എംടിയെപ്പോലെ മറ്റൊരാളില്ല

എംടിയെപ്പോലെ മറ്റൊരാളില്ല
Updated on
2 min read

താനും മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തി വിളിച്ചു: ''അഖിലാ, എം.ടിയെ ഒരിക്കല്‍ പോയിക്കാണണം, അദ്ദേഹമൊക്കെ വല്ലപ്പോഴുമൊരിക്കല്‍ സംഭവിക്കുന്ന പ്രതിഭാസമാണ്.'' എനിക്കു സങ്കടം വന്നു. ഒരിക്കല്‍ ഒരാള്‍ക്കൂട്ടത്തിന്റെ മറ്റേയറ്റത്ത് അദ്ദേഹമുണ്ടെന്നറിഞ്ഞിട്ടും, ഒപ്പമുണ്ടായിരുന്ന പലരും പരിചയപ്പെടാന്‍ വെമ്പല്‍പൂണ്ടു പോയിട്ടും മാറിനിന്നതോര്‍മ്മ വന്നു. ചിലയിഷ്ടങ്ങളില്‍ ബഹുമാനത്തിന്റെ തോത് കൂടിനില്‍ക്കുമ്പോള്‍ ഇങ്ങനെ സംഭവിച്ചേക്കുമെന്ന് സ്വയം സമാധാനിപ്പിക്കുകയാണ്. ആ അക്ഷരങ്ങളെ ഒപ്പം കൂട്ടുകയല്ലാതെ നേരില്‍ കാണാനോ പരിചയപ്പെടാനോ ഒരിക്കലും ശ്രമിച്ചില്ല.

ഇപ്പോള്‍ എം.ടിയെക്കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോഴും പരിഭ്രമം തോന്നുന്നു. എന്താണെഴുതുക! എവിടെനിന്നാണ് തുടങ്ങുക! മാണിക്യക്കല്ലിന്റെ തിളക്കത്തിലാണോ അതോ ലീലയുടെ റബ്ബര്‍ മൂങ്ങയിലാണോ ആ അക്ഷരബന്ധത്തിന്റെ തുടക്കം! അതെന്തുതന്നെയായാലും ആദ്യവായനയില്‍ത്തന്നെ ഒരിക്കലും ഒളിമങ്ങുകയോ പോറലേല്‍ക്കുകയോ ചെയ്യാത്ത ഒരാത്മബന്ധം ആ വലിയ എഴുത്തുകാരനോട് എനിക്കനുഭവപ്പെട്ടുവെന്നത് ഉറപ്പാണ്.

പണ്ട് മാജിക് മാലുവും മായാവിയുടേയുമൊക്കെ വരുന്നതും കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടേക്കാണ് രാജകുമാരനും മന്ത്രികുമാരനും കുതിരച്ചാണകത്തില്‍ ഒളിപ്പിച്ചു വെച്ച മാണിക്യക്കല്ലും വരുന്നത്. പിന്നീടൊരിക്കല്‍ വായിച്ച, അടിഭാഗത്ത് കുറ്റി അമര്‍ത്തിയാല്‍ വയര്‍ തുറക്കുന്ന റബ്ബര്‍ മൂങ്ങയെ എന്തൊരിഷ്ടമായെന്നോ! വയറിനകത്ത് പതുപതുപ്പുള്ള ഒരു കൊച്ചു കുഷ്യന്റെ മുകളില്‍ കടുംനീല നിറത്തിലുള്ള ഒരു ചെറിയ കുപ്പി. അടപ്പുതുറന്നാല്‍ അരിമുല്ലപ്പൂക്കളുടെ മണം പൊന്തുന്ന...

സ്‌കൂള്‍ ലൈബ്രറിയില്‍ തൊട്ടടുത്തിരുന്ന ചേച്ചി അടക്കം പറഞ്ഞു: ''ശരിക്കും ആ കുട്ടീടെ അച്ഛന്റെ മോളാണത്.'' ആ സമസ്യ ഞാനെങ്ങനെ അഴിച്ചെടുത്തോ ആവോ! എന്റെ മനസ്സില്‍ അന്ന്, ആ വായനയില്‍, ആ മൂങ്ങയും അതിന്റെ സ്ഫടികക്കണ്ണുകളുടെ തിളക്കവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിന്നെയും എത്രയോ കഴിഞ്ഞാണ് വായനയുടെ രസതന്ത്രം ഉരുത്തിരിഞ്ഞു വന്നത്; എഴുത്തിന്റേയും. തിരിഞ്ഞുനോക്കുമ്പോള്‍ കാണാം ആ യാത്രയില്‍ കൈപിടിച്ച് നടത്തിയ എഴുത്തുകാരുടെ മുഖങ്ങള്‍. എങ്ങനെ വായിക്കണമെന്നും എന്തൊക്കെ ഇഷ്ടപ്പെടണമെന്നും എന്തിനെയൊക്കെ മനസ്സില്‍ സൂക്ഷിക്കണമെന്നും പറഞ്ഞുതന്നവര്‍. പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കാത്ത മാനസിക സംഘര്‍ഷങ്ങള്‍ എഴുത്തിലുടനീളം അനുഭവിപ്പിക്കുക എന്നത് ഒട്ടും എളുപ്പമുള്ള സംഗതിയല്ല. സ്വാഭാവികമായ അഭിനയശൈലി എന്നതുപോലെ സ്വാഭാവിക എഴുത്തുശൈലി ജന്മനാ കിട്ടിയവര്‍ക്കു മാത്രം സാധിക്കുന്ന ഒന്നാണത്. എം.ടിയെ വായിക്കുമ്പോഴൊക്കെ ലളിതമായ എന്നാല്‍, ഗഹനമായ ആ വരികള്‍ക്കിടയിലൂടെ, മനുഷ്യമനസ്സിന്റേയും ബന്ധങ്ങളുടേയും കടപ്പാടുകളുടേയും നിസ്സഹായതയുടേയും സ്വാര്‍ത്ഥതയുടേയുമൊക്കെ തരികള്‍ എന്നെ വന്നു തൊടുകയും വിസ്മയത്തിലാഴ്ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ലീലയേയും കുട്ട്യേടത്തിയേയും സങ്കല്പിച്ചുണ്ടാക്കി സഹതപിക്കുകയും സങ്കടപ്പെടുകയും ചെയ്തിട്ടുണ്ട്. ഷെര്‍ലെക്കെന്ന അസ്വസ്ഥനായ എന്നാല്‍, ജാഗരൂകനായ പൂച്ചയുടെ സംശയനോട്ടം വരച്ചുനോക്കിയിട്ടുണ്ട്. നാലുകെട്ടില്‍ സാമൂഹിക അന്തര്‍ധാരകള്‍ കണ്ട് അമ്പരന്നിട്ടുണ്ട്. രണ്ടാമൂഴക്കാരനെയോര്‍ത്ത് പിടഞ്ഞിട്ടുണ്ട്. ഹിഡുംബിയുടേയും ഘടോല്‍ക്കചന്റേയും ധീരതയിലും ആത്മാഭിമാനത്തിലും ശിരസ്സുയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. സേതു സേതുവിനെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളൂവെന്ന് സുമിത്രയ്ക്ക് മുന്‍പേ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. വടക്കന്‍ വീരഗാഥയും താഴ്വാരവും സദയവും വീണ്ടും വീണ്ടും കണ്ട് ഭാവനയും ജീവിതവും ഇടകലര്‍ന്ന കഥകള്‍ കവിതപോലുള്ള സംഭാഷണങ്ങള്‍ക്കൊപ്പം ഒഴുകുന്നതു കണ്ട് വിസ്മയിച്ചിട്ടുണ്ട്.

എം.ടിയെപ്പോലെ മറ്റൊരാളില്ല.

നാലുകെട്ട് പൊളിച്ച്, കാറ്റും വെളിച്ചവുമൊക്കെ കയറുന്ന ഒരു ചെറിയ വീട് പണിയണം എന്ന് അപ്പുണ്ണി പറയുമ്പോള്‍, അവിടെ പൊളിച്ചുകളയേണ്ടത് കേവലമൊരു വീടിനെയല്ല, നിലനിന്നു പോന്ന ജീര്‍ണ്ണത മുറ്റിയ വ്യവസ്ഥിതികളെയാണെന്നു പറയാതെ പറയുന്ന ഒരു ചിരി ചിരിക്കുന്നുണ്ട് അപ്പുണ്ണി. ഞാന്‍ കണ്ടുവളര്‍ന്ന പല മുഖങ്ങളിലേക്കും അന്ന് അപ്പുണ്ണിയുടെ ചിരി ഒട്ടിച്ചുചേര്‍ക്കാന്‍ വ്യഥാ ശ്രമിച്ചിരുന്നതോര്‍ക്കുന്നു. ഞാനുള്‍പ്പെടെ പലര്‍ക്കും അപ്പുണ്ണിയുടെ പല ഭാവങ്ങളും അവസ്ഥകളുമുണ്ടായിരുന്നു. എന്നാല്‍, ആ ചിരി അത്ര എളുപ്പമുള്ള സംഗതിയല്ല. അതെഴുതുന്ന കാലത്ത് ഒട്ടുമായിരുന്നിരിക്കില്ല. എം.ടി. എന്ന പുരോഗമനാശയക്കാരന്‍ എല്ലാ ജീര്‍ണ്ണതകളും അള്ളിപ്പിടിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ എഴുതിയ ആ കൃതി ഇന്നും ഏറ്റവുമധികം വായനക്കാരുമായി മുന്നോട്ടുപോകുന്നതില്‍ ഒട്ടും തന്നെ അതിശയമില്ല. അസാമാന്യ വ്യക്തിത്വമുള്ള എന്നാല്‍, അധികമാരും ശ്രദ്ധിക്കാതെ പോകുന്ന കഥാപാത്രങ്ങളെ വായനക്കാരുടെ ഹൃദയത്തില്‍ കുടഞ്ഞിടുന്നുണ്ട് മിക്ക രചനകളിലും, പ്രത്യേകിച്ച് രണ്ടാമൂഴത്തില്‍. മഹാഭാരതത്തിലെ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ഭീമനാണെന്ന് വായനക്കാരെ പറയിപ്പിക്കാന്‍ മാത്രം വൈഭവത്തിലാണ് രണ്ടാമൂഴത്തിന്റെ രചന. ഹിഡുംബിയേയും ഖാണ്ഡവവന നിവാസികളേയുമൊക്കെക്കുറിച്ചുള്ള പരാമര്‍ശത്തില്‍നിന്നറിയാം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പമുള്ള എഴുത്തുകാരന്റെ അടിയുറച്ച നില്‍പ്പ്.

''ഒരു വികാരം, ഒരു ഭാവം, ഒരു ചലനം, ഉള്ളില്‍ത്തട്ടുന്ന ചിത്രം ഇതൊക്കെയാണ് ഒരു കഥകൊണ്ട് എളുപ്പം സാധിക്കുന്നത്. നുരകളും പതകളും വര്‍ണ്ണങ്ങളും ചുഴികളുമുള്ള ഒരു മഹാപ്രവാഹത്തിലേക്കു വീഴുന്ന ഒരു പ്രകാശകിരണത്തില്‍ ഒരു നിമിഷം തെളിയുന്നതേ കഥയില്‍ ഒതുക്കിനിര്‍ത്താവൂ'' എന്ന് എം.ടി പറഞ്ഞതിനെയാണ് കഥയെഴുത്തില്‍ ഗുരുവചനമായി ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നത്. പ്രിയപ്പെട്ട നോട്ടുപുസ്തകത്തിന്റെ ആദ്യ താളുകളിലൊന്നില്‍ ഈ വരികളുണ്ട്. ഇടയ്ക്കത് കണ്ണില്‍പ്പെടുമ്പോഴൊക്കെ സ്‌നേഹം കലര്‍ന്ന ഭയം തോന്നും. ഞാനത് തെറ്റിക്കാന്‍ പാടില്ല എന്നാവര്‍ത്തിച്ചുറപ്പിക്കും.

ഈ കുറിപ്പെഴുതുന്ന നേരംകെട്ട നേരത്ത് വിമല എന്റെ മേശപ്പുറത്തുണ്ട്. നിറം മങ്ങിയ കമ്പിക്കാലിനപ്പുറത്ത് കല്‍പ്പടവില്‍ മൂടിക്കെട്ടിയ ആകാശം വീണുറങ്ങുന്ന തണുത്ത തടാകത്തില്‍ നോക്കിക്കൊണ്ട് അവള്‍ നില്‍ക്കുന്നു. ഞങ്ങള്‍ വായനക്കാരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com