

കേരളത്തിലെ രണ്ട് പ്രമുഖ സമുദായങ്ങളാണ് മുസ്ലിങ്ങളും ക്രൈസ്തവരും. ആ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പൊതുവെ സൗഹാര്‍ദ്ദപരമായ ബന്ധമാണ് ദീര്‍ഘകാലമായി നിലനിന്നു പോന്നിട്ടുള്ളത്. പക്ഷേ, സമീപകാലത്ത് ആ ബന്ധത്തില്‍ കല്ലുകടി അനുഭവപ്പെടുന്ന അവസ്ഥയുണ്ടായി. പ്രധാനമായി രണ്ടു കാര്യങ്ങളാണ് അതിലേക്ക് നയിച്ചത്. ലവ് ജിഹാദാണ് ഒന്നാമത്തെ വില്ലന്‍. മുസ്ലിം യുവാക്കളില്‍ ചിലര്‍ ക്രൈസ്തവ യുവതികളില്‍ ചിലരെ പ്രണയത്തില്‍ കുരുക്കി ഇസ്ലാമിക തീവ്രവാദത്തിലേക്ക് കൊണ്ടുപോകുന്നു എന്ന ആരോപണം ചില ക്രൈസ്തവ കേന്ദ്രങ്ങളില്‍നിന്നുണ്ടായി. ഏതാനും ഉദാഹരണങ്ങളിലേക്ക് അത്തരം കേന്ദ്രങ്ങള്‍ കൈ ചൂണ്ടുകയും ചെയ്തു.
രണ്ടാമത്തെ കാര്യം ഹാഗിയ സോഫിയയുമായി ബന്ധപ്പെട്ടതാണ്. 2020 ജൂലായില്‍ തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിബ് ഉര്‍ദുഗാന്‍ ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റി. ആറാം നൂറ്റാണ്ട് തൊട്ട് പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യം വരെ ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയയെ ഒട്ടോമന്‍ ഭരണകര്‍ത്താവ് 1453-ല്‍ മുസ്ലിം ദേവാലയമാക്കി പരിവര്‍ത്തിപ്പിച്ചിരുന്നു. ഒട്ടോമന്‍ ചക്രവര്‍ത്തി ചെയ്ത തെറ്റ് തിരുത്തിക്കൊണ്ട് 1935-ല്‍ മുസ്തഫ കമാല്‍ എന്ന സെക്യുലര്‍ ഭരണാധികാരി മ്യൂസിയമാക്കി മാറ്റിയ ചരിത്രസൗധത്തെയാണ് ഉര്‍ദുഗാന്‍ വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച്ചത്.
തുര്‍ക്കി പ്രസിഡന്റ് ചെയ്ത തെറ്റിനെ ന്യായീകരിച്ചുകൊണ്ട് കേരളത്തിലെ മുസ്ലിം സംഘടനകള്‍ പലതും രംഗത്ത് വന്നിരുന്നു. മുസ്ലിംലീഗിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായ സാദിഖലി ശിഹാബ് തങ്ങളാവട്ടെ, സ്വന്തം പാര്‍ട്ടിപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഉര്‍ദുഗാന്റെ മതസങ്കുചിതത്വപരവും അസഹിഷ്ണുതാധിഷ്ഠിതവുമായ നടപടിക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളര്‍പ്പിക്കുകയും ചെയ്തു. ആറാംശതകത്തില്‍ പണികഴിപ്പിക്കപ്പെട്ട ക്രൈസ്തവ ദേവാലയത്തെ മുസ്ലിം ദേവാലയമായി പരിവര്‍ത്തിപ്പിച്ചതില്‍ ആഹ്ലാദിക്കുന്നവരോടുള്ള അമര്‍ഷവും രോഷവും ക്രൈസ്തവ കേന്ദ്രങ്ങളില്‍ സ്വാഭാവികമായി ഉയര്‍ന്നു. യു.ഡി.എഫ് രാഷ്ട്രീയത്തെ പ്രതികൂലമായി ബാധിക്കുംവിധം അവരത് പ്രകടിപ്പിക്കുകയും ചെയ്തു.
ഹാഗിയ സോഫിയ വിഷയത്തിലെന്നപോലെ മുകളില്‍ പറഞ്ഞ ലവ് ജിഹാദ് വിഷയത്തിലും മുഖ്യധാരാ മുസ്ലിം സംഘടനകളുടെ പ്രതികരണം ശരിയായ ദിശയിലായിരുന്നില്ല. ലവ് ജിഹാദ് എന്ന ഒരു പ്രതിഭാസമേ ഇല്ല എന്നു ശഠിക്കയാണവര്‍ ചെയ്തത്. സംസ്ഥാന പൊലീസ് തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ലവ് ജിഹാദ് എന്ന ഒരേര്‍പ്പാട് ഉണ്ടോ ഇല്ലയോ എന്നതിരിക്കട്ടെ. അങ്ങനെയൊന്നുണ്ടെന്ന് അപര സമുദായങ്ങള്‍ ആരോപിക്കുന്ന സാഹചര്യത്തില്‍ അതിനോടുള്ള തങ്ങളുടെ നിലപാട് എന്തെന്നു സംശയലേശമില്ലാതെ വ്യക്തമാക്കേണ്ട ബാധ്യത മുസ്ലിം മത, രാഷ്ട്രീയ സംഘടനകള്‍ക്കുണ്ട്. മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിക്കുക എന്ന ദുരുദ്ദേശ്യത്തോടെയോ മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരണമാക്കുക എന്ന കുത്സിത ലക്ഷ്യത്തോടെയോ മുസ്ലിം പുരുഷന്മാര്‍ അമുസ്ലിം സ്ത്രീകളെ പ്രണയം ഭാവിച്ച് വിവാഹം ചെയ്യുന്നത് ശരിയല്ലെന്ന് ആ സംഘടനകള്‍ അറുത്തുമുറിച്ച് പറയേണ്ടതായിരുന്നില്ലേ? അങ്ങനെ ചെയ്തിരുന്നെങ്കില്‍ ലവ് ജിഹാദിലൂടെ മുസ്ലിം-ക്രൈസ്തവ സൗഹൃദത്തിലും മുസ്ലിം-ഹിന്ദു സൗഹൃദത്തിലും വിള്ളലുണ്ടാകുന്നതും ഇസ്ലാമോഫോബിയ കനക്കുന്നതും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു.
മനപ്പൂര്‍വ്വമോ അല്ലാതെയോ ഉള്ള ഇത്തരം വീഴ്ചകള്‍ മുസ്ലിം മത, രാഷ്ട്രീയ പക്ഷത്തുനിന്നു പലപ്പോഴും സംഭവിച്ചിട്ടുണ്ട്. ഇസ്ലാമോഫോബിയയുടെ വ്യാപനം വര്‍ദ്ധിപ്പിക്കുന്നതിന് അവ കാരണമായിത്തീര്‍ന്നിട്ടുമുണ്ട്. ഈ വിഷയത്തിലേക്ക് കടന്നുചെല്ലുന്ന ഒരു ലേഖനം ഈയിടെ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ വായിക്കുകയുണ്ടായി. ചെന്നൈയിലെ 'ഇസ്ലാമിക് ഫോറം ഫോര്‍ ദ പ്രമോഷന്‍ ഓഫ് മോഡറേറ്റ് തോട്ട്' എന്ന സംഘടനയുടെ സെക്രട്ടറി ജനറലായ എ. ഫൈസുര്‍ റഹ്മാന്‍ എഴുതിയ ആ ലേഖനത്തില്‍ ആഗോളതലത്തില്‍ ഇസ്ലാമോഫോബിയയുടെ അളവും ശക്തിയും വര്‍ദ്ധിക്കുന്നു എന്ന വസ്തുതയിലേക്കാണ് ആദ്യം വിരല്‍ചൂണ്ടുന്നത്. രണ്ടു ദശകങ്ങളായി (2001 സെപ്റ്റംബര്‍ 11-നു ശേഷം) ഇസ്ലാമിനോടും മുസ്ലിങ്ങളോടുമുള്ള വിദ്വേഷം സാര്‍വ്വദേശീയ തലത്തില്‍ കനത്തിരിക്കുന്നു. മതസ്വാതന്ത്ര്യത്തെക്കുറിച്ചും വിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് മുസ്ലിം വിരുദ്ധ വികാരം സാംക്രമിക രോഗത്തിന്റെ മാനം കൈവരിച്ചിരിക്കുന്നു എന്നാണ്. മനോരോഗ ശാസ്ത്രത്തിലെ ഒരു പഠനവിഷയമായിപ്പോലും ഇസ്ലാമോഫോബിയ മാറിയിരിക്കുന്നു. അതിന്റെ തെളിവത്രേ ലോകത്തിലെ പ്രമുഖ ശാസ്ത്ര പുസ്തക പ്രസാധനശാലയായ സ്പ്രിംഗര്‍ പുറത്തിറക്കിയ Islamophobia and sPychitary എന്ന ഗ്രന്ഥം.
ഇസ്ലാംഭീതിയും മുസ്ലിം വിദ്വേഷവും
ചരിത്രപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ നേരത്തേത്തന്നെ ഒരുതരം ഇസ്ലാമോഫോബിയ നിലനിന്നിരുന്നു എന്ന് ഫൈസുര്‍ റഹ്മാന്‍ അഭിപ്രായപ്പെടുന്നുണ്ട്. സാംസ്‌കാരിക സംഘര്‍ഷവും അധികാര വടംവലിയുമായി ബന്ധപ്പെട്ടാണ് അത് കിളിര്‍ത്തുവന്നത്. ബങ്കിംചന്ദ്ര ചാറ്റര്‍ജി, ചന്ദ്രനാഥ് ബസു, ലാലാ ലജ്പത് റായ്, ഭായ് പരമാനന്ദ് തുടങ്ങിയവരുടെ വിചാരവികാരങ്ങളില്‍ അതിന്റെ അനുരണനങ്ങള്‍ കാണാമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അത്തരം വിചാരവികാരങ്ങള്‍ സ്വാതന്ത്ര്യത്തിനു ശേഷവും തുടരുകയാണ് ചെയ്തിട്ടുള്ളത്.
ഈ യാഥാര്‍ത്ഥ്യം തുറന്നുകാട്ടിയ ശേഷം ലേഖകന്‍ ഉന്നയിക്കുന്ന ചോദ്യം ഗൗരവമാര്‍ന്നതാണ്. ഇസ്ലാംഭീതിയും മുസ്ലിം ദ്വേഷവും വളരുന്നതിന് സഹായകമാകുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയാനും അവ ഒഴിവാക്കാനോ നിയന്ത്രിക്കുകയെങ്കിലും ചെയ്യാനോ ഉള്ള നടപടികള്‍ സ്വീകരിക്കാനുമുള്ള മുന്‍കൈ മുസ്ലിം മതനേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ? ഒരു ബഹുസമൂഹത്തില്‍ വ്യത്യസ്ത ജനവിഭാഗങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വം സാധിതമാകണമെങ്കില്‍ ഓരോ വിഭാഗവും അപര വിഭാഗങ്ങളുടെ വിശ്വാസവും സൗഹൃദവും ആര്‍ജ്ജിക്കേണ്ടതുണ്ട്. തങ്ങള്‍ സ്വന്തം വിശ്വാസപ്രമാണങ്ങള്‍ക്കും ആരാധനാകേന്ദ്രങ്ങള്‍ക്കും നല്‍കുന്ന ആദരവും പ്രാധാന്യവും അപരരുടെ വിശ്വാസങ്ങള്‍ക്കും ആരാധനാകേന്ദ്രങ്ങള്‍ക്കും നല്‍കാന്‍ ഓരോ സമുദായത്തിനും കഴിയണം. ഇക്കാര്യത്തില്‍ മുസ്ലിംമത പണ്ഡിതരും സംഘടനകളും പരിതാപകരമാംവിധം പരാജയപ്പെട്ടുവെന്ന് ഫൈസുര്‍ റഹ്മാന്‍ വിലയിരുത്തുന്നു.
ഹൈന്ദവ തീവ്രവാദികള്‍ നിയമം കാറ്റില്‍ പറത്തി ബാബറി മസ്ജിദ് തകര്‍ത്തതിനെ മുസ്ലിം മതനേതൃത്വം അതിരൂക്ഷ ഭാഷയില്‍ അപലപിക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ 30-ന് പാകിസ്താനിലെ ഖൈബര്‍-പഖ്തൂണ്‍ഖ പ്രവിശ്യയില്‍ തേരിയില്‍ സ്ഥിതിചെയ്ത ഹിന്ദുക്ഷേത്രം ഇസ്ലാമിക തീവ്രവാദികള്‍ തകര്‍ത്തപ്പോള്‍ അവര്‍ മൗനം ദീക്ഷിച്ചു! 2020 ആഗസ്റ്റ് 23-ന് കറാച്ചിക്കടുത്ത് ല്യാരിയിലെ ഹനുമാന്‍ ക്ഷേത്രം മുസ്ലിം മതാന്ധര്‍ നശിപ്പിച്ചപ്പോഴും ഇന്ത്യയിലെ മുസ്ലിം മതപൗരോഹിത്യം അത് കണ്ടില്ലെന്നു നടിക്കയാണ് ചെയ്തത്. ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്ത സംഭവങ്ങള്‍ പലതുണ്ടായിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളിലും നമ്മുടെ ഇസ്ലാമിക സംഘടനകളും സാരഥികളും അനങ്ങിയില്ല.
മുസ്ലിം രാഷ്ട്രങ്ങള്‍ പലതിലും അപരിഷ്‌കൃത മതനിന്ദാ നിയമങ്ങളും മതപരിത്യാഗ നിയമങ്ങളും നിലവിലുണ്ട്. അവയുടെ പിന്‍ബലത്തില്‍, വിയോജനശബ്ദം ഉയര്‍ത്തുന്നവരെ കഴുമരമേറ്റുന്ന പതിവും നിലനില്‍ക്കുന്നു. പാകിസ്താനില്‍ മതനിന്ദാക്കുറ്റം ആരോപിച്ചാണ് ആസിയ ബീവി എന്ന ക്രൈസ്തവ സ്ത്രീയെ ദീര്‍ഘകാലം തടവിലിട്ടത്. മതനിന്ദാ നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട ക്രൈസ്തവനായ ഷഹബാസ് ഭട്ടി എന്ന മന്ത്രിയെ അവിടെ മതോന്മാദികള്‍ വധിക്കയുണ്ടായി. സല്‍മാന്‍ തസീര്‍ എന്ന പ്രവിശ്യാ ഗവര്‍ണര്‍ നേരിട്ടതും അതേ ദുര്‍വിധി തന്നെ. മതനിന്ദയുടെ പേരിലുള്ള നരവേട്ട ഇപ്പോഴും പാകിസ്താനിലും ബംഗ്ലാദേശിലും തുടരുന്നു. ഇസ്ലാം മതത്തില്‍നിന്നു മറ്റു മതങ്ങളിലേക്കോ ചിന്താപദ്ധതികളിലേക്കോ മാറുന്നവരെ ഉന്മൂലനം ചെയ്യുന്ന കിരാത സമ്പ്രദായവും ആ രാജ്യങ്ങളില്‍ നിലവിലുണ്ട്. അവയ്‌ക്കൊന്നിനുമെതിരെ ചെറുവിരലനക്കാന്‍പോലും ഇന്ത്യയിലെ ഇസ്ലാമിക പണ്ഡിതസംഘങ്ങളോ മുസ്ലിം രാഷ്ട്രീയപ്പാര്‍ട്ടികളോ മുന്നോട്ടുവന്ന ചരിത്രമില്ല.
ഫൈസുര്‍ റഹ്മാന്‍ എടുത്തുകാട്ടുന്ന മറ്റൊരു കാര്യം കൂടുതല്‍ ഗൗരവപ്പെട്ടതാണ്. 'ഗസ്വാഉല്‍ ഹിന്ദ്' (ഇന്ത്യയെ കീഴ്പെടുത്താന്‍ യുദ്ധം) എന്ന പരികല്പനയുമായി ബന്ധപ്പെട്ടതാണത്. ഇന്ത്യയെ ഇസ്ലാമിനു കീഴില്‍ കൊണ്ടുവരാന്‍ യുദ്ധം ചെയ്യുക എന്ന ആശയമടങ്ങുന്ന ഒരു ഹദീസ് (നബിവചനം) ഉണ്ടെന്നു പ്രചരിപ്പിക്കുന്ന 'ജെയ്‌ശെ മുഹമ്മദ്' പോലുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് പ്രസ്തുത പരികല്പന ഉയര്‍ത്തിപ്പിടിക്കുന്നതും തദടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതും. ഇസ്ലാമികാര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ തികച്ചും അടിസ്ഥാനരഹിതമാണ് ഗസ്വാഉല്‍ ഹിന്ദ് എന്ന പരികല്പനയെന്നു ലേഖകന്‍ വ്യക്തമാക്കുന്നു. ഒട്ടും ആധികാരികമല്ലാത്ത ഹദീസ് ഉപയോഗിച്ച് ഇസ്ലാമിസ്റ്റുകള്‍ ജിഹാദിസം കൊഴുപ്പിക്കുകയാണ്. മുസ്ലിങ്ങളുടെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ ഹിന്ദു വലതുപക്ഷത്തിന് അത് സഹായകമായി ഭവിക്കുകയും ചെയ്യുന്നു. ഇത്രയൊക്കെയായിട്ടും 'ഗസ്വാഉല്‍ ഹിന്ദി'നെക്കുറിച്ച് നിശ്ശബ്ദത പാലിക്കയാണ് ഇന്ത്യയിലെ മുസ്ലിംമത പണ്ഡിതര്‍ ചെയ്യുന്നത്. എന്നുവെച്ചാല്‍ അമുസ്ലിങ്ങള്‍ക്കിടയില്‍, വിശിഷ്യാ ഹിന്ദുക്കള്‍ക്കിടയില്‍ ഇസ്ലാമോഫോബിയ ഉല്പാദിപ്പിക്കുന്നതിന് അവര്‍ കൂട്ടുനില്‍ക്കുന്നു. ആധുനിക കാലത്തിനും സമൂഹത്തിനും യോജ്യമല്ലാത്ത, വിനാശകരമായ മതപരികല്പപ്പനകളുടെ മേല്‍ അടയിരിക്കുന്ന ഇസ്ലാമിക പണ്ഡിതവേഷക്കാരെ മുസ്ലിം ബഹുജനം തിരുത്തണം. ഇസ്ലാം ദ്വേഷത്തിനു വളമായിത്തീരുന്ന വ്യാജഹദീസുകള്‍ അവര്‍ തിരസ്‌കരിക്കുകയും ചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates