

ജയചന്ദ്രവിയോഗത്തെ തീരാനഷ്ടമെന്നു ചില സംഗീതസംവിധായകരും ചലച്ചിത്ര സംവിധായകരും വിശേഷിപ്പിക്കുന്നതു കാണുമ്പോള്‍ സംഗീതസ്‌നേഹികള്‍ക്കു പുച്ഛം കലര്‍ന്ന ചിരിയാണ് വരിക. കാരണം, ഇവരാരും ഈ പ്രതിഭയ്ക്ക് കാര്യമായ ഒരവസരവും നല്‍കിയിട്ടില്ല.
മദ്രാസില്‍ ജയചന്ദ്രന്റെ പരിചയങ്ങളും ശിപാര്‍ശയും ഉപയോഗിച്ചു പേരെടുത്തവര്‍പോലും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. രവീന്ദ്രന്‍, ജോണ്‍സണ്‍, ഔസേപ്പച്ചന്‍ തുടങ്ങിയ സംഗീത സംവിധായകരൊക്കെ ജയചന്ദ്രന് എത്ര പാട്ടു നല്‍കിയിട്ടുണ്ടെന്നും നല്‍കിയവ ഏതു ഗണത്തില്‍ വരുന്നതാണെന്നും അന്വേഷിക്കാവുന്നതാണ്. അതുപോലെത്തന്നെ ഇപ്പോള്‍ കണ്ണീരൊഴുക്കിയ പ്രമുഖ സംവിധായകരും. തന്റെ രണ്ടാംവരവിനു കാരണമായ 'ദേവരാഗം' സിനിമയില്‍ കീരവാണിയുടെ ''ശിശിര കാല മേഘമിഥുന...'' എന്ന ഗാനത്തിനു പിന്നോട്ടുള്ള ഒരു വ്യാഴവട്ടക്കാലം മലയാള സിനിമയില്‍നിന്ന് ഒഴിവാക്കപ്പെട്ട അവസ്ഥയിലായിരുന്നു അദ്ദേഹം.
യേശുദാസിന്റെ തരംഗിണി കാസെറ്റ്‌സിന്റെ തേര്‍വാഴ്ചയായിരുന്നു അക്കാലത്തെന്നും എല്ലാ പാട്ടും യേശുദാസിനെക്കൊണ്ടു പാടിക്കാതെ തങ്ങള്‍ക്കു മാര്‍ഗ്ഗമില്ലായിരുന്നു എന്നുമാണ് ഇവര്‍ പറയുന്ന പതിവു മറുപടി. എന്നാല്‍, ആ കാലയളവിലാണ് രഞ്ജിനി, പോളിക്രോം തുടങ്ങിയ കാസെറ്റ് കമ്പനികളുടെ പിന്തുണയില്‍ എം.ജി. ശ്രീകുമാര്‍, ജി. വേണുഗോപാല്‍ എന്നീ ഗായകരെ ഇവര്‍തന്നെ വളര്‍ത്തിയതെന്നു കാണാം.
രണ്ടാംവരവിലെ രണ്ടാം ഹിറ്റായ ''പ്രായം നമ്മില്‍ മോഹം നല്‍കി...'' (സംഗീതം -വിദ്യാസാഗര്‍) ജയചന്ദ്രന്‍ ആവശ്യപ്പെട്ട അവസരമാണെന്നു ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. ജയചന്ദ്രനെ ഈ ചങ്ങാതിമാരെല്ലാവരും കൂടി ഏതു പരുവത്തില്‍ ആക്കിയിരുന്നു എന്നതിനുദാഹരണമാണ് മേല്‍വിവരിച്ച സംഗതികള്‍. പക്ഷേ, ഇക്കാലത്തൊന്നും അദ്ദേഹം ചുമ്മാതിരിക്കുകയായിരുന്നില്ല. അദ്ദേഹത്തിന്റെത്തന്നെ വാക്കുകളില്‍: ''മലയാള സിനിമയില്‍ പാടുന്നില്ലെന്നു ഞാന്‍ അറിഞ്ഞിരുന്നേയില്ല. എനിക്ക് എന്നും പാട്ടുണ്ടായിരുന്നു.'' അതെ, അന്യഭാഷാ സിനിമകളിലും ഭക്തിഗാനങ്ങളിലും സ്റ്റേജുകളില്‍ അദ്ദേഹം പാടിക്കൊണ്ടേയിരുന്നു. അദ്ദേഹത്തോട് അനീതി കാട്ടിയവരെക്കുറിച്ചല്ല ഈ കുറിപ്പ്, മറിച്ച് ആ പ്രതിഭയുടെ മാറ്ററിഞ്ഞുപയോഗിച്ച രണ്ടു സംഗീതസംവിധായകരെ ചൂണ്ടിക്കാട്ടാനാണ്. എം.എസ്. വിശ്വനാഥനും എം.കെ. അര്‍ജുനനും
ആനന്ദ ചന്ദ്രികയല്ലേ നീ
അഭിലാഷ മഞ്ജരിയല്ലേ നീ
ജയചന്ദ്രനെ മലയാളത്തില്‍ അവതരിപ്പിച്ചതോ ആദ്യകാല ഗാനങ്ങള്‍ നല്‍കിയതോ എം.എസ്. വിശ്വനാഥനല്ല. ദേവരാജന്റെ കളരിയിലാണ് അതെല്ലാം സംഭവിച്ചത്. പക്ഷേ, ജയചന്ദ്രന്റെ സാധ്യതകളെ പുറത്തെടുത്ത ആദ്യ സംഗീതസംവിധായകന്‍ അദ്ദേഹമാണ്. എം.എസ്.വി എന്ന ഉരകല്ലിലാണ് ജയചന്ദ്രന്റെ മാറ്റ് തെളിഞ്ഞത്.
മറ്റു സംഗീതസംവിധായകരും അദ്ദേഹത്തിനു മികച്ച പാട്ടുകള്‍ നല്‍കിയിട്ടില്ലേ? ഉണ്ട്. പക്ഷേ, അതില്‍നിന്നെല്ലാം വ്യത്യസ്തമാണ് എം.എസ്.വി നല്‍കിയ ഗാനങ്ങള്‍. മലയാളത്തിലെ മറ്റെല്ലാ സംഗീതസംവിധായകരും (എം.കെ. അര്‍ജുനന്‍ ഒഴികെ) ഏറ്റവും മികച്ച ഈണങ്ങള്‍ യേശുദാസിനു നല്‍കുകയും തൊട്ടുതാഴെ നില്‍ക്കുന്നവമാത്രം ജയചന്ദ്രനെക്കൊണ്ടു പാടിക്കുകയും ചെയ്തപ്പോള്‍, എം.എസ്. വിശ്വനാഥന്‍ തന്റെ ഏറ്റവും മികച്ച ഈണങ്ങള്‍ പാടാന്‍ തിരഞ്ഞെടുത്തത് ജയചന്ദ്രനെയാണ്. അതാണ് എം.എസ്.വിക്കുള്ള വ്യത്യാസം.
ചലച്ചിത്രഗാന കമ്പനികള്‍ക്ക് ഗായകരെ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന ഒരു കാലമായിരുന്നു അതെന്നോര്‍ക്കണം. സംഗീത കമ്പനികള്‍ മുന്‍ഗണന നല്‍കിയിരുന്നത് യേശുദാസിനുതന്നെയായിരുന്നു. ആ സ്വാധീനത്തെ മറികടക്കാന്‍ എം.എസ്.വിക്കും പൂര്‍ണ്ണമായി കഴിഞ്ഞില്ല. പക്ഷേ, നിലവാരം പരിശോധിക്കുമ്പോള്‍ ജയചന്ദ്രന്‍ പാടിയത് എം.എസ്.വിയുടെ ഏറ്റവും നല്ല മലയാള ഈണങ്ങളാവുന്നു.
സംശയമുള്ളവര്‍ ''നീലഗിരിയുടെ സഖികളേ...'' (പണിതീരാത്ത വീട്), ''സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്പം...'' (ദിവ്യദര്‍ശനം), ''രാജീവനയനേ...'' (ചന്ദ്രകാന്തം) തുടങ്ങിയവ കേട്ടുനോക്കൂ. എം.എസ്.വി മലയാളത്തില്‍ നല്‍കിയ ഏറ്റവും മികച്ച ഈണമെന്നും ജയചന്ദ്രന്‍ ഇതുവരെ പാടിയ ഗാനങ്ങളില്‍ ഏറ്റവും മികച്ചതെന്നും ''സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്പ''ത്തെ വിലയിരുത്തുന്നവരുണ്ട്.
''പ്രേമവൃന്ദാവന ഹേമന്തമേ
നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും
ആ രാഗസോമരസാമൃതം നേടുവാന്‍
ആരായാലും മോഹിക്കും
ആനന്ദ ചന്ദ്രികയല്ലേ നീ
അഭിലാഷ മഞ്ജരിയല്ലേ നീ''
എന്ന ചരണം ജയചന്ദ്രന്‍ ആലപിക്കുന്നതു കേള്‍ക്കുമ്പോള്‍ അല്പമെങ്കിലും പാടാനറിയാവുന്നവര്‍ വിസ്മയിക്കും. കാരണം, എളുപ്പമല്ല ഇതു പാടിയൊപ്പിക്കാന്‍. ചിട്ടകളില്‍ ഊന്നാത്ത അനായാസമായ ജയചന്ദ്രന്റെ ആലാപനം എം.എസ്.വിയുടെ സംഗീതശൈലിയോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നു. ചന്ദ്രകാന്തം, ബാബുമോന്‍, ലങ്കാദഹനം... തുടങ്ങി യേശുദാസിനും ജയചന്ദ്രനുമിടയില്‍ എം.എസ്.വി ഗാനങ്ങള്‍ പങ്കുവച്ച സിനിമകള്‍ പരിശോധിക്കുമ്പോള്‍ ജയചന്ദ്രനോടുള്ള അദ്ദേഹത്തിന്റെ താല്പര്യം കൂടുതല്‍ വ്യക്തമാവും. കൂടുതല്‍ വെല്ലുവിളികളുള്ള പാട്ടുകള്‍ക്കു നിയോഗിക്കപ്പെട്ടത് ജയചന്ദ്രനാണ്. 14 പാട്ടുകളുള്ള ചന്ദ്രകാന്തത്തില്‍ ''രാജീവനയനേ...'' എന്ന ഒറ്റഗാനം മാത്രമാണ് എം.എസ്.വി. ജയചന്ദ്രനു നല്‍കിയത്. ആ സിനിമയിലെ ഏറ്റവും നല്ല മെലഡി. ഈ ഗാനം ജയചന്ദ്രന്റെ സംഗീതജീവിതത്തിലെ നാഴികക്കല്ലുമായി. ഈ ഗാനത്തിന്റെ ആലാപനത്തില്‍ ആകൃഷ്ടനായ എം.ജി.ആര്‍ ഈ ശബ്ദത്തിന്റെ ഉടമയെ തന്റെ അടുത്ത ചിത്രത്തില്‍ പാടിക്കണമെന്ന് എം.എസ്.വിയോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് എം.ജി.ആറിന്റെ 'മധുരമീട്ട സുന്ദര പാണ്ഡ്യന്‍' എന്ന സിനിമയില്‍ ''അമുദത്തമിഴില്‍ എഴുതും കവിതൈ...'' എന്ന സൂപ്പര്‍ ഹിറ്റ് ഡ്യൂയറ്റ് ജയചന്ദ്രനു ലഭിച്ചത് (ഒപ്പം പാടിയത് വാണി ജയറാം),
എം.എസ്. വിശ്വനാഥന്‍ ചെയ്തതുപോലെ ഒരു സംഗീതസംവിധായകനും ജയചന്ദ്രന്റെ പ്രതിഭയെ വെല്ലുവിളിച്ചിട്ടില്ല. ഒരുപക്ഷേ, അന്ന് എം.എസ്.വി ഇത്ര മികച്ച ഗാനങ്ങള്‍ ജയചന്ദ്രനു നല്‍കിയില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ സിദ്ധിയുടെ ഔന്നത്യം തിരിച്ചറിയാതെ പോയേനേ. അവസരങ്ങള്‍ വേട്ടയാടിപ്പിടിക്കാന്‍ ഒട്ടും ശ്രമിക്കാത്ത ജയചന്ദ്രന്റെ സ്വഭാവ പ്രത്യേകത കൂടി കണക്കിലെടുക്കുമ്പോള്‍ അങ്ങനെത്തന്നെ സംഭവിക്കാനാണു സാധ്യത ഏറെ.
എം.എസ്.വിയുടെ സംഗീതത്തിലാണ് ജയചന്ദ്രന് ആദ്യ സംസ്ഥാന അവാര്‍ഡ് (നീലഗിരിയുടെ സഖികളേ-പണിതീരാത്ത വീട്) ലഭിച്ചത്. മലയാളത്തിലെ എക്കാലത്തേയും മികച്ച മെലഡി.
''നിന്റെ നീല വാര്‍മുടിച്ചുരുളിന്റെ
അറ്റത്ത് ഞാനെന്റെ
പൂ കൂടി ചൂടിച്ചോട്ടേ''
എന്നും
''നിന്റെ നാലുകെട്ടിന്റെ
പടിപ്പുര മുറ്റത്ത് ഞാനെന്റെ
മുറികൂടി പണിയിച്ചോട്ടേ''
എന്നും മൂളാത്ത മലയാളികള്‍ ചുരുക്കം. ജീവിക്കാന്‍ മറന്നുപോയ സ്ത്രീ എന്ന സിനിമയിലെ ''അഷ്ടപദിയിലെ നായികേ...'' എന്ന ഗാനവും പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ബാഗേശ്രീ രാഗത്തിന്റെ ചൈതന്യം മുഴുവന്‍ പ്രതിഫലിക്കുന്ന മറ്റൊരു സംഗീതമോ ആലാപനമോ ഇല്ലെന്നു വിലയിരുത്തുന്നവരുണ്ട്. ''മാംസതല്പങ്ങളില്‍ ഫണം വിതിര്‍ത്താടും...'' എന്ന ആദ്യ ചരണമൊക്കെ എത്രയോ ആസ്വാദ്യകരമാണ്!
''അറബിക്കടലിളകി വരുന്നു...'' (മന്ത്രകോടി), ''കര്‍പ്പൂര ദീപത്തിന്‍ കാന്തിയില്‍...'' (ദിവ്യദര്‍ശനം), ''പത്മതീര്‍ത്ഥക്കരയില്‍...'' (ബാബുമോന്‍), ''വന്നാട്ടെ ഓ മൈ ഡിയര്‍ ബട്ടര്‍ഫ്‌ലൈ...'' (പഞ്ചമി), ''കളഭച്ചുമര്‍വെച്ച...'' (അവള്‍ ഒരു തുടര്‍ക്കഥ), ''വിഷാദ സാഗര തിരകള്‍...'' (തീരം തേടുന്ന തിര), ''ആയിരം സുഗന്ധ...'' (വാടക വീട്), ''തിരുവാഭരണം...'' (ലങ്കാദഹനം) തുടങ്ങിയ എം.എസ്.വി ഗാനങ്ങളെല്ലാം തന്നെ ജയചന്ദ്രന്‍ എന്ന ഗായകന്റെ വൈവിധ്യവും പ്രതിഭയും പരീക്ഷിച്ചു വിജയിച്ചവയാണ്.
എം.എസ്.വി തന്നെയാണ് അദ്ദേഹത്തെ തമിഴില്‍ അവതരിപ്പിക്കുന്നത്. 'മണിപ്പയല്‍' (1973) എന്ന സിനിമയിലെ ''തങ്കച്ചിമിഴ് പോല്‍...'' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.
''ഏറ്റവും മികച്ച സംഗീതസംവിധായകന്‍ ആരെന്നു ചോദിച്ചാല്‍ എനിക്ക് ഒരുത്തരമേയുള്ളൂ, ഇന്ത്യയിലല്ല, ഈ പ്രപഞ്ചത്തില്‍ത്തന്നെ, അത് എം.എസ്. വിശ്വനാഥന്‍ ആണ്'' -ജയചന്ദ്രന്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. തന്റെ ഗുരുവായ ദേവരാജനും മേലെയാണ് എം.എസ്.വി എന്നു തുറന്നു പറയാനും അദ്ദേഹം മടികാണിച്ചില്ല.
താരണി മധുമഞ്ചം
നീ വിരിച്ചീടുകില്‍
''ഹൃദയമുരുകി നീ കരയില്ലെങ്കില്‍
കദനം നിറയുമൊരു കഥ പറയാം...''
എം.കെ. അര്‍ജുനന്‍ എന്ന സംഗീതസംവിധായകന്‍ അരങ്ങേറ്റം കുറിക്കുന്ന 'കറുത്ത പൗര്‍ണമി' (1968) എന്ന സിനിമ. അതിലെ ഒന്നിനൊന്നു മനോഹരമായ ഗാനങ്ങള്‍ ചെന്നൈയിലെ വിജയാ ഗാര്‍ഡന്‍സ് സ്റ്റുഡിയോയില്‍ യേശുദാസ് പാടിത്തകര്‍ക്കുമ്പോള്‍ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന കാണികളില്‍ ഒരാളുടെ ഹൃദയമുരുകുന്നുണ്ട്. മനോഹരമായ ഈ ഈണങ്ങളില്‍ ഒന്നുപോലും തനിക്കു പാടാന്‍ കിട്ടിയില്ലല്ലോ എന്നതായിരുന്നു അയാളുടെ സങ്കടം. മറ്റാരുമല്ലത്, ഗായകന്‍ പി. ജയചന്ദ്രന്‍!
ഒരു വര്‍ഷത്തിനുള്ളില്‍ ആ ദുഃഖം മാറി. 'റസ്റ്റ് ഹൗസ്' എന്ന ചിത്രത്തില്‍ അര്‍ജുനന്റെ സംഗീതത്തില്‍ (രചന-ശ്രീകുമാരന്‍ തമ്പി) എസ്. ജാനകിയുമൊത്ത് ''യദുകുല രതിദേവനെവിടെ...'' എന്ന യുഗ്മഗാനം ജയചന്ദ്രന്‍ തകര്‍ത്തുപാടി.
''താരണി മധുമഞ്ചം നീ വിരിച്ചീടുകില്‍
പോരാതിരിക്കുമോ കണ്ണന്‍...'' എന്ന ജയചന്ദ്രാലാപനം ഇന്നും മലയാളിക്കു മധുരമാണ്.
''മാനക്കേടായല്ലോ നാണക്കേടായല്ലോ
മാളികപ്പുറത്തമ്മമാരേ...'' എന്നൊരു തമാശപ്പാട്ടുകൂടി (സി.ഒ. ആന്റോയ്‌ക്കൊപ്പം) ഈ സിനിമയില്‍ ജയചന്ദ്രന് അര്‍ജുനന്‍ നല്‍കി. ഒരുപാടു നല്ല പാട്ടുകള്‍ നമുക്കു സമ്മാനിച്ച ഒരു കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു റസ്റ്റ്ഹൗസ്. ജയചന്ദ്രന്‍ ഒന്നാംതരം ഗായകനാണെന്ന് സംഗീത സംവിധായകരെല്ലാം പറയും. പക്ഷേ, പാട്ടുപാടിക്കുന്ന കാര്യം വരുമ്പോള്‍ അവര്‍ക്കൊക്കെ യേശുദാസിനെ മതി. ഇടയ്ക്ക് ഒന്നോ രണ്ടോ പാട്ട് മാത്രം ജയചന്ദ്രന്. ഏതാണ്ട് അരനൂറ്റാണ്ടായി നാം കണ്ടുകൊണ്ടിരിക്കുകയാണിത്. മലയാളത്തില്‍ ജയചന്ദ്രന്റെ പ്രതിഭയോടു നീതിപുലര്‍ത്തിയ സംഗീതസംവിധായകരില്‍ എം.എസ്.വി കഴിഞ്ഞാ്ല്‍ എം.കെ. അര്‍ജുനനാണ്. ദക്ഷിണേന്ത്യ മുഴുവന്‍ അടക്കിഭരിച്ച എം.എസ്. വിശ്വനാഥനെപ്പോലല്ല ഈ കൊച്ചുകേരളത്തില്‍ മാത്രം വിനീതനായി ജീവിച്ച അര്‍ജുനന്‍ മാസ്റ്ററുടെ കാര്യം. അദ്ദേഹം ജയചന്ദ്രനോടു കാണിച്ച വാത്സല്യത്തിനും വിശ്വാസത്തിനും വിലയൊന്നു വേറെയാണ്. തന്റെ മികച്ച ഈണങ്ങള്‍ നല്‍കി യേശുദാസിനൊപ്പം, ചിലപ്പോള്‍ അതിലേറെയും ജയചന്ദ്രനെ അദ്ദേഹം പരിഗണിച്ചു. സി.ഐ.ഡി നസീര്‍ എന്ന ചിത്രത്തിലെ
''നിന്‍ മണിയറയിലെ നിര്‍മല ശയ്യയിലെ
നീലനീരാളമായ് ഞാന്‍ മാറിയെങ്കില്‍
ചന്ദനമണമൂറും നിന്‍ദേഹ മലര്‍വള്ളി
എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ...'' എന്ന ഒറ്റപ്പാട്ടു മതി അര്‍ജുനന്‍ മാസ്റ്റര്‍ക്കു ജയചന്ദ്രനിലുള്ള വിശ്വാസം അളക്കാന്‍. ഗാനമേളകളിലൊക്കെ ആളുകള്‍ പാടാന്‍ ധൈര്യപ്പെടാത്ത, സംഗീതത്തിന്റെ സൂക്ഷ്മസൗന്ദര്യങ്ങള്‍ ഉള്‍ച്ചേരുന്ന ഈ ഗാനം പാടാന്‍ ഒരു ശാസ്ത്രീയ ശിക്ഷണവും ഇല്ലാത്ത ഒരാളെ നിയോഗിച്ചതിലും വലിയ ധൈര്യമെന്താണ്. സാമാന്യം ഉയര്‍ന്ന സ്ഥായിയിലുള്ള ഈ ഈണം എത്രയോ ഗംഭീരമായാണ് ജയചന്ദ്രന്‍ പാടി നല്‍കിയിരിക്കുന്നത്. 'എത്ര കേട്ടാലും മതിവരാത്ത' എന്ന പ്രയോഗമൊക്കെ വിശേഷണമല്ലാതാവുന്നത് ഇവിടെയാണ്!
''മല്ലികപ്പൂവിന്‍ മധുരഗന്ധം...'' (ഹണിമൂണ്‍), ''ശില്പികള്‍ നമ്മള്‍...'' (പിക്നിക്), ''ചന്ദ്രോദയം കണ്ടു കൈകൂപ്പി...'' (സിന്ധു), ''പകല്‍ വിളക്കണയുന്നു...'' (ഇതു മനുഷ്യനോ), ''നന്ത്യാര്‍വട്ട പൂചിരിച്ചു...'' (പൂന്തേനരുവി), ''നക്ഷത്രമണ്ഡല നടതുറന്നു...'' (പഞ്ചവടി), ''മുത്തു കിലുങ്ങി...'' (അജ്ഞാതവാസം), ''മലരമ്പനറിഞ്ഞില്ല...'' (രക്തപുഷ്പം), ''തരിവളകള്‍...'' (ചട്ടമ്പിക്കല്യാണി), ''സ്വപ്നഹാരമണിഞ്ഞെത്തും...'' (പിക്‌പോക്കറ്റ്), ''നീലത്തടാകത്തിലെ...'' (സ്വിമ്മിങ്പൂള്‍), ''പഞ്ചവടിയിലെ വിജയശ്രീയോ...'' (പത്യൂഹം), ''തങ്കക്കുടമേ...'' (പൂന്തേനരുവി), ''സ്വരങ്ങള്‍ നിന്‍പ്രിയ...'' (കന്യാദാനം), ''സങ്കല്പത്തില്‍ തങ്കരഥത്തില്‍...'' (സി.ഐ.ഡി നസീര്‍) തുടങ്ങി എത്രയോ മധുരമനോജ്ഞ ഗാനങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു (ഇവയില്‍ ഭൂരിപക്ഷത്തിന്റേയും രചന ശ്രീകുമാരന്‍തമ്പി ആയിരുന്നു എന്ന കൗതുകവും ഉണ്ട്).
അര്‍ദ്ധശാസ്ത്രീയം, ലളിതം, ശോകം, യുഗ്മം, ഹാസ്യം... അങ്ങനെ എല്ലാ ശ്രേണിയിലും പെട്ട പാട്ടുകള്‍ മേല്‍പ്പറഞ്ഞ പട്ടികയിലുണ്ട്. ഒരു പൂര്‍ണ്ണഗായകന്‍ എന്ന വ്യക്തിത്വത്തിലേയ്ക്ക് ജയചന്ദ്രനു വളരാന്‍ ഈ വ്യത്യസ്തത വലിയ ഗുണം ചെയ്തു.
അവസാന കാലത്ത് അര്‍ജുനന്‍ മാസ്റ്റര്‍ ചെയ്ത 'നായിക' (നനയും നിന്‍മിഴിയോരം...), '101 ചോദ്യങ്ങള്‍' (ദൂരെ ദൂരെ ദൂരെ...) തുടങ്ങിയ ചിത്രങ്ങളിലും ജയചന്ദ്രന്‍ പാടി.
ആലാപനത്തിലൂടെ ഭാവം പകരാനുള്ള കഴിവാണ് യേശുദാസില്‍നിന്ന് ജയചന്ദ്രനെ വേറിട്ടു നിര്‍ത്തുന്ന പ്രത്യേകത. യേശുദാസ് തന്റെ പാട്ടിലേയ്ക്ക് ആസ്വാദകനെ ആവാഹിക്കുമ്പോള്‍ ജയചന്ദ്രന്റെ പാട്ട് കേള്‍വിക്കാരനില്‍ ലയിക്കുന്നു. ഭാവമാണ് ഈ ലയത്തിന്റെ കാതല്‍. ഈ സവിശേഷത കണ്ടറിഞ്ഞ് ജയചന്ദ്രനെ ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് എം.കെ. അര്‍ജുനനോടു ഭാവഗാനങ്ങളെ സ്‌നേഹിക്കുന്നവര്‍ കടപ്പെട്ടിരിക്കുന്നത്.
ജയചന്ദ്രന് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ നല്‍കിയ ദേവരാജനെ ഈ കുറിപ്പില്‍ പരാമര്‍ശിക്കാത്തത് എന്ത് എന്നു സംശയിച്ചേക്കാം. ദേവരാജന്‍ എണ്ണത്തില്‍ മുന്നിലാണെങ്കിലും അദ്ദേഹം എന്നും യേശുദാസിന്റെ നിഴലില്‍ മാത്രമേ ജയചന്ദ്രനെ നിര്‍ത്തിയിട്ടുള്ളൂ. ഒന്നാംതരം ഈണങ്ങളെല്ലാം സംശയത്തിനിടയില്ലാത്തവണ്ണം യേശുദാസിനു നല്‍കി. പക്ഷേ, എം.എസ്.വിയും അര്‍ജുനനും ജയചന്ദ്രനെ യേശുദാസിന്റെ നിഴലില്‍ നിര്‍ത്തിയില്ല.
സംഗീതസംവിധായകര്‍ മാത്രമല്ല, ഗാനരചയിതാക്കളുടെ കാര്യമെടുക്കുമ്പോഴും ഈ മാറ്റിനിര്‍ത്തല്‍ കാണാന്‍ കഴിയും. വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി... തുടങ്ങി അതതു കാലത്തു മുന്‍നിരക്കാരായിരുന്നവരുടെ പാട്ടുകള്‍ കുറച്ചേ ജയചന്ദ്രനു കിട്ടിയിട്ടൂള്ളൂ. ശ്രീകുമാരന്‍ തമ്പിയാണ് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ അദ്ദേഹത്തിനു നല്‍കിയത്. രണ്ടാംസ്ഥാനത്ത് പൂവച്ചല്‍ ഖാദര്‍. സംവിധായകരുടേയും നിര്‍മ്മാണക്കമ്പനികളുടേയും കാര്യമെടുത്താലും ഇങ്ങനെത്തന്നെ. അതതു കാലത്തെ സൂപ്പര്‍ സംവിധായകരും നിര്‍മ്മാണ ബാനറുകളുമൊന്നും അദ്ദേഹത്തെ അര്‍ഹമാംവിധം പരിഗണിച്ചിട്ടില്ല. രണ്ടാംനിരയിലേയും മൂന്നാംനിരയിലേയും ബാനറുകളുടെ പാട്ടുകളാണ് അദ്ദേഹം കൂടുതല്‍ പാടിയത്. ഭാവഗാനങ്ങളെ സ്‌നേഹിച്ചിരുന്ന ഈ നാട്ടിലെ മനുഷ്യരുടെ മനസ്സിലായിരുന്നു അദ്ദേഹത്തിന് ഒന്നാംസ്ഥാനം. അവരുടെ ഹൃദയം അദ്ദേഹം കീഴടക്കി, കാരണം മറ്റേതു ഗായകരെക്കാള്‍ ഹൃദയത്തില്‍നിന്നാണ് ജയചന്ദ്രന്‍ പാടിയത്. തലച്ചോറില്‍നിന്നായിരുന്നില്ല. ജീവിച്ചതും അങ്ങനെത്തന്നെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates