

മാരി സെല്‍വരാജിന്റെ മൂന്നാമത്തെ സിനിമയായ 'മാമന്നന്‍' ജാതി രാഷ്ട്രീയത്തിന്റെ തിരഭാഷ്യത്തിലൂടെ ശ്രദ്ധേയമാവുകയാണ്. തമിഴ് രാഷ്ട്രീയത്തിലും ജീവിതത്തിലും ജാതിയുടെ, സമുദായത്തിന്റെ അടയാളങ്ങള്‍ കൃത്യമായി വരച്ചിടപ്പെടുന്നതാണ്. പന്നികള്‍ പറക്കുന്ന സ്വപ്നത്തിലൂടെ, അതിന്റെ സാധ്യതകളില്‍ എല്ലാം ശരിയാവുന്ന, എല്ലാവരും സമന്മാരാകുന്ന ഒരു കാലത്തെ ആഗ്രഹിക്കുന്ന ആളാണ് അതിവീരന്‍ (ഉദയനിധി സ്റ്റാലിന്‍). പൈതൃകങ്ങളുടേയും കീഴ്‌വഴക്കങ്ങളുടേയും ഭാണ്ഡത്തെ കൊണ്ടുനടക്കുകയും അതിനെ കൂടുതല്‍ സജീവപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു രത്‌നവേല്‍ (ഫഹദ് ഫാസില്‍). ആ രീതിശാസ്ത്രത്തിനൊപ്പം നിലകൊള്ളേണ്ടിവരുമ്പോഴും നിരാകരണത്തിന്റെ ഭാഷ്യമെഴുതാന്‍ ശ്രമിക്കുകയാണ് മാമന്നന്‍ (വടിവേലു). ജാതി അഹങ്കാരങ്ങളുടെ ഇടങ്ങളില്‍നിന്നും മോചനം നേടാനാഗ്രഹിക്കുന്ന ശക്തമായ ഇടപെടലുകളാണ് മാരി സെല്‍വന്റെ സിനിമകള്‍ മുന്നോട്ടുവെയ്ക്കുന്നത്.
തമിഴ്‌നാടിന്റെ സാമൂഹികരാഷ്ട്രീയസാംസ്‌കാരിക രംഗത്തെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സിനിമകള്‍ കൂടുതല്‍ ശക്തമാകുന്നതിന്റെ തെളിവായി 'മാമന്നനെ' കാണാം. സമീപവര്‍ഷങ്ങളില്‍ പ്രകടമായ നവീകരണം സംഭവിക്കുന്ന ഇടമായി തമിഴ് സിനിമാലോകം മാറുന്നതായി കാണാം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട കീഴാളജീവിതങ്ങളുടെ ആഖ്യാനങ്ങള്‍ ശക്തമാകുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണിത്. സാമുദായിക ജീവിതപരിസരങ്ങളുടെ മുന്‍കാല തിരയെഴുത്തുകളില്‍നിന്നും തീര്‍ത്തും വിഭിന്നമായ ഒരു പരിസരത്തെ അതു സൃഷ്ടിച്ചിട്ടുണ്ട്. 'മാമന്നന്‍' തീര്‍ത്തും ഒരു രാഷ്ട്രീയ സിനിമയാണ്. ബുദ്ധനും അംബേദ്കറും പെരിയോറുമെല്ലാം പലയിടങ്ങളിലായി അതു പടരുന്നുണ്ട്. സാമുദായികമായ സമവാക്യങ്ങളിലാണ് പലപ്പോഴും രാഷ്ട്രീയം എഴുതപ്പെടുന്നതെന്നും അത്തരത്തില്‍ വിജയിച്ച ഒരു നിയമസഭാംഗത്വത്തിന്റേയും അയാളുടെ മകന്റേയും ആത്മസംഘര്‍ഷാത്മകമായ ജീവിതമാണ് 'മാമന്നനി'ല്‍ വരച്ചിടുന്നത്.
മാമന്നന്റെ സിനിമാവഴികളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് തേവര്‍ മകന്‍. ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ കമല്‍ഹാസനെ വേദിയിലിരുത്തിത്തന്നെ മാരി സെല്‍വരാജ് അതിനു തുടക്കമിടുകയായിരുന്നു. 'മാമന്നന്‍' എന്ന ചിത്രത്തിനു കാരണം തേവര്‍ മകനാണെന്നു പറഞ്ഞ അദ്ദേഹം 'തേവര്‍ മകന്‍' കണ്ടപ്പോഴുണ്ടായ വേദനയും ആശയക്കുഴപ്പവും ഉണ്ടാക്കിയ സങ്കീര്‍ണ്ണത ചെറുതല്ലെന്നു തിരിച്ചറിഞ്ഞു. സിനിമ ശരിയോ തെറ്റോ എന്നറിയാതെ സ്വാധീനമായി വളര്‍ന്നു. അതിലേറ്റവും ശക്തമായി നിന്ന ചോദ്യം തന്റെ അച്ഛന്റെ സ്ഥലം എവിടെയെന്നതായിരുന്നു. ആ സിനിമയിലെ ഇസക്കി തന്നെയാണ് മാമന്നനായി മാറുന്നത്. വടിവേലു എന്ന നടന്റെ അഭിനയത്തികവ് നാം തിരിച്ചറിയുന്നതും അവിടെയാണ്.
അധികാരത്തിന്റെ രാഷ്ട്രീയം
പൈതൃകമായ അധികാരഘടനയെക്കുറിച്ചാണ് നമ്മുടെ സിനിമകള്‍ ഊറ്റം കൊണ്ടിട്ടുള്ളത്. തന്തയ്ക്ക് പിറന്ന കഥാപാത്രങ്ങളിലൂടെയാണ് അതു വികസിക്കുന്നത്. തീര്‍ത്തും യുക്തിക്കോ നീതിക്കോ നിരക്കാത്ത ഈ വീരവാദങ്ങളിലാണ് നായകരെ നാം തിരിച്ചറിഞ്ഞതെന്നതും ആരാധിച്ചതെന്നതും ഒരു പഴയ കഥയായി മാറ്റപ്പെടുകയാണ്. അധികാരം പൈതൃകമായി കിട്ടിയതാണെന്നും അതില്‍ യാതൊരു തരിമ്പും മാറ്റാതെ അടുത്ത തലമുറയ്ക്ക് കൈമാറി നല്‍കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം പുലര്‍ത്തുന്ന രത്‌നവേലുകളാണ് ആ നായകരൊക്കെയെന്നും തിരിച്ചറിയുകയാണിവിടെ. അധികാരം പിടിച്ചുനിര്‍ത്താനുള്ള തന്ത്രങ്ങളില്‍ മാനവികതയെ യാതൊരു വിധത്തിലും പരിഗണിക്കേണ്ടതില്ലെന്ന ബോധ്യത്തിലാണ് അവര്‍ വളര്‍ന്നത്. അതിനായുള്ള രത്‌നവേലിന്റെ തന്ത്രങ്ങളില്‍ രാഷ്ട്രീയാധികാരം അയാള്‍ നേടുന്നുവെങ്കിലും സാമുദായികമായ മാറ്റത്തിന്റെ കൊടുങ്കാറ്റിനെ തിരിച്ചറിയാതെ പോകുന്നുണ്ട്. കൊലകളിലേക്കുവരെ നീളുന്ന രാഷ്ട്രീയ മത്സരങ്ങളില്‍ തിളച്ചുയരുന്നത് സാമുദായിക വിഷയങ്ങളാണെന്ന് നമുക്കു കാണാനാവും. തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളും അതിനുശേഷമുണ്ടാകുന്ന സംഭവവികാസങ്ങളുമെല്ലാം ഇതിന്റെ തെളിവായി ഉയര്‍ത്തപ്പെടുന്നുണ്ട്.
പത്തുവര്‍ഷത്തോളമായി എം.എല്‍.എയായിരിക്കുന്ന മാമന്നന്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് വളര്‍ന്നുവന്നത്. പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകനായി, എം.എല്‍.എയായി മാറിയ അയാള്‍ പന്നിവളര്‍ത്തലും അത്തരത്തിലുള്ള ജീവിതവഴികളിലൂടെയുമാണ് കയറിവരുന്നത്. പല സംഘര്‍ഷങ്ങളും സംഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. അവയില്‍ പലതും അത്രമേല്‍ നിസ്സഹായമായ അവസ്ഥകളില്‍നിന്നുകൊണ്ട് അദ്ദേഹത്തിന് അവയെ കാണേണ്ടിയും വന്നിട്ടുണ്ട്. ക്ഷേത്രക്കുളത്തില്‍ കുളിച്ചതിനു സമുദായം കല്ലെറിഞ്ഞുകൊന്ന മൂന്നു കുട്ടികളുടെ വിറയാര്‍ന്ന ദേഹം അദ്ദേഹത്തിനു മുന്നിലെത്തുന്നുണ്ട്. ആ സംഭവത്തില്‍ മരണപ്പെടാതെ രക്ഷപ്പെട്ട മകന്റെ ശരീരത്തെ അയാള്‍ ചേര്‍ത്തുപിടിക്കുന്നുണ്ട്. എന്നാല്‍, മകന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ അയാള്‍ ചൂഴ്ന്നുപോകുന്നുമുണ്ട്. പതിനഞ്ച് വര്‍ഷങ്ങളുടെ നിശ്ശബ്ദമായ സാമീപ്യമാണ് അവര്‍ക്കിടയില്‍ പിന്നീടുണ്ടായത്. മകന്റെ ആഗ്രഹങ്ങളെയൊന്നും ചോദ്യം ചെയ്യാതെ അയാള്‍ തന്റെ നിലപാടുകളെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
സമരപൂര്‍ണ്ണം യൗവ്വനം
പുതിയകാലം കൂടുതല്‍ ഗൗരവതരമായ വിഷയങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ജീവിതം മനുഷ്യര്‍ക്കാകെ ലഭ്യമാക്കുന്നതിനായുള്ള സാധ്യതകള്‍ തുറന്നിടുന്ന ഒരു കാലഘട്ടത്തില്‍തന്നെയാണ് അസമത്വത്തിന്റെ രൂപങ്ങളെ അധികാരം ശക്തമായ ഓര്‍മ്മപ്പെടുത്തലായി കൂടെ ചേര്‍ക്കുന്നത്. അതിനെ മാറ്റിയെഴുതാനുള്ള ആശയതലത്തിലാണ് അതിവീരനെ സൃഷ്ടിച്ചിരിക്കുന്നത്. കീഴ്‌വഴക്കങ്ങളിലും ആചാരങ്ങളിലും അഭിരമിക്കുന്ന ചിന്തകളോടുള്ള അയാളുടെ സമരം തുടക്കത്തില്‍തന്നെ പ്രഖ്യാപിക്കുന്നുണ്ട്. ശാരീരിക പരിശീലനത്തില്‍ അയാള്‍ തന്റെ ശിഷ്യര്‍ക്കു നല്‍കുന്ന ഉപദേശം സമഭാവനയുടേതാണ്. തനിക്കുമേല്‍ പതിച്ച അനീതിയുടെ അനുഭവപരിസരങ്ങളിലൂടെയാണ് അയാള്‍ തന്റെ ജീവിതത്തെ വളര്‍ത്തിയെടുത്തത്. ജാതിയുടെ, വര്‍ണ്ണത്തിന്റെ അവസ്ഥകളില്‍ തന്നെ അഭയം കണ്ടെത്താന്‍ ശ്രമിക്കുന്ന തലമുറയ്ക്ക് അയാള്‍ തന്റെ ആശയത്തെ ധീരതയോടെ ഉയര്‍ത്തിപ്പിടിക്കുന്നു. പന്നികള്‍ പറക്കുന്ന കാലത്തില്‍ എല്ലാം ശരിയാവുന്ന ഒരു ലോകത്തെ സ്വപ്നം കാണുന്ന അയാള്‍ക്കു ചുറ്റും യൗവ്വനം തിരയായി ഉയരുന്നു. യൗവ്വനത്തിന്റെ ആ തിരയിളക്കത്തെ നിഷേധിക്കാനാവാത്ത സമൂഹം പരുവപ്പെടുന്നതാണ് സിനിമ മുന്നോട്ടു വെയ്ക്കുന്നത്.
ജാതിയുടെ രാഷ്ട്രീയം തമിഴ്‌നാട്ടില്‍ എത്രമാത്രം സജീവമാണെന്ന് പരിയേറും പെരുമാളിലും കര്‍ണ്ണനിലും പറഞ്ഞതുപോലെതന്നെ മാമന്നനിലും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. തിരുനെല്‍വേലി പ്രദേശങ്ങളില്‍നിന്ന് കീഴാള ജീവിതത്തിന്റേയും ജാതീയ യാഥാര്‍ത്ഥ്യങ്ങളേയും സൂക്ഷ്മമായി ഗ്രാമീണ പരിസരങ്ങളിലൂടെ അവതരിപ്പിക്കുകയാണ് 2018ല്‍ ഇറങ്ങിയ 'പരിയേറും പെരുമാള്‍' എന്ന ആദ്യ സിനിമയിലൂടെ മാരി സെല്‍വരാജ് നിര്‍വ്വഹിക്കുന്നത്. 'കര്‍ണ്ണന്‍' (2021) തെക്കന്‍ തമിഴ്‌നാടിന്റെ ഭൂപ്രകൃതിയിലൂടെ ജാതീയമായ സംഭവങ്ങളെ കൂടുതല്‍ ശക്തമായി അവതരിപ്പിക്കുന്നതാണ്. അവിശ്വസനീയമായ സംഭവവികാസങ്ങളിലൂടെ നീങ്ങുന്ന കഥാപരിസരമാണ് 'കര്‍ണ്ണനി'ല്‍ നാമറിയുന്നത്. അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളെ കൂടുതല്‍ ഒതുക്കിനിര്‍ത്തുന്നതാണ് ആ സിനിമ കാണിച്ചുതന്നതെങ്കില്‍ അതിന്റെ രാഷ്ട്രീയമെന്താണെന്നു പറയുകയാണ് 'മാമന്നന്‍.' പേരില്‍പോലും നികൃഷ്ടത തോന്നേണ്ട അപരിഷ്‌കൃത കൂട്ടമാക്കി നിലനിര്‍ത്തുകയും നീതിയെന്നത് കടലാസ് സ്വപ്നമാക്കി മാത്രം അവശേഷിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ സാമുദായിക മര്യാദകളിലും ആചാരബന്ധങ്ങളിലും ചേര്‍ത്തുനിര്‍ത്തി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ വര്‍ത്തമാനകാലത്തില്‍ സജീവമാകുന്നുണ്ട്. അത്തരം രീതികള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ മാത്രമല്ല, പരിഷ്‌കൃത സമൂഹത്തിന്റെ മാനവികതയെന്ന ആശയത്തെത്തന്നെ വെല്ലുവിളിക്കുന്നതാണ്.
അധികാരമുറപ്പിക്കാനായി രത്‌നവേല്‍ കാണിക്കുന്ന തന്ത്രം പ്രാകൃതമായ രീതികളാണ്. സംവരണ മണ്ഡലങ്ങളില്‍നിന്നുള്ള ജനപ്രതിനിധികളെ അടിമകളാക്കി കൂടെ നിര്‍ത്തുകയെന്ന നയം. അദ്ദേഹത്തിന്റെ രാഷ്ട്രീയ നേതൃത്വം അതിനെ എതിര്‍ക്കുന്നുണ്ട്. അതിനോടുള്ള രത്‌നവേലിന്റെ മറുപടിയാണ് ഈ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായി വളര്‍ന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തിന്റെ നയമെന്തുമായി കൊള്ളട്ടെ, തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ക്കനുകൂലമല്ലെങ്കില്‍ ആ രാഷ്ട്രീയ പാര്‍ട്ടിയെ തള്ളി മറ്റൊന്നിലേക്ക് എളുപ്പത്തില്‍ നടന്നുകയറാനാവും. അത് അയാള്‍ പറയുക മാത്രമല്ല, പാര്‍ട്ടി മാറി അയാള്‍ എതിര്‍പാര്‍ട്ടിയില്‍ കയറുന്നു. 'മാമന്നന്‍' മാത്രമാണ് അയാള്‍ക്ക് എതിരാളി. അല്ലെങ്കില്‍ 'മാമന്നന്‍' ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയബോധ്യം. സമുദായത്തിന്റെ പിന്തുണയോടെ രാഷ്ട്രീയത്തെ ജാതീയമായ വികാരമാക്കി വളര്‍ത്തുകയാണ്. അക്രമം, പ്രതികാരം, ജാതി, അധികാരം. ദളിത് രാഷ്ട്രീയത്തിന്റെ ശക്തമായ വേരുകള്‍ കണ്ടെത്തുന്നത് അവിടെയാണ്. വെറുപ്പ് ഒരു രാഷ്ട്രീയ വിഷയമാക്കി മാറ്റുന്നതിന്റെ രൂപമാണ് കാണാനാവുന്നത്. അവിടെ പ്രതിരോധം തീര്‍ക്കുന്നത് യുവതയുടെ കരുത്തിലാണ്. യുവതയുടെ കരുത്തില്‍ ജനാധിപത്യപരമായ രാഷ്ട്രീയത്തെ കൂടുതല്‍ ഉറക്കെ സംസാരിക്കേണ്ട ആവശ്യകതയിലേക്കാണത് വിരല്‍ചൂണ്ടുന്നത്.
ജീവിതം പോര്‍ക്കളമാവുമ്പോള്‍
തുടക്കം മുതല്‍ മനോഹരമായ ഫ്രെയിമുകളിലൂടെയാണ് മാമന്നന്റെ കഥ അവതരിപ്പിക്കപ്പെടുന്നത്. രണ്ട് ഇന്റര്‍കട്ടിംഗ് സീക്വന്‍സുകളിലൂടെ തുടക്കത്തില്‍തന്നെ സിനിമയുടെ പ്രമേയത്തിനെ അവതരിപ്പിക്കുന്നുണ്ട്. നിറങ്ങള്‍ പടരുന്ന വര്‍ത്തമാനകാല ജീവിതത്തില്‍നിന്നും കറുപ്പും വെളുപ്പും നിറയുന്ന ഭൂതകാലത്തിലേക്കുള്ള സഞ്ചാരങ്ങള്‍ അതിന്റെ ആസ്വാദനത്തെ കൂടുതല്‍ മികവുറ്റതാക്കുന്നുണ്ട്. കറുപ്പും വെളുപ്പും നിറയുന്ന ഭൂതകാല അനുഭവങ്ങളില്‍നിന്നും വിഭിന്നമായ ഒന്നല്ല നിറങ്ങളാല്‍ തെളിയുന്ന വര്‍ത്തമാനകാലമെന്ന ബോധ്യവും ആ അവതരണത്തെ കൂടുതല്‍ പ്രിയമുള്ളതാക്കുന്നു.
