ഇങ്ങനെ പറയാൻ തുടങ്ങിയാൽ എത്രയെത്ര കഥകൾ...വി.എസിനൊപ്പമുള്ള ആ വിവാദകാലത്തെക്കുറിച്ച്

Illustration
വി.എസ്സമകാലിക മലയാളം
Updated on
10 min read

വിഎസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയും പ്രതിപക്ഷ നേതാവായിരിക്കെയും രണ്ടു വർഷവും അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫിൽ അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നത് വലിയ വിസ്മയം തന്നെയാണ്. രക്തമർദം അസാധാരണമായി കൂടുകയും അതിനുള്ള ഗുളിക നിർബന്ധമാവുകയും ചെയ്തത് അക്കാലത്താണ്.

വാസ്തവത്തിൽ വി.എസ്സിനോട് ആദ്യകാലത്ത് അല്പം അനിഷ്ടമുണ്ടായിരുന്നു. അതിനു കാരണം എം.വി.ആർ എന്ന പ്രിയപ്പെട്ട നേതാവിനെ പാർട്ടിയിൽ നിലനിർത്താൻ അദ്ദേഹം ശ്രമിച്ചില്ല എന്ന തോന്നലാണ്. എഴുപതുകളുടെ മധ്യത്തിൽ, അതായത് അടിയാന്തരാവസ്ഥയ്ക്ക് തൊട്ടുമുന്‍പ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച എന്നെപ്പോലുള്ളവർക്ക് ആവേശവും പ്രചോദനവും എം.വി.ആർ തന്നെയായിരുന്നു.

കോൺഗ്രസ്സുകാർ അക്കാലത്ത് വിളിച്ചുകൊണ്ടിരുന്ന മുദ്രാവാക്യം “നാട്ടുകാരെ സൂക്ഷിച്ചോ തെങ്ങിന് പൊത്തല് കെട്ടിക്കോ മാടായിമാടൻ വരുന്നുണ്ട്” എന്നായിരുന്നു. പ്രസംഗംകൊണ്ടും ഇടപെടൽകൊണ്ടും നേതൃശേഷികൊണ്ടും കാര്യക്ഷമതകൊണ്ടും ഏറ്റവും മികച്ച രാഷ്ട്രീയ പ്രതിഭയായി തോന്നിയത് എം.വി.ആർ തന്നെയായിരുന്നു. ആ എം.വി.ആറിനേയും പ്രിയപ്പെട്ട പാട്യം രാജേട്ടനടക്കമുള്ളവരെയും പാർട്ടിയിൽനിന്നു പുറത്തേയ്ക്കു തള്ളുന്നതിനു പിന്നിൽ വി.എസ്സാണെന്ന തോന്നലുണ്ടായിരുന്നു, ശക്തമായിത്തന്നെ.

അതേസമയം എം.വി. രാഘവന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ബദൽരേഖയോട് തീരെ യോജിപ്പുണ്ടായിരുന്നില്ല. ഇപ്പോഴും ആ രേഖ കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ലെങ്കിലും അതിലെ ഉള്ളടക്കമെന്ന നിലയിൽ പുറത്തുവന്ന കാര്യങ്ങളിൽ പ്രധാനം മുസ്‌ലിംലീഗുമായുള്ള ബന്ധമാണല്ലോ. ആ ബന്ധം ഹിന്ദുത്വ വർഗീയതയുടെ വ്യാപനത്തിനു സഹായകമാകുന്നുവെന്നത് വസ്തുനിഷ്ഠമായ കാര്യമാണ്. അധികാരത്തിനുവേണ്ടി മുസ്‌ലിംലീഗുമായി സഖ്യമുണ്ടാക്കുന്നത് താൽക്കാലികമായി പ്രയോജനകരവും അടവുപരമായി നേട്ടമുണ്ടാക്കുന്നതും പിടിച്ചുനിൽക്കാൻപോലും അനിവാര്യമാണെന്നുവന്നാൽപോലും ദീർഘകാലികമായി വലിയ വിലകൊടുക്കേണ്ടി വരുന്നതാണെന്ന തോന്നലാണ് അക്കാലത്തേ മനസ്സിലുണ്ടായത്. അതിനാൽ ബദൽരേഖയ്ക്കെതിരായ പാർട്ടി നേതൃത്വത്തിന്റെ നിലപാടിനൊപ്പം ഉറച്ചുനിന്നു. എന്നാൽ, അപ്പോഴും എം.വി.ആറിനോടുള്ള ആഭിമുഖ്യം മനസ്സിലുണ്ടായിരുന്നു. പിൽക്കാലത്ത് എം.വി. രാഘവനെതിരെ ഏറ്റവും കൂടുതൽ, ഒരുപക്ഷേ, ഏറ്റവും ശക്തമായി എഴുതിയത്- തുടർച്ചയായി ഒരു പോരാട്ടമെന്നപോലെ എഴുതിയത് ഈ ലേഖകനാണ്. പക്ഷേ, അന്നും എം.വി.ആറിന്റെ നേതൃവൈഭവത്തിൽ സംശയലേശമേയുണ്ടായില്ല.

അങ്ങനെയുള്ള എം.വി.ആറിനെ തെറ്റുതിരുത്തി പാർട്ടിയിൽ നിലനിർത്താമായിരുന്നില്ലേ എന്നതാണ് വി. എസ്സിനോടുള്ള വിപ്രതിപത്തിയുടെ അടിസ്ഥാനം. എന്നാൽ, പിന്നെപ്പിന്നെ രാഷ്ട്രീയാദർശങ്ങളിൽ വി.എസ്. പുലർത്തുന്ന സ്ഥൈര്യം ബോധ്യപ്പെട്ടു. വിഭാഗീയതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പലതവണ ചർച്ച ചെയ്യപ്പെട്ടതും ഇപ്പോൾ അടഞ്ഞ അധ്യായങ്ങളും ആയതിനാൽ അതിലേയ്ക്ക് കടക്കുന്നില്ല.

Image of VS Achuthanandan
വി.എസ്സമകാലിക മലയാളം വാരിക

പ്രസ് സെക്രട്ടറിയായ കാലം

ദേശാഭിമാനിയുടെ കണ്ണൂർ ബ്യൂറോ ചീഫായി ഏറ്റവുമധികകാലം പ്രവർത്തിച്ചവരിലൊരാളാണ് ഞാൻ. 1991 മുതൽ 2004 വരെ. അതിൽ ഏഴെട്ടു മാസത്തെ ഇടവേളയുണ്ട്. 2004-ൽ ദേശാഭിമാനി വാരികയുടെ എഡിറ്റർ ഇൻചാർജായ സിദ്ധാർഥൻ പരുത്തിക്കാട് വിരമിക്കുമ്പോൾ ആ സ്ഥാനത്തേയ്ക്ക് എന്നെ തീരുമാനിച്ചത് പാർട്ടി സംസ്ഥാന കമ്മിറ്റിയാണ്. കണ്ണൂർ ബ്യൂറോ ചീഫായി ഞാൻ സ്ഥിരമായി തുടരുന്നത് മറ്റുള്ളവരുടെ അവസരം ഇല്ലാതാക്കുന്നുവെന്ന ശരിയായ വിമർശം പരസ്യമായല്ലെങ്കിലും ഉണ്ടായിരുന്നു. പത്രത്തിലെ ഡസ്‌കിൽ എനിക്ക് പരിചയക്കുറവുള്ളതിനാലും രാത്രി പ്രശ്നവുമുള്ളതിനാൽ ഞാൻ ബ്യൂറോയിൽ തുടരുകയായിരുന്നു- പാർട്ടി നേതൃത്വത്തിനും ഞാൻ തുടരണമെന്നായിരുന്നു അഭിപ്രായം. പക്ഷേ, അതിനും ഒരതിരുണ്ടല്ലോ എന്ന് എനിക്കുതന്നെ ബോധ്യമുണ്ടായിരുന്നു, അതിനാൽ സിദ്ധാർഥൻ വിരമിക്കുമ്പോൾ എന്നെ പരിഗണിക്കണമെന്നു ഞാൻ ജനറൽ മാനേജരായ പി. കരുണാകരനോട് പറഞ്ഞു. ഏറ്റവും കൂടുതൽ രാഷ്ട്രീയപ്രശ്നങ്ങളുള്ള ജില്ലയെന്ന നിലയിൽ കണ്ണൂരിൽനിന്ന് എന്നെ മാറ്റാൻ ജി.എമ്മിനു താല്പര്യമുണ്ടായിരുന്നില്ല.

എന്നാൽ, സാഹത്യതല്പരനും വാരികയിൽ രണ്ടുമൂന്നു കൊല്ലത്തെ പ്രവർത്തന പരിചയവുമുള്ളയാൾ എന്ന നിലയിൽ എന്നെത്തന്നെ വാരിക എഡിറ്റർ ഇൻചാർജായി നിയോഗിച്ചു. 2004-ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയ കാലമാണത്. നിയമനം ഏപ്രിൽ ഒന്നുമുതലാണെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് മെയ് 19-ന് ചുമതലയേറ്റാൽ മതിയെന്നാണ് നിർദേശിച്ചത്.

ഞാൻ കോഴിക്കോട്ടുപോയി ചാർജെടുത്ത അതേദിവസം, മെയ് 19-നു വൈകിട്ടാണ് ഇ.കെ. നായനാർ അന്തരിച്ചത്. പിറ്റേന്നു കാലത്തു മുതൽ കോഴിക്കോട്ടുനിന്ന് കണ്ണൂർ പയ്യാമ്പലംവരെ വിലപയാത്രയോടൊപ്പം സഞ്ചരിച്ച് വാർത്ത തയ്യാറാക്കിയതും ഞാനാണ്. നായനാരെക്കുറിച്ചുള്ള പ്രത്യേകപതിപ്പാണ് വാരികയുടെ ചുമതലയേറ്റശേഷം ആദ്യമായി എനിക്ക് ഇറക്കേണ്ടിവന്നത്... ഇത്തരത്തിൽ കടന്നുപാകുന്നതിനിടയിൽ പത്രത്തിലെ ആക്ഷേപഹാസ്യ പംക്തിയായ ‘അറകൾ ഉള്ളറകൾ’ കാണി എന്ന പേരിൽ ഞാൻ തുടരുന്നുണ്ടായിരുന്നു. ദേശാഭിമാനിയുടെ കണ്ണൂർ എഡിഷനിൽ 1994-ൽ ആരംഭിച്ച ആ പംക്തി 1998-ൽ വി.എസ്. പത്രാധിപരായതോടെയാണ് സംസ്ഥാനത്തെ എല്ലാ എഡിഷനുമുള്ള പംക്തിയാക്കി മാറ്റിയത്. വാസ്തവത്തിൽ ‘അറകൾ ഉള്ളറകൾ’, ‘കാണി’ എന്നീ പേരുകളുടെ ഉപജ്ഞാതാവ് തൃശൂരിലും പിന്നീട് ആലപ്പുഴയിലും ബ്യൂറോ ചീഫായിരുന്ന പി.വി. പങ്കജാക്ഷനാണ്. കണ്ണൂരിൽ പുതിയ എഡിഷൻ തുടങ്ങുമ്പോൾ അസിസ്റ്റന്റ് എഡിറ്ററായ അപ്പുക്കുട്ടൻ വള്ളിക്കുന്നാണ് ഈ പേരുകളോടെ പംക്തി തുടങ്ങിച്ചത്. പക്ഷേ, വി.എസ്. ചീഫ് എഡിറ്ററായതോടെ ആ പംക്തി ജനറലാക്കിയതോടെ പങ്കജാക്ഷൻ പരാതിപ്പെട്ടു. പാർട്ടി സംസ്ഥാന കമ്മിറ്റിക്കും പരാതി നൽകി. സംസ്ഥാന സെക്രട്ടറി പിണറായി എന്നെ വിളിച്ച് കാര്യം തിരക്കുകയും കാര്യമറിഞ്ഞപ്പോൾ ചിരിക്കുകയും ചെയ്തു. ചീഫ് എഡിറ്ററായ വി.എസ്സാകട്ടെ, വിളിച്ച് പംക്തി തുടരാനും വിമർശങ്ങൾ കൂടുതൽ മൂർഛിപ്പിക്കാനും നിർദേശിക്കുകയായിരുന്നു. എഡിറ്റോറിയൽ പേജ് കൈകാര്യം ചെയ്ത ജി. ശക്തിധരനും പിന്നീട് ആ ചുമതലയിലെത്തിയ എസ്.ആർ. ശക്തിധരനും വലിയ പ്രോത്സാഹനം നൽകി.

Image of VS achuthanandan
വി.എസ്സമകാലിക മലയാളം

വി.എസിന്റെ ചോദ്യം: ബാലകൃഷ്ണനാണോ കാണി...

ഇങ്ങനെയൊക്കെ വലിയ ആമുഖം പറഞ്ഞുവന്നത് വി.എസ്സിന്റെ പ്രസ് സെക്രട്ടറി സ്ഥാനം സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലെത്താനാണ്. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി വി.എസ്. ചുമതലയേറ്റ് അധികം കഴിയുന്നതിനു മുന്‍പ് ഒരു ദിവസം കണ്ണൂരിൽ ന്യൂസ് എഡിറ്റർമാരുടേയും ബ്യൂറോ ചീഫുമാരുടേയും യോഗം വിളിച്ചു. തിരുവനന്തപുരത്താണ് എന്നാണോർമ. വി.എസ്. മിക്കപ്പോഴും ശ്രദ്ധിക്കാതെ ഉറക്കമാണെന്നാണ് തോന്നിയത്. കണ്ണൂരിന്റെ ഊഴമെത്തി, ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ പെട്ടെന്ന് വി.എസ്സിന്റെ ചോദ്യം. നിങ്ങൾ കണ്ണൂരിൽ ആ നാസറുദ്ദീന്റെ സംഘടനയുടെ വാർത്തകൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നാണല്ലോ പരാതി. എ. കണാരൻ പറഞ്ഞല്ലോ... ഞാൻ വിസ്മയിച്ചു... ഉറങ്ങുകയായിരുന്ന വി.എസ്. കണ്ണു തുറക്കാതെതന്നെ പറയുകയാണ്. ഞാൻ അതിനു മറുപടി പറഞ്ഞത് കുറ്റബോധത്തോടെയല്ല, ന്യായീകരിച്ചാണ്. ഞാൻ പറഞ്ഞു- നമ്മുടെയടക്കം മഹാഭൂരിപക്ഷം കച്ചവടക്കാരും വ്യാപാരി വ്യവസായി ഏകോപന സമിതിയിലാണ്, വ്യാപാരി വ്യവസായി സമിതിയിൽ വളരെ കുറച്ചുപേരേ ഇപ്പോഴുള്ളൂ. പിന്നെ നമ്മുടേത് പൊതു പത്രംകൂടിയാണല്ലോ. ആയിരക്കണക്കിനാളുകൾ ചേർന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാർത്ത അതിന്റെ പ്രാധാന്യത്തിനനുസരിച്ച് കൊടുക്കാതിരിക്കാനാവുമോ... എന്റെ ചോദ്യം വി.എസ്സിനെ പ്രകോപിപ്പിക്കുമെന്നാണ് കരുതിയത്. പക്ഷേ, വി.എസ്. പറഞ്ഞു, അങ്ങനെയാവട്ടെ പക്ഷേ, സിമിതിക്കാരുടേതും കൊടുക്കണം. അവർക്ക് പരാതി പറയാനിടയാക്കരുത്...

കണ്ണടച്ചിരിക്കുമ്പോഴും വി.എസ്. ജാഗരൂകനാണെന്നു മനസ്സിലായി. കണ്ണൂർ ബ്യൂറോയിൽ പ്രവർത്തിക്കുമ്പോൾ ഒരു ദിവസം വി.എസ്. വിളിച്ചു. ബാലകൃഷ്ണനാണോ കാണി... അതേ എന്നു മറുപടി പറഞ്ഞപ്പോൾ വി.എസ്. ക്ഷോഭിച്ചിട്ടെന്നപോലെ പറയുകയാണ്, ഇന്നു താൻ ‘അറകൾ ഉള്ളറകളി’ൽ നടേശനെപ്പറ്റി എഴുതിയതിൽ ഒരു മുള്ളുംമുനയുമൊന്നുമില്ലല്ലോ.. താനെന്താ അയാളെ പേടിച്ചാണോ എഴുതിയത്... ആ പേടിയൊക്കെ അങ്ങ് കളഞ്ഞേക്ക്... എന്നും പറഞ്ഞ് മറുപടിയൊന്നും കേൾക്കാതെ വി.എസ്. ഫോൺവെച്ചു. നേരത്തെ വെള്ളാപ്പള്ളിയുമായി നല്ല ബന്ധത്തിലായിരുന്ന വി.എസ്. ആ കാലത്ത് വെള്ളാപ്പള്ളിയുമായി തെറ്റിത്തുടങ്ങിയിരുന്നു. പിന്നീട് വി.എസ്. വിളിക്കുന്നത് 2004-ലെ ഒരു ദിവസമാണെന്നാണ് ഓർമ. ചന്ദന മാഫിയക്കെതിരെ വി.എസ്. ആഞ്ഞടിക്കാൻ തുടങ്ങിയ കാലം. കണ്ണൂർ ജില്ലയിലെ ചന്ദനത്തൈല ഫാക്ടറി പ്രവർത്തിക്കുന്ന ചില കേന്ദ്രങ്ങളിൽ സന്ദർശനം നടത്താൻ അദ്ദേഹം വരുന്നു, അതിനു മുന്‍പായി ചില വിവരങ്ങൾ ശേഖരിച്ചു നൽകണം. കണ്ണൂരിൽ വരുമ്പോൾ ഒപ്പമുണ്ടാകണം. അതെല്ലാം കഴിഞ്ഞ് ഒരു ദിവസം എ.പി. അബ്ദുള്ളക്കുട്ടി വിളിച്ചു. അബ്ദുള്ളക്കുട്ടി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്ന സംസ്ഥാന സമ്മേളനം-കണ്ണൂർ സാധുകല്ല്യാണ മണ്ഡപത്തിൽ. അതിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് വി.എസ്സാണ്. സമ്മേളനമെല്ലാം കഴിഞ്ഞശേഷമാണ് അബ്ദുള്ളക്കുട്ടി വിളിക്കുന്നത്. ബാലകൃഷ്ണേട്ടനെ കാണണമെന്ന് വി.എസ്. പറഞ്ഞു. ഗസ്റ്റ്ഹൗസിൽ പോകണം... ഗസ്റ്റ് ഹൗസിൽപോയി. അടുത്ത ദിവസം നൽകാനുള്ള ഒരു പ്രസ്താവന ശരിയാക്കാനാണ് വിളിച്ചത്... അടുത്ത വർഷമാകുമ്പോഴേക്കും ഞാൻ കോഴിക്കോട്ട് ദേശാഭിമാനി വാരികയിലായി. ദേശാഭിമാനി ഓണപ്പതിപ്പിന്റേയും മറ്റു വിശേഷാൽ പ്രതികളുടേയും ചുമതലയും വാരിക എഡിറ്റർക്കാണ്. നേതാക്കളുടെ ലേഖനം ഓണപ്പതിപ്പിലും മറ്റു പ്രധാന വിശേഷാൽ പ്രതികളിലും നൽകാറുണ്ട്. പ്രസ്സിലേയ്ക്ക് വിടേണ്ടതിന്റെ തലേദിവസവും വി.എസ്സിന്റെ ലേഖനം കിട്ടാത്തതിനാൽ ഞാൻ വിളിച്ചു. ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിവെച്ച് താൻ ഒരു ലേഖനം എഴുതിക്കോ എന്നും പറഞ്ഞ് കുറേ പോയിന്റുകൾ വി.എസ്. പറഞ്ഞു. രണ്ടോ മൂന്നോ പേജുള്ള ലേഖനം ഞാൻ എഴുതിച്ചേർത്തു... അടുത്ത വർഷവും അങ്ങനെത്തന്നെ... പോയിന്റുകൾ പറഞ്ഞുകൊടുക്കുകയും ലേഖനം എഴുതിക്കഴിഞ്ഞാൽ വായിച്ചു നോക്കുകയും അതിൽ തിരുത്തു വരുത്തുകയും വി.എസ്സിന്റെ രീതിയാണ്. അതു വായിച്ചു കഴിയണമെങ്കിൽ ഒരുപാട് സമയമെടുക്കും. അതിൽ വരുത്തുന്ന തിരുത്തുകൾ മനോഹരമായ കയ്യെഴുത്തിൽ വളരെ പ്രസക്തമാവുകയും ചെയ്യും. എന്നാൽ, അങ്ങനെ വായിപ്പിക്കാനും തിരുത്തിക്കാനും എനിക്ക് സാവകാശമുണ്ടായിരുന്നില്ല. വി.എസ്സുമായി പലതവണയൊന്നും ഫോണിൽ സംസാരിച്ചിട്ടില്ല. കാരണം എന്റെ സംസാരത്തിന്റെ സ്പീഡ്, കണ്ണൂർ ഭാഷ അതൊന്നും വി.എസ്സിന് അത്ര പഥ്യമല്ല!

2006-ലെ തെരഞ്ഞെടുപ്പിൽ വി.എസ്. സ്ഥാനാർത്ഥിയായതും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പാർട്ടിക്കകത്തെ പ്രശ്നങ്ങൾ മൂർച്ഛിപ്പിച്ചിരുന്നുവല്ലോ. 2005-ലെ മലപ്പുറം സമ്മേളനവും ആ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന ജില്ലാ സമ്മേളനങ്ങളും വിഭാഗീയതയാൽ പ്രക്ഷുബ്ധമായിരുന്നല്ലോ. ഇത്തരമൊരു പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി പ്രവർത്തിക്കുക ശ്രമകരമാണെന്ന് അറിയാമായിരുന്നു, വലിയ അപകടങ്ങളിൽ ചെന്നുചാടാനോ തള്ളിയിടപ്പെടാനോ സാധ്യതയുണ്ടെന്നതും അറിയാതെയല്ല. വി.എസ്സിനൊപ്പം പ്രവർത്തിക്കുന്നവരിലും പ്രവർത്തിച്ചവരിലും ആശയപരമെങ്കിലും വ്യക്തിത്വ ആരാധനാപരമായ സമീപനമുള്ളവർ ചിലരുണ്ടായിരുന്നുവെന്നത് ആക്ഷേപമായി ഉയർന്നിരുന്നു. അത് വി.എസ്സിന്റെ കാര്യത്തിൽ മാത്രമല്ല, നേതാക്കളുടേയും ഭരണാധികാരികളുടേയും കാര്യത്തിൽ അസാധാരണവുമല്ല. ഭരണപരമായ കൃത്യതയും ഒപ്പം പാർട്ടി താല്പര്യവും സംയോജിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുകയാണ് മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ പേഴ്‌സണൽ സ്റ്റാഫിന്റെ ചുമതല. ഇത്തരത്തിൽ സങ്കീർണമായ സാഹചര്യത്തിലാണ് വി.എസ്സിന്റെ പ്രസ് സെക്രട്ടറിയാകാൻ നിയോഗമുണ്ടായത്. എന്തും വരട്ടെ എന്ന ധൈര്യത്തോടെ ആ ചുമതല ഏറ്റെടുത്തു. ആദ്യദിവസം മുതൽ പ്രശ്നങ്ങളുണ്ടായെന്നു പറയാം. പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്സിനൊപ്പം അകത്തും പുറത്തുമായി പ്രവർത്തിച്ചവരിൽനിന്നു പൂർണമായും മുക്തമായിരുന്നില്ല സാഹചര്യങ്ങൾ. പൊളിറ്റിക്കൽ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും അറിയാതെ ഒരു ഔദ്യോഗിക പത്രക്കുറിപ്പ് വന്നതുമായി ബന്ധപ്പെട്ടാണ് ആദ്യം പ്രശ്നമുണ്ടായത്. അതൊരു പാഠമാണെന്നതിനാൽ പിന്നീട് ആവർത്തിക്കപ്പെട്ടില്ല. പാർട്ടിയിലെ വിവാദങ്ങൾ സർക്കാരുമായി കൂട്ടുപിണയുമ്പോഴുണ്ടാകുന്ന പ്രതിസന്ധിയും ധർമസങ്കടവും എത്രമാത്രം സമ്മർദമുണ്ടാക്കാം.

