മോഹൻലാൽ: ഉടൽകൊണ്ട് ഉരിയാടുന്നവൻ

Image of MOhanlal
മോഹൻലാൽSamakalika Malayalam
Updated on
4 min read

രുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ മോഹൻലാൽ എന്ന നടനോട് നാം അർപ്പിതരാണ്. ‘കാണി’ എന്ന നിലയിലുള്ള ഒരു അർപ്പിതത്ത്വമാണ് ഏറിയകൂറും അതിൽ പ്രതിഫലിക്കുന്നത്.

സിനിമയിൽ കാഴ്ചപ്പെടുന്ന ലോകവും യഥാർത്ഥ ലോകവും തമ്മിലുള്ള സാമൂഹിക പ്രേരണകളും സത്യങ്ങളും ഏറെ വേർപ്പെട്ടുനിൽക്കുന്നതാണ്. യഥാർത്ഥ ലോകത്ത് അത്രയൊന്നും യുക്തിഭദ്രമല്ലാത്ത കാര്യങ്ങളുടെ തുടർപ്രവാഹമാണ് സിനിമയുടെ ലോകത്ത്.

പ്രണയം, അധികാരം, ഭക്തി തുടങ്ങി മനുഷ്യഭാഗധേയങ്ങളുടെ എല്ലാ മണ്ഡലങ്ങളിലും സിനിമ അസത്യം നിറഞ്ഞ പ്രതിഫലനങ്ങളിലൂടെ നമ്മെ മായികമായ ഒരു ലോകത്തേക്കെത്തിക്കുന്നു. ഈ മായികമായ ലോകങ്ങളുടെ നായകനായി എത്രയോ വർഷങ്ങളായി മോഹൻലാലുണ്ട്.

ഒരർത്ഥത്തിൽ നാം യഥാർത്ഥ ലോകത്തുനിന്ന് മോഹൻലാലിലേക്ക് ഒളിച്ചോടുകയാണ് ചെയ്യുന്നത്. മോഹൻലാൽ എന്ന അഭിനയത്തിന്റെ ഭൂഖണ്ഡത്തിലേക്ക്. മോഹൻലാൽ ആ നിലയിൽ, നമ്മുടെ വികാരങ്ങൾക്ക് ഒളിച്ചുപാർക്കുവാനുള്ള ഉടലാണ്.

നമ്മുടെ ഉള്ളിലുള്ള ലിബറൽ ബുദ്ധിജീവി മോഹൻലാൽ എന്ന നടന്റെ നിലപാടുകളോട് ഇടഞ്ഞുനിൽക്കാറുണ്ട്. അതിന് ഹേതു, എത്രയോ വർഷങ്ങളായി മലയാളികൾ വ്യാജമായി നിർവചിക്കുന്ന സവർണഹിന്ദു പാരമ്പര്യത്തിന്റെ ആവേശങ്ങൾ ഗണ്യമായി പ്രതിഫലിക്കുന്ന താരനിർമിതി മോഹൻലാൽ കഥാപാത്രങ്ങളിലൂടെയാണ് സംഭവിക്കുന്നത്. മോഹൻലാൽ കഥാപാത്രങ്ങൾ സിനിമയിൽ അവതരിപ്പിച്ച ക്രോധങ്ങൾ, നമ്മുടെ കാലഘട്ടത്തെ സാംസ്‌കാരികമായി ദുഷിപ്പിച്ച സവർണ ക്രോധങ്ങളുടെ പ്രതിഫലനങ്ങളാണെന്ന് കാണാൻ സാധിക്കും. കാഴ്ചയുടെ ലോകത്ത് സംസ്‌കാരങ്ങൾ തമ്മിലുള്ള ഒരുതരം വിഭജനം കൊണ്ടുവന്നത് മോഹൻലാൽ അവതരിപ്പിച്ച രഞ്ജിത്ത്/രഞ്ജി പണിക്കർ/ഷാജി കൈലാസ് ചിത്രങ്ങളിലൂടെയാണ്. അവരിൽ രണ്ടുപേർ ഇടതുപക്ഷ ബോധ്യങ്ങൾ ഉള്ളവരായിട്ടുകൂടി, സവർണ ആൺഹുങ്കിന്റെ സർവാത്മകമായ ഭാവത്തെ ഊന്നിപ്പറയുന്നതിൽ വിജയിച്ചു എന്നു തന്നെ പറയാം. യഥാർത്ഥ ലോകത്ത് നവോത്ഥാന മൂല്യങ്ങൾ നിർവഹിച്ച സാംസ്‌കാരിക ചുമതലകൾ, ക്രോധം നിറഞ്ഞ ആ ആൺ കഥാപാത്രങ്ങൾ എടുത്തെറിഞ്ഞു. ശാക്തിക ബലത്തിൽ വിഭ്രമങ്ങളുടേതായ ഒരു ലോകത്തേക്ക് മോഹൻലാൽ ‘കഥാപാത്രങ്ങൾ’ നമ്മെ കൊണ്ടുപോയി.

ക്യാമറ സ്ത്രീ ശരീരത്തേയും അതിന്റെ മാംസളതയേയും ദൃശ്യവൽക്കരിക്കുന്ന ഒരു അവസ്ഥയിൽനിന്ന് ഒരു പുരുഷശരീരത്തിലേക്ക് കേന്ദ്രീകരിച്ചു എന്നുള്ളതാണ് മോഹൻലാലിന്റെ പ്രത്യേകത. മോഹൻലാലിന്റെ പടങ്ങൾ ആ നിലയിൽ കാണികൾക്ക് ദൃശ്യപ്രതീക്ഷ നൽകുന്ന ഒരു ആൺവേഷമായി മാറി. മോഹൻലാലിനെ സിനിമയിൽ കാണുമ്പോൾ ആൺപെൺ ഭേദമില്ലാതെ കാണികൾ ഒരു ദൃശ്യാവിസ്‌മയത്തിന് അടിമപ്പെടുന്നത് കാണാം. ആ നിലയിൽ കാണിയുടെ ഒരു ഒബ്‌ജക്ട് ആയിട്ടാണ് മോഹൻലാൽ പ്രവർത്തിക്കുന്നത്. നായകന് വലിയ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ ദൃശ്യസംസ്‌കാരം മോഹൻലാൽ എന്ന താരശരീരത്തെ മുൻനിർത്തിയാണ് സിനിമയിൽ വരുന്നത്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണം ‘ദേവാസുരം’ ആയിരുന്നു. ദേവാസുരത്തിലെ നീലകണ്ഠൻ ബോധത്തിന്റെ ഏറ്റവും മൂർത്തവും ഉറച്ചതുമായ ഒരു ശബ്ദമാണ്. ഒരു ആഖ്യാനഘടന എന്നുള്ള നിലയിൽ ആണത്തമാണ് ആ ശരീരം. സ്ത്രീകളുടെ ദുരിതത്തെ ആൺബോധത്തിൽ നിറം പിടിപ്പിച്ച ലോകത്തിൽനിന്നാണ് അയാൾ കാണുന്നത്. മോഹൻലാൽ ‘ഗംഭീരം’ എന്നുള്ള നിലയിൽ വാഴ്‌ത്തപ്പെട്ട ഒരു സിനിമയാണത്. യഥാർത്ഥത്തിൽ ക്രോധത്തിന്റെ ഒരു ആവിഷ്‌കാരം സിനിമയിൽ മോഹൻലാൽ ഏറ്റവും സത്യസന്ധമായി പ്രതിഫലിപ്പിച്ചതും സവർണ ഭാവനായക പരിവേഷം വ്യാപാരവിജയം കൈവരിക്കുന്നതും ഈ സിനിമയിലൂടെയാണ് എന്ന് നമുക്ക് കാണാൻ സാധിക്കും.

1986-കളിൽ മോഹൻലാൽ സിനിമ കണ്ട പ്രേക്ഷകർ ഇപ്പോഴും ആ ഗൃഹാതുര കാഴ്ച അനുഭവങ്ങളിൽനിന്ന് മുക്തരായിട്ടില്ല എന്നുവേണം പറയാൻ. “ഞങ്ങൾക്ക് ആ പഴയ മോഹൻലാലിനെ കാണാൻ ആഗ്രഹമുണ്ട്” എന്ന് അവർ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നത് അത്രമേൽ ആഴത്തിൽ ആ സിനിമകൾ പ്രേക്ഷക ഹൃദയത്തിൽ പതിഞ്ഞതുകൊണ്ടാണ്.

നാട്ടിൻപുറത്തെ കൂടിക്കലർന്ന് ജീവിക്കുന്ന മനുഷ്യർക്കിടയിൽ അനായാസമായി ഹൃദയഭാവങ്ങൾ പകർത്തിവെയ്ക്കാനുള്ള മോഹൻലാലിന്റെ കഴിവാണ് ശ്രദ്ധേയമായത്. സ്വാഭാവികമായ ഒരു നാട്യമതിൽ ഉണ്ടായിരുന്നു. സ്വതസിദ്ധനായി ഒരു മനുഷ്യൻ എങ്ങനെയാണോ പെരുമാറുന്നത് ആ രീതിയിൽ പെരുമാറുന്ന മോഹൻലാലിന്റെ എൺപത്തിയാറിലെ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായിട്ട് രണ്ടായിരം ആകുമ്പോഴേക്കും അഭിനേതാവായി മാറുന്നു മോഹൻലാൽ. അഭിനേതാവായ ഈ മോഹൻലാലിൽനിന്ന് സ്വാഭാവികമായ ഒരു അഭിനയതാളം ഉണ്ടായിരുന്ന മോഹൻലാലിലേക്ക് തിരിച്ചുപോകാൻ പ്രേക്ഷകർ ആഗ്രഹിച്ചു. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ അല്ലെങ്കിൽ വരവേൽപ്പിലെ, ‘ബാലഗോപാലൻ എം.എ’ എന്ന സിനിമകളിലെ/അനേകം സത്യൻ അന്തിക്കാട് സിനിമകളിലെ മോഹൻലാൽ കഥാപാത്രങ്ങളിലേക്ക് അവർ വീണ്ടും വീണ്ടും തിരിച്ചുപോകുന്നത് ഈ നാട്ടുമനുഷ്യരുടെ സ്വത:സിദ്ധമായ അംഗവിക്ഷേപങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ്.

Image of Mohanlal
മോഹന്‍ലാല്‍ Samakalika Malayalam

ഫലിതം അനായാസം അഭ്രപാളികളിൽ ഫലിപ്പിച്ച മോഹൻലാൽ തന്നെയാണ് ശ്രദ്ധേയമായ അധോലോക നായക കഥാപാത്രങ്ങളേയും അവതരിപ്പിച്ചത്. ‘രാജാവിന്റെ മകൻ’ എന്ന സിനിമയിലെ നായകൻ നമുക്ക് ബോധ്യമുള്ള ഒരു പശ്ചാത്തലത്തിൽനിന്ന് വരുന്നയാൾ അല്ല. ബോംബെയിലോ പഴയ മദ്രാസിലോ ഉള്ള അധോലോക നായകസങ്കല്പങ്ങൾ കേരളത്തിൽ ഇല്ല. നാട്ടുഗുണ്ടകളുടെ / പോക്കിരികളുടെ കഥകളാണ് നമുക്ക് പരിചിതം.

ഒരർത്ഥത്തിൽ, കാണികൾ എന്ന നിലയിൽ മോഹൻലാലുമായി ഒരു ബന്ധത്തിലാണ് എത്രയോ വർഷങ്ങളായി നാം. ‘കാണി’ നിശ്ശബ്ദമായി കൊണ്ടുനടക്കുന്ന ‘കാണാ’ സത്തയെ മോഹൻലാൽ എന്ന ‘ശരീരം’ അഭിനയത്തിലൂടെ സാക്ഷാല്‍കരിച്ചു. അഭിനയമാണ് ആ ശരീരത്തിന്റെ ആരോഗ്യം. വ്യക്തികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏകാന്ത ദുഃഖങ്ങൾക്കും അനിശ്ചിതത്വം നിറഞ്ഞ പീഡകൾക്കും മോഹൻലാൽ കഥാപാത്രങ്ങളിൽ ഉത്തരം കണ്ടെത്താൻ കാണികൾ ശ്രമിച്ചു. ‘ഞാൻ’ എന്ന ശരാശരി മലയാളി മോഹൻലാൽ കഥാപാത്രങ്ങളിൽ അവരവരുടേതായ ‘ഞാൻ’മാരായി മാറി.

സത്യൻ അന്തിക്കാട് / പ്രിയദർശൻ സിനിമകളിലെ മോഹൻലാൽ കഥാപാത്രങ്ങളിലാണ്, പ്രേക്ഷകർ മോഹൻലാലുമായുള്ള വൈകാരികമായ അലിഞ്ഞുചേരലിൽ എത്തിച്ചേരുന്നത്. “നിങ്ങളുടെ ഓർമയിലെ ഏറ്റവും നല്ല മോഹൻലാൽ ഏതാണ്?” എന്ന് ചിലരോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരങ്ങൾ വളരെ രസകരമായിരുന്നു. ബോധത്തിന്റെ സ്‌ക്രീനിൽ പതിഞ്ഞ മോഹൻലാൽ, പലരിലും ‘നാടോടിക്കാറ്റ്’, ‘വരവേൽപ്പ്’, ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്’, ‘താളവട്ടം’, ‘ചിത്രം’, ‘കിലുക്കം’, ‘തേന്മാവിൻ കൊമ്പത്ത്’ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളാണ്.

“കിലുക്കവും ചിത്രവും തേന്മാവിൻ കൊമ്പത്തും നൂറ് തവണയെങ്കിലും ഞാൻ കണ്ടിട്ടുണ്ട്. നൂറ് തവണയും ഞാൻ ചിരിച്ചു” - ഒരാൾ പറഞ്ഞു.

മോഹൻലാൽ എന്നു കേൾക്കുമ്പോൾ തന്നെ ചിരിയുടെ ഓർമകൾ പ്രേക്ഷകരിൽ ഉയർന്നുവരുന്നുണ്ട്. കാലങ്ങൾക്കു ശേഷവും ആ ഓർമകൾ, ചിരിയലകൾ പ്രേക്ഷകരിൽ അതേ പോലെ തുടരുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. മലയാള സിനിമയുടെ ചരിത്രത്തിൽ, ചിരികളുടെ തുടർപ്രവാഹം തീർത്ത മറ്റൊരു നടനില്ല. മലയാളികളുടെ ‘കാണലിൽ’ മോഹൻലാൽ ഒരു കേണൽ അല്ല. ‘കാണലിൽ’ പതിഞ്ഞ അനേകം കഥാപാത്രങ്ങളാണ് ആ മനുഷ്യൻ. ഉരിയാടിപ്പോരുന്ന, അതിലൂടെ രൂപപ്പെട്ട ചരിത്രമുണ്ട്. ഉടൽകൊണ്ട് ഉരിയാടുന്നവനാണ് മോഹൻലാൽ. ശരീരംകൊണ്ട് ഒരു പേനപോലെ എഴുതിയവൻ. നാട്യശാസ്ത്രകാരൻമാർ എഴുതിയ ചട്ടങ്ങൾ ഭേദിച്ച് സ്വയമൊരു ചട്ടമായി തീർന്ന നടനവിസ്മയം.

മോഹൻലാലിന്റെ ചലച്ചിത്ര പ്രവേശത്തിൽ സിനിമ തന്നെ ചരിത്രമായി മാറി. മോഹൻലാലിന്റെ നോട്ടത്തിലായി സിനിമയുടെ ആവിഷ്‌കാരരൂപങ്ങൾ. നമ്മെ വിട്ടുപോകാത്ത ഒരു മായികമായ സ്വപ്നമായി ജെൻസി തലമുറയിലും തുടരുന്നു ആ അഭിനയ പകർന്നാട്ടങ്ങൾ. മോഹൻലാൽ കാണികളെ ഉണർത്തിയെടുക്കുന്ന ചിരിയും വേദനയും നിലവിളിയും നിസ്സഹായതയുമായി പകർന്നാടിക്കൊണ്ടിരുന്നു. ഏറ്റവും ഒടുവിൽ അഭിനയിച്ച ‘തുടരും’, ‘ഹൃദയപൂർവം’ എന്നീ സിനിമകളിലും ആ ഉടൽ ഉരിയാട്ടം കാണാം.

സിനിമ കലയാണ് എന്നതല്ല, മോഹൻലാൽ അഭിനയിക്കുമ്പോൾ മോഹൻലാലാണ് കല. മോശം സിനിമകളും മോഹൻലാൽ എന്ന കലയ്ക്ക് മുന്നിൽ നല്ല സിനിമയായി മാറുന്നു. മോഹൻലാൽ എന്ന ആർട്ടാണ് കമ്പോളവുമായി ബന്ധപ്പെട്ടുകിടക്കുന്നത്. സംവിധായകർ പോലുമല്ല. ചില സിനിമകളിൽനിന്ന് മോഹൻലാലിനെ ‘ഊരി’ മാറ്റിയാൽ, ആത്മപ്രകാശനമില്ലാത്തവയായി ആ സിനിമകൾ മാറുന്നത് കാണാം. ഏറ്റവും ഒടുവിൽ അഭിനയിച്ച ‘തുടരും’ എന്ന സിനിമ തന്നെ നോക്കുക. മോഹൻലാൽ അല്ലായിരുന്നെങ്കിൽ, വിശ്വാസയോഗ്യമായി പ്രേക്ഷകരിലെത്തിക്കാൻ ബുദ്ധിമുട്ടുള്ള ഒരു പ്രമേയമാണത്. മോഹൻലാൽ എന്ന അഭിനയത്തിന്റെ വിശ്വാസയോഗ്യമായ തുടർച്ചയാണ്, ‘തുടരും’ എന്ന സിനിമയെ വിജയിപ്പിച്ചത്. ഒരു രഹസ്യവും ഒളിച്ചുവെയ്ക്കാത്ത ഇടറുന്ന, നെഞ്ചു പൊട്ടുന്ന ശരീരം.

യുക്തിയല്ല, മോഹൻലാൽ എന്ന താരശരീരത്തിന്റെ ആധികാരികതയാണ് ഈ സിനിമയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ‘ഹൃദയപൂർവം’ എന്ന സിനിമയിലും മോഹൻലാൽ എന്ന താരശരീരമാണ് മുന്നിൽ നിൽക്കുന്നത്.

ചോദ്യം പിന്നെയും ആവർത്തിക്കട്ടെ.

“നിങ്ങളുടെ ഓർമയിലെ ഏറ്റവും പ്രിയപ്പെട്ട മോഹൻലാൽ ഏതാണ്?”

എൺപതുകളുടെ ഒടുവിൽ പ്രത്യക്ഷപ്പെട്ട മോഹൻലാൽ എന്ന് ഒറ്റയടിക്ക് പറഞ്ഞു പലരും. സാഹിത്യത്തിൽ പൈങ്കിളികളുടെ സുവർണകാലമായിരുന്നു അത്. എല്ലാ കടകളിലും മംഗളവും മനോരമയും കുമാരിയും സഖിയും തോരണങ്ങളായി തൂങ്ങിയിരുന്ന കാലം. പത്രക്കാരൻ കൃഷ്‌ണേട്ടന്റെ വരവ് കാത്ത് ചെറുപ്പക്കാരികൾ അക്ഷമരായി വഴിയോരങ്ങളിൽ നിൽക്കുന്നത് ഇപ്പോഴും ഓർമയുണ്ട്. ആ കാലത്ത് തന്നെയാണ് ‘താളവട്ടം’ എന്ന സിനിമയുടെ തരംഗനിർമിതി സംഭവിക്കുന്നത്. താളവട്ടത്തിലെ ഭ്രാന്തനായ കാമുകനെ കണ്ട്, “വട്ടനായാലും കൊഴപ്പമില്ല, അങ്ങനെയൊരു സുന്ദരനായ വട്ടനെ ഭർത്താവായി തരണേ കർത്താവേ” എന്ന് പ്രാർത്ഥിച്ച ഒരു യുവതിയുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ. ജീവിതത്തിൽ ഭ്രാന്തന്മാരെ കാണുമ്പോൾ ഭയത്തോടെ മാറിനിന്നവർ, ‘താളവട്ടത്തി’ലെ പിരി ലൂസായ കഥാപാത്രത്തെ സ്വീകരിച്ചു. പ്രേക്ഷകരുടേയും ‘പിരി’ ലൂസാക്കി വിടുകയായിരുന്നു, മോഹൻലാൽ. ആ മോഹൻലാൽ സ്ത്രീകളുടെ മോഹൻലാൽ ആയിരുന്നു. മോഹൻലാൽ വിവാഹിതനായ വാർത്ത പത്രങ്ങളിൽ വന്നപ്പോൾ “ആ മനുഷ്യന് വിവാഹം കഴിക്കാതിരുന്നൂടെ” എന്ന് ആത്മാർത്ഥമായി സങ്കടപ്പെട്ട ചില സ്ത്രീകളുണ്ടായിരുന്നു. ഓരോ സിനിമകളിലും മാറിമാറി വരുന്ന കാമുകനെ അവർക്കിഷ്ടമായിരുന്നു.

കിരീടത്തിലെ മോഹൻലാലിനെ കണ്ട് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പുറത്തിറങ്ങിയ ഞങ്ങളുടെ നാട്ടിലെ ക്ലാര, മോഹൻലാലിന്റെ ചിരിപ്പടം വരാൻ വേണ്ടി നേർച്ച നേർന്ന സംഭവമുണ്ട്. നെഞ്ചുപിളർന്ന വേദനയിൽനിന്ന് ചിരിയുടെ ചിറകിൽ അവർക്ക് സ്വപ്നംകണ്ട് പറക്കാനുള്ള മോഹൻലാലിനെ വേണമായിരുന്നു. ‘ചിത്ര’ത്തിൽ, രണ്ടു വിരലുകൾക്കിടയിലൂടെ കണ്ണിറുക്കി ചിരിക്കുന്ന മോഹൻലാൽ.

കാഴ്ചയുടെ, ഓർമകളുടെ തുടർച്ചയാണ് മോഹൻലാൽ. എല്ലാ കാണികൾക്കും ഓർത്തെടുക്കാൻ അവരവരുടേതായ ഒറ്റ മോഹൻലാൽ മാത്രമല്ല, അനേകം ലാലേട്ടന്മാരുണ്ട്. ജീവത്തായി അത് പടർന്നുകയറുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com