ഗാസ എന്ന മരണമുനമ്പില്‍ സമാധാനം മരീചിക; മരണം മാത്രം വിധിക്കുന്ന യുദ്ധം

ഗാസ എന്ന മരണമുനമ്പില്‍
സമാധാനം മരീചിക; മരണം മാത്രം വിധിക്കുന്ന യുദ്ധം
Updated on
5 min read

ര്‍ത്തമാനകാല സാഹചര്യങ്ങളില്‍ സംഭവിക്കുന്ന പൊട്ടിത്തെറികളോട് രചനാത്മകമായി പ്രതികരിക്കുന്നവരിലൊരാളാണ് താനെന്ന് ധനഞ്ജയന്‍ ബാലകൃഷ്ണന്റെ തുറന്നുപറച്ചില്‍. മനുഷ്യാന്തസ്സും സ്വാതന്ത്ര്യവും അമൂല്യമായി കരുതുന്നവരെ ആഹ്ലാദിപ്പിക്കുന്നതാണ്. മദ്രാസിലെ ഐ.ഐ.ടിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയാണ് ധനഞ്ജയന്‍. ഉന്നതമായ ആ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അറുപത്തിയൊന്നാമത്തെ കാണ്‍വൊക്കേഷനില്‍ വച്ച്, മികച്ച വിദ്യാര്‍ത്ഥിക്കുള്ള ഗവര്‍ണറുടെ സമ്മാനം സ്വീകരിക്കവെ, ''പ്രവര്‍ത്തിക്കാനുള്ള സമയം ആസന്നമായിരിക്കുന്നു എന്ന്'' ആഹ്വാനം ചെയ്തത് ഗാസയില്‍ നടക്കുന്ന അതിഭീകരവും ക്രൂരവുമായ നരഹത്യയില്‍ വിരല്‍ചൂണ്ടിക്കൊണ്ടാണ്.

ഒരു കൊല്ലത്തിനിടയില്‍ 16,500 കുട്ടികളും ഉള്‍പ്പെടെ 40,000 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. പുറമെ തകര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ പതിനായിരത്തിലേറെപ്പേര്‍ കുടുങ്ങി മരിച്ചിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. അതിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ആ ചെറുപ്പക്കാരന്‍ ഇങ്ങനെ പറഞ്ഞു: ''ഗാസയില്‍ നടക്കുന്ന നരഹത്യയോട് പ്രതികരിക്കാതിരിക്കുന്നത്, അതിനോട് നിശ്ശബ്ദമായി സഹകരിക്കുകയാണ് എന്‍ജിനീയറിങ്ങ് സമൂഹം ചെയ്യുന്നത്. ഇസ്രയേലിനെപ്പോലുള്ള സാമ്രാജ്യത്വ ശക്തികള്‍ തങ്ങളെ ജോലിക്കായി നിയമിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനങ്ങളെന്താണെന്നു തിരിച്ചറിയണം. വന്‍തോതിലുള്ള നരഹത്യ പലസ്തീനില്‍ നടക്കുകയാണ്. കൂട്ടത്തോടെ മനുഷ്യനെ കൊന്നൊടുക്കുന്നത് അവസാനമില്ലാതെ തുടരുന്നു. നാമെന്തിന് അതില്‍ വേവലാതിപ്പെടണമെന്ന് നിങ്ങള്‍ ചോദിക്കും.

സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്ങ്, മാത്തമാറ്റിക്സ് എന്നീ വിജ്ഞാന മേഖലകളെ ആശ്രയിച്ചാണ് ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വശക്തികള്‍ അവരുടെ ദുഷ്ടലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നത്. മികച്ചതും ആകര്‍ഷകവുമായ വേതനവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന ആ കമ്പനികളില്‍ എത്തപ്പെടാനാണ്, എന്‍ജിനീയറിങ്ങ് മേഖലയില്‍ പഠിക്കുന്നവര്‍ ലാക്കാക്കുന്നത്. നമ്മുടെ ജീവിതത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ആ മേഖലയിലുള്ള കമ്പനികളാണ് സ്വാധീനിക്കുന്നതെന്ന വസ്തുത കൂട്ടത്തില്‍ വിസ്മരിക്കരുത്. സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ അവര്‍ എന്‍ജിനീയര്‍മാരുടെ സേവനം ഉപയോഗിക്കുന്നു. ഇത് കണ്ടില്ലെന്നു നടിക്കുകയെന്നാല്‍, പരോക്ഷമായി അതിനു നാം കൂട്ടാളികളാവുന്നു എന്നുവേണം കരുതാന്‍.''

40,000 പേരേ കൊന്നൊടുക്കിയ ഇസ്രയേലിന്റെ ഗാസാ ആക്രമണത്തിന്റെ പശ്ചാത്തലമാണ് കോണ്‍വെക്കേഷനില്‍ സമ്മാനം സ്വീകരിക്കവേ ഗാസായുദ്ധത്തെ പരാമര്‍ശിക്കാന്‍ ധനഞ്ജയനെ പ്രേരിപ്പിച്ചത്. പലസ്തീനിലെ ഹമാസ് എന്ന പേരില്‍ അറിയപ്പെടുന്ന തീവ്രവാദി സംഘത്തിന്റെ ആകസ്മിക ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇസ്രയേല്‍ ആരംഭിച്ച ആക്രമണം. ഈ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ഇത്രയും ക്രൂരമായ കൊന്നൊടുക്കല്‍ ഉണ്ടായിട്ടില്ല

സ്വന്തമായി ഒരു നാടില്ലാതെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ തലമുറകളായി ജീവിച്ചിരുന്ന ജൂതജനതയെ ഒന്നടങ്കം കൊന്നൊടുക്കാന്‍ നാസി ജര്‍മനി ആരംഭിച്ച വംശശുദ്ധീകരണത്തില്‍ അറുപത് ലക്ഷം ജൂതന്മാരുടെ ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. അറസ്റ്റ്‌ചെയ്ത് കൂട്ടത്തോടെ ജൂതന്മാരെ ഗ്യാസ് ചേംബറിലാക്കി കൊന്നൊടുക്കിയിരുന്നതില്‍നിന്ന് രക്ഷപ്പെട്ട പ്രമുഖ എഴുത്തുകാരായ എലി വീസല്‍, പ്രിമോ ലെവി എന്നിവര്‍ അതിനെ അതിജീവിച്ച അനുഭവം ഹൃദയസ്പൃക്കായി വിവരിച്ചിട്ടുണ്ട്. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഹംഗറിക്കാരനായ ഇമ്രേ കെറിറ്റ്‌സ് ഗ്യാസ് ചേംബറില്‍നിന്നു രക്ഷപ്പെട്ടത്, പ്രായപൂര്‍ത്തിയാകാത്ത യുവാവാണെന്ന പേരിലായിരുന്നു. പതിനാറ് വയസ്സായിരുന്നുവെങ്കിലും പതിനാലു വയസ്സേ തനിക്ക് പ്രായമുള്ളൂവെന്ന് കെറിറ്റ്‌സ് അധികാരികളോട് നുണ പറഞ്ഞു. അപ്പോള്‍ ക്യാമ്പില്‍ തൊഴിലാളിയായി ജോലി ചെയ്യുമ്പോഴായിരുന്നു യുദ്ധം അവസാനിച്ചതും സഖ്യകക്ഷി സേനയെത്തി ജീവിച്ചിരിക്കുന്നവരെ തടവുകാരാക്കി രക്ഷപ്പെടുത്തിയതും. അങ്ങനെ പാവപ്പെട്ട മനുഷ്യരെ കൊന്ന് വിനോദിച്ചിരുന്ന നാസി ജര്‍മനി അവസാനിച്ചു. ഒപ്പം ബ്രിട്ടന്റെ നേതൃത്വത്തിലുള്ള വന്‍ശക്തികള്‍ പശ്ചിമേഷ്യയിലെ മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ എന്ന പേരില്‍ പുതിയ ഒരു രാജ്യം സൃഷ്ടിച്ചു. അതിഭീകരമായ ദുരന്തത്തെ അതിജീവിച്ചവര്‍ തന്നെ കൊലയാളികളായി മാറുന്ന ദുഃഖകരമായ അവസ്ഥയാണ് ഗാസായുദ്ധം കാണിക്കുന്നത്.

ഇസ്രയേലിനെ നശിപ്പിക്കുക ജീവിതലക്ഷ്യമാക്കി രഹസ്യമായി ആക്രമണം നടത്തുന്ന ഹിസ്ബുള്ള എന്ന പേരില്‍ അറിയപ്പെടുന്ന തീവ്രവാദികള്‍ ലബനോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുമ്പോള്‍, അവര്‍ക്കു സമാന്തരമായി ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ഹമാസിന്റേയും പ്രഖ്യാപിതലക്ഷ്യം ഇസ്രയേലിന്റെ നാശം തന്നെയാണ്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ കൊല്ലം, സായുധമായി ഭദ്രമായ അതിര്‍ത്തി കടന്ന ഹമാസുകള്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണം. 2023 ഒക്ടോബര്‍ ഏഴാം തീയതി പുലര്‍ച്ചയ്ക്ക് കര-കടല്‍ മാര്‍ഗ്ഗങ്ങളില്‍ അതിര്‍ത്തി ലംഘിച്ചുള്ള ഇസ്രയേലിന്റെ തെക്കേ ജില്ലകളില്‍ ആക്രമണം നടത്തിയ അവര്‍, ഒരു മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നവരുള്‍പ്പെടെ നിരവധിപ്പേരെ കൊന്നു. വിദേശികളടക്കം മുന്നൂറ്റിഅറുപതുപേരെ അവര്‍ തടവുകാരാക്കി തട്ടിക്കൊണ്ടുപോവുകയും ചെയ്തു. മൂന്നു ദിവസം നീണ്ടുനിന്ന ഈ ആക്രമണത്തില്‍ 1139 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. വീടുകളില്‍ കയറി കൊന്നതിനു പുറമെ സ്ത്രീകളെ തടവുകാരാക്കി മാനഭംഗം ചെയ്ത് വധിക്കുകയും ചെയ്തു. ആക്രമണകാരികളെ നേരിട്ട്, അവരെ തുരത്തിയതിന്റെ തുടര്‍ച്ചയായാണ് സര്‍വ്വ സന്നാഹങ്ങളുമായി ഗാസയില്‍ കയറി ഇസ്രയേലി സൈന്യം ആക്രമണം തുടരുന്നത്. പത്തുമാസം പിന്നിട്ടു ഈ പ്രത്യാക്രമണം ആരംഭിച്ചിട്ട്. 'ഓപ്പറേഷന്‍ സോര്‍ഡ്‌സ് ഓഫ് അയണ്‍' (Operation Swords of Iron) എന്ന പേരിട്ട് ഈ കഴിഞ്ഞ ഒക്ടോബര്‍ ഏഴാം തീയതി ആരംഭിച്ച പ്രത്യാക്രമണം എല്ലാ അര്‍ത്ഥത്തിലും യുദ്ധമായിരിക്കയാണ്. 40,000 പലസ്തീനികളുടെ ജീവന്‍ അപഹരിച്ച ഈ യുദ്ധം ദിവസം പിന്നിടുന്തോറും കൂടുതല്‍ തീക്ഷ്ണവും ക്രൂരവുമായി വളര്‍ന്നിരിക്കുന്നു. അമേരിക്കന്‍ ഭരണകൂടത്തിന്റെ സഹായത്തിനു പുറമെ, മറ്റു പാശ്ചാത്യ രാജ്യങ്ങളുടെ മൗനപിന്തുണയും ഇസ്രയേല്‍ ഭരണകൂടത്തിനു കിട്ടുന്നു. ഇന്ത്യയെപ്പോലെ, ചേരിചേരാ രാജ്യങ്ങള്‍ പോലും ഇസ്രയേലിന്റെ കൊടുംക്രൂരതകളെ അപലപിക്കുന്നില്ല. ഉക്രൈനെ ആക്രമിച്ചു കീഴടക്കി റഷ്യയുടെ ഭാഗമാക്കാന്‍ വ്രതം നോറ്റിരിക്കുന്ന പ്രസിഡന്റ് പുട്ടിനോ മറ്റൊരു ലോകശക്തിയാവാന്‍ പരിശ്രമത്തിലേര്‍പ്പെട്ടിരുന്ന ചൈനയിലെ ഭരണകൂടമോ ഈ യുദ്ധം കണ്ടില്ലെന്നു നടിക്കുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സ്‌നേഹിതനായതുകൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകൂടവും മനുഷ്യരാശിക്കെതിരെ നടക്കുന്ന ഈ കൊടും പാതകത്തിനെതിരെ മൗനം പുലര്‍ത്തുന്നു.

ഈ യുദ്ധത്തില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടതിനു പുറമെ, ബോംബാക്രമണത്തില്‍ നശിപ്പിക്കപ്പെട്ട വീടുകള്‍ക്കടിയില്‍പ്പെട്ട് പതിനായിരം പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും കണക്കാക്കുന്നു. ഇസ്രയേലിലെ ഭരണകര്‍ത്താക്കളെ യുദ്ധക്കുറ്റവാളികളായി മുദ്രകുത്തി, വംശഹത്യയാണ് അവര്‍ നടത്തുന്നതെന്ന സമാധാനം കാംക്ഷിക്കുന്നവരുടെ അപലപിക്കലൊന്നും ഇസ്രയേല്‍ ഭരണകൂടത്തെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. ഹമാസുകാരെ പൂര്‍ണ്ണമായി നശിപ്പിക്കാതെ പിന്‍തിരിയാന്‍ ഇല്ലെന്ന പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നെതന്യാഹുവിന്റെ ഭരണകൂടം. ''കുട്ടികളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ് ഗാസയെന്ന് ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തിറോസ് അപലപിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ടില്‍ ''ഈ നൂറ്റാണ്ടില്‍ ഇത്ര ഭയാനകമായ ഒരു ആക്രമണം ഉണ്ടായിട്ടില്ലെന്ന്'' ലോക ജനതയെ ഓര്‍മ്മിപ്പിക്കുന്നു.

''ആക്രമണത്തിന്റെ ഭാഗമായി വെള്ളവും ആഹാരസാധനങ്ങളും നല്‍കാതേയും വൈദ്യുതിബന്ധം വിച്ഛേദിച്ചുമാണ് വിജയം അവര്‍ ആഘോഷിക്കുന്നത്. വെള്ളം നല്‍കാതെ, വൈദ്യുതിവിതരണം അവസാനിപ്പിച്ച്, ഭക്ഷണസാധനങ്ങള്‍ കൊടുക്കാതെ. ഏല്ലാം തടഞ്ഞ് മനുഷ്യമൃഗങ്ങളെ നശിപ്പിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.'' ഇസ്രയേല്‍ പ്രതിരോധമന്ത്രി യുവ ഗലന്റ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാമന്ത്രി ഇറ്റാമിര്‍ ബെന്‍ ഗിവര്‍ ആ പ്രഖ്യാപനം പൂരിപ്പിച്ചത് ഇങ്ങനെ: ''തടവുകാരായി പിടിച്ചുകൊണ്ടുപോയവരെ മോചിപ്പിക്കുന്നില്ലെങ്കില്‍ ഞങ്ങളുടെ മുന്‍പിലുള്ള ഒരേ ഒരു വഴി, ഒരു മനുഷ്യന്‍ പോലും അവശേഷിക്കാതെ എല്ലാവരേയും കൊന്നൊടുക്കാന്‍ ആകാശം വഴി സ്ഫോടനങ്ങള്‍ ഉപയോഗിക്കുകയെന്നതു മാത്രമാണ്.'' എനര്‍ജിവകുപ്പ് മേധാവിയായ ഇസ്രയേല്‍ കാറ്റ്‌സ് ആ പ്രസ്താവനയെ ഇങ്ങനെ വിശദീകരിച്ചു: ''ഗാസയിലെ ജനങ്ങള്‍ക്ക് നിരവധി വര്‍ഷങ്ങളായി വെള്ളവും വൈദ്യുതിയും ഇന്ധനവും നല്‍കിയതിന് പ്രത്യുപകാരമായി കൊല്ലാനും ബലാല്‍ക്കാരം നടത്താനും കുട്ടികളേയും സ്ത്രീകളേയും വൃദ്ധജനങ്ങളേയും തട്ടിക്കൊണ്ടുപോകാനും ആയിരക്കണക്കിനുള്ള മനുഷ്യമൃഗങ്ങളെ നിയോഗിക്കുകയാണ് അവര്‍ ചെയ്തത്. അതിനുള്ള പ്രതികാരമായാണ് വെള്ളവും വൈദ്യുതിയും ഭക്ഷണസാധനങ്ങളും നല്‍കാതെ തടയുന്നത്.''

യുദ്ധത്തിനിടയില്‍, കൂടിയാലോചനകള്‍ മുടങ്ങുമ്പോള്‍ മാത്രമാണ് ഭക്ഷണസാധനങ്ങളുമായി റിലീഫ് വാഹനങ്ങള്‍ക്കു പ്രവേശനം അനുവദിക്കുന്നത്. ജനങ്ങളില്‍ ഭൂരിപക്ഷവും ആഹാരമില്ലാതെ, പട്ടിണിയില്‍ അമരേണ്ടിവരുന്നതിന്റെ നേര്‍ക്ക് വിരല്‍ചൂണ്ടിക്കൊണ്ട്, ഗാസയ്ക്ക് വടയ്ക്ക് 97 ശതമാനം വീട്ടുകാരും തെക്ക് 48 ശതമാനം വീട്ടുകാരും അര്‍ദ്ധപട്ടിണിയിലാണെന്ന് ദ വേള്‍ഡ് ഫുഡ് പ്രോഗ്രാം ഒരു റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. യുദ്ധക്കുറ്റമായാണ് ഈ അവസ്ഥയെ അവര്‍ വിശേഷിപ്പിച്ചത്. ഗാസയില്‍ 65000 വീടുകളും ബോംബിട്ട് നശിപ്പിച്ചിരിക്കുന്നു. 625000 കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാതെ വരുന്ന മിക്കവാറും എല്ലാ യൂണിവേഴ്സിറ്റികളും തകര്‍ക്കപ്പെട്ടിരുന്നു.

ഗാസയ്ക്ക് തെക്ക് വസിക്കുന്ന പത്തുലക്ഷം ജനങ്ങളോട് എത്രയും വേഗം വടക്കന്‍ പ്രദേശത്തേക്കു മാറിപ്പോകണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, അതിന് അനുവദിച്ച സമയം ഒരു മണിക്കൂറായിരുന്നു. ആ സമയപരിധി അവസാനിച്ചപ്പോള്‍ ഇസ്രയേല്‍ ടാങ്ക്പട ആക്രമണം തുടങ്ങി. അതില്‍ അവിടെയുള്ള മിക്കവാറും എല്ലാ കെട്ടിടങ്ങളും നശിച്ചു. സമാന്തരമായി ബോംബാക്രമണം നടന്നു. വടക്കുള്ള ഖാന്‍ യൂനിസില്‍ വൃദ്ധനായ പിതാവും അമ്മയും സഹോദരനുമായി എത്തിയ മുപ്പത്തിയാറുകാരി ഹന്ന പറയുന്നത്, ഭക്ഷണമില്ലാതെ നടന്നു തളര്‍ന്ന് അവശരാണെന്നാണ്. കുളിച്ച് വൃത്തിയായി വേഷങ്ങള്‍ ധരിച്ചിരുന്ന ദിവസങ്ങള്‍ അവര്‍ ഓര്‍ത്തു. അവര്‍ തുടര്‍ന്നു പറഞ്ഞു: ''ആഹാരസാധനങ്ങള്‍ വേവിക്കാന്‍ പഴയ വസ്ത്രങ്ങള്‍ കത്തിക്കേണ്ടിവന്നു. വലിയ വിലകൊടുത്ത് വാങ്ങുന്ന ബ്രെഡ് തിന്നാന്‍ കഴിയാത്തവിധം പഴകിയവയാണ്.'' പലപ്പോഴും ഒരു കപ്പ് വെള്ളത്തിന് പത്ത് ഡോളര്‍ നല്‍കേണ്ടിവരുന്നു. ശുദ്ധമായ വെള്ളമോ നല്ല ഭക്ഷണപദാര്‍ത്ഥങ്ങളോ കിട്ടാതെയായിട്ട് മുപ്പത്തിമൂന്ന് ദിവസം പിന്നിട്ടതായി അവര്‍ പറഞ്ഞു. കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയവയാകട്ടെ; പഴകി നാറുന്നവയും.

ആക്രമണത്തിന്റെ ഫലമായി ഏഴു ലക്ഷം കുട്ടികള്‍ അനാഥരായതായി യൂണിസെഫ് കണക്കാക്കുന്നു. കുടിവെള്ളമോ നല്ല ഭക്ഷണമോ അവര്‍ക്കു കിട്ടില്ലെന്നാണ് പലസ്തീനിലെ റെഡ്‌ക്രോസുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. ശുദ്ധവെള്ളം കിട്ടാത്തതിനാല്‍ ആമാശയരോഗം പടര്‍ന്നിരിക്കുന്നു. ഗാസയിലെ പ്രസിദ്ധമായ അല്‍ഷിഫ ഹോസ്പിറ്റലില്‍ ഹമാസുകാര്‍ ഒളിവില്‍ താമസിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് നടത്തിയ ആക്രമണത്തില്‍ രോഗികളില്‍ ഭൂരിപക്ഷവും മരണമടഞ്ഞു.

യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം വഴി യു.എന്‍ രക്ഷാസമിതി ആവശ്യപ്പെട്ടതിനു പിന്നാലെ ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് അപലപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇസ്രയേലി ഭരണകൂടം അതൊന്നും കേട്ട ഭാവം പോലുമില്ലാതെ ആക്രമണം കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിലേക്ക് ലോക ജനതയുടെ ശ്രദ്ധ ക്ഷണിക്കുകയാണ്; പ്രവര്‍ത്തിക്കാനുള്ള സമയമായെന്ന് മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥി ആഹ്വാനം ചെയ്തത് ആരു കേള്‍ക്കും അത്.

ഗാസ എന്ന മരണമുനമ്പില്‍
സമാധാനം മരീചിക; മരണം മാത്രം വിധിക്കുന്ന യുദ്ധം
ഗാസ യുദ്ധം ആരംഭിച്ചിട്ട് ആറ് മാസം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com