

വാക്ക് പിഴച്ചാല്‍ പഴി നാവിന്. നാവല്ല, ചിന്തയാണ് വാക്കിനെ പിഴപ്പിക്കുന്നത്. വികലമായ ചിന്തയില്‍നിന്ന് വികലമായ വാക്കുകള്‍ ഉണ്ടാകുന്നു. ഉണ്ടയും വാക്കും വിട്ടാല്‍ തിരിച്ചെടുക്കാനാവില്ല. വിവാദമാകുമ്പോള്‍ തലയൂരുന്നതിന് പലരേയും കുറ്റപ്പെടുത്തുമെങ്കിലും പീലാത്തോസ് പറഞ്ഞതുപോലെ പറഞ്ഞതു പറഞ്ഞു എന്ന സത്യസന്ധമായ നിലപാട് ആരും സ്വീകരിക്കാറില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതിന് ആര്‍ജ്ജവം വേണം. ആലോചിച്ച് പറയുമ്പോഴാണ് ആര്‍ജ്ജവമുണ്ടാകുന്നത്. സോണിയ ഗാന്ധി, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരാണ് വാചകമേളയ്ക്കുവേണ്ടിയുള്ള വാക്പ്രയോഗത്തില്‍ അനുചിതമായ വാക്പ്രയോഗം നടത്തി വിവാദത്തില്‍ കുടുങ്ങിയത്. വാക്കിന് ദ്വയാര്‍ത്ഥം മാത്രമല്ല, അനര്‍ത്ഥവും ഉണ്ടാകാതിരിക്കുന്നതിനുള്ള കരുതല്‍ വാക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്കുണ്ടാകണം. കുഴപ്പമാകുമ്പോള്‍ പറഞ്ഞവര്‍ക്കല്ല, കേട്ടവര്‍ക്കാണ് കുഴപ്പം. ദുര്‍വ്യാഖ്യാനത്തിനുവേണ്ടിയുള്ള അടര്‍ത്തിയെടുക്കല്‍ മുതല്‍ വളച്ചൊടിക്കല്‍വരെ പല ദുര്‍വൃത്തികളും കേട്ടവരില്‍ ആരോപിക്കപ്പെടും. കുന്തവും കൊടച്ചക്രവുമായി കുഴപ്പത്തിന്റെ കുടത്തിലായ മന്ത്രി തലയൂരിയത് സ്വന്തം മണ്ണിനെ കുറ്റം പറഞ്ഞുകൊണ്ടാണ്. സാമാന്യം ശുദ്ധിയുള്ള മലയാളമാണ് ഓണാട്ടുകരയില്‍ കേള്‍ക്കുന്നതെന്ന് ആ കരയിലെ മണ്ണില്‍ തറയും പറയും എഴുതിപ്പഠിച്ച എനിക്ക് പറയാനാകും.
തീയില്‍ കുരുത്ത ദ്രൗപദി വെയിലില്‍ വാടില്ലെന്ന യാഥാര്‍ത്ഥ്യം മഞ്ഞിന്റെ നാട്ടില്‍നിന്നു വരുന്ന സോണിയ അറിയാതെപോയതുകൊണ്ടാവാം ഒരു മണിക്കൂര്‍ നീണ്ട നയപ്രഖ്യാപന പ്രസംഗം വായിച്ചുതീര്‍ത്ത രാഷ്ട്രപതിയോട് അവര്‍ ദയ പ്രകടിപ്പിച്ചത്. നയപ്രഖ്യാപന പ്രസംഗം രാഷ്ട്രപതിയുടെ ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. മന്ത്രിസഭ തയ്യാറാക്കുന്ന പ്രസംഗം പൂര്‍ണ്ണമായോ ഭാഗികമായോ രാഷ്ട്രപതിക്ക് വായിക്കാം. ടെക്സ്റ്റ് മേശപ്പുറത്തുവെച്ചാല്‍ വായന പൂര്‍ണ്ണമായി. പ്രസംഗം വായിച്ചുകഴിഞ്ഞപ്പോഴേയ്ക്കും സംസാരിക്കാന്‍പോലും കഴിയാതെ പാവം തളര്‍ന്നുപോയി എന്നാണ് സോണിയ പറഞ്ഞത്. മോണലിസയുടെ നിഗൂഢഭാവത്തില്‍ വാക്കുകള്‍കൊണ്ട് മൗനം തീര്‍ക്കുന്ന സോണിയ ഗാന്ധി ഇത്രയും എങ്ങനെ പറഞ്ഞുവെന്നത് അത്ഭുതമാണ്. പ്രകടമായ യാതൊരു അസ്വാസ്ഥ്യവും ഇല്ലാതെയാണ് രാഷ്ട്രപതി തന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ചത്. പാര്‍ലമെന്റിലേയ്ക്കുള്ള യാത്രയില്‍ അകമ്പടിക്കാരനായ അംഗരക്ഷകന്റെ കുതിരയ്ക്ക് തിന്നാന്‍ പുല്ല് വായില്‍ വെച്ചുകൊടുക്കുന്ന രാഷ്ട്രപതിയുടെ ചിത്രം കണ്ടു. അവര്‍ അത്രയ്ക്ക് ഉത്സാഹത്തിലായിരുന്നു. ഇനി അഥവാ എന്തെങ്കിലും അവശതയുണ്ടെങ്കില്‍ത്തന്നെ അതേക്കുറിച്ചുള്ള കമന്റ് മര്യാദകേടായി കണക്കാക്കപ്പെടും. കാലുകളുടെ ബലക്ഷയം നിമിത്തമുള്ള അവശതയോടെയാണ് ശങ്കര്‍ ദയാല്‍ ശര്‍മ രാഷ്ട്രപതി ഭവനിലെ കാലാവധി പൂര്‍ത്തിയാക്കിയത്. പോളിയോ ബാധിച്ച് ദുര്‍ബ്ബലമായ കാലുകളോടെയാണ് ഫ്രാങ്ക്ലിന്‍ റൂസ്വെല്‍റ്റ് അമേരിക്കയുടെ പ്രസിഡന്റായത്. കാല്‍മുട്ടിന്റെ ബലക്ഷയം നിമിത്തം നടക്കാന്‍ പ്രയാസമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഊന്നുവടിയുടെ ഇടര്‍ച്ചയില്‍ കാലിടറുന്ന ചിത്രം കണ്ടു. പണ്ടാണെങ്കില്‍ ആ ചിത്രം പ്രസിദ്ധപ്പെടുത്തുമായിരുന്നില്ല. ബ്രിട്ടീഷ് രാജകുമാരിയുടെ അരപ്പാവാട കടല്‍ക്കാറ്റില്‍ ഉയരുന്ന ചിത്രം പാപ്പരാസികള്‍ ക്യാമറയില്‍ പകര്‍ത്തിയെങ്കിലും ബ്രിട്ടീഷ് പത്രങ്ങള്‍ അത് പ്രസിദ്ധപ്പെടുത്തിയില്ല. ഇവിടെ അത്ര ആരോഗ്യവതിയല്ലാത്ത സോണിയ ഗാന്ധി ഇല്ലാത്ത അവശത രാഷ്ട്രപതിയുടെമേല്‍ ആരോപിക്കുകയും അത് ഗോത്രവര്‍ഗ്ഗങ്ങളോടുള്ള അവഹേളനമാണെന്ന് വിമര്‍ശിക്കാന്‍ പ്രധാനമന്ത്രിക്ക് അവസരം നല്‍കുകയും ചെയ്തു. യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രസംഗം വെറുതെ രാഷ്ട്രപതിയെക്കൊണ്ട് വായിപ്പിക്കേണ്ടിയിരുന്നില്ല എന്നാണ് സോണിയ ഉദ്ദേശിച്ചതെങ്കില്‍ അത് വ്യക്തതയോടെ പറയണമായിരുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കത്തെ വിമര്‍ശിക്കാം. നന്ദിപ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാം. പക്ഷേ, രാഷ്ട്രപതിയെ പരിഹസിക്കരുത്. സ്ത്രീയെ സ്ത്രീ പരിഹസിച്ചാലും അത് സ്ത്രീത്വത്തെ അവഹേളിക്കലാകും.
തെരഞ്ഞെടുക്കപ്പെടുന്ന സാമാജികര്‍ മാത്രമല്ല, രാഷ്ട്രപതികൂടി ചേര്‍ന്നതാണ് പാര്‍ലമെന്റ്. പാര്‍ലമെന്റില്‍ സംസാരം സ്വതന്ത്രമാണെങ്കിലും അന്തസ്സ് നിര്‍ബ്ബന്ധമാണ്. രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ പ്രതീകമായ രാഷ്ട്രപതിയെ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ ആരും പരിഹസിക്കാറില്ല. അബു എബ്രഹാമിന്റെ അടിയന്തരാവസ്ഥ കാര്‍ട്ടൂണ്‍ മാത്രമാണ് അതിന് അപവാദം. സഭയില്‍ സംസാരിക്കുമ്പോള്‍ അംഗത്തിന്റെ പേരു പറയാതെ മണ്ഡലത്തിന്റെ പേര് പറയുകയെന്നതാണ് ബ്രിട്ടീഷ് രീതി. കേരള നിയമസഭയില്‍ ഈ രീതി അനുവര്‍ത്തിച്ചിരുന്നയാളാണ് പി.സി. ജോര്‍ജ്. കെ.എം. മാണി എന്ന പേര് പറയാതെ ബഹുമാനപ്പെട്ട പാലാ മെംബര്‍ എന്നാണ് ജോര്‍ജ് പറഞ്ഞിരുന്നത്.
പത്തു കോടി ഗോത്രവര്‍ഗ്ഗക്കാരെ മുന്നില്‍ നിര്‍ത്തി സോണിയ ഗാന്ധിയെ ആക്രമിക്കാന്‍ ബി.ജെ.പി തയ്യാറെടുക്കുമ്പോള്‍ ആ ജനവിഭാഗത്തോടുള്ള ബി.ജെ.പിയുടെ സമീപനമെന്താണെന്ന് യൂണിയന്‍ മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. താരം വാര്‍ത്താതാരമാകുന്നത് വാചകമടിയിലൂടെയാണ്. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എന്തിനാണ് സ്വന്തമായി മന്ത്രി എന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം. ഉന്നതകുലജാതരാണ് ഭരിക്കേണ്ടതെന്ന് ഉന്നതകുലജാതനല്ലാത്ത നടന്‍ പറയുമ്പോള്‍ അദ്ദേഹം നരേന്ദ്ര മോദിയേയും ഒഴിവാക്കേണ്ടവരുടെ പട്ടികയില്‍ അറിയാതെയെങ്കിലും പെടുത്തുന്നുണ്ട്. അടുത്ത ചിത്രത്തില്‍ തനിക്ക് ബ്രാഹ്മണവേഷം വേണമെന്നു പറയുന്ന ലാഘവത്തോടെ അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി അവതരിക്കണമെന്ന സുരേഷ് ഗോപിയുടെ ആഗ്രഹപ്രകടനത്തില്‍ ബി.ജെ.പിയുടെ ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായ സനാതനധര്‍മത്തിന്റെ തെളിയൂറുന്നുണ്ട്. രാജാവ് ദാര്‍ശനികന്‍ ആയിരിക്കണമെന്നുമാത്രമാണ് പ്ലേറ്റോ പറഞ്ഞത്. താന്‍ വിഭാവന ചെയ്യുന്ന റിപ്പബ്ലിക്കില്‍ കവികള്‍ക്കു മാത്രമാണ് അദ്ദേഹം പ്രവേശനം നിഷേധിച്ചത്.
സജി ചെറിയാനില്‍ ആരോപിക്കപ്പെട്ടതിനെക്കാള്‍ ഗുരുതരമായ ഭരണഘടനാലംഘനമാണ് സുരേഷ് ഗോപിയില്‍ ആരോപിക്കേണ്ടത്. ജന്മത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനു വിലക്കുള്ള ഭരണഘടനയാണ് നമ്മുടേത്. സാഹോദര്യത്തില്‍ സമന്മാരായ പൗരസമൂഹമല്ലാതെ ഉന്നതകുലജാതര്‍ എന്നൊരു വിഭാഗം ഭരണഘടനയുടെ വിഭാവനയിലില്ല. ജന്മംകൊണ്ട് ആര്‍ക്കും ശ്രേഷ്ഠതയോ അവമതിപ്പോ ഭരണഘടന കല്പിക്കുന്നില്ല. വര്‍ണ്ണങ്ങളുടെ നിഷേധവും നിരാസവുമാണ് ഭരണഘടന. വര്‍ണ്ണാന്ധതയുള്ള ഭരണഘടനയ്ക്ക് മാനവികതയുടെ പ്രകാശത്തില്‍ തെളിയുന്ന സാഹോദര്യത്തിന്റെ നിറം മാത്രമാണ് ഗോചരമാകുന്നത്.
യൂണിയന്‍ ബജറ്റില്‍ സംസ്ഥാനം അവഗണിക്കപ്പെട്ടുവെന്ന ആക്ഷേപമുണ്ടാകുമ്പോള്‍ കണക്കുകള്‍ നിരത്തിയാണ് യൂണിയന്‍ മന്ത്രി അതിനെ ഖണ്ഡിക്കേണ്ടത്. വികസിത കേരളം എന്ന അവകാശവാദം ഉപേക്ഷിച്ചാല്‍ വല്ലതും കിട്ടുമെന്ന ജോര്‍ജ് കുര്യന്റെ പ്രസ്താവന അദ്ദേഹത്തെ വി. മുരളീധരന്റെ അനുയോജ്യനായ പിന്‍ഗാമിയാകാന്‍ സര്‍വ്വഥാ യോഗ്യനാക്കിയിരിക്കുന്നു. കേരള വികസനം അവകാശവാദമായി ഭരണപക്ഷം ഉന്നയിക്കുമ്പോള്‍ പ്രതിപക്ഷം നിഷേധിക്കുമെങ്കിലും അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. കേരളീയനായ ജോര്‍ജ് കുര്യന്‍ എന്തിനാണ് അതില്‍ അസ്വസ്ഥനാകുന്നത്. സമര്‍ത്ഥനായ വിദ്യാര്‍ത്ഥി കൂടുതല്‍ മാര്‍ക്ക് വാങ്ങുമ്പോള്‍ അവനെ അവഗണിച്ച് പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയെ പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപകന്‍ എല്ലാവരേയും ഒപ്പമാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ നല്ല കാര്യമാണ്.
പരീക്ഷയില്‍ പ്രശോഭിച്ച കുട്ടിയുടെ മാര്‍ക്ക് കുറച്ചുകൊണ്ടല്ല തുല്യത കൈവരുത്തേണ്ടത്. കേരളത്തെ ഉത്തര്‍പ്രദേശിന്റെ പിന്നിലാക്കാനല്ല ഉത്തര്‍പ്രദേശിനെ കേരളത്തോടൊപ്പമാക്കാനാണ് ശ്രമമുണ്ടാകേണ്ടത്. കുംഭമേള ദുരന്തമായി. ശബരിമലയിലെ മണ്ഡലകാലം അപകടവും പരാതിയുമില്ലാതെ ശുഭമായി പര്യവസാനിച്ചു. ആത്മപ്രശംസയും പഴിചാരലും ഒഴിവാക്കി പഠിക്കേണ്ട പാഠങ്ങള്‍ പഠിക്കുന്നതാണ് അഭികാമ്യം.
ഹൃദയത്തില്‍നിന്നുവന്ന വാക്കുകളായിരുന്നു തന്റേതെന്ന് അവ പിന്‍വലിച്ചുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു. വായില്‍നിന്നു വരുന്നത് ഹൃദയത്തില്‍നിന്നാണ് പുറപ്പെടുന്നതെന്ന് സുവിശേഷം പറയുന്നു. അത് മനുഷ്യനെ അശുദ്ധനാക്കുന്നുവെന്ന കൂട്ടിച്ചേര്‍ക്കല്‍കൂടി സുവിശേഷത്തിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates