12 ജനുവരി 1925. ബ്രിട്ടീഷ് ഇന്ത്യയിലെ പഴയ ബോംബെയില്‍ സമ്പന്നരുടെ ആവാസമേഖലയായിരുന്ന മലബാര്‍ ഹില്‍സില്‍ അസ്തമയശോഭ ആസ്വദിച്ച് തന്റെ ആഡംബരക്കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവ ബിസിനസ് ടൈക്കൂണ്‍ കേവലം ഇരുപത്തിയഞ്ചുകാരനായ അബ്ദുള്‍ കാദിര്‍ ബാവ്ലയെ മറ്റൊരു കാര്‍ കുറുകെയിട്ട് അക്രമികള്‍ വെടിവെച്ചു കൊല്ലുന്നു, ഒപ്പമുണ്ടായിരുന്ന കാമുകി മുംതാസിന് മുഖത്ത് ഗുരുതരമായി പരിക്കേല്‍ക്കുന്നു.
ബാവ്ല മേമന്‍ തറവാട്ടിലെ കോടീശ്വരനായ പ്രമുഖ ടെക്സ്‌റ്റൈല്‍ വ്യവസായി, കൂടെയുണ്ടായിരുന്ന സുന്ദരി മുംതാസ് ബീഗം ഇന്‍ഡോറിലെ കൊട്ടാര നര്‍ത്തകിയും മഹാരാജാവ് എച്ച്.എച്ച്. മഹാരാധിരാജ രാജ രാജേശ്വര് സവായ് ശ്രീ തുകോജിറാവു ഹോള്‍ക്കര്‍ മൂന്നാമന്റെ ഇഷ്ടവെപ്പാട്ടിയും ആയിരുന്നു. മഹാരാജാവിനൊപ്പം ഇംഗ്ലണ്ടിലടക്കം, പോവുന്നിടത്തൊക്കെയും കൂടെ പോകേണ്ടിവന്നവള്‍ എന്നത് രാജാവിന് മുംതാസിനോടുള്ള അമിതാസക്തിക്ക് തെളിവുതന്നെയാണ്. അന്തപ്പുരത്തിലെ അടിമജീവിതത്തില്‍നിന്നും ഒളിച്ചോടി ബാവ്ലക്കൊപ്പം സഹജീവനത്തിലായിരുന്നു മുംതാസ്. ''ഒരുപക്ഷേ, ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്ന ഏറ്റവും സെന്‍സേഷണല്‍ കുറ്റകൃത്യം'' എന്നാണ് പത്രങ്ങളും മാസികകളും കൊലപാതകത്തെ വിശേഷിപ്പിച്ചത്, അന്വേഷണത്തിലും തുടര്‍ന്നുള്ള വിചാരണയിലും അതെങ്ങും സംസാരവിഷയമായി മാറി. സംഭവവികാസങ്ങള്‍ ആഗോളശ്രദ്ധ ആകര്‍ഷിച്ചു, പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികളെ അലോസരപ്പെടുത്തുകയും ഒടുവില്‍ മഹാരാജാവിനെ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്തു.
ഹിന്ദു പ്രതികള്‍ക്കുവേണ്ടി ഹാജരായത് മുസ്ലിം പക്ഷപാതി എന്ന് ചരിത്രം വിലയിരുത്തിയ മുഹമ്മദലി ജിന്നയായിരുന്നു. പ്രതികളിലൊരാളും ഇന്‍ഡോര്‍ സൈന്യത്തിലെ ഉന്നത ജനറലുമായിരുന്ന ആനന്ദറാവു ഗംഗാറാം ഫാന്‍സെയെ തൂക്കുകയറില്‍നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോയത് ജിന്നയുടെ വാദമാണെന്നു ചരിത്രം.
അന്നു പിച്ചവെയ്ക്കാന്‍ തുടങ്ങിയ ബോളിവുഡ് ഈ കേസില്‍ കണ്ടെത്തിയത് ഒരു ക്രൈം ത്രില്ലറിന്റെ അനന്തസാധ്യതകളായിരുന്നു. കൊല്ലപ്പെട്ടത് ധനികനായ യുവ വ്യവസായി, കൊലയ്ക്ക് പിന്നില്‍ മഹാരാജാവ്, കൊലയ്ക്ക് കാരണമായത് മുംതാസ് എന്ന സുന്ദരിയോടുള്ള മഹാരാജാവിന്റെ അഭിനിവേശവും മുസ്ലിം യുവാവിന്റെ പ്രണയവും. ചരിത്രത്തിലെ ഒരു അസാധാരണ കൊലപാതകത്തിന്റെ ചേരുവകള്‍ എല്ലാം ചേരുംപടി ചേര്‍ന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായി കുലിന്‍ കാന്ത. ഒരു ഇന്ത്യന്‍ മഹാരാജാവിന്റെ കൊട്ടാരത്തിലെ ലൈംഗികപീഡനത്തിന്റേയും വധഗൂഢാലോചനയുടേയും തട്ടിക്കൊണ്ടുപോകലിന്റേയും കഥപറഞ്ഞ ഇന്ത്യയിലെ ആദ്യ നിശ്ശബ്ദ ക്രൈംത്രില്ലര്‍ ആവാം കുലിന്‍ കാന്ത. 2025-ല്‍ ആ സിനിമയ്ക്കും നൂറുവയസ്സ്.
മഹാരാജാവിന് ഒരു അന്തപ്പുരപ്പെണ്ണിനോടുള്ള അമിതമായ ഇഷ്ടം പ്രമാദമായൊരു കൊലയില്‍ കലാശിച്ചതിന്റെ, ബ്രിട്ടീഷ് നിയമങ്ങള്‍ ഇന്ത്യന്‍ വനിതകളെ ശാക്തീകരിച്ചതിന്റെ, പത്രറിപ്പോര്‍ട്ടുകള്‍ കോടതിനിരീക്ഷണത്തെ ബാധിക്കുമെന്ന വാദങ്ങളുടെ ഒക്കെയും ഒരു നൂറ്റാണ്ട് തികയുകയാണ് ഈ വര്‍ഷം, അതിന്റെ പാഠങ്ങളെ സമകാലികബോധവുമായി ചേര്‍ത്തുള്ളൊരു സഞ്ചാരമാണ് ഈയെഴുത്ത്.
ബോംബെ ഹൈക്കോടതിയുടെ രേഖകളില്‍നിന്നും
1925 ജനുവരി 12-ലെ സംഭവത്തിന് കുറച്ചുകാലം മുന്‍പ് വരെ, ഏകദേശം 10 വര്‍ഷക്കാലം, ഇന്‍ഡോര്‍ മഹാരാജാവിന്റെ സംരക്ഷണത്തിലായിരുന്നു മുംതാസ് ബീഗം. അവരുടെ കഥയനുസരിച്ച്, അന്തപ്പുരത്തിലെ ജീവിതം അവള്‍ക്ക് മടുത്തിരുന്നു, ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ആ കാഞ്ചനക്കൂട്ടില്‍നിന്നും രക്ഷപ്പെടാന്‍ അവര്‍ക്കു കഴിഞ്ഞു. ഡല്‍ഹി, നാഗ്പൂര്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ വിവിധ താമസങ്ങള്‍ക്കു ശേഷം, ഒടുവില്‍ അബ്ദുള്‍ കാദര്‍ ബാവ്ലയില്‍ അഭയവും ഒരു അനൗദ്യോഗിക ഭര്‍ത്താവിനെയും അവള്‍ കണ്ടെത്തി. കൊലപാതക സമയത്ത്, ബാവ്ല അവളെ തന്റെ രഹസ്യപങ്കാളിയായി കൂടെ താമസിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഈ ഒളിച്ചോട്ടം ഇന്‍ഡോറിലെ ഉന്നതരില്‍ കടുത്ത നീരസത്തിനു കാരണമായി, അതവളുടെ മുന്‍ രാജകീയ രക്ഷാധികാരിയുടെ അന്തസ്സിന് അപമാനമായി. കേസിലെ തെളിവുകളില്‍നിന്ന്, ദര്‍ബാറിന്റെ അന്തസ്സിനു നേരെയുള്ള ഈ അവഹേളനത്തിന് പ്രതികാരം ചെയ്യാനും സാധ്യമെങ്കില്‍ ഇന്‍ഡോറിലെ ഒളിച്ചോടിയ അവളെ തിരികെ എത്തിക്കാനും അവളെ ശിക്ഷിക്കാനുമായി ഒരു ഗൂഢാലോചന നടന്നത് വ്യക്തമാണ്. ബോംബെയില്‍ അവളുടെ സ്ഥലങ്ങളും നീക്കങ്ങളും അവര്‍ കണ്ടെത്തി. ഒരു രാജകുടുംബത്തിന്റെ സ്വകാര്യതയില്‍ ഭാഗമായ ചലമിഴിയാളെ, ചഞ്ചലചിത്തയായി ഒളിച്ചോടിയവളെ, അവളുടെ ഇപ്പോഴത്തെ സംരക്ഷകനേയും അവിസ്മരണീയമായ ഒരുപാഠം പഠിപ്പിക്കാന്‍ വന്‍ഗൂഢാലോചനയാണ് നടന്നത്. ആക്രമണം മുംതാസിനെ മുഖത്തെ ഭാഗികമായി വികൃതമാക്കി. ഗുരുതരമായി വെടിയേറ്റ ബാവ്ല താമസിയാതെ മരിച്ചു.
ഭാഗ്യമെന്നോണം, ഭീകരമായ അക്രമം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍, പിന്നില്‍നിന്ന് മറ്റൊരു കാര്‍ പാഞ്ഞുവന്നു. വെടിയൊച്ചയും സ്ത്രീയുടെ നിലവിളിയും സഹായത്തിനായുള്ള നിലവിളിയും കേട്ട് ആ കാര്‍ യാത്രികര്‍ ചാടിയിറങ്ങി, അവരെ രക്ഷിക്കാന്‍ പാഞ്ഞുചെന്നു. ആ കാറില്‍ മൂന്ന് ഇംഗ്ലീഷുകാര്‍ ഉണ്ടായിരുന്നു, എല്ലാവരും സൈനിക ഓഫീസര്‍മാര്‍: കാര്‍ ഓടിച്ചിരുന്ന ലെഫ്റ്റനന്റ് സെയ്ഗെര്‍ട്ട്, അദ്ദേഹത്തിന്റെ അരികില്‍ സൈനിക സഖാക്കളായ ലെഫ്റ്റനന്റ് ബാറ്റ്ലിയും ലെഫ്റ്റനന്റ് സ്റ്റീഫനും. സെയ്ഗെര്‍ട്ട് ഉടന്‍ തന്നെ സംഘര്‍ഷത്തിനിടയിലേക്ക് എടുത്തുചാടി അക്രമികളുമായി ഏറ്റുമുട്ടി, പെണ്‍കുട്ടിയെ അക്രമികളുടെ പിടിയില്‍നിന്ന് രക്ഷിക്കുന്നതില്‍ വിജയിച്ചെങ്കിലും ഒന്നിലധികം വെടിയുണ്ടകള്‍ ശരീരത്തില്‍ പതിക്കുകയും ദേഹത്ത് മൂന്നോ നാലോ സ്ഥലങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തെങ്കിലും മുംതാസിനെ സ്വന്തം കാറിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ സഖാക്കളുടെ സഹായത്തോടെ, സെയ്ഗെര്‍ട്ട് രണ്ടോ മൂന്നോ അക്രമികളെ കീഴടക്കി, അവരുടെ കൈകളില്‍നിന്ന് കൊലനടത്തിയ ആയുധങ്ങള്‍ തട്ടിയെടുത്തു. താമസിയാതെ മറ്റൊരു ഇംഗ്ലീഷ് സൈനിക ഉദ്യോഗസ്ഥനായ കേണല്‍ വിക്കറിയുടെ സഹായത്തോടെ, ധീരരായ സൈനികര്‍ അക്രമികളില്‍ ഒന്നോ രണ്ടോ പേരെ പിടികൂടി, അവരെ വൈകാതെ സ്ഥലത്തെത്തിയ പൊലീസിനു കൈമാറി. ഏറ്റുമുട്ടലിനിടെ ലെഫ്റ്റനന്റ് സെയ്ഗെര്‍ട്ടിന് വെടിയേറ്റതിനു പുറമേ, തോളില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയ ഒരു കത്തിയാക്രമണത്തേയും നേരിടേണ്ടിവന്നു. ആക്രമണത്തിനും പ്രതിരോധത്തിനും ലെഫ്റ്റനന്റ് സെയ്ഗെര്‍ട്ട് ഉപയോഗിച്ചിരുന്ന ഒരു ഗോള്‍ഫ് സ്റ്റിക്ക് കൊണ്ടാണ് അക്രമികളില്‍ ചിലര്‍ക്ക് പരിക്കേറ്റത്.
ഈ ധീരരായ സൈനികര്‍ സമയോചിതമായി സ്ഥലത്തെത്തിയിരുന്നെങ്കില്‍, ആ സംഘം പെണ്‍കുട്ടിയെ ഇന്‍ഡോറിലേക്ക് കൊണ്ടുപോയി ബ്രിട്ടീഷ് ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമായിരുന്നു എന്നതില്‍ സംശയമില്ല. സൈനികര്‍ സംഭവസ്ഥലത്തെത്തിയത് ആകസ്മികമായാണ്, ദൈവാധീനവും. വില്ലിംഗ്ഡണ്‍ ക്ലബ്ബില്‍ ഗോള്‍ഫ് കളിക്കാന്‍ പോയ അവര്‍ കൊളാബയിലെ അവരുടെ ബാരക്കിലേക്ക് മടങ്ങുകയായിരുന്നു. കെമ്പ്സ് കോര്‍ണറില്‍ വഴിതെറ്റിയ ലെഫ്റ്റനന്റ് സെഗെര്‍ട്ട്, ലോവര്‍ ഹ്യൂസ് റോഡിലൂടെ പോകുന്നതിനുപകരം അബദ്ധത്തില്‍ മുകളിലെ ഗിബ്സ് റോഡിലൂടെ സഞ്ചരിച്ച് ആകസ്മികമായി കൃത്യസമയത്ത് കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിപ്പെടുകയായിരുന്നു.
ഈ സാഹചര്യത്തില്‍, 1925 മെയ് മാസത്തില്‍ ബോംബെ ഹൈക്കോടതിയുടെ ക്രിമിനല്‍ സെഷന്‍സിനു മുമ്പാകെ ഒന്‍പത് പുരുഷന്മാരെ വിചാരണയ്ക്കായി ഹാജരാക്കി. മുംതാസ് ബീഗത്തെ ബ്രിട്ടീഷ് ഇന്ത്യയില്‍നിന്ന് തട്ടിക്കൊണ്ടുപോകാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ അംഗങ്ങളാണെന്ന് അവര്‍ക്കെതിരെ കുറ്റം ചുമത്തി, തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിനിടെ അവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനും ബാവ്ലയെ കൊലപ്പെടുത്തിയതിനും അവര്‍ക്കെതിരെ കുറ്റംചുമത്തി. ജസ്റ്റിസ് ക്രംപിന്റേയും ഒരു പ്രത്യേക ജൂറിയുടേയും മുന്‍പാകെയാണ് അവരെ വിചാരണ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ജെ.ബി. കംഗയും കെന്നത്ത് കെമ്പും ഹാജരായി. കല്‍ക്കട്ട ബാറിലെ ജെ.എം. സെന്‍ ഗുപ്ത, എസ്.ജി. വെലിങ്കര്‍, ജിന്ന എന്നിവര്‍ പ്രതികള്‍ക്കുവേണ്ടി വാദിച്ചു.
നാടകത്തിന്റെ ദൃക്സാക്ഷികള്‍ എന്നതിലുപരി, സംഭവത്തില്‍ പങ്കാളികളായ മൂന്ന് സൈനിക ഉദ്യോഗസ്ഥരായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന സാക്ഷികള്‍. ഗൂഢാലോചനയുടെ വികാസത്തേയും വിവിധ ഘട്ടങ്ങളേയും അത് നടപ്പിലാക്കുന്നതില്‍ കുറ്റാരോപിതരായ ഓരോ വ്യക്തിയും വഹിച്ച പങ്കിനേയും തെളിയിക്കാന്‍ ചില രേഖകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിരവധി തെളിവുകള്‍ ഉണ്ടായിരുന്നു. സാധാരണയായി, പതിനഞ്ചോ ഇരുപതോ പേര്‍ സജീവമായി പങ്കെടുക്കുന്ന ഒരു സങ്കീര്‍ണ്ണമായ നാടകം ചുരുങ്ങിയ സമയത്തിനുള്ളില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍, ദൃക്സാക്ഷികള്‍ക്കും അഭിനേതാക്കള്‍ക്കുപോലും പിന്നീട് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തവും ബന്ധിതവുമായ ഒരു വിവരണം നല്‍കുന്നത് അത്ര എളുപ്പമല്ല.
വിചാരണയില്‍ സംഭവിച്ചത്
വ്യത്യസ്ത സാക്ഷികളുടെ മൊഴികളില്‍ വ്യക്തമായ പൊരുത്തക്കേടുകള്‍ ഉണ്ടാകും, കൂടാതെ അത്തരം കേസുകളില്‍ ജൂറിക്ക് ചിലപ്പോള്‍ കുറ്റകൃത്യത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ സാഹചര്യം ഉണ്ടാകും. ഇവിടെയും സൈനികര്‍ ഒരു പ്രധാന പങ്ക് വഹിച്ചു. നിരവധി ആളുകള്‍ ഉള്‍പ്പെട്ട ഒരു സംഘര്‍ഷത്തിന്റെ നടുവില്‍, ശാന്തമായ മനസ്സും കര്‍മ്മനിരതമായ കയ്യും നിരീക്ഷണപാടവവും നിലനിര്‍ത്താന്‍ അവരുടെ സൈനികപരിശീലനം അവരെ പഠിപ്പിച്ചതാവണം.
ഒന്‍പത് പ്രതികളില്‍ ആറ് പേര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ ലെഫ്റ്റനന്റ് സെയ്ഗെര്‍ട്ട്, ബാറ്റ്ലി, സ്റ്റീഫന്‍ എന്നിവരുടേയും ഒരു പരിധിവരെ കേണല്‍ വിക്കറിയുടേയും മൊഴികള്‍ വളരെയധികം സഹായിച്ചു; അവര്‍ കൃത്യമായി ശിക്ഷിക്കപ്പെട്ടു എന്നതില്‍ സംശയമില്ല. ഈ തെളിവുകളുടേയും ഗൂഢാലോചനയുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളുടേയും മുന്നില്‍, പ്രതിഭാഗത്തിന് ആദ്യം മുതല്‍ തന്നെ പ്രതീക്ഷയ്ക്ക് വകയില്ലാത്ത ഒരു ദൗത്യമായിരുന്നു. അവര്‍ക്ക് വിശ്വസനീയമായ ഒരു വാദം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ബാവ്ല ഒരു പിസ്റ്റള്‍ കൈവശം വച്ചിരുന്നു, സ്വയം പ്രതിരോധത്തിനായി വെടിയുതിര്‍ത്തു എന്ന അവ്യക്തമായ സൂചനയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. റിവോള്‍വര്‍ സൂക്ഷിക്കാന്‍ ബാവ്ലയ്ക്ക് നിസ്സംശയമായും ലൈസന്‍സ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു റിവോള്‍വര്‍ ഹാജരാക്കിയെങ്കിലും സംഭവസമയത്ത് അദ്ദേഹം ഏതെങ്കിലും പിസ്റ്റളോ റിവോള്‍വറോ കൈവശം വച്ചിരുന്നതായി തെളിവില്ല. കൂടാതെ, ആ ദൗര്‍ഭാഗ്യവാന്റെ ശരീരത്തില്‍നിന്ന് പുറത്തെടുത്ത വെടിയുണ്ടകളും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ മറ്റ് വെടിയുണ്ടകളും ലെഫ്റ്റനന്റ് സെഗെര്‍ട്ടിന്റെ ദേഹത്തു തറഞ്ഞ വെടിയുണ്ടകളും ചേര്‍ന്നപ്പോള്‍ ബവ്ലയുടെ റിവോള്‍വറില്‍നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നു വ്യക്തമായി. അക്രമികളില്‍നിന്ന് പിടിച്ചെടുത്ത രണ്ട് പിസ്റ്റളുകളില്‍ നിന്നാണ് വെടിയുതിര്‍ന്നത്.
മുംതാസിനെ സംബന്ധിച്ചിടത്തോളം അവള്‍ ഇന്‍ഡോറിലേക്ക് പോകാന്‍ തയ്യാറാണെന്നും ബവ്ല ഇടപെട്ട് അവളെ തടയുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. ഇതും ദുര്‍ബ്ബലവും ദയനീയവുമായൊരു അപേക്ഷയായിരുന്നു. മറ്റെന്തെങ്കിലും കൂടാതെ, അവളുടെ ഭ്രാന്തമായ നിലവിളികളും സഹായത്തിനായുള്ള മുറവിളികളും അവളുടെ മുഖത്തേറ്റ മുറിവുകളും ആ വാദത്തെ പൂര്‍ണ്ണമായും ഖണ്ഡിച്ചു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ്, മുംതാസ് ബീഗം തന്നോട് ഉപദേശം തേടിയിരുന്നുവെന്ന് അക്കാലത്തെ അറിയപ്പെടുന്ന ഒരു ക്രിമിനല്‍ അഭിഭാഷകന്‍ നരിമാന്റെ തെളിവുകള്‍ കൂടിയുണ്ട്. ''ഇന്‍ഡോറിലേക്ക് മടങ്ങിപ്പോകുന്നതിനെക്കാള്‍ ഭേദം കടലില്‍ ചാടിമരിക്കലാണെന്ന്'' അവള്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു.
പ്രോസിക്യൂഷന്‍ നയിച്ച വ്യക്തവും നേരിട്ടുള്ളതും കുറ്റമറ്റതുമായ തെളിവുകള്‍ക്കു പുറമേ, ജസ്റ്റിസ് ക്രമ്പിന്റെ സമര്‍ത്ഥമായ സംഗ്രഹം കുറ്റകൃത്യത്തെക്കുറിച്ചും കേസിന്റെ നിയമപരമായ വശങ്ങളെക്കുറിച്ചും വ്യക്തമായ ഒരു ചിത്രം രൂപപ്പെടുത്തുന്നതില്‍ ജൂറിയെ സഹായിച്ചു. ബോംബെ ഹൈക്കോടതിയുടെ ചരിത്രത്തില്‍ത്തന്നെ ഈ സംഗ്രഹത്തിന് ഏറെ പ്രാധാന്യമുണ്ട്. തീര്‍ച്ചയായും അതൊരു മാതൃകാ കുറ്റപത്രമായിരുന്നു, അതിന്റെ വ്യക്തത, കൃത്യത, പൂര്‍ണ്ണത, ആധികാരികത, സത്യസന്ധത എന്നിവ ചീഫ് ജസ്റ്റിസ് സര്‍ നോര്‍മന്‍ മക്ലിയോഡില്‍ ഏറെ മതിപ്പുളവാക്കി. അതിന്റെ പകര്‍പ്പുകള്‍ മൊഫ്യൂസിലെ സെഷന്‍സ് ജഡ്ജിമാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ ഉത്തരവുണ്ടായി.
ഒന്നാം നമ്പര്‍ പ്രതി ഷാഫി അഹമ്മദ് നബി അഹമ്മദ്, രണ്ടാം നമ്പര്‍ പുഷ്പശീല്‍ ബല്‍വന്ത്റാവു പോണ്ടെ, അഞ്ചാം നമ്പര്‍ പ്രതി ഷംറാവു രേവജി ദിഘെ എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചു. മുംതാസിനെ ബ്രിട്ടീഷ് ഇന്ത്യയില്‍നിന്ന് തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചന നടത്തിയതിനും കൊലപാതകത്തിന് പ്രേരണ നല്‍കിയതിനും ജൂറി സര്‍ദാര്‍ ആനന്ദറാവു ഗംഗാറാം ഫാന്‍സെ കുറ്റക്കാരനാണെന്നു കണ്ടെത്തി. സ്വാഭാവികമായും അയാള്‍ വധശിക്ഷയ്ക്ക് അര്‍ഹനാണെങ്കിലും യഥാര്‍ത്ഥ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് അകലെയായിരുന്നു അയാള്‍ എന്ന വസ്തുത ജഡ്ജി പരിഗണിച്ചു. പീനല്‍കോഡിലെ സെക്ഷന്‍ 111 പ്രകാരമാണ് കൊലപാതക പ്രേരണയ്ക്ക് അയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അതനുസരിച്ച്, ഫാന്‍സയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. പ്രതിയായ ഫാന്‍സയെ സംബന്ധിച്ച്, അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജിന്ന കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ശക്തമായി വാദിച്ചു. ജഡ്ജി അനുഭാവം പ്രകടിപ്പിച്ചു, അഡ്വക്കേറ്റ് ജനറലും ഹര്‍ജിയെ എതിര്‍ത്തില്ല. എന്നാല്‍ നിയമത്തില്‍, കൊലപാതകത്തിനോ കൊലപാതക പ്രേരണയ്ക്കോ രണ്ട് ശിക്ഷകള്‍ മാത്രമേ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളൂ - വധശിക്ഷയോ ജീവപര്യന്തം തടവോ. ആ നിയമാവസ്ഥയില്‍, ജഡ്ജിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളില്‍ രണ്ടാം പ്രതി പുഷ്പശീല്ബല്‍വന്ത്റാവു പോണ്ടെ വധശിക്ഷ വിധിച്ച ഉടനെ ഭ്രാന്തനായി. ആ സാഹചര്യത്തില്‍, അദ്ദേഹത്തെ അനിശ്ചിതമായി ശിക്ഷാകസ്റ്റഡിയില്‍ പാര്‍പ്പിച്ചെങ്കിലും മറ്റ് രണ്ട് പ്രതികളായ ഷാഫി അഹമ്മദ് നബി അഹമ്മദ്, ഷംറാവു രേവാജി ദിഘെ എന്നിവരെ തൂക്കിലേറ്റി.
അങ്ങനെ ഈ അസാധാരണമായ കേസ് അവസാനിച്ചു. പക്ഷേ, വിചാരണയുടെ തിരശ്ശീല വീണതിനുശേഷം, കേസിലെ താല്പര്യവും കുറ്റകൃത്യത്തിന്റേയും വിചാരണയുടേയും ഓര്‍മ്മകളും ബോംബെയില്‍ വളരെക്കാലം അലയടിച്ചു.
പ്രണയത്തിന്റേയും ധീരതയുടേയും മേമ്പൊടി ചാലിച്ച പശ്ചാത്തലത്തില്‍ ഒരു ഭരണാധികാരിയുടെ കരിനിഴല്‍ പതിഞ്ഞ വ്യവഹാര വാര്‍ത്തകളുമായി ബോംബെ പത്രങ്ങള്‍ പാറിനടന്നു. 1925 ജനുവരി 12-ലെ സംഭവങ്ങള്‍ക്കു ശേഷമുള്ള ദിവസങ്ങളോളം, ബോംബെയില്‍ രാവിലേയും വൈകുന്നേരവും പത്രങ്ങള്‍ ബാവ്ല കേസുമായി നിറഞ്ഞുനിന്നു, എല്ലാത്തരം കഥകളും വിവരിച്ച് ആ രക്തരൂഷിത നാടകത്തിലെ ദുരന്തനായികയുടെ ഭാവിസാധ്യതകളെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തി. പാവം ബാവ്ല മരിച്ച് വളരെക്കാലം കഴിഞ്ഞു, അദ്ദേഹത്തിന്റെ രണ്ട് കൊലയാളികളെ തൂക്കിലേറ്റി, കൊലയാളികളില്‍ ഒരാള്‍ മാനസികരോഗിയായി ശിക്ഷാകസ്റ്റഡിയില്‍ അനിശ്ചിതമായി അടച്ചിട്ടും പത്രങ്ങളിലെ കുറ്റാന്വേഷകരും ഫാന്റസിപ്രിയരും മുംതാസിനെ പിന്തുടര്‍ന്നു, അവളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറി, അവളുടെ നീക്കങ്ങളത്രയും നിരീക്ഷിച്ചു. അത്രയുമാണ് ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ ചിരസ്ഥായിയായ, ദുരന്തവുമായ സ്വാധീനശേഷി.
മോഗണറ്റിക് മാര്യേജ് അഥവാ ഇടംകൈ കല്ല്യാണം
''മലബാര്‍ ഹില്‍ ദുരന്തവുമായി എനിക്ക് ആരോപിക്കപ്പെടുന്ന ബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തില്ല എന്ന ധാരണയില്‍ ഞാന്‍ സിംഹാസനം എന്റെ മകനായി ഉപേക്ഷിക്കുന്നു'' മഹാരാജാവ് ബ്രിട്ടീഷ് സര്‍ക്കാരിന് എഴുതി. ആ സ്ഥാനത്യാഗത്തിനുശേഷം, ഒരു അമേരിക്കന്‍ വനിതയെ മഹാറാണിയാക്കി മഹാരാജാവ് കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍, അവള്‍ ഹിന്ദുമതം സ്വീകരിച്ചെന്ന് ബ്രിട്ടീഷ് ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുപ്രസിദ്ധമായ മലബാറില്‍ ഹില്‍ കൊലപാതകം ഇന്ത്യയില്‍ കുലിന്‍ കാന്ത എന്ന പേരില്‍ സിനിമയായപ്പോള്‍, ഹോളിവുഡില്‍നിന്ന് ഓഫറുകള്‍ ലഭിച്ച മുംതാസ് ബീഗം പിന്നീട് അമേരിക്കയിലേക്ക് പോയെന്നു ചരിത്രം; അവിടെനിന്ന് അവള്‍ വിസ്മൃതിയിലേക്കും.
വിവേകശൂന്യമായ പ്രണയബന്ധങ്ങളുടേയും ലൈംഗിക താല്പര്യങ്ങളുടേയും രാഷ്ട്രീയ അനന്തരഫലങ്ങളെക്കുറിച്ച് അറിയാമായിരുന്നിട്ടും തലയിലെ പരമാധികാരം അവരെ മുന്നോട്ടുതന്നെ നയിച്ചു. അടിമപ്പെണ്ണില്‍നിന്നും സ്വതന്ത്ര വനിതയാവാന്‍ ഇന്ത്യന്‍ സ്ത്രീത്വത്തെ സഹായിച്ചത് ഇന്ത്യയിലെ സ്ത്രീപുരുഷസമത്വ മുന്നേറ്റങ്ങള്‍ അല്ല, മറിച്ച് ഉല്‍പതിഷ്ണുക്കളായ ഏതാനും പേരുടെ പ്രേരണയാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളാണ് എന്ന് കോര്‍ട്ലി ഇന്ത്യന്‍ വിമന്‍ ഇന്‍ ലെയ്റ്റ് ഇംപീരിയല്‍ ഇന്ത്യ എന്ന പുസ്തകത്തിലെ ട്രബിള്‍സ് ഇന്‍ ഇന്‍ഡോര്‍, ദി മഹാരാജാസ് വുമണ്‍: ലവിങ്ങ് ഡേഞ്ചറസ്ലി എന്ന അഞ്ചാം അദ്ധ്യായത്തില്‍ അങ്മ ഡേ ജാല വിശദീകരിക്കുന്നുണ്ട്.
ഇന്‍ഡോറില്‍നിന്നുള്ള മറ്റൊരു ഭരണാധികാരിയായ യശ്വന്ത് റാവു, മോഗണറ്റിക് നിയമപ്രകാരം രണ്ട് അമേരിക്കന്‍ വനിതകളെ മഹാറാണിമാരാക്കി വിവാഹം കഴിച്ചു. വ്യത്യസ്ത സാമൂഹിക ശ്രേണികളിലുള്ള, പദവികളിലുള്ള രണ്ടുപേര്‍ തമ്മിലുള്ള, ഉയര്‍ന്ന ആളുടെ പദവിക്കോ സ്വത്തിനോ താഴ്ന്നയാള്‍ക്കും ഭാവിയില്‍ ജനിക്കുന്ന കുട്ടികള്‍ക്കും അവകാശം ഇല്ലാത്ത വിവാഹമാണ് മോഗണറ്റിക്. ഇവിടെ മഹാരാജാവായ ഒരാളും അമേരിക്കക്കാരികളായ രണ്ടു വനിതകളും തമ്മിലുള്ള മോഗണറ്റിക്ക് വിവാഹമാണ് നടന്നതെങ്കിലും അത് പിന്തുടര്‍ച്ചാവകാശത്തില്‍ ഒരു മാറ്റത്തിനു കാരണമായി. പുരുഷ പിന്‍ഗാമികള്‍ക്കു പകരം അദ്ദേഹത്തിന്റെ മകളെ രാജ്യാവകാശിയാക്കി; ഇത് രാജ്യത്തിന്റെ ഭാവിയെ സാരമായി ബാധിച്ചു. മഹാരാജാക്കളുടെ വഴിവിട്ട ബന്ധങ്ങളും പ്രാകൃതാചാരങ്ങളും പുരുഷാധിപത്യ നിയമവ്യവസ്ഥയും ബ്രിട്ടന് കാര്യങ്ങള്‍ എളുപ്പമാക്കിയതിന്റെ ഉദാഹരണം കൂടിയാണ് മലബാര്‍ ഹില്‍ ദുരന്തം.
മുംതാസിന്റെ രക്ഷപ്പെടലും ബ്രിട്ടീഷ് ഇടപെടലുകളും
മുംതാസിനോടുള്ള മഹാരാജാവിന്റെ ഭ്രാന്തമായ അഭിനിവേശം വഴിവെച്ചത് അവളിലുള്ള സമ്പൂര്‍ണ്ണ നിയന്ത്രണത്തിലേക്കാണ്. മുംതാസിനേ വ്യക്തിസ്വാതന്ത്ര്യം സമ്പൂര്‍ണ്ണമായും ഇല്ലാതായി, നിരന്തരമായ നിരീക്ഷണങ്ങള്‍ അവര്‍ക്കിടയിലെ ബന്ധം വഷളാക്കിയതായി ദ ബവ്ല മര്‍ഡര്‍ കേസ്: ലവ്, ലസ്റ്റ് ആന്‍ഡ് ക്രൈം ഇന്‍ കൊളോണിയല്‍ ഇന്ത്യ രചിച്ച പത്രപ്രവര്‍ത്തകനായിരുന്ന ദാവല്കുല്‍ക്കര്‍ണി.
''ഞാന്‍ നിരീക്ഷണത്തിലായിരുന്നു. സന്ദര്‍ശകരേയും എന്റെ ബന്ധുക്കളേയും കാണാന്‍ എന്നെ അനുവദിച്ചിരുന്നു, പക്ഷേ, ആരെങ്കിലും എപ്പോഴും എന്നെ അനുഗമിച്ചിരുന്നു,'' മുംതാസ് ബീഗം കോടതിയില്‍ മൊഴി നല്‍കി. ഇന്‍ഡോറില്‍, അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി, കുഞ്ഞ് താമസിയാതെ മരിച്ചു. ''എന്റെ കുഞ്ഞ് ജനിച്ചതിനു ശേഷം, ജനിച്ച പെണ്‍കുഞ്ഞിനെ നഴ്സുമാര്‍ കൊന്നതിനാല്‍ ഇന്‍ഡോറില്‍ താമസിക്കാന്‍ ഞാന്‍ തയ്യാറായില്ല,'' മുംതാസ് ബീഗം കോടതിയെ അറിയിച്ചു. മസൂറിയിലേക്കുള്ള യാത്രാമധ്യേ മുംതാസ് അപ്രതീക്ഷിതമായി ഡല്‍ഹിയില്‍ ഇറങ്ങി മുംതാസ് അമ്മയുടെ ജന്മസ്ഥലമായ അമൃത്സറിലേക്ക് രക്ഷപ്പെടുകയായിരുന്നു; പക്ഷേ, വേട്ടയാടലുകള്‍ തുടര്‍ക്കഥകളായി.
ഭാന്‍പുരയ്ക്കും ഡല്‍ഹിക്കും ഇടയിലെ ട്രെയിനില്‍വച്ച് ഡല്‍ഹിയിലെ പൊലീസ് കമ്മിഷണര്‍ക്കും വൈസ്രോയിക്കും സഹായം തേടി മുംതാസ് എഴുതി. മനുഷ്യത്വരഹിതമായ ആചാരങ്ങള്‍, ലൈംഗികവൈകൃതങ്ങള്‍ ഒക്കെയും നടമാടുന്ന ഒരു പുരാതന സ്ഥാപനമായി കൊട്ടാരത്തെ ആ പരാതിയില്‍ മുംതാസ് ചിത്രീകരിച്ചു, ഭ്രാന്തമായ കുറ്റകൃത്യങ്ങളുടെ ഇരയാണ് താനെന്ന് കൃത്യവും സത്യവുമായി സ്ഥാപിച്ചു. ഒരു കിഴക്കന്‍ മഹാരാജാവിന്റെ ദയവില്‍ കഴിയുന്ന കിഴക്കിന്റെ തന്നെ മകളായ തന്റെ ഏക വിമോചനപ്രതീക്ഷ ഇനി പടിഞ്ഞാറുനിന്നുള്ള രക്ഷകരിലാണെന്ന് മുംതാസ് വ്യക്തമാക്കി.
മഹാരാജാവ് കരഞ്ഞുകൊണ്ട് അവളോട് മടങ്ങിവരാന്‍ അപേക്ഷിച്ചതായി മുംതാസിന്റെ രണ്ടാനച്ഛന്‍ കോടതിയില്‍ മൊഴികൊടുത്തിരുന്നു. അഭ്യര്‍ത്ഥന നിരസിച്ച മുംതാസ് പിന്നീട് ബോംബെയിലേക്ക് മാറുകയായിരുന്നെങ്കിലും മഹാരാജാവിന്റെ നിരീക്ഷണ റഡാറില്‍നിന്നും മാറാനായില്ല. കൊലപാതകത്തെപ്രതി മാധ്യമങ്ങളുടെ ഊഹങ്ങള്‍ സ്ഥിരീകരിക്കുന്നതായിരുന്നു വിചാരണ. മുംതാസ് ബീഗത്തിന് അഭയം നല്‍കുന്നത് തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മഹാരാജാവിന്റെ പ്രതിനിധികള്‍ ബാവ്ലയെ ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും അദ്ദേഹം മുന്നറിയിപ്പുകള്‍ അവഗണിച്ചു.
സര്‍ക്കാരിന് വിവിധ കോണുകളില്‍നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടിവന്നു. ആധുനിക ഗുജറാത്തില്‍ വേരുകളുള്ള സമ്പന്ന മുസ്ലിം സമുദായം, മേമന്‍ കുടുംബാംഗമായ ബാവ്ലയുടെ കൊലപാതകം സര്‍ക്കാരിന് കീറാമുട്ടിയായി. ഇന്ത്യന്‍ നിയമനിര്‍മ്മാതാക്കള്‍ ബ്രിട്ടീഷ് ഇന്ത്യയുടെ നിയമനിര്‍മ്മാണസഭയുടെ ഉപരിസഭയില്‍ ഉത്തരം ആവശ്യപ്പെടുകയും കേസ് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍പോലും ചര്‍ച്ച ചെയ്യുകയും ചെയ്തു. അന്വേഷണം മന്ദഗതിയിലാകാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും എന്നാല്‍ അന്നത്തെ പൊലീസ് കമ്മിഷണര്‍ കെല്ലി രാജി ഭീഷണി മുഴക്കി അതിനെ മറികടക്കുകയായിരുന്നു.
കോടതി മൂന്ന് പേര്‍ക്ക് വധശിക്ഷയും മൂന്ന് പേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. ഒടുവില്‍ ''കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഉണ്ടായിരുന്നു, അതാരെന്ന് പക്ഷേ, ഞങ്ങള്‍ക്ക് കൃത്യമായി പറയാന്‍ കഴിയില്ല'' എന്ന് വിചാരണയ്ക്ക് നേതൃത്വം നല്‍കിയ ജസ്റ്റിസ് എല്‍സി ക്രമ്പ് അഭിപ്രായപ്പെട്ടു. എന്നാല്‍, ഒരു ദശാബ്ദമായി ഇന്‍ഡോര്‍ മഹാരാജാവിന്റെ സ്വകാര്യ ലൈംഗികപങ്കാളിയായിരുന്ന ഒരു വനിതയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍, സംശയത്തിന്റെ മുന ഇന്‍ഡോറിലേക്ക് നീളുന്നത് തീര്‍ത്തും യുക്തിരഹിതമല്ല എന്നുകൂടി ജഡ്ജി നിരീക്ഷിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ ബ്രിട്ടീഷ് സര്‍ക്കാര്‍ മഹാരാജാവിനെതിരെ നടപടിയെടുക്കേണ്ടിവരുമെന്ന് ഘട്ടത്തില്‍ മഹാരാജാവ് സ്ഥാനത്യാഗം ചെയ്യാന്‍ തയ്യാറാവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates