

വളരെ പണ്ടാണ്. തൃശൂരില്‍ ഒരു പുസ്തകപ്രകാശനചടങ്ങില്‍ ഒരുകൂട്ടം തീവ്രവാദികള്‍ ആക്രോശിക്കുന്ന മട്ടില്‍ മാധവിക്കുട്ടിയോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. നാലപ്പാട്ട് തറവാടിന്റെ ആഭിജാത്യത്തിലുള്ള അഭിമാനവും വലിയൊരെഴുത്തുകാരിയാണെന്ന ബോധ്യവുമുള്ള മാധവിക്കുട്ടി ക്ഷുഭിതയായി ചടങ്ങ് ബഹിഷ്‌കരിച്ചു. ഒരു മൂകസാക്ഷിയായി ഇതെല്ലാം കണ്ട് വേദിയിലിരുന്ന എനിക്ക് രണ്ടും ഒരുപോലെ അസംബന്ധമായാണ് തോന്നിയത്. മാധവിക്കുട്ടി കൂടെക്കൂടെ നിലപാട് മാറ്റുന്നതിനെക്കുറിച്ച് യുക്തിസഹമായ ചില ചോദ്യങ്ങള്‍ സമചിത്തതയോടെ ആ പെണ്‍കുട്ടികള്‍ക്കു ചോദിക്കാമായിരുന്നു. അപ്പോള്‍ അവരേക്കാള്‍ അനുഭവസമ്പന്നയായ മാധവിക്കുട്ടിക്ക് ആ ചോദ്യങ്ങളെ തികഞ്ഞ സഹാനുഭൂതിയോടെ നേരിടുകയും ആവാമായിരുന്നു. രണ്ടും സംഭവിച്ചില്ല. ചടങ്ങ് കലങ്ങി. സദസ്സ് പിരിഞ്ഞു. ഗുണപാഠം: അസഹിഷ്ണത ആരേയും എവിടെയും എത്തിക്കുകയില്ല!
ഈയിടെ ഞാനൊരു മാധ്യമപ്രവര്‍ത്തകയെ പരിചയപ്പെട്ടു. സാന്ദര്‍ഭികമായി നടന്‍ സുരേഷ്‌ഗോപി മറ്റൊരു മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ച സംഭവം പരാമര്‍ശിക്കപ്പെട്ടു. രാഷ്ട്രീയക്കാരന്റെ വേഷപ്പകര്‍ച്ചയിലായ നടന്‍ ഒരാള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഒരു ചീത്ത സ്പര്‍ശത്തിനു മുതിരുമോ എന്ന് ഞാന്‍ സന്ദേഹിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തക അത് അംഗീകരിക്കാന്‍ വിമുഖയായി. തോളില്‍ കൈവച്ചപ്പോള്‍ ആ പെണ്‍കുട്ടിക്കു സൗമ്യവും ധീരവുമായ ഒരു നിലപാട് അവലംബിക്കാമായിരുന്നുവല്ലൊ. സര്‍, എന്റെ തോളില്‍ കൈവയ്ക്കരുത്! എനിക്കതിഷ്ടമല്ല! പകരം അത് പിന്നീട് കേസും പുക്കാറുമായി. ആ പെണ്‍കുട്ടി മറ്റാരുടേയോ രാഷ്ട്രീയചട്ടുകമായി മാറിയിട്ടുണ്ടാവും എന്ന് പലരും സംശയിച്ചതില്‍ കുറ്റം പറയാനാവില്ല. മുന്‍പൊരിക്കല്‍ ഒരു ചടങ്ങില്‍, മോഡലും നടിയുമായ യുവതിയുടെ ചന്തി ഒരു കിഴവന്‍ തഴുകിയ സംഭവവും ചര്‍ച്ചയായി. തീര്‍ച്ചയായും ഒരു തവണ ആ തഴുകലിനെ തിരക്കിനിടയില്‍ സംഭവിച്ചുപോയതാവാമെന്നു കരുതി അവഗണിക്കാവുന്നതാണ്. രണ്ടാംതവണയാവുമ്പോഴേയ്ക്കും കിഴവന്റെ മാംസദാഹമാണോ അത്തരമൊരു നീക്കത്തിനു പ്രേരണയായതെന്നു സഹജവാസനകൊണ്ട് സ്ത്രീ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കും. അവിടെയും അവള്‍ക്ക് സൗമ്യമായും ധീരമായും ഇടപെടാനാവും. കാര്‍ന്നോരേ! ഈ ചന്തി എന്റെ സ്വന്തമാണ്! അവിടെനിന്നു കൈയെടുക്ക്! ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ അബലയാണെന്നു ഭാവിക്കുകയോ മാന്യതയെക്കുറിച്ചുള്ള മിഥ്യാധാരണയില്‍പ്പെട്ട് അടക്കം പാലിക്കുകയോ ചെയ്യേണ്ടതില്ല. മോഡലിങ്ങ് രംഗത്തുനിന്നും അഭിനയരംഗത്തുനിന്നും പലതരം അനുഭവങ്ങളാര്‍ജ്ജിച്ച ഒരു യുവതിക്ക് അതു സാധ്യമായില്ലെങ്കില്‍പ്പിന്നെ തീര്‍ത്തും സാധാരണക്കാരായ പെണ്‍കുട്ടികളുടെ കാര്യം എന്ത് പറയേണ്ടൂ? തന്നെയുമല്ല, ഇക്കാലത്ത് പെണ്‍കുട്ടികള്‍ സമയത്തും അസമയത്തുമൊക്കെ ഒറ്റയ്ക്കും പുരുഷന്മാരോടൊപ്പവും ജോലി ചെയ്യേണ്ടവരാണുതാനും. ധീരമായ ഒരു നിലപാടെടുക്കാനുള്ള പ്രാപ്തി അവര്‍ നേടിയെടുത്തേ പറ്റൂ!
ഇന്ത്യന്‍ സംസ്‌കാരം ഹിന്ദുസംസ്‌കാരമാണെന്നു പുതിയ പാണന്മാര്‍ വാഴ്ത്തുപാട്ടുകള്‍ രചിക്കുകയും പാടിനടക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പിന്‍തിരിഞ്ഞുള്ള ഈ നടത്തത്തെ നമ്മള്‍ ചരിത്രംകൊണ്ടാണ് നേരിടേണ്ടത്.
ഇന്ത്യന്‍ സംസ്‌കാരം ഹിന്ദുസംസ്‌കാരമാണെന്നു പുതിയ പാണന്മാര്‍ വാഴ്ത്തുപാട്ടുകള്‍ രചിക്കുകയും പാടിനടക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പിന്‍തിരിഞ്ഞുള്ള ഈ നടത്തത്തെ നമ്മള്‍ ചരിത്രംകൊണ്ടാണ് നേരിടേണ്ടത്. പല ദുരാചാരങ്ങളും സതിയടക്കം തിരിച്ചുവരാനുള്ള സാധ്യതയും തള്ളിക്കളയാനാവുകയില്ല. പല കാലങ്ങളില്‍ പലതരം അധിനിവേശങ്ങള്‍ക്ക് ഇരയായ ഒരു രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് തനിമയുള്ള ഒരു സംസ്‌കാരം അവകാശപ്പെടാനാവില്ല. സംസ്‌കാരവാഹിയായ ഭാഷതന്നെയും പുലര്‍ത്തുന്നത് കലര്‍പ്പിലാണ്. സംസ്‌കൃതവും ഗ്രീക്കും സമന്വയിച്ചാണ്, ദേശീയ ഭാഷയെന്നു നാം വൃഥാ അഭിമാനിക്കുന്ന ഹിന്ദി തന്നെയും ഉരുവംകൊണ്ടത്. സ്ത്രീകള്‍ മതവിശ്വാസത്തെ മുറുകെപ്പിടിക്കുമ്പോള്‍ മറുവശം കാണാതിരിക്കരുത്. മതം എക്കാലത്തും സ്ത്രീവിരുദ്ധമാണ്. മതത്തിന്റെ താങ്ങില്ലാതെത്തന്നെ ആര്‍ക്കും മനുഷ്യത്വമുള്ളവരാകാന്‍ കഴിയും. തന്നെയുമല്ല, ഇപ്പോള്‍ തൊട്ടാല്‍ ദഹിപ്പിക്കുന്ന ഭീഷണവേഷമായി മതം മാറിയിട്ടുമുണ്ട്.
നമ്മുടെ ജീവിതം ഇന്ന് തീരെയും ജീവിക്കാന്‍ കൊള്ളാത്തതായിത്തീര്‍ന്നിട്ടുണ്ട്. അത് കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരംമൂലമാണെന്ന സത്യം നിഷേധിക്കാനാവുകയില്ല. ഏതു ഭരണവര്‍ഗ്ഗവും എക്കാലവും ജനവിരുദ്ധമായിരിക്കും. അധികാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഏതുതരത്തിലുള്ള നീചപ്രവൃത്തി ചെയ്യാനും ഭരണവര്‍ഗ്ഗത്തിനു മടിയില്ലാതെയാവുകയും ചെയ്തു. അവര്‍ വായ തുറക്കുന്നതുതന്നെ കള്ളം പറയാനും സ്വയം ന്യായീകരിക്കാനുമാണ്. ജനങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം കവര്‍ന്ന് മേലനങ്ങാതെ രാജകീയമായി ജീവിക്കാന്‍ ഈ വര്‍ഗ്ഗത്തിനു യാതൊരു ഉളുപ്പുമില്ലതാനും. ഇക്കാലത്തെ ഏറ്റവും അശ്ലീലമായ വാക്ക് വികസനമാണ്. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍കൊണ്ട് യഥാര്‍ത്ഥത്തില്‍ വികസിക്കുന്നത് നാട്ടുപ്രമാണിമാരുടെ ആസ്തിയാണ്. രാഷ്ട്രീയനേതൃത്വം കയ്യാളുന്നവര്‍ യുവതലമുറയ്ക്ക് നല്ല മാതൃകയല്ല എന്നു മാത്രമല്ല, തെമ്മാടിക്കൂട്ടങ്ങളായി അവരെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഹോസ്റ്റലില്‍നിന്നു വീട്ടിലേയ്ക്കുള്ള വഴി പാതിയും താണ്ടിയ സുഹൃത്തിനെ മടക്കിവിളിച്ച് മൂന്ന് ദിവസം മര്‍ദ്ദിച്ച് കൊല്ലാനുള്ള ക്രൂരത അവരിലുണ്ടാകുന്നത്. സുഹൃത്ത് എന്തെങ്കിലും തെറ്റ് ചെയ്താല്‍ത്തന്നെയും അതു ക്ഷമിക്കാനും അവനെ ചേര്‍ത്തുപിടിക്കാനും അവര്‍ പഠിച്ചിട്ടില്ല. മനുഷ്യനെ സ്‌നേഹിക്കാത്ത ഒരു പ്രത്യയശാസ്ത്രവും ഈ ഭൂമിയിലെവിടെയും നിലനില്‍ക്കാന്‍ പാടില്ലാത്തതാണ്. കക്ഷിരാഷ്ട്രീയത്തിന്റെ വിനാശകരമായ ഈ അവസ്ഥ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞതുകൊണ്ടാവണം ജയപ്രകാശ് നാരായണന്‍ കക്ഷിരഹിതമായ രാഷ്ട്രീയം പരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചത്. പരീക്ഷണാര്‍ത്ഥം അതും ഒന്ന് പ്രയോഗിച്ചു നോക്കേണ്ടതു തന്നെയാണ്.
ഇക്കാലത്തെ ഏറ്റവും അശ്ലീലമായ വാക്ക് വികസനമാണ്. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍കൊണ്ട് യഥാര്‍ത്ഥത്തില്‍ വികസിക്കുന്നത് നാട്ടുപ്രമാണിമാരുടെ ആസ്തിയാണ്. രാഷ്ട്രീയനേതൃത്വം കയ്യാളുന്നവര്‍ യുവതലമുറയ്ക്ക് നല്ല മാതൃകയല്ല എന്നു മാത്രമല്ല, തെമ്മാടിക്കൂട്ടങ്ങളായി അവരെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു.
എഴുത്തുകാരുടെ നിലപാടാണ് ഏറ്റവും ദയനീയം! യഥാര്‍ത്ഥത്തില്‍ ഒരു തിരുത്തല്‍ശക്തിയായിത്തീരേണ്ട അവര്‍ എല്ലാറ്റിനും മാപ്പുസാക്ഷിയാകുന്നു. ഇരിക്കുന്ന കസേര ആസനംവിട്ടുപോകാതിരിക്കുന്നതിലാണ് അവരുടെ മുഴുവന്‍ ശ്രദ്ധയും. അതുകൊണ്ട് മരുഭൂമിയില്‍നിന്ന് ആരെങ്കിലും വിളിച്ചുപറയേണ്ടതുണ്ട്. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates