

'കണ്ടപ്പോള്‍ത്തന്നെ മനസ്സിലായോ?'
ദീപാങ്കറുടെ ആ ചോദ്യത്തില്‍ ചെറുതായൊന്ന് പതറുന്നുണ്ട്, പ്രദീപ് കാമത്. ശൈലജയെ മനസ്സിലായോ എന്നാണ് ചോദിക്കുന്നത്, ശൈലജ ദീപാങ്കറുടെ ഭാര്യയാണ്, തന്റെ പഴയ കൂട്ടുകാരിയും.
മനസ്സിലായെന്നോ, ശരിക്കും മനസ്സിലായില്ലെന്നോ ഒക്കെ വായിച്ചെടുക്കാവുന്ന ഒരുത്തരം പ്രദീപ് മെനഞ്ഞെടുക്കുമ്പോഴേക്കും അയാളുടെ രക്ഷയ്‌ക്കെത്തുന്നു, ശൈലജ.
' ഹേയ്, ഇല്ലില്ല, എനിക്കുറപ്പാണ്.' അവിനാശ് അരുണ്‍ സംവിധാനം ചെയ്ത ത്രീ ഒഫ് അസ് എന്ന ഹിന്ദി സിനിമയിലാണീ കണ്ടുമുട്ടല്‍ രംഗം. ആരോ കാണാന്‍ വന്നിട്ടുണ്ടെന്ന് പ്യൂണ്‍ വന്നറിയിക്കുമ്പോള്‍ കാബിനില്‍ നിന്നിറങ്ങി ശൈലജയെ നോക്കുന്ന അയാളുടെ മുഖത്തു നിന്നു തന്നെ നമുക്കതറിയാം, അല്ലെങ്കില്‍ത്തന്നെ നമ്മളാ സച്ചിദാനന്ദന്‍ കവിത പലവട്ടം വായിച്ചവരാണല്ലോ! 'മുപ്പതു വര്‍ഷം കഴിഞ്ഞ് കണ്ടുമുട്ടിയാലും പുരുഷന് തന്റെ ആദ്യ കാമുകിയെ തിരിച്ചറിയാനാവും'
മനോഹരമായ പ്രണയ കഥ പറഞ്ഞ അമേരിക്കന്‍ സിനിമ നോട്ട് ബുക്കി1ലെ അവസാന രംഗം ഓര്‍ക്കുന്നില്ലേ? സ്മൃതി നാശത്തിലേക്കു വീണു പോയ എല്ലി, നോവയെ തിരിച്ചറിയുന്ന രംഗം. സ്വന്തം പ്രണയ കഥ വായിച്ചു കേട്ടതിനൊടുവില്‍, പെട്ടെന്നൊരു നിമിഷത്തിലാണ് അവരത് തിരിച്ചറിയുന്നത്; ഇത് ഞാനാണ്, എനിക്കൊപ്പമുള്ളത് നീയും. സിനിമയെ അവിടെ വിട്ട് നമ്മള്‍ ഒറ്റമിന്നലില്‍ വീണ്ടും പഴയ ഞാന്‍ എന്ന വിജയലക്ഷ്മിക്കവിതയിലേക്കു പോവും. അങ്ങനെയൊരു ഒറ്റ മിന്നലിലാവണം പ്രദീപ് കാമത് ശൈലജയെ കണ്ടത്, തിരിച്ചും. പ്രണയത്തിന്റെ അടിയൊഴുക്കുകള്‍ മറവിയുടെ പ്രവാഹത്തിന് എതിര്‍ ദിശയിലാവണം. മറവി വന്നു മുട്ടിയപ്പോള്‍, മേധാക്ഷയം സ്ഥിരീകരിച്ചപ്പോഴാണ് ശൈലജ കൗമാരം ചെലവഴിച്ച ഗ്രാമത്തിലേക്ക്, അവിടെ വിട്ടു പോന്ന കൂട്ടുകെട്ടിലേക്ക് തിരിച്ചൊരു യാത്ര പോവുന്നത്. ജീവിത പങ്കാളിയുമൊത്തുള്ള ആ പ്രണയ യാത്ര അത്രമേല്‍ ഹൃദ്യമായി നമുക്കനുഭവപ്പെടും.
'ഏറെ പുതുക്കിപ്പണിതിട്ടും
താന്‍ പണ്ടു പാര്‍ത്തിരുന
ഗ്രാമത്തിലെ വീട്
തിരിച്ചറിയും പോലെ,
കെട്ടിടങ്ങളും ആരവങ്ങളും
നിറഞ്ഞു കഴിഞ്ഞിട്ടും
ഒരിക്കല്‍ പൂക്കളാല്‍ മൂടിയിരുന്ന
കുന്നിന്‍പുറത്തിന്റെ വിജനത
തിരിച്ചറിയും പോലെ'2
ഇങ്ങനെയൊക്കെത്തന്നെയാണ്, ഇരുപത്തിയെട്ടു വര്‍ഷം കഴിഞ്ഞു കണ്ടുമുട്ടുന്ന ശൈലജയെ പ്രദീപ് തിരിച്ചറിയുന്നത്. അവളെക്കുറിച്ച് അയാള്‍ക്കെല്ലാമറിയാം, അല്ലെങ്കില്‍ അങ്ങനെ അറിയാമെന്നവര്‍ക്കു തോന്നുകയെങ്കിലുമുണ്ട്. ക്ഷേത്രത്തില്‍ നിന്നു കിട്ടിയ പ്രസാദം മുഴുവനായും തനിക്കു നീട്ടിയപ്പോള്‍, അപ്പോള്‍ ശൈലജയ്ക്കു വേണ്ടേ എന്നു ചോദിച്ച പ്രദീപിനോട് കളി പറയുന്നുണ്ട്, ദീപാങ്കര്‍: 'അവള്‍ തനി നിരീശ്വരവാദിയാണ് . എന്തായാലും അവളെപ്പറ്റി താങ്കള്‍ക്കറിയാത്ത ഒരു കാര്യമെങ്കിലും എനിക്കു പറയാനായല്ലോ!'
'എനിക്കിയാളെ അറിയാമല്ലോ, പക്ഷേ ആരാണ് ?''
ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യകാമുകനുമായുള്ള കണ്ടുമുട്ടലിന്റെ അനുഭവം വിവരിക്കുന്നുണ്ട്, നടി നീന ഗുപ്ത ആത്മകഥ3യില്‍. ആദ്യ കാമുകന്‍ മാത്രമല്ല, അത് നീനയുടെ ആദ്യ ജീവിത പങ്കാളി കൂടിയാണ്. ചെറു പ്രായത്തില്‍ എല്ലാവരെയും അമ്പരപ്പിച്ചു നടത്തിയ വിവാഹം. ഒരുപാടു കാലം ഒരുമിച്ചു നടന്ന, ഒരുമിച്ചു ജീവിതാനന്ദങ്ങള്‍ കണ്ടെത്തിയ ഒരാള്‍; അയാളാണ് മുന്നില്‍. ഒറ്റനോട്ടത്തില്‍ മനസ്സിലായില്ലെങ്കിലും ഉള്ളിലിരുന്ന് ആരോ പറഞ്ഞു, 'എനിക്കിയാളെ അറിയാമല്ലോ.'
പഞ്ചാബികളും ബംഗാളികളും പരസ്പരം പോരടിച്ചു നിന്നിരുന്ന പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തെരുവുകളിലായിരുന്നു, പകുതി പഞ്ചാബിയായ നീന ഗുപ്തയുടെയും ബംഗാളിയായ ആംലന്‍ കുസും ഘോഷിന്റേയും പ്രണയം. രണ്ടു പേരും രണ്ടിടത്ത് വിദ്യാര്‍ഥികള്‍. ക്ലാസ് കട്ട് ചെയ്തും ആംലന്‍ പഠിച്ചിരുന്ന ഐ ഐടി ഹോസ്റ്റലിലേക്ക് നുഴഞ്ഞുകയറിയുമെല്ലാം ആഘോഷിച്ച പ്രണയം നീന തന്നെയാണ് വീട്ടിലറിയിച്ചത്. മകളെ സിവില്‍ സര്‍വീസിലെത്തിക്കുന്നത് സ്വപ്നം കണ്ടിരുന്ന അമ്മയുടെ പാതി സമ്മതത്തോടെ, പ്രണയ ജീവിതം പിന്നെയും മുന്നോട്ടു പോയി. ആംലനും സുഹൃത്തുക്കളും ശ്രീനഗറിലേക്ക് യാത്ര പോവുന്നു, ഒപ്പം പോവണമെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ പക്ഷേ അമ്മ എതിര്‍ത്തു, കല്യാണം കഴിക്കാതെ അവനൊപ്പം ഒരിടത്തേക്കും വിടില്ല. 'എന്നാല്‍പ്പിന്നെ കല്യാണം കഴിച്ചേക്കാം, എന്നായി മകള്‍. ഏറ്റവും അടുത്തുള്ള മുഹൂര്‍ത്തത്തില്‍ ആര്യസമാജത്തില്‍ വച്ച് വിവാഹം. വധുവിന്റെ ഭാഗത്തു നിന്ന് അച്ഛനും അമ്മയും സഹോദരനും. വരന്റെ പക്ഷത്ത് മൂന്നു സുഹൃത്തുക്കള്‍. ഇങ്ങനെയായിരുന്നു, ഇത്ര വേഗത്തിലായിരുന്നു ആംലനുമായുള്ള വിവാഹം. ആ ആംലനാണ് മുന്നില്‍ നില്‍ക്കുന്നത്.
ഹിമാചലില്‍ ഷൂട്ടിങ് കഴിഞ്ഞുള്ള ഒരു വൈകുന്നേരം. ഹോട്ടല്‍ മുറിയിലേക്ക് കയറുമ്പോള്‍ ആരോ പിന്നില്‍ നിന്നു വിളിക്കുകയായിരുന്നു. ആരാണിതെന്ന് ഉള്ളില്‍ തിരഞ്ഞു കൊണ്ടിരുന്നപ്പോള്‍ അയാള്‍ അച്ഛന്റെയും അമ്മയുടെയും സഹോദരനെയുമൊക്കെ വിശേഷങ്ങള്‍ തിരക്കി സംസാരിച്ചു കയറുകയാണ്.. പെട്ടെന്നാണ് മിന്നലിലെന്ന പോലെ ഓര്‍മ തെളിഞ്ഞത്, ആംലന്‍! ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്കിപ്പുറം തന്റെ ആദ്യ പുരുഷന്‍. ഒരുപാടു മാറിപ്പോയിരുന്നു, ഇരുവരും. പല മനുഷ്യരിലൂടെ, പല ജീവിതങ്ങളിലൂടെ കടന്നുപോയവര്‍. 'ഞങ്ങള്‍ക്കിടയില്‍ പ്രണയമൊന്നും ശേഷിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും പക്ഷേ ഒരിക്കല്‍ നമ്മള്‍ സ്‌നേഹിച്ചിരുന്നവരോട് എത്ര കാലത്തിനു ശേഷവും വല്ലാത്തൊരു അടുപ്പം ബാക്കി നില്‍ക്കും. കാലത്തിന്റെ പാച്ചിലില്‍ അത് ഇല്ലാതാവുകയേയില്ല'
ഒന്നോ ഒന്നരയോ വര്‍ഷം മാത്രമാണ് ആലനുമായുള്ള വിവാഹം നീണ്ടുനിന്നത്. അപ്പോഴേക്കും വഴി രണ്ടാണെന്ന് രണ്ടു പേര്‍ക്കും മനസ്സിലായിക്കഴിഞ്ഞിരുന്നു. ഐഐടി കഴിഞ്ഞ് ആംലന്‍ ജോലിക്കു ചേര്‍ന്നു. വീടു നോക്കുന്ന പങ്കാളിയെയായിരുന്നു ആംലന് വേണ്ടത്. തിയറ്ററും സിനിമയുമൊക്കെയായി കുറേക്കൂടി വലിയ ജീവിതമായിരുന്നു നീനയുടെ ഉള്ളില്‍. ഈ ചേര്‍ച്ചയില്ലായ്മ വല്ലാതെ വലിച്ചു നീട്ടിയില്ല. കൈ കൊടുത്തു പിരിഞ്ഞു, പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിത്തന്നെ. വേര്‍പിരിയല്‍ ഔദ്യോഗികമാക്കാന്‍ കോടതി വരാന്തയില്‍ കാത്തു നിന്ന അനുഭവം നിന എഴുതുന്നുണ്ട്:
'കുറേ നേരമായി കോടതിക്കു പുറത്ത് കാത്തുനില്‍ക്കുന്നു. നന്നായി ദാ ഹിക്കുന്നുണ്ടായിരുന്നു. എന്റെ പരവേശം കണ്ടിട്ടാവണം, ആംലന്‍ പുറത്തുപോയി ഒരു കൊക്കകോള വാങ്ങിവന്നു. തൊട്ടടുത്ത് ഒരു സ്ത്രീ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
'നിങ്ങള് ചെറുപ്പമാണല്ലോ, എന്താ ഇവിടെ ?' അവര്‍ ചോദിച്ചു.
'ഡിവോഴ്‌സിന്റെ കാര്യങ്ങള്‍ ശരിയാക്കാന്‍ വന്നതാ ' ഞാന്‍ പറഞ്ഞു.
'ഡിവോഴ്‌സ്!' അവിശ്വസനീയതയില്‍ അവരുടെ വാ പിളര്‍ന്നു.
'നിങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നല്ല കെയറിങ് ആണല്ലോ, കംഫര്‍ട്ടബിളുമാണ്. ആള്‍ കോള വാങ്ങിത്തരുന്നതൊക്കെ കണ്ടല്ലോ! എന്റെ ഭര്‍ത്താവ് എങ്ങാനുമാവണം. ഞാനിവിടെ ദാഹിച്ച് ചത്താലും തിരിഞ്ഞു നോക്കില്ല. നിങ്ങള്‍ എന്തിനാണ് പിരിയുന്നത്, എനിക്കു മനസ്സിലാവുന്നേയില്ല?'
ഞങ്ങള്‍ക്കതു കേട്ട് ചിരി വന്നു. അവര്‍ പറഞ്ഞതു ശരിയാണ്, ആംലന്‍ ശരിക്കും നല്ലയാളാണ്. പക്ഷേ ഞങ്ങള്‍ ഒരുമിച്ച് ശരിയാവില്ല. വെറുതെ വലിച്ചു നീട്ടി വഷളാക്കണ്ട. പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ക്കു തോന്നി, ഞങ്ങള്‍ പിരിഞ്ഞു.'
ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുപാട് മാറിയിരുന്നു, രണ്ടു പേരും. ആംലന്‍ വിവാഹിതനായി, ഒരു മകളുടെ അച്ഛനായി, നല്ല കുടുംബ ജീവിതം നയിക്കുന്നു. നീനയാണെങ്കില്‍ പല ബന്ധങ്ങളിലൂടെ കടന്നുപോയി, ഏറെ കോളിളക്കമുണ്ടാക്കിയ, വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള പ്രണയമുള്‍പ്പെടെ. വിവാഹിതയാവാതെ തന്നെ റിച്ചാര്‍ഡ്സിലുണ്ടായ മകളെ, ഒരുപാട് വെല്ലുവിളികളെ അതിജീവിച്ച് വളര്‍ത്തി. ആദ്യമെല്ലാം അപ്രധാന റോളുകളില്‍ ഒതുങ്ങിപ്പോയ സിനിമാഭിനയ ജീവിതത്തില്‍ പോരടിച്ചു തന്നെ അവര്‍ ജയം പിടിച്ചെടുത്തു. അന്ന് ആ വൈകുന്നേരം ആംലനും നീനയും ഇതെല്ലാം പറഞ്ഞ് എത്ര നേരമാണിരുന്നത്! 'ആംലനോട് സംസാരിക്കുമ്പോള്‍ എനിക്ക് പഴയ ആ എന്നെ തിരിച്ചുകിട്ടിയ പോലെ തോന്നി. ജീവിതത്തില്‍ എന്താവണമെന്ന് എനിക്ക് അന്നേ ഉറപ്പുണ്ടായിരുന്നു, ആ ലക്ഷ്യത്തോട് അടങ്ങാത്ത പാഷനുണ്ടായിരുന്നു. ആംലന് അതറിയാമായിരുന്നു. പിരിയാം എന്ന് ആംലന്‍ പറഞ്ഞത് അതുകൊണ്ടു കൂടിയായിരുന്നു.' പ്രണയം വറ്റിയിട്ടും അടുപ്പം ബാക്കിയാവുന്നതറിയുമ്പോള്‍ കവിത തോറ്റുപോവുന്നതു പോലെ നമുക്കു തോന്നും. 'അവര്‍ക്കിടയിലെ കടല്‍ മാത്രം ബാക്കിയാവുന്നു' എന്നാണല്ലോ ആ പ്രണയ കവിത അവസാനിക്കുന്നത്.
