

മലയാളരാജ്യക്കാലത്തായിരുന്നു പ്രശസ്ത ഭിഷഗ്വരനായ തേവാടി നാരായണക്കുറുപ്പുമായും റിസർവ്വ് ബാങ്കിലെ ഉദ്യോഗം ഉപേക്ഷിച്ച് ദിനമണിയുടെ പത്രാധിപരായെത്തിയ ജഗനാഥപ്പണിക്കരുമായും അടുപ്പത്തിലാകുന്നത്. ‘കൈപ്പുണ്യം’ തേവാടിയെ വേണ്ടുവോളം അനുഗ്രഹിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ആചാര്യ കൃപലാനിയെ സ്വീകരിക്കാനെത്തിയ തേവാടിക്കുണ്ടായ അനുഭവം രസകരമായിരുന്നു. അലങ്കരിച്ച ആനപ്പുറത്ത് കൃപലാനിയെ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കൊല്ലത്തെത്തിയപ്പോൾ നേരം വളരെ വൈകിയിരുന്നു. പരിക്ഷീണനായി മയങ്ങിപ്പോയ കൃപലാനിയെ വിളിച്ചുണർത്തി പൂമാല അണിയിക്കാൻ തേവാടി ശ്രമിച്ചു. കോപംകൊണ്ട് അത് തട്ടിത്തെറിപ്പിച്ച കൃപലാനി, ‘യൂ ഫൂൾ’ എന്ന് പറഞ്ഞതായും അത് കേൾക്കവെ ‘യൂ തൗസന്റ് ഫൂൾ’ എന്ന് തേവാടി തിരിച്ചടിച്ചതായും പറഞ്ഞുകേട്ടിരുന്നു. ഒരു പ്രമുഖ ഉദ്യോഗസ്ഥൻ മഹോദരത്തിൽ വിഷമിക്കുകയാണെന്നും അദ്ദേഹത്തിനെ ചികിത്സിക്കാനെത്തണമെന്നും തേവാടിയോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്തായിരുന്നു രോഗിയായ ആ ഉദ്യോഗസ്ഥൻ. സന്ധ്യയോടെ തേവാടിയെത്തുമ്പോൾ കൈയിൽ ഔഷധമില്ല. എന്തു ചെയ്യണമെന്ന് നിശ്ചയമില്ല. വീട്ടിലേക്കുള്ള വഴിക്കരികിൽ പടർന്നു വളർന്നിരുന്ന ഏതോ ചെടിയിൽനിന്ന് ഇലകൾ നുള്ളിയെടുത്ത് രോഗിയുടെ പൊക്കിളിൽ, അതിൽനിന്നുള്ള നീരു വീഴ്‌ത്തി. പെട്ടെന്നായിരുന്നു അതിന്റെ ഫലം. വീർപ്പുമുട്ടി വിവശനായി കിടന്നിരുന്ന ആ ഉദ്യോഗസ്ഥൻ മലമൂത്ര വിസർജ്ജനം നടത്തി. അതോടെ ആശ്വാസമായി. തന്നെ പരിഭ്രമിപ്പിച്ചതായിരുന്നു ആ സംഭവമെന്ന് തേവാടി ഓർമ്മിച്ചിരുന്നു. എന്റെ സ്‌നേഹിതനായ ചലച്ചിത്ര സംവിധായകനായ എൻ. ശങ്കരൻ നായർ ആസ്‌മാ രോഗിയായിരുന്നു. തേവാടിയുടെ ചികിത്സ അദ്ദേഹത്തിനു വലിയ ആശ്വാസം നൽകിയിരുന്നു. ടാഗോറിന്റെ ആരാധകനായിരുന്ന അദ്ദേഹം ടാഗോറിന്റെ പേരിൽ ഒരു പ്രസിദ്ധീകരണം നടത്തിയിരുന്നു. യാത്രകൾക്കിടയിൽ മലയാളരാജ്യം ഓഫീസിൽ വന്ന്, എന്നെ വിളിച്ചുകൊണ്ടുപോയി സ്വാദിഷ്ടങ്ങളായ വിഭവങ്ങൾ വാങ്ങിത്തരുന്നത് തേവാടിയുടെ പല ഇഷ്ടങ്ങളിൽ ഒന്നായിരുന്നു.
മലയാളരാജ്യത്തിന്റെ ഉടമസ്ഥരായ ഉണ്ണിച്ചെക്കം വീട്ടുകാരായിരുന്നു അവിടുത്തെ വടയാറ്റുകോട്ട കൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം നടത്തിയിരുന്നത്. ആണ്ടുതോറും പത്തുദിവസം നീളുന്ന ഉത്സവത്തിൽ, പ്രധാന വേഷക്കാരുടെ കഥകളി പതിവായിരുന്നു. ചെങ്ങന്നൂർ രാമൻപിള്ളയേയും മാങ്കുളം വിഷ്‌ണു നമ്പൂതിരിയേയും പോലുള്ളവരിലൂടെ ഞാൻ കഥകളി ആസ്വാദകനായി. അതിന്റെ തുടർച്ചയായിരുന്നു, കലാമണ്ഡലം രാമൻകുട്ടി ആശാന്റെ പച്ചവേഷം, ആദ്യമായി കൊല്ലത്തെ വേദിയിലെത്തിക്കുന്നത്. തിരുമുല്ലവാരത്തെ ഒരു ചെറിയ വീട്ടിലായിരുന്നു എന്റെ താമസം. ആ വീട്ടിൽ ഒരാഴ്ചക്കാലം, അടൂർ ഗോപാലകൃഷ്ണൻ താമസിച്ചിരുന്നു. തിരക്കഥ എഴുതാനായി ഒരിടം. മടങ്ങിയ അദ്ദേഹം ‘കാമുകി’ എന്ന പേരിൽ ഒരു ചലച്ചിത്രം നിർമ്മിക്കാൻ ശ്രമം നടത്തി. എം.വി. ദേവനും സി.എൻ. ശ്രീകണ്ഠൻ നായരും മറ്റു സ്‌നേഹിതൻമാരുമായിരുന്നു അതിനു പിന്നിൽ. അതും നടന്നില്ല. അവിടെനിന്നാണ് ‘സ്വയംവര’ത്തിൽ ഗോപാലകൃഷ്ണൻ എത്തിച്ചേർന്നത്. സമാന്തര സിനിമയുടെ ഉദ്ഘാടനം അതോടെ സംഭവിച്ചു.
മലയാളരാജ്യത്തിന്റെ പത്രാധിപസമിതി അംഗമായിച്ചേർന്ന ഞാൻ ആദ്യകാലം താമസിച്ചത് ചലച്ചിത്ര സംവിധായകനായ എ.എൻ. തമ്പിയുടെ വസതിയിലായിരുന്നു. തന്റെ വീട്ടിൽ എനിക്കായി ഒരു മുറി ഒഴിച്ചുതന്ന അദ്ദേഹം വാടക ഈടാക്കിയില്ല. കമ്യൂണിസ്റ്റ് എഴുത്തുകാരനായ ഡി.എം. പൊറ്റക്കാടിലൂടെയായിരുന്നു ഞാൻ തമ്പിയുമായി പരിചയത്തിലായത്. കേരളകൗമുദിയുടെ സഹപത്രാധിപരായ ഗോവിന്ദപ്പിള്ളയുടെ സ്‌നേഹിതനായിരുന്നു പൊറ്റക്കാട്. ‘ഭാവന’ എന്ന പേരിൽ ഒരു വാരിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് താമസിച്ച അദ്ദേഹത്തിന്റെ സഹായിയാവാൻ എനിക്ക് അവസരം കിട്ടി. അക്കാലത്ത് ലോട്ടറി സമ്മാനം കിട്ടിയ അഭിഭാഷകരായിരുന്ന സുബ്രഹ്മണ്യം പോറ്റിയും സുധാകരനും ആ പ്രസിദ്ധീകരണത്തിന്റെ ഉപദേഷ്ടാക്കളായിരുന്നു. എല്ലാ ഏർപ്പാടുകളും പൂർണമായ ശേഷം ഭാവന പ്രസിദ്ധീകരിച്ചു. ഒന്നു രണ്ടു ലക്കങ്ങൾ പുറത്തുവന്നെങ്കിലും അതിന്റെ ആയുസ്സ് അധികനാൾ നീണ്ടില്ല. സിലോൺ സന്ദർശനത്തിനുശേഷം മടങ്ങിവന്ന എ.കെ.ജി തന്റെ അനുയായിയായ പൊറ്റക്കാടിന് ഒരു ക്യാമറ കൊണ്ടുകൊടുത്തു. ലെൻസിന്റെ മാന്ത്രികലോകത്തേക്ക് പ്രവേശിക്കാൻ പൊറ്റക്കാടിന് ആ ക്യാമറ വഴികാട്ടിയായി. ‘രമണൻ’ ചലച്ചിത്രമാക്കിയ അദ്ദേഹം ചലച്ചിത്രരംഗത്ത് ഏറെ നാൾ തുടർന്നില്ല. തമ്പിയായിരുന്നു, അദ്ദേഹത്തിന്റെ സഹായിയും സ്‌നേഹിതനും. അങ്ങനെ അടുപ്പത്തിലായ തമ്പി, കൊല്ലത്ത് എത്തിയ എന്നെ സന്തോഷപൂർവ്വം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ ഒരു മുറിയും തന്നു. കുറച്ചു മാസങ്ങൾക്കു ശേഷം താമസം മാറ്റി.
തിരുമുല്ലവാരത്തിലെ വിഷ്‌ണത്തുക്കാവ് അമ്പലത്തിന്റെ നിഴലിൽ ഞാന്‍ താമസമാക്കിയ ചെറിയ ഒരു വസതിയായിരുന്നു, ആ ക്ഷേത്രോത്സവകാലത്ത് മേജർ സെറ്റ് കഥകളി സംഘത്തിന് ആതിഥ്യം നൽകിയത്. ഇളംകള്ള് നിറച്ച പാനപാത്രങ്ങൾ, സ്വാദിഷ്ടങ്ങളായ കറികൾ. ചുട്ടിക്കു കിടക്കുന്നതിനു മുന്‍പ് ആ ഭക്ഷണത്തിൽ പങ്കാളികളായവരിൽ രാമൻകുട്ടി ആശാനെ കാണാതായി. പച്ചവേഷം അണിഞ്ഞ അർജ്ജുനനെ മനസ്സിൽ നിറച്ച് കാത്തിരുന്നവർ അദ്ദേഹത്തെ ആരാഞ്ഞ് പോയി. ഒടുവിൽ നീണ്ടകര പാലത്തിൽ വച്ച് കണ്ടുപിടിച്ചു. ലക്ഷ്യമില്ലാതെ നടന്ന് നടന്ന് അവിടം വരെ എത്തിയതാണ്. ശുദ്ധകഥകളി ഭ്രാന്തനായ ത്രിവിക്രമൻ നായരായിരുന്നു ഈ പരിപാടി ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ആ ചടങ്ങിൽ ആദ്യാവസാനക്കാരനായിരുന്നു ബാലകൃഷ്ണൻ നായർ (മലയാളരാജ്യം). സ്വന്തമായി വാഹനം ഓടിച്ചു മടങ്ങിയ അദ്ദേഹം യാത്രയ്ക്കിടയിൽ അപകടത്തിൽപ്പെട്ടു. അദ്ദേഹത്തെ തിരക്കിയെത്തിയവർ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനായ അദ്ദേഹത്തെ കണ്ടുപിടിച്ചു. ഒരു വലിയ വിപത്താണ് അതോടെ ഒഴിഞ്ഞുപോയത്.
ആയിടയ്ക്കാണ് എറണാകുളം കേന്ദ്രമാക്കി അഖിലേന്ത്യാ സാഹിത്യസമ്മേളനം അരങ്ങേറിയത്. ഫാക്ടിന്റെ മാനേജിംഗ് ഡയറക്ടർ എം.കെ.കെ. നായരുടെ രക്ഷാധികാരത്തിൽ എം. ഗോവിന്ദനും സി.എൻ. ശ്രീകണ്ഠൻനായരും നമ്പ്യാരും ചേർന്ന കൂട്ടായ്മയായിരുന്നു സാഹിത്യ സമ്മേളനത്തിന്റെ ഭാരവാഹികൾ. ആ സമ്മേളനത്തിന്റെ ഭാഗമായി വിശിഷ്ടങ്ങളായ ചലച്ചിത്രങ്ങളുടെ പ്രദർശനം വിവിധ കേന്ദ്രങ്ങളിൽ നടത്തി. കൂട്ടത്തിൽ കൊല്ലത്തുമെത്തി, കിഴക്കൻ യൂറോപ്പിൽനിന്നുള്ള മികച്ച ഏതാനും ചലച്ചിത്രങ്ങൾ അക്കൂട്ടത്തിലുണ്ടായിരുന്നു. അതു കാണാനെത്തിയവരെ വിസ്മയഭരിതരാക്കുന്നതായിരുന്നു അവ. ജീവിതയാഥാർത്ഥ്യങ്ങളിൽനിന്നും ഓടിയൊളിക്കുന്ന കമേഴ്‌സ്യൽ ചലച്ചിത്രങ്ങളിൽനിന്ന് ഭിന്നമായ, കണ്ണീരും കിനാവും നിറഞ്ഞ ആ ചലച്ചിത്രങ്ങൾ ശേഖരിച്ചതും തിരഞ്ഞെടുത്തതും അടൂർ ഗോപാലകൃഷ്ണനായിരുന്നു. അദ്ദേഹവും സ്‌നേഹിതനായ കുളത്തൂർ ഭാസ്‌കരൻ നായരും ചേർന്ന് ഫിലിം സൊസൈറ്റി പ്രസ്ഥാനം തുടങ്ങിയ കാലം. ചിത്രലേഖ ഫിലിം സൊസൈറ്റി എന്നു പേരിട്ട ചലച്ചിത്രാസ്വാദകരുടെ ആ സംഘം പതുക്കെ, മലയാള സമാന്തര സിനിമയുടെ അസ്ഥിവാരമായി. അങ്ങനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാഭ്യാസം പൂർത്തിയാക്കി, തിരുവനന്തപുരത്ത് താമസം തുടങ്ങിയ ഗോപാലകൃഷ്ണനും സ്‌നേഹിതനായ ഭാസ്‌കരൻ നായരും കൽക്കത്തയിൽ പടർന്നു തുടങ്ങിയ ഫിലിം സൊസൈറ്റി സംസ്‌കാരം കേരളത്തിലും എത്തിച്ചു. വർഷങ്ങൾക്കു മുന്‍പ് ചിദാനന്ദ ദാസ് ഗുപ്തയുടെ നേതൃത്വത്തിൽ കൽക്കത്താ കോഫി ക്ലബ്ബിൽ ആരംഭിച്ച ചലച്ചിത്ര ചർച്ചകൾ റിത്വിക് ഘട്ടക്കിനേയും മൃണാൾ സെന്നിനേയും സത്യജിത്ത് റായിയേയും പോലുള്ള ചലച്ചിത്ര പ്രതിഭകളെ സിനിമാസ്വാദകരുടെ ആരാധ്യമൂർത്തികളാക്കിയിരുന്നു. അതിൽനിന്നും വ്യത്യസ്തമായിരുന്നില്ല ചിത്രലേഖയുടെ പ്രവർത്തനം. ആ ഫിലിം സൊസൈറ്റി പിന്നീട് സ്വന്തമായി ചലച്ചിത്രങ്ങൾ നിർമ്മിച്ചതിനു പുറമെ സ്റ്റുഡിയോയും സ്ഥാപിച്ചു. കേരളത്തിലെ സമാന്തര സിനിമയുടെ ജനയിതാവായി വേണം, ‘സ്വയംവരം’ എന്ന ചലച്ചിത്രത്തിലൂടെ ആസ്വാദകഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിച്ച ഗോപാലകൃഷ്ണൻ വിശേഷിപ്പിക്കപ്പെടേണ്ടത്.
ചിത്രലേഖയും റോക്കും
ചിത്രലേഖാ സൊസൈറ്റിയുമായി ബന്ധപ്പെട്ട സംഭവം, സുഹൃദ്ബന്ധത്തെ അലങ്കോലമാക്കിയത് ഞാൻ ഓർമ്മിക്കുമായിരുന്നു. പി.ടി.ഐയുടെ വാർത്തകൾ വായിക്കുന്നതിനിടയിൽ ‘ദ റോക്ക്’ എന്ന ഡോക്യുമെന്ററി അവാർഡ് നേടിയ വിവരം യാദൃച്ഛികമായാണ് കണ്ണിൽപെട്ടത്. കെ.പി. കുമാരനായിരുന്നു അത് നിർമ്മിച്ചത്. ഡൽഹിയിൽ നടക്കുകയായിരുന്ന ഒൺ ഏഷ്യ കോൺഫറൻസായിരുന്നു മത്സരത്തിനിടയിൽ ആ ഡോക്യുമെന്ററിയെ തെരഞ്ഞെടുത്തത്. നാറാണത്ത് ഭ്രാന്തന്റെ (കമ്യുവിന്റെ മിത്ത് ഓഫ് സിസ്‌ഫസിനെ ഓർമ്മിപ്പിക്കുന്നതാണ് ഈ കഥ) കഥ. വലിയ ഭാരമുള്ള ഒരു കല്ല് ഉരുട്ടി മലമുകളിൽ കയറ്റിവച്ചിട്ട് അതിനെ ഉരുട്ടി താഴോട്ട് ഇട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്ത് ഭ്രാന്തൻ. കെ.പി. കുമാരന്റെ ഡോക്യുമെന്ററി ഹൃദ്യമായി അത് സെല്ലുലോയിഡിലാക്കി. ചിത്രലേഖാ സൊസൈറ്റി അതിന്റെ അവകാശമുന്നയിച്ചു. ചിത്രീകരണത്തിനായി സ്റ്റുഡിയോ ഉപകരണങ്ങൾ ഉപയോഗിച്ചുവെന്നതായിരുന്നു ആ അവകാശവാദത്തിനു പിന്നിൽ. പരസ്പരം അവിശ്വാസത്തിന്റേയും കലഹത്തിന്റേയും വിത്തു വീണതായിരുന്നു ആ സംഭവം.
റോക്കിന് അവാർഡ് കിട്ടിയ വിവരം കുമാരനെ അറിയിച്ചതിനു പുറമെ ചിത്രലേഖയുടെ അവകാശവാദത്തെ ചോദ്യം ചെയ്തുകൊണ്ട് കുമാരന്റെ സൃഷ്ടിയാണ് ആ ഡോക്യുമെന്ററിയെന്ന് ഡൽഹിയിൽ പോയി കോൺഫറൻസ് ഭാരവാഹികളെ സന്ദർശിച്ച് പരാതി നൽകിയത് എൻ.ആർ.എസ്. ബാബുവായിരുന്നു. ഒടുവിൽ കുമാരന് പുരസ്‌കാരം കിട്ടി. ചലച്ചിത്ര രംഗത്ത് കടക്കാനുള്ള പരിശ്രമങ്ങളിൽ മുഴുകി കഴിയുകയായിരുന്ന കുമാരനെ സംബന്ധിച്ച് ആ അവാർഡ് തന്റെ യാത്രയ്ക്ക് ഇന്ധനം നൽകുന്നതായി.
മലയാളരാജ്യത്തിൽ ഞാൻ ജോലി ചെയ്തിരുന്ന കാലമായിരുന്നു അപ്പോൾ. അവധി ദിവസങ്ങളിൽ തിരുവനന്തപുരത്തെത്തുമ്പോൾ, ഗോപാലകൃഷ്ണന്റെ വാസസ്ഥലത്തായിരുന്നു കൂടുതൽ സമയവും ഞാൻ ചെലവിട്ടത്. അവരുടെ ഭാവി പദ്ധതികളിൽ സാക്ഷിയെന്ന നിലയിൽ. ക്രമേണ ആ സന്ദർശനങ്ങൾ, ഗോപാലകൃഷ്ണനുമായുള്ള മൈത്രീബന്ധത്തിലേക്ക് വഴിതെളിയിച്ചു. സ്വയംവരത്തിനു പിന്നാലെ കൊടിയേറ്റം, മുഖാമുഖം, എലിപ്പത്തായം, വിധേയൻ, മതിലുകൾ തുടങ്ങി അതിമനോഹരമെന്നു വിശേഷിപ്പിക്കാവുന്ന ചലച്ചിത്രങ്ങളിലൂടെ ഇന്ത്യയുടെ ദൃശ്യമാധ്യമരംഗത്ത് ഗോപാലകൃഷ്ണൻ സ്വന്തമായൊരിടം സ്ഥാപിക്കുകയുണ്ടായി.
കേരള ജനതയിൽ
ഒരു ദിനപത്രമെന്ന നിലയ്ക്ക് വാർത്തകൾ വായനക്കാരിലെത്തിക്കുന്ന ചുമതല മാത്രമാണ് തങ്ങൾക്കുള്ളതെന്ന് മലയാളരാജ്യത്തിന്റെ ഉടമസ്ഥർ വിശ്വസിച്ചു. ഭരണകൂടത്തിന്റെ അപ്രീതിക്കു കാരണമായേക്കാവുന്ന ഒന്നിലും ആ പത്രം ഇടപെട്ടില്ല. തലസ്ഥാന പ്രതിനിധിയായി അറിയപ്പെട്ടിരുന്ന തറയിൽ ചെല്ലപ്പൻ പിള്ളയായിരുന്നു പത്രവും ഭരണകൂടവുമായുള്ള ബന്ധത്തിന്റെ ഇടനിലക്കാരൻ. ഒരിക്കൽ അതിനു ഭംഗം ഉണ്ടായി. നേതാക്കൾ തമ്മിലുള്ള കലഹത്തിനുള്ള പ്രതിവിധിയെന്ന നിലയിൽ പട്ടം താണുപിള്ളയെ നേതൃനിരയിൽനിന്നു മാറ്റി, ഗവർണറായി നിയമിച്ച കോൺഗ്രസ് നേതൃത്വം പൊതുവേ വിമർശിക്കപ്പെട്ടു. മലയാളരാജ്യം പത്രത്തിലും അതിന്റെ അനുരണനങ്ങളുണ്ടായി. മാനേജിംഗ് ഡയറക്ടറായ ചന്ദ്രശേഖരൻ നായരെ ആ സംഭവം അസഹ്യപ്പെടുത്താൻ കാരണമായത്, തറയിൽ ചെല്ലപ്പൻപിള്ളയുടെ ഏഷണിയായിരുന്നുവെന്ന് പിൽകാലത്ത് തെളിഞ്ഞു. ഭരണനേതൃത്വത്തിന് അനിഷ്ടമായാൽ ട്രാൻസ്‌പോർട്ട് ബസ് ടിക്കറ്റ് പ്രിന്റിംഗിന്റെ കരാറിനെ അത് പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ഈ സംഭവങ്ങളുടെ ചുമതല ഏറ്റെടുത്ത ഞാൻ മലയാളരാജ്യം വിട്ട് വീട്ടിലേക്കു മടങ്ങി. അപ്പോഴാണ് പട്ടത്തിന്റെ മരുമകൻ പട്ടം കൃഷ്ണപിള്ളയുടെ മേൽനോട്ടത്തിലുള്ള കേരള ജനതയുടെ പത്രാധിപസമിതിയിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ടത്. പ്രസ് കമ്മിഷൻ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട സ്ലീപ്പർ അപവാദവുമായി ബന്ധപ്പെട്ട മണിസ്വാമിയെന്ന് അറിയപ്പെട്ടിരുന്ന പത്രപ്രവർത്തകൻ കേരള ജനതയുടെ പത്രാധിപസമിതി അംഗമായിരുന്നു. വെള്ളപ്പൊക്കത്തിൽ ഉറങ്ങിക്കിടന്നവർ ഒഴുകിപ്പോയെന്ന് സ്ലീപ്പർ പ്രശ്‌നം പരിഭാഷപ്പെടുത്തിയത് അദ്ദേഹമായിരുന്നു. ആ അപവാദത്തിന് അദ്ദേഹം നൽകിയത് ജീവിതമായിരുന്നു. മദ്യപാനിയായി മാറിയ മണിസ്വാമിയുടെ മുൻപിൽ മിക്കവാറും എല്ലാ പത്രസ്ഥാപനങ്ങളും കവാടങ്ങൾ അടച്ചുപൂട്ടി. ഒരു കുടുംബമായിരുന്നു അതോടെ അനാഥമായത്. തന്റെ രാഷ്ട്രീയ ഭാഗ്യാന്വേഷണത്തിന് കേരള ജനത ഉപകരണമാവുമെന്ന വ്യാമോഹത്തിലായിരുന്നു പട്ടം കൃഷ്ണപിള്ള. പക്ഷേ, അതു പാഴായി. കഷ്ടിച്ച് ആറു മാസക്കാലം കേരള ജനതയിൽ ഞാൻ ജോലിചെയ്തു. വേതനമില്ലാതെ ജോലി തുടരാനുള്ള ശേഷി എനിക്കില്ലായിരുന്നു. അതിനിടയിൽ മലയാള രാജ്യത്തിലേക്ക് വീണ്ടും ക്ഷണിക്കപ്പെട്ടു. അവിടെയും അധികകാലം തുടരാനായില്ല.
മലയാളരാജ്യക്കാലം
ജൂതനായതുകൊണ്ടുമാത്രം നിസ്സാരമായ പിഴയുടെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഫ്രെഞ്ച് സൈനികനായ ഡ്രെഫ്യൂസിനോട് പ്രദര്‍ശിപ്പിച്ച മനുഷ്യത്വവിരുദ്ധതയ്ക്കെതിരെ പ്രസിദ്ധ എഴുത്തുകാരനായ എമിലിസോള ഉള്‍പ്പെടെയുള്ള ബുദ്ധിജീവികള്‍ ശബ്ദമുയര്‍ത്തിയിരുന്നു. ‘ഐ അക്യൂസ്’ (I Accuse) എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം ഫ്രെഞ്ച് പ്രസിഡന്റിനയച്ച കത്ത് വിശ്രുതമാണ്. അതിലൂടെയാണ് ‘നാന’യെപ്പോലുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധ നോവലുകള്‍ മലയാളികളുടെ കൈകളിലെത്തുന്നത്. ‘നാന’ മലയാളത്തിലാക്കിയ ടി.എന്‍. കൃഷ്‌ണപിള്ളയെ ഏവരും മറന്നു. കൊല്ലം ചിന്നക്കടയില്‍ ഒരു പുസ്തകശാല നടത്തുകയായിരുന്നു അദ്ദേഹം. പുസ്തകവായനയും പുസ്തകവില്‍പ്പനയുമായി ആള്‍ക്കൂട്ടത്തില്‍ ഒരാളായി ജീവിച്ച അദ്ദേഹം നിരവധി മികച്ച കഥകള്‍ എഴുതിയിരുന്നു. പലതും കൗമുദി വാരികയില്‍ അച്ചടിക്കുകയുണ്ടായി. മലയാളരാജ്യത്തില്‍ ജോലിചെയ്യുന്ന കാലത്ത് അദ്ദേഹത്തെ തേടിപ്പിടിച്ച് പരിചയപ്പെടാന്‍ എന്നെ പ്രേരിപ്പിച്ചത്, അദ്ദേഹമെഴുതിയ കഥകളായിരുന്നു. അതുവഴി എമിലിസോളയിലേക്കും മോപ്പാസാങ്ങിലേക്കും ഞാന്‍ എത്തി. മോപ്പാസാങ്ങിന്റെ നിരവധി കഥകള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിരുന്നു. ചെറുകഥാ പ്രപഞ്ചത്തില്‍ ആ ഫ്രെഞ്ച് എഴുത്തുകാരന്‍ നിത്യസ്മാരകമായി നിലനില്‍ക്കുന്നു. ഒ. ഹെന്‍റിയും വില്യം സാരോയനും അതുപോലെ എത്രയെത്ര എഴുത്തുകാര്‍.
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
