എംടി: നദിയുടെ പേര്

എംടി: നദിയുടെ പേര്
Updated on
2 min read

ഒരിക്കല്‍ ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍, എതിര്‍വശത്തെ സീറ്റിലിരിക്കുകയായിരുന്ന കുട്ടിയോടു ചോദിച്ചു: ''ആരാ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍?''

എന്ത് ഉത്തരമാണ് പറയേണ്ടതെന്നോര്‍ത്തിട്ടാവാം കുട്ടി ഒന്നു പകച്ചു. പിന്നെ പതിയെ പറഞ്ഞു: ''എനിക്കങ്ങനെയൊരു എഴുത്തുകാരനൊന്നുമില്ല.''

''അതെന്താ?''

''ഞാനങ്ങനെ വായിക്കാറില്ല.''

''അപ്പോ നമ്മടെ എഴുത്തുകാരെ ആരേം അറിയില്ല?''

''അത്... പേരൊക്കെ കുറച്ചുപേരടെ അറിയാം.''

''എങ്കില്‍ ആ കുറച്ചുപേരുടെ പേര് പറയാമോ? കേക്കാമല്ലോ.''

കുട്ടി അപ്പോള്‍ കുറച്ചു പേരുകള്‍ പറഞ്ഞു. അതില്‍ ആദ്യത്തേത് എം.ടിയുടേതായിരുന്നു.

മലയാളത്തിലെ, ഈ കാലത്തെ ഏറ്റവും നല്ല എഴുത്തുകാരന്‍ ആരാണെന്ന ചോദ്യത്തിന് പലരും പല പേരുകളും പറഞ്ഞേക്കാം. എന്നാല്‍, ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്‍ ആരെന്നു ചോദിച്ചാല്‍ ഒട്ടുമിക്കവരുടേയും ഉത്തരം എം.ടി. എന്നുതന്നെയായിരിക്കും. അത്രയ്ക്കുണ്ട്, കേരള സമൂഹത്തില്‍, ഏതു പ്രായക്കാരുടെ ഇടയിലും ആ രണ്ടക്ഷരങ്ങളുടെ 'പോപ്പുലാരിറ്റി.' ഏഴു ദശകങ്ങള്‍ കഥകളും നോവലുകളും സിനിമകളും എഴുതിയെഴുതി അദ്ദേഹം നേടിയെടുത്തതാണത്.

വായനക്കാര്‍ക്കിടയില്‍ മാത്രം ഒതുങ്ങിനിന്ന എഴുത്തുകാരനല്ല എം.ടി. ജീവിതത്തില്‍ ഒരു പുസ്തകംപോലും വായിച്ചിട്ടില്ലാത്തവര്‍ക്കും എം.ടി. പരിചിതനാണ്. അതും എത്രയോ പതിറ്റാണ്ടുകള്‍ക്കുമുന്‍പു മുതല്‍ത്തന്നെ.

ഞാന്‍ ആദ്യമായി കോഴിക്കോടു നഗരം കാണുന്നത് 22 വര്‍ഷങ്ങള്‍ക്കു പുറകിലുള്ള ഒരു മെയ് മാസത്തിലോ ജൂണ്‍ മാസത്തിലോ ആണ്. എനിക്കന്ന് അതു തീര്‍ത്തും അപരിചിതമായ ഒരു ദേശമാണ്. പരിചയക്കാരായി പ്രത്യേകിച്ച് ആരുമില്ല. എന്നാല്‍, മുന്‍പൊരിക്കലും പോയിട്ടില്ലാത്ത ആ പട്ടണം എനിക്കൊട്ടും അപരിചിതമായി അനുഭവപ്പെട്ടില്ല. അതിനുള്ള പ്രധാന കാരണം എം.ടി. തന്നെയായിരുന്നു. അതെങ്ങനെ? എം.ടി. എഴുതിയ കഥകളും കുറിപ്പുകളും എം.ടിയെക്കുറിച്ച് മറ്റുള്ളവര്‍ എഴുതിയ ലേഖനങ്ങളും ഫീച്ചറുകളും എല്ലാം വിടാതെ വായിച്ചിട്ടുള്ള ഏതൊരാള്‍ക്കും കൂടല്ലൂര്‍ മുതല്‍ കോഴിക്കോടു വരെയും കോഴിക്കോടു മുതല്‍ കൊല്ലൂരും കുടജാദ്രിയും വരെയുമുള്ള ഒരിടവും അപരിചിതമായി തോന്നാന്‍ വഴിയില്ലല്ലോ, ഉണ്ടോ?

പത്രപ്രവര്‍ത്തകന്‍ ആവാനായിട്ടായിരുന്നു അന്നത്തെ എന്റെയാ കോഴിക്കോടന്‍ യാത്ര. അതില്‍ വിജയിച്ചു. ഏതാണ്ടൊരു രണ്ടര മാസം ആ നഗരത്തില്‍ തുടരുകയും ചെയ്തു. എം.ടി., ജേണലിസം ആരംഭിച്ചത് കോഴിക്കോട്ടും മാതൃഭൂമിയിലുമാണെന്ന് ഒരുവിധം മലയാളികള്‍ക്കെല്ലാം അറിയാവുന്നതുപോലെ എനിക്കും അറിയാമായിരുന്നു. സബ് എഡിറ്ററും പിന്നീട് എഡിറ്ററുമൊക്കെയായി അദ്ദേഹം ഏറെക്കാലം നിറഞ്ഞുനിന്ന അതേ സ്ഥാപനത്തില്‍ ഞാന്‍ അന്നു ചെന്നു നില്‍ക്കുമ്പോള്‍, എം.ടി പത്രപ്രവര്‍ത്തനം അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. എങ്കിലും എം.ടിയെക്കുറിച്ചുള്ള കഥകളുടെ കെട്ടഴിക്കാന്‍ ഒത്തിരിപ്പേരുണ്ടായിരുന്നു അവിടെ അപ്പോഴും. അവരില്‍ പലരും എം.ടിയോടൊപ്പം ജോലി ചെയ്തിട്ടുള്ളവരുമായിരുന്നു. ഇടതുകയ്യുടെ വിരലുകള്‍ക്കിടയില്‍ കത്തിച്ചുവെച്ച ബീഡിയുമായി തന്റെ ക്യാബിനില്‍ ഇരുന്ന് എം.ടി. എഴുതുന്നതായിരുന്നു അന്നു കേട്ട എല്ലാ ഓര്‍മ്മക്കഥകളിലും പൊതുവായുണ്ടായിരുന്ന ഒരു ചിത്രം.

ഓര്‍മ്മകളുടേയും തിരച്ചിലുകളുടേയും എഴുത്തുകാരനാണ് എം.ടി. വീഴ്ചകളും അലച്ചിലുകളും നഷ്ടങ്ങളും പിടച്ചിലുകളും ഒരു ഘോഷയാത്രയിലെന്നപോലെ ആ കഥാപ്രപഞ്ചത്തിലൂടെ കടന്നുപോകുന്നു. എത്രയോ കാലമായി അതു കണ്ടുനില്‍ക്കുന്ന ലക്ഷക്കണക്കിനാളുകളില്‍ ഒരുവനാണ് ഞാനും. ഹുവാന്‍ റൂള്‍ഫോയുടെ 'പെഡ്രോ പരാമോ' എന്ന വിസ്മയ പുസ്തകത്തെക്കുറിച്ച് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് പലവട്ടം വാചാലനായിട്ടുണ്ട്. ആ നോവല്‍, തുടക്കം മുതല്‍ ഒടുക്കം വരെ ഒരു വരിപോലും തെറ്റാതെ ഓര്‍മ്മയില്‍നിന്ന് ഉദ്ധരിക്കാന്‍ തനിക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേപോലെ, എം.ടിയുടെ കൃതികളിലെ ദീര്‍ഘദീര്‍ഘങ്ങളായ പല ഭാഗങ്ങളും കാണാതെ പറയുന്ന ഒട്ടേറെപ്പേരുണ്ട് നമ്മുടെ മലയാളത്തിലും. ഏത് എഴുത്തുകാരന്റേയും ഏറ്റവും വലിയ പുണ്യങ്ങളാണ് പകരം വയ്ക്കാനില്ലാത്ത ഇത്തരം പല കാര്യങ്ങളും.

കുന്നുകളെല്ലാം കുടജാദ്രിയും പുഴകളെല്ലാം ഭാരതപ്പുഴയുമായി മാറുന്ന ഒരു മാജിക്കുണ്ട് എം.ടിയുടെ എഴുത്തില്‍ ഉടനീളം. ആ വിരലുകള്‍ ചെന്നുതൊടുമ്പോള്‍ പുല്ലുകള്‍ മുളങ്കാടുകളും പുറ്റുകള്‍ പവിഴങ്ങളുമായി മാറുന്നത് വിസ്മയത്തോടെ മാത്രം കണ്ടുനില്‍ക്കാന്‍ കഴിയുന്ന കാഴ്ചയാണ്.

ഇപ്പോഴിതാ ആ എഴുത്തില്‍ സന്ധ്യയായിരിക്കുന്നു. ഇലകള്‍ മറച്ചുപിടിച്ച ശിഖരത്തിലെ കൂട്ടിലേക്ക് ഒരു പക്ഷികൂടി പറന്നുപോവുന്നു. അപ്പോള്‍ കാലം പറയുന്നു, നിള മുതല്‍ സിന്ധു വരെയും തിരിച്ചും ഒഴുകിയ ഒരു നദിയുടെ പേരാണ് എം.ടി. എന്ന്. ആ നദിയുടെ ഇരുകരകളിലുമുള്ള അസംഖ്യം കടവുകളിലൊന്നില്‍നിന്നു ഞാനും ആ മഹാപ്രവാഹം കണ്ട് കൈകൂപ്പുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com