തോല്‍ക്കുന്ന തരൂരിനും പ്രസക്തിയുണ്ട്

ഇങ്ങനെയൊരു തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സില്‍ കളമൊരുക്കി എന്നതുതന്നെ തരൂരിന്റെ നേട്ടമായി, അല്ലെങ്കില്‍ ജനാധിപത്യ ഘടനയുടെ നേട്ടമായി കരുതാം
തോല്‍ക്കുന്ന തരൂരിനും പ്രസക്തിയുണ്ട്
Updated on
4 min read

ശി തരൂരിന്റെ 'ഗ്രേറ്റ് ഇന്ത്യന്‍' നോവലില്‍ ആഖ്യാതാവായ നവീന വേദവ്യാസന്‍ ഇങ്ങനെ പറയുന്നു: ''ഗണപതീ, നമ്മുടേത് അനിവാര്യമാംവിധം കറുത്ത ജനാധിപത്യമാണ്.'' മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ് തരൂര്‍ ഇതെഴുതുന്നത്. അക്കാലത്ത് നമ്മുടെ ജനാധിപത്യം ഒരു പക്ഷേ, ഇത്രമേല്‍ കറുത്തിട്ടുണ്ടാവില്ല. എങ്കിലും എഴുപതുകളുടെ മധ്യത്തോടെ തുടങ്ങിയ കടുത്ത ജനാധിപത്യാപചയ പ്രക്രിയയെ തരൂര്‍ നോവലില്‍ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലവും സ്വാതന്ത്ര്യാനന്തരമുള്ള മൂന്ന് ദശാബ്ദങ്ങളും മഹാഭാരതകഥയുടെ പശ്ചാത്തലത്തില്‍ നവീനമായി ആവിഷ്‌കരിക്കുന്ന ഈ നോവല്‍ രചിക്കവേ, ആ കാലഘട്ടത്തെയാകെ വിമര്‍ശനാത്മകമായി തരൂര്‍ പരിശോധിക്കുകയായിരുന്നു. ഒരേസമയം ഫിക്ഷന്‍ എന്ന നിലയിലും സാമൂഹ്യ-രാഷ്ട്രീയ സംവാദസാദ്ധ്യതയുള്ള ചിന്താലോകം എന്ന നിലയിലും 'ഗ്രേറ്റ് ഇന്ത്യന്‍' നോവലിനെ പരിഗണിക്കാം. '20-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പുതിയതായി പറയാനുള്ള ശ്രമത്തില്‍ താന്‍ മഹാഭാരതത്തെ ഒരു വാഹനമാക്കി'' എന്ന് തരൂര്‍ ആമുഖത്തില്‍ പറയുന്നുണ്ട്. ''അടഞ്ഞതോ ആത്മനിയന്ത്രിതമോ ആയ നിര്‍മ്മിതി എന്ന നിലയിലല്ല, ഇന്ത്യയുടെ കാലിഡോസ്‌കോപ്പില്‍ സംസ്‌കാരത്തിന്റെ ബഹുസ്വരതയും വൈവിദ്ധ്യവും സുതാര്യതയും പ്രതിഫലിപ്പിക്കുന്ന ഒന്നെന്ന നിലയിലാണ് താന്‍ ഭാരതകഥയെ നോവല്‍ രചനയില്‍ ഉപയുക്തമാക്കുന്നതെന്ന്'' അദ്ദേഹം വിശദീകരിക്കുന്നു. ഗാന്ധി ഭീഷ്മ പിതാമഹനായി നോവലില്‍ പ്രത്യക്ഷപ്പെടുന്നു. ജവഹര്‍ലാല്‍ ധൃതരാഷ്ട്രരായും. പ്രിയ ദുര്യോധനി ആരെന്നു പറയേണ്ടതില്ലല്ലോ. 'കൗരവ പാര്‍ട്ടി' എന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ അവതരിപ്പിച്ചിട്ടുള്ളത്. ആ വിധം പാത്രസന്ദര്‍ഭ സമാനതകളോ നോവലിന്റെ ലാവണ്യ ഘടനയോ അല്ല, ഈ കുറിപ്പിന്റെ വിഷയം. നോവലില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്ന രാഷ്ട്രീയ സംഘടന കോണ്‍ഗ്രസ്സാണ്. വിശേഷിച്ചും സ്വാതന്ത്ര്യാനന്തരമുള്ള കോണ്‍ഗ്രസ്സ്. ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്ന നേതാവ്, പരോക്ഷമായി, ഇന്ദിരാഗാന്ധിയും. 'ഗ്രേറ്റ് ഇന്ത്യന്‍' നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് 1989-ലാണ്. തരൂര്‍ അന്ന് യുണൈറ്റഡ് നേഷന്‍സിലെ ഉന്നതോദ്യോഗസ്ഥനും. യു.എന്‍. ജനറല്‍ സെക്രട്ടറി വരെ എത്താന്‍ സാദ്ധ്യതയുള്ള നിലയിലായിരുന്നു, യു.എന്നിലെ തരൂര്‍ പ്രഭാവം. ഒരിന്ത്യാക്കാരന്‍ ആ സ്ഥാനത്തെത്തിയിരുന്നെങ്കില്‍ അതൊരു ചരിത്രനീതിയായേനെ. അഹിംസയ്ക്ക് പ്രാമുഖ്യമുള്ള സമരപഥത്തിലൂടെ വിമോചിതമായ രാഷ്ട്രമാണല്ലോ, ഇന്ത്യ. അന്താരാഷ്ട്ര രാഷ്ട്രതന്ത്രത്തിന്റെ സങ്കീര്‍ണ്ണതകള്‍ തന്നെയാവാം അതു സംഭവിപ്പിക്കാത്തത്. തരൂര്‍, പ്രഭാവമിയന്ന ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായി. 'ഗ്രേറ്റ് ഇന്ത്യന്‍' നോവല്‍ 20-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹ്യചരിത്രത്തെ ഫിക്ഷന്റെ പുതുഘടനയിലൂടെ നോക്കിക്കണ്ടു. ധൈഷണികതയും കലാപരതയും സറ്റയറും സമന്വിതമായ വിസ്മയകരമായ ഭാഷ നോവലില്‍ വിളയാടി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ താന്‍ ഏറ്റവുമധികം വിമര്‍ശിച്ച പ്രസ്ഥാനം തന്നെ തരൂരിനെ സ്വീകരിച്ചു. അപ്പോഴേയ്ക്കും രൂപംകൊണ്ട ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ മറ്റൊരിടം കണ്ടെത്താന്‍ തരൂരിനും വിഷമമായിരുന്നുവെന്നു വേണം കരുതാന്‍. കാഴ്ചപ്പാടുകളോട് അനുഭാവമുണ്ടെങ്കിലും തരൂരിനെപ്പോലെ സ്വതന്ത്രബുദ്ധി പുലര്‍ത്തുന്ന ഒരാള്‍ക്ക് എവിടവും അസ്വതന്ത്രമായിരിക്കും. എന്നാല്‍, താന്‍ നന്നായി വിമര്‍ശിച്ച പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി തരൂര്‍. വിമര്‍ശകര്‍ക്കും സാദ്ധ്യതയുള്ള സംഘടനാസ്വരൂപമാണ് കോണ്‍ഗ്രസ്സിന്റേത് എന്നതുകൊണ്ടുമാകാമത്. യോജിപ്പുകളും വിയോജിപ്പുകളുമായി തരൂര്‍, കോണ്‍ഗ്രസ്സില്‍ തുടര്‍ന്നു. അടിസ്ഥാനതല രാഷ്ട്രീയ പ്രവര്‍ത്തനം നടത്താതെ തന്നെ, മൂന്നു തവണ പാര്‍ലമെന്റിലുമെത്തി. ഇപ്പോഴിതാ അതിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജനാധിപത്യപരമായി മത്സരിക്കുന്നു. തന്റെ നോവലില്‍ കോണ്‍ഗ്രസ്സിനേയും ഇന്ദിരാഗാന്ധിയേയും നിശിതമായി വിമര്‍ശിച്ച ആളാണ് തരൂര്‍. ഇന്ദിരാഗാന്ധി പാര്‍ട്ടിയിലെ ഏക ശക്തികേന്ദ്രമായി മാറിയതിനെക്കുറിച്ച് തരൂര്‍ ഇങ്ങനെയെഴുതി: ''എല്ലാറ്റിനുമൊടുവില്‍ പഴയ പാര്‍ട്ടിയുടെ നാശനഷ്ടങ്ങള്‍ക്കിടയില്‍ ദുര്യോധനി ഏകയായി ഉയര്‍ന്നുനിന്നു. മുന്‍പുതന്നെ പിന്തുണച്ച എല്ലാ തൂണുകളേയും അസ്തിവാരങ്ങളേയും അവര്‍ ശകലിതമാക്കി. ഏകയെങ്കിലും ഇടിഞ്ഞുപൊളിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്ന നിഷ്‌ക്രിയരായ ശരണാര്‍ത്ഥികളാല്‍ അവര്‍ വലയം ചെയ്യപ്പെട്ടിരുന്നു.'' പാര്‍ട്ടിയില്‍ ക്രമേണ ജനാധിപത്യ പ്രക്രിയ ശിഥിലമായതിനെക്കുറിച്ച് തരൂര്‍ പലയിടങ്ങളിലും വിവരിക്കുന്നുണ്ട്. ''സ്വന്തം താല്പര്യത്തിനു മുന്നില്‍, അതിനു വിഘാതമാകുന്ന ഒന്നിനേയും, യാതൊന്നിനേയും അനുവദിക്കരുത്'' എന്ന ചിന്ത പാര്‍ട്ടിയിലേക്ക് പ്രസരിപ്പിച്ച്, സംഘടനയില്‍ സംവാദ സാദ്ധ്യതകള്‍ ഇല്ലാതാക്കപ്പെട്ടു. ആ വേളയില്‍ത്തന്നെ ഇന്ത്യയിലെ സാമൂഹിക ജീവിതം നേരിട്ട പ്രതിസന്ധികളെ തരൂര്‍ വിവരിക്കുന്നുണ്ട്.'' ദുര്യോധനി അവരുടെ നല്ല പേരും സ്തുതികളും സ്ഥാനവുമെല്ലാം കളഞ്ഞുകുളിച്ചു. ഇതുകൊണ്ടെല്ലാം എന്തുചെയ്യണമെന്ന് അവര്‍ക്കറിഞ്ഞു കൂടായിരുന്നു. സാധാരണ ഇന്ത്യാക്കാരുടെ ദൈനംദിന ജീവിതത്തില്‍ ഒരു മാറ്റവും സംഭവിച്ചില്ല. ഫലഭൂയിഷ്ഠമല്ലാത്ത മണ്ണ് നിലനില്‍പ്പിനായി അവര്‍ ഉഴുതുമറിച്ചു. നഗരങ്ങളിലെ ചേരികളില്‍ അടിഞ്ഞുകൂടി. ഭൂരിപക്ഷവും അക്ഷരമറിയാത്തവരായി അവശേഷിച്ചു. വിദഗ്ദ്ധര്‍ പിന്നെയും പിന്നെയും താഴ്ത്തിവരച്ച ദാരിദ്ര്യരേഖയ്ക്കടിയില്‍ ഒരു മഹാഭൂരിപക്ഷം അടിഞ്ഞുകിടന്നു. സ്വന്തം വിധിയില്‍, രോഗത്തില്‍, പോഷകാഹാരക്കുറവില്‍, ചൂഷണത്തില്‍ ഒരു മഹാജനവിഭാഗം അടിപ്പെട്ടു. അവര്‍ വിശ്വാസമര്‍പ്പിച്ച വ്യക്തിയുടെ ഹൃദയശൂന്യമായ നയമില്ലായ്മയും അസാമര്‍ത്ഥ്യവുമാണ് അവരെ ഈ വിധം പുറന്തള്ളിയത്... അവര്‍ അടിമകളാക്കപ്പെടുന്നു. അവര്‍ വിതയ്ക്കുന്നു. കിളയ്ക്കുന്നു. ജീവന്‍ നിലനില്‍ക്കാനും പട്ടിണി കാത്തുസൂക്ഷിക്കാനുമുള്ള ഭക്ഷണം കഴിക്കുന്നു. അവര്‍ മതിയാംവണ്ണം ആഹാരമില്ലാത്ത, പോഷണമില്ലാത്ത, വളര്‍ച്ച കുറഞ്ഞവരായി, ഭാരം കുറഞ്ഞവരായി, മതിയാംവിധം വസ്ത്രങ്ങളില്ലാതെ, വിദ്യാഭ്യാസമില്ലാതെ, പ്രവര്‍ത്തനക്ഷമത കുറഞ്ഞവരായി നീചാവസ്ഥയില്‍ ജീവിക്കുന്നു. എന്നാല്‍, എത്ര ദയനീയമായ രീതിയിലാണ് ദുര്യോധനിയുടെ ശിങ്കിടികള്‍ അവരുടെ തരംതാണ ജീവിതം മനസ്സിലാക്കുന്നത്? എന്നാല്‍, അവളുടെ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നവര്‍, അതില്‍ ഇന്ത്യന്‍ മണ്ണിലെ ക്ലേശജീവിതങ്ങളെ വിശ്വസ്തതയാടെ പ്രണമിച്ചു. തന്റെ ജനാധിപത്യ പൈതൃകവും സോഷ്യലിസ്റ്റ് സങ്കല്പങ്ങളും ദുര്യോധനി എല്ലാ പ്രസംഗമണ്ഡപങ്ങളിലും ഉല്‍ഘോഷിച്ചു. അവരുടെ പേരില്‍ അവള്‍ കൂടുതല്‍ അധികാരം കയ്യടക്കി. 

ശശി തരൂർ
ശശി തരൂർ

വിമര്‍ശകന്റെ രംഗപ്രവേശം

''ഗണപതീ, ഇന്ത്യയിലെ പാവങ്ങള്‍ അവരുടെ ദു:ഖങ്ങള്‍ അവളുടെ കരങ്ങളിലര്‍പ്പിച്ചു. അവര്‍ പത്രക്കടലാസിന്റെ വിതരണത്തെ ഞെരുക്കി. കാരണം, പത്രങ്ങള്‍ ഇന്ത്യന്‍ ജനതയെ സ്പര്‍ശിക്കുന്നില്ലത്രേ. ജനങ്ങളോട് പ്രതിബദ്ധരാകണമെന്നാവശ്യപ്പെട്ട് അവള്‍ നീതിന്യായ വ്യവസ്ഥയെ വിലങ്ങുവെച്ചു. സംസ്ഥാന നേതാക്കന്മാരെ തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ അവരെ മുകളില്‍നിന്നു നിയമിച്ചുകൊണ്ട് പാര്‍ട്ടിയുടെ വരിയുടച്ചു. എന്നാല്‍, ഗണപതീ, ഇതെല്ലാം നടക്കുമ്പോഴും പാവങ്ങള്‍ എക്കാലത്തേയും പോലെ പാവങ്ങളായി തുടര്‍ന്നു. സമരം ചെയ്യുന്ന തൊഴിലാളി നേതാക്കന്മാര്‍ അറസ്റ്റുചെയ്തു മര്‍ദ്ദിക്കപ്പെട്ടു. കര്‍ഷകസമരങ്ങള്‍ ആക്രമിച്ച് ശിഥിലമാക്കപ്പെട്ടു. ഇതെല്ലാം നടക്കുമ്പോഴും പ്രിയ ദുര്യോധനിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നിയമങ്ങളുണ്ടായി. തടയാനും ബഹിഷ്‌കരിക്കാനും നിന്ദിക്കാനും കല്പിക്കാനും വിചാരണ ചെയ്യാനുമുള്ള നിയമങ്ങള്‍.'' ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം വിഭാവന ചെയ്ത സ്വാതന്ത്ര്യസങ്കല്പങ്ങളെ തകര്‍ത്തുകളയുന്ന അധികാര കേന്ദ്രീകരണത്തെ തരൂര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇവിടെ ഉദ്ധരിച്ചത് ചെറിയൊരു ഭാഗം മാത്രം. നാലു പതിറ്റാണ്ടു കാലത്തെ കോണ്‍ഗ്രസ്സ് ഭരണത്തേയും തരൂര്‍ വിമര്‍ശിക്കുന്നുണ്ടെന്നുള്ളതും പ്രത്യേകം ശ്രദ്ധിക്കണം. ഇന്ത്യന്‍ സാമൂഹ്യാവസ്ഥയുടെ ചിത്രീകരണം ശ്രദ്ധിക്കണം. 

ഈ വിമര്‍ശനങ്ങള്‍ എല്ലാം ഉള്ളില്‍ സൂക്ഷിച്ചുകൊണ്ടുതന്നെ ശശി തരൂര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. പലവട്ടം എം.പിയായി. ഈ വിധമൊരു വിമര്‍ശകനെ കോണ്‍ഗ്രസ്സ് താല്പര്യത്തോടെ സ്വാഗതം ചെയ്യുകയും ചെയ്തു. ഈ രണ്ട് നടപടികളിലും ഗുണപരമായൊരു രാഷ്ട്രീയ ബോദ്ധ്യത്തെ നമുക്കു കാണാനാകുമെങ്കില്‍, അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തിയെ ഇനിയും നീതീകരിച്ചേക്കാം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സാമ്പ്രദായിക ഘടനകളെ തരൂര്‍ എങ്ങനെ ഗതിമാറ്റും എന്ന ആശങ്കയാകാം മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളെ ഉല്‍ക്കണ്ഠപ്പെടുത്തിയത്. പക്ഷേ, ഇച്ഛാശക്തിയോടെയുള്ള പുതിയ ഗതിഭേദങ്ങളും ഗതിവേഗങ്ങളും കൂടിയേ തീരൂ എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്സ് എന്നത് പരിഗണിച്ചേ തീരൂ. അതിന് ഖാര്‍ഗേയോ തരൂരോ കൂടുതല്‍ ഉചിതം എന്നതായിരുന്നു ഉയര്‍ന്ന ചോദ്യം. സ്വാഭാവികമായും കോണ്‍ഗ്രസ്സ് നേതൃത്വത്തിലെ തരുണതലമുറ തരൂരിനോട് ചേര്‍ന്നുനിന്നു.

ഇന്ദിര ​ഗാന്ധി
ഇന്ദിര ​ഗാന്ധി

താന്‍ ഒരിക്കല്‍ ഗംഭീരമായി വിമര്‍ശിച്ച സംഘടനാ സ്വത്വത്തെയാണ് തരൂര്‍ ശിരസ്സിലേറ്റാന്‍ തയ്യാറാകുന്നത്. താന്‍ വിമര്‍ശിച്ച നേതാക്കളുടെ പിന്‍മുറക്കാര്‍ സംഘടനയുടെ പ്രധാന ശക്തികളായി തുടരുകയും ചെയ്യുന്നു. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ ആഭ്യന്തര ഘടനയില്‍, തന്റെ മുന്‍ വിമര്‍ശനചിന്തകള്‍ കൂടി പരിഗണിച്ച് ഗതിഭേദമുണ്ടാക്കുക എന്നത് അദ്ദേഹത്തിനു വെല്ലുവിളി തന്നെയായിരിക്കും. കാരണം ഭിന്നാഭിപ്രായങ്ങള്‍ ഉള്ളവര്‍ സംഘടനയിലുണ്ടെങ്കിലും ആഴത്തിലുള്ള സംവാദസാദ്ധ്യത കോണ്‍ഗ്രസ്സില്‍ നിലനില്‍ക്കുന്നില്ല. യുവതുര്‍ക്കികളുടെ കാലത്തെ (ചന്ദ്രശേഖറിനേയും മറ്റും ഓര്‍മ്മിച്ചുകൊണ്ട്) പൊളിറ്റിക്കല്‍ ഡയലോഗ് ഇന്നു രൂപപ്പെടുന്നില്ല. ജി-23, വലിയ തോതിലുള്ള, ജനകീയാടിത്തറയുള്ള സംവാദമണ്ഡലം സൃഷ്ടിച്ചിട്ടില്ല. അതിനാല്‍ത്തന്നെ തരൂരിന്റെ ജയവും തോല്‍വിയും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തെ സംബന്ധിച്ച് സങ്കീര്‍ണ്ണമായ ഒരുപാട് ചോദ്യങ്ങള്‍ മുന്നോട്ടു വെച്ചേക്കാം. ജയിക്കുന്ന തരൂരിനെപ്പോലെതന്നെ തോല്‍ക്കുന്ന തരൂരിനും പ്രസക്തിയുണ്ടെന്നു സാരം. അദ്ദേഹത്തിന്റെ ജയവും തോല്‍വിയും കോണ്‍ഗ്രസ്സില്‍ തുറക്കുന്ന സംവാദലോകം ആ സംഘടനയെ ഗുണപരമായി പ്രചോദിപ്പിക്കട്ടെ എന്നേ, ജനാധിപത്യവും ബഹുസ്വര മാനുഷികതയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കു പ്രതീക്ഷിക്കാന്‍ കഴിയൂ. 

ശശി തരൂരും ഭാര്യ സുനന്ദ പുഷ്കറും
ശശി തരൂരും ഭാര്യ സുനന്ദ പുഷ്കറും

ഇങ്ങനെയൊരു തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സില്‍ കളമൊരുക്കി എന്നതുതന്നെ തരൂരിന്റെ നേട്ടമായി, അല്ലെങ്കില്‍ ജനാധിപത്യ ഘടനയുടെ നേട്ടമായി കരുതാം. സത്യസന്ധവും വിശ്വസ്തവുമായ സംവാദസാന്നിദ്ധ്യമായി മാറാന്‍ അദ്ദേഹത്തിനു കഴിയട്ടെ. എ.ഐ.സി.സി പ്രസിഡന്റ്  ആണോ അല്ലയോ എന്നതിനേക്കാള്‍ പ്രധാനമായിരിക്കും അത്. വിശേഷിച്ചും നമ്മുടെ രാഷ്ട്രീയ കക്ഷികളിലെല്ലാം തന്നെ, എതിര്‍ ചിന്തകളെ അരിഞ്ഞുകളയുന്ന ഈ കാലത്ത്. ജനാധിപത്യത്തിന്റെ സത്തയിലേക്കും അതാവശ്യപ്പെടുന്ന രാഷ്ട്രീയ സുതാര്യതയിലേക്കും ഒരു വഴി, വീണ്ടും തുറന്നുവരേണ്ട കാലഘട്ടത്തില്‍ അതിനുള്ള സാദ്ധ്യതകളെ ഉയര്‍ത്തിക്കാട്ടാന്‍ തരൂരിനു കഴിയട്ടെ. വിശേഷിച്ചും ഇടത് സോഷ്യലിസ്റ്റ് സംവാദകേന്ദ്രങ്ങള്‍ ദുര്‍ബ്ബലപ്പെടുന്ന ഈ വേളയില്‍.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com