Image of VS Achuthanadan
വി.എസിന്റെ അഭിവാദ്യം BP DEEPU

പ്രതിസന്ധിയും ധര്‍മ്മസങ്കടവും

ബുധനാഴ്ചകളിലാണ് രക്തസമ്മർദം വല്ലാതെ കൂടുക. അന്നാണ് മന്ത്രിസഭായോഗം. മന്ത്രിസഭായോഗം കഴിഞ്ഞാൽ തീരുമാനങ്ങൾ വിശദീകരിക്കുന്ന പത്രസമ്മേളനം 1996-ലെ നായനാർ സർക്കാരിന്റെ കാലത്താണ് പതിവായിത്തീർന്നത്. വി.എസ്. മുഖ്യമന്ത്രിയായി പ്രവർത്തിച്ച അഞ്ചു വർഷവും പതിവു തെറ്റിച്ചില്ല. ഇപ്പോൾ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഉടൻത്തന്നെ പത്രക്കുറിപ്പായി ഇറക്കുകയാണ്. നായനാർ മുഖ്യമന്ത്രിയായിരിക്കെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്ന പത്രസമ്മേളനത്തിൽ മുതിർന്ന മന്ത്രിമാരായ ബേബി ജോണോ ഇ. ചന്ദ്രശേഖരൻ നായരോ സഹായിക്കാൻ ഒന്നിച്ചുണ്ടാകും. ചീഫ് സെക്രട്ടറിയും. വി.എസ്. മുഖ്യമന്ത്രിയായി കുറേ ആഴ്ച കഴിഞ്ഞശേഷം പത്രസമ്മേളനം സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്കിലുള്ള പി.ആർ. ചേമ്പറിലേക്ക് മാറ്റി. യോഗം കഴിഞ്ഞ് തിരിച്ചുവന്നാൽ ചീഫ് സെക്രട്ടറിയാണ് തീരുമാനങ്ങൾ പറയുക. പ്രൈവറ്റ് സെക്രട്ടറി കാബിനറ്റ് നോട്ട് നോക്കി പാസ്സായ കാര്യങ്ങളേതെന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കും. വിശദീകരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ചെറിയൊരു ചർച്ച നടക്കും. മുഖ്യമന്ത്രി ആവശ്യമായ നിർദേശം നൽകും. ഏതെങ്കിലും വകുപ്പുകളുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളുണ്ടെങ്കിൽ അത് ആ മന്ത്രിതന്നെ വന്നു വിശദീകരിച്ചുതരും. ഇത് അതിവേഗം എഴുതി തയ്യാറാക്കൽ ശ്രമകരമാണ്. ആ കുറിപ്പ് വായനയാണ് പത്രസമ്മേളനത്തിന്റെ ആദ്യഘട്ടം. അതിന്റെ വിശദീകരണം ചോദ്യോത്തരങ്ങളായി രണ്ടാംഭാഗം. കൂടുതൽ വിവരങ്ങളും കണക്കുകളും വേണമെങ്കിൽ ലഭ്യമാക്കൽ പ്രസ് സെക്രട്ടറിയുടെ ചുമതലയാണ്. യോഗതീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് വിവാദത്തിലേയ്ക്ക് വഴിതുറന്നേക്കാവുന്ന ചോദ്യങ്ങളുടെ പ്രവാഹമുണ്ടാവുക. പത്രത്തിലൊന്നും എഴുതാത്ത, അഥവാ അങ്ങനെ പത്രമൊന്നുമില്ലാത്ത ചില പ്രൊഫഷണൽ ചോദ്യക്കാർ പോലുമുണ്ടാകാറുണ്ട് എക്കാലത്തും. ഇപ്പോഴും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പത്രസമ്മേളനങ്ങളിൽ സ്ഥിരം ചോദ്യക്കാർ-ആസൂത്രിത ചോദ്യക്കാർ ഏറെയാണല്ലോ...

പാർട്ടിയിലെ വിഭാഗീയതയുടെ കനലണയാത്ത ആദ്യഘട്ടത്തിൽ പത്രസമ്മേളനത്തിൽ എന്തെങ്കിലും വിവാദം ഉറപ്പായിരുന്നു. ആദ്യം സ്ഥാനാർത്ഥി പട്ടികയിലില്ലാതിരുന്നതും പിന്നീട് ഉൾപ്പെടുത്തിയതും വി.എസ്. ഉൾപ്പെട്ട പാർട്ടി ഘടകത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ്. എന്നാൽ, അതുമായി ബന്ധപ്പെട്ട ചോദ്യമുയർന്നപ്പോൾ മനസ്സിലുള്ളതെല്ലാം വി.എസ്. പറഞ്ഞു. അങ്ങനെ പറയുന്ന സ്ഥിതി വന്നപ്പോൾ പ്രസ് സെക്രട്ടറിയും പി.എയും തലയിൽ കൈവെച്ച് അമ്പരന്നുപോവുക സ്വാഭാവികമാണല്ലോ. ചോദ്യക്കാർ പ്രകോപിപ്പിച്ചു പറയിപ്പിക്കുന്ന സ്ഥിതി വലിയ സമ്മർദമാണുണ്ടാക്കുക. മനസ്സിലുള്ളത് മറച്ചുവെക്കുന്നതിൽ വി.എസ്. വളരെ പുറകിലായിരുന്നു...

എ.ഡി.ബി വായ്പയുമായി ബന്ധപ്പെട്ട കരാറിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എസ്.എം. വിജയാനന്ദ് ഒപ്പിട്ടത് മന്ത്രിസഭയിൽ ചർച്ച ചെയ്തുകൊണ്ടായിരുന്നില്ല. സാങ്കേതികമായി അതിന്റെ ആവശ്യമുണ്ടായിരുന്നില്ല.

നഗരപുനരുദ്ധാരണ പദ്ധതിക്കുവേണ്ടി ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിൽനിന്നു വായ്പയെടുക്കാൻ കരാർ തയ്യാറാക്കിയത് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ്. ഒപ്പിടുന്നതിനു മുന്‍പ് ആ സർക്കാരിന്റെ കാലാവധി കഴിഞ്ഞതാണ്. കരാറിനെതിരെ ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും ശക്തമായ സമരം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവായ വി.എസ്സാകട്ടെ എ.ഡി.ബിയെ എൽ.ഡി.എഫ് സർക്കാർ വന്നാൽ കരണത്തടിച്ചു പുറത്താക്കുമെന്നും ചില്ലിക്കാശുപോലും തിരിച്ചടക്കില്ലെന്നും പ്രസ്താവിച്ചിരുന്നു. എന്നിട്ടും വി.എസ്. മുഖ്യമന്ത്രിയായിരിക്കെ കരാറിൽ ഒപ്പിട്ടു.

വലിയ വിവാദമായി. മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് എഴുന്നേറ്റ ശേഷമാണ് ചോദ്യം വന്നത്. കരാറൊപ്പിട്ടത് മന്ത്രിസഭ അറിയാതെയാണെന്നും കരാറിൽ തനിക്ക് ഉത്തരവാദിത്വമില്ലെന്നും വി.എസ്. മറുപടി നൽകി. കൂട്ടുത്തരവാദിത്വത്തിനു നിരക്കാത്ത പ്രസ്താവനയാണ്, വളരെ ശക്തമായി പുറത്തുവന്നത്. ദീർഘകാലം അതിന്റെ സവിശേഷ ദൃശ്യം കേരള രാഷ്ട്രീയാന്തരീക്ഷത്തിൽ നിറഞ്ഞുനിന്നതാണ്. വി.എസ്സിനു വല്ലാത്ത അഭിമാനക്ഷതം തോന്നിയ സംഭവമാണതെങ്കിലും പ്രതികരണം മന്ത്രിസഭയുടെ ഭാവിക്കുമേൽ കരിനിഴലാകുന്ന തരത്തിലാണ് വിവാദം വളർന്നത്.

ഈ ചോദ്യം വരാനിടയുണ്ടെന്നും തള്ളിപ്പറഞ്ഞാൽ പ്രശ്നമാകുമെന്നും തൽക്കാലം പരിശോധിച്ചു പറയാമെന്നു പറഞ്ഞ് ഊരണമെന്നും ശ്രദ്ധയിൽപ്പെടുത്തിയതായിരുന്നു. പക്ഷേ, തുരുതുരെയുള്ള ചോദ്യത്തിൽ തന്റേതായ ഉത്തരം കലവറയില്ലാതെ പറയുകയായിരുന്നു... മന്ത്രിസഭയുടെ തലവനെന്ന നിലയിൽ പറഞ്ഞുകൂടാത്തതാണ് വി.എസ്. പറഞ്ഞതെന്നതിൽ സംശയമില്ല.

ഈ സംഭവത്തിന്റെ പേരിൽ പഴി കേൾക്കേണ്ടിവരുന്നത് ഞങ്ങൾക്കു വലിയ സമ്മർദമാണ് ഉണ്ടാക്കിയതെന്നു പറയേണ്ടതില്ലല്ലോ. പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രനും പൊളിറ്റിക്കൽ സെക്രട്ടറി കെ.എൻ. ബാലഗോപാലും സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രശേഖര പണിക്കറുമെല്ലാം കുറ്റപ്പെടുത്തുന്ന സ്വരത്തിലാണ് സംസാരിച്ചത്. അല്പനാൾ കഴിഞ്ഞപ്പോൾ പുതിയൊരു പ്രശ്നം വന്നു. സിനിമകൾ പുറത്തിറങ്ങുമ്പോൾത്തന്നെ അനധികൃതമായി അതിന്റെ വ്യാജ സി.ഡികൾ വിപണിയിലിറങ്ങുന്നത് സിനിമാവ്യവസായത്തെ വല്ലാതെ ഞെരുക്കുന്ന കാലമാണത്. ബീമാപള്ളി മേഖലയിൽ അനധികൃത സി.ഡിയുടെ വില്പന വലിയ ആകർഷണമായിരുന്നു അക്കാലത്ത്.

അവിടെ ഐ.ജി. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ ആന്റി പൈറസി വിങ്ങ് റെയ്ഡ് നടത്തി ആയിരക്കണക്കിനു സി.ഡികൾ പിടിച്ച സംഭവമുണ്ടായി. അതിന്റെ തുടർച്ചയായി എറണാകുളത്തെ റിയാൻ സ്റ്റുഡിയോ റെയ്ഡ് ചെയ്യാൻ ഋഷിരാജ്‌ സിങ്ങ് പുറപ്പെട്ടപ്പോൾ ഡി.ജി.പി രമൺ ശ്രീവാസ്തവ വിലക്കി. ഡി.ഐ.ജി ടോമിൻ ജെ. തച്ചങ്കരിയുടെ കുടുംബം വകയിലുള്ളതാണ് റിയാൻ സ്റ്റുഡിയോ. ഡി.ജി.പിയുടെ വിലക്കു വിവരം അറിഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തെ ക്ലിഫ് ഹൗസിലേയ്ക്ക് വിളിപ്പിച്ചു.

രമൺ ശ്രീവാസ്തവ വരുമ്പോഴേയ്ക്കും ചാനലുകളായ ചാനലുകൾ മുഴുവൻ ക്യാമറയും നീട്ടി ക്ലിഫ് ഹൗസ് ഗേറ്റിനു പുറത്ത് തയ്യാറായി നിൽക്കുന്നു. ഡി.ജി.പി ക്ലിഫ് ഹൗസിലേയ്ക്ക് കയറിപ്പോകുന്നതും ഇറങ്ങിവരുന്നതുമായ വിഷ്വലുകളോടെ മുഖ്യമന്ത്രി ഡി.ജി.പിയെ ശാസിച്ചുവെന്ന് ഫ്ലാഷുകൾ നിറഞ്ഞു. ഡി.ജി.പിയെ വിളിപ്പിച്ച കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിഞ്ഞിരുന്നില്ല. ഓഫീസിൽനിന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നുമില്ല. പക്ഷേ, അങ്ങനെ സംഭവിച്ചു. കുറേക്കാലം നീണ്ട വിവാദവും സംഘടനാപ്രശ്നവും നടപടികളുമായി അതങ്ങനെ വളർന്നു.

സർക്കാർ അറിയാതെ ഡി.ഐ.ജി. ടോമിൻ ജെ. തച്ചങ്കരി വിദേശയാത്ര നടത്തിയത് വലിയ വിവാദത്തിലെത്തിയിരുന്നു. വിദേശത്തെ എമ്പസി തന്നെ അക്കാര്യത്തിൽ പരാതി നൽകുകയുണ്ടായി. പി.സി. ജോർജ് എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. വി.എസ്സാകട്ടെ ആഭ്യന്തരമന്ത്രിയെ അറിയിക്കാതെ തച്ചങ്കരിയെ സർവീസിൽനിന്നു സസ്പന്റ് ചെയ്തു. ചാനലുകളിൽനിന്നാണ് വിവരമറിഞ്ഞതെന്നത് കോടിയേരിയെ പ്രയാസപ്പെടുത്തി. അത് അവിശ്വാസമുണ്ടാക്കുന്ന തരത്തിലേയ്ക്ക് വളർന്നു. പിന്നീട് മുംബെയിൽ കേരളാഹൗസ് ഉദ്ഘാടനവേളയിൽ ഇരുവരും കൂടിക്കണ്ട് ചർച്ച നടത്തിയാണ് ആ പ്രയാസകരമായ അധ്യായത്തിനു തിരശ്ശീല വീഴ്ത്തിയത്.

മൂന്നാർ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് അടുത്ത വിവാദമുണ്ടായത്. കയ്യേറ്റമൊഴിപ്പിക്കലിന്റെ ക്രെഡിറ്റ് ഒരാളിൽ മാത്രം കേന്ദ്രീകരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾക്കെതിരെ ‘നല്ല നമസ്കാരം’ എന്ന രൂക്ഷ വിമർശത്തോടെ പിണറായി പ്രസംഗത്തിൽ പരാമർശിച്ചു. മുഖ്യമന്ത്രി അതിനു രൂക്ഷഭാഷയിൽ മറുപടിയും പറഞ്ഞു. അതും പത്രസമ്മേളനത്തിൽ ചോദ്യത്തിനു മറുപടിയായി. ആ വാഗ്വാദം മുഖ്യമന്ത്രിയേയും പാർട്ടി സംസ്ഥാന സെക്രട്ടറിയേയും തൽക്കാലം പി.ബിയിൽനിന്നു സസ്പന്റ് ചെയ്യുന്നതിനിടയാക്കി. ഭരണ മേൽനോട്ടത്തിനു പാർട്ടി അഞ്ചംഗ സമിതിയുണ്ടാക്കി. അതോടെ അസ്വാരസ്യങ്ങൾ കുറഞ്ഞു. നല്ല കൂടിയാലോചനകളോടെ തീരുമാനങ്ങളിലേയ്ക്ക് കടക്കുന്ന സ്ഥിതിവന്നു.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന്റേയും പ്രസംഗത്തിന്റേയും പ്രസ്താവനകളുടേയും ഉത്തരവാദിത്തം ഓഫീസിനു പ്രത്യേകിച്ച് പ്രസ് സെക്രട്ടറിക്ക് ഉണ്ട്. പാർട്ടി ഏൽപ്പിക്കുന്ന ചുമതലയായതിനാൽ പാർട്ടി നയത്തിൽനിന്നു വ്യതിചലിക്കാതെ അതു നിർവഹിക്കാനും പ്രതിജ്ഞാബദ്ധമാണ്. ഇത് പൊരുത്തപ്പെടുത്താനാവതെ വരുമ്പോഴുണ്ടാകുന്ന ധർമസങ്കടം, സമ്മർദം എത്ര വലുതാണ്. വിവാദമുണ്ടാകുമ്പോൾ മറ്റു മന്ത്രിമാരും എം.എൽ.എമാരും നേതാക്കളും മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവും, പ്രത്യേകിച്ച് മകൻ അരുൺകുമാറും നീരസത്തോടെയാണ് നോക്കുക.

2009-ലെ പാർലമെന്റ് തെരഞ്ഞെടുപ്പു കാലത്ത് മുന്നണിയിലും പാർട്ടിയിലും പ്രശ്നങ്ങളുണ്ടായി. പ്രചരണം ആരംഭിക്കുന്നതിനു വളരെ നേരത്തെതന്നെ പിണറായിയുടെ നേതൃത്വത്തിൽ കാസര്‍കോട്ടുനിന്നു ‘നവകേരള യാത്ര’ ആരംഭിച്ചു. ആ യാത്രയിൽ വി.എസ് പങ്കെടുക്കില്ലെന്ന് നിരന്തരം വാർത്ത വന്നത് പ്രശ്നമായി. ഒടുവിൽ യാത്രയുടെ സമാപനത്തിൽ വി.എസ്. പങ്കെടുക്കാനെത്തിയത് സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. യാത്രയെ അപഹസിക്കുന്ന തരത്തിൽ പ്രചരണം നടക്കുമ്പോൾ അതു തടയാൻ ശ്രമിക്കാത്ത വി.എസ്സിനോട് നേതൃത്വത്തിനു നീരസമുണ്ടാവുക സ്വാഭാവികം. ജാഥാ നേതാവായ പിണറായി ഒരു ഉറുദു കവിത ഉദ്ധരിച്ചുകൊണ്ട് വി.എസ്സിനെ രൂക്ഷമായി വിമർശിച്ചു. “തിരയടിക്കുന്ന കടലിൽനിന്ന് ഒരു ബക്കറ്റ് വെള്ളമെടുത്ത കുട്ടി അതിൽ തിര കാണാതെ വിഷമിക്കുന്നു. അപ്പോൾ കടൽ പറയുകയാണ്, കുഞ്ഞേ സമുദ്രത്തിന്റെ മാർത്തട്ടിനോട് ചേർന്നുനിൽക്കുമ്പോഴേ തിരയുണ്ടാകൂ, അലയടിയുണ്ടാകൂ.” താൻ വല്ലാതെ വളർന്നു ഉയർന്നുപോയി എന്ന് ഒരു നേതാവിനു തോന്നിയാൽ തീർന്നു. പ്രസ്ഥാനമാകുന്ന സമുദ്രത്തിന്റെ മാർത്തട്ടിനോട് ചേർന്നു നിൽക്കുമ്പോഴേ നേതാവിനു കരുത്തുള്ളൂ. ഇതാണ് പിണറായി പറഞ്ഞത്. അതിനു മറുപടിയെന്നോണം രണ്ട് ദിവസം കഴിഞ്ഞ് കോട്ടയത്താണെന്നു തോന്നുന്നു ഒരു ഔദ്യോഗിക പരിപാടിയിലെ പ്രസംഗത്തിൽ വി.എസ്. പറഞ്ഞു: “പല സമുദ്രങ്ങളും വറ്റിവരണ്ടാണ് മരുഭൂമികൾ ഉണ്ടായത്. സോവിയറ്റ് റഷ്യയുടെ അതിശക്തമായ അലകളാണ് മൂന്നാം ലോകരാജ്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കിയത്. നിർഭാഗ്യകരമെന്നു പറയട്ടെ, ഗോർബച്ചേവുമാരുടെ ഉദയത്തോടെ ആ സമുദ്രവും വറ്റിവരളാൻ തുടങ്ങി.” ഇതായിരുന്നു വി.എസ്സിന്റെ പ്രസംഗത്തിലെ വിവാദാസ്പദമായ ഭാഗം.

വി.എസ്സിന്റെ പ്രസംഗം എഴുതി വായിച്ചതാണ്. എന്നാൽ, മേൽ ഉദ്ധരിച്ച വാചകങ്ങൾ ഓഫീസിൽനിന്നു തയ്യാറാക്കിയ പ്രസംഗത്തിൽ ഉണ്ടായിരുന്നില്ല. രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രസംഗങ്ങളാണെങ്കിൽ എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽ അവസാന ഘട്ടത്തിൽ ചില മാറ്റങ്ങൾ വരുത്തുന്ന രീതി വി.എസ്സിന് ഉണ്ട്. മാറ്റം വരുത്താൻ ആവശ്യപ്പെട്ട് വീണ്ടുമെഴുതിക്കാറുണ്ട്. എന്നാൽ, പുതിയ വിവാദത്തിനിടയാക്കിയ പ്രസംഗം പരിപാടിക്കു പോയ ശേഷം വി.എസ്. നേരിട്ടു മാറ്റിയതായിരുന്നു. ആ പ്രസംഗത്തിന്റെ പേരിലും വലിയ ആത്മപീഡയാണ് അനുഭവിക്കേണ്ടി വന്നത്.

Image of Faris Aboobcker
ഫാരിസ് അബൂബക്കര്‍ Google

വെറുക്കപ്പെട്ട’ ഫാരീസ് അബൂബക്കര്‍

ആ തെരഞ്ഞെടുപ്പിലെ അസ്വാരസ്യങ്ങൾ അവിടെ തീർന്നില്ല. പൊന്നാനി സീറ്റ് സ്വതന്ത്രനു നൽകിയതിൽ സി.പി.ഐക്ക് രൂക്ഷമായ എതിർപ്പ്. വെളിയം ഭാർഗവൻ പരസ്യമായി അപലപിക്കുന്ന സ്ഥിതിവന്നു. കോഴിക്കോട് സീറ്റ് കൊടുക്കാതിരുന്നതിനാൽ ജനതാദൾ മുന്നണി വിട്ടു. മാത്യു ടി. തോമസ് മന്ത്രിസഥാനം രാജിവെച്ചു. പൊന്നാനിയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മദനിയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട വിവാദം. അതിനിടയിൽ കേസരി സ്മാരകത്തിൽ വി.എസ്സിന്റെ മീറ്റ് ദി പ്രസ്സിൽ ഫാരീസ് അബൂബക്കറെക്കുറിച്ചു് ഉയർന്ന ചോദ്യമുയർന്നപ്പോൾ ‘വെറുക്കപ്പെട്ട’ എന്ന പരാമർശമുണ്ടായത്. ഇത്തരം പ്രശ്നങ്ങളെല്ലാം കുമിഞ്ഞു കൂടിയ തെരഞ്ഞെടുപ്പ്. ഫലം വന്നപ്പോൾ കേവലം നാലു സീറ്റാണ് എൽ.ഡി.എഫിനു ലഭിച്ചത്. തെരഞ്ഞെടുപ്പു ഫലം വന്ന ഉടനെ മാധ്യമ പ്രവർത്തകർ പ്രതികരണത്തിനായി ക്ലിഫ് ഹൗസിലെത്തി. ക്ലിഫ് ഹൗസിലെ അകത്തുതന്നെ പത്രസമ്മേളനം ഏർപ്പാടാക്കി. അക്വേറിയത്തിനു മുന്‍പിൽ ഒരു കസേരയിട്ട് വി.എസ്. ഇരുന്നു. ലേഖകർ ചുറ്റും വളഞ്ഞുനിന്നു. തെരഞ്ഞെടുപ്പിൽ സീറ്റ് കുറഞ്ഞതിലെ വിഷമം, ബംഗാളിലടക്കമുണ്ടായ തിരിച്ചടിയെക്കുറിച്ച് എല്ലാം ഏതാനും വാക്കുകൾ പറഞ്ഞ് നിർത്തുമ്പോഴാണ് ജീമോൻ ജേക്കബ്ബ് എന്തോ തമാശ പറഞ്ഞത്. സംസാരത്തിലും പെരുമാറ്റത്തിലും ആംഗ്യത്തിലുമെല്ലാം സവിശേഷ രീതിയാണ് ജീമോന്. ജീമോന്റെ തമാശയിലലിഞ്ഞ് വി.എസ്. പൊട്ടിച്ചിരിച്ചു. തത്സമയ സംപ്രേഷണമായതിനാൽ ആ ചിരി അതേപോലെ എല്ലാവരും കണ്ടു. ദോഷൈകദൃക്കുകൾ ഉടൻതന്നെ വ്യാഖ്യാനം ചമച്ചു. അത് കാട്ടുതീപോലെ പടർത്തി. പാർട്ടിയുടേയും മുന്നണിയുടേയും വൻ പരാജയത്തിൽ സന്തോഷിച്ചാണ് വി.എസ്. ചിരിച്ചതെന്ന വ്യാഖ്യാനം... ആ വ്യാഖ്യാനം അറിയേണ്ട താമസം സുകുമാർ അഴീക്കോടിന്റെ പ്രതികരണം വന്നു. ‘സ്വന്തം കൂട് വൃത്തികേടാക്കുന്ന ജന്തു’വെന്നാണ് വി.എസ്സിനെ അഴീക്കോട് വിശേഷിപ്പിച്ചത്. അത് അഴീക്കോടിനെ വലിയ ആക്ഷേപക്കൂട്ടിലടച്ചു. ഏതാനും ദിവസത്തേയ്ക്ക് പൊതുപരിപാടികൾക്ക് പോകാൻ കഴിയാത്ത സാഹചര്യംപോലുമുണ്ടായി. പിന്നീട് ആ അസ്വാരസ്യം പറഞ്ഞുതീർന്നു.

ഈ സംഭവത്തിലും സ്വാഭാവികമായും പ്രസ് സെക്രട്ടറിയും പി.എയും പ്രസ് സെക്രട്ടറിയുടെ ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറയുമടക്കമുള്ളവർ പഴികേട്ടുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

കേന്ദ്ര സർക്കാർ നിർദേശിച്ച ഒരു കാര്യം മുഖ്യമന്ത്രിയെ അഥവാ മന്ത്രിസഭയെ യഥാസമയം അറിയിക്കുന്നതിൽ ചീഫ് സെക്രട്ടറിക്ക് വീഴ്ചവന്നുവെന്ന് അക്കാലത്ത് ഒരു പ്രശ്നം ഉദ്ഭവിച്ചു. ലിസി ജേക്കബ്ബാണ് അന്ന് ചീഫ് സെക്രട്ടറി. കേന്ദ്ര-സംസ്ഥാന തർക്കത്തിന്റെ രൂപത്തിൽ വാർത്ത വന്നപ്പോൾ ബുധനാഴ്ചത്തെ പതിവു പത്രസമ്മേളനത്തിൽ ചോദ്യമുയർന്നു. കേന്ദ്രത്തിന്റെ സന്ദേശം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ ചീഫ് സെക്രട്ടറിക്ക് ജാഗ്രതക്കുറവുണ്ടായി എന്ന മുഖ്യമന്ത്രി തുറന്നടിച്ചു പറഞ്ഞു. മന്ത്രിസഭാ യോഗാനന്തര പത്രസമ്മേളനത്തിൽത്തന്നെയായിരുന്നു അത്. ഫലം 24 മണിക്കൂറുകൾക്കകം ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ലിസി ജേക്കബ്ബിന്റെ രാജിയായിരുന്നു. നിർഭാഗ്യകരമായ ആ സംഭവം കുറേ ദിവസത്തെ വിവാദവിഷയമായി.

Image of VS Achuthanandan
വി.എസ് saji james

ആരോപണം നേരിടുന്ന രീതികള്‍

പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്സിനെതിരെ മലയാള മനോരമ പത്രം ഒരു ആരോപണം ഉയർത്തിക്കൊണ്ടുവന്നു. വിമുക്തഭടനായ ബന്ധുവിന് കാസര്‍കോട്ട് സർക്കാർ ഭൂമി പതിച്ചു നൽകാൻ മുഖ്യമന്ത്രിയായിരിക്കെ വി.എസ്. ഇടപെട്ടു, കളക്ടറോട് നേരിട്ടു വിളിച്ചു പറഞ്ഞു, മുഖ്യമന്ത്രിക്കുവേണ്ടി പി.എ. സുരേഷ് കളക്ടറോട് വിളിച്ചു ചോദിച്ചു- ഇതാണ് ആരോപണം. പാമോയിൽ അഴിമതിയടക്കമുള്ള ക്രമക്കേടുകൾക്കെതിരെ അഭംഗുരം പൊരുതുന്ന വി.എസ്. സ്വജനപക്ഷപാതം കാട്ടിയെന്ന ആരോപണം മനോരമയ്ക്കു മാത്രമല്ല, ഉമ്മൻ ചാണ്ടി സർക്കാരിനും വലിയ ആവേശമുണ്ടാക്കി. വിജിലൻസ് കേസ് വന്നു. വി.എസ്സിന്റെ ബന്ധുവായ സോമൻ എന്ന വിമുക്തഭടനു വിമുക്തഭടന്മാർക്ക് ഭൂമി നൽകുന്ന പദ്ധതിപ്രകാരം കാസര്‍കോട്ട് ഭൂമി അനുവദിച്ചത് എ.കെ. ആന്റണി സർക്കാരാണ്. ലാൻഡ് അസൈൻമെന്റ് കമ്മിറ്റി അനുവദിച്ച ഭൂമിക്കായി സോമൻ അന്വേഷിച്ചു ചെന്നപ്പോൾ അറിഞ്ഞത് തനിക്ക് അനുവദിച്ച സ്ഥലം മറ്റാർക്കോ മറിച്ചു നൽകിയെന്നാണ്. ഇതു സംബന്ധിച്ച് സോമൻ മുഖ്യമന്ത്രി വി.എസ്സിനു പരാതി നൽകി. പരാതി കാസര്‍കോട്ട് കളക്ടർക്ക് അയച്ചു കൊടുത്തു. പരാതിയിൽ എന്തു നടപടിയെടുത്തുവെന്ന പി.എ. സുരേഷ് കളക്ടർ ആനന്ദ് സിങ്ങിനോട് വിളിച്ചു ചോദിച്ചുവെന്നതാണ് പ്രശ്നമായി ഉയർത്തിയത്. വിജിലൻസ് കേസെടുത്തു. ഡി.വൈ.എസ്.പി ഹബീബ് റഹ്മാൻ വി.എസ്സിന്റെ മൊഴിയെടുക്കാൻ എത്തി. അഡ്വ. ചെറുന്നിയൂർ ശശിധരൻ നായരും പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി ശശിധരൻ നായരും പിന്നെ ഞങ്ങളെല്ലാം ചേർന്ന് കേസ് സംബന്ധിച്ച് വി.എസ്സുമായി വിശദമായി ചർച്ച നടത്തി. മറുപടി നൽകുന്നതിനുള്ള ഫ്രെയിം ഉണ്ടാക്കി. അടുത്ത പരിചയക്കാരനായ ഹബീബ് റഹ്മാൻ തിരിച്ചുപോകുമ്പോൾ എന്നോടു പറഞ്ഞു...

ബഹുമാനപ്പെട്ട ഓപ്പോസിഷൻ ലീഡർ താൻ കളക്ടറെ വിളിച്ചതടക്കമുള്ള എല്ലാ കാര്യങ്ങളും എഴുതാൻ പറഞ്ഞു. മൊഴിയെടുക്കൽ പൂർത്തിയാക്കി മടങ്ങുമ്പോൾ തിരിച്ചുവിളിച്ച് എന്റെ ബന്ധുവായതിനാൽ അവനു ന്യായമായി കിട്ടേണ്ട ആനുകൂല്യം ഇല്ലാതായിക്കൂട... സർ അതുകൂടി എഴുതിയാൽ സ്വജനപക്ഷപാതം എന്ന പ്രശ്നംവരും എന്നു ചൂണ്ടിക്കാട്ടി. പക്ഷേ, നിർബന്ധിച്ച് അതും എഴുതിച്ചു... ഡി.വൈ.എസ്.പി. പറഞ്ഞു. വിജിലൻസ് സംഘം പോയശേഷം വി.എസ്സിനെ കണ്ട ഞങ്ങൾ അക്കാര്യത്തിൽ വിയോജിപ്പറിയിച്ചു. ചോദ്യങ്ങൾക്ക് മറുപടിയല്ലാതെ തന്നെക്കൂടി ബന്ധപ്പെടുത്തി ബന്ധുവിന് നീതി ലഭിക്കണമെന്ന് പ്രത്യേകം എഴുതിക്കണമായിരുന്നോ എന്നാണ് ഞങ്ങൾ ചോദിച്ചത്. വാസ്തവത്തിൽ ഞങ്ങൾക്കു വലിയ ആശങ്കയുണ്ടായിരുന്നു. വി.എസ്. പക്ഷേ, പൊട്ടിച്ചിരിക്കുകയായിരുന്നു. സത്യവും നീതിയും... വിജിലൻസ് കേസ് വന്നു. വി.എസ്. അതിനെതിരെ ഹൈക്കോടതിയിൽ പോയപ്പോൾ വിജിലൻസിനെ നിശിതമായി വിമർശിക്കുകയും വി.എസ്സിനെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയും ചെയ്തു.

വി.എസ്സിന്റെ ഏറ്റവും മികച്ച സവിശേഷത മികച്ച ശ്രോതാവെന്നതാണ്. വിവിധ വിഷയങ്ങൾ, പുതിയ കാര്യങ്ങൾ പറയാൻ വരുന്നവർക്കു മുന്‍പിൽ എത്ര മണിക്കൂറും കേട്ടിരിക്കും. അതൊരു പഠനമാണ്. ജനകീയ പ്രശ്നങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, റിയൽ എസ്റ്റേറ്റ് മാഫിയകൾ, പുതിയ പദ്ധതി സാധ്യതകൾ എന്നു വേണ്ട ഏതു വിഷയത്തിലയും അറിവുകൾ നേടാൻ സൂക്ഷ്മതയോടെ ചെവിവട്ടം പിടിച്ച് വി.എസ്. ക്ഷമയോടെ ഇരിക്കും. അത്രയും ക്ഷമയുള്ള ആളുകൾ അധികമുണ്ടാകുമെന്നു തോന്നുന്നില്ല. മറ്റൊന്ന് ജനാധിപത്യബോധമാണ്. ഒന്നിച്ചു പ്രവർത്തിക്കുന്നവരോടുള്ള കരുതലും പ്രധാനമാണ്. മറ്റൊന്ന് വ്യത്യസ്താഭിപ്രായങ്ങൾ പ്രോത്സാഹിപ്പിച്ച്, അതുകേട്ട് യാഥാർത്ഥ്യത്തിലേക്കെത്തുന്ന സവിശേഷ രീതി. കൃഷിഭൂമി കൃഷിഭൂമിയല്ലാതാക്കുന്നത് ഏതിന്റെ പേരിലായാലും അംഗീകരിക്കാൻ വി.എസ്. തയ്യാറാകില്ലായിരുന്നു. പരിസ്ഥിതിക്ക് ഒരു സ്വതന്ത്ര വകുപ്പുണ്ടാക്കിയതും നെൽവയൽ സംരക്ഷണ നിയമവുമൊക്കെ അതിന്റെ ഉദാഹരണം.

പത്രസമ്മേളനങ്ങൾ കഴിഞ്ഞു തിരിച്ച് മുറിയലേയ്ക്ക് പോകുമ്പോൾ ഞങ്ങൾ പറയും അതങ്ങനെ പറയേണ്ടായിരുന്നു, ഒഴിഞ്ഞുമാറിയാൽ മതിയായിരുന്നെന്നും മറ്റും. അതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ കൂട്ടത്തിൽത്തന്നെ വ്യത്യസ്താഭിപ്രായമുണ്ടാകാറുണ്ട്. അതും വി.എസ്. ആസ്വദിക്കും. കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തിലാണ് വി.എസ്. പരസ്യമായി കേന്ദ്രനേതൃത്വത്തെ ധിക്കരിച്ചതും വെല്ലുവിളിച്ചതും. 1913 അവസാനം. അന്നു ഞങ്ങൾ തയ്യാറാക്കിയ പത്രകുറിപ്പിനു പുറമെ വി.എസ്. സ്വന്തംനിലയ്ക്ക് ചെറിയൊരു കുറിപ്പ് തയ്യാറാക്കിയിരുന്നു. പത്രസമ്മേളനത്തിനായി കന്റോൺമെന്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ വൻപട. നിശ്ചിത സമയത്തിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് വി.എസ്. പത്രസമ്മേളനത്തിനായി ഹാളിൽ വന്നത്... തിരിച്ച് മുറിയിലേയ്ക്ക് പോകുമ്പോൾ എം.ബി. സന്തോഷ് അടക്കമുള്ള ഏതാനും പത്രക്കാരും പ്രൈവറ്റ് സെക്രട്ടറി എ. ശശിധരൻനായർ, വി.കെ. ശശിധരൻ, എ. സുരേഷ് തുടങ്ങിയവരാണ് ഒപ്പമുണ്ടായിരുന്നത്.. പ്രകാശ് കാരാട്ടിനെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കണമായിരുന്നു എന്നു ഞാൻ പറഞ്ഞു- വി.എസ്സിന് അതിഷ്ടപ്പെട്ടില്ല. നീരസത്തോടെ വി.എസ്. പറഞ്ഞു: “ഓ തനിക്ക് വല്ലാതെ പൊള്ളി അല്ലേ... കൂടംകുളത്ത് പോകരുതെന്ന് ജനറൽ സെക്രട്ടറി പറയുന്നതിനെന്താണ് ന്യായീകരണം... അതുകൊണ്ടാണ് ജനറൽ സെക്രട്ടറിയുടെ നിർദേശം അംഗീകരിക്കുന്നില്ല, കൂടംകുളത്തേക്ക് പോവുകതന്നെ ചെയ്യുമെന്ന് ഉത്തരംപറഞ്ഞത്” ഇതായിരുന്നു വി.എസ്സിന്റെ രീതി. നിലപാടുകളിലെ സ്ഥൈര്യം, ധീരത... ഇങ്ങനെ പറയാൻ തുടങ്ങിയാൽ എത്രയെത്ര കഥകൾ...

Summary

An experience written by K. Balakrishnan, who worked as the press secretary during the time when V.S. Achuthanandan was the Chief Minister of Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com