'ഓര്‍മകളില്‍ നമുക്കൊരു പൂക്കാലമുണ്ടായിരുന്നു. ആഘോഷത്തോടെ പങ്കുവയ്ക്കാന്‍ ചിരിയും പ്രകാശവുമുള്ള കുറേ വര്‍ഷങ്ങളുണ്ടായിരുന്നു, വ്യര്‍ഥമാവാത്ത വര്‍ഷങ്ങള്‍. നമ്മുടെ കാലടികള്‍ക്കു കീഴില്‍, മണ്ണിനു ചുവട്ടില്‍ സ്‌നേഹത്തിന്റെ നീരുറവകള്‍ നിശ്ശബ്ദം ഒഴുകിക്കൊണ്ടിരുന്നു' ആത്മ സ്‌നേഹിതന്‍ എന്‍പി മുഹമ്മദിനെ ഓര്‍ത്തു കൊണ്ട് ഇങ്ങനെ എഴുതുന്നുണ്ട്, എംടി.4 പഴക്കമുള്ള ഏതൊരു അടുപ്പത്തിനും പാകമാവും, നനഞ്ഞു നില്‍ക്കുന്ന ആ വാക്കുകള്‍. ത്രീ ഒഫ് അസിന്റെ അവസാന രംഗത്തിലേക്കു വരിക. 'മടങ്ങിവന്നതിന്, ഇത്രയും കാലം എന്നെ ഓര്‍ത്തതിന് നന്ദി' എന്നു പറയുന്ന പ്രദീപിനോട് ശൈലജയുടെ ചിരിച്ചു കൊണ്ടുള്ള മറുപടി ഇങ്ങനെ: 'എനിക്കറിയില്ല, ഇനിയും എത്ര കാലം ഓര്‍ക്കാനാവുമെന്ന്.' ശൈലജ സ്മൃതി നാശത്തിന്റെ വക്കിലെന്ന് അതിനകം തന്നെ ദീപാങ്കറില്‍ നിന്ന് അറിഞ്ഞു കഴിഞ്ഞിരുന്നു, അയാള്‍. അതുകൊണ്ടു കൂടിയാവണം, ഒരു നിമിഷം പോലും പോലും ആലോചിക്കാതെയായിരുന്നു, മറുപടി: 'സാരമില്ല, ഞാന്‍ ഓര്‍ത്തോളാം' നിനക്കു വേണ്ടി കൂടി ഞാന്‍ ഓര്‍മിക്കാം എന്നു തന്നെയാണ് അതിനര്‍ഥം. ഒരാള്‍ക്കു വേണ്ടി മറ്റൊരാള്‍ ഓര്‍മകളെ സൂക്ഷിക്കുകയോ? ചില അടുപ്പങ്ങളില്‍ അങ്ങനെയും പറ്റുമായിരിക്കും. അവര്‍ക്കിടയിലെ കടല്‍ മാഞ്ഞുപോവുന്നതായി നമുക്കു തോന്നും.
1 The Notebook (2004)
2 കണ്ടുമുട്ടല്‍ - സച്ചിദാനന്ദന്‍
3 Sach Kahun Toh - Neena Gupta
4 സ്‌നേഹാദരങ്ങളോടെ - എംടി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
