നിത്യചൈതന്യയതി: ഹൃദയവിശാലതയുടെ പേര്

നിത്യചൈതന്യയതി: ഹൃദയവിശാലതയുടെ
പേര്
Dethan Punalur
Updated on
3 min read

ഞ്ചാരികളുടെ സ്വര്‍ഗ്ഗമായി അറിയപ്പെടുന്ന ഊട്ടി തെക്കേ ഇന്ത്യയിലെ നീലഗിരി ജില്ലയിലാണ്. ആറ് താലൂക്കുകള്‍ ചേര്‍ന്ന തമിഴ്‌നാട്ടിലെ ഈ ചെറിയ ജില്ലയുടെ ആസ്ഥാനം കൂടിയാണ് മനോഹരമായ ഊട്ടി. ഇവിടം കാണാനായി എത്തുന്നവര്‍ പലരും ചോദിക്കാറുണ്ട് ഇവിടെ നിത്യചൈതന്യ യതിക്ക് ഒരു ആശ്രമം ഉള്ളതായി കേട്ടിട്ടുണ്ട്, അതെവിടെയാണെന്ന്! ശരിയാണ് അങ്ങനെ ഒരാശ്രമം ഇവിടെയുണ്ട്. അതാണ് ഫേണ്‍ഹില്‍ ആശ്രമം എന്നു പരക്കെ അറിയപ്പെടുന്ന ആദ്യത്തെ നാരായണ ഗുരുകുലം. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ പ്രധാനിയായിരുന്ന ഡോക്ടര്‍ പല്‍പ്പുവിന്റെ മകനും ശ്രീനാരായണഗുരുവിന്റെ പ്രിയ ശിഷ്യനുമായിരുന്ന നടരാജഗുരു 1923ല്‍ സ്ഥാപിച്ചതാണ് ഇത്. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചു നന്നായി പഠിച്ചശേഷം അവ ഉള്‍ക്കൊണ്ട് പുതിയ രീതിയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്ന അദ്ദേഹത്തിന്റെ ഏറെ നാളത്തെ ശ്രമഫലമായി സ്ഥാപിച്ചതാണ് ഈ ഗുരുകുലം. ഇപ്പോള്‍ അതിന് 100 വയസ്സു കഴിഞ്ഞു. നടരാജഗുരുവിന്റെ സമാധിക്കുശേഷം ഗുരു പരമ്പരയില്‍ അടുത്തതായി വന്ന ഗുരു നിത്യചൈതന്യ യതിക്കായിരുന്നു പിന്നീടുള്ള ഇതിന്റെ ചുമതല.

ഫേണ്‍ഹില്ലിലെ ഗുരുകുലവും ഗുരു നിത്യചൈതന്യയുമായി എനിക്കുള്ള അടുപ്പവും എന്തെന്നു പറഞ്ഞറിയിക്കുക പ്രയാസം. 21 വര്‍ഷം അദ്ദേഹത്തോടൊപ്പം അടുത്ത് ഇടപഴകാന്‍ അവസരം കിട്ടിയ എനിക്ക് അദ്ദേഹത്തെക്കുറിച്ച് പറയാന്‍ നിരവധി അനുഭവങ്ങളുണ്ട്. ഇന്നു നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ആശ്രമത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സുഖവാസ കേന്ദ്രമായ ഊട്ടിയില്‍നിന്നും ഉദ്ദേശ്യം മൂന്നു കിലോമീറ്റര്‍ ദൂരം വരുന്ന മനോഹരമായ ഒരു ഗ്രാമമാണ് മഞ്ചനക്കുറൈ. അവിടെ ഉരുളക്കിഴങ്ങും കാബേജും വിളയുന്ന കൃഷിയിടങ്ങള്‍ക്കു നടുവില്‍ പൈന്‍, യൂക്കാലി മരങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മലമ്പ്രദേശത്തെ കുന്നിന്‍മുകളിലാണ് ഈ ആശ്രമം. ഗുരു നിത്യചൈതന്യ യതി ഇതിനെ 'ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രഹ്മവിദ്യ' എന്ന ഒരു ലോകപ്രശസ്ത സ്ഥാപനമാക്കി ഉയര്‍ത്തി.

തുടര്‍ന്ന് ശ്രീനാരായണ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് വിദേശരാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ അദ്ദേഹം ക്ലാസ്സുകള്‍ എടുത്തു. അത് ഏതാണ്ട് '70കളുടെ അവസാനം വരെ തുടര്‍ന്നു. അങ്ങനെ 1978ഓടുകൂടി ഈ പ്രവാസജീവിതം മതിയാക്കി സ്വന്തം തട്ടകമായ ഊട്ടിയിലെ ഫേണ്‍ഹില്ലില്‍ തിരിച്ചെത്തി താമസമാക്കി. അതോടെ സ്‌നേഹസംവാദങ്ങളും പഠന ക്ലാസ്സുകളും പുസ്തകരചനയും കലാസാഹിത്യ സദസ്സുകളുംകൊണ്ട് അവിടം സജീവമായി. പക്ഷികളും വൃക്ഷങ്ങളും കോടമഞ്ഞും കുളിരുമുള്ള ശാന്തസുന്ദരമായ ആ കുന്നിന്‍മുകളില്‍ പുസ്തകരചനയിലും ആശ്രമകാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച സന്ന്യാസിയും മനഃശാസ്ത്രജ്ഞനും ഒക്കെയായിരുന്ന അദ്ദേഹം ജനങ്ങളുടെ ദൈനംദിന ജീവിതത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും ജനമനസ്സുകള്‍ തൊട്ടറിയാനും ശ്രമിച്ചിരുന്നു. മാത്രമല്ല, കാലികപ്രാധാന്യമുള്ള വിഷയങ്ങളോട് എന്നും പ്രതികരിക്കുകയും ചെയ്തിരുന്നു. ജോലിസംബന്ധമായി ഏതാണ്ട് ഇതേ വര്‍ഷം ഞാനും ഊട്ടിക്കടുത്ത് കൂനൂരില്‍ എത്തിയിരുന്നു. കത്തുകളിലൂടേയും ലേഖനങ്ങളിലൂടെ പത്രമാസികകളിലൂടെ മാത്രം കേട്ടറിഞ്ഞ ഗുരു നിത്യചൈതന്യ യതി എന്ന മഹാനായ വ്യക്തിയെ നേരില്‍ കാണാനും അടുത്ത് ഇടപഴകാനുള്ള മഹാഭാഗ്യം ഒരു നിയോഗംപോലെ എനിക്കു കൈവന്നു എന്നു പറയാം. ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ ഗുരുവിനെ കാണാന്‍ എത്തിയിരുന്നു. അങ്ങനെ അവിടുത്തെ ഒരു നിത്യസന്ദര്‍ശകനായി. ഈ അടുപ്പം വല്ലാത്ത ഒരു ആത്മബന്ധത്തിനു വഴിയൊരുക്കി. ഒരു ഗുരുവിനു ശിഷ്യനോടുള്ളതിനേക്കാള്‍ സ്‌നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോട്. സമാധിവരെയും അതു തുടര്‍ന്നുപോരുകയും ചെയ്തിരുന്നു. ആത്മീയ കാര്യങ്ങള്‍ മുതല്‍ വ്യക്തിപരമായ കാര്യങ്ങള്‍ വരെ ഗുരു എന്നോടു പറയാറുണ്ടായിരുന്നു. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ എഴുതിക്കഴിഞ്ഞതും എഴുതിക്കൊണ്ടിരിക്കുന്നതുമായ പല ലേഖനങ്ങളുടേയും കൈയെഴുത്തു പ്രതികള്‍ എനിക്കു വായിക്കാന്‍ തരുമായിരുന്നു. എഴുത്തിലേക്കും വായനയിലേയ്ക്കുമൊക്കെ പിച്ചവച്ചു നടന്നിരുന്ന എനിക്ക് അന്നു വലിയ ഒരു അനുഗ്രഹവും പ്രചോദനവുമായിരുന്നു അത്. ദിനംപ്രതി വരുന്ന നൂറുകണക്കിനു കത്തുകള്‍ക്കു കൃത്യമായി അദ്ദേഹം മറുപടി എഴുതിയിരുന്നു. സ്‌നേഹസംവാദങ്ങളും കത്തെഴുത്തും നിരവധി പേരെ ഗുരുകുലത്തിലേയ്ക്ക് ആകര്‍ഷിച്ചു. അതോടെ ആശ്രമത്തിലേയ്ക്ക് സന്ദര്‍ശകരുടെ പ്രവാഹം തുടങ്ങി. നമ്മുടെ പത്രാധിപന്മാരും പ്രസാധകരും ഗുരുവിന്റെ ലേഖനങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും വേണ്ടി അവിടെ കയറി ഇറങ്ങി പല ദിവസങ്ങള്‍ കാത്തുകിടക്കാറുണ്ടായിരുന്നു.

അതുമായി ബന്ധപ്പെട്ട ഒരു സംഭവം ഇവിടെ എഴുതുന്നു. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ഗുരുവിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുവന്ന വിവരം ഗുരു എന്നോട് പറയുമായിരുന്നു. ചിലപ്പോള്‍ ഇതിനകം അതില്‍ പലതും ഞാന്‍ വായിച്ചുകഴിഞ്ഞിട്ടുണ്ടാവും. ഒരു ദിവസം ആശ്രമത്തില്‍ എത്തുമ്പോള്‍ എന്നോട് ഇങ്ങനെ പറഞ്ഞു: 'കഴിഞ്ഞ ആഴ്ച വന്ന ലേഖനത്തിന് അവര്‍ എല്ലാ പ്രാവശ്യത്തേക്കാളും ഇരട്ടി തുക പ്രതിഫലമായി അയച്ചുതന്നിരിക്കുന്നു. പക്ഷേ, ഞാന്‍ അതു തിരിച്ചയക്കാന്‍ തീരുമാനിച്ചു' എന്ന്. കേരളത്തിലെ ഒരു പ്രമുഖപത്രത്തില്‍ വന്ന ലേഖനത്തെക്കുറിച്ചായിരുന്നു ഗുരുവിന്റെ പരാമര്‍ശം. എനിക്കു വല്ലാത്ത അതിശയം തോന്നി! 'നല്ല കാര്യമല്ലേ ഗുരു അവര്‍ ചെയ്തത്. കൂടുതല്‍ പ്രതിഫലം കിട്ടുന്നത് സന്തോഷമല്ലേ, ആരാണ് വേണ്ടെന്നു പറയുക!' എന്റെ എളിയ ബുദ്ധിയില്‍ തോന്നിയ കാര്യം ഞാന്‍ ഗുരുവിനോട് തുറന്നു പറഞ്ഞു. എത്ര നിര്‍ബ്ബന്ധിച്ചിട്ടും ഗുരു അതിനോട് യോജിച്ചില്ല. എന്നുതന്നെയുമല്ല അവര്‍ അയച്ചുകൊടുത്ത ചെക്കും തിരിച്ചയയ്ക്കാന്‍ അഡ്രസ് എഴുതിയ കവറും അതിനുള്ളില്‍ എഴുതി വച്ചിരിക്കുന്ന കത്തും എന്നെ കാണിച്ചു. ഇതായിരുന്നു ചുരുക്കം: 'ഞാന്‍ പലതവണ താങ്കളുടെ പത്രത്തിലേയ്ക്ക് ലേഖനങ്ങള്‍ തന്നിരുന്നു. അതിനുവേണ്ട പ്രതിഫലവും അയച്ചുതന്നിട്ടുണ്ട്. എന്നാല്‍, ഈ തവണ ആ പ്രതിഫലം വളരെ വര്‍ദ്ധിപ്പിച്ചതായി കണ്ടു. പേരും പെരുമയും പ്രശസ്തിയും ആഗ്രഹിക്കാത്ത മനുഷ്യരില്ല. എന്നാല്‍, ഇതിലൊന്നും എനിക്ക് താല്പര്യമില്ല. ഇത് ഒരുതരം പ്രലോഭനമാണ്, കൂടുതല്‍ എഴുതി താങ്കളുടെ പത്രത്തിലേയ്ക്ക് അയച്ചുതരാന്‍ ഇതു കാരണമാകും. പക്ഷേ, ആ ലേഖനങ്ങള്‍ ഗുണമില്ലാത്തവയും മൂല്യംകുറഞ്ഞവയായിത്തീരുകയും ഞാന്‍ ഒരു കൂലി എഴുത്തുകാരനായി തരംതാഴുകയും ചെയ്യും. പ്രതിഫലം ലക്ഷ്യം വെച്ച് മാത്രമുള്ള ഒരു എഴുത്തിനും തയ്യാറല്ല. ഞാന്‍ എല്ലാം ത്യജിച്ച ഒരു സന്ന്യാസിയാണ്. ദയവായി ഇത്തരം പ്രലോഭനങ്ങള്‍ പാടില്ല. അതിനാല്‍ സസന്തോഷം ആ ചെക്ക് ഇതോടൊപ്പം മടക്കി അയയ്ക്കുന്നു.' ഗുരു പിന്നീട് വളരെ നാളത്തേയ്ക്ക് അവര്‍ക്കു ലേഖനങ്ങള്‍ എഴുതിക്കൊടുത്തിരുന്നില്ല. വേറെ ആരാണ് കിട്ടുന്ന പ്രതിഫലം ഇങ്ങനെ തുറന്ന മനസ്സോടെ വേണ്ടെന്നു പറഞ്ഞ് ഒരു മാതൃക കാണിച്ചുതരുന്നത്? 'പത്തു കിട്ടുമ്പോള്‍ നൂറ് മതിയെന്നും നൂറ് കിട്ടുമ്പോള്‍ സഹസ്രം വേണ' മെന്നും ആഗ്രഹിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ഇങ്ങനെ പറയുകയും പ്രവൃത്തിയില്‍ കാണിക്കുകയും ചെയ്ത

ആ മഹദ്‌വ്യക്തിയുടെ സാന്നിധ്യം ഒരു അപൂര്‍വ്വം സംഭവം തന്നെയായിരുന്നു. വിശേഷിച്ചും ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. കാരണം ഭാരതീയ സംസ്‌കാരത്തേയും പൈതൃകത്തേയും ലജ്ജിപ്പിക്കുന്ന തരത്തില്‍ ആത്മീയത ഇന്നൊരു വന്‍കച്ചവടച്ചരക്കാണ്. വിശ്വാസത്തിന്റെ പേരും പറഞ്ഞു എന്തെല്ലാം വിക്രിയകളാണ് ഇന്ന് ഓരോരുത്തര്‍ കാട്ടിക്കൂട്ടുന്നത്! കോടികളുടെ ആസ്തിയില്‍ ആശ്രമം പണികഴിപ്പിക്കുകയും കയ്യടക്കവും കണ്‍കെട്ടുംകൊണ്ട് സാധാരണക്കാരായ പാവങ്ങളുടെ മാനസിക ദൗര്‍ബ്ബല്യങ്ങളെ ചൂഷണം ചെയ്തു സമ്പന്നരാകുന്ന അവതാരങ്ങള്‍ക്കു നടുവിലാണ് ഇന്നു നാം ജീവിക്കുന്നത്. ഇത്തരം ആള്‍ദൈവങ്ങള്‍ മുതല്‍ അദ്വൈതത്തിന്റെ പിന്മുറക്കാര്‍ എന്നൊക്കെ അവകാശപ്പെടുന്നവര്‍ പോലും സത്യവും ധര്‍മ്മവും വിട്ട് സമ്പത്തിന്റേയും ആഡംബരങ്ങളുടേയും പിന്നാലെ പോയ വര്‍ത്തമാനകാല കഥകള്‍ നമുക്കു മുന്നിലുണ്ട്.

സ്വന്തം പുസ്തകങ്ങളുടെ റോയല്‍റ്റികൊണ്ട് ഒരാശ്രമം നടത്തിപ്പോകുക എത്ര ശ്രമകരമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. മീശപിരിച്ചു നടക്കുന്ന സെക്യൂരിറ്റിക്കാരോ രസീത് കുറ്റിയുമായി കാത്തിരിക്കുന്ന ക്യാഷ് കൗണ്ടറുകളോ ഇല്ലാത്ത ഈ ആശ്രമത്തില്‍ വരുന്നവര്‍ക്കു ഭക്ഷണം സൗജന്യമായി കൊടുക്കുകയും ചെയ്തിരുന്നു. കൂട്ടത്തില്‍ പറയട്ടെ, നിരവധി സന്ദര്‍ശകര്‍ ദിനംപ്രതി എത്തുന്ന ഗുരുവിന്റെ മുറിയിലെ ടേബിളിനു മുകളില്‍ ചെറിയ ഒരു പെട്ടിയുണ്ട്. അതിന്റെ പുറത്തു ഒരു കുറിപ്പും ഇങ്ങനെ എഴുതിവച്ചിട്ടുണ്ടായിരുന്നു: 'ഇതു പണപ്പെട്ടിയാണ്. പണം മനുഷ്യന് ആവശ്യമുള്ള സംഗതിയാണ്. ആവശ്യമുള്ളവര്‍ക്ക് ഇതില്‍ നിന്നെടുത്ത് ഉപയോഗിക്കാം.' പക്ഷേ, ആരെങ്കിലും അതില്‍നിന്നും എടുത്തിട്ടുണ്ടോ എന്നു സംശയമാണ്! സ്വാര്‍ത്ഥതയും കാപട്യവും നിറഞ്ഞ ലോകത്ത് ഇത്രയും ഹൃദയവിശാലതയുള്ള ഒരു സന്ന്യാസിയെ മറ്റെവിടെയും കാണാനാവില്ല. 1999 മേയ് 14ന് ഫേണ്‍ഹില്‍ ആശ്രമത്തില്‍ ഗുരു മഹാസമാധിയായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com