നഷ്ടമാകുകയാണ് യുക്തിയുടെ തിരുശേഷിപ്പുകള്‍

KM Seethi
തിരുകേശവിവാദംSpecial Arrangement
Updated on
5 min read

ബാൽഷരീഫ് ! ...യാ... ബാൽഷരീഫ്!’ എന്ന് ആ ദേവാലയത്തിനു മുന്‍പിൽ, പുരോഹിതന്റെ ചുറ്റിനും കൂടിനിന്നു ജനലക്ഷങ്ങൾ ഏറ്റവും ഭക്തിയോടെ ആർത്തുവിളിക്കുന്നതു കേട്ടപ്പോൾ അത് വെറും ഒരു രോമത്തെ ഉദ്ദേശിച്ചാണെന്നു ഞാൻ മനസ്സിലാക്കിയില്ല.

ബാൽഷരീഫ് എന്നതിന്റെ അർത്ഥം വിശുദ്ധരോമം എന്നാണ്.

വിശുദ്ധ ഖുർആൻ, വിശുദ്ധ ബൈബിൾ, വിശുദ്ധ ഗീത, വിശുദ്ധ ഭൂമി എന്നൊക്കെയുളളപ്പോലെ വിശുദ്ധരോമം!

അത് കാണിച്ചു പുരോഹിതന്മാർ ജനങ്ങളോടു പണം വാങ്ങുന്നതും മറ്റും ഞാൻ കാണുകയുണ്ടായി. ഇതൊരു അത്ഭുതസംഭവമായിട്ടല്ല ഞാൻ പറയുന്നത്.

സ്വതവേ എന്തിനെപ്പറ്റിയെങ്കിലും ധൈര്യത്തോടെ ആലോചിക്കാൻ തന്നെ ഭയപ്പെടുന്നവരാണ് ജനങ്ങളിൽ അധികം പേരും.

The Head priest displays the relic believed to be the hair from the beard of the Prophet Mohammad at the Hazratbal Shrine in Srinagar
ശ്രീനഗറിലെ ഹസ്രത്ത് ബാല്‍ ദേവാലയത്തില്‍ തിരുശേഷിപ്പ് പ്രദര്‍ശിച്ചപ്പോള്‍ AFP

ഈ ഭീരുത്വത്തിന്റെ പിന്നിലായിരിക്കണം വിശ്വാസങ്ങളെല്ലാം പതുങ്ങിനിൽക്കുന്നത്.

ഞാൻ പറയുന്നത് ഒന്നിനെപ്പറ്റിയും വിശ്വസിക്കരുതെന്നല്ല.

കണ്ണും ചെവിയും ഇല്ലാത്ത വെറും പുഴുക്കളെപ്പോലെ

കിട്ടുന്നതൊക്കെ വിഴുങ്ങുന്നത് നന്നല്ലെന്നു മാത്രം.

പക്ഷേ, ഇങ്ങനെയാണ് ഇപ്പോഴത്തെ നമ്മുടെ കഴിയൽ. ആലോചിച്ചുനോക്കണം,

വെറും ഒരു രോമം!

(‘വിശുദ്ധരോമം’ - വൈക്കം മുഹമ്മദ് ബഷീറിന്റെ ‘അനർഘ നിമിഷം’ എന്ന ചെറുകഥാകൂട്ടത്തിൽനിന്ന്)

കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ പ്രവാചകൻ മുഹമ്മദ് നബിയുടെ ‘തിരുകേശവുമായി’ ബന്ധപ്പെട്ടു നടത്തിയ അസാധാരണമായ ചില അവകാശവാദങ്ങൾ പുതിയൊരു വിവാദം സൃഷ്ടിച്ചിരിക്കയാണ്. മർക്കസ്സിൽ സൂക്ഷിച്ചിരിക്കുന്ന പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന ഒരു ‘തിരുകേശം’ അര സെന്റിമീറ്റർ വളർന്നിട്ടുണ്ടെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പള്ളിയിൽ വിതരണം ചെയ്ത ജലത്തിൽ പ്രവാചകന്റെ ഉമിനീരിന്റേയും വിരലുകൾ സ്‌പർശിച്ച മണ്ണിന്റേയും അംശം അടങ്ങിയിട്ടുണ്ടെന്നും മുസലിയാർ അവകാശപ്പെട്ടിരുന്നു.

തന്റെ അനുയായികൾക്ക് ഇത് അനുഗ്രഹത്തിന്റെ അടയാളമായിരിക്കാം. പക്ഷേ, സമുദായത്തിലെ ഉസ്താദിന്റെ തന്നെ എതിരാളികൾക്കും പരിഷ്‌കരണവാദികൾക്കും ഇത് വഞ്ചനയും ചൂഷണവുമല്ലാതെ മറ്റൊന്നുമല്ല. സാമൂഹിക അധികാരം നേടുന്നതിനും സംരക്ഷിക്കുന്നതിനും ആരും പ്രവാചകന്റെ പേരോ തിരുശേഷിപ്പുകളോ ദുരുപയോഗം ചെയ്യരുതെന്ന് ഇസ്‌ലാമിക പാരമ്പര്യം തന്നെ മുന്നറിയിപ്പു നൽകുന്നുണ്ട്.

ഇത് ആദ്യമായല്ല ‘തിരുശേഷിപ്പുകൾ’ തർക്കങ്ങൾക്ക് കാരണമാകുന്നത്. കശ്മീരിൽ, ഹസ്രത്ത്ബാൽ ദേവാലയം പ്രവാചകന്റെ താടിയിലെ ഒരു രോമം സംരക്ഷിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. 1963-ൽ തിരുശേഷിപ്പ് കാണാതായപ്പോൾ, താഴ്‌വര പ്രതിഷേധത്താൽ പൊട്ടിത്തെറിച്ചു. കശ്മീരിനപ്പുറം ബംഗാളിലും പാകിസ്താനിലും പ്രകടനങ്ങൾ വ്യാപിച്ചു. പിന്നീട് തിരുശേഷിപ്പ് കണ്ടെടുത്തപ്പോൾ, അത് ഒരു അത്ഭുതമായി വാഴ്‌ത്തപ്പെട്ടു. കശ്മീരിലെ ഏറ്റവും പവിത്രമായ മുസ്‌ലിം സ്ഥലമായി ഹസ്രത്ത്ബാൽ തുടരുന്നു. കൂടാതെ ‘തിരുശേഷിപ്പുകൾ’ എങ്ങനെ തീവ്രമായ ഭക്തിയും രാഷ്ട്രീയ അസ്വസ്ഥതയും ഉണ്ടാക്കുമെന്ന് ഇത്തരം സംഭവങ്ങൾ കാണിക്കുന്നു. വൈക്കം മുഹമ്മദ് ബഷീർ കണ്ടതും കേട്ടതും ഇതേ ദേവാലയം തന്നെയായിരിക്കണം.

സമാനമായ കഥകൾ മുസ്‌ലിം ലോകത്തിലെ മറ്റു രാജ്യങ്ങളിലും കാണാം. ഇസ്താംബൂളിൽ ഒരു കൊട്ടാരത്തിൽ പ്രവാചകന്റെ മേലങ്കി, പല്ല്, മുടി, കാൽപ്പാടുകൾ എന്നിവയാണെന്ന് പറയപ്പെടുന്ന വസ്തുക്കൾ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രദർശനങ്ങൾ ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്നു. പ്രത്യേകിച്ച് റമദാനിൽ. ദക്ഷിണാഫ്രിക്ക വിശ്വാസികൾക്ക് പ്രചോദനത്തിന്റെ ഉറവിടമായി പരസ്യപ്പെടുത്തിയ പ്രവാചകന്റെ ചെരിപ്പുകൾ, മുടി തുടങ്ങിയ തിരുശേഷിപ്പുകളുടെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഇന്തോനേഷ്യയിലും മൗലിദ് ആഘോഷങ്ങളുടെ സമയത്ത് പള്ളികളിൽ ‘തിരുശേഷിപ്പുകൾ’ പ്രദർശിപ്പിക്കുന്നു. എല്ലായിടത്തും ഈ ആചാരങ്ങൾ ജനക്കൂട്ടത്തെ ആകർഷിക്കുകയും അവരുടെ വികാരം ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു.

എന്നാൽ, അവ അസ്വസ്ഥതയുണ്ടാക്കുന്ന പല ചോദ്യങ്ങളും ഉയർത്തുന്നു. പല തിരുശേഷിപ്പുകൾക്കും സംശയാസ്പദമായ ചരിത്രമുണ്ട്. അവയിൽ മിക്കതിനും വിശ്വസനീയമായ തെളിവുകളുടെ ഒരു കണികപോലുമില്ലെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എന്നിട്ടും അവ പവിത്രമായി കണക്കാക്കപ്പെടുന്നു; പലപ്പോഴും പ്രവാചകന്റെ നിലപാടുകൾക്ക് വിരുദ്ധമായി. വിശ്വാസികളെ ആത്മീയ ധ്യാനത്തിലേക്കും വിനയത്തിലേക്കും നീതിബോധത്തിലേയ്ക്കും നയിക്കുന്നതിനുപകരം, ‘തിരുശേഷിപ്പുകൾ’ മതത്തേയും മതചിഹ്നങ്ങളേയും അത്ഭുതക്കാഴ്ചകളുടെ ഒരു മായികലോകത്തിലേക്കു കൊണ്ടുപോകയാണെന്നു പറയേണ്ടിവരും. സാധാരണ വിശ്വാസികൾ ഭക്തിക്കും സംശയത്തിനും ഇടയിൽ കുടുങ്ങിക്കിടക്കുമ്പോൾ, ‘തിരുശേഷിപ്പുകളു’ടെ സൂക്ഷിപ്പുകാർക്ക് സാമൂഹികവും രാഷ്ട്രീയവുമായ അധികാരം നൽകുന്നു; അവയുടെ പരിപാലനത്തിനും വിപണനത്തിനും മാത്രമല്ല.

Image of Kanthapuram A. P. Aboobacker Musliyar
കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ Google

പ്രവാചകന്റെ മാതൃക

ഈ വിവാദങ്ങളെ ശ്രദ്ധേയമാക്കുന്നത്, അവ പ്രവാചകൻ മുഹമ്മദ് നബിയുടെതന്നെ സ്വന്തം ഉദ്‌ബോധനങ്ങളിൽനിന്ന് എത്രത്തോളം അകന്നുപോകുന്നു എന്നതാണ്. തുടക്കം മുതൽ തന്നെ ഇസ്ലാംമത വിശ്വാസികളോട് അവരുടെ യുക്തി ഉപയോഗിക്കാനായി അദ്ദേഹം ആഹ്വാനം ചെയ്തുകൊണ്ടിരുന്നു; ഖുർആൻ മനസ്സിലാക്കുന്നതിൽ പോലും. ഇവിടെ ‘യുക്തി’ കേവലം ഭൗതികമായ ഒരു പരികല്പനയല്ല; നൈതികതയിൽ ഊന്നിയ ബൗദ്ധികമായ ഒരു വ്യവഹാരമായാണ് നബി തന്നെ ഉദ്ദേശിച്ചിരുന്നത്. അവകാശവാദങ്ങൾ അംഗീകരിക്കുന്നതിന് മുന്‍പ് ചിന്തിക്കാനും ചോദ്യം ചെയ്യാനും ലോകത്തെ നിരീക്ഷിക്കാനും തെളിവുകൾ തേടാനും ഖുർആൻ വിശ്വാസികളോട് ആവർത്തിച്ച് പറയുന്നുണ്ട്. അക്കാര്യം കൊണ്ടുതന്നെ അന്ധമായ വിശ്വാസം ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല.

പ്രവാചകൻ തന്നെയും ഈ തത്ത്വമനുസരിച്ചാണ് ജീവിച്ചത്. സംഭാഷണത്തിലൂടെയും പ്രേരണയിലൂടെയും ധാർമിക മാതൃകയിലൂടെയും അദ്ദേഹം വിശ്വാസത്തെ വിശദീകരിച്ചു. മാന്ത്രികതയേയും അന്ധവിശ്വാസത്തേയും അദ്ദേഹം നിരസിച്ചു. തന്റെ സഹചാരികൾ തന്നോട് അമിതമായ ഭക്തി കാണിക്കുന്നതിൽനിന്ന് അദ്ദേഹം നിരുത്സാഹപ്പെടുത്തി. ആരെയും തന്റെ മുന്‍പിൽ കുമ്പിടാൻ അദ്ദേഹം അനുവദിച്ചില്ല, ഉന്നതമായ സ്ഥാനപ്പേരുകൾ സ്വീകരിച്ചതുമില്ല. ഒരിക്കൽ അദ്ദേഹം പറഞ്ഞു: “ക്രിസ്ത്യാനികൾ മറിയത്തിന്റെ മകനെ പുകഴ്‌ത്തിയതുപോലെ എന്നെ പുകഴ്‌ത്തരുത്. ഞാൻ ഒരു ദാസൻ മാത്രമാണ്. എന്നെ അല്ലാഹുവിന്റെ ദാസനും അവന്റെ ദൂതനും എന്ന് വിളിക്കൂ.”

തന്റെ സഹചാരികൾ തന്നോട് ബന്ധപ്പെട്ട വസ്തുക്കൾ - മുടി, കപ്പുകൾ, വസ്ത്രങ്ങൾ എന്നിവ - സൂക്ഷിച്ചിരുന്നപ്പോഴും അവയെ പവിത്രമായി കണക്കാക്കാൻ അദ്ദേഹം ഒരിക്കലും നിർദേശിച്ചില്ല. അവ വ്യക്തിപരമായ സ്മാരകങ്ങളായിരുന്നു, സ്‌നേഹത്തിന്റെ അടയാളങ്ങളായിരുന്നു; ആരാധനാ വസ്തുക്കളായിരുന്നില്ല. മുൻകാല സമൂഹങ്ങൾ ചെയ്ത അതേ തെറ്റുകളിൽ പിൽക്കാല തലമുറകൾ വീഴുമെന്ന് നബി ഭയപ്പെട്ടു: അവരുടെ പ്രവാചകന്മാരെ വിഗ്രഹാരാധിക്കുകയും ഖബറുകളെ ആരാധനാലയങ്ങളാക്കി മാറ്റുകയും ചെയ്തു. നബി മുന്നറിയിപ്പ് നൽകി: “എന്റെ ഖബർ ആരാധനാലയമാക്കി മാറ്റരുത്.” ദൈവത്തിനു പകരം മനുഷ്യരെ ആരാധിക്കുന്നതിലേക്ക് ആളുകളെ എങ്ങനെ തെറ്റിദ്ധരിപ്പിക്കുമെന്ന് അറിയാമായിരുന്നിട്ടും ഖബറുകൾക്കു മുകളിൽ ആരാധനാലയങ്ങൾ പണിയുന്ന രീതിയെ അദ്ദേഹം നിശിതമായി വിമർശിച്ചു.

പ്രവാചകന്റെ സന്ദേശത്തിലെ ഈ വ്യക്തത പ്രധാനമാണ്. ആരാധനയെ ദൈവത്തിന്റെ കൈകളിൽ മാത്രം അദ്ദേഹം പ്രതിഷ്ഠിച്ചു. പ്രവാചകനോടുള്ള ബഹുമാനവും സ്‌നേഹവും അനിവാര്യമായിരുന്നു, പക്ഷേ, അവ അതിശയോക്തിപരമായി മാറരുത്. അതിരുകടന്നത് ശിർക്കിലേക്ക് - ദൈവവുമായി പങ്കുചേരുന്നതിലേക്ക് - നയിക്കുമെന്ന് അദ്ദേഹം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

യുക്തിയിൽനിന്ന് തിരുശേഷിപ്പുകളിലേയ്ക്ക്

പ്രവാചകന്റെ പ്രബോധനങ്ങൾ ഉണ്ടായിരുന്നിട്ടും പിൽക്കാല നൂറ്റാണ്ടുകളിൽ വിശ്വാസികൾ പിന്നോക്കം പോകുന്നത് ലോകം കണ്ടു. ഇസ്‌ലാം വിവിധ പ്രദേശങ്ങളിലും സംസ്‌കാരങ്ങളിലും വ്യാപിച്ചതോടെ, സമൂഹങ്ങൾ ‘തിരുശേഷിപ്പുകൾ’ക്ക് പവിത്രമായ ശക്തി നൽകാൻ തുടങ്ങി. അവയ്ക്ക് ചുറ്റും ആരാധനാലയങ്ങൾ വളർന്നു. ഈ തിരുശേഷിപ്പുകളുടെ സംരക്ഷകർ വിശ്വാസത്തിന്റെ കാര്യങ്ങളിൽ മാത്രമല്ല, രാഷ്ട്രീയത്തിലും മേൽകൈ നേടി. സാധാരണ മുസ്‌ലിങ്ങൾ അനുഗ്രഹങ്ങൾക്കായി അവരെ നോക്കി. ഭരണാധികാരികൾ അവരുടെ ഭരണം ശക്തിപ്പെടുത്താൻ അവരെ ഉപയോഗിച്ചു. പ്രവാചകൻ മുന്നറിയിപ്പ് നൽകിയ കാര്യങ്ങൾ പതുക്കെ സാധാരണ രീതികളായി മാറി.

എന്നാൽ, ജാഗ്രതയുടെ ശബ്ദങ്ങൾ എല്ലാക്കാലത്തും ഉണ്ടായിരുന്നു. വിവിധ ധാരകളിലുള്ള ആദ്യകാല ഇസ്‌ലാമിക നിയമജ്ഞർ വിശ്വാസികളെ തിരുശേഷിപ്പുകളെ ദൈവികമായി കണക്കാക്കരുതെന്ന് ഉപദേശിച്ചു. സ്‌നേഹത്തിന്റെ ഓർമയായി സൂക്ഷിച്ചാലും ‘തിരുശേഷിപ്പുകൾ’ പവിത്രമായ ശക്തിയുടെ ഉറവിടങ്ങളായി മാറരുതെന്ന് അവർ പറഞ്ഞു. എന്നാൽ കാലക്രമേണ, വൈകാരികഭക്തി പലപ്പോഴും യുക്തിസഹമായ ജാഗ്രതയെക്കാൾ മുന്നിലായിരുന്നു.

ഇസ്‌ലാമികചിന്തയുടെ വിശാലമായ ചരിത്രം യുക്തിരാഹിത്യത്തിനെതിരെയുള്ള പോരാട്ടത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. ആദ്യ നൂറ്റാണ്ടുകളിൽ, മുഅ്തസില പോലുള്ള യുക്തിവാദി ചിന്തകർ യുക്തിയെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യർ അവരുടെ തെരഞ്ഞെടുപ്പുകൾക്ക് ഉത്തരവാദികളാണെന്ന് വാദിക്കുകയും ചെയ്തു. പാണ്ഡിത്യത്തിന്റെ അഭിവൃദ്ധി ഇസ്‌ലാമിൽ ഇക്കാലത്താണ് പുതിയ ഉണർവുകൾ ഉണ്ടാക്കിയത്. ബാഗ്ദാദിലെ ജ്ഞാനഭവനം തത്ത്വചിന്ത, ശാസ്ത്രം, വൈദ്യം എന്നിവയുടെ കേന്ദ്രമായി മാറി. ചിന്തിക്കാനും പ്രതികരിക്കാനുമുള്ള ഖുർആനിക പ്രബോധനവുമായി ഈ യുക്തിപാരമ്പര്യം പൊരുത്തപ്പെട്ടു.

എന്നാൽ, കാലാന്തരത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു. പാരമ്പര്യവാദികൾ ഇത്തരം ചിന്തയെ ചെറുത്തു. അത് വിശ്വാസത്തെ ദുർബലപ്പെടുത്തുമെന്ന് അവർ ഭയപ്പെട്ടു. ദൈവശാസ്ത്രജ്ഞനായവർ തത്ത്വചിന്തകരെ വിമർശിക്കുകയും മനുഷ്യയുക്തിയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. മുസ്‌ലിം ലോകമെമ്പാടും സ്വാധീനം ചെലുത്തിയ ഇത്തരം വീക്ഷണങ്ങൾ വിമർശനാത്മക ചിന്തയിൽനിന്ന് ചോദ്യം ചെയ്യപ്പെടാത്ത സ്വീകാര്യതയിലേക്ക് മാറി.

എന്നാൽ, യുക്തിപാരമ്പര്യം ഒരിക്കലും പൂർണമായും അപ്രത്യക്ഷമായില്ല. ഇബ്നു റുഷ്ദിനെപ്പോലുള്ള ചിന്തകർ തത്ത്വചിന്തയെ ന്യായീകരിച്ചു. വെളിപാടും യുക്തിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവർ വാദിച്ചു. നൂറ്റാണ്ടുകൾക്കു ശേഷം മുഹമ്മദ് അബ്‌ദു, ഇബ്രാഹിം മൂസ തുടങ്ങിയ പരിഷ്‌കർത്താക്കൾ ഇസ്‌ലാമുമായി യുക്തിസഹമായ ഇടപെടൽ നടത്താനുള്ള ആഹ്വാനത്തെ പുനരുജീവിപ്പിച്ചു. ഈ സംവാദങ്ങൾക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ, ദൈവശാസ്ത്രത്തിൽ യുക്തിപാരമ്പര്യത്തേയും വിമർശനാത്മകചിന്തയേയും പിന്തുടരുന്നവർ യാഥാസ്ഥിതികർക്ക് എന്നും ‘വഹാബി’കളോ ‘സലഫി’കളോ ആണ്. സാമാന്യവൽക്കരണത്തിലൂടെ ഇത്തരം ചിന്തകളെ തിരസ്‌കരിക്കാൻ അവർ ഇപ്പോഴും എടുത്തുപയോഗിക്കുന്ന ആയുധങ്ങൾ വഹാബിസവും സലഫിസവുമാണ്. കാന്തപുരത്തെ പിൻപറ്റുന്നവർക്ക് ഇ.കെ. വിഭാഗം സുന്നികളെ ഇക്കാര്യത്തിൽ വിമർശിക്കാൻ ഈ ആയുധങ്ങൾ പോരാതെവന്നിരിക്കുന്നത് കൗതുകമുള്ള ഒരു കാര്യം തന്നെയാണ്.

ഈ വ്യവഹാരിക സംഘർഷങ്ങൾ കേരളത്തിൽ ഒരു നൂറ്റാണ്ടുമുന്‍പുതന്നെ വീശിയടിച്ചിട്ടുണ്ട്. ഇന്നിപ്പോൾ വിഭജിച്ചുനിൽക്കുന്ന സമുദായസംഘങ്ങൾ എല്ലാം - ഇ.കെ. സമസ്ത, എ.പി. സമസ്ത, നദ്വത്തുൽ മുജാഹിദീൻ, ജമാഅത്തെ-ഇ-ഇസ്‌ലാമി തുടങ്ങിയ ഗ്രൂപ്പുകൾ - യഥാർത്ഥ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്നു. ഈ ഗ്രൂപ്പുകളും രാഷ്ട്രീയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. യു.ഡി.എഫിന്റെ ഭാഗമായ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന് ഇ.കെ. സമസ്തയുമായി അടുത്ത ബന്ധമുള്ളതുപോലെ ഇ.കെ. സ്വാധീനത്തെ ചെറുക്കുന്നതിന് കാന്തപുരം നയിക്കുന്ന എ.പി. വിഭാഗം പലപ്പോഴും എൽ.ഡി.എഫിലേക്ക് ചായുന്നു. ഇത് കേരളം കഴിഞ്ഞ എത്രയോ നാളുകളായി കണ്ടുകൊണ്ടിരിക്കുന്നു.

ഈ സാഹചര്യത്തിൽ ‘തിരുശേഷിപ്പുകൾ’ ഭക്തിയെക്കാൾ മറ്റെന്തെല്ലാമോ ആയി മാറുന്നു. പ്രവാചകന്റെ ‘തിരുകേശം’ സൂക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്നതിലൂടെ കാന്തപുരം തന്റെ സാമുദായിക അധികാരം ശക്തിപ്പെടുത്തുകയും, അനുയായികൾക്കിടയിൽ വിശ്വസ്തത വളർത്തുകയും രാഷ്ട്രീയ പാർട്ടികളുമായി വിലപേശൽശക്തിനേടുകയും ചെയ്യുന്നു. വിമർശകർ ഇതിനെ വഞ്ചനയായി കാണുന്നു. പക്ഷേ, രാഷ്ട്രീയനേതാക്കൾ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുന്നത് കൗതുകകരമാണ്. തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കുന്ന ഈ ഘട്ടത്തിൽ ന്യുനപക്ഷവോട്ടുകൾ നഷ്ടപ്പെടുമെന്ന് അവർ ഭയപ്പെടുന്നു, അതിനാൽ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ചോദ്യം ചെയ്യൽ രീതികൾ അവർ ഒഴിവാക്കുന്നു. നേതാക്കളുടെ നിശ്ശബ്ദത അവകാശവാദങ്ങൾ പോലെത്തന്നെ സങ്കീർണമാണ് (എന്നാൽ, ആഗോള അയ്യപ്പസംഗമ വിഷയത്തിൽ വെട്ടിൽവീണിരിക്കുന്ന യു.ഡി.ഫ് ഹൈന്ദവസമുദായസംഘടനകളുടെ നിലപാടുകളിൽ വന്നിരിക്കുന്ന മാറ്റത്തിൽ ആശങ്കാകുലരാണ്. എൽ.ഡി.എഫ് ആകട്ടെ, കാന്തപുരത്തെ വെറുപ്പിക്കാൻ തയ്യാറുമല്ല. നേരത്തെ തിരുകേശത്തെ ‘ബോഡിവേസ്റ്റ്’ എന്ന് പറഞ്ഞവർ തന്നെ ഈ നിശ്ശബ്ദതയുടെ കാവലാളുകളാണ്).

Hazratbal Shrine in Srinagar
കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളിAFP

വിശ്വാസം, യുക്തി, വർത്തമാനം

പല മുസ്‌ലിം സമൂഹങ്ങളിലും ജനങ്ങളെ അണിനിരത്താനും സ്വത്വം കെട്ടിപ്പടുക്കാനും അധികാരം ഏകീകരിക്കാനും മതവും മതചിഹ്നങ്ങളും (‘തിരുശേഷിപ്പുകൾ’ ഉൾപ്പെടെ) ഉപയോഗിച്ചിട്ടുണ്ട്. കശ്മീരിൽ, ഹസ്രത്ത്ബാൽ കശ്മീരി അഭിമാനത്തിന്റേയും പ്രതിഷേധത്തിന്റേയും പ്രതീകമായി മാറി. കേരളത്തിൽ ‘തിരുശേഷിപ്പുകൾ’ വിഭാഗീയ സ്‌പർദ്ധയുടെ അടയാളങ്ങളാണ്. രണ്ട് സാഹചര്യങ്ങളിലും ഇത്തരം ആരാധനകളും ഭക്തിവില്‍പ്പനയും പ്രവാചകന്റെ മുന്നറിയിപ്പ് മറികടന്നുകൊണ്ടുള്ള പ്രവൃത്തികളാണ്.

വൈരുദ്ധ്യങ്ങൾ ഒളിപ്പിക്കാൻ പ്രയാസമാണ്. വിശ്വാസം, യുക്തി, വിനയം, നീതി എന്നിവയുമായി ബന്ധിപ്പിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് മുഹമ്മദ് നബി തന്റെ ജീവിതം ചെലവഴിച്ചത്. തന്റെ വ്യക്തിത്വത്തെ ആരാധനവസ്തുവാക്കി മാറ്റുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്ധമായി പിന്തുടരാതെ ചിന്തിക്കാൻ അദ്ദേഹം മുസ്‌ലിങ്ങളെ പ്രോത്സാഹിപ്പിച്ചു. എന്നാൽ, പതിനാല് നൂറ്റാണ്ടുകൾക്ക് ശേഷവും ‘തിരുശേഷിപ്പുകൾ’, അത്ഭുതങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെച്ചൊല്ലിയുള്ള തർക്കങ്ങൾ മൂലം മുസ്‌ലിങ്ങൾ ഭിന്നിപ്പിക്കപ്പെട്ടിരിക്കുന്നു.

ഒരു മുടി അര സെന്റിമീറ്റർ വളരുമോ എന്നതല്ല, മറിച്ച് വിശ്വാസികൾ പ്രവാചകന്റെ മൂല്യങ്ങൾക്കനുസൃതമായി ജീവിക്കുന്നുണ്ടോ എന്നതാണ് ഏറ്റവും പ്രധാനം. അദ്ദേഹം നീതി, സത്യം, യുക്തി, ലാളിത്യം എന്നിവയെ പ്രതിനിധാനം ചെയ്തു. മാന്ത്രിക അനുഗ്രഹങ്ങളുടെ ഉറവിടമായിട്ടല്ല, മറിച്ച് ദൈവത്തിന്റെ ഒരു ദാസനായിട്ടാണ് തന്നെ ഓർക്കാൻ അദ്ദേഹം തന്റെ അനുയായികളോട് ആവശ്യപ്പെട്ടത്.

യുക്തിയുടെ സ്ഥാനത്ത് തിരുശേഷിപ്പുകൾ വരുമ്പോൾ, യഥാർത്ഥ വിശ്വാസം ദുർബലമാകും. വിഭാഗീയ ചിന്തയുള്ള സമുദായ നേതാക്കൾക്ക് അത് കൈകാര്യം ചെയ്യാനും രാഷ്ട്രീയ നേട്ടങ്ങൾക്കായി കച്ചവടം ചെയ്യാനും കെട്ടുകാഴ്ചയായി ചുരുക്കാനും കഴിയും. ഇത് പ്രവാചകനെ ആദരിക്കലല്ല - അത് അദ്ദേഹത്തിന്റെ മാതൃകയെ വഞ്ചിക്കലാണ്. അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ വിമർശനാത്മക ചിന്ത, ധാർമികപ്രവർത്തനങ്ങൾ എന്നിവയുടെ പുനരുജീവിപ്പിക്കലിലൂടെയാണ് യഥാർത്ഥ ആദരം നബിക്കു കൊടുക്കേണ്ടത്.

കേരളത്തിലെ വിവാദം ഒരു നേതാവിനെക്കുറിച്ചോ ഒരു തിരുശേഷിപ്പിനെക്കുറിച്ചോ മാത്രമല്ല. വിശ്വാസത്തിനും അന്ധവിശ്വാസത്തിനും ഇടയിലും ഭക്തിക്കും ചൂഷണത്തിനും ഇടയിലും യുക്തിക്കും ആചാരത്തിനും ഇടയിലും ഇസ്‌ലാമിനുള്ളിൽ നടക്കുന്ന ഒരു വലിയ പോരാട്ടത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. കശ്മീർ മുതൽ ഇസ്താംബുൾ വരെയും ദക്ഷിണാഫ്രിക്ക മുതൽ ഇന്തോനേഷ്യ വരെയും തിരുശേഷിപ്പുകൾ ബഹുജനവികാരങ്ങളെ ഉണർത്തുന്നത് തുടരുന്നു.

പ്രവാചകനെ ബഹുമാനിക്കുക എന്നാൽ തിരുശേഷിപ്പുകളേയോ അതിശയോക്തി കലർന്ന കഥകളേയോ പിന്തുടരുക എന്നതല്ല. അദ്ദേഹം പഠിപ്പിച്ച ന്യായത്തിന്റേയും യുക്തിയുടേയും വിനയത്തിന്റേയും ആത്മാവ് വീണ്ടെടുക്കുക എന്നതാണ് അത്. അതിൽ വിമർശനമുണ്ട്, പ്രതിരോധമുണ്ട്, തിരിച്ചറിയലുകളുമുണ്ട്. എന്നാൽ ഇന്ന്, ബഷീർ എഴുതിയതുപോലെ, ‘ഭീരുത്വത്തിന്റെ പിന്നിലായിരിക്കണം വിശ്വാസങ്ങളെല്ലാം പതുങ്ങിനിൽക്കുന്നത്.’ ഭയവും ഭീരുത്വവും കൊടികുത്തിവാഴുന്ന ഒരു കാലഘട്ടത്തിൽ ‘തിരുശേഷിപ്പുകൾ’ ഇത്തരം പതുങ്ങലുകൾക്ക് വലിയ ഇടം കൊടുക്കുന്നുണ്ട്. പുതിയകാലത്ത്, പുതിയ തലമുറ ഈ പതുങ്ങലുകൾ തീർച്ചയായും തിരിച്ചറിയും.

(ലേഖകൻ എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടറും രാജ്യാന്തരപഠന വിദഗ്ദ്ധനുമാണ്).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com