കാലത്തിന്റെ അനുഭവലോകത്തില്‍ നിന്നും സംസാരിക്കുന്ന ഒരാളാണ് മാമന്നന്‍. ആ കഥാപാത്രത്തെ വടിവേലു അവതരിപ്പിക്കുമ്പോള്‍ അതിന്റെ തീവ്രത പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. മാമന്നന്‍ മന്നനാവുന്നതും അതിന്റെ ജാതീയമായ ഉള്ളടക്കങ്ങളെ അറിഞ്ഞും കൂസാതെ മുന്നേറിയും ഒരു ഘട്ടത്തില്‍ തന്റെ ധീരമായ നിലപാടുകളിലൂടെ തനിക്കു ചുറ്റും മാനവികതയുടെ ഒരു കൂട്ടത്തെ സൃഷ്ടിച്ചെടുക്കുകയുമാണ് അയാള്‍. വെറുപ്പിന്റെ ഭാഷയല്ല, സ്‌നേഹത്തിന്റെ ഭാഷ സംസാരിക്കാനുള്ള കരുത്താണ് അയാളുടേത്. രത്‌നവേലിനു നേരെ തോക്ക് ചൂണ്ടി അയാള്‍ സംസാരിക്കുമ്പോള്‍ പ്രകടിപ്പിക്കുന്ന മിതത്വത്തിന്റെ, സഹാനുഭൂതിയുടെ തിളക്കം ആ കണ്ണുകളില്‍ കാണാം.
രാഷ്ട്രീയമായ വലിയ പ്രസ്താവനയാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നത്. സംവരണം ഔദാര്യമല്ലെന്നും രാഷ്ട്രീയമായ അവകാശമാണെന്നുള്ള ശക്തമായ ശബ്ദമാണത്. തമിഴ്‌നാട്ടിലെ നിയമസഭയിലെ 234 അംഗങ്ങളില്‍ 44 പേര്‍ പട്ടികജാതിവിഭാഗങ്ങളില്‍നിന്നുള്ളവരും രണ്ടു പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍നിന്നുള്ളവരുമാണ്. ലോക്‌സഭയിലേക്കുള്ള തമിഴ്‌നാട്ടില്‍നിന്നുള്ള പ്രതിനിധികളില്‍ 38ല്‍ ഏഴു പേര്‍ പട്ടികജാതി സംവരണമാണ്. ലോക്‌സഭയിലെ 543 ജനപ്രതിനിധികളില്‍ 84 പേര്‍ പട്ടികജാതി സംവരണത്തിലും 47 പേര്‍ പട്ടികവര്‍ഗ്ഗ സംവരണത്തിലുമാണ്. ഇന്ത്യയില്‍ നിയമനിര്‍മ്മാണസഭകളില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തയയ്ക്കുന്ന 4011 അംഗങ്ങളില്‍ 1143 പേരാണ് പട്ടികജാതി/വര്‍ഗ്ഗ സംവരണത്തിലൂടെ എത്തുന്നത്. സംവരണതത്തങ്ങളുടെ ചിന്താഗതികള്‍ക്കപ്പുറം ഈ പ്രാതിനിധ്യങ്ങളുടെ യഥാര്‍ത്ഥ സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. സമീപഭാവിയില്‍ സംവരണം ഒരു ചോദ്യമായി ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് മാമന്നന്‍ അതിന്റെ ചരിത്രപരമായ പ്രാധാന്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്. അടിമപ്പെടുന്നവനെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് ജാതി, സമുദായം, വര്‍ണ്ണം ഒരു വലിയ പ്രശ്‌നവും മനുഷ്യന്റെ ജീവിത പ്രയാസങ്ങള്‍ തെല്ലും വിലയില്ലാതാവുകയും ചെയ്യുന്ന കാലത്ത് പ്രതീക്ഷകളോടെയാണ് ഈ സിനിമ കണ്ടിറങ്ങാനാവുക. ഏതു പ്രതിസന്ധികളും ഉണ്ടാകും. എത്രതന്നെ, മരണം തന്നെ എതിരില്‍ വന്നാലും കുതിക്കുകതന്നെ ചെയ്യും. പന്നികള്‍ പറക്കുന്ന കാലം സ്വപ്നം കാണുന്ന യുവത.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates