21ാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് വിസ്മയം; വെണ്‍മണലില്‍ അമര്‍ത്തിച്ചവിട്ടി നടന്നുകയറിയ വി.എസ്

Illustration
വി.എസ്സമകാലിക മലയാളം
Updated on
9 min read

രുപത്തിയൊന്നാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് വിസ്മയമാണ് വി.എസ്. അച്യുതാനന്ദന്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടാം പാദത്തിലും ജ്വലിച്ചുനില്‍ക്കുന്ന ലോക കമ്യൂണിസ്റ്റ് നേതാക്കളില്‍ പ്രമുഖനാണ് വി.എസ്. ബ്രീട്ടിഷ് ആധിപത്യത്തില്‍ ഒന്നര നൂറ്റാണ്ടിലേറെക്കാലം അടിമരാജ്യമായി കഴിഞ്ഞ ഇന്ത്യയുടെ തെക്കേ അറ്റത്തെ ഒരു നാട്ടുരാജാവിന്റെ മരണത്തിനെതിരെ സായുധസമരം നയിച്ച ഇരുപതുകാരനായ ഒരു കമ്യൂണിസ്റ്റുകാരന്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യപാദത്തില്‍ തന്റെ എണ്‍പത്തിമൂന്നാം വയസ്സില്‍ ബാലറ്റ് പേപ്പറിലൂടെ അതേ രാജ്യത്തിന്റെ ഭരണാധികാരിയായ അപൂര്‍വ ചരിത്രനായകനാണ് വി.എസ്.

സാര്‍വദേശീയമോ ദേശീയമോ പ്രാദേശികമോ ആയ ഒരു നേതാവിനും നേരിടേണ്ടിവരാത്ത തിക്താനുഭവങ്ങളും പ്രതിസന്ധികളും ഏറ്റുമുട്ടലുകളും എതിര്‍പ്പുകളും നേരിട്ടുകൊണ്ടാണ് വി.എസ്. എന്ന അതിസാഹസികനായ ഒറ്റയാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വപദവിയിലേക്കും ജനഹൃദയങ്ങളിലേക്കും പടവെട്ടിക്കയറിയത്. രാഷ്ട്രീയചരിത്രത്തില്‍ നയങ്ങളുടേയും നിലപാടുകളുടേയും വിട്ടുവീഴ്ച ഇല്ലായ്മയുടേയും പേരില്‍ ഇത്രയേറെ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും അച്ചടക്കനടപടികള്‍ക്കു വിധേയനാവുകയും ചെയ്ത ഒരു നേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കാണില്ല.

പുന്നപ്രയിലും വയലാറിലും സമരധീരന്മാരുടെ രക്തംവീണ് പില്‍ക്കാലത്ത് ചുവന്നുതുടുത്ത വെണ്‍മണലില്‍ അമര്‍ത്തിച്ചവിട്ടി നടന്നുകയറിയ വി.എസ്. കേരളത്തിലെ വിവിധ ജീവിതമേഖലകളില്‍നിന്ന് സംഘാടക പ്രതിഭകളെ കണ്ടെത്തിയ സാക്ഷാല്‍ പി. കൃഷ്‌ണപിള്ള കണ്ടെത്തിയ ഒരപൂര്‍വ ജനുസ് ആയിരുന്നു. സാര്‍വദേശീയ കമ്യൂണിസ്റ്റ് നേതാക്കളില്‍ സ്റ്റാലിന്റേയും മാവോയുടേയും ജീവിതത്തോട് ഒട്ടേറെ സാദൃശ്യമുള്ളതാണ് വി.എസിന്റെ കൗമാരം. ഒരു ചെരുപ്പുകുത്തിയുടെ മകനായി ജനിച്ച് സെമിനാരിയില്‍ അച്ചന്‍പട്ടത്തിനു പഠിച്ച് അവിടുത്തെ വൈദികവിദ്യാഭ്യാസത്തിന് ഇടയില്‍ വിപ്ലവപ്രസ്ഥാനത്തിലേക്ക് എടുത്തുചാടിയ ആളായിരുന്നു ജോസഫ് വിസാര്യനോവിച്ച് യുഗാച്ച് വിലി എന്ന ജോസഫ് സ്റ്റാലിന്‍.

Image of VS Achuthanandan
വി.എസ്സമകാലിക മലയാളം

ഒരു ദരിദ്ര കര്‍ഷക കുടുംബത്തില്‍ ജനിച്ച്, സ്വന്തം പരിശ്രമത്താല്‍ വിദ്യാഭ്യാസം നേടി ലോകത്തെ ഏറ്റവും വിപുലമായ ഒരു രാഷ്ട്രത്തില്‍ സമത്വസുന്ദരലോകം ഒരുക്കാന്‍ നേതൃത്വം കൊടുത്ത ആളായിരുന്നു മാവോ സേതുങ്. കുട്ടിക്കാലത്ത് തന്നെ അമ്മയും അച്ഛനും നഷ്ടപ്പെട്ടു. സ്വന്തം ജ്യേഷ്ഠന്റെ സംരക്ഷണയില്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായി പണിയെടുത്തു. പതിനെട്ടാം വയസ്സില്‍ സ്വന്തം തൊഴില്‍ ഉപേക്ഷിച്ച് പാര്‍ട്ടി നിയോഗം അനുസരിച്ച് കര്‍ഷകത്തൊഴിലാളികളേയും ഫാക്ടറി തൊഴിലാളികളേയും സംഘടിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോയില്‍ വരെ എത്തിയ നേതാവാണ് വി.എസ്. കല്യാണം കഴിക്കുന്ന നാള്‍വരെ കമ്യൂണിസ്റ്റ് മഹര്‍ഷിയായ സുഗതന്‍ സാറിനൊപ്പം താമസിച്ച് തൊഴിലാളി പ്രവര്‍ത്തനം നേരിട്ടു പഠിച്ച ഈ അതുല്യ സംഘടനാശില്പി കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തേയും നെടുംതൂണുകളില്‍ ഒരാളാണ്. പുന്നപ്ര-വയലാര്‍ സമരം നടക്കുമ്പോള്‍ അതിന്റെ മുന്‍നിര നേതാക്കളായ ടി.വി. തോമസും കെ.സി. ജോര്‍ജും പി.ടി. പൊന്നൂസും കെ.വി. പത്രോസും സൈമണ്‍ ആശാനും സി.കെ. കുമാരപ്പണിക്കരുമൊക്കെ പ്രായംകൊണ്ടും സമൂഹത്തിലെ അംഗീകാരംകൊണ്ടും ലബ്‌ധപ്രതിഷ്ഠരായിരുന്നു. എന്നാല്‍, കുടുംബമഹിമയോ പ്രമാണിത്തമോ ഇല്ലാത്ത ഇരുപതുകാരനായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ തന്റെ സംഘടനാസാമര്‍ത്ഥ്യവും ചുറുചുറുക്കും സാഹസികതയുംകൊണ്ടാണ് തൊഴിലാളികളുടെ കണ്ണിലുണ്ണിയായി മാറിയത്. പട്ടാളത്തില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിയ പാര്‍ട്ടി ബന്ധുക്കളായ സഖാക്കള്‍ തൊഴിലാളികളെ വെടിയുണ്ടയില്‍നിന്ന് ഒഴിഞ്ഞുമാറാനും വാരിക്കുന്തം പ്രയോഗിക്കാനുമുള്ള യുദ്ധമുറകള്‍ അഭ്യസിപ്പിക്കുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന പ്രത്യയശാസ്ത്ര മൃതസഞ്ജീവനി പകര്‍ന്നുനല്‍കിയ അച്യുതാനന്ദനെ പുന്നപ്രക്കാരും വയലാറുകാരും ഇന്നും കണ്ണിലുണ്ണിയായി സ്നേഹിക്കുന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല.

ആ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷി ആകാത്തതുകൊണ്ട് അദ്ദേഹം പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ല എന്ന് വിധിക്കുന്നവര്‍ സഹിക്കാനാവാത്ത വ്യക്തിവിദ്വേഷംകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് കണക്കാക്കിയാല്‍ മതി. പാര്‍ട്ടി നിയോഗം അനുസരിച്ച് ഒളിവില്‍ പ്രവര്‍ത്തിച്ചത് ഭീരുത്വം ആണെന്ന് കമ്യൂണിസ്റ്റ് ‘ഭീമന്മാര്‍’ ആയി സ്വയം ചമയുന്നവര്‍ തന്നെ തീര്‍പ്പ് കല്പിക്കുന്നതും അല്പത്തരം അല്ലാതെ മറ്റെന്താണ്? പുന്നപ്ര-വയലാര്‍ സമരം എന്ന കരുതല്‍ നിക്ഷേപത്തിന്റെ പേരില്‍ മാത്രം അല്ല, അവിടം മുതല്‍ ഇങ്ങോട്ട് നൂറ്നൂറ് സമരഭൂമികളില്‍ അമര്‍ത്തിച്ചവിട്ടി മുന്നേറിയ വി.എസിന്റെ കാല്‍പ്പാടുകള്‍ സമര കേരളത്തിന്റെ അഭിമാനമുദ്രകളാണ്. ജീവിതം തന്നെ സമരം ആക്കിയ ആ കമ്യൂണിസ്റ്റ് പോരാളിയെ അടുത്തറിയാന്‍ അവ ഒന്നൊന്നായി പരിശോധിക്കേണ്ടതുണ്ട്.

Image of VS Achuthandan
വി.എസ്. സമരഭൂമിയില്‍ സമകാലിക മലയാളം

തുടക്കം മുതല്‍ സംഭവബഹുലം

തുടക്കം മുതല്‍ സംഭവബഹുലവും സംഘര്‍ഷഭരിതവുമായിരുന്നു വി.എസിന്റെ ജീവിതം. ആലപ്പുഴയിലെ പുന്നപ്രയില്‍ വേലിക്കകത്ത് അയ്യന്‍ ശങ്കരന്റേയും മാലൂര്‍ തണ്ടാരുടെ മകള്‍ അക്കമ്മ എന്നു വിളിച്ചിരുന്ന കാര്‍ത്ത്യായനിയുടേയും രണ്ടാമത്തെ മകനായി 1923 ഒക്ടോബര്‍ 20-നാണ് അച്യുതാനന്ദന്‍ ജനിച്ചത്. വി.എസിന്റെ അച്ഛന്‍ അന്നത്തെ നിലയില്‍ ഒരു പൊതുപ്രവര്‍ത്തകനും തന്റേടിയുമായിരുന്നു. അദ്ദേഹം ശ്രീനാരായണ ഭക്തനും ഒരു യോഗം പ്രവര്‍ത്തകനുമായിരുന്നു.

സന്ദര്‍ഭവശാല്‍ ഒരിക്കല്‍ അറവുകാട് ക്ഷേത്രത്തിലെത്തിയ ശ്രീനാരായണഗുരു അയ്യന്‍ ശങ്കരനെ കാണാനും പരിചയപ്പെടാനും ഇടയായി. അദ്ദേഹത്തിന്റെ തലയെടുപ്പും പ്രമാണിത്തവും സംഘടനാപാടവവും കണ്ട ഗുരു പ്രധാനി ശങ്കരന്‍ എന്ന് വിളിക്കുകയുണ്ടായി. ഇതോടെ നാട്ടുകാര്‍ക്ക് അദ്ദേഹം പ്രധാനി അയ്യന്‍ ശങ്കരന്‍ ആയി. സവര്‍ണ അവര്‍ണ ഭേദമില്ലാതെ മനുഷ്യനെ ഒന്നായി കാണണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. തെറ്റ് ആര് ചെയ്താലും അതിനെ ചോദ്യം ചെയ്യുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. വി.എസും അങ്ങനെയാണല്ലോ. പിതൃദത്തമായ ഗുണം തന്നെയാവാം ഇത്.

അതുപോലെ അമ്മയുടെ കുടുംബവും അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്നു. ചേര്‍ത്തല താലൂക്കിലെ കലവൂരാണ് മാലൂര്‍ കുടുംബം. ക്ഷേത്രവും കളരിയും ഒക്കെ ഉള്ള കുടുംബം. അന്ന് കൊച്ചിയുടേയും തിരുവിതാംകൂറിന്റേയും അതിര്‍ത്തി ഗ്രാമമായിരുന്നു കലവൂര്‍. അതിര്‍ത്തി ഗ്രാമമായതുകൊണ്ട് കരംതീര്‍പ്പുകള്‍ സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഒക്കെ ഉയര്‍ന്നുവരാറുണ്ട്. അപ്പോള്‍ അതിന്റെ അവസാന തീര്‍പ്പ് മാലൂര്‍ തണ്ടാരുടേതാവും. വി.എസിന്റെ വ്യക്തിത്വത്തില്‍ ഈ മാതൃകുടുംബ പാരമ്പര്യവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.

ജ്യേഷ്ഠന്‍ ഗംഗാധരനും സഹോദരി ആഴിക്കുട്ടി അമ്മയും ഒരു അനുജനും വി. എസും അടങ്ങിയതായിരുന്നു പ്രധാനിയുടെ കുടുംബം. ദുരിതപൂര്‍ണമായിരുന്നു വി.എസിന്റെ കുട്ടിക്കാലം. വളരെ പ്രതാപി ആയിരുന്നു അച്ഛനെങ്കിലും ഒരു ജൗളിക്കടയുടെ തണലിലായിരുന്നു ആ കുടുംബം. വി.എസിന് നാലു വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. അമ്മയെ അടുത്തുനിന്ന് ഒന്ന് കാണാന്‍ പോലും ആ മകന് കഴിഞ്ഞില്ല. വസൂരി വന്നാണ് അമ്മ മരിച്ചത്. അന്ന് വസൂരിക്ക് ചികിത്സ ഉണ്ടായിരുന്നില്ല. രോഗികളെ കാണാമറയത്ത് മാറ്റി താമസിപ്പിക്കുകയായിരുന്നു പതിവ്. വി.എസിന്റെ അമ്മയെ താമസസ്ഥലത്തുനിന്ന് മാറ്റി, ഒരു പാടത്തിന്റെ കരയിലെ ചെറ്റക്കുടിലിലാണ് താമസിപ്പിച്ചിരുന്നത്.

രോഗം കലശലായപ്പോള്‍ അമ്മയുടെ ആഗ്രഹപ്രകാരം അച്ഛന്‍ നാലു മക്കളേയും കൂട്ടി അമ്മ കഴിയുന്ന ചെറ്റപ്പുരയുടെ ഇക്കരെ ഒരു വയല്‍വരമ്പില്‍ കൊണ്ടുനിര്‍ത്തി. അമ്മ ചെറ്റപ്പുരയുടെ ഓലവിടവിലൂടെ മക്കളെ കണ്ടു. അന്ന് രാത്രി മരിക്കുകയും ചെയ്തു. എത്ര ദാരുണമായ അവസ്ഥ. താന്‍ ഏറെ സ്നേഹിക്കുകയും തന്നെ ഏറെ സ്നേഹിക്കുകയും ചെയ്ത സ്വന്തം അമ്മയെ ഭ്രഷ്ട് കല്പിക്കപ്പെട്ടതുമൂലം മൃതദേഹം പോലും ഒന്ന് അടുത്ത് കാണാനാവാതെ ദൂരെ മാറിനില്‍ക്കേണ്ടിവന്ന അവസ്ഥ ഇ.എം.എസ് തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. അതിനെക്കാള്‍ ഹൃദയഭേദകമാണ് വി.എസിന്റെ അമ്മയുടെ അന്ത്യം.

പുന്നപ്രയിലെ പറവൂര്‍ ഗവണ്‍മെന്റ് സ്കൂളിലാണ് വി.എസ് മൂന്നാം ക്ലാസ്സ് വരെ പഠിച്ചത്. തുടര്‍ന്ന് നാലാം ക്ലാസ്സ് മുതല്‍ പഠിച്ചത് കളര്‍കോട് സ്കൂളിലായിരുന്നു. അവിടെ പഠിക്കാന്‍ പോകുമ്പോള്‍ വി.എസിന്റെ ജീവിതത്തിലെ അതിപ്രധാനമായ ഒരു സംഭവമുണ്ടായി. ജാതിനീചത്വം കൊടുമുടിയില്‍ കയറി മുടിയഴിച്ചാടുന്ന ആ കാലത്ത് താഴ്‌ന്ന ജാതിയില്‍പെട്ട ഒരു കുട്ടി സ്കൂളില്‍ പഠിക്കാന്‍ പോകുന്നത് മേല്‍ജാതിക്കാര്‍ക്ക് സഹിക്കുമായിരുന്നില്ല. അച്യുതാനന്ദന്‍ എന്ന ഈഴവ ബാലന്‍ പ്രമാണിമാരുടെ പൊന്നോമന മക്കള്‍ പഠിക്കുന്ന സ്കൂളില്‍ പഠിക്കാന്‍ പോകുന്നത് അവിടത്തെ നായര്‍ പ്രമാണിമാര്‍ക്ക് തീരെ ഇഷ്ടമായില്ല. അവര്‍ തങ്ങളുടെ കുട്ടികളോട് അച്യുതാനന്ദനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി തല്ലുകൊടുത്ത് തിരിച്ചയക്കാന്‍ ചട്ടംകെട്ടി. അനുസരണയുള്ള നായര്‍ മക്കള്‍ അങ്ങനെ ചെയ്യുകയും ചെയ്തു. അടിയുംകൊണ്ട് അപമാനിതനായി വീട്ടില്‍ചെന്ന് അച്ഛനോട് പരാതി പറഞ്ഞ വി.എസിനോട് അരയില്‍ കിടക്കുന്ന വെള്ളിഅരഞ്ഞാണം ഊരി നിന്നെ ഉപദ്രവിക്കാന്‍ വരുന്നവരെ തിരിച്ചടിക്കാനായിരുന്നു അച്ഛന്‍ പ്രധാനി ശങ്കരന്റെ ഉപദേശം.

പിറ്റേ ദിവസവും പതിവുപോലെ സ്കൂളിലേക്ക് വന്ന അച്യുതാനന്ദനെ ആക്രമിക്കാന്‍ നായര്‍ കുട്ടികള്‍ വളഞ്ഞു. യാതൊരു കൂസലുമില്ലാതെ എളിയില്‍ കിടന്ന വെള്ളി അരഞ്ഞാണ്‍ ഊരി പ്രമാണിക്കുട്ടികളെ തലങ്ങും വിലങ്ങും തല്ലി. അപ്രതീക്ഷിതമായി തല്ലുകിട്ടിയപ്പോള്‍ അവര്‍ ചിതറിയോടി. ഒരു വിജിഗീഷുവിനെപ്പോലെ തല ഉയര്‍ത്തിപ്പിടിച്ച് സ്കൂളില്‍ ചെന്ന് ഹെഡ്‌മാസ്റ്റര്‍ പരമേശ്വരന്‍പിള്ള സാറിനോട് വസ്തുതകള്‍ മുഴുവന്‍ പറഞ്ഞു. ഹെഡ്‌മാസ്റ്റര്‍ അച്യുതാനന്ദന്റെ ധീരതയെ പ്രശംസിക്കുകയും അക്രമം കാണിച്ച നായര്‍കുട്ടികളെ പരസ്യമായി ശിക്ഷിക്കുകയും ചെയ്തു.

വി.എസിന്റെ ജീവിതസമരങ്ങളുടെ വിജയകരമായ തുടക്കമായിരുന്നു ഈ സംഭവം. വി.എസ് ആ സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്റെ പതിനൊന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചു. അച്ഛന്‍ നടത്തിയിരുന്ന ജൗളിക്കട ചേട്ടന്‍ ഗംഗാധരന്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. പക്ഷേ, കുടുംബം പുലര്‍ത്താന്‍ അത് മതിയാകുമായിരുന്നില്ല. മനസ്സില്ലാമനസ്സോടെ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വി.എസ്. തന്റെ പഠനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായി. എന്നിട്ട് ജ്യേഷ്ഠനെ സഹായിക്കാന്‍ ജൗളിക്കടയില്‍ കൂടി.

അതുകൊണ്ട് പ്രയോജനമില്ലെന്നു കണ്ട് ആലപ്പുഴ ആസ്‌പിന്‍വാള്‍ കമ്പനിയില്‍ ഒരു തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചു. തൊഴിലാളി പ്രവര്‍ത്തനത്തിന്റെ ഹരിശ്രീ പഠിച്ചത് അവിടെ തൊഴിലാളി ആയിരിക്കുമ്പോഴാണ്. ഏതാണ്ട് മൂന്ന് കൊല്ലക്കാലം അവിടെ തൊഴിലാളിയായി കഴിച്ചുകൂട്ടി. ഇതിനിടയില്‍ ഒരു മികച്ച സംഘാടകനായി അദ്ദേഹം മാറി. ഈ ഘട്ടത്തിലാണ് പി. കൃഷ്‌ണപിള്ള വി.എസിനെ കണ്ടുമുട്ടിയത്.

ചുറുചുറുക്കുള്ള ആ ചെറുപ്പക്കാരനെ വിളിച്ച് കൃഷ്‌ണപിള്ള പറഞ്ഞു: ഫാക്ടറിയിലെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ വലിയ മിടുക്കൊന്നും വേണ്ട. നമ്മുടെ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ജന്മിമാരുടെ അടിമകളായി പണിയെടുക്കുന്ന നൂറുകണക്കിനു സഹോദരങ്ങളുണ്ട്. അവരെ സംഘടിപ്പിക്കണം. അവര്‍ക്ക് അവകാശബോധം ഉണ്ടാക്കിക്കൊടുക്കണം. അതുകൊണ്ട് അച്യുതാനന്ദന്‍ കയര്‍ ഫാക്ടറിയിലെ തൊഴില്‍ ഉപേക്ഷിക്കണം. ഒരു മുഴുവന്‍സമയ പ്രവര്‍ത്തകന്‍ ആവണം. അച്യുതാനന്ദന് ആ വാക്കുകള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. തനിക്ക് കയര്‍ ഫാക്ടറിയില്‍നിന്ന് കിട്ടുന്ന കൂലികൂടികൊണ്ടാണ് കുടുംബം ഒരുവിധം പട്ടിണിയില്ലാതെ കഴിഞ്ഞുപോകുന്നത്. അച്യുതാനന്ദന്റെ മനസ്സ് വായിച്ചറിഞ്ഞ കൃഷ്‌ണപിള്ള പറഞ്ഞു: സാരമില്ല നമുക്ക് പലതും നഷ്ടപ്പെടും.

സമൂഹത്തിലെ സാധാരണക്കാര്‍ക്ക് ഒരു നല്ല ജീവിതം നേടിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങുന്ന നമുക്ക് പലതും നഷ്ടപ്പെട്ടെന്നുവരും. അച്യുതാനന്ദനെ സഹായിക്കാന്‍ നാലഞ്ച് കൂട്ടുകാരേയും തരുന്നുണ്ട്. നാളെ മുതല്‍ നിങ്ങള്‍ പുതിയ ചുമതല ഏറ്റെടുത്തുകൊള്ളണം. പി. കൃഷ്‌ണപിള്ളയുടെ നിശ്ചയദാര്‍ഢ്യം തുടിച്ചുനില്‍ക്കുന്ന ആ വാക്കുകള്‍ക്കപ്പുറം ഒന്നും ചിന്തിക്കാന്‍ ഉണ്ടായിരുന്നില്ല. ആ സംഭവത്തെക്കുറിച്ച് വി.എസ് തന്നെ പറഞ്ഞിട്ടുള്ളത് നോക്കൂ: “എന്റെ ഒപ്പം കുട്ടനാടന്‍ പാടശേഖരങ്ങളിലേയ്ക്ക് പ്രസ്ഥാനം സംഘടിപ്പിക്കാന്‍ നാലഞ്ചുപേരെക്കൂടി നിയോഗിച്ചിരുന്നു. അവര്‍ക്കാര്‍ക്കും കുട്ടനാട്ടില്‍ പോയിക്കിടന്ന് പട്ടിണിയും കഷ്ടപ്പാടും സഹിച്ച് അധികകാലം നില്‍ക്കാന്‍ പറ്റിയില്ല.

അവരോരോരുത്തരും പതുക്കെപ്പതുക്കെ പിന്‍വലിഞ്ഞു. അന്ന് പ്രവര്‍ത്തകര്‍ക്ക് ഒരു കട്ടന്‍കാപ്പി പോലും കിട്ടില്ല. മാത്രമല്ല, ആലപ്പുഴയില്‍നിന്നു വരുന്ന ആളെ സംശയത്തോടെയാണ് ആള്‍ക്കാര്‍ കണ്ടിരുന്നത്. കുട്ടനാട്ടിലെ മുരിക്കന്മാരും മങ്കൊമ്പില്‍ സ്വാമിമാരുമൊക്കെ ഇത്തരം ആള്‍ക്കാര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചിരുന്നു. ഇവരുടെയൊക്കെ ഗുണ്ടകള്‍ കര്‍ഷകത്തൊഴിലാളികളെ പിന്തിരിപ്പിക്കാന്‍ വേണ്ടി അവരുടെ ആശ്രിതരെ തൊഴിലാളിവര്‍ഗ പ്രവര്‍ത്തകര്‍ക്കെതിരെ തിരിച്ചുവിടാനും ശ്രമിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കുട്ടനാട്ടില്‍ അവകാശബോധമുള്ള ഒരു കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം വി.എസ് കെട്ടിപ്പടുത്തത്. ചെറുകര അമ്പലത്തിനടുത്തുള്ള സി.കെ. വേലായുധന്റെ സഹോദരിയുടെ വീട്ടില്‍ താമസിച്ചുകൊണ്ട് അമ്പലത്തിലെ നിവേദ്യ ചോറുമുണ്ട്, ക്ഷേത്രവിഗ്രഹത്തില്‍ ആടിയ എണ്ണയും തേച്ച്, അമ്പലക്കുളത്തില്‍ കുളിച്ച് കുട്ടനാടന്‍ ജന്മിമാരുടെ ഗുണ്ടകളുടെ കഠാരത്തുമ്പുകളില്‍നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞ് ഏതാണ്ട് ഒന്നുരണ്ടു കൊല്ലത്തിനകം ന്യായമായ കൂലിക്കുവേണ്ടി നട്ടെല്ല് നിവര്‍ത്തിനിന്ന് ചോദിക്കാനും കൂലി നിഷേധിച്ചാല്‍ പണിമുടക്കാനുമുള്ള അവകാശബോധമുള്ള ഒരു കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്തതാണ് വി.എസ്. അച്യുതാനന്ദന്‍ എന്ന കമ്യൂണിസ്റ്റുകാരന്റെ ആദ്യത്തെ വ്യക്തിമുദ്ര.

Google
ഇഎംഎസിനൊപ്പം വിഎസ്സമകാലിക മലയാളം വാരിക

പുന്നപ്ര വയലാര്‍ സമരം

സമര്‍ത്ഥരും സംഘാടകരുമായ കേഡര്‍മാരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് വളര്‍ത്തിയെടുക്കാന്‍ കേരളം മുഴുവന്‍ അന്ന് ഓടി നടന്നിരുന്ന കാണാക്കൊടുങ്കാറ്റാണ് പി. കൃഷ്‌ണപിള്ള. ആലപ്പുഴയിലെ യുവാവായ ഈ ‘ഉരുക്കുമനുഷ്യനെ’ കണ്ടെത്തുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതല്‍കൂട്ട് ആക്കുകയും ചെയ്തത് ഈ ഘട്ടത്തിലാണ്. പാര്‍ട്ടിയുടേയും ട്രേ‍ഡ് യൂണിയന്റേയും സ്റ്റഡിക്ലാസ്സില്‍ പങ്കെടുത്ത് രാഷ്ട്രീയബോധവും സംഘടനാബോധവും വളര്‍ത്തിയെടുത്ത ഈ യുവാവിന് പതിനെട്ടാം വയസ്സില്‍ കൃഷ്‌ണപിള്ളയുടെ വ്യക്തിപരമായ ഇടപെടലിനെത്തുടര്‍ന്ന്, കോഴിക്കോട് നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ആലപ്പുഴ ജില്ലയിലെ പല സമുന്നതരും നേതാക്കളുമായ സഖാക്കള്‍ക്ക് ലഭിക്കാത്ത ഈ അപൂര്‍വ അവസരം വി.എസിന് ലഭിച്ചത്, പി. കൃഷ്‌ണപിള്ളയുടെ ഇടപെടലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്നൊരുക്കങ്ങള്‍ നടക്കുമ്പോള്‍ വി.എസിന് ഇരുപതിനു താഴെയായിരുന്നു പ്രായം. വി.എസിനെക്കാള്‍ എല്ലാ അര്‍ത്ഥത്തിലും മുതിര്‍ന്ന ടി.വി. തോമസ്, ആര്‍. സുഗതന്‍, സ്റ്റാലിന്‍ കുമാരപ്പണിക്കര്‍, കെ.വി. പത്രോസ്, സൈമണ്‍ ആശാന്‍ എന്നിവരായിരുന്നു സമരഭൂമിയിലെ മുന്‍നിരക്കാര്‍. ഉത്തരവാദഭരണത്തിനും പ്രായപൂര്‍ത്തി വോട്ടവകാശത്തിനും വേണ്ടി സ്റ്റേറ്റ് കോണ്‍ഗ്രസ്സും ആലപ്പുഴയില്‍ ടി.വി. തോമസിന്റെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും രാജഭരണത്തിനെതിരായും വിശേഷിച്ച് സര്‍വാധിപതിയായ ദിവാന്‍ സാക്ഷാല്‍ സര്‍ സി.പിക്കും എതിരായും സന്ധിയില്ലാസമരം പ്രഖ്യാപിച്ച നാളുകളായിരുന്നു അത്.

അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ട്രേഡ് യൂണിയനുകളുടേയും നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ജനകീയപ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ 1946 ഒക്ടോബറില്‍ സര്‍വസൈന്യാധിപ സ്ഥാനമേറ്റെടുത്ത ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ പട്ടാളഭരണം പ്രഖ്യാപിച്ചു. ഒപ്പം കോട്ടയം ആലപ്പുഴ ജില്ലകളില്‍ വ്യാപകമായി പൊലീസ് ക്യാമ്പുകള്‍ തുറന്നു. ദിവസക്കൂലിക്ക് എടുത്ത സി.പിയുടെ അഞ്ചുരൂപ പൊലീസുകാര്‍, തൊഴിലാളിക്കൂരകളില്‍ കയറിയിറങ്ങി അവരെ ഭീഷണിപ്പെടുത്തുകയും അവരെക്കൊണ്ട് ബലം പ്രയോഗിച്ച് സര്‍ സി.പി സിന്ദാബാദ് വിളിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതിനൊക്കെപ്പുറമെ തൊഴിലാളിക്കുടിലുകളിലെ സ്ത്രീകളെ. വിശേഷിച്ച് ചെറുപ്പക്കാരികളെ അപമാനിക്കാനും അവര്‍ മടിച്ചില്ല. ഈ ഘട്ടത്തില്‍ എന്തു വിലകൊടുത്തും ഇതിനെ ചെറുക്കാതെ നിലനില്‍ക്കാന്‍ സാധ്യമല്ല എന്ന് മനസ്സിലാക്കി, പാര്‍ട്ടി വ്യാപകമായി തൊഴിലാളി ക്യാമ്പുകള്‍ - വിവിധ തൊഴില്‍മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ അണിചേര്‍ത്ത് അഞ്ഞൂറും ആയിരവും അംഗസംഖ്യയുള്ള സന്നദ്ധസംഘടനയും രൂപീകരിച്ചു. വീട്ടില്‍ വന്ന് ഗുണ്ടായിസം കാണിക്കുന്ന ഒറ്റുകാരെ അടിച്ചോടിച്ചു. പൊലീസിനേയും പട്ടാളത്തേയും ആത്മവിശ്വാസത്തോടെ നേരിടാന്‍, കവുങ്ങുകള്‍ കീറിയെടുത്ത അലവ് കൂര്‍പ്പിച്ചെടുത്ത ആയിരക്കണക്കിനു വാരിക്കുന്തങ്ങള്‍ തയ്യാറാക്കി. പട്ടാളത്തില്‍നിന്നും പിരിഞ്ഞുവന്നവരും സര്‍വീസില്‍നിന്ന് വിരമിച്ചവരുമായ പാര്‍ട്ടി അനുഭാവികള്‍ വളണ്ടിയര്‍മാരെ പഠിപ്പിച്ചു. ഇങ്ങനെ പരിശീലനം ലഭിക്കുന്ന വളണ്ടിയര്‍ സഖാക്കള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്ന മുഖ്യ ചുമതല ഏറ്റെടുത്ത് വി.എസ് ക്യാമ്പുകളില്‍നിന്ന് ക്യാമ്പുകളിലേക്ക് മിന്നല്‍പിണര്‍ പോലെ പടര്‍ന്നുകയറി.

സര്‍ സി.പിയും തൊഴിലാളി നേതാക്കളായ ടി.വി. തോമസും എന്‍. ശ്രീകണ്ഠന്‍ നായരും തമ്മിലുള്ള ചര്‍ച്ച പൊളിഞ്ഞതിനെത്തുടര്‍ന്ന് വ്യാപകമായ അറസ്റ്റുണ്ടായി. അന്ന് തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്ന പി.ടി. പുന്നൂസ് അറസ്റ്റ് ചെയ്യപ്പെട്ടു.

പകരം കെ.വി. പത്രോസ് ആക്ടിംഗ് സെക്രട്ടറിയായി. ഒളിവിലിരുന്ന് പ്രവര്‍ത്തിച്ച വി.എസിനെ പാര്‍ട്ടി മറ്റൊരു ഉത്തരവാദിത്വം ഏല്പിച്ചു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തെത്തുടര്‍ന്ന് വി. എസ് നാട്ടില്‍ ഒളിവില്‍ കഴിയുന്നത് അത്ര സുരക്ഷിതമല്ലെന്നു കരുതി കോട്ടയത്ത് പൂഞ്ഞാറില്‍ കര്‍ഷകരെ സംഘടിപ്പിക്കുന്നതിന് നിയോഗിച്ചു. അവിടെ ഒരു ഒളിത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട വി.എസ് പാലാ ലോക്കപ്പില്‍ മൃഗീയ മര്‍ദനത്തിനിരയായി. ലോക്കപ്പ് മര്‍ദനത്താല്‍ മരണപ്പെട്ടു എന്നു കരുതി വി.എസിന്റെ ശരീരം ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയ പൊലീസുകാര്‍ വഴിയില്‍വച്ച് വി.എസിന് ജീവനുണ്ടെന്നു തിരിച്ചറിഞ്ഞ് പാലാ ജനറല്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടു. അവിടെ ദേശാഭിമാനികളായ ചില ഡോക്ടര്‍മാരുടെ സഹായത്താല്‍ പുനര്‍ജന്മം ലഭിച്ച വി.എസ് പുന്നപ്ര-വയലാര്‍ സമരത്തിലെ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കിടക്കേണ്ടിവന്നതും അദ്ദേഹത്തിന്റെ ജീവിതത്തിലെ ചരിത്രവഴികളിലെ ഒരു പ്രധാന ഘട്ടമാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിയോടെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വലിയ ഒരു ആശയക്കുഴപ്പത്തിലാണ് ചെന്നുപെട്ടത്. പുതുതായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെ സ്വഭാവം, അധികാരമേറ്റ നേതൃത്വത്തിന്റെ വര്‍ഗസ്വഭാവം, ഇന്ത്യ അംഗീകരിച്ച ഭരണഘടനയോടുള്ള സമീപനം ഇക്കാര്യങ്ങള്‍ എങ്ങനെ വിലയിരുത്തണം. അതേവരെ സോവിയറ്റ് പാര്‍ട്ടിയെ പിന്തുടര്‍ന്നിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാമ്രാജ്യശക്തികളോട് എടുക്കുന്ന സമീപനം, പുതിയ ജനാധിപത്യ ഗവണ്‍മെന്റിനോട് സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. പി.സി. ജോഷിയുടെ ‘ഗാന്ധി തൊട്ട് കമ്യൂണിസ്റ്റുകള്‍ വരെയുള്ള തുടര്‍ന്നും ഐക്യം’ എന്ന മുദ്രാവാക്യം പ്രായോഗികമല്ല എന്നതുകൊണ്ട് നഗരങ്ങള്‍ മോചിപ്പിച്ച് നാട്ടിന്‍പുറങ്ങളില്‍ അധികാരം സ്ഥാപിക്കാം എന്ന സോവിയറ്റ് വിപ്ലവമാതൃകയില്‍ ഇന്ത്യയില്‍ സായുധസമരം നടത്താനുള്ള 1948-ലെ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ ബി.ടി.ആര്‍ തീസിസും (കല്‍ക്കട്ടാ തീസിസ്), നാട്ടിന്‍പുറങ്ങള്‍ മോചിപ്പിച്ച് നഗരങ്ങളില്‍ അധികാരം സ്ഥാപിക്കാനുള്ള സി. രാജേശ്വര റാവുവിന്റെ തീസിസും സ്റ്റാലിന്റെ നേതൃത്വത്തിലുള്ള കോമിന്‍ഫോം ഇടപെട്ട് തിരുത്തിക്കുകയും ഇന്ത്യയ്ക്ക് ഇന്ത്യയുടേതായ വിപ്ലവതന്ത്രം ആവിഷ്കരിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സായുധസമരമാര്‍ഗം ഉപേക്ഷിച്ച്, പാര്‍ലമെന്ററി ജനാധിപത്യമാര്‍ഗം സ്വീകരിക്കുകയും ഇന്ത്യന്‍ ഭരണഘടനയോട് വിശ്വാസം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും ചെയ്തു. താത്ത്വികമായി പറയുവാന്‍ എളുപ്പം ഉണ്ടെങ്കിലും, സായുധസമരസിദ്ധാന്തത്തില്‍ വിശ്വസിച്ച് അത് നയിച്ച കമ്യൂണിസ്റ്റ് കേഡര്‍മാര്‍ക്ക് ഈ നയംമാറ്റം അത്രയെളുപ്പം ദഹിച്ചിരുന്നില്ല. ഏതായാലും ജയിലുകളില്‍നിന്ന് ഇറങ്ങിവന്ന സഖാക്കള്‍ പുതിയ ശൈലിയിലേക്ക് മാറാന്‍ നന്നേ പണിപ്പെട്ടു.

ഒരു കമ്യൂണിസ്റ്റ് സംഘാടകന്‍ എന്ന നിലയ്ക്ക് വി.എസ് ശ്രദ്ധേയനാകുന്നത് ആലപ്പുഴ, അമ്പലപ്പുഴ താലൂക്കുകള്‍ ചേര്‍ത്ത് പാര്‍ട്ടി രൂപീകരിച്ച ആലപ്പുഴ ജില്ലയുടെ സെക്രട്ടറി ആയിരിക്കുമ്പോഴാണ്. 1957-ലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് കൊല്ലം, കോട്ടയം റവന്യൂ ജില്ലകളിലെ ചില താലൂക്കുകള്‍ യോജിപ്പിച്ച് ആലപ്പുഴ റവന്യൂ ജില്ല രൂപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയും വി.എസ് തന്നെയായിരുന്നു. പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള വി.എസിന്റെ ആദ്യ ചവിട്ടുപടി ആലപ്പുഴ ജില്ലാ സെക്രട്ടറി പദവിയില്‍നിന്നാണ്.

1954-ല്‍ ആലുവയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ തിരു-കൊച്ചി സംസ്ഥാന സമ്മേളനം സംസ്ഥാന കമ്മിറ്റിയിലേക്ക് വി.എസിനെ തെരഞ്ഞെടുത്തു. 1956-ല്‍ തിരു-കൊച്ചി മലബാര്‍ സംസ്ഥാനങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് കേരള സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 1958-ല്‍ അമൃതസരസ്സില്‍ ചേര്‍ന്ന അഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അദ്ദേഹം നാഷണല്‍ കൗണ്‍സില്‍ മെമ്പറായി തെര‍ഞ്ഞെടുക്കപ്പെട്ടു. 1964 ഏപ്രിലില്‍ അവിഭക്ത പാര്‍ട്ടിയില്‍നിന്ന് പുറത്തുവന്ന 32 നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍മാരില്‍ ഏഴ് പേര്‍ കേരളത്തില്‍നിന്നുള്ളവരായിരുന്നു. ആ ഏഴുപേരില്‍ ഒരാളും അന്ന് റിവിഷനിസത്തിനെതിരായി പോരാടാന്‍ പുറത്തുവന്ന 32 പേരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവും വി.എസാണ്. സി.പി.ഐ (എം) ആയി പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ ആദ്യത്തെ കോണ്‍ഗ്രസ്സില്‍ (കല്‍ക്കത്തയില്‍ ചേര്‍ന്ന ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ്) അദ്ദേഹത്തെ സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 1985-ല്‍ പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് വി.എസിനെ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുത്തു. എന്നാല്‍, ലാവ്‌ലിന്‍ പ്രശ്നത്തില്‍ പാര്‍ട്ടി പൊതുനയത്തോട് വിയോജിച്ച വി.എസിനെ അച്ചടക്ക നടപടിയുടെ ഭാഗമായി പൊളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിവാക്കി.

Image of family photo of VS Achuthanandan
വിവാഹചിത്രംസമകാലിക മലയാളം വാരിക

വി.എസും പാര്‍ലമെന്ററി രംഗവും

കേരളത്തിന്റെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്. നിയമസഭാസാമാജികന്‍ ഈ നിലകളില്‍ കേരള സമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത ചരിത്രം സൃഷ്ടിച്ച നിരവധി പോരാട്ടങ്ങള്‍ക്കും നയപരമായ തീരുമാനങ്ങള്‍ക്കും നേതൃത്വം കൊടുത്ത ചരിത്രപുരുഷനാണ് വി.എസ്. അച്യുതാനന്ദന്‍. പത്ത് പ്രാവശ്യം അദ്ദേഹം നിയമസഭയിലേക്ക് മ‍ത്സരിച്ചിട്ടുണ്ട്. ഇതില്‍ ഏഴു തവണ അദ്ദേഹം വിജയിച്ചു. മൂന്നു തവണ തോല്‍ക്കുകയും ചെയ്തു.

ചൈനീസ് ചാരനെന്ന് ആരോപിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ 1965-ലാണ് ആദ്യത്തെ മത്സരം. അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥിയോട് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ആയാണ് മത്സരിച്ച് തോറ്റത്. 1967-ല്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ മത്സരിച്ചാണ് വി.എസ് ആദ്യം നിയമസഭയിലെത്തിയത്.

1957-ലെ ഇ.എം.എസ് ഗവണ്‍മെന്റ് തയ്യാറാക്കിയ കാര്‍ഷികബന്ധ നിയമത്തെ വികൃതമാക്കി പട്ടം, ശങ്കര്‍ മന്ത്രി സഭകളുടെ കര്‍ഷകവിരുദ്ധ സമീപനങ്ങള്‍ തിരുത്താന്‍ സജീവമായ ഇടപെടലാണ് വി.എസ്. നിയമസഭയില്‍ നടത്തിയത്. രണ്ടാം ഇ.എം.എസ് ഗവണ്‍മെന്റിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് 1970-ല്‍ നടന്ന തെരഞ്ഞെടുപ്പിലും അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍നിന്ന് നല്ല ഭൂരിപക്ഷത്തില്‍ വി.എസ് വിജയിച്ചു.

1991-ല്‍ മാരാരിക്കുളം മണ്ഡലത്തില്‍നിന്ന് മത്സരിച്ച വി.എസ് വിജയിച്ചുവെങ്കിലും, രാജീവ് ഗാന്ധി വധത്തിന്റെ സഹതാപ തരംഗത്തില്‍ ഇടത് ജനാധിപത്യ മുന്നണിക്ക് അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ല. വി.എസ് ആദ്യമായി കേരളത്തിന്റെ പ്രതിപക്ഷ നേതാവായി. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരു പ്രതിപക്ഷനേതാവിന്റെ റോള്‍ എന്തായിരിക്കണമെന്ന് കേരളം അനുഭവിച്ചറിഞ്ഞത് വി.എസ് എന്ന പ്രതിപക്ഷ നേതാവിലൂടെയാണ്.

1991-1996-ലെ യു.ഡി.എഫിന്റെ ജനദ്രോഹ ഭരണത്തിനെതിരെ കേരളം മുഴുവന്‍ ഭരണമാറ്റത്തിനു കൊതിക്കുന്ന ഒരു കാലമായിരുന്നു അത്. ജനകീയ താല്പര്യങ്ങള്‍ക്ക് അപ്പുറം താല്പര്യങ്ങള്‍ ഇല്ലാത്ത ആദര്‍ശനിഷ്ഠനായ വി.എസ് എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ജനങ്ങള്‍ അനുകൂലമായ വിധി എഴുതിക്കഴിഞ്ഞിട്ടുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ജനങ്ങളുടെ പ്രതീക്ഷപോലെത്തന്നെ മുന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി വിജയിക്കുകയും ചെയ്തു. എന്നാല്‍, മുന്നണിയെ നയിക്കേണ്ട വി.എസ്. അച്യുതാനന്ദന്‍ തോല്‍പിക്കപ്പെട്ടു. സ്വന്തം തട്ടകമായ മാരാരിക്കുളത്ത് അത്ര ശക്തനോ ബഹുജനനേതാവോ അല്ലാത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ജെ. ഫ്രാന്‍സിസിനോട് തുച്ഛമായ വോട്ടിന് തോല്‍പിക്കപ്പെട്ടു.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ തുരങ്കംവയ്ക്കാന്‍ സ്വന്തം പാളയത്തിലെ ചില ‘കുലംകുത്തികള്‍’ വി.എസിനെ പരാജയപ്പെടുത്തുകയാണ് ചെയ്തത്. പടനിലങ്ങളില്‍ പതറാത്ത ആ കമ്യൂണിസ്റ്റ് യോദ്ധാവ് 2001ല്‍ മലമ്പുഴ നിയോജകമണ്ഡലത്തില്‍നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, മുന്നണി പരാജയപ്പെട്ടു. വി.എസ് വീണ്ടും പ്രതിപക്ഷനേതാവായി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കേരളത്തിന്റെ പൊതുനന്മയ്ക്കും ജനാധിപത്യ സംരക്ഷണത്തിനും അഴിമതിക്കുമെതിരെ അദ്ദേഹം നടത്തിയ സന്ധിയില്ലാസമരങ്ങളും അതിന്റെ പേരിലുള്ള ജനകീയ മുന്നേറ്റങ്ങളും പാര്‍ട്ടി നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് അദ്ദേഹത്തെ അനഭിമതനാക്കി. ചട്ടപ്പടി സമരശൈലി ഉപേക്ഷിച്ച് എ.കെ.ജിയെപ്പോലെ എവിടെ ജനങ്ങള്‍ക്ക് ഒരു പ്രശ്നം ഉണ്ടാകുന്നോ അവിടെ ഇടപെട്ട് ജനങ്ങളെ അണിനിരത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സമീപനത്തിലേക്ക് അദ്ദേഹമെത്തി. യാന്ത്രികമായി പാര്‍ട്ടി കമ്മിറ്റികള്‍ കൂടി ഘടകത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്ന രീതി എ.കെ.ജിക്ക് എന്നപോലെ വി.എസിനും വശമില്ലായിരുന്നു. അതുകൊണ്ടാണ് കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ കേസും മതികെട്ടാന്‍ മലയും വാഗമണ്‍ കൈയേറ്റവും ഇടമലയാറും കോവളം കൊട്ടാരവും ഒക്കെ സ്വന്തം അജണ്ടയാക്കി സമരം സംഘടിപ്പിച്ചതും.

Image of protest of cpm leaders
സിപിഎം പ്രതിഷേധം, ഇടതു നിന്ന് വി.എസ്ഗൂഗിള്‍

ഞങ്ങള്‍ ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം

ഈ ധിക്കാരത്തിന്റേയും ഒറ്റയാന്‍ ശൈലിയുടേയും പേരിലാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പ് അദ്ദേഹത്തിനു നേരിടേണ്ടിവന്നത്. അവര്‍ പല രൂപത്തിലുള്ള അച്ചടക്കനടപടികള്‍ അദ്ദേഹത്തിന് ഒന്നിനുപിറകെ ഒന്നായി ചാര്‍ത്തിക്കൊടുത്തുകൊണ്ടുമിരുന്നു. നേതൃത്വത്തില്‍ ഒറ്റപ്പെടുമ്പോഴും പാര്‍ട്ടി അണികളുടേയും പുറത്ത് ബഹുജനങ്ങളുടേയും കണ്ണിലുണ്ണിയായി അദ്ദേഹം മാറി. ‘കണ്ണേ കരളേ വിഎസ്സേ ഞങ്ങള്‍ ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം’ എന്ന മുദ്രാവാക്യം കേരളത്തിലെ ഗ്രാമ, നഗരത്തെരുവുകളില്‍ മുഴങ്ങിക്കേട്ടത്. ഈ പശ്ചാത്തലത്തിലാണ് 2006-ലെ തെരഞ്ഞെടുപ്പ് വി.എസിന്റെ ഇടപെടല്‍മൂലം ന്യൂനപക്ഷങ്ങളില്‍നിന്ന് പാര്‍ട്ടി ഒറ്റപ്പെട്ടു എന്നും വി.എസിന്റെ നയങ്ങള്‍ വികസന വിരുദ്ധമാണെന്നും അതുകൊണ്ട് വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മുന്നണി പരാജയപ്പെടുമെന്ന ന്യായം പറഞ്ഞ് വി.എസിനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കി. കേരളത്തില്‍ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന നിഷ്‌പക്ഷരായ ബുദ്ധിജീവികളും യുവാക്കളും തൊഴിലാളികളും ബഹുജനങ്ങള്‍ ആകെയും വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം പ്രതിഷേധമുയര്‍ത്തി. പാര്‍ട്ടി അണികള്‍ ആകെ ക്ഷോഭിച്ചുമറിഞ്ഞു. ഗത്യന്തരം ഇല്ലാതെ പാര്‍ട്ടി പൊളിറ്റ്ബ്യൂറോ തന്നെ ഇടപെട്ട് വി.എസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. വലിയ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി ജയിച്ചു. 2006 മെയ് 24-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വി.എസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2011-ലും വി.എസിന് സീറ്റു നിഷേധിച്ചെങ്കിലും ജനം ഇടപെട്ട് പാര്‍ട്ടിയെ തിരുത്തിച്ചു. വി.എസ് ജയിച്ചെങ്കിലും മുന്നണി പരാജയപ്പെട്ടു. 2016-ല്‍ വി.എസും പിണറായിയും മത്സരിച്ചു. രണ്ടുപേരും വിജയിച്ചു. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു. ജനങ്ങള്‍ ഏറെ ആഗ്രഹിച്ച ഒരു രണ്ടാം വരവ് വി.എസിന് നിഷേധിക്കപ്പെട്ടു.

പുന്നപ്രയിലേയും വയലാറിലേയും ധീരന്മാര്‍ക്കൊപ്പംനിന്ന് പൊരുതി ആ മണ്ണില്‍ പരാജയം ഭക്ഷിച്ച് വളര്‍ന്ന വി.എസ് ഏത് അവഹേളനവും അച്ചടക്കനടപടികളും നേരിട്ട് താന്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയുടെ പതാക സ്വന്തം നെഞ്ചോട് ചേര്‍ത്തുകൊണ്ട് ചരിത്രത്തിലെ വിവിധ നാല്‍കവലകളില്‍ പതറാതെ മുന്നേറുന്ന കാഴ്ചയാണ് കേരളം സ്വന്തം കണ്‍മുന്നില്‍ ഇന്ന് കാണുന്നത്. പ്രശ്നങ്ങളെ അതിന്റെ ഉറവിടത്തില്‍ എത്തി ഏറ്റെടുക്കുന്ന ഒരു വിപ്ലവകാരിയുടെ ആര്‍ജവമാണ് വി.എസിന് ആദ്യം തൊട്ടേ ഉണ്ടായിരുന്നത്. അതിന് പാര്‍ട്ടി ചട്ടക്കൂട്ടില്‍നിന്ന് ഉണ്ടാകാവുന്ന വരുംവരായ്‌കകളെക്കുറിച്ച് ചിന്തിച്ചിരുന്നേയില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്രായം ശരീരത്തോട് കലഹിച്ചുതുടങ്ങിയ ഈ അടുത്തകാലത്തും മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരക്കാരുടെ അരികിലെത്തി അവര്‍ക്കൊപ്പം കുത്തിയിരുന്നത്. പാര്‍ട്ടി കമ്മിറ്റി കൂടി അവിടെ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്ന ‘അച്ചടക്ക’മുള്ള ഒരു കമ്യൂണിസ്റ്റ് ആയിരുന്നില്ല വി.എസ്. നാട്ടില്‍ ജനങ്ങള്‍ക്ക് എന്ത് പ്രശ്നം ഉണ്ടാകുമ്പോഴും അതില്‍ ഇടപെടാനും ജനങ്ങളെ അണിനിരത്തി അതിനു പരിഹാരം കാണാനും നേതൃത്വം കൊടുക്കുന്ന ഒരു ജൈവവിപ്ലവകാരിയാണ് അദ്ദേഹം.

Summary

A comprehensive and in-depth study of the political life of V.S. Achuthanandan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com