

ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റേയും ലക്ഷ്യവും മാര്‍ഗവും ഒരുപോലെ സുപ്രധാനമാണെന്ന മഹാത്മാഗാന്ധിയുടേയും നിലപാടുകള്‍ അധികാരം എക്കാലത്തും അഭിമുഖീകരിക്കുന്ന രണ്ടു മൗലിക സമസ്യകളാണ്. എന്നാല്‍, അപവാദങ്ങള്‍ മാറ്റിവെച്ചാല്‍, സ്ഥലകാലഭേദമില്ലാതെ, എല്ലാ ഭരണകൂടങ്ങള്‍ക്കും ആദ്യം പറഞ്ഞതാണ് പഥ്യം. അധികാരമെന്ന ഒറ്റ ലക്ഷ്യത്തിനു ചുറ്റും അവ വട്ടമിട്ടു നടക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യന്‍ രാഷ്ട്രീയം, അതില്‍ത്തന്നെ 1975-1977 കാലത്തെ അടിയന്തരാവസ്ഥ. ഇതിനെതിരെയുള്ള ഏക പ്രതിവിധിയും പ്രതിരോധവും ജനങ്ങളില്‍നിന്നാണ് ഉണ്ടാകേണ്ടതും. പ്രശസ്ത ഉര്‍ദു കവി കൈഫി ആസ്മി (Kaifi Azmi) അദ്ദേഹത്തിന്റെ ഒരു കവിതയില്‍ (വസീയത്, Wasiyyat) പറഞ്ഞത് ഓര്‍മയില്ലേ? ''നീ നിന്റെ ഹൃദയം, നിന്റെ കണ്ണ്, നിന്റെ ആത്മാഭിമാനം തന്നെയും നല്‍കിയാലും സമൂഹത്തെ ഛിന്നഭിന്നമാക്കുന്ന ഇരുണ്ട ശക്തികള്‍ക്ക് നിന്റെ സമ്മതിദാനം നല്‍കരുത്.'' ഇത്തരത്തില്‍ ഇന്ത്യന്‍ ജനത പെരുമാറിയ അവസരങ്ങളില്‍ ഒന്നായിരുന്നു 1977-ലെ പൊതുതെരഞ്ഞെടുപ്പ്. ഇന്ത്യ ഇന്നും ഒരു ജനാധിപത്യ രാഷ്ട്രമായി തുടരുന്നെങ്കില്‍ അതിന്റെ ഖ്യാതി അവര്‍ക്കുള്ളതാണ്, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ സാധാരണ മനുഷ്യര്‍ക്ക്.
അടിയന്തരാവസ്ഥ, ഇന്ദിരയ്ക്ക് പുനഃചിന്തനം?
അടിയന്തരാവസ്ഥ {Emergency@1975} പ്രഖ്യാപിച്ചതിനുശേഷം അതിന്റെ വരുംവരായ്കകളെക്കുറിച്ച് ഇന്ദിരാഗാന്ധി ചിന്തിച്ചിരുന്നുവോ? അതും തുടക്കത്തില്‍ത്തന്നെ? മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണനെ ചണ്ഡീഗഡില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന വേളയില്‍ അവിടുത്തെ ഡെപ്യൂട്ടി കമ്മിഷണറും ജില്ലാ മജിസ്‌ട്രേറ്റുമായിരുന്ന എം.ജി. ദേവസഹായത്തെ വിശ്വസിക്കാമെങ്കില്‍, അത്തരത്തില്‍ ഒരു നീക്കം അവര്‍ നടത്തുകയുണ്ടായി (MG Devasahayam, Emergency and Neo-Emergency, Who will Defend Democracy? 2025). ജയപ്രകാശ് നാരയണനുമായി അവര്‍ സന്ധിചെയ്യാന്‍ തയ്യാറായി എന്ന് അദ്ദേഹം വാദിക്കുന്നു. ഇതിനു മധ്യസ്ഥം വഹിച്ചത് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഷേയ്ഖ് അബ്ദുല്ലയും ബ്രിട്ടീഷ് പാര്‍ലമെന്റംഗമായിരുന്ന ലോര്‍ഡ് ബ്രോക്ക്വെയുമാണ് (Lord Brockway). ഇതില്‍ താന്‍ വഹിച്ച പങ്കും ദൈവസഹായം വ്യക്തമാക്കുന്നുണ്ട്. ഇതിന് ഉപോദ്ബലകമായി രണ്ടു കത്തുകള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു: ഒന്ന് ജയപ്രകാശ് നാരായണന്‍ ഷേയ്ഖ് അബ്ദുല്ലയ്ക്ക് അയച്ചതും രണ്ടാമത്തേത് ലോര്‍ഡ് ബ്രോക്ക്വെ ജെ.പിക്ക് അയച്ചതും. ഉദാഹരണമായി, 1975 സെപ്റ്റംബര്‍ 22/23-ന് ഷേയ്ഖ് അബ്ദുല്ലയ്ക്കയച്ച കത്തില്‍ ജെ.പി. പറയുന്നത് ശ്രദ്ധിക്കുക:
''...ഗവണ്‍മെന്റും ഞങ്ങളും തമ്മിലുള്ള ഭിന്നത അനുരഞ്ജനത്തിലൂടെ പരിഹരിക്കണമെന്ന താങ്കളുടെ അഭിപ്രായത്തെ ഞാനും പിന്തുണയ്ക്കുന്നു. എന്നാല്‍, ഞങ്ങള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളെക്കുറിച്ച്-രാഷ്ട്രീയത്തിലും ഗവണ്‍മെന്റിലും ഭരണത്തിലുമുള്ള അഴിമതി, തെരഞ്ഞെടുപ്പു പരിഷ്‌കരണം, വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍-ഒരു ചര്‍ച്ചകളും ഇതുവരെ നടന്നിട്ടില്ല... എന്നിരുന്നാലും, ഞാന്‍ താങ്കള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. താങ്കള്‍ പറയുന്നത് അടിയന്തരാവസ്ഥ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി തീവ്രമായി ആഗ്രഹിക്കുന്നു എന്നാണ്. അങ്ങനെയാണെങ്കില്‍ ഇതിലെ ആദ്യ കടമ്പ ഈ കത്ത് താങ്കള്‍ക്കു ലഭിക്കുന്നുണ്ടോ എന്നുള്ളതാണ്, എന്നെ കാണാന്‍ താങ്കളെ അനുവദിക്കുമോ എന്നുള്ളതാണ് (Devasahayam ,Emergency and Neo-Emergency, pp.121-24).
ജെ.പി സംശയിച്ചതുപോലെത്തന്നെ സംഭവിച്ചു. കത്ത് ഷേയ്ഖ് അബ്ദുല്ലയ്ക്ക് ലഭിച്ചില്ല, അദ്ദേഹം ജയപ്രകാശ് നാരായണനെ കാണാന്‍ എത്തിയതുമില്ല. സഞ്ജയ് ഗാന്ധിയും അദ്ദേഹത്തിന്റെ അനുചരന്മാരും ആ ശ്രമത്തെ ഇല്ലാതാക്കി (Devasahayam, p.125). എന്നാല്‍, ഇന്ദിരാഗാന്ധി ശ്രമം വീണ്ടും തുടര്‍ന്നു. 1975 ഒക്ടോബര്‍ 22-ന് ജയപ്രകാശ് നാരായണന്റെ വിലാസമെഴുതിയ, സിംഹവും കിരീടവും (Lion and Crown) മുദ്രയുള്ളൊരു കവര്‍ തന്റെ മേലുദ്യോഗസ്ഥന്‍ തന്നെ ഏല്പിച്ചതായും അത് അന്നേ ദിവസം ഉച്ചയ്ക്ക് 1.30-ന് ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളില്‍വെച്ച് രഹസ്യമായി ജെ.പിയെ ഏല്പിക്കുകയും കത്ത് വായിച്ചതിനുശേഷം അത് തനിക്കു വായിക്കാന്‍ തന്നു എന്നും ദേവസഹായം പറയുന്നു. ലോര്‍ഡ് ബ്രോക്ക്വെയുടെ കത്തായിരുന്നു അത്. ക്രിപ്സ് മിഷന്‍ അംഗമായിരുന്ന ബ്രോക്ക്വെ, നെഹ്റു കുടുംബത്തിന്റേയും ജെ.പിയുടേയും ചിരകാല സുഹൃത്തായിരുന്നു എന്നത് സ്മരണീയമാണ്. ''ഇന്ദിരാഗാന്ധിക്കു നേരിട്ട് എഴുതാന്‍ ബുദ്ധിമുട്ടായതിനാല്‍ അവര്‍ക്കുവേണ്ടി അദ്ദേഹം എഴുതുന്നുവെന്നും അടിയന്തരാവസ്ഥയ്ക്കും തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്കും ഖേദം പ്രകടിപ്പിക്കുന്ന തരത്തിലായിരുന്നു അതിന്റെ ഉള്ളടക്കമെന്നും'' ദൈവസഹായം സൂചിപ്പിക്കുന്നു ( pp.125-27). 'ഇനി ജയപ്രകാശ് നാരായണന്റെ കളത്തിലാണ് പന്ത്'' എന്നു പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. ഷെയ്ഖ് അബ്ദുല്ലയ്‌ക്കെഴുതിയ കത്ത് അദ്ദേഹത്തിനു നല്‍കാതിരുന്നതോടെ അനുരഞ്ജനത്തിനുള്ള താല്പര്യം ഇല്ലാതായ ജയപ്രകാശ് നാരായണന്‍ സ്വാഭാവികമായും ബ്രോക്ക്വെയുടെ കത്തിനോട് അനുകൂലമായല്ല പ്രതികരിച്ചത്. എന്നിരുന്നാലും അദ്ദേഹത്തിനു മറുപടിയെഴുതാന്‍ ജെ.പി തയ്യാറായിരുന്നു. പക്ഷേ, ഇതിനിടയില്‍ അനാരോഗ്യം കാരണം അദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റുകയും ചികിത്സ കഴിഞ്ഞ് തിരികെ ജയിലില്‍ എത്തിയപ്പോള്‍ ബ്രോക്ക്വെയുടെ കത്ത് അപ്രത്യക്ഷമാവുകയും ചെയ്തു! ''പ്രധാനമന്ത്രിയുടെ വീടിന്റെ നോക്കിനടത്തിപ്പുകാരാണത്രെ'' ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ജയപ്രകാശ് നാരായണനുമായുള്ള അനുരഞ്ജനശ്രമം ഇതോടെ അവസാനിച്ചു.
അപ്രത്യക്ഷമായ ഇന്ദിരയുടെ കത്ത്
1975 ജൂണ്‍ 25-നു രാത്രി പ്രധാനമന്ത്രി നേരിട്ട് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് രേഖാമൂലം അക്കാര്യം അദ്ദേഹത്തെ അറിയിക്കുകയുമായിരുന്നല്ലോ ചെയ്തത്. എന്നാല്‍, പ്രധാനമന്ത്രിയുടെ ഒപ്പോടെയുള്ള ആ കത്ത് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. അതിന്റെ സ്ഥാനത്ത് ഇപ്പോഴുള്ളത് ഒപ്പിടാത്ത അതിന്റെ ടൈപ്പ് ചെയ്ത പകര്‍പ്പു മാത്രം. 2010 ഫെബ്രുവരി 25-ന് ദൈവസഹായം വിവരാവകാശം വഴി പ്രസ്തുത കത്തിന്റേയും ചില അനുബന്ധ രേഖകളുടേയും പകര്‍പ്പാവശ്യപ്പെട്ടപ്പോഴാണ് ഈ വസ്തുത വെളിച്ചത്താവുന്നത്. രേഖകള്‍ കിട്ടിയതുതന്നെ സെപ്റ്റംബറിലാണ്. ഇതിനിടയില്‍ ദൈവസഹായത്തിന്റെ കത്ത് (വിവരാവകാശ അപേക്ഷ) പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ആഭ്യന്തര മന്ത്രാലയത്തിലും അവിടെനിന്ന് നാഷണല്‍ ആര്‍ക്കൈവ്‌സിലുമായി ചുറ്റിക്കറങ്ങി. തുടക്കത്തില്‍ ഇന്ദിരാഗാന്ധിയുടെ കത്ത് തങ്ങള്‍ക്കു കൈമാറിയിട്ടില്ലെന്ന് ആര്‍കൈവ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ഒടുവില്‍ അവര്‍ ഒപ്പിടാത്ത കത്തിന്റെ പകര്‍പ്പും അനുബന്ധ രേഖകളും അദ്ദേഹത്തിനു കൈമാറുകയാണുണ്ടായത്.
ഈവിധം കൈമാറ്റം ചെയ്യപ്പെട്ട രേഖകളില്‍ രാഷ്ട്രപതിയുടേയും ആഭ്യന്തരവകുപ്പു മന്ത്രിയുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ഒപ്പ് പലയിടത്തും കാണാമെങ്കിലും ഇന്ദിരാഗാന്ധിയുടെ ഒപ്പ് ഒരിടത്തുപോലും കാണാനില്ല! അന്നത്തെ രാഷ്ട്രപതിയുടെ സെക്രട്ടറി കെ. ബാലചന്ദ്രന്‍, ഷാ കമ്മിഷനു മുന്‍പാകെ നല്‍കിയ മൊഴി ഇതിനോടൊപ്പം വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ''അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ കത്തിനൊപ്പം, അതു പ്രഖ്യാപിക്കാനുള്ള വിജ്ഞാപനത്തിന്റെ പകര്‍പ്പ് ഉണ്ടായിരുന്നില്ല. അത് രാത്രി 11.20-ന് പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന ആര്‍.കെ. ധവാന്‍ നേരിട്ടു കൊണ്ടുവന്ന് പ്രസിഡന്റിന്റെ ഒപ്പു വാങ്ങുകയും അതിനൊടൊപ്പം പ്രധാനമന്ത്രിയുടെ കത്തിന്റെ ഒറിജിനലും തിരികെ വാങ്ങിക്കൊണ്ടുപോയി'!'' (pp.12-15). അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ ഇന്ദിരാഗന്ധിക്കുള്ള പങ്കിന്റെ എല്ലാ തെളിവുകളും ആരോ ബോധപൂര്‍വം ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്നര്‍ത്ഥം.
മറ്റൊരു ശ്രദ്ധേയമായ കാര്യം പ്രധാനമന്ത്രിയുടെ കത്തിലെ വാചകങ്ങള്‍ വായിച്ചാല്‍ അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യുകയായിരുന്നോ ആജ്ഞാപിക്കയായിരുന്നോ എന്നു നമുക്കു സംശയം തോന്നും. അതിലെ പ്രസക്ത വാചകം ശ്രദ്ധിക്കുക: ''എത്രതന്നെ വൈകിയാലും, അത്തരമൊരു പ്രഖ്യാപനം ഇന്നു രാത്രി തന്നെ പുറത്തിറക്കിയിരിക്കണമെന്ന് ഞാന്‍ ശിപാര്‍ശ ചെയ്യുന്നു.'' രസകരമായ മറ്റൊരു കാര്യം, അടുത്ത ദിവസം ക്യാബിനറ്റില്‍ ഇതു ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ അത്തരമൊരു നടപടി ആവശ്യമുണ്ടോ എന്നു സംശയം പ്രകടിപ്പിക്കാനെങ്കിലും ആകെ ഒരാളെ ഉണ്ടായിരുന്നുള്ളൂ എന്നതാണ്-അന്നത്തെ രാജ്യരക്ഷാ മന്ത്രിയായിരുന്ന സ്വരണ്‍ സിങ്! മാത്രവുമല്ല, രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തു വരുന്നതിനു മുന്‍പുതന്നെ പ്രതിപക്ഷ നേതാക്കളേയും മറ്റു പൊതുപ്രവര്‍ത്തകരേയും അറസ്റ്റു ചെയ്യുന്നതിനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞിരുന്നു.
അധികാരത്തിന്റെ ഏകാന്തത
മുകളില്‍പ്പറഞ്ഞതുള്‍പ്പെടെ അടിയന്തരാവസ്ഥക്കാലത്തെ പല കാര്യങ്ങളിലും ഇന്ദിരാഗാന്ധിയെ കാണാമറയത്തു നിര്‍ത്തി സഞ്ജയ് ഗാന്ധിയും കൂട്ടരും നിയമം കയ്യിലെടുത്തു എന്നത് സുവിദിതമാണല്ലോ. മഹാത്മാഗാന്ധിയുടെ കൊച്ചുമക്കളായ രാജ്മോഹന്‍ ഗാന്ധിയേയും രാമചന്ദ്ര ഗാന്ധിയേയും 1975 ഒക്ടോബര്‍ രണ്ടിന് അറസ്റ്റുചെയ്യുകപോലുമുണ്ടായി. ആചാര്യ ജെ.ബി. കൃപലാനിയുടേയും സുശീലാനയ്യാരുടേയും (ഗാന്ധിജിയുടെ ഡോക്ടറും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്യാരെലാലിന്റെ സഹോദരിയും) നേതൃത്വത്തില്‍ ഒരു ചെറു സംഘത്തോടൊപ്പം ഇവര്‍ രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയതായിരുന്നു. പുഷ്പാര്‍ച്ചന കഴിഞ്ഞ് കൃപലാനി പ്രസംഗിക്കാന്‍ തുടങ്ങിയതോടെ പൊലീസ് ഇടപെട്ടു. എന്താണ് കാര്യമെന്ന കൃപലാനിയുടെ ചോദ്യത്തിനു ''പ്രസംഗത്തിന് അനുവാദമില്ല'' എന്ന ഉത്തരമാണ് അവര്‍ നല്‍കിയത്. വഴങ്ങാതെ പ്രസംഗവുമായി മുന്നോട്ടു പോയപ്പോള്‍ പിന്നെ അദ്ദേഹത്തെ അറസ്റ്റു ചെയ്യാനായി അടുത്ത നീക്കം. ഇതോടെ പൊലീസും നയ്യാരുമായി വാഗ്വാദമായി. ''ഞാന്‍ ഡോക്ടറാണ്, അദ്ദേഹം പ്രായം ചെന്ന മനുഷ്യനും. അദ്ദേഹത്തെ തൊട്ടുപോകരുത്'' എന്നവര്‍ പറഞ്ഞതോടെ പൊലീസ് ഗാന്ധിയുടെ പൗത്രന്മാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റുചെയ്തു സ്ഥലം വിട്ടു! (Gopalkrishna Gandhi, The Undying Light A Personal History of Independent India). ഒടുവില്‍ അവരെ വെറുതെ വിട്ടെങ്കിലും പൗരാവകാശങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ രാജ്യം എവിടെച്ചെന്നു നില്‍ക്കുമെന്നതിന്റെ തെളിവായി ഇതു നില്‍ക്കുന്നു.
സെന്‍സര്‍ഷിപ്പ് ഇന്ദിരാഗാന്ധിയെ സമൂഹ്യ-രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് അകറ്റി എന്നതാണ് വാസ്തവം. കാര്യസാദ്ധ്യക്കാരുടേയും പാദസേവകരുടേയും ഒരു വലിയ വൃന്ദം അവര്‍ക്കു ചുറ്റും രൂപപ്പെടുകയും അവര്‍ ഇന്ദിരാഗാന്ധിയെ ഇരുട്ടില്‍ നിര്‍ത്തുകയും ചെയ്തു. നെഹ്രു കുടുബാംഗമായ ബി.കെ. നെഹ്രുവിന്റെ ഭാര്യ ഫോറി നെഹ്രു അവര്‍ക്കുണ്ടായൊരനുഭവം വിവരിക്കുന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവായി കാണാം: ''നിര്‍ബന്ധിത വന്ധ്യംകരണവുമായി ബന്ധപ്പെട്ട് സഞ്ജയും കൂട്ടരും നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് ഞാന്‍ ഇന്ദിരാഗാന്ധിയോടു സൂചിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. ''ആരും എന്നോട് ഒന്നും പറയുന്നില്ല. ഞാന്‍ എന്തു ചെയ്യും? ഞാന്‍ എന്തു ചെയ്യും?'' ഇതായിരുന്നു അവരുടെ മറുപടി'' (Sagarika Ghose, Indira: India's Most Powerful Prime Minister). സത്യം അറിയാന്‍ രണ്ടുപേര്‍ വേണമെന്നു പറയാറുണ്ട്, ഒരാള്‍ പറയാനും മറ്റൊരാള്‍ കേള്‍ക്കാനും. സെന്‍സര്‍ഷിപ്പ് ഇതിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നു. എല്ലാ സ്വേച്ഛാധിപതികളും ചെയ്യുന്നത് ഇതുതന്നെ. പക്ഷേ, അവര്‍ വിസ്മരിക്കുന്നൊരു കാര്യമുണ്ട്. സര്‍വാധികാരിയായിരിക്കുമ്പോഴും അവര്‍ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുന്നു. താമസംവിനാ, സര്‍വാധിപത്യം സൃഷ്ടിക്കുന്ന അധികാരത്തിന്റെ ഏകാന്തത്തടവുകാരായി അവര്‍ സ്വയം മാറുന്നു. ഇതോടെ സ്വന്തം അധികാരത്തിന്റെ എക്‌സ്പയറി ഡേറ്റിലേക്ക് അവര്‍ അറിയാതെ നടന്നടുക്കുന്നു. ഇന്ദിരാഗാന്ധിയുടെ കാര്യത്തിലും അതാണല്ലോ സംഭവിച്ചത്? ജനങ്ങള്‍ക്കു സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും അതിരുണ്ട്. അധികാരികള്‍ അധികാരക്കസേരയില്‍ ഇളകി ഇരിക്കുമ്പോള്‍, അധികാരത്തിന്റെ ആനന്ദമനുഭവിക്കുമ്പോള്‍, അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ജനങ്ങള്‍ അവര്‍ക്കെതിരെ തിരിയുന്നു. മനുഷ്യേച്ഛ അപരാജിതവും സ്വയംഭൂവുമാണ്. നിനച്ചിരിക്കാതെ അത് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നുപൊങ്ങും. അധികാരത്തിന്റെ ഏകാന്തതയില്‍ കഴിഞ്ഞ ഇന്ദിരയ്ക്ക് സമൂഹത്തിന്റെ നാഡിമിടിപ്പ് മനസ്സിലാക്കാനായില്ല. ഫലമോ, വിജയപ്രതീക്ഷയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ജനങ്ങളുടെ തീരുമാനം അപ്രതീക്ഷിതവും എന്നാല്‍ ഉറച്ചതുമായിരുന്നു. രാഷ്ട്രീയ മുന്നേറ്റത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോള്‍ ജനങ്ങള്‍ സ്വന്തം നിലയ്ക്ക് അതിനെ പുനഃസ്ഥാപിച്ചു.
ഇത് ഇപ്പോഴത്തെ ഭരണാധികാരികള്‍ക്കും പാഠമാകേണ്ടതാണ്. കാരണം, അവരും പൗരാവകാശ ലംഘനത്തിന്റെ പലതരം പുത്തന്‍ തിരക്കഥകള്‍ രചിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഒന്നാം മോദി മന്ത്രിസഭയിലെ സാംസ്‌കാരികവകുപ്പ് മന്ത്രിയായിരുന്ന മഹേഷ് ശര്‍മ്മ പറഞ്ഞത് ഓര്‍മവരുന്നു: ''എഴുത്തുകാര്‍ക്ക് എഴുതാന്‍ പറ്റുന്നില്ലെങ്കില്‍, അവര്‍ എഴുത്ത് നിര്‍ത്തട്ടെ.'' അടിയന്തരാസ്ഥയ്‌ക്കെതിരെ ജെ.പി. നയിച്ച പ്രസ്ഥാനത്തില്‍ പങ്കാളികളായവര്‍ത്തന്നെ എത്ര പെട്ടെന്നാണ് അതെല്ലാം മറന്നുപോയത്? എഴുത്തൊന്നുമില്ലെങ്കിലും (പൗരാവകാശമില്ലെങ്കിലും) ഇവിടെ ഒന്നും സംഭവിക്കില്ലെന്നു പറയുന്നത്? മുഹമ്മദ് റാഫിയുടെ പഴയൊരു ഗാനത്തിലെ (ചിത്രം: ഗൈഡ്, 1965) വരി പ്രതീകാത്മകമായി തോന്നുന്നു: ''എന്തൊരു മാറ്റം, എന്തൊരു ആന്റി-ക്ലൈമാക്‌സ്.'' 2014-2020 കാലയളവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ചവരുടെ എണ്ണത്തിലെ വര്‍ദ്ധന 28 ശതമാനമാണ്. ദ ഇക്കോണമിസ്റ്റ് വാരികയുടെ കണക്കനുസരിച്ച് സമ്പത്തിന്റെ കേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ (world crony capitalism index) ഇന്ത്യയുടെ സ്ഥാനം പത്താമതാണ്. വിശ്വാമിത്ര മഹര്‍ഷി ശ്രീരാമനു കൊടുത്ത ഉപദേശം അധികാരികള്‍ മറന്നുപോകുന്നു, ''നന്മയും തിന്മയും തീരുമാനിക്കേണ്ടത് അത് പൊതുജനങ്ങള്‍ക്ക് എത്രമാത്രം പ്രയോജനം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.''
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates