വേദനകളുടെ വാഗ്ദത്ത ഭൂമിയാണ് പലസ്തീന്‍. ചോരയുണങ്ങാത്ത മണ്ണ്. കണ്ണീരിന്റേയും നെടുവീര്‍പ്പുകളുടേയും നടുവില്‍ കഴിയുന്ന ജനത ഒരിക്കല്‍ കൂടി യുദ്ധത്തിന്റെ നടുവിലാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പരമ്പരയില്‍ എഴുതിച്ചേര്‍ക്കാന്‍ പറ്റുന്ന ഒന്ന് മാത്രമല്ല ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുശേഷം ഇത്രയും രൂക്ഷമായ സംഘര്‍ഷം ഇതാദ്യമാണ്. 2014-ലേതിനു സമാനമായ സ്ഥിതി. ഒന്നര ദശാബ്ദമായി ഇസ്രയേലിന്റെ ഉപരോധത്തിലും നിയന്ത്രണങ്ങളിലും കഴിയുന്ന പലസ്തീനിലെ ജനങ്ങളുടെ ദുരിതജീവിതം മാത്രമല്ല എന്നന്നേക്കുമായി സ്വന്തം മണ്ണ് നഷ്ടപ്പെടുമോ എന്ന ഭീതി കൂടി ഇത്തവണത്തെ സംഘര്‍ഷത്തില്‍ നിഴലിക്കുന്നു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണങ്ങളിലൊന്ന് കിഴക്കന്‍ ജറുസലേമില്‍നിന്നുള്ള പലസ്തീന്‍ കുടുംബങ്ങള്‍ നേരിട്ട കുടിയിറക്കല്‍ ഭീഷണിയാണ്.
ജൂതരും ക്രൈസ്തവരും മുസ്ലിങ്ങളും പരിപാവനമായി കാണുന്നതാണ് ജറുസലേം. ഇസ്ലാം വിശ്വാസപ്രകാരം മക്കയും മദീനയും കഴിഞ്ഞാല്‍ മൂന്നാമത്തെ പ്രാധാന്യമുള്ള ജറുസലേമിലെ പള്ളിയാണ് അല്‍ അഖ്സ മസ്ജിദ്. ഇവിടെ നിന്നാണ് പ്രവാചകന്‍ കുതിരപ്പുറത്തേറി പോയതെന്നാണ് വിശ്വാസം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പള്ളിയായിരുന്നു ഇത്തവണയും സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദു. അല്‍ അഖ്സയില്‍ ഇസ്രയേല്‍ നടപടി ഇതാദ്യമല്ലെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. റമസാനിലെ തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ ഇസ്രയേലി പൊലീസ് മസ്ജിദിനു മുന്നില്‍ ബാരിക്കേഡുകള്‍ വച്ചു. പ്രാര്‍ത്ഥനയ്ക്കുശേഷം യുവാക്കള്‍ പള്ളി പരിസരത്തു കൂട്ടം കൂടിയത് പൊലീസ് ചോദ്യം ചെയ്തു. ഇതോടെ കൂടുതല്‍ നാനൂറോളം യുവാക്കള്‍ പള്ളിപരിസരത്ത് തമ്പടിച്ചു. പള്ളിക്കടുത്തുള്ള ഷെയ്ക്ക് ജറാഹ് എന്ന സ്ഥലത്തെ പലസ്തീന്‍കാരെ ഇസ്രയേലികള്‍ കുടിയൊഴിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതു തടയുകയായിരുന്നു പൊലീസിന്റെ ഉദ്ദേശ്യമെന്ന് അവര്‍ പറയുന്നു. തുടര്‍ന്ന് ഇവരെ ഒഴിപ്പിക്കാനെന്ന പേരില്‍ പള്ളിക്ക് അകത്തേക്ക് ഇസ്രയേല്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു.
ഇതുകൂടാതെ, പലസ്തീന്‍കാര്‍ കൂട്ടംകൂടുന്നതിനെ എതിര്‍ത്ത ഇസ്രയേല്‍ ഇത്തവണ നടന്ന ജറുസലേം ദിന ഘോഷയാത്ര തടഞ്ഞില്ല. സയണിസ്റ്റ് ജൂതര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പലസ്തീന്‍കാര്‍ താമസിക്കുന്നിടത്തുകൂടി നടത്തുന്ന ഒരു റാലിയാണ് അത്. 1948-ലെ യുദ്ധത്തില്‍ പടിഞ്ഞാറന്‍ ജറുസലേം പിടിച്ചടക്കിയ ഇസ്രയേല്‍ 1967-ലെ യുദ്ധത്തില്‍ കിഴക്കന്‍ ജറുസലേമും പിടിച്ചടക്കി ഒന്നിപ്പിച്ചതിനെയാണ് ജറുസലേം ദിനമായി ആഘോഷിക്കുന്നത്. 1967-ലെ ആറു ദിവസത്തെ യുദ്ധത്തില്‍ അതു സംഭവിച്ചത് ജൂണ്‍ ഏഴിനായിരുന്നുവെങ്കിലും ഹിബ്രു കലണ്ടര്‍ പ്രകാരം അത് ഇത്തവണ ആഘോഷിച്ചത് മേയ് പത്തിനാണ്. ഇതും സംഘര്‍ഷകാരണമായി പറയപ്പെടുന്നു. ഏതായാലും സംഘര്‍ഷം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടു. പൊലീസിനെ പിന്‍വലിക്കാന്‍ ഹമാസ് ഇസ്രയേലിന് അന്ത്യശാസനം നല്‍കി.
ആറുമണിക്കു ശേഷം ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തു തുടങ്ങി. ഇസ്രയേല്‍ തിരിച്ചടിച്ചു. എന്നാല്‍, ഇസ്രയേല്‍ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. 2014-ല്‍ അന്‍പതു ദിവസങ്ങളിലായി 4000 റോക്കറ്റുകളാണ് ഹമാസ് തൊടുത്തതെങ്കില്‍ ഇത്തവണ ആദ്യ രണ്ടുദിവസത്തിനുള്ളില്‍ 1000 റോക്കറ്റുകളായിരുന്നു. 24 മണിക്കൂറിനുള്ളില്‍ അഞ്ച് പൗരന്മാരുടെ ജീവന്‍ ഇത് വഴി അപഹരിക്കപ്പെട്ടു. 2014-ല്‍ നടന്ന ആക്രമണത്തില്‍ ഏഴ് ആഴ്ചയ്ക്കുള്ളില്‍ ആറ് പേരുടെ ജീവനാണ് ഇസ്രയേലിനു നഷ്ടമായത്. അതുകൊണ്ടുതന്നെ ഇത് ഹമാസിന്റെ ശക്തിപ്രകടനമായി വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍, കഴിഞ്ഞ ഒന്നര ദശാബ്ദമായി ഇസ്രയേലിന്റെ ഉപരോധത്തിലും നിയന്ത്രണങ്ങളിലും കഴിയുന്ന ഗാസയില്‍ ഹമാസിന് ഈ യുദ്ധം നല്ലതാകില്ല നല്‍കുക. സാമ്പത്തികശക്തി മാത്രമല്ല രാഷ്ട്രീയമായും ഹമാസിന് സംഘര്‍ഷങ്ങള്‍ വെല്ലുവിളിയാണ്.
അധിനിവേശത്തെ ചെറുക്കാന്‍ നിയുക്തമായ ഹമാസ് കഴിഞ്ഞ ഏഴുവര്‍ഷമായി ഇസ്രയേലിനെ പ്രകോപിപ്പിച്ചിട്ടില്ല. മറ്റ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാണ് ഇസ്രയേലിനെതിരെ റോക്കറ്റാക്രമണം നടത്തുന്നത്. ഹമാസിന്റെ ചെറുത്തുനില്‍പ്പ് പോരെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളതും. പലസ്തീന്‍ അതോറിറ്റി ഭരിക്കുന്ന ഫത്ത പാര്‍ട്ടിയുടെ മേല്‍ ആധിപത്യം നേടുകയെന്ന ലക്ഷ്യം കൂടി ഇതിനുണ്ടെന്ന് കരുതപ്പെടുന്നു. വെസ്റ്റ് ബാങ്ക് ഇപ്പോഴും ഫത്തയാണ് ഭരിക്കുന്നത്. ഇസ്രയേലിനോട് മിതപ്രതികരണം നടത്തുന്ന ഫത്തയല്ല മറിച്ച് ഹമാസാണ് അധിനിവേശം ചെറുക്കാന്‍ പ്രാപ്തം എന്ന് ബോധ്യപ്പെടുത്താനാകാം ഇപ്പോഴത്തെ നീക്കങ്ങളെന്ന് കരുതപ്പെടുന്നു. 15 വര്‍ഷത്തിനു ശേഷം വെസ്റ്റ് ബാങ്കില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രസിഡന്റ് മൊഹമ്മദ് അബ്ബാസ് തീരുമാനിച്ചിരുന്നു. മേയ് 22-ന് തീരുമാനിച്ചിരുന്ന തെരഞ്ഞെടുപ്പ് അഴിമതിയാരോപണവും ഭരണപോരായ്മയും നേരിടുന്ന ഫത്ത പാര്‍ട്ടിക്ക് കനത്ത വെല്ലുവിളിയായിരുന്നു. എന്നാല്‍, ഏപ്രില്‍ അവസാനം തെരഞ്ഞെടുപ്പ് റദ്ദാക്കി. ഇതോടെ ഭരണഅട്ടിമറി ആരോപിച്ച് ഹമാസ് രംഗത്തെത്തുകയും ചെയ്തു.
1948-ലെ പദ്ധതി അനുസരിച്ച് പലസ്തീന്‍ പ്രദേശം ഇസ്രയേലിനും പലസ്തീന്‍കാര്‍ക്കുമായി വിഭജിക്കാനും ജറുസലേം രാജ്യാന്തര നഗരമായി നിലനിര്‍ത്താനുമാണ് നിശ്ചയിച്ചിരുന്നത്. സമാധാന പദ്ധതികളിലെ പലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനവുമാണ് കിഴക്കന്‍ ജറുസലേം. അതൊന്നും നടന്നില്ലെന്നു മാത്രമല്ല, നഗരം പൂര്‍ണ്ണമായും തങ്ങളുടെ അധീനത്തിലായതോടെ ഇസ്രയേല്‍ 1980-ല്‍ അതു സ്വന്തം രാജ്യത്തില്‍ ലയിപ്പിച്ചതായി പ്രഖ്യാപിക്കുകയും രാജ്യത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്തു. സ്വന്തം പൗരന്മാരെ അവിടെ കുടിയിരുത്താനും തുടങ്ങി. രണ്ടു ലക്ഷത്തില്‍പ്പരം ഇസ്രയേലി കുടിയേറ്റക്കാരാണ് ഇപ്പോള്‍ കിഴക്കന്‍ ജറുസലേമിലുള്ളത്. 1967-ലെ യുദ്ധത്തില്‍ത്തന്നെ പിടിച്ചടക്കിയ വെസ്റ്റ്ബാങ്കിലുമുണ്ട് ഇതുപോലുള്ള കുടിയേറ്റക്കാര്‍-നാലു ലക്ഷത്തിലേറെ പേര്‍. അവരുടെയെല്ലാം സംരക്ഷണത്തിനായി പൊലീസും പട്ടാളവമുണ്ട് അവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്. ജൂതര്‍ പൗരന്‍മാരാണ്, എന്നാല്‍, പലസ്തീന്‍കാര്‍ക്ക് രാജ്യവുമില്ല പൗരത്വവുമില്ല.
ഇതെല്ലാം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നത് ഇസ്രയേല്‍ തീര്‍ത്തും അവഗണിക്കുന്നു. ഇപ്പോള്‍ വിവാദമുണ്ടായ ഭൂമി ഒരു ജൂതട്രസ്റ്റിന്റെ കീഴിലായിരുന്നെന്നും അത് തിരിച്ചുനല്‍കണമെന്നുമാണ് ഇസ്രയേലിന്റെ വാദം. തലമുറകളായി പലസ്തീന്‍കാര്‍ താമസിച്ചുവരുന്ന വീടുകള്‍ നില്‍ക്കുന്ന സ്ഥലങ്ങള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നു പറഞ്ഞ് ഈ ട്രസ്റ്റ് കോടതിയെ സമീപിച്ചിരുന്നു. ഇസ്രയേല്‍ കോടതി അവര്‍ക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. രാജ്യാന്തര സമൂഹത്തിന്റെ അപേക്ഷകളൊന്നും അവര്‍ കണക്കിലെടുക്കുന്നുമില്ല.
വിധിയെഴുതിയ സാമ്രാജ്യത്വങ്ങള്‍
5000 വര്‍ഷത്തെ ചരിത്രമാണ് പലസ്തീനുള്ളത്. കാനാന്‍ എന്ന അറബ് ഗോത്രത്തില്‍നിന്നും രൂപംകൊണ്ട ബൈബിള്‍ പരാമര്‍ശിക്കുന്ന അതേ കാനാന്‍ ദേശം തന്നെയായിരുന്നു പലസ്തീന്‍. ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, ഇസ്ലാം എന്നിങ്ങനെ സെമറ്റിക് വിശ്വാസികളുടേയും മതങ്ങളുടേയും ദേശം. ബി.സി 4000-ത്തിലാണ് കാനനൈറ്റ്സ് സന്താനപരമ്പരയിലെ യബുസൈറ്റ്സ് ജറുസലേം വിശുദ്ധനഗരം സ്ഥാപിക്കുന്നത്. അവരുടെ രാജാവായിരുന്നു സാലെം. ഉറു എന്നാല്‍ നഗരം. അങ്ങനെയാണ് ജറുസലേം എന്ന പേരുണ്ടാകുന്നത്.
ദശാബ്ദങ്ങളായി തുടരുന്ന പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നത്തിന്റെ ചരിത്രം സങ്കീര്‍ണ്ണമാണ്. സമാനതകളില്ലാത്ത, ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒന്ന്. എഴുതപ്പെട്ട ചരിത്രവും രേഖീയമല്ലാത്തതും കൂടിക്കുഴഞ്ഞു കിടക്കുന്നു. ഒരു പരിധി വരെ പക്ഷംപിടിച്ചുള്ള വിലയിരുത്തലുകളില്‍, വ്യാഖ്യാനങ്ങളില്‍ അത് മുങ്ങിക്കിടക്കുന്നു. 300 വര്‍ഷത്തെ ചരിത്രം മാത്രമുള്ള ദേശരാഷ്ട്ര രൂപവല്‍ക്കരണത്തില്‍നിന്നു തുടങ്ങാം. അതിനു മുന്‍പ് ദേശീയ രാഷ്ട്രങ്ങളില്ലായിരുന്നു. രാജാവും ചക്രവര്‍ത്തിയും രാഷ്ട്രീയവും സൈനികവുമായ കഴിവുകള്‍ക്ക് അനുസരിച്ച് നടത്തുന്ന വെട്ടിപ്പിടിത്തങ്ങളായിരുന്നു അതിര്‍ത്തികള്‍. രാജാവിനൊപ്പം അതിര്‍ത്തികളും മാറും. പൗരന്മാരില്ല, പകരം പ്രജകള്‍ മാത്രം. മുതലാളിത്ത വിപണി നിലവില്‍ വന്നതോടെ സ്ഥിരമായ അതിര്‍ത്തികള്‍ ആവശ്യമായ ദേശരാഷ്ട്രങ്ങള്‍ വേണ്ടിവന്നു. റോമാ സാമ്രാജ്യം ഉദാഹരണം. ലോകം മുഴുവന്‍ ഈ സാമ്രാജ്യങ്ങളിലധിഷ്ഠിതമായി രൂപംകൊണ്ട രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചു കോളനികളാക്കി. രണ്ടാം ലോകയുദ്ധത്തോടെ പഴയ കോളനി വാഴ്ചയ്ക്ക് അന്ത്യംകുറിച്ചു. അപ്പോഴാണ് പുതിയ ദേശീയരാഷ്ട്രം എന്ന വാദം ഉയരുന്നത്. പലസ്തീന്‍, ഇസ്രയേല്‍ ദേശീയതകള്‍ ഇതോടെ ശക്തവുമായി.
ജൂതസമൂഹത്തിന് 3500 വര്‍ഷത്തെ പാരമ്പര്യമുണ്ട്. സ്വതന്ത്രമായ ഭാഷയും സംസ്‌കാരവും അവര്‍ വളര്‍ത്തിയെടുത്തിരുന്നു. പഴയ നിയമത്തിന് രൂപം നല്‍കിക്കൊണ്ട് അവര്‍ പാശ്ചാത്യസംസ്‌കാരത്തിന് അടിത്തറയൊരുക്കി. ക്രിസ്തുവിനും ഏറെ മുന്‍പ് ജറുസലേമിനെ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാന്‍ ജൂതസമൂഹത്തിന് കഴിഞ്ഞിരുന്നു. മോസസിന്റെ (മോശ) മുന്‍തലമുറക്കാരായ 12 വര്‍ഗ്ഗത്തിലുള്‍പ്പെട്ട ഇസ്രയേലികളുടെ 40 വര്‍ഷത്തെ ഈജിപ്ഷ്യന്‍ മരുഭൂമിയിലെ അലച്ചിലിനു ശേഷം ബി.സി 1000-ല്‍ ദാവീദ് എന്ന അവരുടെ രാജാവാണ് ഇസ്രയേല്‍ സ്ഥാപിക്കുന്നത്. ബി.സി 932-ല്‍ സോളമന്‍ ചക്രവര്‍ത്തിയുടെ മരണത്തോടെ ആ രാജ്യം ഇസ്രയേലെന്നും ജൂദിയ എന്നും പിരിഞ്ഞു. ഇതില്‍ ഇസ്രയേലിനെ ബി.സി 721-ല്‍ അസീറിയക്കാര്‍ തകര്‍ത്തു. ബി.സി 587-ല്‍ ജൂദിയയെ ബാബിലോണിയയും കീഴടക്കി. അതായത് ക്രിസ്തുവിനു മുന്‍പ് തന്നെ ഇസ്രയേല്‍ അസീറിയന്‍ ബാബിലോണിയന്‍ സാമ്രാജ്യങ്ങളുടെ അധീനതയിലുമായി. ഈ സമയത്ത് പലസ്തീനിലെ ജൂതരുടെ സാന്നിധ്യം തുച്ഛമായിരുന്നു. ബി.സി 538-ല്‍ പേര്‍ഷ്യന്‍ രാജാവായ സിറസ് പലസ്തീന്‍ കീഴടക്കി. അന്ന് അയ്യായിരത്തോളം ജൂതരെ പലസ്തീനിലേക്ക് മടങ്ങാന്‍ സിറസ് അനുമതി നല്‍കി. ബി.സി 332-ല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി കീഴടക്കിയ ശേഷം നൂറ്റാണ്ടുകളോളം പലസ്തീന്‍ ഗ്രീക്ക് അധീനതയിലായിരുന്നു.
ബി.സി 166-ല്‍ ജൂതര്‍ മക്കാബി രാജ്യം സ്ഥാപിച്ചു. സിറിയന്‍ രാജാവായിരുന്ന അന്തിയോക്കസ് സിഡറ്റ്സ് ബി.സി 134-ല്‍ പലസ്തീനെ ഒരു അര്‍ദ്ധ സ്വയംഭരണ രാജ്യമായി അംഗീകരിച്ചു. ബി.സി 63-ല്‍ ഈ പ്രദേശം റോമ സാമ്രാജ്യത്തിന് കീഴിലായി. റോമന്‍ സൈനികത്തലവനായിരുന്ന പോംപ്പെയാണ് പലസ്തീന്‍ കീഴടക്കിയത്. ഇക്കാലത്താണ് യേശുക്രിസ്തുവിന്റെ ജനനമെന്ന് കണക്കാക്കുന്നു. റോമാസാമ്രാജ്യത്തിന്റെ ആദ്യ ചക്രവര്‍ത്തിയായ അഗസ്റ്റസ് സീസറിന്റെ കാലത്താണ് യേശു ജനിച്ചതെങ്കിലും വളരെക്കാലങ്ങള്‍ക്കുശേഷമാണ് റോമില്‍ ക്രിസ്തുമതം പ്രചരിക്കുന്നത്. ജൂതസമുദായത്തിലെ പ്രമാണിമാര്‍ ക്രിസ്തുവിനെ വധിച്ചതോടെ ആ പ്രദേശം ക്രൈസ്തവരുടെ ദേശം കൂടിയായി. എ.ഡി 135-ല്‍ ജൂതരോടുള്ള വൈര്യം നിമിത്തം ജെറുസലേം തകര്‍ത്തു അവരെ അവിടെ നിന്ന് ഓടിക്കുകയും ചെയ്തു. 19-ാം നൂറ്റാണ്ടിന്റെ അര്‍ദ്ധശതകം വരെ ഏതാണ്ട് ആയിരത്തില്‍ താഴെ ജൂതന്മാര്‍ മാത്രമേ ഈ പ്രദേശത്തുണ്ടായിരുന്നുള്ളൂ.
പിന്നീടങ്ങോട്ട് അറബ്-മുസ്ലിം ചക്രവര്‍ത്തിമാരുടെ ഭരണകാലയളവായിരുന്നു. ഈ കാലയളവിലാണ് പലസ്തീനില്‍ മുസ്ലിം സമൂഹം ആധിപത്യം നേടുന്നത്. എ.ഡി 638-ല്‍ ഖലീഫ ഉമര്‍ റോമാസാമ്രാജ്യത്തില്‍നിന്നും പലസ്തീനെ കയ്യടക്കി. തുടര്‍ന്ന് എ.ഡി 1009-ല്‍ നടന്ന കുരിശ് യുദ്ധത്തോടെയാണ് ഉമവിയ്യ, അബ്ബാസിയ ഖിലാഫത്ത് മുസ്ലിം ഭരണാധിപത്യം നഷ്ടമാകുന്നത്. യൂറോപ്യന്‍ കുരിശുയുദ്ധക്കാരാകട്ടെ ഒരു ലാറ്റിന്‍ രാജ്യവും സ്ഥാപിച്ചു. നിരന്തര യുദ്ധങ്ങള്‍ക്കൊടുവില്‍ എ.ഡി 1187-ല്‍ സലാഹുദ്ദീന്‍ അയുബി എന്ന കുര്‍ദിഷ് സൈന്യാധിപന്‍ അറബ്-മുസ്ലിം ഭരണം പുനസ്ഥാപിച്ചു. 19-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലായി ഈ പ്രദേശം. 1830-കളില്‍ ഈജിപ്ഷ്യന്‍ ചക്രവര്‍ത്തി നടത്തിയ ആക്രമണത്തോടെയാണ് പലസ്തീന്‍ കൈവശം വച്ചിരുന്ന തുര്‍ക്കിയിലെ ഓട്ടോമാന്‍ ചക്രവര്‍ത്തിയുടെ വീഴ്ച തുടങ്ങുന്നത്. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയുടെ പക്ഷം ചേര്‍ന്ന ഓട്ടോമാന്‍ ചക്രവര്‍ത്തി പരാജയപ്പെട്ടതോടെ മധ്യധരണ്യാഴിയുടെ മേധാവിത്വം ബ്രിട്ടനായി. അന്നു മുതലാണ് വിശുദ്ധഭൂമിയെന്നറിയപ്പെട്ട പലസ്തീന്‍ ഭൂപ്രദേശത്തിന് അതിര്‍ത്തി വരയ്ക്കാന്‍ ശ്രമങ്ങളുണ്ടായത്.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പലസ്തീനിലേക്ക് സയണിസ്റ്റുകള്‍ സംഘടിതമായി കുടിയേറാന്‍ തുടങ്ങി. 3000 വര്‍ഷത്തിലധികം പഴക്കമുള്ള പൈതൃകഭൂമിയില്‍ ജീവിച്ചുമരിക്കുകയായിരുന്നു അവരുടെ സ്വപ്നം. അത് കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജൂതര്‍ ചിതറിയെങ്കിലും ഒരു ചെറുവിഭാഗം ജറുസലേമിലുണ്ടായിരുന്നു. ജനസംഖ്യയും സ്വാധീനവും ഉയര്‍ത്തുക, അതു വഴി രാഷ്ട്രനിര്‍മ്മാണം സാധ്യമാക്കുക എന്നതായിരുന്നു സയണിസ്റ്റുകളുടെ പ്രാഥമിക ലക്ഷ്യം. അന്നു മുതല്‍ പ്രത്യക്ഷത്തില്‍ത്തന്നെ പലസ്തീന്‍കാരുടെ ചെറുത്തുനില്‍പ്പും തുടങ്ങിയിട്ടുണ്ട്. കുടിയേറ്റം തടയണമെന്നാവശ്യപ്പെട്ട് പലസ്തീന്‍കാര്‍ ചക്രവര്‍ത്തിക്ക് നിവേദനം നല്‍കുന്നുണ്ട്. ഏതായാലും അന്നുമുതല്‍ ഒരു സ്വതന്ത്ര ജൂതരാഷ്ട്രം പലസ്തീനില്‍ സ്ഥാപിക്കുന്നതിനോട് അനുകൂല നിലപാടായിരുന്നു. 1917-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രം പ്രഖ്യാപിക്കുകയും ചെയ്തു. മറ്റു ജനവിഭാഗങ്ങള്‍ക്ക് ഇത് ദോഷകരമാകില്ലെന്നായിരുന്നു ബ്രിട്ടണ്‍ അന്നു പറഞ്ഞ ന്യായം. സയണിസ്റ്റ് നേതൃത്വം ഇതിനെ സ്വാഗതം ചെയ്തു. അറബ് ലോകമാകട്ടെ തള്ളിക്കളയുകയും ചെയ്തു.
രണ്ട് യുദ്ധങ്ങളും സമാധാനക്കരാറുകളും
ലോകയുദ്ധത്തെത്തുടര്‍ന്ന് 1922-ല്‍ രൂപംകൊണ്ട ലീഗ് ഓഫ് നേഷന്‍സ് ഇസ്രയേല്‍ രാഷ്ട്രരൂപീകരണം സംബന്ധിച്ച് പ്രമേയവും പാസ്സാക്കി. തത്ത്വത്തില്‍ 1917-ലെ ബ്രിട്ടണിന്റെ നടപടിയെ ശരിവച്ച ഈ പ്രമേയത്തെ പലസ്തീനിലെ അറബ് ലോകം എതിര്‍ത്തു. സയണിസ്റ്റ് നേതൃത്വത്തിന്റെ കീഴില്‍ ജൂതസമൂഹം സംഘടിതരായിരുന്നു. മറിച്ച് പലസ്തീന്‍കാര്‍ക്ക് നേതൃത്വമുണ്ടായിരുന്നില്ല. അതായത് അറബ് രാജ്യങ്ങളായിരുന്നു പലസ്തീന്റെ നിലപാട് നിര്‍ണ്ണയിക്കുന്നതില്‍ സ്വാധീനിച്ചത്. പിന്നീട് രണ്ടാം ലോകയുദ്ധകാലത്ത് നാസി ജര്‍മനി സ്വീകരിച്ച ജൂതവിരുദ്ധ ആക്രമണങ്ങള്‍ ലോകത്തിന്റെ മനസാക്ഷിയെ തന്നെ ഞെട്ടിച്ചു. യുദ്ധം നടന്ന രാജ്യങ്ങളില്‍ 60 ലക്ഷം ജൂതന്‍മാരാണ് ഗ്യാസ് ചേംബറുകളില്‍ കൊന്നൊടുക്കപ്പെട്ടത്. ഈ ആക്രമണങ്ങളില്‍നിന്നു രക്ഷപെടാന്‍ പലസ്തീനിലേക്ക് കുടിയേറുകയായിരുന്നു ഒരു മാര്‍ഗ്ഗം. എന്നാല്‍, ഇതിനു ചില നിയന്ത്രണങ്ങള്‍ ബ്രിട്ടന്‍ കൊണ്ടുവന്നു. ഈ നിലപാടിനെതിരെ ചില ജൂതസംഘടനകള്‍ ബ്രിട്ടണിനെതിരേ ആക്രമണങ്ങള്‍ നടത്തി. രാജ്യാന്തര അഭിപ്രായവും ജൂതര്‍ക്ക് അനുകൂലമായിരുന്നു. സമ്മര്‍ദ്ദത്തിനൊടുവില്‍ ലീഗ് ഓഫ് നേഷന്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ബ്രിട്ടണ്‍ ഒഴിഞ്ഞു. യുദ്ധം കൊണ്ടുതളര്‍ന്ന ബ്രിട്ടണിന് പലസ്തീന്റെ സംരക്ഷണം അധികബാധ്യതയായെന്ന് വേണം കണക്കാക്കാന്‍.
അങ്ങനെ 1947 അവസാനം നിലവിലുള്ള പലസ്തീനെ ഇസ്രയേലും പലസ്തീനുമടങ്ങുന്ന രണ്ട് സ്വതന്ത്ര രാഷ്ട്രമാക്കാനും ജറുസലേമിന് സര്‍വ്വദേശീയ ഭരണസംവിധാനം ഏര്‍പ്പെടുത്താനുമുള്ള പ്രമേയം പാസ്സാക്കി. പലസ്തീനും അറബ് രാജ്യങ്ങളും ഇതിനെ എതിര്‍ത്തു. ചെറുത്തുനില്‍പ്പ് പിന്നെ സംഘര്‍ഷമായി. ജൂതസായുധസേനകളുടെ പ്രതിരോധവും പലസ്തീന്‍കാരുടെ പോരാട്ടവും പ്രദേശത്തെ സംഘര്‍ഷമയമാക്കി. 1948 മേയില്‍ സ്വതന്ത്ര ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടു. ഇത് അംഗീകരിക്കാതിരുന്ന അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെതിരേ യുദ്ധം പ്രഖ്യാപിച്ചു. ഏറ്റവുമൊടുവില്‍ ഐക്യരാഷ്ട്രസഭാ തീരുമാനപ്രകാരമുള്ള ഭൂപ്രദേശങ്ങളേക്കാള്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രയേല്‍ കൈയടക്കി. നഗ്‌നമായ അധിനിവേശമാണ് പിന്നീട് നടന്നത്. അറബ് രാജ്യങ്ങളില്‍നിന്നുള്ള പ്രദേശങ്ങളും ഇസ്രയേലിന്റെ ഭാഗമായി. അമേരിക്കയിലുള്ള ജൂതസമൂഹത്തിന്റെ സ്വാധീനം പ്രധാനമായിരുന്നു. ഇന്നു വരെ ഇസ്രയേലിനെ പിന്തുണയ്ക്കുകയല്ലാതെ അമേരിക്ക മറിച്ചൊരു നിലപാട് സ്വീകരിച്ചിട്ടില്ല. പണമായും ആയുധമായും സാങ്കേതികവിദ്യയായും സഹായം ഇന്നും പ്രവഹിക്കുന്നു. ഇസ്രയേലിനു തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന പോലും.
അമേരിക്കയുടെ മാത്രമല്ല ലോകരാജ്യങ്ങളുടെ പ്രത്യേകിച്ച് യൂറോപ്യന്‍ശക്തികളുടെ പിന്തുണ ഇസ്രയേലിനായിരുന്നു. 1967-ലും 1973-ലും യുദ്ധങ്ങള്‍ നടന്നു. അറബ് രാജ്യങ്ങള്‍ പരാജയപ്പെട്ടു. ഇതോടെ ഇസ്രയേല്‍ അധിനിവേശം ശക്തിപ്പെടുത്തി. 1948-ല്‍ ഗസയിലും പലസ്തീന്‍ സര്‍ക്കാര്‍ രൂപംകൊണ്ടിരുന്നു. ഈജിപ്ത് നിയന്ത്രിച്ചിരുന്ന ആ ഭരണകൂടം 1959-ല്‍ പിരിച്ചുവിടുകയും ചെയ്തു. ഇതിനിടയിലാണ് യാസര്‍ അരാഫത്തിന്റെ നേതൃത്വത്തില്‍ പി.എല്‍.ഒ എന്ന പലസ്തീന്‍ വിമോചന സംഘടന ഉയര്‍ന്നു വന്നത്. അസ്ഥിരമായ രാഷ്ട്രീയപശ്ചാത്തലത്തില്‍ പലസ്തീന്‍ ജനതയ്ക്ക് ആത്മവിശ്വാസവും നേതൃത്വവും നല്‍കിയത് പി.എല്‍.ഒ ആയിരുന്നു. അരാഫത്ത് പിന്നീട് ജനകീയനായ നേതാവായി മാറി. പഴയ ഗറില്ല പോരാട്ടങ്ങള്‍ ഉപേക്ഷിച്ച് പി.എല്‍.ഒ ജനാധിപത്യത്തിന്റെ വഴിയിലായി. ഒസ്ലോ കരാര്‍ സാധ്യമാകുന്നത് അങ്ങനെയാണ്. ഇസ്രയേലിന്റെ നിലനില്‍പ്പിനെ പി.എല്‍.ഒ അംഗീകരിച്ചതോടെ സമാധാനചര്‍ച്ചകളുണ്ടായി. അരാഫത്തിനെ ഇസ്രയേലും അംഗീകരിച്ചിരുന്നു. അതുകൊണ്ടാണ് അത്തരമൊരു കരാര്‍ സാധ്യമായതു പോലും.
അതേസമയം തന്നെ ഇസ്രയേലിനു മുന്നില്‍ അരാഫത്ത് കീഴടങ്ങുകയാണെന്ന് പ്രഖ്യാപിച്ച് ഹമാസ് സഹകരിക്കാതിരുന്നു. ഇസ്രയേലിനെതിരേയുള്ള സായുധപോരാട്ടം തുടരുകയും ചെയ്തു. ഹമാസിനെ നിയന്ത്രിക്കാനും സ്വാധീനിക്കാനും ഒരുപരിധി വരെ അരാഫത്തിന് കഴിഞ്ഞെങ്കിലും അത്തരമൊരു നീക്കം ശാശ്വതമായിരുന്നില്ല. 2006-ല്‍ ഗസ മുനമ്പില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് ജയിച്ചു അധികാരമേറ്റെടുത്തു. പിന്നീട്, അരാഫത്ത് തുടങ്ങിയ രാഷ്ട്രീയസംഘടനയായ ഫത്തയും ഹമാസും പരസ്പര സഹകരണത്തിന് കരാറില്‍ ഒപ്പുവച്ചു. ആ കരാറിലെ മൂന്ന് വ്യവസ്ഥകള്‍ ഇതായിരുന്നു. ഇസ്രയേലിനെ അംഗീകരിക്കുക, കഴിഞ്ഞകാല കരാറുകള്‍ മാനിക്കുക, അക്രമം ഉപേക്ഷിക്കുക. എന്നാല്‍, സ്വാഭാവികമായും അധിനിവേശവും നിയന്ത്രണങ്ങളും ഇസ്രയേല്‍ തുടര്‍ന്നതോടെ ഹമാസ് ആ കരാറില്‍നിന്ന് പിന്നോക്കം പോയി. ഇപ്പോള്‍ ഗാസ ഹമാസും വെസ്റ്റ്ബാങ്ക് ഫത്തയുമാണ് ഭരിക്കുന്നത്. 2006 മുതല്‍ ഗസയില്‍ സാമ്പത്തിക ഉപരോധമാണ്. കഴിഞ്ഞ ഒന്നര ദശാബ്ദം ആ ജനത ജീവിച്ചത് കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ്. തീവ്രവാദത്തിന്റെ പേരു പറഞ്ഞ് ഇസ്രയേലി നേതൃത്വം പുറത്തെടുത്ത നൃശംസതകള്‍ ജനാധിപത്യവിരുദ്ധമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നൂറ്റാണ്ടുകളോളം സാഹോദര്യത്തില്‍ കഴിഞ്ഞിരുന്ന ജൂത മുസ്ലിം സമുദായത്തെ നിത്യശത്രുതയിലേക്കും പരസ്പര വിശ്വാസരാഹിത്യത്തിലേക്കും നയിച്ചത് ബ്രിട്ടീഷ്-അമേരിക്കന്‍ സാമ്രാജ്യത്തിന്റെ മനുഷ്യത്വവിരുദ്ധമായ നടപടികളായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates