

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്പില്‍നിന്നും പുറത്തുവന്ന രണ്ടു വാര്‍ത്തകള്‍ സമാന സ്വഭാവമുള്ളവയായിരുന്നു. ബ്രിട്ടനിലേയും ഫ്രാന്‍സിലേയും തെരഞ്ഞെടുപ്പു ഫലങ്ങളെ സംബന്ധിച്ച വാര്‍ത്തകളായിരുന്നു അവ. ബ്രിട്ടനിലും ഫ്രാന്‍സിലും നടന്നത് ദേശീയ അസംബ്ലികളിലേക്കുള്ള തെരഞ്ഞെടുപ്പുകളായിരുന്നു. ഫ്രാന്‍സിലെ തെരഞ്ഞെടുപ്പില്‍ കൃത്യമായ ഭൂരിപക്ഷം ആര്‍ക്കുമില്ലെങ്കിലും ഇടതുപക്ഷ കക്ഷികളുടെ ഒരു കൂട്ടുകെട്ടിനാണ് ജനവിധിയില്‍ മുന്‍തൂക്കം. ബ്രിട്ടനിലെ തെരഞ്ഞെടുപ്പില്‍ വലതു കണ്‍സര്‍വേറ്റീവുകളെ തോല്‍പ്പിച്ച് ഇടതു-മദ്ധ്യകക്ഷിയായ ലേബര്‍പാര്‍ട്ടി മന്ത്രിസഭ രൂപീകരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 14 വര്‍ഷം നീണ്ട ഭരണത്തിനാണ് ഈ തെരഞ്ഞെടുപ്പില്‍ അന്ത്യമായത്. പാര്‍ട്ടി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ കെയ്ര്‍ സ്റ്റാമറാണ് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ നയിച്ചത്. അദ്ദേഹം തന്നെ പുതിയ പ്രധാനമന്ത്രിയുമായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിച്ചത് ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനകാണ്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ ഇതിലും വലിയ ദുരന്തപൂര്‍ണ്ണമായ ഒരു തോല്‍വിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അഭിമുഖീകരിച്ചിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ്സുള്‍പ്പെടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മിക്ക പ്രമുഖരും തോറ്റു. കുടിയേറ്റവും വിലക്കയറ്റവും യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള പിന്‍മാറ്റവുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികളും പ്രശ്‌നങ്ങളുമാണ് ജനവികാരം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തിനെതിരെ തിരിയാന്‍ കാരണമായത്. അടുത്ത വര്‍ഷം ജനുവരി വരെ ഗവണ്‍മെന്റിനു കാലാവധിയുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ മേയില്‍ അപ്രതീക്ഷിതമായി സുനക് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. അതിനൊരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്. അതു തുടര്‍ന്നു വിശദമാക്കാം.
രണ്ടു ഘട്ടമായാണ് ഫ്രെഞ്ച് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പു നടന്നത്. അപ്രതീക്ഷിതമായ മുന്നേറ്റത്തിലൂടെ ഇടതുപക്ഷസഖ്യം ഒന്നാമതെത്തിയെങ്കിലും ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. ഒന്നാമതെത്തുമെന്നു പ്രവചിക്കപ്പെട്ടിരുന്ന തീവ്രവലതുകക്ഷിയായി നാഷനല്‍ റാലി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. അങ്ങനെയല്ല നേരത്തെ കണക്കുകൂട്ടപ്പെട്ടിരുന്നത്.
ഇപ്പോഴത്തെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ മദ്ധ്യപക്ഷ സഖ്യം രണ്ടാം സ്ഥാനത്തെത്തി. 577 അംഗ പാര്‍ലമെന്റില്‍ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ടിനു 182 സീറ്റാണ് ലഭിച്ചതെങ്കില്‍ മക്രോയുടെ നേതൃത്വത്തിലുള്ള സെന്‍ട്രിസ്റ്റ് പാര്‍ട്ടികളുടെ സഖ്യത്തിനു 166 സീറ്റും മരീന്‍ ലെ പെന്നിന്റെ നേതൃത്വത്തിലുളള തീവ്രവലതു ദേശീയ കക്ഷിയായ നാഷണല്‍ റാലിക്ക് 143 സീറ്റും ലഭിച്ചു. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 289 സീറ്റാണ്. നേരത്തേ ലേ പെന്നിന്റെ വലതു രാഷ്ട്രീയകക്ഷി വന്‍മുന്നേറ്റമുണ്ടാക്കുമെന്നു പ്രവചിക്കപ്പെട്ടിരുന്നതിന്റെ പശ്ചാത്തലത്തില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ മക്രോണിന്റെ കക്ഷി ന്യൂ പോപ്പുലര്‍ ഫ്രണ്ടുമായി ധാരണയുണ്ടാക്കിയിരുന്നു. ബ്രിട്ടനിലേതുപോലെ ഫ്രാന്‍സിലും നേരത്തെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.
വലതു മുന്നേറ്റത്തിനിടയിലെ ഇടതുവിജയങ്ങള്‍
ലോകമെമ്പാടും വലതുപക്ഷ രാഷ്ട്രീയശക്തികള്‍ ചരിത്രത്തിന്റെ നിര്‍ണ്ണായക ദിശമാറ്റത്തെ കുറിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഫ്രാന്‍സിലും ബ്രിട്ടനിലും വലതുപക്ഷത്തിനേറ്റ ഈ തിരിച്ചടി ഇടതുപക്ഷ വിജയമായി വ്യാപകമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. തീര്‍ച്ചയായും സാങ്കേതികമായി ഇടതുപക്ഷം ഈ രാജ്യങ്ങളില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നത് നേരാണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയശക്തിയെന്ന നിലയില്‍ വലതുപക്ഷം ഈ രാജ്യങ്ങളില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നും അത് തെരഞ്ഞെടുപ്പു ഫലങ്ങളില്‍, വിശേഷിച്ചും ഫ്രാന്‍സില്‍, വലതുപക്ഷ വിജയമായി പ്രതിഫലിക്കാതിരുന്നത് വലതുപക്ഷ വോട്ടുകളിലുണ്ടായ ഭിന്നിപ്പുമൂലമാണെന്നും കാണേണ്ടതുണ്ട്. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വിജയമാകട്ടെ, പൂര്‍ണ്ണമായും വലതുപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് വിലയിരുത്തുകയും വയ്യ. എന്തെന്നാല്‍ ലേബറിനുള്ളിലെ ഇടതുപക്ഷ ക്യാംപിനെ പ്രതിനിധീകരിക്കുന്ന ജെറെമി കോര്‍ബിനെ പോലുള്ളവരെ പുറത്തുനിര്‍ത്തിയാണ് ആ കക്ഷി തെരഞ്ഞെടുപ്പു വിജയം നേടുന്നത്. എന്തായാലും ബ്രിട്ടനിലുണ്ടായ ഈ ഭരണമാറ്റത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കളായ ലേബര്‍ പാര്‍ട്ടിയാകട്ടെ, ഇടതുതത്ത്വങ്ങളില്‍നിന്നും ദൂരമേറെ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ''ഒഴിവാക്കാനാകാത്തതാണ് ഈ മത, വംശീയ ധ്രുവീകരണം'' എന്നു ഉദ്‌ഘോഷിക്കുന്ന വലതുരാഷ്ട്രീയ ക്യാംപിലേക്കാണ് അവര്‍ നടന്നുനീങ്ങുന്നതെന്നും വിമര്‍ശനമുണ്ട്.
ഈ രാജ്യങ്ങളില്‍ ഇടതു-വലതു ധ്രുവീകരണത്തോടൊപ്പം വലതു രാഷ്ട്രീയം ശക്തിപ്പെടുകയും എന്നാല്‍, വലതുപക്ഷ വോട്ടുകള്‍ ഭിന്നിച്ചതുമൂലം താല്‍ക്കാലിക തിരിച്ചടി വലതുകക്ഷികള്‍ക്കു ഉണ്ടാകുകയും ചെയ്ത ഈ തെരഞ്ഞെടുപ്പുകള്‍ നടന്നതിന്റെ പശ്ചാത്തലം യൂറോപ്പില്‍ ശക്തിപ്പെടുന്ന അതിതീവ്ര ദേശീയതാവാദമാണ്. കൊവിഡ് അനന്തരം ലോകം വലിയ മാറ്റത്തിനു വിധേയമാകുമെന്നും മുതലാളിത്തം ക്ഷേമരാഷ്ട്രീയത്തിനു വഴിയൊഴിഞ്ഞു കൊടുക്കേണ്ടി വരുമെന്നൊക്കെ പ്രവചിച്ചവരുണ്ടായിരുന്നു. അതേസമയം മുതലാളിത്തത്തിന്റെ കടുംവെട്ടായിരിക്കും ഇനി നടക്കാനിരിക്കുന്നത് എന്നു മുന്‍കൂട്ടി കണ്ട ദുരന്ത പ്രവാചകരുമുണ്ടായിരുന്നു. രണ്ടാമത്തേതും നടുക്കമുണ്ടാക്കുന്നതുമായ ആ ദുരന്ത പ്രവചനം യാഥാര്‍ത്ഥ്യമാകുന്നതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ യൂറോപ്പില്‍ വലതുപക്ഷ പാര്‍ട്ടികള്‍ക്കു ശക്തികൂട്ടുന്ന തരത്തിലുള്ള രാഷ്ട്രീയ മാറ്റങ്ങള്‍. മുതലാളിത്തത്തിന്റെ കടുംവെട്ടുമൂലം ക്ഷേമരാഷ്ട്രീയ പദ്ധതികള്‍ കയ്യൊഴിഞ്ഞതിന്റെ ഫലം അനുഭവിക്കുന്ന തദ്ദേശീയര്‍, കുടിയേറ്റക്കാരാണ് കുഴപ്പമുണ്ടാക്കുന്നതെന്നു വിശ്വസിക്കണമെന്ന് ഈ തീവ്രവലതു ദേശീയതാ രാഷ്ട്രീയക്കാര്‍ വാദിക്കുന്നു. അത്തരത്തില്‍ പ്രചരിപ്പിക്കുന്ന തീവ്രവലതു ദേശീയകക്ഷികള്‍ യൂറോപ്പിലെമ്പാടും ശക്തിപ്പെട്ടുവരികയും ചെയ്യുന്നു. കൊവിഡാനന്തരം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ 14 തീവ്രദേശീയതാവാദി കക്ഷികളാണ് ശക്തിപ്രാപിച്ചത്. സ്‌പെയിനിലെ ഫോക്‌സ്, സൈപ്രസിലെ ഇലാം, ഗ്രീസ് സൊലൂഷന്‍, ഇറ്റലിയിലെ ദ ലീഗ്, സ്ലോവാക്യയിലെ ഔവര്‍ സ്ലോവാക്യ, പോളണ്ടിലെ കോണ്‍ഫെഡറേഷന്‍, ഡാനിഷ് പാര്‍ട്ടി, എസ്‌തോണിയയിലെ കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടി, ചെക്ക് റിപ്പബ്ലിക്കിലെ ഫ്രീഡം ആന്റ് ഡയറക്ട് ഡെമോക്രസി, ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി, സ്വീഡന്‍ ഡെമോക്രാറ്റ്‌സ്, ഫ്രീഡം പാര്‍ട്ടി ഒഫ് നെതര്‍ലാന്‍ഡ്, ബെല്‍ജിയത്തിലെ ന്യൂ ഫ്‌ലെമിഷ് അലയന്‍സ്, ഹംഗറിയിലെ ഫിഡെസ് പാര്‍ട്ടി, സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി, ദ ഫിന്‍സ് എന്നിവ വിവിധ ജനതകള്‍ക്കിടയില്‍ അപരവിദ്വേഷവും വംശീയവാദവുമുയര്‍ത്തി ശക്തിപ്പെട്ടുവരികയാണ്. ഫ്രാന്‍സിലെ നാഷണല്‍ റാലിയും ബ്രിട്ടനിലെ റിഫോം യു.കെയും ഈ ഗണത്തില്‍പ്പെടുന്നു. കുടിയേറ്റം തടയണമെന്നും അതിര്‍ത്തികള്‍ കൊട്ടിയടക്കണമെന്നും തദ്ദേശീയരല്ലാത്തവര്‍ക്ക് കമ്പനികള്‍ തൊഴില്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചും വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പ് പ്രചരിപ്പിച്ചുമാണ് ഈ രാഷ്ട്രീയ കക്ഷികളത്രയും ശക്തി പ്രാപിക്കുന്നത്. കൊവിഡും ഭരണകൂടങ്ങളുടെ പിടിപ്പുകേടും യുദ്ധങ്ങളിലെ പങ്കാളിത്തവും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കു കാരണക്കാര്‍ കുടിയേറ്റക്കാരും വംശീയ ന്യൂനപക്ഷങ്ങളുമാണെന്ന് അവര്‍ വാദിക്കുന്നു. ജൂലായ് 18-ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന യൂറോപ്യന്‍ പാര്‍ലമെന്റില്‍ 20 ശതമാനം വോട്ടുകള്‍ നേടി 130-ലധികം സീറ്റുകള്‍ തീവ്രവലതുപക്ഷ ദേശീയതാ കക്ഷികള്‍ക്കുണ്ട്. അതേസമയം, മധ്യ-വലത്, സോഷ്യല്‍ ഡെമോക്രാറ്റുകള്‍, ലിബറലുകള്‍ എന്നിവര്‍ക്ക് 400-ലധികം സീറ്റുകളുണ്ട്. ആകെ 720 സീറ്റുകളാണ് ഉള്ളത്. തീവ്രവലതുപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പരമ്പരാഗത-മദ്ധ്യകക്ഷികള്‍ക്കും ലിബറലുകള്‍ക്കും കുഴപ്പമില്ലാത്ത അവസ്ഥയുണ്ട് എന്നത് വാസ്തവമാണ്. അതേസമയം, പരമ്പരാഗത യാഥാസ്ഥിതികരായ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കു പിന്നില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രൂപ്പ് തീവ്ര വലതുപക്ഷമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും യൂറോപ്പില്‍ തീവ്ര വലതുപക്ഷം ഒരു ഏകീകൃത ശക്തിയല്ല. എന്നിരുന്നാലും ഈ ഗ്രൂപ്പിന്റെ വലിപ്പം യൂറോപ്യന്‍ യൂണിയന്‍ നയങ്ങളില്‍ കാര്യമായ വലതുപക്ഷ സ്വാധീനമുണ്ടാക്കുമെന്നു തീര്‍ച്ചയാണ്.
വലതിനെ തിന്നുതീര്‍ക്കുന്ന തീവ്രവലതുദേശീയത
2019-ലെ യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനുശേഷം, തീവ്രദേശീയതാ വലതു പോപ്പുലിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോള്‍ മൂന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലാണ് ഗവണ്‍മെന്റുകളെ നയിക്കുന്നത്. ഹംഗറി, സ്ലൊവാക്യ, ഇറ്റലി എന്നിവയാണ് ഈ രാജ്യങ്ങള്‍. കൂടാതെ സ്വീഡന്‍, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളിലെ ഭരണസഖ്യങ്ങളുടെ ഭാഗവുമാണ്. കുടിയേറ്റം, ഇസ്രയേലിനുള്ള പിന്തുണ, ഉക്രെയ്ന്‍ യുദ്ധം, കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കാനാകുന്ന നിലപാടെടുക്കുന്ന രാഷ്ട്രീയ ശക്തിയായിട്ട് തീവ്ര വലതുപക്ഷത്തെ വിശേഷിപ്പിക്കുന്നത് ശരിയെന്ന് ഈ വര്‍ഷം ജൂണില്‍ യൂറോപ്യന്‍ യൂണിയനിലേക്കു നടന്ന തെരഞ്ഞെടുപ്പിലെ ജനവിധി വ്യക്തമാക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സിലെ മറീന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ കക്ഷിയായ നാഷണല്‍ റാലി 30 ശതമാനത്തിലധികം വോട്ടുകള്‍ നേടി. ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ റിനൈയ്‌സന്‍സ് പാര്‍ട്ടി നേടിയ വോട്ടുകളുടെ ഇരട്ടിയിലധികം. ഈ വിധി ഏറ്റവുമധികം ഉച്ചത്തില്‍ പ്രതിദ്ധ്വനിച്ചത് ഫ്രെഞ്ച് രാഷ്ട്രീയത്തിലാണ്. ഈ തിരിച്ചടി ഒരു ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് പ്രസിഡന്റ് മാക്രോണിനെ പ്രേരിപ്പിച്ചു. മാക്രോണിനെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യപരീക്ഷണമായിട്ടായിരുന്നു ഈ തെരഞ്ഞെടുപ്പിനെ മിക്ക വിശകലന വിദഗ്ദ്ധരും കണ്ടത്. ലേ പെന്നിന്റെ കക്ഷി വന്‍മുന്നേറ്റമുണ്ടാക്കുമെന്നും പ്രവചനങ്ങളുണ്ടായി. ജൂണ്‍ 30-നും ജൂലൈ ഏഴിനും നടന്ന തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു നേട്ടമുണ്ടാകണമെങ്കില്‍ 'ദേശീയവാദ ഭീഷണിയേയും യൂറോപ്പിന്റെ അതിജീവനത്തേയും' സംബന്ധിച്ച മാക്രോണിന്റെ കാഴ്ചപ്പാടുകള്‍ക്കു പിറകില്‍ വോട്ടര്‍മാരെ അണിനിരത്താന്‍ റിനയ്‌സെന്‍സ് പാര്‍ട്ടിക്കു കഴിയണമെന്നും വിലയിരുത്തലുകളുണ്ടായി. അതേസമയം രാജ്യത്തെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കുക, 'രേഖകളില്ലാത്ത തൊഴിലാളികളെ' നിയമിക്കുന്ന കമ്പനികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുക തുടങ്ങിയ നീക്കങ്ങളിലൂടെ തീവ്രവലതുപക്ഷത്തിന്റെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ മാക്രോണ്‍ തന്നെ വിമുഖത കാണിക്കാതിരുന്നത് ലേ പെന്‍ നയിക്കുന്ന നാഷണല്‍ റാലി കക്ഷിയുടെ പ്രത്യയശാസ്ത്ര വിജയമായി.
ബ്രിട്ടനില്‍ ഭരണമാറ്റമുണ്ടാക്കിയതിലും തീവ്രവലതുപക്ഷ ദേശീയ രാഷ്ട്രീയത്തിനു വലിയ പങ്കുണ്ട്. ഇന്ത്യയില്‍ ഹിന്ദുത്വരാഷ്ട്രീയം മുറുകേ പിടിക്കുന്ന ബി.ജെ.പിയെപ്പോലെ ബ്രിട്ടനില്‍ മത സ്വത്വാധിഷ്ഠിത രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പ്രസ്ഥാനമായ റിഫോം യു.കെ പ്രസ്ഥാനം. അതിന്റെ നേതാവ് നൈജല്‍ ഫാരാജ് ക്രിസ്ത്യന്‍ മൗലികവാദിയെന്ന് എതിരാളികളാല്‍ വിമര്‍ശിക്കപ്പെടുന്നയാളാണ്. ബ്രിട്ടന്‍ ഒരു ക്രിസ്ത്യന്‍ രാജ്യമാണെന്നും ഒരു ക്രിസ്ത്യന്‍ രാജ്യമായി അതു തുടരുകയും വേണമെന്നുമുള്ള കാഴ്ചപ്പാട് പരോക്ഷമായും പ്രത്യക്ഷമായും വിളിച്ചു പറയുന്നയാളാണ്. സ്ത്രീവിരുദ്ധവും ലൈംഗിക ന്യൂനപക്ഷവിരുദ്ധവുമായ പ്രസ്താവനകളാലും നിലപാടുകളാലും വിഷലിപ്തമായ പ്രചരണമാണ് റിഫോം പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നടത്തിയത്. അദ്ദേഹത്തിന്റെ വിഭാഗീയ മുദ്രാവാക്യങ്ങള്‍ക്ക് വലിയൊരു ശതമാനം ബ്രിട്ടീഷ് വോട്ടര്‍മാരെ സ്വാധീനിക്കാനായെന്നാണ് തെരഞ്ഞെടുപ്പു ഫലങ്ങള്‍ തെളിയിക്കുന്നത്. റിഫോം യു.കെയുടെ ഈ പ്രചരണത്തിന്റെ ആഘാതമേറ്റത് ഋഷി സുനക് നയിച്ച കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കാണ്. ''ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ മധ്യ-വലതുപക്ഷത്ത് വലിയൊരു വിടവുണ്ട്. ആ വിടവ് അടയ്ക്കുക എന്നതാണ് തന്റെ ജോലി''യെന്നാണ് അറുപതുകാരനായ ഫാരാജ് ക്ലാക്ടണില്‍നിന്നും വിജയിച്ച ശേഷം അനുയായികളോട് പറഞ്ഞത്. ലേബര്‍ പാര്‍ട്ടിക്ക് കിട്ടിയ ഭൂരിപക്ഷം വെറും കണ്‍സര്‍വേറ്റീവ് വിരുദ്ധ വോട്ടാണെന്നും 2029-ലെ പൊതുതെരഞ്ഞെടുപ്പില്‍ മുഖ്യധാരാ പാര്‍ട്ടികളെ വെല്ലുവിളിക്കാന്‍ പര്യാപ്തമായ ഒരു ദേശീയ പ്രസ്ഥാനം താന്‍ കെട്ടിപ്പടുക്കുമെന്നും ഫാരാജ് പറഞ്ഞു. ഇപ്പോഴത്തെ ലേബര്‍ വോട്ടര്‍ അടിത്തറയിലേക്കു കടന്നുകയറുകയാണ് തന്റെ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും ഫാരാജ് പറഞ്ഞു. അതായത് വലതുപക്ഷത്തിന് ഇപ്പോള്‍ നഷ്ടപ്പെട്ട മേല്‍ക്കൈ തന്റെ പാര്‍ട്ടിയുടെ സാന്നിദ്ധ്യംകൊണ്ടു സംഭവിച്ചതാണെന്ന ബോദ്ധ്യം അദ്ദേഹത്തിനുണ്ടെന്നു വ്യക്തം. ഇത്തവണ ബോറിസ് ജോണ്‍സന്റെ നേതൃത്വത്തില്‍ 2019-ല്‍ കണ്‍സര്‍വേറ്റീവുകള്‍ വിജയിച്ച മേഖലകളില്‍ റിഫോം പാര്‍ട്ടിക്ക് സാരമായ പിന്തുണ ലഭിച്ചിട്ടുണ്ട്. ഫാരാജ് ജയിച്ച ക്ലാക്ടണില്‍ തന്നെ 25,000-ത്തിലധികം വരുന്ന കണ്‍സര്‍വേറ്റീവ് ഭൂരിപക്ഷത്തെയാണ് ഫാരാജ് മറികടന്നത്. തെരഞ്ഞെടുപ്പില്‍ ആകെ 15 ശതമാനം വോട്ടും അഞ്ചു സീറ്റുകളും നേടിയ ഫാരാജിന്റെ പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളില്‍ പലരും യഥാര്‍ത്ഥത്തിലുള്ളവരാണോ എന്നുപോലും സംശയമുണ്ട്. മിക്കവരും ഒരു പ്രചാരണവും നടത്തിയിട്ടില്ല. അവരുടെ 609 സ്ഥാനാര്‍ത്ഥികളില്‍ പലരും ഫോട്ടോകളോ ലഘുജീവചരിത്രക്കുറിപ്പോ ബന്ധപ്പെടാനുള്ള വിലാസമോ ഫോണ്‍നമ്പറോ മറ്റു വിശദാംശങ്ങളോ നല്‍കിയിട്ടില്ലെന്ന് 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നിട്ടും റിഫോം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ നല്ല വോട്ടു പിടിച്ചു. ഇതു കാണിക്കുന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലതുപക്ഷ ചായ്‌വ് വളരുന്നു എന്നുതന്നെയാണ്.
ഫാരാജിന്റെ ആറാഴ്ചത്തെ പ്രചാരണം പ്രധാനമായും കുടിയേറ്റം തടയുന്നതിലും അഭയാര്‍ത്ഥികളുടേയും കുടിയേറ്റക്കാരുടേയും ചെറിയ ബോട്ടുകള്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യൂറോപ്പിലെ പ്രധാന ഭൂപ്രദേശത്തുനിന്ന് ബ്രിട്ടനിലേക്ക് കടക്കുന്നത് തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തിറക്കുന്നതുപോലെ ഒരു പ്രകടനപത്രിക അവതരിപ്പിക്കുന്നതിനു പകരം റിഫോംസ് യു.കെ പുറത്തിറക്കിയത് 'ജനങ്ങളുമായുള്ള ഒരു കരാര്‍' ആണ്. എന്നാല്‍, റിഫോം യു.കെയുടെ സാമ്പത്തികനയങ്ങള്‍ താച്ചറൈറ്റ് മാതൃകയിലുള്ളതാണെന്നും അവരുടെ കുടിയേറ്റ നയങ്ങള്‍ മിക്ക ലേബര്‍ വോട്ടര്‍മാര്‍ക്കും ഒട്ടും ദഹിക്കാത്തതാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
അതേസമയം, നഷ്ടപ്പെട്ട അടിത്തറ തിരിച്ചുപിടിക്കുന്നതിനു റിഫോം യു.കെയോട് എന്തു സമീപനം സ്വീകരിക്കണമെന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒരുങ്ങിയിട്ടുണ്ട്. വലതുപക്ഷ വോട്ടുകള്‍ വിഭജിക്കപ്പെട്ടതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ചയ്ക്കു കാരണമെന്ന് സര്‍ എഡ്വേഡ് ലേ ചൂണ്ടിക്കാട്ടുന്നു. ഗെയ്ന്‍സ്ബറോയില്‍നിന്നും വിജയിച്ചെങ്കിലും എഡ്വേഡ് ലേയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കേറ്റ തിരിച്ചടിക്കു കാരണമെന്ന് അദ്ദേഹം പറഞ്ഞത്. ഫാരാജും പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിഫോം പാര്‍ട്ടിയും ഫാരാജും ഉയര്‍ത്തിക്കാട്ടിയ കുടിയേറ്റവിരുദ്ധ വികാരം ഒരു വസ്തുതയാണെന്നും അവരുടെ ബോട്ടുകള്‍ നേരത്തേത്തന്നെ തടയേണ്ടതായിരുന്നുവെന്നും ലേ ചൂണ്ടിക്കാണിച്ചു. ലോവസ്റ്റോട്ടില്‍ പരാജയപ്പെട്ട കണ്‍സര്‍വേറ്റീവ് എം.പി. പീറ്റര്‍ ആല്‍ഡസ് അഭിപ്രായപ്പെട്ടത് ''റിഫോം യു.കെ വിഷയം കൈകാര്യം ചെയ്യുന്നത് അവധാനതയോടെ വേണ''മെന്നാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates