്ടേയില്ല. ഇടതുപക്ഷം അവഗണിച്ചു. പുച്ഛിച്ചു. മുസ്ലിം വിഭാഗം, കേളപ്പന്‍ ഉയര്‍ത്തിപ്പിടിച്ച ഹിന്ദു-മുസ്ലിം സാഹോദര്യത്തെ വിലയിരുത്തിയിട്ടില്ല. ജനസംഘവും ആര്‍.എസ്.എസ്സും കേളപ്പനെ തങ്ങളുടെ ഭാഗമാക്കുന്ന ദുഃഖകരമായ കാഴ്ച്ചയാണ് അദ്ദേഹത്തിന്റെ അവസാന നാളുകളിലും പില്‍ക്കാലത്തും സംഭവിക്കുന്നത്. ഇതെല്ലാം വസ്തുനിഷ്ഠമായി ചരിത്രരേഖകളിലൂടെ അന്വേഷിച്ച് കണ്ടെത്തി വിലയിരുത്തുന്നത് കേളപ്പനോടും ചരിത്രത്തോടും ചെയ്യുന്ന നീതിയായിരിക്കും.
കേളപ്പനും ഗാന്ധിയുമായി നടത്തിയ കത്തിടപാടുകള്‍, ഗാന്ധി കേളപ്പനയയ്ക്കുന്ന കമ്പിസന്ദേശങ്ങള്‍, വൈക്കം സത്യഗ്രഹസമരങ്ങളെപ്പറ്റിയുള്ള ഗാന്ധിയുടെ കാഴ്ച്ചപ്പാടുകള്‍, ഒരു യഥാര്‍ത്ഥ സത്യഗ്രഹിക്ക് ഗാന്ധി നല്‍കുന്ന ഉള്‍ക്കാഴ്ച്ചയുള്ള പാഠങ്ങള്‍, ഗുരുവായൂര്‍ നിരാഹാര സമരത്തിലേര്‍പ്പെടുന്ന കേളപ്പന്റെ ജീവനെപ്പറ്റിയുള്ള ഉല്‍ക്കണ്ഠ എന്നിവ അറിയുവാന്‍ മഹാത്മാഗാന്ധിയുടെ സമാഹൃത കൃതികള്‍ വായിക്കുന്നത് നന്നായിരിക്കും. ഗാന്ധിയുടെ അനുസരണയുള്ള ശിഷ്യനായിട്ടാണ് ഇവിടെ കേളപ്പന്‍ തെളിയുന്നത്. എങ്കിലും തന്റെ വ്യക്തമായ നിലപാടുകള്‍, അവ ഗാന്ധിയുമായി വിയോജിപ്പുള്ളവയാണെങ്കിലും തുറന്നുപറയാന്‍ അദ്ദേഹത്തിലെ നിര്‍ഭയത്വം, സത്യസന്ധത, ധാര്‍മ്മികത, സ്ഥൈര്യം എന്നിവ കേളപ്പനെ സ്വതന്ത്രമായി അനുവദിക്കുന്നുണ്ട്. ഇത് ഗാന്ധിയില്‍ കേളപ്പനെപ്പറ്റി മതിപ്പുളവാക്കുന്നുണ്ട്. വൈക്കം സത്യഗ്രഹം കീഴാളരടക്കമുള്ളവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയാണ്. അതേസമയം അതിന്റെ തുടര്‍ച്ചയായ പൊതു ഇടങ്ങള്‍, ക്ഷേത്രങ്ങള്‍ അടക്കം കീഴാളര്‍ക്കു സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാനും പ്രാര്‍ത്ഥിക്കാനും കഴിയേണ്ടത് മനുഷ്യാവകാശമാണ്. ഗുരുവായൂര്‍ സത്യഗ്രഹം ഇന്ത്യയ്ക്കൊട്ടാകെത്തന്നെ മാതൃകയായി ഗാന്ധി ഉയര്‍ത്തിപ്പിടിക്കുന്നത് ഈ അടിസ്ഥാനത്തിലാണ്. കേളപ്പന്റെ ഈ നിര്‍ഭയത്വം പ്രതിഫലിക്കുന്ന ഒരു സന്ദര്‍ഭം മലബാര്‍ കലാപകാലത്താണ്. അക്രമാസക്തരായി ഹാലിളകിയെത്തിയ അഞ്ഞൂറിലധികം വരുന്ന മുസ്ലിം സഹോദരങ്ങളെ ഇരുപതുപേരുടെ അക്രമരാഹിത്യസംഘത്തിന്റെ പ്രധാനിയായി കേളപ്പന്‍ അഭിമുഖീകരിക്കുന്നു, നിര്‍ഭയനായി. ചരിത്രത്തിലെ നിര്‍ണ്ണായക മുഹൂര്‍ത്തമാണിത്. കേളപ്പന്‍ നേതൃത്വനിരയില്‍നിന്നു സജീവമായി പങ്കെടുത്തിട്ടുള്ള സമരങ്ങളും മുന്നേറ്റങ്ങളും എല്ലാംതന്നെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്.
പാക്കനാര്‍പുരത്തെ
ശ്രദ്ധാനന്ദ വിദ്യാലയം
കേളപ്പന്റെ ഹൃദയവും തലച്ചോറും ഒന്നിച്ചുണര്‍ന്ന് സചേതനമാകുന്നത് 'ഹരിജനോദ്ധാരണം' എന്ന പേരില്‍ ജീവചരിത്രങ്ങളിലും നാള്‍വഴികളിലും അടയാളപ്പെടുത്തിയിട്ടുള്ള സൃഷ്ടിന്മുഖ പ്രവൃത്തികളിലാണ്. കേളപ്പനെ നവോത്ഥാന ചരിത്രത്തിലെ മൗലിക തേജസ്സുകളില്‍ ഒരാളാക്കുന്നത് ഈ കര്‍മ്മമണ്ഡലമാണ്.
1923 മേയില്‍ പാലക്കാട്ടെ കേരള സംസ്ഥാന കോണ്‍ഗ്രസ് സമ്മേളത്തില്‍വെച്ച് നടന്ന മിശ്രഭോജനം ചെറുമര്‍, നായാടികള്‍ തുടങ്ങി ആഢ്യബ്രാഹ്മണര്‍ വരെയുള്ള എല്ലാ ജാതിക്കാരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു. ഇതിനെതിരെ ബ്രാഹ്മണര്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങളും ഭീഷണികളും 'മാതൃഭൂമി'യുടെ പത്രാധിപക്കുറിപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍, അതിനെതിരെ കേളപ്പന്‍ എഴുതി ''രാജ്യത്തിലുള്ള ആളുകള്‍ക്കെല്ലാം തുല്യമായ പൗരാവകാശം ഉണ്ടായിരിക്കണം, രാജ്യത്തിലുള്ള ഏതെങ്കിലും ഒരു വര്‍ഗ്ഗക്കാരേയോ സമുദായത്തേയോ മറ്റുള്ളവര്‍ക്ക് ആട്ടിയോടിക്കാനോ (അവരോട്) യഥേഷ്ടം പ്രവര്‍ത്തിക്കാനോ സ്വാതന്ത്ര്യം ഉണ്ടായിരിക്കാന്‍ പാടില്ല. ഈ സംഗതികള്‍കൊണ്ടാണ് തൊഴിലാളികള്‍ക്ക് സംഘങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കുടിയാന്മാര്‍ക്ക് വസ്തുവിന്മേല്‍ സ്ഥിരാവകാശം വേണമെന്നും അയിത്തം ഇല്ലായ്മ ചെയ്യണമെന്നും കോണ്‍ഗ്രസ് പറയുന്നത്. കല്യാണത്തിനു താലികെട്ടാന്‍ മറക്കുന്നതുപോലെ, സ്വാതന്ത്ര്യസമരത്തില്‍ സ്വാതന്ത്ര്യം എന്താണെന്നുള്ളത് നാം മറക്കുന്നു.'' (എം.പി. മന്മഥന്‍ - കേളപ്പന്‍, പുറം 107) ഈഴവരും പുലയരും അടങ്ങുന്ന പുലയമഹായോഗം (വൈക്കം) 1924 മാര്‍ച്ച് 30-ന് വൈക്കം സത്യാഗ്രഹമായി മാറുന്നുണ്ട്. ടി.കെ. മാധവന്‍, കെ.പി. കേശവമേനോന്‍ (പ്രേരകശക്തിയും സെക്രട്ടറിയും) എന്നിവര്‍ക്കൊപ്പം കേളപ്പന്‍ അണിയറ ശില്പിയായി. നാരായണഗുരു, രാമസ്വാമി നായ്ക്കര്‍, ഗാന്ധി എന്നിവര്‍ സത്യഗ്രഹത്തില്‍ പങ്കാളികളാകുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹവും. പതിതവര്‍ഗ്ഗത്തിനുവേണ്ടി കേളപ്പന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്വജീവിതംകൊണ്ട് അദ്ദേഹം നടത്തിയ നിരന്തരമായ പോരാട്ടങ്ങളുടേതാണ്. പുലയര്‍, പറയര്‍ തുടങ്ങിയ അധഃസ്ഥിതര്‍ക്കുവേണ്ടി വേദനിച്ചിടത്തോളം ആ ഹൃദയം മറ്റാര്‍ക്കുവേണ്ടിയും വേദനിച്ചതായി കാണുന്നില്ല. ഇന്ത്യയിലെ അധഃകൃതോദ്ധാരണത്തിന്റെ പിതാവെന്നു വിശേഷിപ്പിക്കേണ്ട റവ. ആര്‍. ഷിന്‍ഡേയാണ് പുലയരുടേയും തോട്ടികളുടേയും ഒരു സംഘടന രൂപീകരിക്കുന്നത്. (മന്മഥന്‍: പുറം 121) 1925 ജനുവരിയില്‍. വൈക്കം സത്യഗ്രഹം നടക്കുന്ന സമയത്ത് കേളപ്പന് എസ്.കെ. കോം ബ്രെയിലിന്റെ ഒരു അടിയന്തര കമ്പിസന്ദേശം കിട്ടുന്നു. അദ്ദേഹം കല്യാശ്ശേരിയിലെത്തി. സ്‌കൂളിലേക്ക് നടന്നുപോകുന്ന രണ്ട് പുലയക്കുട്ടികളെ നായന്മാരും തീയരും ചേര്‍ന്നു തടഞ്ഞുനിര്‍ത്തി. കേളപ്പന്‍ അവിടെയെത്തി തടസ്സം, അക്രമരഹിതമായി നീക്കി. കേളപ്പന്‍ പുലയരെയെല്ലാം വിളിച്ചുചേര്‍ത്ത് മേലില്‍ റോഡില്‍ക്കൂടി സധൈര്യം നടക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം സഹോദരനുമായി ചേര്‍ന്ന് പറവൂര്‍ കുന്നില്‍ പഞ്ചമി സ്‌കൂള്‍ ആരംഭിക്കുന്നത്. ആ പഞ്ചമവിദ്യാലയം പിന്നീട് ഗോഖലെയോടുള്ള ആദരസൂചകമായി ഗോപാലപുരത്തെ വിദ്യാലയമായി. പുലയക്കുട്ടികളുടെ വിദ്യാസങ്കേതമായി. അദ്ദേഹം പറഞ്ഞു: ''എന്റെ ജീവിതം പുലയര്‍ മുതലായ നിസ്സഹായരുടെ ഉദ്ധാരണത്തിനുവേണ്ടിത്തന്നെ ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ ഇഷ്ടവും മഹാത്മജിയുടെ നിര്‍ദ്ദേശവും അതാണ്'' (മന്മഥന്‍: പുറം 125).
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തുടര്‍ന്ന് പയ്യോളിക്കു സമീപമുള്ള നല്ലമ്പ്രക്കുന്നില്‍ സ്വന്തം ആദര്‍ശങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും കുറേക്കൂടി വ്യക്തമായ രൂപം നല്‍കിക്കൊണ്ട് 'ശ്രദ്ധാനന്ദ വിദ്യാലയം' എന്ന സ്ഥാപനം കേളപ്പന്‍ ആരംഭിച്ചു. 'പാക്കനാര്‍പുരം' എന്ന പേരും നല്‍കി. ഈ വിദ്യാലയം കേളപ്പന്റെ ഹരിജന്‍ വിദ്യാഭ്യാസ പരീക്ഷണത്തിലെ ശ്രദ്ധേയമായ ചുവടുവയ്പ്പായിരുന്നു. അദ്ദേഹത്തിന്റെ സങ്കല്പങ്ങളുടെ വിത്തിടല്‍ ഗോപാലപുരത്ത് നടന്നുവെങ്കില്‍, അത് പൂവണിഞ്ഞ് സഫലമായത് പാക്കനാര്‍പുരത്താണ് (മന്മഥന്‍: പുറം: 126).
ശ്രദ്ധാനന്ദ വിദ്യാലയത്തിലെ പ്രഥമവിദ്യാര്‍ത്ഥികളില്‍ ഒരാളായ എ.കെ. മുകുന്ദന്‍: ''കരിക്കുലത്തിന്റെ പ്രാധാന്യം കൈത്തൊഴിലിനായിരുന്നു... പാക്കനാര്‍പുരം ആശ്രമജീവിതം ഞങ്ങള്‍ക്ക് പുത്തരിയായിരുന്നു... പുലര്‍കാലം നാലുമണിക്ക് എഴുന്നേല്‍ക്കണം. കാലും മുഖവും കഴുകി പ്രാര്‍ത്ഥന കഴിക്കണം. പ്രാര്‍ത്ഥന ദൈവികവും സാമൂഹ്യവുമായിരുന്നു. ആശ്രമത്തിലെ ജീവിതം ഞങ്ങള്‍ക്ക് പുനര്‍ജന്മം തന്നു'' (മന്മഥന്‍: 127).
പാക്കനാര്‍പുരത്ത് പിന്നീട് ഉയര്‍ന്നുവന്ന 'ഗാന്ധിസദനം' എന്ന സ്ഥാപനം 1934-ല്‍ ഗാന്ധിതന്നെയാണ് ഉദ്ഘാടനം ചെയ്തത്. പ്രശ്നത്തിന്റെ വളരെ ചെറിയൊരു അംശത്തിനെ മാറ്റിയെടുക്കാനേ കഴിയൂ എന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടിരുന്നു. സവര്‍ണ്ണര്‍ മാത്രമല്ല, തീയനും മുസ്ലിമുമടക്കം വലിയൊരു വിഭാഗം കീഴാളര്‍ക്ക് എതിരായിരുന്നു. അവരുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും. അദ്ദേഹം പരിതപിച്ചു. ഈ സാധുപുലയര്‍ക്ക് മനുഷ്യരുടെ കൂട്ടത്തില്‍ സ്ഥാനമില്ലെന്നുണ്ടോ? ഇവരെ തല്ലുന്നതും ദ്രോഹിക്കുന്നതും ഈ ഉയര്‍ന്ന സമുദായങ്ങളുടെ നീതിന്യായബോധത്തിനോ സര്‍വ്വസമുദായ മൈത്രിക്കോ വിരുദ്ധമല്ലെന്നു വരുമോ? കടലിലും പുഴയിലുമുള്ള മത്സ്യങ്ങള്‍ ഏതുപ്രകാരം എല്ലാവര്‍ക്കും പിടിച്ചുതിന്നാന്‍ സൃഷ്ടിക്കപ്പെട്ടവയാണോ അതുപ്രകാരം പുലയരും മറ്റു സമുദായങ്ങളുടെ ക്രൂരപ്രവൃത്തികളനുഭവിച്ചുകൊള്ളുവാന്‍ സൃഷ്ടിക്കപ്പെട്ടവരാണോ? (മന്മഥന്‍: പുറം 131) അന്ധവിശ്വാസങ്ങളും അതിന്റെ പേരിലുള്ള പീഡനങ്ങളും ഇവരെ വേട്ടയാടി. ''അന്ധവിശ്വാസത്തിന്റെ ഇരുട്ടറകളായ മലബാറിലെ ഗ്രാമങ്ങളില്‍ കടന്നുചെന്ന്, മനുഷ്യദ്രോഹത്തിന്റെ കഥകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ കേളപ്പനെപ്പോലെ വളരെപ്പേര്‍ മുന്നിട്ടിറങ്ങിയതായി കാണുന്നില്ല'' (പുറം: 139).
ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് ദളിതരെ വിശ്വപൗരന്മാരാക്കുന്ന കേളപ്പന്റെ സാംസ്‌കാരിക പ്രവര്‍ത്തനത്തെപ്പറ്റി എന്റെ സുഹൃത്തായ വിജയരാഘവന്‍ ചേലിയ 2023 നവംബര്‍ 14-ന് എഴുതുന്നു: ''മുച്ചുകുന്നില്‍ (കോഴിക്കോട് ജില്ല) കേളപ്പജിയുടെ വീടിനു തൊട്ടുപിറകിലായാണ് അദ്ദേഹത്തിന്റെ മുന്‍കയ്യില്‍ സ്ഥാപിച്ചിട്ടുള്ള ഗോപാലപുരം കോളനി. കോളനിയോട് ചേര്‍ന്ന് ഗോപാലകൃഷ്ണ ഗോഖലെയുടെ പേരിലുള്ള ഒരു സ്‌കൂളുമുണ്ട്. ഗോഖലെ യു.പി. സ്‌കൂള്‍. ഗോപാലപുരം കോളനിയുടെ പ്രത്യേകത അവിടെ വീട്ടുകാര്‍ തമ്മില്‍ കമ്മ്യൂണ്‍ പോലെയുള്ള അയല്‍പ്പക്കബന്ധം ഉണ്ടായിരുന്നു എന്നതാണ്. വീടുകള്‍ക്കു നടുവില്‍ ഒരു വായനശാലയും ഉണ്ടായിരുന്നു. പില്‍ക്കാലത്തും അവര്‍ ആ സംവിധാനങ്ങള്‍ നിലനിര്‍ത്തിയിരുന്നു. വായനശാലയില്‍ പൊതുവായി ഒരു ടി.വി സ്ഥാപിക്കുകയും ഒരുമിച്ചിരുന്ന് കാണുകയും സംസാരിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു അത്. കേളപ്പനോടൊപ്പം സോഷ്യലിസ്റ്റ് പാര്‍ട്ടിയിലായിരുന്നു അവിടെയുള്ള ചെറുപ്പക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്.'' കേളപ്പന്‍ രാഷ്ട്രീയം വിട്ടിട്ടും അവര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് ജനതയിലും എത്തി. സോഷ്യലിസ്റ്റുകള്‍ക്കിടയിലെ അധികാരതര്‍ക്കങ്ങളാണ് കേളപ്പനെ പാര്‍ട്ടിയില്‍നിന്ന് അകറ്റിയതെന്ന് പറയപ്പെടുന്നു.
ദളിത് കോളനികളുടെ
നവോത്ഥാനം
കേരളത്തിലെ മറ്റ് ദളിത് കോളനികളില്‍നിന്ന് വ്യത്യസ്തമായിരുന്നു ഗോപാലപുരം കോളനി. ആത്മാഭിമാനമുള്ള, വിദ്യാഭ്യാസമുള്ള മനുഷ്യരെയാണ് കേളപ്പന്‍ സൃഷ്ടിച്ചെടുത്തത്. അത് മറ്റ് കോളനികള്‍ സന്ദര്‍ശിച്ച് അവിടെ എത്തുമ്പോള്‍ മനസ്സിലാവും. 2017-ല്‍, സഹോദരന്‍ അയ്യപ്പന്റെ മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികത്തിന്, 'പാഠഭേദ'ത്തിന്റ മുന്‍കയ്യില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഒരു സാഹോദര്യ-സ്വാഭിമാനയാത്ര നടത്തിയിരുന്നു. കേരളത്തിലെ ജാതിത്തുരുത്തുകളിലൂടെ സഞ്ചരിച്ച ആ യാത്ര മുച്ചുകുന്ന് കോളനിയിലെ ഗോപാലപുരം കോളനിയിലുമെത്തി. അവിടെ കണ്ടിട്ടുള്ള ഒരു പ്രത്യേകത ഞങ്ങള്‍ക്കു തന്ന സ്വീകരണത്തില്‍ സ്ത്രീകള്‍ തന്നെയായിരുന്നു അദ്ധ്യക്ഷത വഹിച്ചതും എന്നതാണ്. അദ്ധ്യക്ഷ രാധ എന്ന പൊതുപ്രവര്‍ത്തകയായിരുന്നു. കേളപ്പജിയോടൊപ്പം സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച സി.എച്ച്. രാമുണ്ണിയുടെ ഭാര്യയാണ് സ്വാഗതം പറഞ്ഞത്. സ്വന്തം വീട്ടില്‍നിന്ന് തന്നെ പരിപാടി നടത്താന്‍ മുന്‍കൈ എടുത്തതും അവര്‍തന്നെ. ജെ.പിയുടെ ഓര്‍മ്മയ്ക്ക് മകന് ജയപ്രകാശ് എന്നാണ് പേരിട്ടിരിക്കുന്നത്.
ഞങ്ങളുടെ കൂട്ടത്തില്‍ മൃദുലദേവിയായിരുന്നു ലീഡര്‍. വിജയരാജ് മല്ലിക (കവി), മായാപ്രമോദ് എന്ന ഗവേഷക വിദ്യാര്‍ത്ഥിയും അംഗങ്ങള്‍. ഗോപാലപുരം കോളനിയിലെ മനുഷ്യരുടെ പ്രസരിപ്പില്‍ എല്ലാവരും അത്ഭുതപ്പെട്ടു. മറ്റ് കോളനകളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ജീവിതം. അതേക്കുറിച്ച് അവര്‍ പറഞ്ഞത് കേളപ്പജിയാണ് ഞങ്ങളെ ആത്മാഭിമാനത്തിലേക്ക് ആത്മവിശ്വാസത്തോടെ എത്തിച്ചത് എന്നായിരുന്നു. സി.എച്ച്. രാവുണ്ണിയായിരുന്നു സാംസ്‌കാരിക നേതൃത്വം നല്‍കിയത്. അദ്ദേഹം ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസിലായിരുന്നു.
ഈയിടെ ഹൈവേ വികസനം കോളനിയെ ഇല്ലാതാക്കി. പതിനഞ്ചോളം കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ സ്‌കൂള്‍ അവിടെ ഉണ്ടെങ്കിലും ഹൈവേ നടുവില്‍ക്കൂടി പോകുന്നതിനാല്‍ പതുക്കെ ഇല്ലാതാവാനാണ് സാധ്യത.
നാലഞ്ചേക്കര്‍ ഭൂമിയിലാണ് കോളനിയും സ്‌കൂളും നിന്നത്. മുഴുവന്‍ കേളപ്പന്റെ കുടുംബസ്വത്തായിരുന്നു. ഇത് കൂടാതെ 35 ഏക്കറുള്ള മറ്റൊരു കുടുംബസ്വത്തും കേളപ്പന്‍ 'ഭൂദാന'ത്തില്‍ സംഭാവന ചെയ്തിട്ടുണ്ട്. 'വലിയമല'യ്ക്കായി. അതും ഒരു കോളനിയാണ്. എന്നാല്‍ ഗോപാലപുരത്തിന്റെ വളര്‍ച്ച നേടിയിട്ടില്ല.''
കേരളത്തിലെ ദളിത് കോളനികളില്‍ ഇത്തരം സാംസ്‌കാരിക നവോത്ഥാനം ഉണ്ടായിട്ടില്ല. അവ ഇന്നും മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ബ്ലെയിഡ് കമ്പനികളുടേയും പിടിയിലാണ്. സ്ത്രീകള്‍ ഏറെ ദുരിതപ്പെടുന്നുണ്ട്. 'കുടുംബശ്രീ' ആദ്യകാലങ്ങളില്‍ ചില ഉണര്‍വ്വുകള്‍ സൃഷ്ടിച്ചെടുത്തെങ്കിലും കാലാന്തരേ അവ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ വോട്ടുപോക്കറ്റുകള്‍, പൊതുപരിപാടികള്‍ക്കുള്ള കൂട്ടങ്ങള്‍ എന്നിവയായി മാറിയിട്ടുണ്ട്. 'കുടുംബശ്രീ' ഇപ്പോള്‍ വായ്പാസംഘങ്ങളുമായി. ഈ കോളനികളില്‍നിന്നാണ് ആര്‍.എസ്.എസ്സിന്റെ ദളിത് കാഡറുകള്‍ കേരളത്തില്‍ വളര്‍ന്നുവരുന്നത്. ആര്‍.എസ്.എസ്സിന്റെ ബ്രാഹ്മണിക്കല്‍ സെമിറ്റിക് 'ഹിന്ദുത്വാ'യ്ക്കുള്ള ബലിമൃഗങ്ങളാണ് ഇവരെന്ന് ഇവര്‍ക്കറിയില്ല. അംബേദ്കറിസ്റ്റുകളും ദളിത് ബുദ്ധിജീവികളും കേളപ്പന്റെ ദളിത് സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ മാതൃക പഠിച്ച് ഇവിടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കുകയാണ്.
കേളപ്പന്‍ മുന്‍കയ്യെടുത്ത് സ്ഥാപിച്ച (1963) തവന്നൂര്‍ റൂറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിംഗ് കോളേജാണ്. ഗാന്ധിയന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഒരു പരീക്ഷണശാലയായിട്ടാണ് കേളപ്പന്‍ ഇത് വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിന്റെ വികസനത്തിനുവേണ്ടതായ അടിസ്ഥാനമൂല്യങ്ങള്‍ സൃഷ്ടിക്കാവുന്ന ഒരു വിദ്യാകേന്ദ്രം. നിര്‍ഭാഗ്യവശാല്‍ നെഹ്റുവിയന്‍ വികസനത്തിന്റെ പരിപ്രേക്ഷ്യത്തിലാണ് അതിന്ന്. നാട്ടറിവുകളും ആധുനിക ശാസ്ത്രസാങ്കേതികതയും സമന്വയിപ്പിച്ച് യൂറോകേന്ദ്രീകൃതമായ ഹിംസാത്മകമായ വികസനത്തിന് ഒരു ബദല്‍ രീതിയാകാമായിരുന്ന ഒരു സ്ഥാപനത്തിന്റെ ദുര്‍ഗതി. ഒരുപക്ഷേ, ഗാന്ധിയുടെ 'ഹിന്ദുസ്വരാജ്' (1909) ശ്രദ്ധിച്ച് വായിച്ച് പഠിച്ചിരുന്നെങ്കില്‍ ബുദ്ധിമാനായ കേളപ്പന് താന്‍ സ്ഥാപിച്ച ആശ്രമവും വിദ്യാലയങ്ങളും തവന്നൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഗാന്ധിയന്‍ രചനാത്മക പദ്ധതിയുടെ സിരാകേന്ദ്രങ്ങളായി മാറ്റാന്‍ കഴിയുമായിരുന്നോ? ഈയൊരു ദിശാബോധം കേളപ്പന്റെ ജീവചരിത്രരേഖകളില്‍ കാണാന്‍ സാധിച്ചിട്ടില്ല.
ജീവിതാവസാനകാലത്ത് കേളപ്പന്‍ ഏറെക്കുറെ എല്ലാവരുടേയും ശത്രുവായിരുന്നു. കീഴാളരുടെ, കമ്യൂണിസ്റ്റുകളുടെ, കോണ്‍ഗ്രസ്സുകാരുടെ, മുസ്ലിമുകളുടെ... ഇതിന് പ്രധാന കാരണം അങ്ങാട്ടിപ്പുറം തളി ക്ഷേത്രത്തിന്റെ പുനഃനിര്‍മ്മിതിയിലും മലബാറിലെ ജീര്‍ണ്ണിച്ച ഹിന്ദുക്ഷേത്രങ്ങളുടെ പുനഃരുദ്ധാരണത്തിലും മലപ്പുറം ജില്ലയുടെ രൂപീകരണത്തിലും വിമോചനസമരത്തിലും കേളപ്പന്‍ എടുത്ത ഭിന്നമായ നിലപാടുകളാണ്
ജീവിതാവസാനകാലത്ത് കേളപ്പന്‍ ഏറെക്കുറെ എല്ലാവരുടേയും ശത്രുവായിരുന്നു. കീഴാളരുടെ, കമ്യൂണിസ്റ്റുകളുടെ, കോണ്‍ഗ്രസ്സുകാരുടെ, മുസ്ലിമുകളുടെ... ഇതിന് പ്രധാന കാരണം അങ്ങാട്ടിപ്പുറം തളി ക്ഷേത്രത്തിന്റെ പുനഃനിര്‍മ്മിതിയിലും മലബാറിലെ ജീര്‍ണ്ണിച്ച ഹിന്ദുക്ഷേത്രങ്ങളുടെ പുനഃരുദ്ധാരണത്തിലും മലപ്പുറം ജില്ലയുടെ രൂപീകരണത്തിലും വിമോചനസമരത്തിലും കേളപ്പന്‍ എടുത്ത ഭിന്നമായ നിലപാടുകളാണ്.
പൊതുവെ, ക്ഷേത്രദര്‍ശനം നടത്തുന്ന വിശ്വാസിയായിരുന്നില്ല കേളപ്പന്‍. എന്തുകൊണ്ട് കേളപ്പന്‍ ക്ഷേത്ര പുനരുദ്ധാരണത്തിന് മുന്‍കയ്യെടുത്തു? ഒരു പൊതു ഇടത്തിലേക്ക് കീഴാളരടക്കമുള്ളവരെ പ്രവേശിപ്പിച്ച് അവരുടെ ആത്മീയ ജീവിതത്തിന് ശോഭ നല്‍കാനായിരുന്നോ? ലോകത്തില്‍നിന്ന് എല്ലാ മതങ്ങളും അപ്രത്യക്ഷമാകണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ലേഖകന്‍. എങ്കില്‍ ഈ ഭൂമിയില്‍നിന്ന് ഏറെക്കുറെ എല്ലാ യുദ്ധങ്ങളും ഒരുപക്ഷേ, ഇല്ലാതായേനെ. മതത്തെ കച്ചവടമാക്കുന്ന, മതത്തെ ബോംബും എ.കെ.47-ഉം ആക്കുന്ന ഇന്നത്തെ അധികാരഭ്രാന്തിനെ അത് പ്രതിരോധിച്ചേനേ. എന്നാല്‍, സാധാരണക്കാരായ യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ആരാധനാലയങ്ങളും ദൈവങ്ങളും ജീവിത പ്രതിസന്ധികളില്‍ അഭയസ്ഥാനമാണ്. അത് നിഷേധിക്കാനാവില്ല. സാധാരണക്കാരന്റെ ഈ ആത്മീയ പ്രതിസന്ധിയായിരിക്കുമോ കേളപ്പനെ ഇതിലേക്ക് ആകര്‍ഷിച്ചത്?
കമ്യൂണിസത്തിന്റെ ഹിംസയെ അവിശ്വസിച്ച കേളപ്പന്‍ കമ്യൂണിസ്റ്റുകാരുടെ വോട്ടോടെയാണ് കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേക്ക് മത്സരിച്ച് വിജയിക്കുന്നത്. കേളപ്പന്‍ ഇതിനെ ന്യായീകരിക്കുന്നുണ്ടെങ്കിലും അധികാര രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ താല്‍ക്കാലികമായ വരവ്, ധര്‍മ്മനിഷ്ഠയുള്ള ഒരു ഗാന്ധിയന്‍ സത്യഗ്രഹിക്കു ചേര്‍ന്നതായിരുന്നില്ല.
1967-ല്‍ അധികാരത്തിലെത്തിയ ഇ.എം.എസ് മന്ത്രിസഭ മലപ്പുറം ജില്ല രൂപീകരിച്ചു. പിന്നാക്ക പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകയാല്‍ വികസനത്തിന് ജില്ല വേണമെന്ന വാദമായിരുന്നു ഇ.എം.എസ്സിന്റേത്. മതവികാരത്തെ മുന്‍നിര്‍ത്തിയുള്ള ഇ.എം.എസ്സിന്റെ നിലപാട് സങ്കുചിതമായിരുന്നു. മലപ്പുറം മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. 1947-ല്‍ മലബാറിലെ മുസ്ലിം ജനപ്രതിനിധികള്‍ ഒരു പ്രത്യേക മാപ്പിളസ്ഥാനുവേണ്ടി വാദിച്ചിരുന്ന ചരിത്രമുണ്ട്. ദേശവിരുദ്ധവും വര്‍ഗ്ഗീയ ചിന്താപ്രേരിതവുമായ നിലപാടാണിത് എന്നുള്ള എതിര്‍വാദങ്ങളുണ്ടായി. കേളപ്പന്‍ എതിര്‍പക്ഷത്തായിരുന്നു. 1971-ലെ സെന്‍സസ് അനുസരിച്ച് ജില്ലയിലെ മുസ്ലിം സമുദായ 70.23 ശതമാനമാണ്. ഇന്ത്യയുടെ ദേശീയതയെ വെല്ലുവിളിക്കുന്ന നടപടിയായിരിക്കും മലപ്പുറം ജില്ലാരൂപീകരണം എന്ന് അദ്ദേഹം ചിത്രീകരിച്ചു. കോഴിക്കോട് കളക്ടറേറ്റിനു മുമ്പാകെ നടന്ന സത്യഗ്രഹം അദ്ദേഹമാണ് ഉദ്ഘാടനം ചെയ്തത്. ''മാപ്പിളലഹളക്കാലത്ത് ഞാന്‍ മുസ്ലിം പക്ഷപാതിയാണെന്നായിരുന്നു ആക്ഷേപം. ഇപ്പോള്‍ ഹിന്ദുവര്‍ഗ്ഗീയവാദിയാണെന്നാണ് ആക്ഷേപം.'' തന്നെ ഹിന്ദു വര്‍ഗ്ഗീയവാദിയായി ചിത്രീകരിച്ചവര്‍ക്ക് മറുപടി നല്‍കി. സര്‍വ്വോദയത്തിന്റെ സര്‍വ്വസേവാസംഘ് കേളപ്പനോട് യോജിച്ചില്ല. കേരള സര്‍വ്വോദയ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെയ്ക്കാന്‍ സന്നദ്ധനായി. മലപ്പുറം ജില്ലാവിരുദ്ധ പ്രക്ഷോഭണത്തില്‍നിന്ന് കേളപ്പന്‍ പിന്തിരിയണമെന്ന് ജയപ്രകാശ് നാരായണന്‍ അദ്ധ്യക്ഷത വഹിച്ച സര്‍വ്വസേവാസംഘസമിതിയുടെ പ്രമേയം അദ്ദേഹം നിരാകരിച്ചു. മറുപടിക്കത്ത് അദ്ദേഹം ഇങ്ങനെ അവസാനിപ്പിച്ചു: ''ജയപ്രകാശ്ജിയാണ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചതെന്ന് പറയുന്നു. നമ്മുടെ രാജ്യത്തിന്റെ ഭരണകാര്യത്തില്‍ വ്യത്യസ്തമായ ഒരു ഭാഗം അദ്ദേഹം അഭിനയിച്ചു കണ്ടാല്‍ കൊള്ളാമെന്നാണ് എന്റെ ആഗ്രഹം. 'സംഭവിച്ചിരുന്നെങ്കില്‍' എന്ന വിചാരമാണല്ലോ ഏറ്റവും ഖേദകരമായിട്ടുള്ളത്. അല്ലെങ്കില്‍ അദ്ദേഹത്തെ ഉപദേശിക്കാന്‍ ഞാനാര്? നമ്മുടെ രാജ്യം ഇന്നു ദയനീയമായ ഒരവസ്ഥയിലാണ്. തെറ്റ് മനസ്സിലാക്കാന്‍ ഒരിക്കലും കൂട്ടാക്കാത്ത ശുഭാപ്തിവിശ്വാസക്കാരുണ്ട്. എല്ലാം നല്ലതിനാണെന്നവര്‍ കരുതുന്നു. ഞാന്‍ അത്തരക്കാരനല്ല'' (മന്മഥന്‍: പുറം: 350)
അടിയന്തരാവസ്ഥയില്‍ ആര്‍.എസ്.എസ്സിനേയും ജനസംഘത്തേയും കൂടെക്കൂട്ടി. 'ശുദ്ധീകരിച്ച്' അവരെ ജനതാപാര്‍ട്ടിയിലൂടെയും പിന്നീട് ബി.ജെ.പിക്ക് വഴിതുറന്നുകൊടുത്ത്, അവരെ ഇന്നത്തെ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തിയായി മാറ്റിയതില്‍ ജെ.പിക്ക് പങ്കില്ലേയെന്ന്, ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ ചോദിച്ചുപോകും. 1946-ലും 1947-ലും 1948-ലുമെല്ലാം ഗാന്ധിക്ക് ഹിന്ദുമഹാസഭയുടേയും ആര്‍.എസ്.എസ്സിന്റേയും വര്‍ഗ്ഗീയ നീക്കങ്ങള്‍, ജിന്നയുടെ മുസ്ലിംലീഗിന്റേതുപോലെത്തന്നെയെന്ന് ക്രാന്തദര്‍ശിത്വത്തോടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1909-ല്‍ ലണ്ടനില്‍ ദസറയോടനുബന്ധിച്ച് നടത്തിയ ഒരു യോഗത്തില്‍ വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ അക്രമമാര്‍ഗ്ഗത്തെ ഗാന്ധി തിരിച്ചറിഞ്ഞിരുന്നു. അന്നും ശാന്തമായ ശബ്ദത്തില്‍ തന്റെ അക്രമരഹിതമാര്‍ഗ്ഗം ഉയര്‍ത്തിപ്പിടിച്ചു. സവര്‍ക്കര്‍ക്കും കൂട്ടാളികള്‍ക്കും ഉള്ള ഗാന്ധിയുടെ മറുപടിയാണ് 'ഹിന്ദുസ്വരാജ്' എന്ന് ശക്തമായ നിരീക്ഷണമുണ്ട്. എന്തായാലും സവര്‍ക്കര്‍ ഹിന്ദുത്വയിലൂടെ ഗോഡ്സെയെന്ന തന്റെ അരുമശിഷ്യനിലൂടെ ഗാന്ധിയെ വകവരുത്താനുള്ള പശ്ചാത്തലമൊരുക്കിയതിന് ചരിത്രരേഖകള്‍ ഉണ്ട്. ഇന്ന് സര്‍വര്‍ക്കറിസവും ഗോഡ്സെയിസവും കച്ചവടമാധ്യമത്തിലൂടെ ഇന്ത്യയുടെ ജനാധിപത്യവും വൈവിധ്യവും ഹിന്ദുമുസ്ലിം സാഹോദര്യവും തകര്‍ത്തുകൊണ്ടിരിക്കുകയാണല്ലോ. ഹിന്ദുത്വ മുസ്ലിം സഹോദരനെ ശത്രുവാക്കി ഇന്ത്യയില്‍നിന്ന് ഇല്ലാതാക്കാന്‍ രഹസ്യമായി പദ്ധതിയിടുന്നു. കേരളത്തിലാകട്ടെ, മുസ്ലിമിനെ പ്രീണിപ്പിച്ച് ഇടതുപക്ഷം, തങ്ങളുടെ അഴിമതിയും സ്വജനപക്ഷപാതവും അക്രമപരമ്പരകളും നിറഞ്ഞ ഭരണം തുടരാന്‍ ഏത് ഹീനമാര്‍ഗ്ഗവും സ്വീകരിക്കുന്നു. ഇവര്‍ക്കിടയില്‍ മുസ്ലിം സഹോദരങ്ങള്‍ ഭീതിയോടെ ജീവിക്കേണ്ടിവരുന്നു. ഹിന്ദു വര്‍ഗ്ഗീയ സംഘടനകളും (ആര്‍.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദുമഹാസഭ) മുസ്ലിം വര്‍ഗ്ഗീയ സംഘടനകളും (ജമായത്ത് ഇസ്ലാമി, അന്താരാഷ്ട്ര ഇസ്ലാം ഭീകരസംഘടനകളുടെ ഇന്ത്യന്‍ രൂപങ്ങള്‍) പരസ്പരം പോരടിച്ച് വര്‍ഗ്ഗീയതയ്ക്ക് ഭീകരമുഖം സൃഷ്ടിക്കുന്നു. ഈയൊരു കാലാവസ്ഥയില്‍ കേളപ്പന്റെ മലപ്പുറം ജില്ലാരൂപീകരണത്തിനെതിരായുള്ള നിലപാട്, ഗാന്ധിയന്‍ ധാര്‍മ്മികതയില്‍ എങ്ങനെ അപഗ്രഥിക്കാം? കേരളത്തിലെ മുസ്ലിം സമുദായം ജനസംഖ്യയനുസരിച്ച് ഒരു ന്യൂനപക്ഷമല്ല, ദേശീയതലത്തിലേതുപോലെ. ഏത് കാലത്തും അവര്‍ക്ക് ഭരണത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്. അതേസമയം, 2014 മുതല്‍ അവര്‍ ഭീതിയിലാണ്. ഹിന്ദുവര്‍ഗ്ഗീയ ഫാസിസത്തിനെതിരെ, മുസ്ലിം സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത് അനിവാര്യമാണ്. അതേസമയം മലപ്പുറം ജില്ലയെ ഹിന്ദുവര്‍ഗ്ഗീയവാദികള്‍ ആരോപിക്കുന്നതുപോലെ ഒരു 'മാപ്പിളസ്ഥാനാ'യി മാറ്റുവാന്‍ മുസ്ലിങ്ങള്‍ക്കിടയിലെ മതതീവ്രവാദികളെ അനുവദിക്കുവാനും പാടില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സഹോദരങ്ങള്‍, ജമാത്ത് ഇസ്ലാമി അടക്കമുള്ള മതതീവ്രവാദ സംഘങ്ങളെ തങ്ങളുടെ മതത്തിന്റെ ആത്മീയശക്തിയാല്‍ പ്രതിരോധിക്കണം; ഇസ്ലാമിനുള്ളില്‍ നടക്കാതെ പോകുന്ന നവീകരണത്തിനും നവോത്ഥാനത്തിനും മുന്നിട്ടിറങ്ങണം.
കേളപ്പന്റെ എതിര്‍പക്ഷ വായനയെ ഞാനിങ്ങനെ ഉപസംഹരിക്കുന്നു, കേളപ്പനിലൂടെ: ''ഒരു ഹിന്ദു ശരിയായ ഹിന്ദുവാകണമെങ്കില്‍ എല്ലാറ്റിലും- തന്റെ അയല്‍ക്കാരനിലെങ്കിലും ഈശ്വരനെ കാണാന്‍ ശ്രമിക്കണം. മതപരിവര്‍ത്തനം... സമുദായങ്ങള്‍ തമ്മിലുള്ള പോരിന് ഇടവരുത്തിക്കൂടാത്തതാണ്... ഭാവി സമുദായം വിരസമായ വെറും വെളുപ്പുനിറത്തിനു പകരം എല്ലാ നിറങ്ങളും ഒത്തുചേര്‍ന്നു വിലസുന്ന അതിമനോഹരമായ ഒരു സ്ഫടികദര്‍ശനം പോലായിരിക്കണം... മതപരിവര്‍ത്തനത്തിന് അത് കൈവരുത്തുക സാധ്യമല്ല. സഹിഷ്ണുതയ്ക്കും ആത്മാവിഷ്‌കാരത്തിനും മാത്രമേ അത് സാധിക്കൂ. ഹിംസ മാഞ്ഞുമറയുന്ന ഒരു പ്രതിഭാസമാണ്. അഹിംസ ശാശ്വതമാണ്. മതമെന്നത് ഓരോരുത്തര്‍ക്കും ഈശ്വരനോടും പ്രപഞ്ചത്തോടും ഉള്ള ഭാവം എന്ന വീക്ഷണത്തോടുകൂടിയ ഒരു ലോകസാഹോദര്യമാണ് ഭാവി സമുദായ വ്യവസ്ഥിതിയായി ഞാന്‍ വിഭാവനം ചെയ്യുന്നത്. അത് ഒരാളുടെ സ്വന്തം കടമയായി കരുതണം'' (കെ.വി. കുഞ്ഞിരാമന്‍: പുറം 155: കേളപ്പജി: 2010).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates