എനിക്ക് നല്ല ഓര്‍മ്മയുണ്ട്. 2016 ജൂലൈ 22 ചൊവ്വാഴ്ചയായിരുന്നു അത്. ഭാര്യയെ രണ്ടാമത്തെ പ്രസവത്തിന്, ബ്ലാത്തൂരിലുള്ള അവളുടെ വീട്ടില്‍ കൊണ്ടുപോയി വിട്ട്, പിറ്റേന്ന് തിരിച്ചുവരാനിരുന്നതാണ്. ഉച്ചയാകുമ്പോഴേക്കും ഗോപിയുടെ മരണവാര്‍ത്ത അറിഞ്ഞു. ആത്മഹത്യയായിരുന്നുവത്രേ. കര്‍ക്കിടകത്തിലെ മഴയും കാറ്റും പിശറും കാരണം, ചിത കത്തിത്തീരാന്‍ ഒരുപാട് സമയമെടുത്തു. അവന്റെ അമ്മ നാണിയേച്ചിയെ മുഖം കാണിച്ച് വാടകവീട്ടിലേയ്ക്ക് തിരിച്ചുവരാനിരുന്നതാണ്. പക്ഷേ, നാണിയേച്ചി എന്നെ കണ്ടതും എന്റെ കാലുകള്‍ രണ്ടും കൂട്ടിപ്പിടിച്ച് നിലത്ത് കുന്തിച്ചിരുന്ന് നിലവിളിക്കാന്‍ തുടങ്ങി. ഞാന്‍ എന്തു ചെയ്യണമെന്ന് അറിയാതെ തൊണ്ടയില്‍ ഗദ്ഗദത്തിന്റെ മഞ്ഞുകട്ടയുമായി നിസ്സഹായനായി നിന്നു.
ഒന്നാം ക്ലാസ്സുമുതല്‍ പത്തുവരെ ഒരേ ബഞ്ചിലിരുന്ന് പഠിച്ചവരായിരുന്നു ഞങ്ങള്‍. ഞങ്ങളുടെ ഗാഢസൗഹൃദത്തെക്കുറിച്ച് അറിയാത്തവരായി ഈ നാട്ടില്‍ ആരുമില്ല. കല്ലുവെട്ടു തൊഴിലാളിയായിരുന്ന അവന്റെ അച്ഛന്‍-കുമാരേട്ടന്‍-ഒരു മഴക്കാലത്ത് നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്ന കപ്പണക്കുഴിയിലെ ചെമന്ന വെള്ളത്തില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തി. പൊതുവഴിയില്‍നിന്ന് വളരെ അകലെയുള്ള കപ്പണയിലേക്ക് രാത്രി അയാള്‍ എന്തിനു പോയി എന്ന് ആര്‍ക്കുമറിയില്ല. പൊലീസെത്തി പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശവസംസ്‌കാരം നടത്തിയെങ്കിലും കുമാരേട്ടന്റെ മരണം നാട്ടുകാര്‍ക്കിടയില്‍ ഇന്നും ഒരു കടംകഥയാണ്. (ഇന്ന്, ഈ പ്രായത്തില്‍ ആലോചിച്ചു നോക്കുമ്പോള്‍, കുമാരേട്ടനും ആര്‍ക്കും ഉത്തരം കിട്ടാത്ത ഒരു കടംകഥയായിരുന്നു എന്ന് തോന്നിപ്പോകും. ആരോടും ഒന്നിനോടും ആഭിമുഖ്യം കാണിക്കാത്ത പ്രകൃതവും വഴി നടക്കുമ്പോള്‍ ആംഗ്യവിക്ഷേപങ്ങളോടെ സ്വയം സംസാരിക്കുന്ന ശീലവും മരണവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം ഓര്‍മ്മയിലെത്തിക്കുന്നു. ഈ ജനിതക പാരമ്പര്യത്തിന്റെ സാന്നിദ്ധ്യം ഗോപിയിലും ഉണ്ടായിരുന്നിരിക്കണം.)
അതില്‍ പിന്നീട്, നാണിയേച്ചി വലിയ വീടുകളില്‍ പുറംപണി ചെയ്തും രണ്ട് പശുക്കളെ വളര്‍ത്തി അവയുടെ പാല്‍ വിറ്റുമാണ് ഗോപിയെ വളര്‍ത്തിയത്. എന്നെ കെട്ടിപ്പിടിച്ചു കരയുന്നതിനിടെ അവരുടെ സംസാരം മുഴുവനും ചെറുപ്പകാലത്ത് ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തെക്കുറിച്ചായിരുന്നു. അല്പമൊരശ്ലീലച്ചുവയോടെ സ്‌കൂളിലെ സഹപാഠികള്‍ ഞങ്ങളെ 'ഇണക്കുരുവികള്‍' എന്ന് അപഹസിക്കുമായിരുന്നു. രണ്ട് ആണ്‍കുട്ടികള്‍ക്കിടയില്‍ അത്തരമൊരു സൗഹൃദം വളരെ അപൂര്‍വ്വമായേ ഉണ്ടാകാറുള്ളൂ. രാവിലെ സ്‌കൂളില്‍ പോകുമ്പോഴും വൈകുന്നേരം തിരിച്ചുവരുമ്പോഴും പരസ്പരം തോളില്‍ കയ്യിട്ട് തുരുതുരെ സംസാരിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ നടത്തം. വൈകുന്നേരം വീണ്ടും ഞാന്‍ ഗോപിയുടെ വീട്ടില്‍ പോകും. രാത്രി വൈകുംവരെ അവിടെത്തന്നെയായിരുന്നു ഞാന്‍. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട്, മുത്തശ്ശിയുടേയും നാല് അമ്മാവന്മാരുടേയും അവരുടെ കുട്ടികളുടേയും കൂടെ ജീവിച്ചുപോന്ന ഞാന്‍, ആ വലിയ തറവാട്ടുവീട്ടില്‍, ആരുടേയും ശ്രദ്ധയില്‍പ്പെടാതെ ഏകാകിയായി വളര്‍ന്നു.
ദിവസത്തില്‍ രണ്ടുതവണയെങ്കിലും ഞാന്‍ ഭക്ഷണം കഴിച്ചിരുന്നത് ഗോപിയുടെ വീട്ടില്‍ വെച്ചായിരുന്നു. നാണിയേച്ചിക്ക് അവരുടെ മകനേക്കാള്‍ സ്‌നേഹവും വിശ്വാസവും എന്നെയായിരുന്നു. അവനൊരാള്‍ ഇങ്ങനെ സ്വപ്നം കണ്ട് നടന്നാല്‍, ഈ വീടിന്റെ ഗതിയെന്താകും എന്ന് പലപ്പോഴും ഗോപിയെ ഓര്‍ത്ത് അവര്‍ നെടുവീര്‍പ്പിട്ടു. പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ത്തന്നെ ഗോപി നന്നായി ചിത്രം വരയ്ക്കുമായിരുന്നു. അതു നോക്കി നില്‍ക്കെ എനിക്കുണ്ടായ അത്ഭുതവും സ്‌നേഹവും ആദരവും അഭിമാനവും പറയാവതല്ല. പക്ഷേ, എട്ടാം ക്ലാസ്സിലെത്തുമ്പോഴേക്കും അവന്റെ ചിത്രങ്ങള്‍ എനിക്ക് ഒട്ടും മനസ്സിലാവാതെയായി. അബ്‌സ്ട്രാക്ട് പെയിന്റിങ് എന്ന വാക്കുപോലും കേട്ടിട്ടില്ലാത്ത കാലമായിരുന്നു അത്. അവ ശരിക്കും അബ്‌സ്ട്രാക്ട് ആയിരുന്നു എന്ന് ഇപ്പോള്‍ എനിക്കറിയാം. സ്‌കൂളിനകത്തും പുറത്തും നടന്ന മത്സരങ്ങളിലോ യുവജനോത്സവവേദികളിലോ അവന്‍ പങ്കെടുത്തതേയില്ല. അവന്റെ ചിത്രങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ അപൂര്‍വ്വം അദ്ധ്യാപകരാകട്ടെ, ആ അന്തര്‍മുഖത്തെ അഹങ്കാരിയായി എഴുതിത്തള്ളി.
അക്കാലത്ത് ഗോപി സംസാരിച്ചിരുന്ന കാര്യങ്ങളൊന്നും എനിക്ക് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും അവയുടെ ഒന്നിന്റേയും പ്രഭവവും യാഥാര്‍ത്ഥ്യവും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജീവിതത്തിന്റെ ആത്യന്തികമായ അര്‍ത്ഥം, അതിന്റെ കഠിനവും അസഹനീയവുമായ വ്യര്‍ത്ഥത, ജീവിതവും മരണവും തമ്മില്‍ കൈകോര്‍ക്കുന്ന സന്ധിയില്‍ എന്താണ് സംഭവിക്കുന്നത്, അറിവും ധനവും സ്ഥാനമാനങ്ങളും മറ്റു ഭൗതികസുഖങ്ങളും കൊണ്ട് മനുഷ്യര്‍ എന്തെങ്കിലും നേടുന്നുണ്ടോ, സ്‌നേഹം സ്‌നേഹിക്കുന്നയാളിന്റെ സ്വാര്‍ത്ഥതയല്ലേ, എന്നിങ്ങനെ എന്നെ അമ്പരപ്പിക്കുകയും വലിയൊരളവില്‍ ഭയപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചാണ് അവന്‍ സംസാരിച്ചിരുന്നത്. ജീവിതത്തിലന്നോളം അവന്‍ ഒരു പുസ്തകം വായിക്കുന്നതുപോലും ഞാന്‍ കണ്ടിട്ടുമില്ല. പത്താംക്ലാസ് പരീക്ഷയില്‍ എനിക്ക് അറുപത്തിയെട്ട് ശതമാനം മാര്‍ക്ക് കിട്ടി. അവന്‍ കഷ്ടിച്ച് ഇരുന്നൂറ്റിപ്പത്ത് മാര്‍ക്കില്‍ ജയിച്ചുകയറി.
ഏതാണ്ട് ഈ കാലത്താണ്, എന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ ചില വഴിത്തിരിവുണ്ടാകുന്നത്. ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ അമ്മയുടെ മൂത്ത ജ്യേഷ്ഠനൊരാള്‍ ഡല്‍ഹിയിലുണ്ടെന്ന് ചെറുപ്പം തൊട്ടേ പറഞ്ഞുകേട്ടിരുന്നു. അയാള്‍ നാട്ടില്‍ വരികയും ഞങ്ങളുടെ തറവാടിനടുത്ത് രണ്ടേക്കര്‍ സ്ഥലം വാങ്ങി ഒരു ഇരുനില വീട് വയ്ക്കുകയും ചെയ്തു. ഞാന്‍ ശാന്തനമ്മാവനോടൊപ്പം അവിടേയ്ക്ക് താമസം മാറ്റി. അവിവാഹിതനായ ശാന്തനമ്മാവന് ഞാന്‍ ശരിക്കും മകനായി. ഞങ്ങളുടെ നാട്ടിന്‍പുറത്തുനിന്ന് അറുപത് കിലോമീറ്റര്‍ അകലെ, നഗരത്തില്‍ ധനികരുടെ കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ അദ്ദേഹം എന്നെ കൊണ്ടുപോയി ചേര്‍ത്തു. താമസം ഹോസ്റ്റലിലായി. പുതിയ ജീവിതാന്തരീക്ഷം എന്നെ അടിമുടി മാറ്റിമറിച്ചിരിക്കണം. വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ ഗോപിയെ കാണാന്‍ എനിക്ക് അവസരം കിട്ടിയില്ല. അവനാകട്ടെ, എന്നെ അന്വേഷിച്ചു വന്നുമില്ല.
ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിവസം ഞാന്‍ അവനെ അന്വേഷിച്ചു ചെന്നു. നാണിയേച്ചിക്ക് എന്നെ കണ്ടപാടേ കരച്ചില്‍ വന്നു. ഗോപി ഏതാണ്ട് മുഴുവന്‍ സമയവും കപ്പണയില്‍ത്തന്നെയാണെന്നും ഒന്നും മിണ്ടാത്ത സ്വഭാവം കൂടിക്കൂടി വരികയാണെന്നും അവര്‍ പറഞ്ഞു. പക്ഷേ, ജോലിയിലുള്ള സമര്‍പ്പണവും കിട്ടുന്ന കാശു മുഴുവനും അമ്മയെ ഏല്പിക്കാനുള്ള മനസ്സും അമ്മ അഭിമാനത്തോടെ പങ്കുവെച്ചു. അവന്‍ കപ്പണയിലായിരുന്നതിനാല്‍ ഞാന്‍ അങ്ങോട്ട് പോയി. അച്ഛന്‍ ജോലിചെയ്ത അതേ കപ്പണയുടെ താഴെ ഒറ്റയ്ക്ക് കുനിഞ്ഞിരുന്ന് ചെങ്കല്ല് വെട്ടുകയായിരുന്നു അവന്‍. വളരെ നേരം അടുത്തുചെന്ന് നിന്നിട്ടും അവന്‍ എന്നെ കണ്ടില്ല. സ്വയമറിയാത്ത ആത്മവ്യഗ്രതയോടെ ചെങ്കല്ലുകളില്‍ അവന്‍ തന്നെത്തന്നെ കൊത്തിയെടുക്കുകയായിരുന്നു എന്നു തോന്നി എനിക്ക്. ഞാന്‍ ഗോപീ എന്നു വിളിച്ചപ്പോള്‍ തലയുയര്‍ത്താതെ അവന്‍ പറഞ്ഞു: ''നീ എന്നെ മറന്നു... ഇതെല്ലാം പ്രകൃതിനിയമമാണ്. നീയോ ഞാനോ അതില്‍ കുറ്റക്കാരല്ല.'' എനിക്ക് കണ്ണുകള്‍ നീറുന്നതുപോലെ തോന്നി. അത് മനസ്സിലാക്കിയിട്ടെന്നോണം അവന്‍ പറഞ്ഞു: ''സങ്കടപ്പെടേണ്ട... എനിക്ക് സങ്കടമില്ലെന്നാണോ നീ വിചാരിക്കുന്നത്? ...ഇനി വരുമ്പോള്‍ നീ ഇങ്ങോട്ട് വരേണ്ട. വീട്ടിലേക്ക് വന്നാല്‍ മതി.''
അടുത്ത വേനലവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ ഗോപിയെക്കുറിച്ച് അന്വേഷിച്ചു. ആര്‍ക്കും കൃത്യമായ വിവരങ്ങളൊന്നുമില്ലായിരുന്നു. വടകരയ്ക്കടുത്ത് ലോകനാര്‍ക്കാവില്‍ ഒരു പാറമട സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു എന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെത്തന്നെ പ്രതിസന്ധിയിലാക്കുന്ന ഗൂഢാലോചനയില്‍ പങ്കെടുത്തതിന്റെ പേരില്‍ രണ്ടു വര്‍ഷമായി കണ്ണൂര്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയാണെന്നും കേട്ടു. ജയില്‍ശിക്ഷ കഴിഞ്ഞ ഉടനെ ഗോപി കാഷായവേഷം ധരിച്ച് പുട്ടപര്‍ത്തിയിലെ സത്യസായിബാബയുടെ ആശ്രമത്തിലേയ്ക്ക് പോയി. സ്വാമിയുടെ തൊട്ടടുത്തുനിന്ന് സന്ധ്യാവന്ദനം നടത്തുന്ന ഒരു ചിത്രം അക്കാലത്ത് അവന്‍ അയച്ചുതന്നിരുന്നു. പിന്നീട് ആശ്രമത്തിനകത്തെ തട്ടിപ്പുകളെപ്പറ്റി ഏതോ മാധ്യമത്തിനു നല്‍കിയ ഇന്റര്‍വ്യൂവിന്റെ പേരില്‍ അവന്‍ പുറത്താക്കപ്പെട്ടു എന്നു കേട്ടു.
ഹൈദ്രബാദിലെ ഒരു മലയാളി ബേക്കറിയില്‍ ജോലി ചെയ്യുകയാണെന്നും അവിടെവെച്ച് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലകപ്പെട്ടു എന്നും 'മായ' എന്നാണ് അവളുടെ പേരെന്നും നിന്നെക്കുറിച്ച് ഞാന്‍ അവളോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും മറ്റുമായി ഒരു നീണ്ട കത്ത് അക്കാലത്ത് എനിക്ക് കിട്ടി. ഇതിനിടയില്‍ നഗരത്തിലെ കോളേജില്‍നിന്ന് പി.ജി. കഴിഞ്ഞ് ഞാന്‍ ഒരു ബാങ്കില്‍ ജോലി നേടിയിരുന്നു. പി.ജി. പഠനകാലത്ത് സഹപാഠിയായിരുന്ന മീരയെ ഞാന്‍ ശാന്തനമ്മാവന്റെ അനുഗ്രഹാശിസ്സുകളോടെ കല്യാണം കഴിച്ച് അമ്മാവന്‍ എടുത്തുതന്ന പുതിയ വീട്ടിലേക്ക് താമസം മാറ്റി. മീര തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രിന്‍സിപ്പലായി. ഗോപി ഹൈദ്രബാദില്‍നിന്നും ഭാര്യയോടും മകളോടുമൊപ്പം നാട്ടിലെത്തിയിട്ടുണ്ട് എന്നു ഞാന്‍ അറിയുന്നത് ആയിടയ്ക്കാണ്. എങ്ങനെയോ എന്റെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് ഒരു ദിവസം എന്നെ വിളിച്ചു കാണാനുള്ള ആഗ്രഹം അറിയിച്ചു. ഞാന്‍ പിറ്റേന്നുതന്നെ വരാന്‍ പറഞ്ഞു. പിറ്റേന്ന് പത്തരമണിയോടെ അവനും കുടുംബവും ബാങ്കിലെത്തി. പുറത്ത് ഒന്നരമണിക്കൂറിലേറെ കാത്തിരുത്തിയ ശേഷമാണ് എനിക്കവരെ ക്യാബിനിലേയ്ക്ക് വിളിക്കാന്‍ കഴിഞ്ഞത്. അത്ര തിരക്കായിരുന്നു അന്ന് ബാങ്കില്‍.
കൂപ്പുകൈകളോടെ 'നമസ്‌കാരം' എന്നു പറഞ്ഞുകൊണ്ടു ഭാര്യയും കൂടെ ഗോപിയും മകളും അകത്തേയ്ക്ക് വന്നു. ഞാന്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ മായ ഇരുന്നില്ല. കൂപ്പിയ കൈകള്‍ വിടര്‍ത്തിയുമില്ല. അവളെ കണ്ടപ്പോള്‍ പെട്ടെന്ന് എനിക്ക് ഉള്ളിലൊരാന്തലുണ്ടായി. കരിംജീരകത്തിന്റെ നിറവും ശോഷിച്ച ശരീരവുമുള്ള മുപ്പതിലധികം പ്രായം തോന്നാത്ത ഒരു സ്ത്രീ. പക്ഷേ, അവളില്‍ മുന്‍പെവിടെയും ഞാന്‍ കണ്ടിട്ടില്ലാത്ത നിസ്സഹായതയും വിനയവും സൗമ്യതയും ഉണ്ടായിരുന്നു. സ്വന്തം സഹോദരിയോട് തോന്നുന്നതുപോലുള്ള അലിവും വാത്സല്യവും എനിക്കു തോന്നി. ഞാനും ഗോപിയും സംസാരിച്ചുകൊണ്ടിരുന്നു. സമയമത്രയും അവള്‍ കൂപ്പുകൈകളുമായി പെണ്‍കുട്ടിയെ ശരീരത്തോട് ചേര്‍ത്ത് ഗോപിയുടെ കസേരയ്ക്കു പിന്നില്‍ നിന്നു. ഗോപി മീരയെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് ഒന്നും ഒളിച്ചുവയ്ക്കാന്‍ തോന്നിയില്ല. അദ്ധ്യാപികയാണെങ്കിലും അവള്‍ക്ക് സ്വന്തം മകനേയോ പഠിപ്പിക്കുന്ന കുട്ടികളേയോ സ്‌നേഹിക്കാന്‍ അറിയില്ല. വീട്ടിനകത്തും പുറത്തും അധികാരം പ്രകടിപ്പിക്കാതെ അവള്‍ക്ക് ആരോടും ഇടപഴകാനാവില്ല. ലൈംഗികതപോലും ഈ അധികാര പ്രയോഗത്തിനുള്ള ഉപാധിയായാണ് അവള്‍ കാണുന്നത്. ഇത്തരമൊരവസ്ഥയില്‍ ഉഭയസമ്മതത്തോടെ ഡൈവോഴ്‌സ് ചെയ്യുന്നതാണ് നല്ലത് എന്ന് ശാന്തനമ്മാവന്‍ പലവട്ടം ഉപദേശിച്ചതാണ്. എനിക്ക് എന്റെ ആറുവയസ്സായ സച്ചിനെ ഉപേക്ഷിക്കാനാവില്ല. ഏതാണ്ട് ഒരു മണിക്കൂര്‍ നേരം ഞങ്ങള്‍ സംസാരിച്ചു. അധികവും ഞാന്‍ തന്നെ. ഞാന്‍ നാണിയേച്ചിയെക്കുറിച്ച് അന്വേഷിച്ചു. ''വാര്‍ദ്ധക്യം, ഏകാന്തത, രോഗം'' -ഗോപി പറഞ്ഞു. ''ഇപ്പോള്‍ ഇവള്‍ നളിനിയാണ് അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ആള്‍'', സംസാരം അവസാനിപ്പിച്ചതുപോലെ ഞാന്‍ എന്റെ കാര്‍ഡെടുത്ത് ഗോപിക്കു നീട്ടി. മായയെ നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
''ഗോപിയുടെ മൊബൈല്‍ നമ്പര്‍ തരൂ. വല്ലപ്പോഴുമെങ്കിലും ഇതുപോലെ കാണാമല്ലോ.'' ഞാന്‍ പറഞ്ഞു. ''എനിക്ക് മൊബൈല്‍ ഇല്ല. ഞാനത് വാങ്ങിയിട്ടില്ല. ഇനി വേണ്ടെന്ന് തോന്നുന്നു'' ഗോപി പറഞ്ഞു. ''അതെന്താ?'' ഞാന്‍ ചോദിച്ചു. ''സമയമില്ലെന്ന് തോന്നുന്നു'' -അവന്‍ പറഞ്ഞു. അവന്‍ എന്നിലൂടെ മറ്റെവിടെയോ നോക്കുകയായിരുന്നു. ഇന്നലെ ശവസംസ്‌കാരം കഴിഞ്ഞ് നാണിയേച്ചി എന്നെ കെട്ടിപ്പിടിച്ചു കരയുമ്പോള്‍ ഇതേ കൂപ്പുകൈകളുമായി മായ അവിടെ ഉണ്ടായിരുന്നു. ഇന്നു രാവിലെ വാടകവീട്ടിലേയ്ക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ എനിക്കു തോന്നി: ഗോപിയേയും അമ്മയേയും മായയേയും മകളേയും മെച്ചപ്പെട്ട ഒരു ജീവിതത്തിലേക്ക് നയിക്കാനുള്ള ബാധ്യത എനിക്കുണ്ട്. പക്ഷേ, എനിക്കതിനു കഴിയില്ല. മീര സമ്മതിക്കില്ല. എന്തൊരു ശപിക്കപ്പെട്ട ജന്മമാണ് എന്റേത്?
കാര്‍ നിര്‍ത്തി പുറത്തിറങ്ങി വീടിന്റെ പൂമുഖത്തേയ്ക്ക് നോക്കുമ്പോള്‍ ഗോപി കസേരയില്‍ ചാരിയിരുന്ന് അരമതിലിലേയ്ക്ക് കാല്‍ കയറ്റിവെച്ച് ബീഡി വലിക്കുകയായിരുന്നു. എനിക്കപ്പോള്‍ തോന്നിയത് ഭയമോ അത്ഭുതമോ ആയിരുന്നില്ല. തലച്ചോറിന്റെ പാളികള്‍ക്കകത്ത് ജലം ചില്ലുപാളികള്‍പോലെ ഇളകി. നിമിഷനേരത്തേയ്ക്ക് ഗുരുത്വാകര്‍ഷണത്തില്‍നിന്നു വേര്‍പെട്ടത് പോലെ ഞാന്‍ ഉലഞ്ഞു. ആരോ വലിച്ചെറിഞ്ഞ ഒരു വടക്കുനോക്കിയന്ത്രമായി ഞാന്‍. അതിന്റെ സൂചികള്‍ വിപല്‍സൂചകമായി ചലിച്ചുകൊണ്ടിരുന്നു. അവന്റെ കാലുകള്‍ വെച്ച അരഭിത്തിയില്‍ ബീഡിയുടെ പാക്കറ്റ് ഉണ്ടായിരുന്നു. എന്റെ പരിഭ്രമം അകറ്റാനെന്നോണം അവന്‍ പറഞ്ഞു: ''ഞാന്‍ ഓട്ടോ പിടിക്കാനൊന്നും പോയില്ല. നടക്കാവുന്ന ദൂരമല്ലേയുള്ളൂ. മീരയും മോനും ബ്ലാത്തൂരില്‍ പോയതല്ലേ?'' അത് നീയെങ്ങനെ അറിഞ്ഞു എന്ന ചോദ്യം നാവിലോളം വന്നത് ഞാന്‍ അടക്കി. അവന്‍ ചിരിച്ചുകൊണ്ട് ജീന്‍സ് ഷര്‍ട്ടിന്റെ വലിയ പോക്കറ്റില്‍ കയ്യിട്ട് രണ്ടു കീശയും കാലിയാണെന്ന് കാണിച്ചു ചിരിച്ചു. മരിച്ചവരുടെ കയ്യില്‍ പണമുണ്ടാകില്ലല്ലോ എന്ന് ആംഗ്യഭാഷയില്‍ എന്നെ ബോദ്ധ്യപ്പെടുത്തി.
ഞാന്‍ അവന്റെ ബീഡിപ്പാക്കറ്റ് വീണ്ടും കയ്യിലെടുത്തു. അവന്‍ പറഞ്ഞു: ''ഇത് ഹൈദ്രബാദില്‍ ഏറ്റവും പ്രചാരമുള്ള ബീഡിയാണ്. പോരുമ്പോള്‍ ഒരു ബണ്ടില്‍ കൊണ്ടുവന്നിരുന്നു. തീര്‍ന്നില്ല.''
ബീഡിയുടെ പേര് ഞാന്‍ ഉച്ചത്തില്‍ വായിച്ചു; 'OUT DOOR'
'എന്ത് വിചിത്രമായ പേര്!'' ഞാന്‍ പറഞ്ഞു.
അല്പനേരത്തേയ്ക്ക് ആരും ഒന്നും സംസാരിച്ചില്ല. ഒരു കട്ടുറുമ്പ് അവന്റെ കാല്‍പ്പാദങ്ങളിലൂടെ ഉടുത്ത മുണ്ടിലൂടെ കയറി ഷര്‍ട്ടിന്റെ ബട്ടണോളമെത്തി. അവന്‍ അതിനെ വാത്സല്യത്തോടെ കയ്യിലെടുത്ത് അരഭിത്തിയില്‍ വച്ചു.
''സത്യം പറ, നീ എന്തിനാ എന്നെ കാണാന്‍ വന്നത്?'' ഞാന്‍ ചോദിച്ചു. ''ഒരു പ്രധാന കാര്യം പറയാന്‍ തന്നെ. ആത്മഹത്യ ചെയ്യാന്‍ ഏറ്റവും പറ്റിയ പ്രായം ഇതാണ്. നാല്‍പ്പത്തി അഞ്ചിനും അന്‍പതിനും ഇടയില്‍'' -അവന്‍ പറഞ്ഞു.
ഞാന്‍ ഒന്നും മിണ്ടിയില്ല. ''അത്തിമരത്തിന്റെ പൊത്തില്‍ ഞാന്‍ ഒളിപ്പിച്ചുവച്ച ഹൃദയം ഇപ്പോഴും അവിടെയുണ്ട്. എടുത്തു തരട്ടെ?'' അവന്‍ ചോദിച്ചു.
പെട്ടെന്ന് ഞാന്‍ പഴംകഥയിലെ മുതലപ്പുറത്ത് സവാരി ചെയ്യുന്ന കുരങ്ങനായി കരയിലേയ്ക്ക് ചാടി; അവന്‍ മുതലയായും. ''എന്നെ പറ്റിച്ചു എന്നു വിചാരിക്കേണ്ട'' മുതല പറഞ്ഞു. ''നിന്നോടും കൂടിയാ പറയുന്നത്.''
ഞാന്‍ ഒരു മുതലച്ചിരി ചിരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates